ADVERTISEMENT

എവിടെ ജനിച്ചു എന്നറിയില്ല. കൈക്കുഞ്ഞായിരിക്കുമ്പോഴേ താമ്രപർണിക്കരയിലെ ചേരൻമഹാദേവി ദേശത്തുള്ള ഒരു കുടുംബം അവളെ വാങ്ങി. അവർ അവൾക്കിട്ട പേര് ഭൈരവി. ഇതല്ലാതെ ഒരു വയസ്സ് വരെയുള്ള അവളുടെ ജീവിതത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. ഒരു വയസ്സ് തികഞ്ഞ ഉടനെ ആ വീട്ടുകാർ കിട്ടിയ വിലയ്ക്ക് അവളെ ഒരു നായ് വ്യാപാരിക്ക് കൊടുത്തു. പ്രകൃതി കൃഷിക്കാരനും എന്റെ സുഹൃത്തുമായ കടയം ഫെലിക്സിന് ആ വ്യാപാരി അവളെ വിലപേശി വിറ്റു.

 

പല ഇനത്തിൽപ്പെട്ട നായ്ക്കളെ പെറ്റുപെരുക്കി അവയുടെ കുഞ്ഞുങ്ങളെ വിൽക്കുന്ന ഏർപ്പാടും തന്റെ കൃഷിത്തോട്ടത്തിൽ ഫെലിക്സ് ചെയ്തുപോന്നു. അതി സുന്ദരിയായ ആ ലാബ്രഡോർ നായ്ക്ക് അയാൾ ‘ബെല്ലി’ എന്ന് പേരിട്ടു. ഭൈരവിക്ക് ബെല്ലി ആയി മാറാൻ അധികം നേരമൊന്നും വേണ്ടിവന്നില്ല. അതുവരെ അവൾക്ക് കുത്തിവെപ്പുകൾ ഒന്നും എടുത്തിട്ടില്ല എന്നറിഞ്ഞ ഫെലിക്സ് കുത്തിവെപ്പ് എടുക്കാനായി അടുത്തുള്ള ചെറുപട്ടണത്തിലേക്ക് അവളെ കൊണ്ടുപോയി. അങ്ങനെയൊരു ആൾക്കൂട്ടവും ചുറ്റുപാടും അതുവരെക്കാണാത്ത ബെല്ലി പരിഭ്രമത്തിൽ അയാളുടെ പിടി വിടുവിച്ച് കുതറിയോടി. 

 

ആദ്യം ഒരു ഓട്ടോറിക്ഷയിൽ കയറി ഇരിപ്പുറപ്പിച്ചു. പിന്നെ അതിൽനിന്ന് ചാടിയിറങ്ങി റോഡിൽ പാഞ്ഞുവന്ന ഒരു മോട്ടോർ സൈക്കിളിന് കുറുകെയോടി. ബൈക്കും യാത്രക്കാരനും വഴിയിൽ മറിഞ്ഞടിച്ചു വീണു. പലരെയും പേടിപ്പിച്ചുകൊണ്ട് ബെല്ലി തലങ്ങും വിലങ്ങും ഓടി. അവളെ പിടിച്ച് കുത്തിവെപ്പ് എടുത്ത് തിരിച്ചു വീട്ടിൽ കൊണ്ടുവരാൻ ഫെലിക്സിന് നന്നേ പാടുപെടേണ്ടി വന്നു. പക്ഷേ വീട്ടിൽ നല്ല കുട്ടിയായി പല നായ്ക്കൾ, ആടുമാടുകൾ, കോഴി താറാവുകൾക്കൊപ്പം ഉത്സാഹത്തോടെ അവൾ ഓടി നടന്നു. 

 

ലാബ്രഡോർ നായ്ക്കുട്ടികളെ ഉണ്ടാക്കി വിൽക്കാൻവേണ്ടി മാത്രം അവളെ വിലയ്ക്കുവാങ്ങിയ ഫെലിക്സിന്റെ പദ്ധതികൾ തകിടംമറിച്ചുകൊണ്ട് വൈകാതെ ആ സത്യം പുറത്തുവന്നു. കുട്ടികളെ ജനിപ്പിക്കാനുള്ള ശാരീരിക കഴിവ് ഇല്ലാത്തവളാണ് ബെല്ലി. എങ്കിലും അതിനുള്ളിൽ ഫെലിക്സിന്റെ കുടുംബവുമായി നന്നായി ഇണങ്ങിക്കഴിഞ്ഞിരുന്ന ബെല്ലിയെ അവർ വളർത്തി. അക്കാലത്ത് ഒരുദിവസം അവരുടെ വീട്ടിൽ സന്ദർശനത്തിന് ചെന്ന ഞാൻ അവളെക്കണ്ട് ആകെപ്പാടെ ആശ്ചര്യപ്പെട്ടുപോയി.  

ഞാൻ വളർത്തിക്കൊണ്ടിരുന്ന ദാമോദരൻ (താമി) എന്ന രാജപാളയം ഇനത്തിൽപ്പെട്ട ആൺ നായുടെ രീതികൾക്ക് കടക വിരുദ്ധമായിരുന്നു ഇപ്പെണ്ണിന്റെ സ്വഭാവം. താമിക്ക് ഒന്നുകിൽ ഭയങ്കര സ്നേഹം അല്ലെങ്കിൽ പൊരിഞ്ഞ ദേഷ്യം. രണ്ടിലൊന്നേ ഉള്ളു. ഇവളാകട്ടെ ശാന്ത സ്വരൂപി. ദേഷ്യം, വഴക്ക്, ഉച്ചത്തിലുള്ള കുരയ്ക്കൽ, മുറുമ്മൽ ഒന്നുമില്ല. നല്ല ഭംഗിയുള്ള കണ്ണുകൾ. നമ്മുടെ കണ്ണിലേക്ക് തന്നെയുള്ള സ്‌നേഹപൂർണമായ നോട്ടം. എന്നെക്കണ്ടയുടൻ അവൾ ആഹാരം കഴിക്കുന്ന പാത്രം കടിച്ചെടുത്ത് എന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. ‘ഇതിലേക്ക് കഴിക്കാൻ വല്ലതും ഇട്ടുതാ ചേട്ടാ’ എന്നതുപോലെ ഒരു നോട്ടവും. ഫെലിക്സ് അവൾക്ക് ശരിക്ക് ആഹാരം കൊടുക്കുന്നില്ല എന്നെനിക്ക് തോന്നി. ചോദിപ്പോൾ അയാൾ പറഞ്ഞു ‘‘എത്ര തവണ ആഹാരം കൊടുത്താലും കഴിച്ചോളും. തീർന്നാലുടൻ പിന്നെയും ചോദിക്കും.’’

 

എന്റെ കയ്യിൽ നിന്ന് ഒന്നും കിട്ടാൻ പോകുന്നില്ല എന്ന് മനസ്സിലായപ്പോൾ പഴകിപ്പിഞ്ഞിയ പാവ പോലെ എന്തോ ഒന്ന് കടിച്ച് എടുത്ത് എന്റെ മുമ്പിൽ വന്നുനിന്ന് തുള്ളിച്ചാടാൻ തുടങ്ങി. അവളോടൊപ്പം കളിക്കാൻ എന്നെ വിളിക്കുകയാണ്! അന്ന് അരികിലുള്ള രാമനദിയിൽ മുങ്ങിക്കുളിക്കുമ്പോഴും ആ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുമ്പോഴുമെല്ലാം എന്റെ മനസ്സിൽ ബെല്ലി മാത്രമാണ് ഓടിക്കൊണ്ടിരുന്നത്. അവളെ എനിക്ക് തരാമോ എന്ന് ചോദിക്കാൻ പല തവണ ആലോചിച്ചെങ്കിലും അവരത് എങ്ങനെയെടുക്കും എന്ന് ഉറപ്പില്ലാതിരുന്നതുകൊണ്ട് ഞാൻ ചോദിച്ചില്ല.

 

അക്കാലത്ത് മിക്കവാറും ഞാൻ യാത്രകളിലായിരുന്നു. വീട്ടിൽ നിൽക്കുന്ന സമയങ്ങൾ കുറവ്. പ്രായപൂർത്തി എത്തിയ താമിയുടെ അലപ്പറകൾ താങ്ങാൻ പറ്റാത്ത സ്ഥിതിയിലെത്തിയിരുന്നു. വീടിന്റെ മതിൽ ചാടിക്കടന്ന് റോഡിലിറങ്ങി മിന്നൽ വേഗത്തിൽ ഓടും. പരിചയമില്ലാത്ത മനുഷ്യർ, മറ്റുള്ള നായ്ക്കൾ, പൂച്ചകൾ, മേലേ പറക്കുന്ന പക്ഷികൾ ഒന്നിനെയും അവന് കണ്ടുകൂടാ. കാതടപ്പിക്കുന്ന ശബ്ദത്തിൽ കുരച്ചുകൊണ്ട് നാലുപാടും പായും. അവൻ പാഞ്ഞുവരുന്നതുകണ്ട്  പേടിച്ചോടിയ കോളനിയിലെ ചില കുട്ടികൾ വീണ് കയ്യും കാലും മുറിഞ്ഞു. അവരുടെ അച്ഛനമ്മമാർ വീട്ടിൽ വന്ന് ഒച്ചയുണ്ടാക്കി. കെട്ടിയിടാമെന്ന് വെച്ചാൽ ഏത് തോൽവാറും അവൻ കടിച്ചു മുറിക്കും. തുടലിൽ കെട്ടിയാൽ എങ്ങനെയെങ്ങിലും അതും വലിച്ച് പൊട്ടിക്കും. പൊട്ടിക്കാൻ പറ്റിയില്ലെങ്കിൽ കെട്ടഴിച്ചു വിടുന്നതുവരെ... ഓ.......വ്വ്വ്വ്.....  ഓ.......വ്വ്വ്വ് ‌എന്ന് ഓലിയിട്ടുകൊണ്ടിരിക്കും. 

 

billie-2
വര: രവി പാലെറ്റ്, മധുര  

വീട്ടിലുള്ളവരെക്കൊണ്ട് അവനെ ഒട്ടും നിയന്ത്രിക്കാൻ പറ്റിയില്ല. ഒരിക്കൽ ബോംബെയിലായിരുന്ന എന്നെ അന്നത്തെ താമിയുടെ ഭീകര കൃത്യങ്ങളെക്കുറിച്ച് പറഞ്ഞ് അവർ ഭയപ്പെടുത്തിക്കളഞ്ഞു. പണി തീർക്കാതെ ഞാൻ തിരിച്ചു വരേണ്ടി വന്നു. ഇക്കാര്യങ്ങൾ ഫെലിക്സിനോട് പറഞ്ഞപ്പോൾ വിശാലമായ സ്ഥലത്ത് ഓടി നടക്കേണ്ട രാജപാളയം നായെ ചെന്നൈയിലെ ചെറിയ വീട്ടുമുറ്റത്ത് അടക്കി നിർത്താൻ പറ്റില്ല, ഓടിപ്പാഞ്ഞ് നടക്കാൻ സൗകര്യമുള്ള ഒരു സ്ഥലത്ത് അവനെ കൊണ്ടുവിടുകയാണ് നല്ലതെന്ന് അയാൾ പറഞ്ഞു. പിന്നീടൊരു ദിവസം അയാൾ ഫോണിൽ  വിളിച്ച് തിരുനെൽവേലി ജില്ലയിൽ രാജപാളയത്തിനടുത്ത കടയനല്ലൂരിൽ തനിക്കറിയാവുന്ന ഒരാളുടെ സുഹൃത്തിന്റെ രണ്ടേക്കർ തെങ്ങുംതോപ്പിൽ കാവലിന് ഒരു നായ വേണമെന്നും, താമിയെ അവിടെ കൊണ്ടുചെന്ന് വിടാമെന്നും പറഞ്ഞു. അതാലോചിച്ചപ്പോഴേ എനിക്ക് സങ്കടം വന്നു. ജനിച്ചതിന്റെ പന്ത്രണ്ടാം ദിവസം എന്റെ കയ്യിൽ വന്നവനാണ്. ഞങ്ങൾക്കെല്ലാം അവനെ ജീവനാണ്. പക്ഷേ താമിയെ പരിപാലിച്ചുകൊണ്ട് വീട്ടിലിരിക്കണോ ജോലിക്ക് പോയി ഊണരി ഉണ്ടാക്കണോ എന്ന അവസ്ഥയിൽ ഹൃദയം കല്ലാക്കി, താമിയെ അവിടെ വിടാൻ തീരുമാനിച്ചു. 

 

രണ്ടുപേരെ സഹായത്തിന് കൂട്ടി ഒരു പകൽ മുഴുവനും ആ അടങ്ങാപ്പിടാരിയെ കാറിനുള്ളിൽ അടക്കി വെച്ച് അന്തിയായപ്പോൾ പറഞ്ഞ സ്ഥലത്തെത്തി. നേരിൽക്കണ്ടപ്പോഴാണ് മനസ്സിലായത്, പറഞ്ഞതുപോലെ ഒന്നുമല്ല കാര്യങ്ങൾ. ഒരു വലിയ തെങ്ങുംതോട്ടത്തിനരികിൽ മുള്ളുവേലി കെട്ടിത്തിരിച്ച അമ്പതു ചതുര അടി സ്ഥലത്ത് തല്ലിക്കൂട്ടിയ ഒരു ആട്ടിൻ തൊഴുത്ത്. അതിനുള്ളിൽ കശാപ്പിന് നിർത്തിയിരിക്കുന്ന കുറെയേറെ ആടുകൾ. അതുങ്ങളെ കള്ളന്മാർ കൊണ്ടുപോകാതിരിക്കാൻ കാവലിനാണ് നായ്ക്കൾ. മെലിഞ്ഞു തൂങ്ങിയ മൂന്ന് നാടൻ നായ്ക്കളെയും ചീർത്തു വീർത്ത ഒരു റോട്ട്വെയ്‌ലർ നായെയും അവിടെ കെട്ടിയിട്ടിരുന്നു.

 

billie-3
വര: രവി പാലെറ്റ്, മധുര  

അവയെ കണ്ടയുടൻ താമി ചീറിത്തെറിച്ച് ആകാശം നടുക്കി കുരയ്ക്കാൻ തുടങ്ങി. ആ നായ്ക്കളും വിടുന്നില്ല. നാലു നായ്ക്കൾ നിർത്താതെ കുരയ്ക്കുന്ന ശബ്ദത്തിൽ പരിസരം നടുങ്ങി. ‘‘ഇതാണോ രണ്ടേക്കർ തെങ്ങുംതോട്ടം? രാജപാളയം നായ്ക്കൾ മറ്റു നായ്ക്കളോട് ഒത്തുപോവില്ല എന്ന് നിങ്ങൾക്കറിയില്ലേ?’’ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർക്ക് മറുപടിയില്ല. ഫെലിക്സിനും നിരാശ. അയാളോട് പറഞ്ഞത് ഒന്ന്. നടന്നത് വേറൊന്ന്. ഇതിനിടയിൽ എന്റെ സഹായികൾ താമിയെ വലിച്ചുകൊണ്ടുപോയി ആട്ടിൻകൂട്ടിനുള്ളിൽ കെട്ടിക്കഴിഞ്ഞിരുന്നു. 

 

നൊടിയിടയിൽ ആ തുടൽ വലിച്ചുപൊട്ടിച്ച് ശരീരം മൊത്തം നടുങ്ങിവിറച്ച് താമി എന്റെ മുമ്പിൽ വന്നു നിന്നു. ‘‘എന്നെ ഉപേക്ഷിച്ച് നടതള്ളാൻ ഇവിടെ കൊണ്ടുവന്നതാണോടാ പട്ടീ...?’’ സംസാരിക്കാൻ അറിയാമായിരുന്നെങ്കിൽ അവൻ അങ്ങനെതന്നെയാവും ചോദിച്ചിട്ടുണ്ടാവുക. ഞാൻ അവനെ ഇറുകെ കെട്ടിപ്പിടിച്ച് പൊക്കിയെടുത്ത് കാറിൽ കയറി നേരെ ചെന്നൈയിലേക്ക് തിരിച്ചു പോന്നു. ആ യാത്ര ഉണ്ടാക്കിയ ഭയവും പരിഭ്രമവും മാറിക്കിട്ടാൻ താമിക്ക് ആഴ്ചകളെടുത്തു. വാടകക്കാറിലായിരുന്നു ആ യാത്ര പോയത്. കാർക്കൂലി തന്നെ നല്ലൊരു തുകയായി. താൻ കാരണം സുഹൃത്തിന്റെ ആയിരക്കണക്കിന് രൂപയും രണ്ട്  ദിവസവും പോയതിൽ ഫെലിക്സിന് കുറ്റബോധം.

billie-4

 

വൈകാതെ ഒരു ദിവസം അയാളെന്നെ വിളിച്ചു. ‘‘ഇനിയെന്നാണ് ഈ ഭാഗത്തേയ്ക്ക് വരുന്നത്?’’ അടുത്തയാഴ്ച്ച മധുരയ്ക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ‘‘കാറിലാണ് വരുന്നതെങ്കിൽ നേരെ വീട്ടിലേക്ക് പോന്നോളൂ. വന്ന് ബെല്ലിയെ കൊണ്ടുപൊയ്ക്കൊള്ളൂ. അവളെ തനിക്ക് വലിയ ഇഷ്ടമാണെന്ന് അറിയാം. തന്റെ താമി ഇത്രയും പ്രശ്‍നം ഉണ്ടാക്കാൻ കാരണം അവൻ ഒറ്റയ്ക്കായതുകൊണ്ടാണ്. ഒരു പെണ്ണ് വന്നാൽ ഒക്കെ ശരിയാകും’’ എന്ന് പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. താമിയുടെ ഏകാന്തത കുറഞ്ഞാലും ഇല്ലെങ്കിലും ബെല്ലിയെ എനിക്ക് കിട്ടുമല്ലോ. ഒട്ടും വൈകിച്ചില്ല. പോയി അവളെ കൂട്ടിക്കൊണ്ടു വന്നു.

 

ബെല്ലി എന്നുള്ള പേര് ആദ്യം മുതലേ എനിക്ക് ഇഷ്ടമായില്ല. പേരിടുമ്പോൾ Belle അഥവാ അതിസുന്ദരി എന്നാണ് ഫെലിക്സ് ഉദ്ദേശിച്ചതെങ്കിലും പറഞ്ഞു വന്നപ്പോൾ അത് Belly ആയി. ഇംഗ്ലീഷിൽ വയറ്, വീക്കം എന്നൊക്കെ അർത്ഥമുള്ള വാക്ക് ഒരു സുന്ദരിപ്പെണ്ണിന്റെ പേരാക്കാമോ? പേര് മാറ്റണം. പക്ഷേ ഭൈരവിയിൽ നിന്ന് ബെല്ലി ആയി മാറിയവളെ മറ്റൊരു പേരിട്ട് വീണ്ടും കഷ്ടപ്പെടുത്താൻ എനിക്ക് മനസ്സുവന്നില്ല. അതുകൊണ്ട് പേര് മാറിയ കാര്യം അവൾപോലും അറിയാത്ത രീതിയിൽ ഞാനവൾക്ക് ‘ബില്ലി’ ഹോളിഡേ (Billie Holiday) എന്ന് പേരിട്ടു. എന്റെ പ്രിയപ്പെട്ട അമേരിക്കൻ ഗായികയുടെ പേര്. ഇവളും കുറഞ്ഞവളല്ലല്ലോ. ക്യാനഡയിലെ വാട്ടർ ഡോഗുകളല്ലേ ലാബ്രഡോർ നായ്ക്കളുടെ പൂർവികന്മാർ. ബില്ലി എന്നുള്ള പേര് അവളുടെ മനസ്സിൽ കൃത്യമായി പതിഞ്ഞു. ബില്ലീ... എന്നൊന്ന് വിളിച്ചാൽ എവിടെയാണെങ്കിലും പാഞ്ഞെത്തും. ആ സമയത്ത് നമ്മുടെ കയ്യിൽ അവൾക്ക് തിന്നാനെന്തിങ്കിലും ഉണ്ടെങ്കിൽ എന്താ ഒരു സന്തോഷം! അതല്ല കയ്യിൽ പന്തുപോലെയുള്ള എന്തെങ്കിലും കളിസാധനങ്ങളാണെങ്കിലും സന്തോഷത്തിന് കുറവില്ല. പിന്നെ വളഞ്ഞു വളഞ്ഞുള്ള കുതിച്ചു ചാട്ടമായി, ഓട്ടമായി.

 

ബില്ലിയുടെ വരവ് ആദ്യമൊക്കെ താമിയെ വല്ലാതെ അസ്വസ്ഥനാക്കി. പലതവണ അവൻ അവളെ കടിച്ചമർത്തി. ഒരു തവണ അവളുടെ മടങ്ങിക്കിടക്കുന്ന ഭംഗിയുള്ള ഇടതു ചെവി അവൻ കടിച്ചു മുറിച്ചു. അതിന് തേച്ച മരുന്ന് ഫലിച്ചില്ല. ചെവി അഴുകാൻ തുടങ്ങി. ഒടുവിൽ മൃഗരോഗ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചെവിയുടെ പാതി മുറിച്ചുമാറ്റേണ്ടി വന്നു. പിന്നെയെപ്പൊഴോ താമി അവളെ പ്രേമിച്ചു തുടങ്ങി. പക്ഷേ ഇടയ്ക്കിടയ്ക്ക് അവന്റെ പുരുഷ മേധാവിത്വവും അടിച്ചമർത്തലും തലപൊക്കി. ബില്ലി അവനോട് വലിയ ഇഷ്ടമൊന്നും ഒരിക്കലും കാട്ടിയില്ല. പക്ഷേ തനിക്ക് കുട്ടികൾ ഉണ്ടാകണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു എന്നെനിക്കു തോന്നി. പ്രസവിക്കാത്തവൾ എന്ന് എഴുതിത്തള്ളപ്പെട്ട ബില്ലി  രണ്ടുപ്രാവശ്യം ഗർഭിണിയായി. പ്രസവദിവസം അടുത്ത് വരുന്നതുപോലെയുള്ള ലക്ഷണങ്ങൾ കാണിച്ചു. ഉണ്ടാകാൻ പോകുന്ന കുട്ടികളെ വെയ്ക്കാൻ മുറ്റത്തിന്റെ മൂലയിൽ മണ്ണ് കുഴിച്ച് കുഴിയൊക്കെ ഉണ്ടാക്കി. പക്ഷേ രണ്ട് തവണയും അവൾക്ക് ഗർഭമലസിപ്പോയി.

 

വിടാൻ ബില്ലി തയാറായിരുന്നില്ല. ഒരുനാൾ അഞ്ചു കുട്ടികളെ അവൾ പ്രസവിച്ചു. പക്ഷേ എന്ത് ചെയ്യാൻ! ചുണ്ടെലിക്കുഞ്ഞുങ്ങളുടെ വലുപ്പമുള്ള കുട്ടികൾ. എല്ലാം ചത്തുപോയി. അതുങ്ങളെ എടുത്തുമാറ്റാൻ സമ്മതിക്കാതെ ശരീരംകൊണ്ട് ബില്ലി അവയെ മറച്ചുപിടിച്ചു. നാലെണ്ണത്തിനെ ഒരുവിധത്തിൽ എടുത്ത് കളഞ്ഞു. അഞ്ചാമത്തേതിനെ വിട്ടുതരാൻ വിസമ്മതിച്ച്‌ രാത്രി മുഴുവൻ വായിൽ കടിച്ചുപിടിച്ചുകൊണ്ടിരുന്നു. അടുത്ത രണ്ട് മൂന്നു ദിവസം സങ്കടത്തിലായിരുന്നെങ്കിലും പെട്ടെന്നുതന്നെ ബില്ലി ചുറുചുറുക്ക് വീണ്ടെടുത്തു.

 

അതിരറ്റ ഇഷ്ടത്തോടെ ആഹാരം കഴിക്കൽ, ഓടിച്ചാടിയുള്ള കളികൾ. അതായിരുന്നു ബില്ലിയുടെ ലോകം. ഇറച്ചി, മീൻ, മുട്ട, പാൽ, തൈര്, തേങ്ങാ ഒക്കെ വലിയ സന്തോഷമാണ്. പക്ഷേ അതുതന്നെ വേണമെന്ന് നിർബ്ബന്ധമൊന്നുമില്ല. പച്ചയോ വേവിച്ചതോ ആയ എല്ലാ പച്ചക്കറികളും കഴിക്കും. പഴത്തൊലിയോ പാവയ്ക്കാ പിഴിഞ്ഞ ചണ്ടിയോ എന്തുമാകട്ടെ, എല്ലാം കഴിക്കും. ഒരു സമയത്ത് അവൾക്ക് തടി കൂടിയതുകൊണ്ട് കൊടുക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ചു. പിന്നെയങ്ങോട്ട് തൂക്കം കൂടാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. 

 

ഒന്നിനോടും ബില്ലിക്ക് ദേഷ്യമില്ല. മറ്റു മൃഗങ്ങളോടും കുട്ടികളോടുമൊക്കെ വലിയ സ്നേഹമാണ്. കുറ്റിക്കാടുകൾക്കുമേൽ താഴ്ന്നു പറക്കുന്ന മഞ്ഞപ്പക്കികളെയും പൂമ്പാറ്റകളെയും നോക്കി ആസ്വദിച്ചുകൊണ്ട് അവയ്ക്ക് പിന്നാലെ വാലാട്ടിക്കൊണ്ട് നടക്കും. അടുപ്പവും ആഘോഷവും മാത്രമേ അവളുടെ കണ്ണുകളിൽ കാണാനാവൂ. വാലാട്ടൽ ഇഷ്ടത്തിന്റെ അടയാളമാണ്. അപരിചിതരെപ്പറ്റി യാതൊരു ഭയവുമില്ല. വീട്ടിൽ എപ്പോഴും ആരെങ്കിലും വന്നുകൊണ്ടിരിക്കണം. വന്നവർ തിരിച്ചുപോകാതിരിക്കാൻ അവരുടെ ഒരു ചെരിപ്പ് എടുത്തുകൊണ്ടുപോയി എവിടെയെങ്കിലും ഒളിച്ചു വെയ്ക്കും. ഞാൻ പുറത്തുപോകാൻ ഒരുങ്ങുന്നതറിഞ്ഞാൽ എന്റെ ചെരിപ്പും കാണാതെയാകും. രാത്രിയിൽ അവൾക്ക് ഉറക്കം കുറവാണ്. ഞാൻ എത്ര താമസിച്ച് വന്നാലും ഗേറ്റിനരികിൽ ഓടിയെത്തും. വാൽ പടപടാ ആടിക്കൊണ്ടിരിക്കും. കാലിനു ചുറ്റും രണ്ടുവട്ടം നടക്കും. പിന്നെ സമാധാനമായി പോയിക്കിടക്കും.        

 

കഴിഞ്ഞ വർഷാവസാനം അവൾക്ക് ഏഴ് വയസ്സായി. ഒരു ലാബ്രഡോറിന് അത് പാതി വയസ്സ്. അഞ്ചുവർഷം അഴകോടെ, ആരോഗ്യത്തോടെ ഞങ്ങളുടെ വീട്ടിലെ തത്വജ്ഞാനിയായി, എന്റെ മകളുടെ സഹോദരിയായി, എനിക്ക് മറ്റൊരു മകളായി ബില്ലി ജീവിച്ചു. കുറച്ച് മാസം മുമ്പ് ഒരു ദിവസം അവൾ അടിക്കടി തല കുടയുന്നതുകണ്ട് പിടിച്ച് നോക്കുമ്പോൾ പണ്ട് പാതി മുറിച്ച കാതിന്റെ ഉൾഭാഗം പഴുത്ത് നാശമായി ചലമൊഴുകുന്നു. ഭയങ്കരമായ വേദനയുണ്ടെങ്കിലും ശബ്ദമുണ്ടാക്കാതെ എന്റെ മടിയിൽ തലവെച്ച് ‘‘വല്ലാതെ വേദനിക്കുന്നു, എന്നെ രക്ഷിക്കാമോ?’’ എന്നപോലെ അവളെന്നെ നോക്കി. ഉടനടി മെഡിക്കൽ കോളേജിലെത്തിച്ചു. സമയത്ത് നല്ല ചികിത്സ കിട്ടിയതുകൊണ്ട് നാലഞ്ചു ദിവസത്തിൽ ബില്ലി വീണ്ടും പഴയതുപോലെ ഉഷാറായി.  

 

കഴിഞ്ഞ മാസം ആദ്യം ഒരു ദിവസം ഞാൻ നോക്കുമ്പോൾ ബില്ലി നിൽക്കാനോ നടക്കാനോ കഴിയാതെ കുഴഞ്ഞു കുഴഞ്ഞു വീഴുന്നത് കണ്ടു. അവളുടെ ശരീരത്തിന്റെ പിൻഭാഗം തളർന്നുപോയപോലെ തോന്നി. മുൻഭാഗം നടുങ്ങി വിറച്ചുകൊണ്ടിരുന്നു. ഉടനെ സുഹൃത്തായ മൃഗഡോക്ടറെ വിളിച്ചു. അദ്ദേഹം പറഞ്ഞ രണ്ടു മരുന്നുകൾ വാങ്ങിക്കൊടുത്തു. പക്ഷെ കാര്യമായായ മാറ്റമൊന്നും ഉണ്ടായില്ല. എപ്പോഴും ആഹാരം തായോ... ആഹാരം തായോ... എന്ന് ഓടി നടന്നിരുന്നവൾ ആഹാരം കാണുമ്പോൾത്തന്നെ തലതിരിച്ചു നടന്നു. ഒരിറ്റ് വെള്ളംപോലും കുടിക്കാൻ കൂട്ടാക്കിയില്ല.      

 

അടുത്ത ദിവസം അതിരാവിലെ വീണ്ടും അവളെ മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നു. സ്വാധീനമുള്ള സുഹൃത്തുക്കൾ ഇടപെട്ടതുകൊണ്ട് പെട്ടന്നുതന്നെ ഐ സി യുവിൽ പ്രവേശിപ്പിച്ചു. അടിയന്തിര ചികിത്സകൾ, രക്ത പരിശോധനകൾ, എക്സ് റേകൾ, സ്കാനിങ്ങുകൾ..  ഏതാണ്ട് ആറ് മണിക്കൂറോളം തുടർന്ന പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ ഒത്തുചേർന്ന് ചർച്ച ചെയ്ത് രോഗം കണ്ടുപിടിച്ചു. ബില്ലിയുടെ ഹൃദയം വളരെ വലുതായിരിക്കുന്നു. ഹൃദയം ശരിയായി പ്രവർത്തിക്കാത്തതുകൊണ്ട് ശ്വാസകോശവും വൃക്കയും തകരാറിലായി. മുൻപൊരിക്കലും ഇതിന്റെ ലക്ഷണങ്ങൾ കാണിക്കാതെ പെട്ടെന്ന് രോഗം പുറത്തുവന്നത്  വിചിത്രമായിരിക്കുന്നു എന്നും അവർ പറഞ്ഞു. വിലകൂടിയ നാലഞ്ചു തരം ജീവരക്ഷാ മരുന്നുകൾ വാങ്ങി വരാൻ പറഞ്ഞു. ആദ്യഘട്ട മരുന്നുകൾ അവിടെ വെച്ച് തന്നെ കൊടുത്തു. വീട്ടിൽ മരുന്ന് കൊടു‌ക്കേണ്ട രീതികൾ അവർ പഠിപ്പിച്ചു തന്നു.               

 

ചികിത്സ ഫലിച്ചു തുടങ്ങി. മൂന്നാം ദിവസം മുതൽ ബില്ലി കുറേശ്ശെ ആഹാരം കഴിച്ചു. ചുറ്റി നടപ്പും വാലാട്ടാലും ചെറിയ തോതിൽ തിരിച്ചു വന്നു. അപ്പോഴും വെള്ളം കുടിക്കാൻ വിസമ്മതിച്ചു. ഗ്ലൂക്കോസ് വെള്ളം വലിയ സിറിഞ്ചിലാക്കി വായിലേക്ക് പീച്ചുമ്പോൾ പാതിയും തുപ്പിക്കളഞ്ഞു. വായ് ബലമായി പൊളിച്ചുപിടിച്ച് ഗുളികകൾ അണ്ണാക്കിൽ വെച്ചുകൊടുത്താലും അവ വായുവിലേക്ക് തുപ്പിയെറിഞ്ഞു. പണിപ്പെട്ടാണെങ്കിലും മരുന്നുകളും ഗുളികളും ഗ്ലൂക്കോസും അകത്ത് ചെല്ലുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ബില്ലിയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നത് കണ്ട് ആശ്വാസത്തോടെ ഒരു ജോലിക്കായി ഞാൻ കൊച്ചിയിലേക്ക് പോയി. മരുന്ന് കൊടുത്തു കഴിഞ്ഞാൽ ചിലപ്പോൾ ഛർദ്ദിക്കുന്നുണ്ടെങ്കിലും അല്പാൽപ്പം വെള്ളമൊക്കെ കുടിക്കുന്നുണ്ട് എന്നറിഞ്ഞത് വലിയ ആശ്വാസമായി. 

 

മൂന്നുദിവസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഞാൻ കണ്ടത് ക്ഷീണിച്ച് അവശയായി ചുരുണ്ടു കിടക്കുന്ന ബില്ലിയെയാണ്. അവളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി ‘ബില്ലി മരിച്ചുപോകും, ഇനി നമുക്ക് അവൾ ഇല്ല...’ എന്ന് ഞാൻ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതായി ഭാര്യ പറഞ്ഞു. അടുത്ത ദിവസം രാവിലെ വീടിന്റെ വലതുവശത്തുള്ള കറ്റാർവാഴകൾക്കു പിന്നിൽ മൂക്കിൽ നിന്ന് ഇളംചുവപ്പു നിറത്തിലുള്ള നുര വന്ന് ബില്ലി മരിച്ചു കിടന്നു. ഒരുനോക്കു മാത്രം അവളെ നോക്കി ചങ്കുപൊട്ടി ഞാൻ കരഞ്ഞു. ബില്ലീ... ബില്ലീ... എന്ന് മകൾ നിർത്താതെ തേങ്ങി. രണ്ടുപേർ വന്ന് ബില്ലിയെ അവളുടെ പ്രിയപ്പെട്ട പുതപ്പിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് എടുത്തു. വീടിനടുത്തുള്ള തടാകക്കരയിലെ നനഞ്ഞ മണ്ണിൽ പുതഞ്ഞ് എന്റെ ബില്ലി പ്രകൃതിയിലേക്ക് തിരിച്ചുപോയി.          

ഞാൻ നിന്നെ കാണും

സുന്ദരമായ വേനൽപ്പകലുകളിൽ  

എളിമയിൽ തെളിയുന്ന ഓരോന്നിലും നിന്നെ കാണും

പുലർ വെയിലിൽ നിന്ന് നിന്നെ ഞാൻ കണ്ടെടുക്കും  

പുതിയ രാത്രിയുടെ ആകാശത്ത് നിലാവുദിക്കുമ്പോൾ

എന്റെ കണ്ണുകൾ നിന്നെ മാത്രം കാണും...*   

 

(*ബില്ലിയുടെ പേരിന് കാരണക്കാരിയായ അമേരിക്കൻ ഗായിക ബില്ലി ഹോളിഡേ പാടിയ I’ll Be Seeing You എന്ന പാട്ടിലെ വരികൾ) 

 

English Summary: Memoir written by writer Shaji Chennai

 

                

      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com