ADVERTISEMENT

കൊച്ചു കൊച്ചു സന്തോഷങ്ങളുടെ രാജകുമാരി (കഥ)

കുഞ്ഞേ ....ഭദ്ര കുഞ്ഞേ... ഒന്ന് അവിടെ നിക്ക് ഒരൂട്ടം പറയട്ടെ…. സർജറി വാർഡിന്റെ വളവ് തിരിഞ്ഞപ്പോഴാണ് വളരെ പരിചിതമായ ആ സ്വരം ഭദ്രയുടെ കാതിൽ എത്തിയത്. വിളിയും ആ ശൈലിയും കാതിൽ എത്തിയപ്പോള്‍ത്തന്നെ തിരിഞ്ഞു നോക്കാതെ ഭദ്രയ്ക്ക് ആളെ മനസ്സിലായി. വൽസേടത്തി !! 

 

ഭദ്രയുടെ വീട്ടിൽ ഒരു വർഷം മുമ്പുവരെ പുറം ജോലികൾ ചെയ്തു കൊണ്ടിരുന്ന സ്ത്രീ. അമ്മ വിളിക്കുന്നത് കേട്ടാണ് താനും വൽസേടത്തീ... എന്ന് നീട്ടി വിളിക്കാന്‍ തുടങ്ങിയത്. തനിക്ക് ഓർമ്മവച്ച കാലം മുതൽ അവരാണ് പറമ്പില്‍ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് കൂട്ടിന് ദാമുവേട്ടനും കാണും. അവർ ഭാര്യയും ഭർത്താവും ആണ്. അമ്മ എപ്പോഴും പറയും ദാമുവേട്ടനും വൽസേടത്തിയും ചക്കയും വെളിഞ്ഞീനും പോലെയാണെന്ന്. അമ്മ വൽസേടത്തിക്ക് കഴിക്കാനായി എന്തു കൊടുത്താലും ഒരു പങ്ക് ദാമുവേട്ടനായി വൽസേടത്തി മാറ്റി വയ്ക്കും. എത്ര നിർബന്ധിച്ചാലും വൽസേടത്തി കഴിക്കില്ല. 

 

“എന്തിനാ വൽസേടത്തി അത് എടുത്തുവയ്‌ക്കുന്നത് വേണേൽ ഞാൻ ദാമുവേട്ടന് വേറെ കൊടുക്കാം.”

 

“അതൊന്നും വേണ്ട കുഞ്ഞേ. ഞാൻ ഇതീന്ന് കൊടുത്തോളാം അതാ എന്റെ ഒരു സന്തോഷം .’’ ചിരിച്ചുകൊണ്ടാണു വല്‍സേടത്തിയുടെ മറുപടി .

 

എന്തോ വൽസേടത്തിയുടെ ആ സംസാരം അന്നത്തെ പന്ത്രണ്ടു വയസുകാരിയെ വല്ലാതെ ആകർഷിച്ചു. ഒരുദിവസം അമ്മയില്ലാത്തപ്പോൾ വൽസേടത്തിയോട് ചുമ്മാ ചോദിച്ചു എങ്ങനാ വൽസേടത്തിക്കു ഇങ്ങനെ സന്തോഷിക്കാൻ പറ്റണേ? എനിക്കിവിടെ ഒരു സന്തോഷോം ഇല്ല്യാ. അച്ചനും അമ്മയും എപ്പോളും പിണക്കമാണ് .

 

അതിനു മറുപടിയായി തന്റെ നെറ്റിയില്‍ ഒരു മുത്തം തന്നിട്ട് വൽസേടത്തി പറഞ്ഞു “എന്റെ ഭദ്ര കുഞ്ഞേ, ദാ അങ്ങോട്ടു നോക്കിക്കെ ആ പറന്നു പോകുന്ന പൂമ്പാറ്റയെ കണ്ടോ? പല പല നിറങ്ങളാൽ അങ്ങനെ പറന്നു പോകുന്നതു കാണാൻ നല്ല ഭംഗിയല്ലേ. പിന്നെ ദാ ആ പൂത്തു നിക്കുന്ന മൂവാണ്ടൻ മാവിനെ നോക്കിക്കേ എന്തു രസാ കാണാൻ. ദേ ഒരു അണ്ണാറക്കണ്ണന്‍ ചാടിയോടി പോകുന്നു. വാ നമുക്കു അമ്മിണി പശൂന്റെ അടുത്ത് പോകാം. അമ്മിണികുട്ടിക്കു കുറച്ചു പുല്ല് കൊടുത്ത് നമ്മുടെ പൂന്തോട്ടത്തില്‍ വിരിഞ്ഞ റോസാപ്പൂവിനെ പോയി മണത്തു നോക്കാം”.

 

എന്തോ പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും ഞാൻ അറിയാതെ സന്തോഷിച്ചു. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നു കാക്കയോടും പൂച്ചയോടും സംസാരിച്ച് അങ്ങനെ അങ്ങനെ. സ്വന്തം സന്തോഷം സ്വയം കണ്ടെത്തണമെന്ന് പഠിപ്പിച്ച വൽസേടത്തി!

 

വൽസേടത്തിയുടെ കണ്ണൊന്നു കലങ്ങിയാൽ ദാമുവേട്ടന് സഹിക്കില്ല, പിന്നെ ആശ്വസിപ്പിക്കാനായി പുറകേ കൂടും. അച്ഛൻ എങ്ങാനും കണ്ടാൽ നല്ല വഴക്കുപറയും “പണിയെടുക്കാതെ കൊഞ്ചിക്കുഴയാനായി ഇങ്ങോട്ട് വരണ്ട. വീട്ടിൽത്തന്നെ ഇരുന്നാൽ മതി”.

 

ഒരു വർഷം മുൻപ് മകളുടെ നേഴ്സിങ് ഫീസ് അടയ്ക്കാനായി കുറച്ചു കൂലി കൂട്ടി ചോദിച്ചപ്പോള്‍ അച്ഛന് ഇഷ്ടമായില്ല. കൊടുക്കില്ലെന്ന് തീർത്തുപറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും നഗരത്തിൽ ചുമട്ടുതൊഴിലാളിയായി ദാമുവേട്ടന് ജോലി കിട്ടി. പിറ്റേദിവസം തന്നെ വൽസേടത്തിയും ജോലി ഉപേക്ഷിച്ചു പോയി. പിന്നീട് എപ്പോളോ കേട്ടു പല വീടുകളിലായി വൽസേടത്തി അടുക്കളപ്പണിക്ക് പോകുവാന്ന്. 

 

അച്ഛനും അമ്മയും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. അച്ഛൻ ഒരു സ്ഥലം വിൽപ്പനകാരനാണ്. സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കാനും വിൽക്കാനുമുള്ള ഓട്ടത്തിനിടയിൽ അമ്മയെ സ്നേഹിക്കാന്‍ മറന്നതാണോ അതോ മനഃപൂർവം അവഗണിക്കുന്നതാണോ എന്നറിയില്ല. 

 

വൽസേടത്തിയേയും ദാമുവേട്ടനേയും കുറിച്ച് പറയുമ്പോള്‍ അമ്മയ്ക്ക് ആയിരം നാവാണ് . പറഞ്ഞു പറഞ്ഞ് അവസാനം അമ്മ കണ്ണുകൾ ഇറുക്കി അടയ്ക്കും. ആ സമയത്ത് കൺകോണുകളിൽ മിഴിനീർത്തുള്ളികൾ തത്തികളിക്കുന്നുണ്ടാകും. അതിനർത്ഥം എന്തെന്ന് അന്നത്തെ കുട്ടിഭദ്രക്ക് അറിയില്ലായിരുന്നു. പക്ഷേ ഇന്ന് യൗവ്വനത്തിൽ തിളങ്ങുന്ന ഭദ്ര മനസ്സിലാക്കിയിരിക്കുന്നു അച്ഛനിൽനിന്ന് അമ്മ എന്തൊക്കെയോ ആഗ്രഹിച്ചിരുന്നു. എന്തൊക്കൊയോ കൊച്ചു കൊച്ചു സന്തോഷങ്ങൾ.

 

“എന്താ കുഞ്ഞേ ഇങ്ങനെ തുറിച്ചു നോക്കുന്നെ? ഞാൻ വൽസേടത്തി മറന്നുപോയോ?” 

 

ആ ചോദ്യം ഭദ്രയെ ചിന്തകളിൽനിന്നും ഉണർത്തി.
 ‘‘അല്ല, വൽസേടത്തി എന്താ ഇവിടെ? എന്തു പറ്റി ?’’

 

കുഞ്ഞേ, എനിക്കൊരു കാര്യം പറയാനുണ്ട് കുഞ്ഞിന് തിരക്കാണോ?

 

വൽസേടത്തിയുടെ പേടിച്ചരണ്ട ചോദ്യം കേട്ടപ്പോള്‍ തിരക്കെല്ലാം മാറ്റിവെച്ച് വൽസേടത്തിയെ കേൾക്കാൻ തയാറായി.


 

‘‘എന്നാ പിന്നെ, ഈ ഡോക്ടർ കുപ്പായം ഇട്ടു കൊണ്ട് ഇവിടെ നിൽക്കണ്ട നമുക്ക് ആ ഒഴിഞ്ഞ കോണിലേക്ക് പോകാം’’ എന്നു പറഞ്ഞു നടക്കുന്ന വൽസേടത്തിയുടെ പിന്നാലെ യാന്ത്രികമായി ഭദ്രയും ചലിച്ചു.

 

അതേ കുഞ്ഞേ, കുഞ്ഞിനു അറിയാമല്ലോ ഈ ചങ്ക് മുഴുവൻ ദാമുവേട്ടനാണെന്ന്. ദാമുവേട്ടന് വയറിളക്കവും ചർദ്ദിയും ആയി ഇന്നലെ ഈ ആശുപത്രിയിൽ ചേർത്തിരിക്കുകയാണ്. ഇതുവരെ കുറവില്ല ഇപ്പോ ആ ‘‘പാവങ്ങളുടെ ഡോക്ടർ’’ പറയാ എനിക്കെതിരെ കേസ് കൊടുക്കുമെന്ന്! എനിക്കാണേൽ ആലോചിച്ചിട്ട് ഒരു മനസ്സമാധാനം ഇല്ല.

 

‘‘ആര്? ഡോക്ടർ അയ്പു ആണോ? അദ്ദേഹം എന്റെ എച്ച്.ഒ.ഡി ആണ്.’’

‘‘അതെന്തു കുന്താ കുഞ്ഞേ?’’ ഓ അതോ എച്ച്.ഒ.ഡി എന്ന് പറഞ്ഞാൽ ഞാൻ ജോലി ചെയ്യുന്ന ഡിപ്പാർട്ട്മെൻറ് ഹെഡ് ആണ് . ഒന്നൂടെ വിശദമായി പറഞ്ഞാൽ അദ്ദേഹം ഞങ്ങളുടെ ഒരു ചെറിയ മുതലാളി. പക്ഷേ അദ്ദേഹം ഞങ്ങൾക്കെല്ലാം ഒരു അച്ഛനെപ്പോലെയാണ് .

അല്ല, എന്തിനാ കേസ് കൊടുക്കുന്നത്?

“അത് പറയാന്‍ വേണ്ടിയാ ഞാൻ കുഞ്ഞിനെ തിരക്കി വന്നത്. എന്റെ കുഞ്ഞേ ഈ കൊറോണ മഹാമാരി കാരണം ഒരു മനസ്സമാധാനം ഇല്ല. ഇന്ന് മാറും നാളെ മാറും ... വർഷം ഒന്ന് കഴിഞ്ഞില്ലേ? മാസ്ക് വെക്കാതെ പുറത്തിറങ്ങില്ല. ദാമുവേട്ടൻ ആണേലും ഞാൻ ആണേലും ജോലി കഴിഞ്ഞു വന്നാൽ കുളിക്കാതെ വീട്ടിൽ കയറില്ല. ഇടയ്ക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകും. അങ്ങനെ ഒരു ദിവസം ടിവിയിൽ ആരോ പറയുന്നത് കേട്ടു ഈ വൈറസിന്റെ മേൽ ഒരുപാടയുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാൽ ഈ പാട വഴുതിപ്പോകും. അങ്ങനെ വൈറസ് ചത്തുപോകും. ഞാൻ പിന്നെ എന്തു വാങ്ങിച്ചാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകും. 

ഓറഞ്ച് ,പഴം ,ആപ്പിൾ അങ്ങനെ കടക്കാര്‍ വെറുതെ കൊടുക്കുന്ന പഴവർഗ്ഗങ്ങൾ ദാമുവേട്ടൻ കൊണ്ടു വരുമ്പോള്‍ ഞാൻ സോപ്പിട്ട് കഴുകിയതിനുശേഷം അതിന്റെ തൊലി കളഞ്ഞാണ് തിന്നാൻ കൊടുക്കുക. പിന്നെ എല്ലാ പ്ലാസ്റ്റിക് കവറും സോപ്പിട്ട് കഴുകും. അങ്ങനെ ഒരു ദിവസം കഴുകിയ കൂട്ടത്തിൽ പപ്പടവും ഉണ്ടായിരുന്നു. അഞ്ച് പാക്കറ്റ് പപ്പടം. നൂറ്റൻപത്‌  രൂപയുടെ മുതൽ അതാ സോപ്പുവെളളത്തിൽ കുളിച്ചു കിടക്കുന്നു!! എന്റെ കുഞ്ഞേ,എങ്ങനെ കളയും? ഞാൻ അത് കഴുകി ഉണക്കി ഇന്നലെ വറുത്തു വെച്ചു. 

ചോറുപൊതി കെട്ടിയ കൂട്ടത്തില്‍ പപ്പടവും വച്ചായിരുന്നു. ദാമുവേട്ടൻ പറയുന്നത് ചോറ്‌ കഴിച്ചതിനുശേഷം വയറിളക്കം തുടങ്ങിയതെന്നാണ് പക്ഷേ ഞാൻ കഴിച്ചായിരുന്നു. എനിക്കൊരു കുഴപ്പമില്ല. ഞാൻ ഈ വളിച്ചതും പുളിച്ചതും തിന്നു ശീലിച്ച കാരണം എന്റെ  വയറ്റിൽ സോപ്പൊന്നും ഏക്കില്ല. പക്ഷേ ആ പാവങ്ങളുടെ ഡോക്ടർ പറയുന്നത് ഞാൻ എന്തോ വിഷം ഭക്ഷണത്തില്‍ ചേർത്തു എന്ന്. എന്തൊക്കെ പറഞ്ഞാലും കുഞ്ഞേ എന്റെ കണ്ണടഞ്ഞാലും ആ മനുഷ്യന് ഒരു കുഴപ്പവും ഉണ്ടാകരുത്‌ എന്നാണ് എന്റെ പ്രാർത്ഥന. ആ ഞാൻ എങ്ങനെയാണ് ദാമുവേട്ടന് വിഷം കൊടുക്കണത്? കുഞ്ഞല്ലെ പറഞ്ഞത് ആ ഡോക്ടർ അച്ഛനെ പോലെയാണെന്ന് മക്കൾ പറഞ്ഞാൽ ഏത് അച്ഛനാ ചെവി കൊടുക്കാത്തത്? കുഞ്ഞൊന്ന് പറയോ ഞാൻ നിരപരാധിയാണെന്ന്.”

ഏങ്ങലടിച്ചു കരയുന്ന വൽസേടത്തിയോടൊപ്പം എല്ലാ കഥകളും ഡോക്ടർ അയ്‌പുവിനോട് വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒറ്റ നിർബന്ധം ഇനി ഒരു നിമിഷംപോലും വൽസേടത്തി ആശുപത്രിയില്‍ നിൽക്കാൻ പാടില്ല. അസുഖമെല്ലാം മാറി കഴിയുമ്പോള്‍ ദാമുവേട്ടൻ വീട്ടിലേക്ക് വരും.അവസാനം മനസ്സില്ലാമനസ്സോടെ വൽസേടത്തി വീട്ടിൽ പോയി.

ഒന്നും മനസ്സിലാകാതെ ആശയക്കുഴപ്പത്തിലായിരുന്ന ഭദ്രയോടായി ഡോക്ടർ അയ്പു പറഞ്ഞു ‘‘ഡോക്ടർ ഭദ്ര, യഥാർത്ഥത്തിൽ ആ സ്ത്രീ നിരപരാധിയാണ്. അവരെപ്പോഴും അവരുടെ ഭർത്താവിനെ പരിപാലിച്ചു കൂടെത്തന്നെയുണ്ട്. പിന്നെ രണ്ടു ദിവസം മുൻപ് ദാമുവിന്റെ കൂട്ടുകാരന് കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയിലാണ്. ഇക്കാര്യം ഭാര്യയോട് പറയാനുള്ള പേടിയും ഭാര്യയെ ഇവിടെ നിന്ന് മാറ്റി നിർത്താനും കൂടിയാണ് ഞാനും കൂടിച്ചേർന്ന് കേസ് എന്നൊക്കെ പറഞ്ഞു ഈ നാടകം കളിച്ചത്. പിന്നെ ദാമുവിന്റെ സ്രവം ടെസ്റ്റിന് കൊടുത്തിട്ടുണ്ട് ഫലം നെഗറ്റീവായാൽ അയാൾക്ക് ഇന്ന് തന്നെ വീട്ടിൽ പോകാം. ഞാൻ ലാബിൽ വിളിച്ചപ്പോൾ ഒരു പത്തു മിനിറ്റ് കൂടി എടുക്കും റിപ്പോർട്ട് ആകാൻ എന്നാണ് പറഞ്ഞത്.’’ 

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ ഫോൺ ശബ്ദിച്ചു ദാമുവിന്റെ കൊറോണ ഫലം നെഗറ്റീവെന്ന് സ്ഥിരീകരിച്ചു. വീട്ടിൽ വച്ചു ദാമുവിന് കഴിക്കണ്ട മരുന്നുകള്‍ ഡോക്ടർ അയ്പു വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ ഒരു അച്ഛനോടുള്ള കരുതലോടെ ഭദ്ര ചോദിച്ചു “ദാമുവേട്ടന് കുറച്ചുനാള്‍ കൂടി ജോലിക്കു പോകാതിരുന്നൂടെ ?”

“എത്രനാളെന്നുവച്ച കുഞ്ഞേ? എന്നു തുടങ്ങിയതാ ഈ കൊറോണ !! ആഗ്രഹമില്ലാഞ്ഞിട്ടല്ല പോകാതിരുന്നാൽ– എന്റെ മകളുടെ ഫീസ് ആര് കൊടുക്കും ? ഞങ്ങൾ കൊണ്ട വെയിലും മഴയും അവൾ കൊള്ളാനിടവരരുത്. പഠിച്ച് ഒരു തൊഴിലായി സ്വന്തം കാലിൽ നിൽക്കാറായാൽ സ്നേഹിക്കാനും സംരക്ഷിക്കാനും അറിയുന്ന ഒരുവന്റെ കൈ പിടിച്ചു കൊടുക്കണം. അതിനു ഞാൻ ജോലിക്ക് പോയേ മതിയാകൂ. മാസ്ക് വെച്ചും, സാമൂഹിക അകലം പാലിച്ചും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിയും. അങ്ങനെ നമ്മുടെ സർക്കാർ പറയുന്നപോലെ ധൈര്യപൂർവ്വം മുന്നോട്ട്!!’’ 

എന്തോ ദാമുവേട്ടൻ അത്രയും പറഞ്ഞപ്പോഴേക്കും ഡോക്ടർ അയ്പു പറഞ്ഞു ‘‘എന്തായാലും മോളോട് നന്നായി പഠിക്കാൻ പറയൂ. പിന്നെ ജോലി ,അത് ഈ ആശുപത്രിയിൽ ഇപ്പോളേ  ഉറപ്പിച്ചോളൂ.’’

നിറ കണ്ണുകളോടെ ഡോക്ടർ അയ്പുവിനെ തൊഴുതു കൊണ്ട് ദാമുവേട്ടൻ പറഞ്ഞു ‘നിങ്ങളാണ് യഥാർത്ഥത്തിൽ പാവങ്ങളുടെ ഡോക്ടർ സന്തോഷങ്ങളുടെ കാവൽക്കാരൻ !!
 കൊച്ചു കൊച്ചു സന്തോഷത്തിനായി വലിയ സന്തോഷങ്ങൾ മറ്റുള്ളവർക്കു കൊടുക്കുന്ന സന്തോഷങ്ങളുടെ സൂക്ഷിപ്പുകാരൻ!’

രണ്ടു ദിവസങ്ങൾക്കു ശേഷം പപ്പടക്കഥ ദാമുവേട്ടനോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ വൽസേടത്തിക്ക് ഒരു പ്രസവവേദന തീർന്നതു പോലെ തോന്നി. ദാമുവേട്ടനും ഡോക്ടർ അയ്പുവും ചേർന്ന് നടത്തിയ നാടകത്തിന്റെ തിരക്കഥ വൽസേടത്തിയോട് പറഞ്ഞു .
 പിറ്റേദിവസം ചോറുപൊതി കെട്ടുന്ന വൽസേടത്തിയെ നോക്കി ദാമുവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു ‘പപ്പടം വേണ്ടാട്ടോ’ 
ചെറുചിരിയോടെ ചോറുപൊതിയോടൊപ്പം ഒരു ചുടുചുംബനവും ആ കൈകളിൽ കൊടുത്തുക്കൊണ്ട് വൽസേടത്തി ദാമുവേട്ടനെ യാത്രയാക്കി.

 

English Summary: Kochu Kochu Santhoshangalude Rajakumari, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com