ഭാര്യ എന്നാൽ ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം ജീവിക്കേണ്ടവൾ എന്നാണോ അർഥം?

mom-daughter
Representative Image. Photo Credit : Ruslan Huzau / Shutterstock.com
SHARE

സ്വാതന്ത്ര്യം (കഥ)

‘‘എല്ലാരും ഇങ്ങനെ അഞ്ഞൂറും രണ്ടായിരവും തന്നാ ചില്ലറക്ക് ഞങ്ങൾ പിന്നെ എങ്ങോട്ടു പോകും’’ ആ സ്ത്രീയുടെ സ്വരം അൽപ്പം പരുക്കാനായിരുന്നു.

‘‘നിന്റേൽ നൂറിന്റെ നോട്ട് കാണുമോ, ചില്ലറയില്ല പോലും.’’

അയാൾ ഭാര്യയോടായി സ്വരമുയർത്തി.

അൽപ്പം മുഷിപ്പോടെയാണോന്നറിയില്ല അവൾ കാശ് നീട്ടി. രണ്ടു ടിക്കറ്റുകളെടുത്ത് അവർ ഗെയിറ്റിലേക്കു നടന്നു. സൂര്യൻ തന്റെ സായാഹ്ന അവശതകളിലേക്ക് പ്രവേശിച്ചു തുടങ്ങുന്നേയുള്ളു. ചെറിയ വെയിലാണെങ്കിലും നല്ല ചൂടുണ്ട്. പ്രവേശന കവാടത്തിന് തുടർച്ചയായി വിശാലമായ പച്ച പുൽമേടാണ് ചുറ്റും. അവിടം വിവിധങ്ങളായ വർണ്ണങ്ങളോട് കൂടിയ തോട്ടച്ചെടികൾ. അമ്മയുടെ ഒക്കത്തിരിക്കുന്ന ഒന്നര വയസ്സുകാരി മകൾ റൂബിയുടെ കുഞ്ഞു കണ്ണുകളെ ആ കാഴ്ചകൾ പൊതിഞ്ഞു. മകളുടെ വെമ്പൽ മനസ്സിലാക്കി അവൾ നടത്തത്തിന്റെ വേഗം ഒരൽപം മന്ദീഭവിച്ചപ്പോൾ അയാളുടെ സ്വരം കരുത്താർജ്ജിച്ചു.

‘‘ഇപ്പൊ കളിക്കേണ്ട, നല്ല ചൂട്’’

മോഹമുകുളങ്ങൾ ശബ്ദ പ്രഹരങ്ങളിൽ കുരുങ്ങിയമർന്നു. അവർ മുന്നോട്ടു നടന്നുകൊണ്ടിരുന്നു. കുറെ നേരം നടന്നാണ് ഡാമിന് സമീപത്തായി കല്ല് പാകി അലങ്കരിക്കപ്പെട്ട ഇടനാഴിയിലെത്തിയത്. അങ്ങിങ്ങായി മണിപ്പൂരി സ്വദേശികൾ എന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ നടത്തുന്ന സിപ്-ലൈനും മറ്റ് പേരറിയാത്ത സാഹസിക വിനോദങ്ങളും കാണാം. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അയാൾ പറഞ്ഞു.

‘‘ചെയിനും മറ്റ് സെക്യൂരിറ്റി എക്വിപ്മെന്റ്‌സുമെല്ലാം എത്രത്തോളം സേഫ് ആണെന്ന് ആര് കണ്ടു, എന്തേലും പറ്റിയാൽ പിന്നെ പറ്റിയത് തന്നാ..’’

മറുപടിയെന്നോണം അവൾ പുഞ്ചിരിച്ചു. അപ്പോഴേക്കും ദിക്കുകളിൽ നിന്നും ചെറുതായി കാറ്റ് വീശിത്തുടങ്ങി. ചുറ്റും തണുപ്പ് ഇരച്ചു വന്നു.

‘‘ലയ്ക്കിന്റെ അടുത്തേക്ക് പോകാം. നല്ല വ്യൂ കാണും.’’

ആരോടെന്നില്ലാതെ അയാളുടെ വാക്കുകളെ അവൾ അനുഗമിച്ചു.

‘‘മുഖം വരയ്ക്കണോ? സാർ,  മാഡം.. മുഖം വരയ്ക്കണോ?’’

ഒരൽപം കൃത്രിമത്വം നിറഞ്ഞ മലയാള ഭാഷയിലെ ആ വിളി അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാനായില്ല.

‘‘ഒന്ന് വരപ്പിച്ചു നോക്കിയാലോ?’’

അവൾ പതിവ് പോലെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അവിടം ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു പ്ലാസ്റ്റിക് കസേരയിലേക്ക് നീങ്ങിയ അയാളോടായി അവൾ പതുക്കെ ശബ്ദിച്ചു.

‘‘ഞങ്ങളൊന്ന് നടന്നു കാണട്ടെ, വേഗം എത്താം’’

‘‘ആ ഒന്ന് കറങ്ങിക്കോ, ഒരുപാട് ദൂരെയൊന്നും പോണ്ട’’

അയാൾ കസേരയിലേക്ക് ചാഞ്ഞു.

ഏതാനും ക്ഷണങ്ങൾ മാത്രം ആയുസുള്ള ആനന്ദാവേശങ്ങളുടെ ചിറകുകളിലേറി അവളും റൂബിയും ഗാർഡനിലെ പൂക്കളിൽ നിന്നും പൂക്കളിലേക്കു ചേക്കേറിക്കൊണ്ടിരുന്നു. അത് സെൽഫികളും ലൈവ് സ്റ്റാറ്റസുകളുമായി പെയ്തിറങ്ങി.

ഇടവേളകൾക്കു ശേഷം വര പൂർത്തിയായി. താടിയെല്ല് കൂർത്ത, നീണ്ടുയർന്ന ചെവികളോട് കൂടിയ മുഖചിത്രം ആ തെരുവ് ചിത്രകാരൻ അയാൾക്ക്‌ നേരെ നീട്ടി.

‘‘അറുനൂറെല്ലാം തര മുടിയാത്, അയിനൂർ വെച്ചുക്കോ’’

ഒരു മുഷിഞ്ഞ അഞ്ഞൂറ് രൂപ നോട്ട് മേശപ്പുറത്തു വച്ച ശേഷം ഏറെ ചാരിതാർഥ്യത്തോടെ ചിത്രവുമായി അയാൾ അവരെ തേടിയിറങ്ങി.

English Summary: Swathanthryam, Malayalam short story 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;