‘ഞാൻ എന്തു പാപമാണ് ചെയ്തത്?’ ഞാൻ നിന്റെ എത്രാമത്തെ കാമുകിയാണെടാ...

young-couple
Representative Image. Photo Credit : Oxana Denezhkina / Shutterstock.com
SHARE

അഥർവ്വം (കഥ)

‘‘അയമാത്മ ബ്രഹ്മ’’ ബദരീനാഥിലെ ജ്യോതിർമഠത്തിനു മുന്നിൽ നിന്ന് ആകാശത്തേക്ക് നോക്കി ഞാൻ പറഞ്ഞു. ഗൗരീ പടേക്കർ മന്ദഹസിച്ചു കൊണ്ട് എന്റെ തോളിലൂടെ കയ്യിട്ടു കവിളിൽ ഉമ്മ വച്ചു. 

‘‘അഥർവ്വ വേദമാണ് ഇവിടെ അധ്യയനം ചെയ്യുന്നത്. നിനക്കു ഒരു കൈ നോക്കാവുന്നതാണ്’’

മഹാരാഷ്ട്രയിലെ കൂർവാര ഗ്രാമത്തിൽ നിന്നാണ് ഗൗരീ പടേക്കർ നഗരത്തിലെത്തിയത്. പുണ്യ സ്ഥലങ്ങളിൽ വച്ച് രതിയിലേർപ്പെടുകയാണ് അവളുടെ ഹോബി. കാശിയിൽ രണ്ടു ദിവസം തങ്ങിയ ശേഷമാണ് ഞങ്ങൾ ബദരീനാഥിൽ എത്തിയത്.

‘‘നീച വേദമായിട്ടാണ് അഥർവ്വ വേദത്തെ പലരും  കാണുന്നത്. ദുർമന്ത്രവാദം പഠിക്കണമെന്ന് പണ്ടേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു’’ സംസാരിച്ചു കൊണ്ട് ഞാൻ പടവുകളിലൂടെ താഴോട്ടിറങ്ങി. ഗൗരി പിറകേയും. മഹാപ്രവാഹമായി നദി. ഞങ്ങൾ വെള്ളം കോരിയെടുത്ത് അംഗസ്നാനം ചെയ്തു. 

‘‘നിന്റെ പാപങ്ങളെല്ലാം തീരട്ടെ’’

അവൾ എന്റെ നെറുകയിൽ വെള്ളം കോരിയൊഴിച്ചു കൊണ്ട് പറഞ്ഞു. 

അതിനു ഞാൻ എന്തു പാപമാണ് ചെയ്തത്.?

‘‘പല പെണ്ണുങ്ങളോടൊത്ത് ഉറങ്ങി എന്ന പാപം. ഞാൻ നിന്റെ എത്രാമത്തെ കാമുകിയാണെടാ....’’

അവളുടെ കവിളുകൾ തുടുക്കുകയും കണ്ണുകൾ ഉണരുകയും ചെയ്തു. ഇത്രയും മനോഹരമായി രതി ആഹ്വാനം ചെയ്യുന്ന പെണ്ണിനെ ഞാൻ കണ്ടിട്ടില്ലായിരുന്നു. 

അവൾ നദിയായി

നദി ഞാനായി

പൂജാപുഷ്പങ്ങളും എണ്ണയും കലർന്ന വെള്ളം സാക്ഷ്യം. 

‘‘മനുഷ്യൻ ആഗ്രഹിക്കുന്ന വിധം ഒരാളാകാൻ കഴിയാത്ത ദൈവം.’’ എന്ന വാചകം എന്നോട് പറഞ്ഞത് അവളാണ്.

അവളുടെ മുത്തശ്ശൻ ഏതോ പഴയ പുസ്തകത്തിൽ നിന്ന് പകർത്തിയെഴുതിവെച്ചതാണത്രെ അതിലെ വാക്കുകൾ. എനിക്കു വേണ്ടി അവളത് ഒരു പുതിയ പുസ്തകത്തിലേക്ക്– അവളുടെ മണമുള്ളഡയറിയിലേക്ക് എഴുതിയെടുത്തിരിക്കുന്നു

നൂറോളം കവിതകൾ.

അതിൽ നിറയെ പ്രണയവും ദൈവവും–

ഒരേ അനുഭവത്തിന്റെ 

രണ്ട് പേരുകൾ പോലെ.

അതിലൊരു പേജിൽ.

‘‘നീ കരുതുന്നുണ്ടോ 

ഇതാണ് നമ്മുടെ ആദ്യത്തെ ജന്മമെന്ന്?

നീ കരുതുന്നുണ്ടോ 

ഇതാണ് നമ്മുടെ അവസാനത്തെ ജന്മമെന്ന്?

നീ കരുതുന്നുണ്ടോ 

ഓരോ തവണയും നാം ജനിച്ചത് 

മറ്റേതോ പ്രാണികളായിട്ടാണെന്ന്?

ഒരിക്കലുമില്ല;

നാം

വാക്കുകളുടെ വാതിൽ തുറന്ന്

കടന്നുവരുന്നവർ.

അക്ഷരങ്ങൾക്കിടയിലാണ്  

നാം

ഓരോ തവണയും 

കണ്ടുമുട്ടാറുള്ളത്.

ഇത്തവണ 

അതിങ്ങനെയല്ലെന്ന് 

ആർക്കുറപ്പിയ്ക്കാൻ കഴിയും!’’

അവളില്ലാത്ത രാത്രികളിൽ ആ കവിതാപുസ്തകം മറിച്ചു നോക്കും.  

ഓർമ്മകൾ നിറയും. 

ഏറ്റവും സാധാരണമായ ജീവിതത്തിൽ, അസാധാരണമായ വിധം ദൈവത്തെ അനുഭവിച്ചവൻ. താൻ ആ അനുഭവങ്ങളുടെ ഭാഗമാകുന്നുണ്ടെന്ന് നന്ദിയോടെ അറിഞ്ഞവൻ. ഓരോ നിമിഷവും താഴ്മയോടെ ആ വിസ്മയങ്ങളെ കാത്തുനിന്നവൻ.

ആൾകൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിലിരുന്നും തന്റെ ഗാനം ശ്രുതിമധുരമായ് പാടി മുഴുമിപ്പിച്ചു, കയ്യടികൾക്ക് കാത്തു നിൽക്കാതെ, നടന്നു പോയ ഒരാൾ.

‘‘മരണമോ? 

അല്ല; ജീവിതമാണ്

ദൈവവുമായ് ചേരാൻ 

ഏറ്റവും മികച്ച സമയം.

എന്റെ മരണശേഷം ദൈവവും 

ഏകാകി ആകുന്നുവല്ലോ!’’

- എന്താവും അവളെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്? 

ഞാൻ ആലോചിച്ചു.

വർഷങ്ങളായി അദ്ദേഹം ഉറങ്ങുന്നത് എവിടെയായിരിക്കും? 

ചില ചോദ്യങ്ങൾ മനസ്സിൽ വരും.

‘‘ നീ ഒരിയ്ക്കൽ പോകും അവിടേക്ക്.’’ അവൾ എന്നോട് പറഞ്ഞു:

‘‘ കിഴവൻ ഒരിയ്ക്കൽ നിന്നെ ക്ഷണിയ്ക്കും.’’

അതുപോലെ തന്നെ ഈ ദേശത്തേയ്ക്ക് ഒരു യാത്ര തരപ്പെട്ടു. കൃത്യമായ സഞ്ചാരപഥങ്ങൾ നിശ്ചയിച്ചിരുന്നില്ല.. ഏതിന്റെയൊക്കെയോ ഒപ്പം നടക്കുകയായിരുന്നു. ആരുടെയൊക്കെയോ കഥകൾ പങ്കിട്ട്, ആരുടെയൊക്കെയോ യാത്രകളുടെ ഭാഗമായ്.  

‘എല്ലാ കഥകളും എല്ലാവരുടെയും ആകണമെന്നില്ല. അതിൽ ചിലത് എന്റേത് കൂടിയാകും.’

മനസ്സ് പറയുന്നത് പോലെ തോന്നി: 

‘നീയത് അറിയാതെ പോകില്ല. 

അതുകൊണ്ട് എഴുതിക്കഴിഞ്ഞ വാക്കുകൾ ചേർത്ത് വയ്ക്കാൻ പറ്റിയ ഇടങ്ങളിൽ എത്തിച്ചേരുകയല്ല ; എത്തിച്ചേരുന്ന ഇടങ്ങൾക്ക് പറയാനുള്ളതെല്ലാം കേൾക്കുക.’

തുടക്കത്തിൽ എല്ലാം സാധാരണമായ കാഴ്ചകളായിരുന്നു. എല്ലാവരും ഒരേയിടത്ത് ഒരേ കാഴ്ചകൾ അല്ല കാണുക. എന്നിരുന്നാലും പുതുമകൾ അവകാശപ്പെടാനില്ലാത്തത്. 

തിരക്കു പിടിച്ച ഗലികൾ, വില്പനശാലകൾ, പ്രാർത്ഥനാലയങ്ങൾ, ശവകുടീരങ്ങൾ, സംഗീതസഭകൾ, ആഘോഷങ്ങൾ, ആൾക്കൂട്ടങ്ങൾ, വിശ്വാസികൾ, കച്ചവടക്കാർ, നൃത്തം ചെയ്യുന്നവർ, ഭിക്ഷ യാചിക്കുന്നവർ, വിലപേശുന്നവർ. 

കാലങ്ങളായ് ആളുകൾ വാക്കുകളിലേക്കും ക്യാമറകളിലേക്കും പകർത്തിക്കഴിഞ്ഞതാണീ ചിത്രങ്ങൾ. കഥകളോ പലപ്പോഴും ഒരേ ചേരുവകൾ കലരുന്നത്. ചരിത്രം പൂർണ്ണമായി അറിയുന്നവരല്ല അത് പങ്കുവയ്ക്കാൻ തല്പരരാകുന്നത് എന്നും തോന്നി. പലയിടങ്ങളിലും കച്ചവടമാണ് മുഖ്യം. 

മനുഷ്യനാഗ്രഹിയ്ക്കുന്ന വിധം ശത്രുവിന്റെ ശത്രുവോ കച്ചവടത്തിന്റെ ഇടനിലക്കാരനോ

അവിശ്വാസിയെ ആട്ടിയകറ്റുന്നവനോ ആകാൻ സാധിക്കാത്ത ദൈവം.

മനുഷ്യനാഗ്രഹിയ്ക്കുന്ന വിധം തന്നിലെ അത്ഭുതങ്ങളെ വിറ്റു കാശാക്കാൻ പരിശ്രമിക്കാത്ത ദൈവം.ഞാൻ ഉള്ളിൽ കേട്ടു.

മനുഷ്യന് എന്തും വിൽക്കാൻ കഴിയുന്നു!  

എവിടെയും കെട്ടിയിടാൻ കഴിയുന്നു, ആഗ്രഹങ്ങളുടെ ചരടുകൾ. എത്ര കുരുക്കുകളാണ് അവയിലോരോന്നിലും!!

ദൈവം ശാന്തമായി ഉറങ്ങുന്നത് ഇവിടെയൊന്നും ആവില്ലെന്ന് ഉറപ്പിച്ചു. 

ഒരാൾ വന്നുകയറും, അവിടെയ്ക്കുള്ള മേൽ വിലാസവുമായ്; അതുവരെ കാത്തിരിയ്ക്കുക. 

അവളും എന്നോട് ചോദിച്ചു:

‘‘ദൈവത്തെ കാത്തിരുന്നവനെ അന്വേഷിക്കുമ്പോൾ അല്ലെങ്കിലും തിരക്കുകൂട്ടുന്നത് എന്തിന്?’’

മെല്ലെ. മെല്ലെ എന്ന വാക്കിനെ എന്നും പ്രകീർത്തിക്കുന്നവൾ ചോദിച്ചു:

‘‘ അല്ലെങ്കിലും ജീവിതത്തിന് എന്തിനാണ് തിരക്കുകളുടെ ഇത്രയും ചക്രങ്ങൾ? ’’

പറഞ്ഞിട്ടുണ്ടല്ലോ ഇങ്ങനെ:

‘‘ചില നേരങ്ങളിൽ 

ഒരാൾ നമ്മുടെ അരികിലേക്ക് വരും.

ചിലതറിയാൻ 

നമുക്ക് സമയമാകുമ്പോൾ,

അത് സ്വീകരിയ്ക്കാൻ 

നാം സന്നദ്ധരായിരിക്കുമ്പോൾ, 

അത്ര കൃത്യമായ് നമ്മിലേക്കത് പകരാൻ 

ആ ഒരാൾ നമ്മുടെ അടുത്തെത്തും.

നമ്മെ അന്വേഷിച്ചവരെത്തും.’’

ഞങ്ങളുടെ മുന്നിൽ അങ്ങനെ വന്നു നിന്നയാൾ ഒരു സൈക്കിൾ റിക്ഷാക്കാരനായിരുന്നു.

മുൻപ് രണ്ട് മൂന്ന് തവണ അയാൾക്കൊപ്പം സവാരി ചെയ്തിട്ടുണ്ട്. ദൈവത്തെക്കുറിച്ച് അയാളോട് അന്വേഷിച്ചിട്ടുമുണ്ട്. അന്നൊന്നും മറുപടിയില്ലാതിരുന്നയാൾ അന്ന്, ഞാൻ വിളിക്കാതെ തന്നെ എന്റെ മുന്നിലെത്തുകയായിരുന്നു; എനിയ്ക്കു പോകേണ്ട സ്ഥലത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്.

ചെറിയ ചെറിയ കെട്ടിടങ്ങൾക്കിടയിൽ, അശ്രദ്ധമായ്, അലങ്കാരങ്ങൾ ഇല്ലാതെ എന്നാൽ വൃത്തിയോടെ. മൈലാഞ്ചി ചെടികളിൽ നിന്ന്  ഇലകൾ കൊഴിഞ്ഞു വീഴുന്ന ഒരിടത്തായിരുന്നു ദേവാലയം. മഴയും വെയിലും വീഴുന്ന ഒരിടം.പ്രാവുകൾ ചേക്കേറുന്ന ചെറു വാതിലുകൾ.

അവിടം വൃത്തിയാകാൻ വന്ന സ്ത്രീ പറഞ്ഞു: അവരുടെ കുടുംബം കാലങ്ങളായ് അത് ചെയ്തുപോരുന്നു. അതിൽ കൂടുതലൊന്നും അറിയില്ല.

മടങ്ങുമ്പോൾ എന്തുകൊണ്ടെന്നറിയില്ല  റിക്ഷാക്കാരൻ മൂളി:

‘‘ദുഃഖമോ?

ദൈവമേ!

നീ അടുത്തു വരുന്നില്ലല്ലോ എന്നതല്ല ദുഃഖം.

അത്ര അടുത്തു നീ ചേർന്നിരുന്നിട്ടും 

ഞാൻ അതറിയാതെ പോകുന്നത് ദുഃഖം.

അത് നിന്നേയും സങ്കടപ്പെടുത്തുന്നുവല്ലോ 

എന്നത് ദുഃഖം.‘‘

അയാൾ, ‘ദാദ’ എന്ന് വിളിച്ചുകൊണ്ട് കയറിച്ചെന്ന വീട്ടിൽ ഞങ്ങളെ കൊണ്ടുചെന്നാക്കി റിക്ഷാക്കാരൻ മടങ്ങി.

ദാദ എന്നെ കാത്തിരുന്നത് പോലെ സ്വീകരിച്ചു. ഭക്ഷണം ഒരുമിച്ചു കഴിയ്ക്കാമെന്ന് ക്ഷണിച്ചു. പതിനാല് - പതിഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി അവളുടെ രണ്ട് അനുജന്മാർക്കും മുത്തശ്ശനും ഞങ്ങൾക്കും ഭക്ഷണം വിളമ്പി. കഴിയ്ക്കുന്നതു മുൻപ് അവർ പ്രാർത്ഥിച്ചു. 

അവരുടെ പ്രാർത്ഥന എന്താണെന്നോർത്ത് ഞാൻ കണ്ണടച്ചിരുന്നു. 

അതായിരുന്നു എന്റെ പ്രാർത്ഥന.

ലളിതമായിരുന്നു ഭക്ഷണം. 

അതുകഴിഞ്ഞു മധുരവും പുളിയും ചേർന്നു നിന്ന എന്തോ ഒന്ന് കഴിക്കാൻ തന്നു. അത് കഴിച്ചു കൊണ്ട് പുറത്തിരുന്ന എന്റെ അടുത്ത് വന്നിരുന്ന കുട്ടികളോട്, കൗതുകത്തിന്, ആഹാരത്തിനു മുൻപ് അവർ പ്രാർത്ഥിച്ചത് എന്താണെന്ന് ചോദിച്ചു. അവർ അതിനു പറഞ്ഞ മറുപടി എനിയ്ക്കു വ്യക്തമായില്ല. 

അത് കേട്ട് വന്ന മൂത്ത പെൺകുട്ടി പറഞ്ഞു: ‘ആഹാരം വിളമ്പുമ്പോൾ അത് വിളയിച്ച കർഷകന്റെ വീട്ടിൽ കുഞ്ഞുങ്ങൾ വിശന്നുറങ്ങേണ്ടി വരരുതേ എന്ന് പ്രാർത്ഥിയ്‌ക്കാൻ അബ്ബാ എന്നും പറയും.’

ഒരു പിടച്ചൽ ഞാനനുഭവിച്ചു. ഒരിഖഅഖലും ഓർക്കുക പോലും ചെയ്യാത്തൊരു പ്രാർത്ഥന.

പുറത്തിട്ട ബെഞ്ചുകളിലൊന്നിൽ കിടന്ന് ഉറങ്ങാം എന്ന് പറഞ്ഞപ്പോൾ ദാദ സമ്മതിച്ചു. 

ഞാനതേ ചെയ്യമായിരുന്നുള്ളൂ എന്നദ്ദേഹം പ്രതീക്ഷിച്ചത് പോലെ. 

ഉയരമുള്ള ഒരിടത്തായിരുന്നു അവരുടെ വീട്. ചുറ്റിലുമുള്ള വീടുകൾ നിരനിരയായ് കാണാം. മിതമായ് മാത്രം വിളക്കുകൾ കത്തിച്ചു വെച്ച വീടുകൾ. ശാന്തമായിരുന്നു അവിടെ നിറഞ്ഞു നിന്ന കാറ്റ്. തണുപ്പുള്ളത്. 

മെല്ലെ 

മെല്ലെ ഒഴുകുന്നത്...

കണ്ണടച്ചു കിടന്നു.

ദൂരെ എവിടെയോ ആരോ പാടുന്നു :

‘‘എന്നെ തിരഞ്ഞെത്തുന്ന ദൈവം,

അവനെ സ്വീകരിക്കാൻ എന്നും കാത്തിരിക്കുന്ന ഞാൻ.

അവനെ കാണാതെ പോകരുതെന്ന് കരുതി

എന്റെയുള്ളിലേക്ക് 

എന്നും ഞാൻ നോക്കിയിരിക്കുന്നു.

അവനെ കേൾക്കാതെ പോകരുതെന്ന് കരുതി

ഞാനെന്റെ ഹൃദയത്തോട്

ശാന്തമാകുവാൻ പറയുന്നു.

ദൈവത്തിന്റെ ഇരിപ്പിടമെന്നപോലെ

എന്നും എന്റെ വാക്കുകളെ തുടച്ചു വയ്ക്കുന്നു.’’

എപ്പോഴോ 

‘ഉറങ്ങിയില്ലേ?! ഉറങ്ങിയില്ലേ?!’ എന്ന് ദാദ അടുത്തിരുന്ന് ചോദിയ്ക്കുന്നത് ഞാൻ കേട്ടു.

‘ഭൂമി മുഴുവൻ പ്രകാശം നിറയുന്നത് കണ്ടുകൊണ്ടിരിയ്ക്കുന്ന ഒരാൾക്ക് ഉറങ്ങാൻ കഴിയുന്നത് എങ്ങനെ?!’ എന്ന്  അദ്ദേഹം തന്നെ മറുപടി പറയുന്നതും.

അവൾ, 

എനിയ്ക്കു വേണ്ടി കവിതാപുസ്തകം പകർത്തിയെഴുതിയവൾ,

അടുത്തുണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായിരുന്നു:

‘‘നീ കരുതുന്നുണ്ടോ 

ഇതാണ് നമ്മുടെ ആദ്യത്തെ ജന്മമെന്ന്?

നീ കരുതുന്നുണ്ടോ 

ഇതാണ് നമ്മുടെ അവസാനത്തെ ജന്മമെന്ന് ?

നീ കരുതുന്നുണ്ടോ 

ഇത്തവണ അതിങ്ങനെയല്ലെന്ന് ?

ഇത്തവണ അത് 

നീയും ഞാനുമല്ലെന്ന് !’’

അല്ലെങ്കിൽ

‘‘അവൾ അടുത്തുണ്ടായിരുന്നെങ്കിൽ’’ എന്ന് എന്തിനാണ് ഞാൻ പറഞ്ഞത് ?

അവൾ എപ്പോഴാണ് അടുത്തില്ലാതെയിരിക്കുന്നത് !

English Summary: Adharvam, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;