31–ാം വയസ്സിൽ വിധവ, ഒരു പുരുഷനോട് ചാഞ്ഞ് നിൽക്കാനും സ്നേഹിക്കാനും തോന്നാറുണ്ട്, പക്ഷേ...

girl-crying
Representative Image. Photo Credit : Photographee.eu / Shutterstock.com
SHARE

അന്നമ്മയുടെ സദാചാരം (കഥ)

ഉപരിതലത്തിലേയ്ക്ക് വെള്ളത്തുള്ളികളെ തെറിപ്പിച്ച് ചെറു മീനുകൾ മിന്നായം പോലെ മറയുന്നു. കടത്തുവള്ളത്തിന്റെ കോതിലിരുന്ന് ആന്റപ്പൻ പുഴയിലേയ്ക്ക് നോക്കി. ഞായറാഴ്ച പള്ളിയിലേയ്ക്ക് പോകുന്നവരുടെ തിരക്കൊഴിഞ്ഞാൽ കടവ് ശാന്തമാകും. അക്കരെ നിന്ന് കൈ കൊട്ടി വിളിക്കുന്ന അത്യാവശ്യക്കാർക്ക് വേണ്ടി ആന്റപ്പൻ തുഴയെറിയും. വള്ളം തള്ളിയപ്പോഴാണ് ദൂരെ അന്നമ്മയുടെ നിഴൽ തെളിഞ്ഞത്. പിന്നോട്ട് വാരിപ്പിടിക്കുമ്പോൾ നെഞ്ചൊന്ന് വലിഞ്ഞു. അന്നമ്മ വേഗത്തിൽ നടന്നു. തന്നെ പതിവായി കാത്തിരിക്കുന്ന ശംഭുവിന്റെ ചായക്കടയിലെ അന്തേവാസികളെ പതിവു പോലെ അവഗണിച്ച് അവൾ ആന്റപ്പന്റെ വള്ളത്തിന്റെ നടുപ്പടിയിലിരുന്നു. ഒഴുക്കിനെതിരെ തുഴഞ്ഞു കൊണ്ട് ആന്റപ്പൻ വെറുതെ ചില സ്വപ്നങ്ങൾ നെയ്തു. അന്നമ്മ നടന്നു പോയിട്ടും ആന്റപ്പൻ സ്വപ്ന ലോകത്തിലൂടെയുള്ള സഞ്ചാരം തുടർന്നു. പുതുപുത്തൻ സാരിയുടുത്ത് അത്തറ് തേച്ച് എല്ലാ ഞായറാഴ്ചയും യാത്ര പോകുന്ന അന്നമ്മ. അതൊരു നാടിന്റെ സംശയമാണ്. ശംഭുവിന്റെ ചായക്കടയിൽ കഥകൾ വിടർന്നു വികസിക്കും. ചിലർ സാക്ഷിമൊഴികൾ നിരത്തി കഥയ്ക്ക് കനം പകരും. പക്ഷേ അന്നമ്മ പരാതി പറയുകയോ കഥ പറഞ്ഞവരെ തേടി വരുകയോ ചെയ്തില്ല.

മെഴുതിരി വെളിച്ചത്തിൽ കർത്താവിന്റെ ചിത്രത്തിന് മുന്നിൽ കണ്ണുകളടച്ച് അന്നമ്മ നിന്നു. എന്താണ് പ്രാർത്ഥിക്കേണ്ടത്. മുപ്പത്തൊന്നാം വയസ്സിൽ വിധവയായവൾ.  അഞ്ചും എട്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളെ തന്ന് മരണത്തിലേയ്ക്ക് മടങ്ങാനൊരുങ്ങിയ അലോഷിയെ മടക്കിത്തരാൻ കർത്താവിനോട് കരഞ്ഞ് പറഞ്ഞതല്ലേ. ഒരാഴ്ച ആശുപത്രീ കിടന്നിട്ടാ അലോഷി പോയത്. അന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു. മിഴിനീർ കവിൾ കടന്ന് നിലത്തേയ്ക്ക് ഇറ്റുവീണു. തെക്കേ മുറിയിൽ നിന്ന് അമ്മച്ചിയുടെ ചുമ അല്പം ഉച്ചത്തിലായി. അതൊരു നോവായി അന്നമ്മയുടെ ചിന്തയെ കൊളുത്തി വലിച്ചു. മകൻ മരിച്ചതോടെയാണ് അമ്മ ഒരു വശം തളർന്ന് കിടപ്പിലായത്. കർത്താവിന്റെ കൃപകൊണ്ടും ആത്മവിശ്വാസം കൊണ്ടും അമ്മ ചെറുതായിട്ടൊന്ന് നടന്നു തുടങ്ങി. ‘‘അന്നമ്മോ കിടന്നില്ലേ’’ ഒരാൺ സ്വരം കാതിൽ മുഴങ്ങി. ചിലർ മുറിയിലെ വെളിച്ചമൊടുങ്ങും വരെ വിശേഷങ്ങൾ തിരക്കി കൊണ്ടിരിക്കും. ഉറക്കമില്ലാത്ത ചില മനുഷ്യർ വെളിച്ചമണഞ്ഞാലും വേലിക്കൽ വന്ന് വിശേഷം തിരക്കും. ആൺതുണ നഷ്ടപ്പെട്ട പെണ്ണിന്റെ വഴിയിലുയരുന്ന പതിവ് ശബ്ദങ്ങളെ, നോട്ടങ്ങളെ കരുതലോടെ കൈകാര്യം ചെയ്യാൻ അന്നമ്മ പഠിച്ചു കഴിഞ്ഞു. അലോഷി പോയതിന് ശേഷമുള്ള ഒരു വർഷമങ്ങനെ  കടന്നുപോകുന്നു.

അന്നമ്മ ആ പൊള്ളുന്ന ഓർമ്മകളിലേയ്ക്ക് വീണ്ടും നടന്നു. ജൂൺ ഇരുപത്തിയേഴ് മഴ തിമിർത്ത് പെയ്ത ഒരു പ്രഭാതത്തിലാണ് അവസാനമായി അലോഷി വീടിന്റെ പടിയിറങ്ങിപ്പോകുന്നത്. പെരുമഴയിൽ പാതി ചോരുന്ന കുടക്കീഴിൽ മഴത്തുള്ളികളെ ഏറ്റുവാങ്ങി അയാൾ ഷാപ്പിലേയ്ക്ക് നടന്നു. തലേന്ന് കാറ്റിൽ കടപുഴകിയ തെങ്ങ് വഴിക്ക് കുറുകെ വീണുകിടന്നു. കാറ്റ് ഓടി വീശുന്നുണ്ട്. വെള്ളം പൊങ്ങാനുള്ള സൂചനയാണ്. രാവിലെ മുതൽ ഷാപ്പിലെ തിരക്കിൽ അലോഷി അലിഞ്ഞ് ചേരും. പലകമറ വിടവിലൂടെ കൈ ആംഗ്യം കാണിച്ചാൽ കുപ്പിയും കറിയും മുറിയിലെത്തും. കുടിക്കാനെത്തുന്നവരെ മുഷിപ്പിക്കാതെ കുശലം പറഞ്ഞ് അയാൾ ഓടി നടക്കും. ഇടയ്ക്ക് സ്നേഹിതരുടെ വക ഒരു ഗ്ലാസ് ഒന്ന് മുത്തും. ഇരുട്ടിയാൽ ഗ്രാമം ഒളിഞ്ഞും മറഞ്ഞും ഷാപ്പിലെത്തും. ചിലർക്ക് വാഴക്കൂട്ടത്തിന്റെ ഇടയിലേയ്ക്ക് , ചിലർക്ക് രഹസ്യമുറിയിലേയ്ക്ക് . ഗ്രാമത്തിലെ പലതരത്തിലുള്ള മനുഷ്യർ കൂടി ചേരുന്ന ഒരിടമാണ് ഷാപ്പ്. സങ്കടങ്ങളുടെ കെട്ടഴിഞ്ഞ് വീഴുന്ന ഇടം. ഒരു തർക്കത്തിൽ തുടങ്ങി ഒരിക്കലുമവസാനിക്കാത്ത ഗ്രാമ യുദ്ധത്തിലേയ്ക്ക് മനുഷ്യരെ കൊണ്ടെത്തിക്കുന്ന ഇടം. 

കൊയ്ത്തു കഴിഞ്ഞ പാടത്ത് ആയിരക്കണക്കിന് താറാവിനെ ഇറക്കി തീറ്റിക്കാൻ എല്ലാ വർഷവും ബോംബെ എന്ന് വിളിപ്പേരുള്ള ഒരു മനുഷ്യൻ എത്താറുണ്ട്. നാട്ടുകാരുമായി സഹകരിച്ച് പോകുന്ന പ്രകൃതമായിരുന്നു അയാളുടേത്. പക്ഷേ ഇന്നലെ ഷാപ്പിൽ നടന്ന ചില കൈയ്യാങ്കളികളിൽ തനിക്ക് പറ്റിയ നാണക്കേട് തീർക്കാനാണ് അയാൾ ഷാപ്പിലേയ്ക്ക് അന്നേ ദിവസം കയറി വന്നത്. വരത്തന്റെ ആളാകലിൽ അസൂയ കൂടുതലുണ്ടായിരുന്ന ഷാജിയുമായി തലേന്ന് നടന്നതിന്റെ ബാക്കി അരങ്ങേറാനുള്ള പുറപ്പാട് തുടങ്ങിയപ്പഴേ ചിലർ പുറത്തേയ്ക്കിറങ്ങി.  ബോംബെയുടെ ആദ്യ അടിയിൽ ഷാജി വീണു. ബോംബെ കയ്യിലെ കഠാര ഊരി അന്തരീക്ഷത്തിലൊന്ന് വീശി. ഷാജി ചാടി എണീറ്റ് വന്നതും അലോഷി അയാളെ വട്ടം പിടിച്ചു. കഠാരപ്പിടിയിൽ മുറുകെ പിടിച്ച് ബോംബെ വീണ്ടും കത്തി വീശി. ആരും കാണാത്ത പകയുടെ കനലുകൾ ബോംബെയുടെ ഉള്ളിൽ ആളുകയാണ്. വെറും പകയല്ല കൊന്നു തീർക്കാനുളള പക . ഒരു നിമിഷം ശാന്തമായാൽ താനേ കെട്ടുപോകുമായിരുന്ന പകയുടെ ചെറുകനലുകളെ മദ്യം ഊതി പെരുപ്പിച്ചു കൊണ്ടിരുന്നു. 

ഷാജിയെ ഭയപ്പെടുത്തുകയല്ല കൊല്ലുകയാണ് ലക്ഷ്യം. ആദ്യ കുത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അയാൾ ഒഴിഞ്ഞത്. രണ്ടാമതും കഠാരമുന അയാൾക്ക് നേരെ പാഞ്ഞു. കുത്ത് കൊണ്ടത് ഇടയ്ക്ക് നിന്ന അലോഷിയുടെ അടിവയറിനാണ്. നിലവിളി മുറിയിൽ മുഴങ്ങി. കണ്ട് നിന്നവർ നാലുപാടും ചിതറിയോടി. അലോഷി നിലത്ത് വീണ് പിടഞ്ഞു. ആശുപത്രീൽ കൊണ്ടുപോകാൻ കരഞ്ഞ് പറയുകയാണയാൾ. പിന്നെയും  അല്പ സമയം കഴിഞ്ഞാണ് രണ്ട് പേർ ചേർന്ന് ചുമന്ന് അലോഷിയെ കടത്ത് കടവിലെത്തിച്ചെത്. ആന്റപ്പൻ അലോഷിയുടെ ജീവനുമായി ആഞ്ഞ് തുഴഞ്ഞു. പൊടിഞ്ഞ് വീണ മഴവെള്ളത്തിൽ ചുവപ്പ് കലർന്നു. പടുത കൊണ്ട് പൊതിഞ്ഞ് അവർ അലോഷിയെ നനയാതെ കിടത്തി.  മുണ്ടുരിഞ്ഞ് വയറിൽ കുത്തുകിട്ടിയ ഭാഗം നോക്കി കെട്ടി. അപ്പോഴും ജലത്തിലേയ്ക്ക് ചുവന്ന തുള്ളികൾ  വീണ്ടുകൊണ്ടിരുന്നു. അന്നമ്മയുടേയും മക്കളുടേയും മുഖം തന്റെ കണ്ണിനു മീതെ തെളിയുന്നതായി അലോഷിക്ക് തോന്നി. ജീവൻ കൈവിട്ടു പോകും മുൻപ് ചില ചിത്രങ്ങൾ ഉളളിൽ തെളിഞ്ഞു വരും.  വെള്ളം വെള്ളമെന്ന  കരച്ചിൽ കേട്ട് പോളക്കാൽ ആറ്റിൽ മുക്കി അവർ അലോഷിയുടെ വായിലിറ്റിച്ചു. രാത്രിമഴ നന്നേ പെയ്തു തുടങ്ങിയിരുന്നു. ഇടയ്ക്ക് കൊള്ളിമീൻ ആകാശത്ത് നിന്ന് ജലത്തിലേയ്ക്ക് വെള്ളി വേരു പോലെ പാഞ്ഞു കൊണ്ടിരുന്നു. തുഴയുടെ നിയന്ത്രണത്തിൽ നിന്ന് കുതറി മാറി വള്ളം കാറ്റിന്റെ ദിശയിൽ പിന്നോട്ട് നീങ്ങി. തോട്ടിലെ പോള വകഞ്ഞ് മാറ്റി അക്കരയെത്തിയപ്പോഴേയ്ക്കും അലോഷിയുടെ ബോധം മറഞ്ഞിരുന്നു. ഒഴാഴ്ച ആശുപത്രി വരാന്തയിൽ അന്നമ്മ പ്രാർത്ഥനയോടെ കാത്തിരുന്നു. പക്ഷേ അലോഷി ആരോടും ഒന്നും പറയാതെ മടങ്ങിപ്പോയി.

കട്ടപിടിച്ച ഇരുട്ടിലും അന്നമ്മയുടെ കണ്ണിൽ കാഴ്ചകൾ ഇടമുറിയാതെ വന്നു പോയി. പകച്ച് പോയ നേരത്താണ് മുന്നിൽ നില്ക്കുന്ന മൂന്ന് ജീവിതങ്ങൾ ഒരു ചോദ്യമായി ഉയർന്നുവന്നത്. ഊർന്നു പോയ മനസ്സിന്റെ ബലം മെല്ലെ തിരികെ വന്നു. അങ്ങനെയാണ് പണ്ട് പഠിച്ചു മറന്ന തയ്യലിൽ വീണ്ടും ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നത്. ഗതികേടിന്റെ അറ്റത്ത് നിൽക്കുമ്പോൾ കാണുന്ന ചെറിയ വെളിച്ചം പോലും വലിയ പ്രതീക്ഷയായി തോന്നും. തയ്ക്കാനും വെട്ടാനും അതിവേഗം പഠിച്ചെടുത്തു. അലോഷിയുടെ അമ്മയുടെ ചികിത്സ, കുട്ടികളുടെ പഠനം ഒന്നിനും ആരേയും ആശ്രയിക്കാൻ തോന്നിയില്ല. വീട്ടുകാരെ ഉപേക്ഷിച്ച് അലോഷിക്കൊപ്പം ഇറങ്ങിപ്പോരുമ്പോ എന്തു സംഭവിച്ചാലും പിൻതിരിഞ്ഞ് നിന്ന്  കുറ്റബോധത്തോടെ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കില്ലെന്ന് തീരുമാനിച്ചതാണ്. ഒരു പുഴയുടെ അപ്പുറത്ത് രണ്ടാങ്ങളമാർ സുഖമായി ജീവിക്കുന്നു. വഴിയിൽ കണ്ടാൽ പോലും മുഖം തരാതെ അവരൊഴിഞ്ഞ് പോകും. ഭയം കാണും. പെങ്ങള് പിഴച്ചു പോയീന്ന് പറഞ്ഞ് കേൾക്കുന്നുണ്ടാവും. ഇനി രണ്ട് പെൺകുട്ടികളുമായി വലിഞ്ഞു കേറി ചെന്നാലോ. അപ്പനും അമ്മയും ഉണ്ടായ കാലത്ത് ഒരു മോഹമൊക്കെ തോന്നിയിരുന്നു. അവര് പോയതോടെ അതും കഴിഞ്ഞു.

ഓരോ ഞായറാഴ്ചയും ഓരോ കഥകളാണ് അന്നമ്മയെക്കുറിച്ച് നാട്ടുകാർക്ക് പറയാനുണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച കോട്ടയത്തെ റ്റി.ബി. റോഡിലെ ഹോട്ടലിൽ വച്ച് അന്നമ്മയെ നാരായണന്റെ മകൻ കണ്ടുവത്രേ. ഞായറാഴ്ച കഥകൾ കേൾക്കാൻ മാത്രം ഒരു കാലിന് സ്വാധീനക്കുറവുള്ള ഗോവിന്ദൻ ചേട്ടൻ രണ്ട് കിലോമീറ്റർ അകലേന്ന് ശംഭുവിന്റെ ചായക്കട ലക്ഷ്യമാക്കി നടന്നു വരാറുണ്ട്. അവിടെ ചിരിയും കഥയുമായി ഒരു കൂട്ടം ആൾക്കാർ ഒത്തുകൂടുന്നു. അവർ പോണ വഴിയിലൂടെ കഥയും സഞ്ചരിക്കുന്നു. രൂപവും ഭാവവും മാറി കുളിക്കടവും വായനശാലയും കടന്ന് അന്നമ്മയുടെ കഥ നാടാകെ ഒരാൽമരം പോലെ പടർന്നു കിടക്കുന്നു.

കഥകൾ പടർന്ന തണലിലൂടെ അന്നമ്മ ഞായറാഴ്ച യാത്രകൾ തുടർന്നു. ആകെ മാറ്റം വന്നത് ശരീരത്തിലെ അത്തറിന്റെ ഗന്ധത്തിന് മാത്രമാണ്. ഒരു ഞായറാഴ്ച വളളത്തിന്റെ നടുപ്പടിയിലിരുന്ന അന്നമ്മയ്ക്കൊപ്പം മെമ്പർ സുഗുണൻ കയറിയിരുന്നു. അത് കണ്ട് അസൂയ മൂത്ത ആന്റപ്പന്റെ തുഴത്തുമ്പിൽ നിന്ന് ചെറുതുള്ളികൾ അറിയാത്ത ഭാവത്തിലെന്നപോലെ സുഗുണന്റെ മുഖത്തേയ്ക്ക് തെറിച്ചു. ഉടുമുണ്ടിന്റെ തലപ്പുകൊണ്ട് മെമ്പർ വെള്ളം തുടയ്ക്കവേ അന്നമ്മയെ ഒന്നു നോക്കി. ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ അവളതിനെ നേരിട്ടു. പക്ഷേ ആ നോട്ടം അന്നമ്മയെ രണ്ട് മാസം മുൻപുള്ള ഒരു രാത്രിയിലേയ്ക്ക് കൂട്ടികൊണ്ടുപോയി.

കറന്റില്ലാത്ത രാത്രിയിലാണ് അയാൾ വീട്ടിലേയ്ക്ക് കയറി വന്നത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മുറ്റത്ത് നിലാനിഴൽ പോലെ വീണുകിടന്നു. പഞ്ചായത്തിന്റെ ചില പദ്ധതികളൊക്കെ പറഞ്ഞ് മെമ്പർ വന്ന കാര്യത്തിലേയ്ക്ക് കടന്നു. നാല്പത്തിരണ്ട് വയസ്സിലാണ് മെമ്പറുടെ ഭാര്യ മരിച്ചത് അതൊരു മനോദുഖമാണ്. സ്വന്തം സങ്കടങ്ങൾ പറയാൻ ആരുമില്ലാത്തവന്റെ അവസ്ഥയെക്കുറിച്ച് , പ്രായമായെങ്കിലും ഉള്ളിൽ തുടിക്കുന്ന പ്രണയത്തെക്കുറിച്ച്, അന്നമ്മയോടുള്ള അതിയായ സ്നേഹത്തെക്കുറിച്ച്. അന്നമ്മ എല്ലാം ക്ഷമയോടെ കേട്ടിരുന്നു. പിന്നെ വളരെ ശാന്തമായി പറഞ്ഞു ‘‘ചെറുപ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഏത് പെണ്ണിനേയും പോലെ തന്നെയാ എന്റേയും മനസ്സ് . പെണ്ണിന്റെ എല്ലാ ചപലതകളും എന്നിലുമുണ്ട്. ഒരു പുരുഷനോട് ചാഞ്ഞ് നിൽക്കാൻ തോന്നാറുണ്ട്. സ്നേഹിക്കാൻ തോന്നാറുണ്ട്’’ ഇത്രയും കേട്ടപ്പോൾ മെമ്പറുടെ മുഖത്തെ ശോകഭാവം ഇരുട്ടിൽ അലിഞ്ഞ് ഇല്ലാതെയായി. അന്നമ്മ തുടർന്നു ‘‘അകത്ത് രണ്ട് പെൺകുട്ടികൾ ഉറങ്ങുന്നുണ്ട്. അലോഷിയുടെ അമ്മ പാതി തളർന്ന ശരീരവുമായി അകത്തുണ്ട്. വേണമെങ്കിൽ എനിക്ക് എന്തും നേടാം. പക്ഷേ ഞാനൊരു ഓട്ടത്തിലാണ് മെമ്പറെ. ശരീരത്തേക്കാൾ എനിക്ക് വലുത് എന്റെ കുഞ്ഞുങ്ങളും അമ്മയുമാ. ഈ ഉമ്മറത്ത് വന്നിരുന്നു സങ്കടങ്ങൾ പങ്കിടാൻ വരുന്ന ആദ്യത്തെ ആളല്ല നിങ്ങൾ’’ 

മെമ്പറുടെ മുഖത്തെ ചോരമയം മായുന്നത് അന്നമ്മ നോക്കി നിന്നു. ‘‘എന്നോട് സംസാരിക്കാൻ വന്നവരെല്ലാം മെമ്പറെപ്പോലെ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവുന്ന മാന്യൻമാരായിരുന്നു. അതുകൊണ്ട് എനിക്ക് ഉറക്കെ സംസാരിക്കേണ്ടി വന്നിട്ടില്ല, നിങ്ങളെ പോലുളളവർ ഉള്ളതു കൊണ്ടാണ് ഞാനിന്നും ഈ നാട്ടിൽ സ്വസ്ഥമായി ജീവിക്കുന്നത്’’ മെമ്പർ മെല്ലെ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. പിണങ്ങിപ്പോയവരിൽ ചിലർ അന്നമ്മയുടെ ശത്രുക്കളായി മറ്റു ചിലർ അന്നമ്മയ്ക്ക് ആങ്ങളമാരായി.  വിളക്കിന്റെ വെളിച്ചത്തിൽ മെമ്പറുടെ നിഴൽ വളർന്ന് വലുതായിക്കൊണ്ടിരുന്നു.

തിങ്കൾ മുതൽ ശനി വരെ തയ്യൽ, ക്ഷീണം തീർക്കാൻ ഞായറാഴ്ച ഒരു യാത്ര. അതായിരുന്നു അന്നമ്മയുടെ ജീവിതം. അയൽക്കാരായ സ്ത്രീകൾക്ക് അന്നമ്മ നാട്ടുകാരെ വഴി തെറ്റിയ്ക്കാൻ ജനിച്ചവളാണ്. ഭർത്താവ് മരിച്ചിട്ടും സെന്റടിച്ച്, പുതിയ സാരിയുടുത്ത് നഗരത്തിന്റെ അജ്ഞാത വഴിയിൽ ശരീരം വിൽക്കുന്നവൾ. അന്നമ്മയെ തേടി വരുന്ന ചില നിശാചരൻമാരുടെ നിഴലുകൾ കണ്ടെന്ന കഥകൾ ദിനവും പാടത്തെ പണിക്കിടയിൽ പെണ്ണുങ്ങൾ പങ്കു വച്ചു. രാത്രി വൈകിയും കത്തി നിൽക്കുന്ന മണ്ണെണ്ണ വിളക്കിന്റെ രഹസ്യം പരസ്യമായി അവർ പാടി നടന്നു. കെടാൻ മറന്നു പോയ അന്നമ്മയുടെ വീട്ടിലെ വിളക്കിന് ചുറ്റും ഈയാമ്പാറ്റകളേപ്പോലെ നാട്ടുകാർ സദാചാര ചിന്തകളുമായി വട്ടം കറങ്ങി. വലിയ പാപത്തിൽ നിന്ന് പൊട്ടിമുളച്ച ചെറിയ പാപങ്ങളെപ്പോലെ അന്നമ്മയുടെ കുട്ടികൾ ആ നാട്ടിലൂടെ  ഒറ്റയ്ക്ക് നടന്നു. കാലങ്ങൾ കടന്നുപോയിട്ടും അന്നമ്മ മാറിയില്ല, നാട്ടുകാരും.

പോസ്റ്റുമാൻ തങ്കപ്പൻ ഒരു വാർത്ത ശംഭുവിന്റെ ചായക്കടയിൽ ചർച്ചയ്ക്ക് വച്ച് വേഗം നടന്നു പോയി. ചർച്ചയ്ക്ക് തീ പിടിച്ചു. അന്നമ്മയെക്കുറിച്ചുള്ള വാർത്തകളുടെ വാസ്തവം അറിയാൻ ആ വീട്ടിലേയ്ക്ക് തുറക്കുന്ന ഒരു വാതിലും ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. അന്നമ്മയോട് നാട്ടുകാർ അറിയാതെ ചേർന്നിരിക്കുന്നത് ആന്റപ്പന്റെ കടത്തു വള്ളത്തിലാണ്.  ജാതിയും മതവും വലിപ്പ ചെറുപ്പങ്ങളും മരണ ഭയത്തിൽ മനുഷ്യർ സ്വയം മറന്നു പോകുന്നു. പുഴ കടക്കുവോളം മാത്രം നീണ്ട് നിൽക്കുന്ന ചുരുങ്ങിയ സമയം കൊണ്ട് റോസമ്മ ആ രഹസ്യം അന്നമ്മയോട് ചോദിച്ചു. ‘‘ശരിയാണ്, ഈ തിങ്കളാഴ്ച ഞാൻ PWD ഡിപ്പാർട്ട്മെന്റിൽ LD കാർക്കായി ജോലിക്ക് ജോയിൻ ചെയ്യുകയാണ്’’ റോസമ്മയുടെ മുഖത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. വള്ളം മറുകരയെത്തിയിട്ടും എന്തെന്നറിയാത്ത ഒരു നഷ്ടബോധം റോസമ്മയെ പിൻതുടർന്നുകൊണ്ടിരുന്നു.

പഞ്ചായത്ത് നൽകിയ സ്വീകരണത്തിൽ പറയാൻ വാക്കുകൾ കിട്ടാതെ നിന്ന അന്നമ്മയുടെ ഉള്ളിൽ നൊമ്പരങ്ങൾ വന്നു നിറഞ്ഞു. അലോഷിയുടെ മരണത്തിന് ശേഷം അന്നമ്മ പൊട്ടിക്കരയുന്നത് നാട്ടുകാർ നോക്കി നിന്നു. കരയാതെ കാത്ത് വച്ച കണ്ണുനീർ അത്രയും തന്റെ ലക്ഷ്യത്തിലെത്തിയ ശേഷം അന്നമ്മയുടെ കൺകോണുകൾ കടന്ന് ഒഴുകുകയായിരുന്നു. സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ തയ്യൽ ജോലിക്കിടയിലും പഠിക്കുകയും സർക്കാർ ജോലി നേടിയെടുക്കുകയും ചെയ്ത അന്നമ്മയെ മെമ്പർ സുഗുണൻ വാനോളം പുകഴ്ത്തുന്നത് ജനങ്ങൾ അത്ഭുതത്തോടെ കേട്ടിരുന്നു. 

അന്നമ്മ നാട്ടുകാരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. ‘‘ഞായറാഴ്ച ക്ലാസുകൾ മാത്രം പഠിച്ച് റാങ്ക് കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ ഉറങ്ങാതിരുന്ന് പഠിച്ചത് ഈ ഒരു ദിവസത്തിന് വേണ്ടിയാണ്, ആരോടും പരിഭവമില്ല. പിണക്കവുമില്ല. അന്നമ്മയുടെ ശരീരത്ത് അലോഷിയല്ലാത്ത ഒരാണ് തൊട്ടട്ടുമില്ല. അത് അന്നമ്മ കർത്താവിന് കൊടുത്ത വാക്കാണ്. വാക്കിന് പകരം ദൈവം തന്നതാണ് ഈ സന്തോഷം. നാട്ടുകാർ നൽകിയ സ്നേഹത്തിന് നന്ദി’’ അന്നു മുതൽ അന്നമ്മയുടെ ഞായറാഴ്ച കഥ ആ നാട്ടിൽ ഒരു ചരിത്രമായി മാറി. പുതു തലമുറയ്ക്ക് പഠിക്കാനുള്ള പുതിയൊരു ചരിത്രം.

English Summary: Annammayude Sadhacharam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;