‘പണ്ടേ പ്രണയം പ്രകടിപ്പിക്കാൻ അറിയാൻ മേലാത്ത മനുഷ്യന്റെ മുഖം കുറച്ചായി ഇടിച്ചക്ക പോലാണ്’

old-couple-1
പ്രതീകാത്മക ചിത്രം. Photocredit : Ruslan Huzau / Shutterstock
SHARE

മാറാപ്പുകൾ (കഥ) 

പണ്ടേ പ്രണയം പ്രകടിപ്പിക്കാൻ അറിയാൻ മേലാത്ത മനുഷ്യന്റെ മുഖം കുറച്ചായി ഇടിച്ചക്ക പോലാണെന്ന് പറയുമ്പോൾ മരുമക്കളൊക്കെ തലകുത്തി നിന്ന് ചിരിക്കും. ചാച്ചൻ എന്നാ  പറഞ്ഞാലും അമ്മച്ചി നൈറ്റി തന്നെ ഇട്ടാൽ മതി... ചട്ടയും മുണ്ടുമൊക്കെ എടുത്ത് വള്ളോത്തിക്ക് കൊടുത്തേരെ.. പറയുമ്പോൾ മക്കളൊക്കെ വിരൽത്തുമ്പിന്റെ അകലത്തിലാണേലും ഒന്ന് കാണണമെങ്കിൽ കടലും മലയുമൊക്കെ കടക്കണം. കണ്ടു വിളിക്കാവുന്ന കുന്ത്രാണ്ടം ഒരെണ്ണം വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും കുത്താനൊന്നും രണ്ടാൾക്കും അറിയത്തില്ല. കറവക്കാരൻ കുഞ്ഞുമോന്റെ ഒൻപതാം ക്ലാസ്സുകാരൻ ചെക്കൻ വന്നാലേ അതൊക്കെ നടക്കു.. 

വയസ്സ് എൺപത്തിരണ്ടായെങ്കിലും കിടത്താൻ പോന്ന യാതൊരസുഖവും വറീച്ചനില്ല. ഉലുവാ വെള്ളത്തിൽ ഒതുക്കാവുന്ന പ്രമേഹത്തിനായി ആശുപത്രിക്കാർക്ക് കാശുകൊടുക്കാൻ വറീച്ചന് സൗകര്യവുമില്ല. എന്നാൽ കൊച്ചുത്രേസ്യക്ക് കുറച്ചായി ഒരോരോ അസ്കിതകളാണ്. കഴിഞ്ഞ ആണ്ടിൽ പെട്ടെന്നൊരു ചങ്കിടിപ്പും വിയർപ്പുമൊക്കെ വന്നപ്പോൾ അമ്മമാരുടെ ആശുപത്രിയിൽ അഞ്ചാറ് ദിവസം കിടത്തിയതാണ്. അറ്റാക്കിന്റെ വേറെ പരിശോധകൾ ചെയ്യാൻ മെഡിക്കൽ കോളേജിൽ പോകണമെന്ന് ഐസക്ക് ഡോക്ടർ നിർബന്ധം പറഞ്ഞിട്ടും വട്ടം ഒടക്ക് വെച്ചത് വറീച്ചനാണ്. കാശൊണ്ടാക്കാനുള്ള ഡോക്ടർമാരുടെ അടവുകൾക്ക് അടവെയ്ക്കാൻ വേറെ ആളെ നോക്കിയാ മതിയെന്നും പറഞ്ഞു പേരും വെട്ടിച്ചിങ്ങു പൊന്നു... താലൂക്കാശുപത്രിയിൽ ശശിധരൻ ഡോക്ടറുടെ മരുന്നിലാണ് ഇപ്പോൾ കൊച്ചുത്രേസ്യാ ഓടുന്നത്. പത്രാസുകാരായ മക്കൾക്ക് ഒരു വിധത്തിലും പിടിക്കാത്ത കാട്ടായങ്ങളാണ് ചാച്ചനും അമ്മച്ചിയും നാട്ടിൽ കാണിച്ചു കൊണ്ടിരിക്കുന്നത്.. ഫോൺ വിളിച്ചാൽ എടുക്കാത്തവരെ ഒന്ന് വഴക്ക് പറയണമെങ്കിൽ ചില്ലറ വണ്ടിക്കൂലിയൊന്നും പോരാത്തത് തല്ക്കാലം രണ്ടാൾക്കും ഗുണമായി.

വെളുപ്പിനുള്ള പതിവ് കട്ടൻകാപ്പി വൈകിയപ്പോഴാണ് വറീച്ചൻ അടുക്കളപ്പുറത്തേക്ക് എത്തി നോക്കുന്നത്. രാത്രി മഴ പൂർണ്ണമായും തോർന്നിട്ടില്ല. പിന്നാമ്പുറത്തെ തെന്നുന്ന തറയോടിൽ നിന്നുകൊണ്ട് താളം ചവിട്ടുന്ന കൊച്ചുത്രേസ്യ..... വെളുപ്പിൽ ചുവപ്പ് പൂക്കളുള്ള നൈറ്റി നനഞൊട്ടുമ്പോൾ അസ്ഥികളൊക്കെ മുഴച്ചു കാണാം. ഇവൾക്കിതെന്തിന്റെ കേടാണെന്ന് തികട്ടി വന്നെങ്കിലും വറീച്ചൻ അതങ്ങ് വിഴുങ്ങി. കുടിപ്പള്ളിക്കൂടത്തിലേക്ക് തന്റെ മുന്നെ പതിവായി നടന്ന് പൊയ്ക്കൊണ്ടിരുന്ന അരപ്പാവാടക്കാരിക്കും ഇതേ പൂക്കളുള്ള ഒരു പാവാട ഉണ്ടായിരുന്നു. ഓർമ്മച്ചിരാതുകൾ തെളിയുമ്പോൾ അരപ്പാവടക്കാരി ഹാഫ് സാരിക്കാരിയായി മാറിയിട്ടുണ്ട്. പള്ളിക്കവലയിൽ റബ്ബർ കട നടത്തുന്ന ലോനന്റെ മകളുടെ പള്ളി പ്രാന്ത് കണ്ട് കണ്ണ് നിറയുന്നത് നാട്ടിലെ ചെറുപ്പക്കാരുടെയാണ്. 

കർത്താവിന്റെ മണവാട്ടിയാകുമെന്ന് കരുതിയവൾ സെമിനാരിയിൽ പോയവന്റെ കൂടെ വള്ളത്തിൽ കയറിയപ്പോകുമെന്ന് പെറ്റ തള്ള പോലും കരുതിയതല്ല. അതെങ്ങനെയാ, നേർച്ചക്കടമായി അച്ചനാകാൻ പോയവന്റെ ചങ്കിനുള്ളിൽ പഴയ പാവാടക്കാരി ഇരിപ്പു തുടങ്ങിയ കാര്യം കർത്താവ് പോലും പിന്നെയല്ലേ അറിയുന്നത്. ഇക്കരെ പള്ളിയിലെ കെട്ട് കുർബാനയ്ക്ക് അവളുടെ അമ്മയും അനിയത്തിയും പിന്നെ കുറച്ച് അടുത്ത സ്വന്തക്കാരും മാത്രമാണ് പങ്കെടുത്തത്. വറീച്ചനോട് ലോനനുണ്ടായിരുന്ന ബഹുമാനം സത്യത്തിൽ ഇഷ്ടമായി മാറിയെങ്കിലും നാട്ടുകാരുടെ വായടയ്ക്കാനായി അയാൾ പുരയിൽ തന്നെയിരുന്നു..

കർക്കിടകങ്ങൾ കൊഴിയുന്നത് കാണുമ്പോൾ കൊച്ചുത്രേസ്യക്ക് കരച്ചിൽ വരും. ഇതുപോലൊരു മഴ സന്ധ്യയിലായിരുന്നു തന്റെ സണ്ണികുട്ടിയെ ഈശോ വിളിച്ചു കൊണ്ട് പോയത്. പ്രസവിച്ച നാലുമക്കളിൽ ഏറ്റവും ചന്തമുണ്ടായിരുന്നവന്റെ ചങ്കിനുള്ളിലെ സുഷിരം ഡോക്ടർമാരോട് പിണങ്ങുമ്പോൾ ഒന്നാം പിറന്നാള് പോലും കൂടാതെ അവനങ്ങു പോയി. മൂത്തതങ്ങളുമായി നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നത് കൊണ്ട് വയറ് കഴുകിപ്പിള്ളയെന്നാണ് മൂത്ത മോൾ സിസിലി അന്നൊക്കെ അവനെ കളിയാക്കിയിരുന്നത്. ഇരുട്ടും വെളിച്ചവും അറിഞ്ഞു തന്നായിരുന്നു പിള്ളോരൊക്കെ വളർന്നത്. അപ്പനെഴുതിത്തന്ന മൊട്ടക്കുന്നിനെ പച്ച മലയാക്കിയത് നമ്മുടെ ചാച്ചനൊറ്റയ്ക്കാണെന്ന് കൊച്ചുത്രേസ്യ പിള്ളേരോടെന്നും പറയാറുണ്ട്. വെളുപ്പിന് നെറ്റിയിൽ ലൈറ്റും കെട്ടി വെച്ച് മല കയറുന്ന വറീച്ചനൊപ്പം റബ്ബർ പാലെടുക്കാൻ ആമ്പിള്ളേരും പോകും. 

തന്റെ പതുങ്ങിയ ശബ്ദം ആരും കേൾക്കരുതെന്ന് ഓർത്തിട്ടാവണം പള്ളിയിൽ പോലും വറീച്ചൻ വായ തുറക്കാറില്ല. പൊതുകാര്യങ്ങളിലൊന്നും ഇടപെടാതെ വഴിമാറി നടക്കുന്നയാൾ പുതിയ കൊച്ചച്ചന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായതെങ്ങനെയാണെന്ന് ഇടവകക്കാർക്കും പിടികിട്ടുന്നില്ല. ആഴ്ചയിൽ ഒരു ദിവസം വീട്ടിലെത്തുന്ന അച്ചനു വേണ്ടി രണ്ട് പനാമ സിഗരറ്റ് വറീച്ചൻ വാങ്ങി വെക്കും. ആർക്കും അറിവില്ലാത്ത ആ കുമ്പസാര രഹസ്യം ഇവിടെ സൂക്ഷിക്കുന്നത് കൊച്ചുത്രേസ്യ ആണെന്ന് മാത്രം. തട്ടിൻ പുറത്തിരിക്കുന്ന അടപ്പുള്ള പാത്രങ്ങൾ താഴെയെത്തുന്ന ആ ദിവസത്തിനായി പിള്ളേര് മൂന്നും നോക്കിയിരിക്കുമായിരുന്നു എന്നത് അച്ചനും അറിയാവുന്ന മറ്റൊരു രഹസ്യം..

വാർദ്ധക്യം അനാഥമാക്കിയത് രണ്ടാത്മാക്കളെ മാത്രമായിരുന്നില്ല. പകലുറക്കത്തിൽ പതിവായി അവർ കണ്ടിരുന്ന സ്വപ്നങ്ങൾക്കും ജീവനില്ലാതായിരിക്കുന്നു. മലമൂട്ടിൽ നിന്നും രക്ഷപെടുത്താൻ വേണ്ടിത്തന്നെയാണ് മക്കൾ മൂന്ന് പേരെയും പഠിപ്പിച്ചത്. സർക്കാർ ജോലി കളയിച്ച് സിസിലിയെ ഇറ്റലിക്ക് കൊണ്ടുപോയത് കന്യാസ്ത്രീ ആയ കുഞ്ഞമ്മയാകുന്നു. ആന്ധ്രയിൽ വിട്ട് നഴ്സിങ് പഠിപ്പിച്ചത് നാളത്തെ നല്ലൊരു പകലിനു വേണ്ടിത്തന്നെയാണ്. പക്ഷേ തന്റെ പേരുകാരനായ അവളുടെ ഇളയ മകൻ കഴിഞ്ഞയാണ്ടിൽ വന്ന് പോയതിൽ പിന്നെ വറീച്ചന് വല്ലാത്തൊരു സങ്കടം പോലെ..  

സിസിലിയുടെ ഇളയത്തുങ്ങളായ ഫിലിപ്പും ജോർജ്കുട്ടിയും നഴ്സുമാരെ കെട്ടിയാണ് അമേരിക്കയിലേക്ക് പോയത്. പേർഷ്യയിൽ ജോലിചെയ്തവർ പിന്നെ പരീക്ഷയൊക്കെ പാസ്സായി പറന്നപ്പോൾ കെട്ടിയവന്മാരും പിള്ളേരും പുറകെ പറന്നെത്തി. രണ്ട് വർഷത്തിലൊരിക്കൽ വന്നിരുന്നവരൊക്കെ ഇപ്പോൾ ഒരുമിച്ച് പ്ലാൻ ചെയ്തു മൂന്ന് വർഷം കൂടുമ്പോഴാണ് വരുന്നത്. ഒരു മാസം പോലും തികച്ച്  നിൽക്കാതെ പറന്നു പോകുന്ന ദേശാടനക്കിളികളുടെ കുറച്ച്  ഓർമ്മത്തൂവലുകൾ കൊച്ചുത്രേസ്യ ഒളിപ്പിച്ച് വെയ്ക്കും. പോകാറാവുമ്പോൾ കാണാതാകുന്ന കുഞ്ഞി ചെരുപ്പുകളും ഉടുപ്പുകളുമൊക്കെ എവിടെയുണ്ടെന്നുള്ളത് മക്കൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല.. പുരയൊന്ന് പുതുക്കിപ്പണിയാൻ പോയിട്ട് വൈറ്റ് വാഷ് ചെയ്യാൻ പോലും ചാച്ചൻ സമ്മതിക്കാതിരിക്കുമ്പോൾ ആർക്കും ഒന്നും പറയാനുമില്ല. മുഷിഞ്ഞ ഭിത്തികളിലെ ജീവനുള്ള കുത്തിവരകൾക്കൊപ്പം സ്വപ്‌നങ്ങൾ കണ്ടുറങ്ങുന്ന പാവം രണ്ടാത്മാക്കൾ....

ഒറ്റയ്ക്കായത് ഒരർത്ഥത്തിൽ വറീച്ചനായിരുന്നു. ഇലകളോട് വർത്തമാനവും പറഞ്ഞു  നടന്നിരുന്ന മനുഷ്യനിപ്പോൾ  സിറ്റൗട്ടിലെ ചൂരൽ കസേരയിൽ വേരിറങ്ങിയതുപോലായി. കണ്ണടയ്ക്കുമ്പോൾ കടന്ന് വരുന്ന പഴയ കഷ്ടപ്പാടുകളാവണം ചെറുപുഞ്ചിരിയായി ആ മുഖത്തിപ്പോൾ തെളിയുന്നത്. ചെന പിടിച്ചവളെ കാണാനില്ലെന്നുള്ള കൊച്ച് ത്രേസ്യേടെ പരാതിക്കുത്തരമായി ആറ് പൂച്ചക്കണ്ണുകൾ ചായ്പ്പിൽ മിഴിച്ച് നിൽക്കുന്നുണ്ട്. പെറ്റിട്ടും പാലില്ലാത്ത പെണ്ണുങ്ങളെ കേട്ടിട്ടുണ്ടെങ്കിലും പശുവിൻപാൽ കുടിക്കേണ്ടി വരുന്ന പൂച്ചക്കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ കൊച്ചുത്രേസ്യയ്ക്കപ്പടി സങ്കടമാണ്. പട്ടിയാണെങ്കിലും പൂച്ചയാണെങ്കിലും ക്രിസ്ത്യാനിയുടെ പേര് തന്നെ വേണമെന്നുള്ളത് വറീച്ചന്റെ നിർബന്ധമാകുന്നു. തൊഴുത്തിലെ തൊലി വെളുത്തവളെ  മേഴ്‌സിക്കുട്ടിയെന്ന് വിളിക്കുന്നത് സിസിലിക്കുട്ടിക്ക് ഇന്നും പിടിക്കാത്ത കാര്യം..

മുട്ട വിറ്റ് കിട്ടിയ കാശു കൊണ്ടാണ് ആദ്യമായി മിക്സി മേടിച്ചതെന്ന് വീമ്പു പറയുന്ന അമ്മച്ചിക്കിപ്പോഴും പന്ത്രണ്ട് കോഴികളുണ്ട്. മൊട്ടത്തലയിൽ തോർത്ത് ചുരുട്ടിവെച്ച്, ചൂരൽ കൊട്ടയിൽ മുട്ട മേടിക്കാൻ വരുമായിയുന്ന ഉണ്ണീശോ കിടപ്പായപ്പോൾ കൊച്ചുത്രേസ്യയും കച്ചവടം നിർത്തി. കുറേക്കാലമായി തൊട്ടടുത്ത സമാജം വക എൽ. പി  സ്കൂളിൽ മുട്ടകൊടുക്കുന്നത് അമ്മച്ചിയാണ്. കാശൊന്നും വാങ്ങാറില്ലെന്ന് മാത്രം... ഉച്ചയ്ക്കുറങ്ങാൻ കിടക്കുന്നയാളെ  കുത്തിപ്പൊക്കി ചാണകം വാരാൻ വിളിക്കുമ്പോളുള്ള അനുസരണയിൽ നിറയെ പ്രണയമാകുന്നു. അകിടും നോക്കി അന്തം വിട്ട് നിൽക്കുന്ന മനുഷ്യന്റെ കിറിക്കിട്ട് തോണ്ടു കിട്ടുമ്പോൾ കുലുങ്ങിച്ചിരിക്കുന്നത് ഇപ്പോൾ മേഴ്‌സികുട്ടിയാണ്.

പണ്ടേ വണ്ടിപ്രാന്തനാണ് ഇളയവനായ ജോർജ്കുട്ടി. പടുതായിട്ട പഴയൊരു ജീപ്പ് വാങ്ങി ഓരോ വരവിലും പണിയാലാണ് അവന്റെ പ്രധാന പണി. ശമ്പളക്കൂടുതലിന്റെ ഹുങ്കാണ് അവന്റെ പെണ്ണുമ്പിള്ളയ്ക്കെന്ന് നാട്ടുകാരോടെല്ലാം പറയുന്നത് അമ്മച്ചി തന്നെയാണ്. ചാകാൻ കിടക്കുന്ന സായിപ്പിനെ കുളിപ്പിച്ചും പെടുപ്പിച്ചും ഉണ്ടാക്കുന്ന കാശ്, വണ്ടി പണിത് കളയാനുള്ളതല്ലെന്ന് സാലി വിളിച്ചു പറയുമ്പോൾ കൊച്ചു ത്രേസ്യായ്ക്ക് ചൊറിഞ്ഞു കയറും. നഴ്സുമ്മാരെ മൊത്തമായും ചില്ലറയായും അമ്മച്ചി വെറുക്കാനുള്ള കാരണം തന്നെ അവരുടെ ഇളയ മരുമകളാകുന്നു. പള്ളി സ്കൂളിലെ വാനോടിക്കുന്ന കുഞ്ഞപ്പൻ വന്ന് ഇടയ്ക്കൊക്കെ വണ്ടി  സ്റ്റാർട്ടാക്കുന്നത് കൊണ്ട് വീട്ടിൽ ഒരൊച്ചയും അനക്കവുമൊക്കെയുണ്ട്. 

ഇറ്റലിയിൽ നിന്നും കുഞ്ഞളിയൻ പോളി വരുന്നുണ്ടെന്നും, കൂട്ടാൻ നെടുമ്പാശ്ശേരിക്ക് പോകണമെന്നും വിളിച്ചു പറഞ്ഞത് സിസിലിയാകുന്നു. അവളാണ് നഴ്സിങ് കഴിഞ്ഞ് നിന്ന നാത്തൂനെ ഇറ്റലിക്ക് കൊണ്ടുപോയത്. ഉപ്പുതറക്കാരൻ പോളിയുടെ ആലോചന വന്നപ്പോൾ ചെറുക്കനെ കാണാൻ പോയതായിരുന്നു  ജീപ്പിന്റെ അവസാനത്തെ വലിയ യാത്ര. ഒത്തുകല്യാണത്തിനും കെട്ട് കല്യാണത്തിനുമൊന്നും പോകാനൊത്തില്ല. അപ്പന് സുഖമില്ലെന്നറിഞ്ഞിട്ടുള്ള വരവാണ് പോളിയുടേത് ഇറ്റലിയിലൊക്കെ പുതിയൊരു തരം പനിയുണ്ടെന്ന് പത്രത്തിൽ വായിച്ചിരുന്നെങ്കിലും സംഗതി കുഴപ്പമുള്ളതാണെന്ന് മനസ്സിലായത് വിമാനത്താവളത്തിലെ ബഹളം കണ്ടപ്പോഴായിരുന്നു. എന്തോ കടലാസൊക്കേ പൂരിപ്പിച്ചിട്ട് കുറെ വൈകിയാണ് പോളി പുറത്തെത്തിയത്. പതിന്നാല് ദിവസത്തേക്ക് വീട്ടിൽനിന്നും പുറത്തിറങ്ങാൻ പാടില്ല പോലും.പനിയോ ജലദോഷമോ വന്നാൽ അറിയിക്കണമെന്ന് പറഞ്ഞ പെണ്ണിനോട് നിന്നെ കെട്ടിച്ചതാണോടീ.. എന്നമ്മച്ചി ചോദിക്കുമ്പോൾ പൊലീസ് മുഖങ്ങളിലും പൊട്ടിച്ചിരി..

പാലായിലിറങ്ങി ഒന്ന് നടുവ് നിവർത്തിയിട്ട് മഹാറാണിയിൽ നിന്നും ഫിഷ് കറി മീൽസും കഴിച്ചിട്ടായിരുന്നു തുടർയാത്ര. വാഗമൺ വഴിപോയാൽ ഉപ്പുതറയിൽ പോളിയെ കൊണ്ടാക്കിയിട്ട് വയ്യാതെ കിടക്കുന്ന അച്ചാച്ചനെയും കാണാം. എന്നിട്ട് ഇരുട്ടുന്നതിന് മുൻപ് വണ്ടിപ്പെരിയാറിലെ വീട്ടിലുമെത്താം. പൊട്ടിയ ഇടുപ്പെല്ലൊക്കെ  മാറ്റി വെച്ച് മിടുക്കനായി കിടക്കുന്ന അച്ചാച്ചന് പഴയ ഓർമ്മയൊന്നും ഇല്ല. കടുംചായേം കുടിച്ച് അന്നാമ്മ പൊതിഞ്ഞു കൊടുത്ത കുറച്ച് അച്ചപ്പവും കൊണ്ടാണ് കൊച്ചുത്രേസ്യ ജീപ്പിൽ കയറുന്നത്. പിറ്റേന്ന് ഹെൽത്തിൽ പോയി വന്ന വിവരം പോളി പറയുമ്പോൾ പണി കിട്ടിയത് വറീച്ചനും ഭാര്യക്കും കൂടിയാണ്. പതിന്നാല് ദിവസത്തേക്ക് കണ്ട് മുട്ടിയവരും കൂട്ടിമുട്ടിയവരും.. ആരും തന്നെ പുറത്തിറങ്ങേണ്ട പോലും... ഇറ്റലിയിൽ കാര്യങ്ങൾ കൈവിടുകയാണെന്ന് വാർത്ത വായിക്കുന്നവൾ വിളിച്ച് പറയുന്നുണ്ട്. 

വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന ഒരുത്തന് കൊറോണയാണെന്ന് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ നിന്നും എല്ലാ വീടുകളിലും ആളെത്തി. വാ പൊളിക്കാൻ പറഞ്ഞ ഡോക്ടർ മേലിൽ ആരോടും അങ്ങനെ പറയുമെന്ന് തോന്നുന്നില്ല. അതുക്കൂട്ട് ചീത്തയാണ് കൊച്ചുത്രേസ്യ കാച്ചിക്കൊടുത്തത്. ഏതായാലും രണ്ട് ദിവസം കഴിഞ്ഞ് മൂക്കിലെ പരിശോധിച്ചതിന്റെ ഫലം   വന്നപ്പോൾ മൂന്ന് പേരെയും കൊണ്ടുപോകാൻ മെഡിക്കൽ കോളേജിൽ നിന്നും വണ്ടിയെത്തി. ഏനക്കേടൊന്നും ഇല്ലാത്തോരെ പിടിച്ചോണ്ട് പോകുന്നത് എവിടുത്തെ ന്യായമാണെന്ന് പറഞ്ഞു നോക്കിയെങ്കിലും കൊറോണ കുഞ്ഞ് സമ്മതിക്കെണ്ടേ.....

മലയിറങ്ങുമ്പോൾ അകമ്പടി വരുന്ന ചാറ്റൽ മഴ കോടയെ വല്ലാതെ കൊഴുപ്പിക്കുന്നുണ്ട് ... വശങ്ങളിൽ വീശിയാടുന്ന പൈൻ മരങ്ങൾക്കൊക്കെ തങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു. കൊച്ചുത്രേസ്യയുടെ കരങ്ങളിൽ വറീച്ചൻ അമർത്തിപ്പിടിച്ചു. മയങ്ങിപ്പോയവളുടെ മനസ്സിൽ തെളിയുന്നത് അനക്കമില്ലാത്തൊരു മടക്കയാത്രയാണ്. കടന്ന് പോകുന്ന വഴികളും ഇലകളുമൊക്കെ വല്ലാതങ്ങ് യാത്ര പറയുന്നത് പോലെ.. പച്ചപ്പ് മാറി പട്ടണത്തിന്റെ വേഗതയിലേക്ക് കടക്കുമ്പോൾ പതുക്കെപോകാൻ പറയുന്നത് വറീച്ചനാണ്. ആശുപത്രിയ്ക്ക് മുന്നിലുള്ള മിൽമാബൂത്തിൽ ആരുടെയോ കരുണയ്ക്കായി കാത്ത് നിൽക്കുകയാണ് പൂർണ ഗർഭിണിയായ ഒരു ഭിക്ഷക്കാരി. ചില നഗരക്കാഴ്ചകൾ അടിവയറിൽ ഒരു നോവ് പടർത്തും. അത്യാഹിതവിഭാഗത്തിൽ അവരെ കാത്ത് ഡോക്ടർമാരും കുറച്ച് നഴ്സുമാരും നിൽക്കുന്നുണ്ടായിരുന്നു. മരണം പറന്ന് നടക്കുകയാണത്രെ സായിപ്പിന്റെ  നാട്ടിൽ... തലപൊക്കി മാത്രം നടന്നിരുന്ന തൊപ്പിക്കാരൊക്ക അവിടെ വീട്ട് തടവറയിലായെന്ന് ടിവി യിൽ എഴുതിവരുന്നുണ്ട്. കൊറോണ രോഗികൾക്കായി പ്രത്യേകം സജ്ജമാക്കിയ മുറിയിലേക്കാണ് വറീച്ചനെയും കൊച്ചുത്രേസ്യയെയും കൊണ്ടുപോയത്. വെളിച്ചവും വായുസഞ്ചാരവുമൊക്കെയുള്ള മുറി അവർക്കിഷ്ടമായി. ഒപ്പം വിളിക്കാതെ തന്നെ വർത്തമാനം പറയാൻ ഓടിയെത്തുന്ന മാലാഖക്കുഞ്ഞിനെയും.

ചുറ്റുമതിലിനുള്ളിലാണെന്നതൊഴിച്ചാൽ ചുറ്റുപാടൊക്കെ രണ്ടാൾക്കും ഇഷ്ടമായി. മുഖംമൂടിക്കാർക്കൊക്കെ മുൻപരിചയമുള്ളത് പോലെ... പണം മുടക്കൊന്നും ഇല്ലാത്തത് കൊണ്ടാവണം പരിശോധനകൾക്കൊക്കെ വറീച്ചൻ സഹകരിക്കുന്നുണ്ട്. കാര്യമായി മരുന്നുകളൊന്നും തന്നെയില്ല, ഭക്ഷണമൊക്കെ സുഭിക്ഷവും. നീനയെന്നായിരുന്നു അവരെ  നോക്കാൻ ഏൽപ്പിച്ച മാലാഖകുഞ്ഞിന്റെ പേര്. സർക്കാർ ജോലി സ്ഥിരപ്പെട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും അവളുടെ മനസ്സിപ്പോഴും മറുനാട്ടിലാകുന്നു. പുറത്ത് പോകാനുള്ള ഇംഗ്ലീഷ് പരീക്ഷയ്ക്കൊരുങ്ങുമ്പോഴാണ് കൊറോണ കാര്യങ്ങൾ കുളമാക്കിയത്. ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി ചോദിച്ചു വാങ്ങിയതാണെന്നറിയുമ്പോൾ കൊച്ചുത്രേസ്യക്ക് മാലാഖക്കുഞ്ഞിനോടിത്തിരി വാത്സല്യമൊക്കെ തോന്നുന്നുണ്ട്. 

എന്നാലും  പുറത്തുപോയാൽ വെറും വിറക് വെട്ടിയാകുമെന്നുള്ള അമ്പിന്റെ മുന അമേരിക്കക്കാരിയെ ഉന്നം വെച്ചിട്ടാണെന്നു വിശദീകരിച്ച് കൊടുക്കുന്നത് വറീച്ചനാണ്. നാടിന്റെ നന്മയും സുരക്ഷിതത്വവും വേറെങ്ങും കാണില്ലെന്ന് അമ്മച്ചി വാദിക്കുമ്പോൾ തന്റെ മുതുകിലെ വലിയ മാറാപ്പിൽ തടവി നോക്കുകയാണ് നീന. താൻ മാത്രം അറിയുന്ന, നിവർന്ന് നിൽക്കാൻ തടസ്സമാകുന്ന തന്റെ പ്രാരാബ്ധങ്ങളുടെ തുണിക്കെട്ട്... നിശ്ചിത അകലം പാലിക്കണമെന്ന നീഷ്ക്കർഷയൊന്നും നീനക്കുഞ്ഞിനെ ബാധിക്കുന്നില്ല. അമ്മച്ചിയുടെ കൂനിൽ തലോടിക്കൊടുക്കുന്നവളുടെ ആത്മഗതത്തിൽ അമ്മച്ചിയും ഒരു പ്രാരാബ്ധക്കാരി ആയിരുന്നിരിക്കണം.

പരിശോധനാ ഫലം പോസിറ്റീവ് ആയതിന്റെ അസ്കിതകളൊന്നും രണ്ടാൾക്കുമില്ല. പ്രായം തണുപ്പിച്ച് തുടങ്ങിയ ശരീരത്തേക്കാളും തളർച്ചയിപ്പോൾ  മനസ്സിനാണ്.  മലമുകളിലായിരുന്നപ്പോൾ നാട്ടുകാരെങ്കിലും കൂടെയുണ്ടായിരുന്നു.  ഇതിപ്പോൾ നാട്ടുകാരുമില്ല, വീട്ടുകാരുമില്ല.... ജനൽ പാളികൾ തുറന്നിടുമ്പോൾ തണുത്ത കാറ്റ് ഇക്കിളിപ്പെടുത്താനായി എത്തുന്നുണ്ട്.  കിഴക്കെവിടെയോ മഴപെയ്യുന്നുണ്ടെന്ന് തോന്നുന്നു. പതിനൊന്നു മണിയാകുമ്പോൾ ഡോക്ടറും നഴ്സുംകൂടെ കാണാനെത്തും. പേര് ചോദിച്ചപ്പോൾ ഇഷ്ടമുള്ളത് വിളിച്ചോളാൻ പറഞ്ഞത് അമ്മച്ചിക്കിഷ്ടപ്പെട്ടിട്ടില്ല. പഠിപ്പു കുറവാണേലും ശശിധരൻ ഡോക്ടറാണ് നല്ലതെന്നുള്ള അമ്മച്ചിയുടെ പറച്ചിൽ കേട്ടു പൊട്ടിച്ചിരിക്കുകയാണ് ഡോ.നവാസ്. 

മറുനാട്ടിലെ കാറ്റിനൊക്കെ മരണത്തിന്റെ മണമാണെന്ന വാർത്ത അമ്മച്ചിയോട് ആരും പറയുന്നുമില്ല. പിള്ളേരെയൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കൊച്ചുത്രേസ്യ പരിഭവിക്കുമ്പോൾ വല്ലാതെ  വിയർക്കുന്നുണ്ട്  വറീച്ചൻ... ഇടനെഞ്ച് പൊത്തിക്കൊണ്ട് കമഴ്ന്ന് വീഴുമ്പോൾ നിലവിളികേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഓടിയെത്തി. പ്രത്യേകം സജ്ജമാക്കിയ ഐ സി യു വിലേക്കാണ്  വറീച്ചനെ മാറ്റിയത്. അമ്മച്ചിയും നീനകുഞ്ഞും അകത്ത് കൂടെത്തന്നെയുണ്ട്. തങ്ങളെക്കൂടാതെ പത്തോളം രോഗികൾ ആശുപത്രിയിലുണ്ടത്രെ... രോഗം സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ  വേറെയും.. ബാഗിൽ നിന്നും ബൈബിളെടുത്ത് തുറക്കുമ്പോൾ കിട്ടിയ വചനം കൊച്ചുത്രേസ്യ ഉറക്കെയാണ് വായിച്ചത്. ‘‘അരിവാളെടുത്ത്‍ കൊയ്യുക. കൊയ്ത്തിന് കാലമായി. ഭൂമിയിലെ വിളവ് പാകമായിക്കഴിഞ്ഞു. അപ്പോൾ മേഘത്തിലിരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു.’’

(വെളിപാടിന്റെ പുസ്തകം 14: 15-16).

കൊഴുപ്പും പഞ്ചസാരയുമൊന്നും ഇല്ലാത്ത മനുഷ്യന് ഇതെങ്ങനെ അറ്റാക്ക് വന്നെന്നോർത്ത് കൊച്ചുത്രേസ്യ തലയിൽ കൈ വെക്കുമ്പോൾ, നവാസ് ഡോക്ടർ ആണ് അത് പറഞ്ഞത്..... മനുഷ്യന്റേയും ദൈവത്തിന്റേയും കണക്ക് കൂട്ടലുകൾ ഒന്നായിരുന്നെങ്കിൽ അമ്മച്ചിക്കിപ്പോൾ ഇവിടെ കിടക്കേണ്ടി വരുമായിരുന്നോ? രണ്ടാമത്തെ  കൊറോണ പരിശോധനാഫലം ഏതായാലും രണ്ടാൾക്കും നെഗറ്റീവ് ആണ്. ഒരാഴ്ച്ച കഴിഞ്ഞ് ഒന്നൂടെ ചെയ്യും. അതും നെഗറ്റീവ് ആയാൽ വീട്ടിൽ വിടാം... ചെമ്പകം മണക്കുന്ന കാറ്റ് ജനലഴികളെ തഴുകിവരുമ്പോൾ മൂക്കിനൊപ്പം അമ്മച്ചിയുടെ കണ്ണുകളും എന്തോ പരതുന്നുണ്ട്. വന്നപ്പോൾ  മനസ്സിലുടക്കിയ ആ മുഖം തന്നെയാണല്ലോ മിൽമാ ബൂത്തിന്റെ മുൻപിൽ നിൽക്കുന്നത്. നിറവയറിനു പകരം ജീവനുള്ള ഒരു മാറാപ്പ് തോളിലുണ്ടെന്ന് മാത്രം. മാറാപ്പുകൾ എന്നും മനുഷ്യന് ഭാരമാകുന്നു. ഇറ്റലിയിൽ നിന്നും സിസിലി വിളിച്ചപ്പോഴാണ് അമേരിക്കക്കാരുടെ വിവരമൊക്കെ അവർ അറിയുന്നത്. വിവരദോഷിയായ സായിപ്പ് വൈറസിനെ വിളിച്ച് വരുത്തുകയായിരുന്നു പോലും. പത്ത് ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന സാലിയെ തിരിച്ച് കിട്ടുമെന്ന് ആരും ഓർത്തതല്ലെത്രേ...

നീനയെപ്പോലെ കൊറോണ ഡ്യൂട്ടി ചോദിച്ചു വാങ്ങിയ സാലിയുടെ മുതുകിലും മാറാപ്പ് കാണണം. അഭിമാനം തുറന്ന് കാണിക്കാൻ മടിക്കുന്ന അതിജീവനത്തിന്റെ മാറാപ്പ്. മനുഷ്യനെ ഒന്നിപ്പിക്കുന്ന ഒരേയൊരു വികാരമാകുന്നു ഭയം. അതേ...ലോകം മുഴുവനും ഇന്നൊരു  മുറിക്കുള്ളിലാണ്. പൂക്കളും,പുഴുക്കളും, പുഴകളുമൊക്കെ ആയുസ്സ് നീട്ടിക്കിട്ടിയതിന്റെ ആഹ്ലാദത്തിലും.....

പതിവില്ലാത്തൊരു തെളിച്ചമുണ്ട് ഇന്ന് മലമുകളിലെ സൂര്യന്.. വിയർക്കാത്ത ചൂടിന്റെ തണുപ്പും പറ്റി മുറ്റത്തൂടെ നടക്കുകയാണ് വറീച്ചൻ. ആശുപത്രി വിട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആശുപത്രിക്കാർ അവരെ ഇതുവരെ വിട്ടിട്ടില്ല. കുമളിയിൽ ഏതോ ക്യാമ്പിന് വരുന്ന നവാസ് ഡോക്ടർ ഇതുവഴി വരുന്നുണ്ടെന്ന് ഇന്നലെയാണ് വിളിച്ച് പറഞ്ഞത്. അദ്ദേഹത്തിനായുള്ള നോക്കിയിരുപ്പിലാണ് വറീച്ചൻ. അകത്ത് അമ്മച്ചിയുടെ ഉറക്കെയുള്ള സംസാരത്തിന്റെ മറുതലയ്ക്കൽ സിസിലിയാവണം. ഈ ആണ്ടിൽ വരവ് നടക്കില്ലെന്നുള്ള അവളുടെ  പരിഭവത്തോട്  അമ്മച്ചിയ്ക്കൊരു പരാതിയുമില്ല. മക്കളുടെ മാറാപ്പുകൾക്കൊക്കെ ഇറക്കി വെക്കാൻ പറ്റാത്തത്ര കനമായിരിക്കുന്നു. ജീപ്പിന്റെ  മുൻസീറ്റിൽ നിന്നും ഇറങ്ങുന്നയാളെ എല്ലാവരും പ്രതീക്ഷിച്ചതാണ്. പറയാതെ പറന്ന് പോയെന്നോർത്തവളാണ് പുറകിൽ നിന്നും ഇറങ്ങി വരുന്നത്. ഞാനെങ്ങോട്ടും പോയില്ലമ്മച്ചീ... ചുമക്കാവുന്ന മാറാപ്പേ ഇപ്പോൾ മുതുകിലുള്ളൂ എന്നും പറഞ്ഞ്  കുലുങ്ങിച്ചിരിക്കുകയാണ് പഴയ മാലാഖക്കുഞ്ഞ്. 

അമ്മച്ചിയുടെ ഒക്കത്തിരിക്കുന്ന ഒരു വയസ്സുകാരനെ ആർക്കും പരിചയമില്ല. ഈ  മാറാപ്പിനെ  ഇറക്കിവെച്ചാൽ ഇവിടെമാകെ ഇളക്കി മറിക്കുമെന്നും പറഞ്ഞ് അമ്മച്ചി ചിരിക്കുമ്പോൾ അടുക്കളയിൽ നിന്നും അവന്റെ അമ്മയെത്തി. അതിജീവനത്തിന് ഇങ്ങനേയും തലങ്ങളുണ്ടെന്നുള്ളത് പട്ടണത്തിൽ നിന്നും എത്തിയവർക്കുള്ള പുതിയ അറിവാകുന്നു.  

അടുത്തെവിടെയോ ചെമ്പകം പൂത്തിട്ടുണ്ട്. കരിയിലകളെ തഴുകി വരുന്ന കാറ്റിന് ചെമ്പകത്തിന്റെ ഗന്ധം.

English Summary: Marappukal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;