ADVERTISEMENT

കൊറോണ ഓഫീസിനെ വീട്ടിലേക്കെടുത്തു പ്രതിഷ്ഠിച്ച നാളുകൾ... ഫ്ലാറ്റിൽ താമസിച്ചിരുന്നത് കൊണ്ട് ആവശ്യസാധനങ്ങളും കൊറിയറും എല്ലാം താഴെ സെക്യൂരിറ്റി ഗേറ്റിൽ പോയി വേണം മേടിക്കാൻ. അങ്ങനെ ഒരു ദിവസം ഞാൻ കൊറിയർ വാങ്ങാൻ ഫ്ളാറ്റിലെ സെക്യൂരിറ്റി ഗേറ്റിനരികിലേക്കു നടക്കുന്ന നേരം. നടക്കുന്ന വഴി നിറയെ പഞ്ചാരപഴം നിറഞ്ഞു നിൽക്കുന്ന മരങ്ങളാണ്. കോവിഡ് ബാധിച്ചവർ ഫ്ലാറ്റിൽ ഉള്ളത് കൊണ്ട് കർശന നിയന്ത്രണങ്ങളാണ്. കളി സ്ഥലങ്ങൾ ഒക്കെ അടച്ചിട്ടിരിക്കുന്നു. കുട്ടി പട്ടാളം മാസ്ക് ധരിച്ചു സൈക്കിളിൽ റോന്തു ചുറ്റുന്നുണ്ട്. കളിക്കാൻ പോകാൻ പറ്റാതെ സൈക്കിൾ യജ്ഞം നടത്തി അവധികാലം ചിലവിടുന്ന കുഞ്ഞുങ്ങൾ. ഞാൻ പതുക്കെ പഞ്ചാര പഴം മരങ്ങളിലേക്കു കണ്ണോടിച്ചു. നിറയെ പഴുത്ത പഴങ്ങളാണ്, നാവിൽ വെള്ളമൂറി. മനസ് 22 വർഷം പിന്നിലേക്ക് പോയി.

 

കൊച്ചിയിൽ കച്ചേരിപ്പടിയിലെ സ്കൂൾ മുറ്റത്തു പടർന്നു പന്തലിച്ച ഒരു വലിയ പഞ്ചാരപഴം മരം തലയുയർത്തി നിൽപ്പുണ്ട്. ഞങ്ങൾ വിദ്യാർഥികൾ ഊണ് ധൃതിയിൽ കഴിച്ചെന്നു വരുത്തി പഞ്ചാരപഴം മരത്തിനരികിലേക്കു ഓടും. ആദ്യം എത്തിയാൽ ചുവന്നു പഴുത്ത പഞ്ചാര പഴങ്ങൾ കിട്ടും. വൈകിയാൽ പഴുക്കാൻ തയാറായ മഞ്ഞ നിറമുള്ള പഴങ്ങൾ, അവക്ക് അത്ര മധുരം ഇല്ല. താമസിച്ചു വരുന്ന കുട്ടികൾക്ക് പച്ച കായകൾ മാത്രം ബാക്കി കാണൂ. ഒരു ചെറി പഴത്തിന്റെ വലുപ്പം മാത്രമുള്ള പഞ്ചാരപഴത്തിന്റെ ഞെട്ടിൽ നിന്ന് മധുരമുള്ള ചെറിയതരികൾ ഉള്ള കാമ്പു കഴിച്ചു തൊണ്ടു കളയുകയാണ് രീതി. ചില വിരുതന്മാർ തൊണ്ടും ശാപ്പിടും.

 

നാലാം ക്ലാസ്സിലേക്ക് സ്ഥാന കയറ്റം കിട്ടിയാൽ പെൻസിൽ മാറ്റി പേന ഉപയോഗിക്കാം. ഞാൻ പേന സ്വപ്നം കണ്ടു കാത്തിരുന്ന ദിവസങ്ങൾ. അന്നൊക്കെ പേനയിൽ മഷി പേനയാണ് താരം. പിന്നെ പിന്നിൽ ഞെക്കിയാൽ തെളിയുന്ന സ്റ്റിക് പേനയും ചുരുക്കമായി ഉണ്ടായിരുന്നു. കൂടുതൽ കുട്ടികൾക്കും മഷി പേന തന്നെ പ്രിയം. മഷി കുപ്പി ക്ലാസ് മുറിയിൽ കൊണ്ട് പോയി മേശമേൽ വച്ച് പേന തുറന്നു മഷി ഒഴിക്കും. കുറച്ചു വികൃതി പിള്ളേർ യൂണിഫോമിൽ മഷി ചീറ്റി തല്ലു കൂടും. ബെഞ്ചിന്റെയും ഡെസ്കിന്റെയും ഒക്കെ മുകളിൽ ചാടിക്കയറിയുള്ള യുദ്ധം, തോക്കിനു പകരം മഷി തുപ്പുന്ന പേനയാണെന്ന വ്യത്യാസം മാത്രം. ഞങ്ങൾ കുറച്ചു പേർ മാറിയിരുന്ന് മഷി ബുക്കിൽ കുടഞ്ഞു പേപ്പർ മടക്കി ഓരോ ചിത്രങ്ങൾ ഉണ്ടാക്കും. ഇരു പുറവും മഷി ഒരു പോലെ പടർന്ന ചിത്രങ്ങൾ കാണാൻ നല്ല രസമാണ്.

 

അങ്ങനെ ഒരു നാൾ എന്റെ അപ്പൻ ഒരു പുത്തൻ പേന വാങ്ങി തന്നു. പേന തുറന്നു മഷി ഒഴിക്കേണ്ട ആവശ്യമില്ല. പേനയുടെ നിബ് മഷി കുപ്പിയിൽ മുക്കി പിന്നിലുള്ള ചെറിയ അറ്റം പതുക്കെ വലിച്ചാൽ മഷി നിറയും. പേനയിൽ ബാക്കി ഉള്ള മഷിയുടെ അളവ് കാണാൻ സാധിക്കുന്ന രീതിയിൽ ഉണ്ടാക്കിയ ഇളം റോസ് നിറമുള്ള നല്ല രസികൻ പേന. നാലാം ക്ലാസ്സിൽ മറ്റാരുടെയും കയ്യിൽ കാണാൻ സാധ്യത ഇല്ലാത്ത ഈ പേന കിട്ടിയപ്പോൾ ഞാൻ സന്തോഷത്തോടെ തുള്ളിച്ചാടി. പുത്തൻ പേന കൊണ്ട് എഴുതുന്നതിലുപരി കൂട്ടുകാരുടെ മുന്നിൽ പത്രാസ് കാണിക്കാനുള്ള ആവേശമായിരുന്നു ഉള്ളിൽ. പിറ്റേന്ന് പുത്തൻ പേന ക്ലാസ്സിൽ കൊണ്ട് പോയി കൂട്ടുകാർ കാൺകെ മഷി കുപ്പിയിൽ നിബ് മുക്കി  മഷി നിറച്ചു കാണിച്ചു. എല്ലാവരും അത്ഭുതപ്പെട്ടു, ഒരു തുള്ളി മഷി പോലും കയ്യിലോ താഴെയോ പോയില്ല. ഞാൻ ഗമയിൽ പുത്തൻ പേന ഉപയോഗിച്ച് നോട്ടു ബുക്കിൽ എഴുതി. മഷി നന്നായി വരുന്ന മയത്തിലെഴുതാവുന്ന നിബ് നല്ല കയ്യക്ഷരത്തിൽ എഴുതാൻ സഹായിച്ചു.

 

ഊണ് കഴിഞ്ഞു കൈ കഴുകാൻ പോയി തിരിച്ചെത്തിയപ്പോൾ എന്റെ പ്രിയപ്പെട്ട പുത്തൻ പേന കാണ്മാനില്ല. ഞാനാകെ വിഷമത്തിലായി. ആരാണ് എടുത്തത് എന്നറിയാൻ ഒരു വഴിയുമില്ല. ടീച്ചറോട് പരാതി പറഞ്ഞപ്പോൾ ടീച്ചർ ക്ലാസ്സിലെ വിദ്യാർത്ഥികളോട് കളവിന്റെ ദോഷ വശങ്ങൾ പറഞ്ഞു പേന എന്നെ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഒരു രക്ഷയുമില്ല, ആരും അനങ്ങിയതു പോലുമില്ല. ഉച്ചക്ക് ശേഷമുള്ള വിഷയങ്ങൾ ഞാൻ ശ്രദ്ധിച്ചതേയില്ല. മനസ്സിൽ പേന നഷ്ടപെട്ട സങ്കടവും വീട്ടിൽ നിന്ന് വഴക്കു കേൾക്കുമല്ലോ എന്ന പേടിയും മാത്രം. അങ്ങനെ അവസാന പിരിയഡും കഴിഞ്ഞു. ഞാൻ ടീച്ചറോട് പറഞ്ഞു, ടെന്നി ആണ് എന്റെ പേന എടുത്തത്. നാലാം ക്ലാസിയിലെ പേര് കേട്ട വില്ലന്മാരിൽ ഒരാളാണ് കക്ഷി. അത് കൊണ്ട് ഞാൻ അവന്റെ പേര് പറഞ്ഞു കൊടുത്തു, പേന ആരുടെ കയ്യിൽ ആണെന്നെങ്കിലും അവനറിയാതിരിക്കാൻ തരമില്ല. അവനെ വിളിച്ചു കൊണ്ട് വരാൻ ടീച്ചർ എന്നെ പറഞ്ഞയച്ചു.

 

ഞാൻ വിദ്യാലയ മുറ്റം നിറയെ നടന്ന് അന്വേഷണം തുടങ്ങി. നമ്മുടെ നായകൻ അല്ല വില്ലൻ അതാ പഞ്ചാരപഴം മരത്തിനു മുകളിലിരുന്ന് പഞ്ചാരപഴം കഴിക്കുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. ഞാനോടി മരത്തിനു കീഴെ നിന്ന് അവനോടു പറഞ്ഞു ‘‘ടെന്നി മര്യാദക്ക് എന്റെ പേന തിരിച്ചു തന്നോ? ടീച്ചർ നിന്നെ തല്ലാൻ വിളിക്കുന്നുണ്ട്.’’ രണ്ടാമത്തെ വരി ഞാൻ അവനെ ഒന്ന് ഭീഷണി പെടുത്താൻ തട്ടി വിട്ടതാണ്. അതേതായാലും ഫലം കണ്ടു. അവൻ പോക്കറ്റിൽ നിന്ന് എൻ്റെ പേന താഴേക്ക് എറിഞ്ഞു തന്നിട്ട് പറഞ്ഞു ‘‘പൊന്നു റോസ്‌മി ഞാനല്ല മെജോ ആണ് നിന്റെ പേന കട്ടത്. ഞാൻ നിനക്ക് തരാനായി അവന്റെ കയ്യിൽ നിന്നും തട്ടി പറിച്ചെടുത്തതാണ്.’’ കൊള്ളാം മെജോ ടെന്നിയേക്കാൾ വില്ലൻ ചെറുക്കനാണ്. തല്ലു കൊള്ളികൾ. സ്ഥിരം ചൂരൽ കഷായം കിട്ടുന്ന ഈ വിരുതന്മാർക്ക് ആരെയും പേടിയില്ല. ഹും എന്തായാലും പഞ്ചാരപഴം മരത്തിനു അടിയിൽ നിന്ന് എനിക്കെന്റെ പുത്തൻ മഷി പേന തിരിച്ചു കിട്ടി. പഞ്ചാരപഴം മരം തന്ന സമ്മാനം പോലെ.

 

ഞാൻ ഓർമകളിൽ നിന്ന് ഉണർന്നു. മെല്ലെ ഫ്ളാറ്റിലെ പഞ്ചാരപഴം മരത്തിൽ നിന്ന് ചുവന്നു തുടുത്ത കായകൾ പറിച്ചെടുത്തു. എന്റെ നാലാം ക്ലാസ്സുകാരൻ മോന് കൊടുക്കാൻ. ആ രുചിമധുരങ്ങൾ തലമുറ കൈമാറും പോലെ എന്നത് കാലത്തിന്റെ ഒരു ആകസ്മികത. 

 

English Summary: Memoir written by Rosmy Jose Valavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com