‘ആദ്യം ഒന്നിച്ചു താമസം, പെണ്ണ് ഗർഭിണിയായെങ്കിൽ മാത്രം കല്യാണം, അതാണ് നിയമം’

wedding-1
Representative Image. Photo Credit : Omer N Raja / Shutterstock.com
SHARE

നിരോഷ (കഥ)

തെകഷിയമ്മാൾ കോവിലിലെ മണിയടിയാണ് ബിക്കാപതി മന്ദിന്റെ ഉണർത്ത് മന്ത്രം. ക്ഷേത്ര എരുമയെ കറന്ന് അതിന്റെ പാല് കൊണ്ട് ദേവതയ്ക്ക് അഭിഷേകം ചെയ്യുമ്പോൾ പാലോളിന്റെ കയ്യിലെ മണിയടിക്ക് വേഗം കൂടും. കോവിലിലെ കരിങ്കൽ ഭിത്തികളിൽ തട്ടുന്ന ആ നാദത്തിന്റെ പ്രതിധ്വനി നിമിഷ നേരം കൊണ്ട് മന്ദിലാകെ പരക്കും. അത് കേട്ടാണ് മന്ദ് ഉണരുന്നത്. 

‘ആഅ..അഅ..ആഅ..അവ്..ങ്യോങേൻ..

ആഅ..അഅ..ആഅ..അവ്..യേഷാ..

ആഅ..അഅ..ആഅ..അവ്..ലാ..ആ..

ആഅ..അഅ..ആഅ..അവ്..യേഷാ.’

പാലോളിന്റെ ഈ ഈണത്തിന് ഒപ്പം മണിയടിയും മുഴങ്ങി.

ചോലക്കാടുകളാൽ ചുറ്റപ്പെട്ട കുന്നിന്റ ഉച്ചിയിലാണ് കോവിൽ ഇരിക്കുന്നത്. താഴെ കുന്നിൻ ചെരുവിലുള്ള മഠത്തിൽ സുഖ നിദ്രയിലാണ് കുട്ടൻ.

‘കുട്ടാ.. മകനേ, എളുന്തിര്. എരുമൈ പാറുങ്കൽ’

കുട്ടന്റെ അമ്മ സുഗന്ധിപ്പൂവാണ് ആ ശബ്ദത്തിന്റെ ഉടമ. വെങ്കല പാത്രത്തിൽ പകർന്ന് വച്ചിരുന്ന എരുമ നെയ് സേവിക്കാൻ കൊടുത്ത ശേഷം, മകനെ അവർ എരുമകളെ നോക്കാൻ പറഞ്ഞു വിട്ടു. എരുമയെ വളർത്തി ജീവിക്കുന്ന ഒരു ജനതയാണ് ബിക്കാപതിയിൽ ഉള്ളത്. ഈശ്വരൻ തങ്ങളെ സൃഷ്ടിച്ചത് തന്നെ എരുമകളെ നോക്കി വളർത്താനാണെന്ന് വിശ്വസിക്കുന്ന അവരുടെ ആചാരങ്ങളിലും എരുമയ്ക്ക് പ്രാധാന്യമുണ്ട്. 

അഴകൊത്ത ഒരു യുവാവാണ് ‘കാശ്മുടി കുട്ടൻ’ എന്ന കുട്ടൻ. അഞ്ചടി ഏഴിഞ്ച് നീളത്തിൽ രോമാവൃതമായ ശരീരത്തോടും വീതിയുള്ള തലയോടും കൂടിയ ഉറച്ച ശരീരം. എരുമ നെയ്യാണ് ഈ പുഷ്ടിമയുടെ രഹസ്യം. 

വീശിയടിക്കുന്ന തണുപ്പ് കാറ്റിന്റെ സുഖത്തിൽ ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാതെ എഴുന്നേറ്റ കുട്ടൻ, മേലെ കുന്നിലെ ദേവതയെ ഒന്ന് തൊഴുത് എരുമ തൊഴുത്തിലേയ്ക്ക് നടന്നു. അവയ്ക്ക് വേണ്ട കുടിയും തീറ്റയും നൽകിയ ശേഷം കാട്ടിലേക്ക് പോകാൻ പുറപ്പെട്ടു.

‘അമ്മാ.. നാൻ ആവോൾ ശേഖരിക്കാപ്പ് പോകിറേൻ..’

‘ശരി കണ്ണാ..’

മഠത്തിന്റെ മേൽക്കൂര പുല്ല് മേയുന്നതിനായി, ആവോൾ എന്ന പുല്ല് ശേഖരിക്കാൻ കാട്ടിലേക്ക് പോവുകയാണ് കുട്ടൻ. ബിക്കാപതിയിൽ നിന്നും പകലിക്കോട് മന്ദ് വഴി കാട്ടിലേയ്ക്കുള്ള കുട്ടന്റെ നടത്തത്തിന് പെട്ടെന്ന് വേഗം കുറഞ്ഞു തുടങ്ങി. മന്ദിലെ ഒരു സുന്ദരിയാണ് ആ വേഗത്തിന് തടയിടുന്നത്. 

പലപ്പോഴായി തന്നെ ഒളികണ്ണിട്ട് നോക്കി കോവിലിനെ ലക്ഷ്യമാക്കി നടന്ന് പോകുന്ന, വിടർന്ന കണ്ണുകളുള്ള, നീലഗിരി കുന്നുകളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച നിരോഷയെന്ന സുന്ദരി. അഴകൊത്ത ശരീരവും പിന്നിയിട്ട മുടിയുമായി അവൾ കുട്ടന്റെ മനസ്സ് കവർന്ന് കോവിലിലേയ്ക്ക് നടന്നു. അടുത്ത നീലക്കുറിഞ്ഞിക്കാലത്ത് പതിനെട്ട് വയസ്സ് തികയും, ‘നിരോഷ സിൻ’ എന്ന നിരോഷയ്ക്ക്.

പകലിക്കോട് മന്ദിൽ പലപ്പോഴായി നടന്ന ഈ സംഗമം അവരൊന്നിച്ച് കൈപിടിച്ച് കോവിലിലേയ്ക്കുള്ള നടത്തങ്ങളിലാണ് അവസാനിച്ചത്. 

‘പെൺകൾ മട്ടുമേ ഇങ്ക വര മുടിയും. മേലെയുള്ള കോവിലുക്ക് നീ ചെല്ലുങ്കൾ കണ്ണാ..’ നിരോഷ പറഞ്ഞു.

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത, ദൂരെ നിന്ന് മാത്രം പ്രാർത്ഥിക്കുവാൻ അനുവാദമുള്ള കോവിലിൽ ചെന്ന് കുട്ടൻ അവർക്കായി പ്രാർത്ഥിച്ചു. 

‘ഒരു കല്ലൈ തൂക്കും ആരോക്യം എൻ ഉടലുക്ക് ഇല്ലൈ തായേ, ചൊല്ല്. നീ താനേ എൻ തുണ’

കോവിലിന് ചുറ്റുമായി കിടക്കുന്ന വലിയ ഉരുളൻ കല്ലുകളിലേക്ക് നോക്കി തെകഷിയമ്മാളെ തൊഴുത് കുട്ടൻ ചോദിച്ചു.

‘എൻ മനൈതനെയ് നിങ്കൾ എനക്കുട്ട് തരമാട്രികലാ തായേ?’

തന്റെ മനസ്സിലുള്ള പുരുഷനെ സ്വന്തമാക്കുവാനായി അവളും അകലെ നിന്ന് പ്രാർത്ഥിച്ചു.

എരുമകളെ മേയ്ക്കുവാനായി അവരൊന്നിച്ച് പുൽമേടുകൾ താണ്ടി. ഒരിക്കൽ കന്ന് കുട്ടികളുടെ കളികൾ നോക്കി അവനോട് ചേർന്ന് ഇരിക്കുമ്പോൾ നിരോഷ ചോദിച്ചു, 

‘അവർകളൈ പോൻട്ര കുളന്തകൾ നമക്കു ഇല്ലയാ കണ്ണാ?’

‘ഇരുക്കും കണ്ണേ. കടവുൾ നമ്മേ കൈവിട മാട്രാർ.’

അവളുടെ കാർക്കൂന്തൽ പിന്നി കെട്ടികൊണ്ട് ആ മൂർധാവിൽ ഒരു ചുംബനം സമ്മാനിച്ചു കൊണ്ട് കുട്ടൻ പറഞ്ഞു.

ആവോൾ ശേഖരിക്കാൻ പോകുന്ന കുട്ടന് നിരോഷ സ്ഥിരം കൂട്ടായി മാറിയിരുന്നു. ഒരിക്കൽ കാട്ടിൽ നിന്നും തിരികെ വന്ന കുട്ടന്റെ കൂടെ അവനെ സഹായിക്കാനായി വന്ന ആ വിടർന്ന കണ്ണുള്ള പെൺകുട്ടിയെ സുഗന്ധിപ്പൂവും ശ്രദ്ധിച്ചിരുന്നു. അവന്റെയൊപ്പം അവളെയും ഒറ്റവൈതെർ കഴിക്കാനായി അവർ ക്ഷണിച്ചു. മഠത്തിന്റെ മേൽകൂര മേയുവാൻ കുട്ടനെ സഹായിച്ച് അവൾ മന്ദിലേക്ക് തിരികെപ്പോയി. 

ചെറുപ്പത്തിൽ കോവിലിലെ പാലോളിന് കൂട്ട് കിടക്കാൻ പോയപ്പോൾ അദ്ദേഹം പകർന്ന് കൊടുത്ത മന്ത്രങ്ങൾ അവൻ അവൾക്ക് പഠിപ്പിച്ചു കൊടുത്തു. ഒരിക്കൽ ആ മന്ത്രങ്ങൾ ഉരുവിട്ട് പുൽമേടുകൾ താണ്ടി നടക്കുന്നതിനിടയിൽ നിരോഷ ഒരു കാഴ്ച കണ്ടു. മലമുകളിൽ അവിടെ അവിടെയായി പൂത്ത നീലക്കുറിഞ്ഞികൾ അവളെ എത്തി നോക്കുന്നു. അവിടെ നിന്നും കുട്ടനെത്തേടി അവൾ നടന്നു. തന്റെ പ്രിയതമനെ കൈപിടിച്ച് കൊണ്ടു വന്ന് അവൾ ആ കാഴ്ച കാണിച്ചു കൊടുത്തു. നിരോഷയുടെയും കുട്ടന്റെയും മനസ്സിലെ മോഹങ്ങൾക്ക് വീണ്ടും തളിരിട്ടു. സ്വപ്നങ്ങൾ നെയ്തുകൊണ്ട് തോള് ചേർന്നുള്ള നിൽപ്പിൽ അവൾ കുട്ടനോടായി പറഞ്ഞു.

‘എൻ അൻപേ..പോയി ഉൻ പലത്തൈ നിരുപിക്കവും..’

കുട്ടന് അവൾ തന്നാലാവുന്ന ഊർജ്ജം പകർന്നു. മന്ദുകളിലെ കാരണവന്മാരെയെല്ലാം കൂട്ടി കുട്ടൻ തെകഷിയമ്മാളിന്റെ കോവിലിലേക്ക് യാത്രയായി. താൻ സ്വന്തമാക്കാൻ, തന്നെ സ്വന്തമാക്കാൻ കൊതിക്കുന്നവൻ വിജയിച്ചു വരുവാനായി പ്രാർത്ഥനയോടെ നിരോഷയും വഴിയരികിൽ നിന്നു. 

പടവുകൾ കയറി കോവിലിൽ എത്തിയ കുട്ടൻ തെകഷിയമ്മാളെ വണങ്ങിയ ശേഷം കാരണവന്മാരുടെയെല്ലാം അനുഗ്രഹവും വാങ്ങി ഉരുളൻ കല്ലുകളുടെ അടുത്തേയ്ക്ക് നടന്നു. തന്റെ ആണത്തം തെളിയിക്കാനും പെണ്ണിനെ സ്വന്തമാക്കാനുമുള്ള ആഗ്രഹത്തിന് മുൻപിൽ നൂറിൽപ്പരം കിലോ തൂക്കമുള്ള കല്ല് വെറും പുഷ്പമായി മാറി കുട്ടന്. ആ കല്ല് പൊക്കി ആണത്തം തെളിയിച്ച കുട്ടന് കല്യാണം കഴിക്കാനുള്ള അവകാശം തെകഷിയമ്മാളിന്റെ അനുഗ്രഹത്തോട് കൂടി പാലോൾ നൽകി. കാരണവന്മാർ സന്തോഷത്തോട് കൂടി അത് ഏറ്റു വാങ്ങി തങ്ങളുടെ കുല ദേവതയ്ക്ക് നന്ദി പറഞ്ഞു.

കോവിലിൽ നിന്നിറങ്ങി നടന്ന കുട്ടന്റെ കൂടെ പകലിക്കോട് മന്ദിലേയ്ക്ക് ഒരാൾ കൂടിയുണ്ടായിരുന്നു, കുട്ടന്റെ സ്വന്തം നിരോഷ. ഉലകം മുഴവനും സ്വന്തമാക്കിയവരെപ്പോലെയുള്ള ആ നടത്തത്തിൽ അവരുടെ മുന്നിലെ വഴികൾ പൂവുകൾ വിരിച്ചിട്ട മെത്ത കണക്കേ നിലകൊണ്ടു. 

മകന്റെ കൈ പിടിച്ച് മഠത്തിലേയ്ക്ക് വലത്കാൽ വച്ച് കയറി വന്ന നിരോഷയെ സുഗന്ധിപ്പൂ നിലവിളക്ക് കൊളുത്തി സ്വീകരിച്ചു. തന്റെ മരുമകളായി ജീവിക്കാൻ അവൾക്ക് യോഗമുണ്ടാകണേയെന്ന പ്രാർത്ഥനയിൽ, പാത്രത്തിൽ പകർന്ന് വച്ചിരുന്ന എരുമനെയ് അവർക്ക് രണ്ട് പേർക്കും സേവിക്കാൻ നൽകി.

‘അവർകളുക്കു ഒരു അളകാണ കുളന്തൈയൈയ് കൊടുങ്കൈ തായേ’ സുഗന്ധിപ്പൂ പ്രാർത്ഥിച്ചു. 

ആവോൾ പാകി ഭംഗിയാക്കിയ കുടിലിലെ മൺ കട്ടിലിൽ കുട്ടന്റെ മാറിലെ ചൂടിൽ നിരോഷ അലിഞ്ഞു ചേർന്നു. തണുപ്പിനെ പ്രതിരോധിക്കാൻ ഒരുക്കിയിരുന്ന തീയുടെ ചൂട് പോലും അവരുടെ ചുടുനിശ്വാസങ്ങൾക്ക് മുൻപിൽ അലിഞ്ഞു പോയി. മാസങ്ങൾ പലത് കടന്ന് പോയി. ഇനിയാണ് അവർ ഒന്നിച്ചു ജീവിക്കണമോയെന്ന തീരുമാനം കാരണവന്മാർ എടുക്കുന്നത്. കാരണം, അവരുടെ നിയമമനുസരിച്ച്, ഒന്നിച്ചുള്ള താമസത്തിൽ പെണ്ണ് ഗർഭിണിയായെങ്കിൽ മാത്രമേ അവർ കല്യാണം കഴിച്ചതായി അംഗീകരിക്കുകയുള്ളൂ. അതിന് ശേഷം മാത്രമായിരിക്കും മന്ദിലെ ആളുകൾ എല്ലാം കൂടുന്ന കല്യാണ ആഘോഷം നടക്കുക.

മൂന്ന് ജീവനുകളുടെ നിരന്തര പ്രാർഥനയ്ക്ക് ഫലമെന്നോണം നിരോഷയുടെ വയറ്റിൽ ഒരു പുതു ജീവൻ തുടിച്ചു തുടങ്ങി. തന്റെ പ്രിയതമയെ കൈ വിടാതെ കാത്ത ദേവതയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് കുട്ടൻ മന്ദിലെ എല്ലാവരെയും കല്യാണത്തിനായി ക്ഷണിച്ചു. 

‘നോൾട്ടാ..ഏ.. സെയ്..നോൾട്ടാ..

നേ നോൾട്ടാ.. ഏയ്‌..നോൾട്ടാ..

നോൾട്ടാ..ആആ.. തൊയ്..നോൾട്ടാ..

നേ നോൾട്ടാ.. ഏയ്‌..നോൾട്ടാ.’

ഈണത്തിൽ ചൊല്ലുന്ന ഈ വരികൾക്കൊപ്പം മന്ദിലെ സ്ത്രീജനങ്ങളിൽ പലരും പുത്തുകുളി തയ്യാറാക്കുന്ന തിരക്കിലാണ്. കറുപ്പും ചുവപ്പും ഇടകലർന്ന നിറത്തിൽ ഭംഗിയായി അവർ അത് തയ്യാറാക്കി എടുത്തു. കല്യാണത്തിന്റെ ആവശ്യത്തിന് പുത്തുകുളി തയ്യാറാക്കാൻ എല്ലാവർക്കും ആവേശമാണ്.

കല്യാണ ദിനം വന്നെത്തി. വലിയൊരു പുൽമേട്ടിൽ സ്ത്രീകളും പുരുഷന്മാരും കൈ കോർത്ത് വട്ടം കൂടി നിന്ന്, പെണ്ണിനെ അതിന് നടുക്ക് ഇരുത്തി, ചുറ്റിനും നൃത്തം ചെയ്ത്  പാട്ട് പാടി ചടങ്ങുകൾ കൊഴുപ്പിച്ചു.

‘ഹേയ് ഹോ ഹോ..ഹേയ് ഹോ ഹോ..

ഹേയ് ഹോ ഹോ..ഹേയ് ഹോ ഹോ..

എങ്കക്കാ വേയേ..നിരോഷാ..വെങ്കയ്യേ..

എങ്കക്കാ വേയേ..നിരോഷാ..വെങ്കയ്യേ..

ഹേയ് ഹോ ഹോ..ഹേയ് ഹോ ഹോ..

ഹേയ് ഹോ..ഹോ..ഹേയ് ഹോ ഹോ..’

തമിഴ് കലർന്ന പ്രത്യേക ഭാഷയിൽ പാടി അവർ ചുവട് വെച്ചു.

കൊളുത്തിയ നിലവിളക്ക്, സുഗന്ധിപ്പൂ പെണ്ണിന്റെ മുൻപിലായി കൊണ്ട് വച്ചു. കാട്ടിലെ ഒരു പ്രത്യേക മരത്തിന്റെ കൊമ്പുകൊണ്ട് അമ്പും വില്ലുമുണ്ടാക്കി പെണ്ണിന് സമർപ്പിച്ച് അവളെ ജീവിതകാലം മുഴുവൻ സംരക്ഷിച്ച് കൊള്ളാമെന്ന വാക്ക് നൽകിയാൽ മാത്രമേ കാരണവന്മാർ പൂർണ്ണ സമ്മതത്തോട് കൂടി അവളെ ചെറുക്കന് കൈ പിടിച്ചു കൊടുക്കൂ. 

കാട്ടിലേക്ക് പോയി അമ്പും വില്ലുമുണ്ടാക്കി തിരികെ വന്ന കുട്ടൻ, അത് നിരോഷയുടെ മുൻപിൽ സമർപ്പിച്ചു. പരസ്പരം ഹാരമണിയിച്ച ശേഷം, അവിടെ കൂടിയിരുന്ന കാരണവന്മാർ ഓരോരുത്തരുടെയും മുൻപിൽ ചെന്ന് കുമ്പിട്ട് അവർ അനുഗ്രഹം വാങ്ങി. തലയിൽ കാൽ വെച്ചുള്ള ആ അനുഗ്രഹത്തിന്റെ ബലമാണ് അവരുടെ ശേഷ ജീവിതത്തിന്റെ വിജയമായി കണക്കാക്കുന്നത്. 

നാളുകളായി മോഹിച്ച തന്റെ പ്രിയതമയെ പുത്തുകുളി പുതപ്പിച്ച് , അവളെയും അവളുടെ ഉദരത്തിൽ നിന്നും ഭൂമിയിലേക്ക് പിറന്ന് വീഴാൻ പോകുന്ന മറ്റൊരു ജീവനെയും നെഞ്ചോട് ചേർത്ത് കുട്ടൻ തെകഷിയമ്മാൾ കോവിലിനെ ലക്ഷ്യമാക്കി നടന്നു. 

‘എൻ അൻപേ സ്വന്തമാക പാക്കിയം നൻട്രി തായേ’

--------------------------------------

മന്ദ് - ആദിവാസി ഊര്

മഠം - വീട്, കുടിൽ

പാലോൾ - പുരോഹിതൻ

ഒറ്റവൈതെർ - അരി വേവിച്ച് അതിൽ എരുമത്തൈര് ഒഴിച്ച്, കുഴച്ച് ഉണ്ടാക്കുന്ന ഒരു വിഭവം.

പുത്തുകുളി - ഒരു തരം ഷാൾ

ഊട്ടിയിലെ ‘തോടർ’ എന്ന ഗോത്ര വിഭാഗത്തിനെപ്പറ്റി വായിച്ചും കണ്ടുമറിഞ്ഞ അറിവുകളിൽ വെച്ച് എഴുതിയ കഥയാണ് ഇത്.

English Summary: Nirosha, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA
;