ADVERTISEMENT

ഒരു രാത്രി (കഥ)

‘‘അളിയാ എഴുന്നേൽക്ക് നമുക്കൊരു കട്ടനടിക്കാം’’  ബെന്നിയുടെ വിളി കേട്ട് കണ്ണടച്ച് കിടക്കുകയായിരുന്ന സച്ചി പെട്ടന്ന് ഞെട്ടി എഴുന്നേറ്റു. 

‘‘എന്താ നീ പറഞ്ഞേ..!’’ സച്ചി കിതച്ചു കൊണ്ട് ബെന്നിയോട് ചോദിച്ചു.

‘‘എടാ നമുക്കൊരു കട്ടനടിച്ചിട്ടു വരാമെന്ന്’’ ബെന്നി  പറഞ്ഞു. സച്ചി കട്ടിലിൽ നിന്ന് എഴുന്നേറ്റു ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ ഫോണെടുത്തു പാന്റിന്റെ പോക്കറ്റിലിട്ട് ബെന്നിയോടൊപ്പം മുറി പൂട്ടി പുറത്തേക്കിറങ്ങി.

 

‘‘തണുപ്പുണ്ട് അളിയാ, നീ വേണേൽ ആ ജാക്കറ്റെടുത്തിട്’’ ബെന്നി ഓർമപ്പെടുത്തി. എന്നാൽ സച്ചി ജാക്കറ്റെടുക്കാൻ കൂട്ടാക്കിയില്ല. ബെന്നിയുടെ ബൈക്കിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ തണുത്ത കാറ്റ് ശരീരത്തിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. 

 

‘‘ഞാൻ പറഞ്ഞതല്ലേ നിന്നോട് ജാക്കറ്റ് എടുത്തിടാൻ, ഒടുക്കത്തെ തണുപ്പ് ഹൂ..!’’  ബെന്നി പറഞ്ഞു.

സച്ചി അതിനു മറുപടി ഒന്നും പറഞ്ഞില്ല. 

 

നേരം പുലർന്നു വരുന്നതേയുള്ളു വെളിച്ചം വീണു തുടങ്ങിയിട്ടില്ല. ഒന്ന് രണ്ടു വണ്ടികൾ അവരുടെ ബൈക്കിനെ കടന്നു പോയതൊഴിച്ചാൽ റോഡ് തികച്ചും വിജനം...

‘‘ഇന്നൊരു നശിച്ച ദിവസമാരുന്നു.. ചില അവന്മാർക്കൊന്നും നമ്മൾ എത്ര പറഞ്ഞാലും തലയിലോട്ടു കേറത്തില്ല. വിവരമില്ലാത്തവന്മാർ..! വായിട്ടലച്ചു തൊണ്ടയിലെ വെള്ളം വറ്റി.  എങ്ങനേലും ആ വിസ ഒന്ന് ശരിയായാൽ മതിയാരുന്നു, രക്ഷപെട്ടു  പോകാരുന്നു..’’ ബൈക്കോടിക്കുന്നതിനിടയിൽ ബെന്നി പറഞ്ഞു.

സച്ചി അതിനും മറുപടി ഒന്നും പറഞ്ഞില്ല.

 

ഒരു ടെലിമാർക്കറ്റിങ് കമ്പനിയിലെ പാർട്ട് ടൈം ജോലിക്കാരനാണ് ബെന്നി. രാത്രി ഡ്യൂട്ടികഴിഞ്ഞു വരുമ്പോൾ സച്ചിയേയും കൂട്ടി ചായക്കടയിൽ വന്ന് ഒരു കട്ടൻചായ കുടിക്കുന്ന പതിവ് ബെന്നിക്കുള്ളതാണ്. ചായ കുടി കഴിഞ്ഞാൽ നേരെ മുറിയിൽ വന്നു കിടന്ന്‌ ഒരുറക്കമാണ്. ഉച്ചയൂണിന് നേരമാകുമ്പോഴേ പിന്നെ ബെന്നി എഴുന്നേൽക്കു. കഴിഞ്ഞ രണ്ടു വർഷമായി ബെന്നിയും സച്ചിയും സഹമുറിയന്മാരാണ്. സച്ചിക്ക്‌ ബുള്ളെറ്റ് ഷോറൂമിൽ പുതിയ ജോലി കിട്ടിയപ്പോൾ കമ്പനി അവിടെ  താമസ സൗകര്യവും ഏർപ്പാടാക്കിയതാണ്, പക്ഷേ അവിടേക്കു മാറാതെ ബെന്നിയോടൊപ്പമുള്ള താമസം തന്നെ തുടരുകയാണ് സച്ചി ചെയ്തത്.

 

‘‘എന്താ അളിയാ ഒരു ഒരു ശോകം ഫേസ് ?’’ യാത്രയ്ക്കിടയിൽ ബെന്നി ചോദിച്ചു. ‘‘ഒന്നുമില്ല’’ സച്ചിയുടെ മറുപടി. ‘‘അളിയാ, നീ അത് വിട്.. അതിന്റെ സമയം കഴിഞ്ഞു..  നീ അടുത്ത സീൻ പിടിക്ക്.. ചുമ്മാ ഓരോന്ന് ഓർത്തോണ്ട് ഇങ്ങനെ ചത്ത പോലെ ഇരിക്കാതെ..’’ ബെന്നി പറഞ്ഞു. സച്ചി അതിന് മറുപടി ഒന്നും പറഞ്ഞില്ല.

 

 

അവർ ചായക്കടയിലെത്തി. വെളുപ്പാൻകാലത്തു യാത്ര ചെയ്യുന്ന വണ്ടിക്കാരുടെയും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന തൊട്ടടുത്തുള്ള ഷിപ്പിങ് കമ്പനിയിലെ ജോലിക്കാരുടേയുമൊക്കെ സ്ഥിരം താവളമാണ്  ഈ ചായക്കട. 

സാധാരണ ഈ സമയത്തൊക്കെ ചായക്കടയിൽ നല്ല തിരക്ക് കാണാറുള്ളതാണ്. പക്ഷേ ഇന്ന് 

ഒന്ന് രണ്ട് വണ്ടിക്കാരും മൂന്നാല് പോലീസുകാരും അവിടിരുന്നു ചായ കുടിക്കുന്നതാണ് കണ്ടത്. 

‘‘ഇന്നെന്താ ചേട്ടാ ആള് കുറവാണല്ലോ..’’ ചൂട് കട്ടൻ ചായ നിറച്ച ഗ്ലാസ് വാങ്ങുന്നതിനിടയിൽ ബെന്നി കടക്കാരനോട് ചോദിച്ചു.  

 

‘‘ആഹ്.. ഇന്ന് ഈസ്റ്റർ അല്ലേ, എല്ലാരും വീട്ടിനകത്തു കേറിയിരുന്ന് ഇറച്ചിയും മീനും ഒക്കെ കൂട്ടി തകർക്കുന്ന ദിവസമല്ലേ..’’ കടക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു. 

‘‘എന്റെ കർത്താവേ ശരിയാണല്ലോ..ഇന്ന് ഈസ്റ്റർ ആണല്ലേ..ഞാൻ അതങ്ങു മറന്നു ബെന്നി സ്വയം പറഞ്ഞു’’ 

‘‘എന്താ, ഈസ്റ്റർ ആയിട്ട് നാട്ടിൽ പോയില്ലേ’’ കടക്കാരൻ ബെന്നിയോട് ചോദിച്ചു.

‘‘ഓഹ്.. നമുക്കൊക്കെ എന്ത് ഈസ്റ്റർ ചേട്ടാ പണിക്കു പോയാലേ കാര്യങ്ങൾ ഓടു..’’ ബെന്നി ചായയുമായി,  മാറി  നിൽക്കുന്ന സച്ചിയുടെ അടുത്തേക്ക് ചെന്നു. 

‘‘അളിയാ, ഞാൻ പറഞ്ഞ മറ്റേ കാര്യം നീ സീരിയസ് ആയി എടുക്കണം കേട്ടോ’’ ബെന്നി സചിയോടു പറഞ്ഞു 

‘‘ഏത് കാര്യം ?’’ സച്ചി ചോദിച്ചു.

‘‘ലവളെ മറക്കുന്ന കാര്യം.. ആ ചാപ്റ്റർ നീയങ്ങു അടച്ചു കളഞ്ഞേക്ക്. നല്ലൊരു ചാൻസ് വന്നപ്പോൾ അവള് നിന്നെ നല്ല പോലെ അങ്ങ് തേച്ചു. എന്നും പറഞ്ഞു നീയതും ഓർത്തു നിന്റെ ലൈഫ് വേസ്റ്റ് ആക്കരുത് .നീ ലീവ് ക്യാൻസൽ ചെയ്തു ജോലിക്ക് കേറാൻ നോക്ക്...മതി ദുഃഖാചരണം. വീട്ടിലെ കാര്യങ്ങൾ ഒക്കെ നിനക്കറിയാല്ലോ. ഞാൻ ആയിട്ടു നിന്നെ ഓർമിപ്പിക്കണ്ട ആവശ്യമില്ലല്ലോ.’’ ബെന്നി പറഞ്ഞു നിർത്തി.

‘‘ഞാനാരെയും ഇനി ഓർക്കുന്നില്ല..!’’

സച്ചി പോക്കെറ്റിൽ നിന്നും സിഗരെറ്റെടുത്തു തീ കൊളുത്തി.

 

‘‘വെരി ഗുഡ്.. അളിയാ അവൾക്കുള്ളതേ കർത്താവ് കൊടുത്തോളും നീ നോക്കിക്കോ‘‘ ബെന്നി പറഞ്ഞു..

‘‘ഏത് കർത്താവ്..?’’

പുച്ഛം കലർന്ന ചിരിയോടെ സച്ചിയുടെ മറുചോദ്യം. 

അപ്പോൾ ആ നിമിഷം സച്ചിയുടെ കവിളുകൾ  വല്ലാതെ വിറയ്ക്കുന്നതു പോലെ ബെന്നിക്ക് തോന്നി. 

‘‘നോക്ക്.. ഈ വിഷയം നമ്മൾ ഇവിടെ ഉപേക്ഷിക്കുന്നു.. കേട്ടല്ലോ?..’’

ഇത്രയും പറഞ്ഞു ചായ ഗ്ലാസ്സുമായി ബെന്നി തിരികെ നടന്നു.

പണം കൊടുക്കുന്നതിനിടയിൽ പെട്ടെന്ന് ബെന്നിയുടെ ഫോൺ ശബ്ദിച്ചു. നവീനാണ് വിളിക്കുന്നത്.

‘‘എന്താടാ ഇത്ര രാവിലെ’’ ബെന്നി ചോദിച്ചു. 

‘‘ഡാ, സച്ചി കൂടെയുണ്ടോ? അവന്റെ ഫോണിൽ വിളിക്കുമ്പോ പരിധിക്കു പുറത്താണല്ലോ..!’’

‘‘എന്താടാ കാര്യം അവനെന്റെ കൂടെയുണ്ട്’’ ബെന്നി പറഞ്ഞു.

‘‘ഒരു പ്രശ്നം ഉണ്ടാരുന്നു..’’ നവീൻ പറഞ്ഞു. 

‘‘എടാ നീ കാര്യം പറ..’’ ബെന്നി അക്ഷമനായി. 

 

‘‘അത് പിന്നെ.. ജ്യോതിയെ ആരോ.. ഇന്നലെ പാതിരാത്രിക്കാ സംഭവം നടന്നേ.. വീടിന്റെ പുറത്താണ് കണ്ടത്.

ആളെ ഇത് വരെ കിട്ടീട്ടില്ല. നീ സച്ചിയേ ഒന്ന് നോക്കിക്കോണേ.’’

 

ഫോൺ നിശബ്ദമായി. പ്രപഞ്ചം കുലുങ്ങുന്ന ഞെട്ടലോടെ ബെന്നി സച്ചിയേ തിരിഞ്ഞു നോക്കി.

 

വലിച്ചു തീർത്ത സിഗരറ്റു കുറ്റി നിലത്തിട്ട് ചവിട്ടിയെരിച്ചു നിസ്സംഗനായി ബൈക്കിനരികിലേക്ക് നടക്കുകയായിരുന്നു അപ്പോൾ സച്ചി. 

 

English Summary: Oru rathri, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com