ADVERTISEMENT

കണി കാണും നേരം (കഥ) 

വിഷു വരുന്ന ആ ഒരാഴ്ച കാലം, കുടുംബ സമേതം തിരുവനന്തപുരത്തെ സ്വന്തം വീട്ടിൽ പോയി നിൽക്കണമെന്ന ഹർജി, അത്താന്റെ (ഭർത്താവ്) കയ്യും കാലും പിടിച്ച് ചൈത്ര നേരത്തെ തന്നെ സമ്മതിപ്പിച്ച് വെച്ചതാണ്. ജന്മം കൊണ്ട് ഒരു തമിഴ് പെൺകൊടി ആണെങ്കിലും തിരുമണം ആകുന്ന വരെ തിമിർത്തു ജീവിച്ചത് അനന്തപുരിയിലെ തമ്പാനൂരുള്ള ഗീതാലയം എന്ന ആ വീട്ടിലാണ്. താൻ മാത്രമല്ല, തന്റെ ഒരേഒരു അനിയത്തി സൂര്യയും.

 

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതു കൊണ്ട്, ‘ലീവ് എടുക്കാൻ വയ്യ’ എന്ന ഒഴികഴിവ് പറയാൻ  അത്താന് ഇപ്രാവശ്യം പറ്റില്ല. ചേട്ടത്തിയും അനിയത്തിയും കൂടി പ്ലാൻ ചെയ്തതാണ്, ഈ പ്രാവശ്യം വിഷു എല്ലാർക്കും കൂടി കുടുംബ വീട്ടിൽ ഒത്തു കൂടാം.

 

തിരുവനന്തപുരത്ത് പോകുന്നതിനു രണ്ടു നാൾ മുൻപ് നാഗർ കോവിലിലെ പോത്തീസ് തുണിക്കടയിൽ ചൈത്ര ഒന്നു കയറി. വർണ്ണങ്ങൾ നിറഞ്ഞ ഓരോ നിലകൾ അങ്ങനെ കയറി നടക്കുന്നതിനിടയിലാണ് ഒരു നീല സാരിയിൽ കണ്ണുടക്കിയത്. സ്വർണ്ണക്കരയും ഇടയ്ക്കിടെ സ്വർണ്ണപ്പൂക്കളും നിറഞ്ഞ ഒരു കാഞ്ചീപുരം സാരി. ഇതാണ് തന്റെ വിഷുപ്പുടവ എന്ന് ചൈത്രയുടെ മനസ്സ് അപ്പോൾ തന്നെ പറഞ്ഞു.

 

പക്ഷേ അത്താന് ആ സാരി ഇഷ്ടപ്പെട്ടില്ല.

 

നിനക്ക് കുറേക്കൂടെ നിറവും, അലങ്കാരങ്ങളുമുള്ള വേറെ ഏതെങ്കിലും എടുത്തൂടെ.

 

എന്തിന്.. ഒരു പക്കാ തമിഴത്തി മാതിരി ഇരിക്കും.

 

തമിഴ് സ്ത്രീകളെ ഒരുമിച്ചു കാണുമ്പോൾ ക്രയോൺസിന്റെ ഒരു പാക്കറ്റ് പൊട്ടിച്ച് ഇട്ടതു പോലെ അവൾക്കു തോന്നുമായിരുന്നു. 

 

ഇഷ്ടപ്പെടാത്ത കാരണം, അത്താൻ ആ സാരിയുടെ ബില്ല് മാത്രം കൊടുക്കില്ല എന്ന നിലപാടെടുത്തു. ആ സാരി തന്നെ മതി എന്ന നിലപാടിൽ ചൈത്രയും. അവസാനം അതിന്റെ ബില്ല്‌ അവൾ തന്നെയാണ് കൊടുത്തത്.

 

മരുമകളുടെ സെലക്ഷൻ പക്ഷേ മാമിക്ക് ഇഷ്ടപ്പെട്ടു. അല്ലേലും തന്റെ മരുമകൾക്ക് നന്നായി സെലക്ട് ചെയ്യാൻ അറിയാമെന്ന് ഉച്ചത്തിൽ ഒരു അഭിപ്രായ പ്രകടനം കൂടി അവർ നടത്തുകയും ചെയ്തു. മോൾക്ക് കൊടുക്കാൻ ഇതു പോലെ വേറെ നല്ലൊരു സാരി ചൈത്ര തന്നെ പിന്നീട് സെലക്ട് ചെയ്തു കൊടുക്കണമെന്നു വരെയായി. 

 

ഇതെല്ലാം കേട്ടു കൊണ്ടിരുന്ന അത്താനെ അവൾ ഒന്നു പാളി നോക്കി.

 

തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാലുള്ള പ്രധാന പരിപാടി സഹോദരിമാർ രണ്ടും കൂടി സ്കൂട്ടറിൽ നഗരം മുഴുവൻ കറങ്ങുക എന്നുള്ളതാണ്. കോളേജ്, ഡ്രൈവിംഗ് സ്കൂൾ, കനകക്കുന്ന് കൊട്ടാരം, ശംഖുമുഖം .... മുൻപ് മനസ്സിൽ മിസ്സ് ചെയ്‌ത വഴികളിൽ കൂടി സഞ്ചരിക്കുമ്പോഴും, ചില കാഴ്ചകൾ പിന്നെയും കാണുകയും, ചിലത് പ്രവർത്തിക്കുമ്പോഴും ആണല്ലോ  ഉള്ളിൽ പടർന്നു പിടിച്ച നൊസ്റ്റാൾജിയ എന്ന ആ മരം തളിർത്ത് പൂവിടുന്നത്. ഇലകൾ കൊഴിഞ്ഞ് സ്വർണ്ണ വർണ്ണത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കൊന്ന മരം പോലെ.

 

തമ്പാനൂരിൽ രണ്ടു വീടുകൾക്കപ്പുറം ഒരു കൊന്ന മരം നിൽപ്പുണ്ട്. ഒരു കോവണി വെച്ച് അതിന്റെ ചില്ലയിൽ കയറിയാണ് പണ്ടു തൊട്ടേ കണി കാണാൻ വേണ്ടതിലുമധികം പൂക്കൾ കുലകളായ് അടർത്തിയെടുക്കാറ്.

‘‘മരം കേറി പെണ്ണ് എപ്പോൾ എത്തി’’

 

പൂക്കൾ ഇറുത്തെടുക്കുമ്പോൾ കേട്ട പ്രായമായ ആ വാക്കുകൾ ഒരു എട്ടാം ക്ലാസ്സുകാരി പെണ്ണിനെ ആ ചില്ലയിൽ കൊണ്ടെത്തിച്ചു.

 

വീട്ടിൽ കണി കണ്ട്, അച്ഛന്റെ കൈയിൽ നിന്നും കൈ നീട്ടവും വാങ്ങി, അനിയത്തിയേം കൂട്ടി പുലർച്ചെ പത്മനാഭ ക്ഷേത്രത്തിൽ പോയി അവിടെയും കണി കണ്ടു. ആ പരിസരത്തും, കിഴക്കേ കോട്ടയുടെ വഴികളിലൂടെയും വെറുതെ കുറച്ചു ദൂരം നടന്നു.

 

പായസം ഉൾപ്പടെ ഗംഭീരമായ ഒരു സദ്യ തന്നെ ഒരുക്കി. വിഷു സദ്യ കഴിക്കാൻ വന്ന പെണ്ണുങ്ങൾ രുചിക്കൂട്ടുകൾ ആസ്വദിക്കുന്നതിടയിൽ ചൈത്രയോട് പറഞ്ഞു ‘‘അളകാന സാരി. നല്ലതാണല്ലോ ഇത്.. എവിടുന്നു വാങ്ങി’’

 

സദ്യ കഴിച്ചു കൊണ്ടിരുന്ന അത്താനെ വിളമ്പിക്കൊണ്ടിരുന്ന അവൾ ഒന്നു നോക്കി. അയാൾ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി ഒന്നു ചുമച്ചു. 

 

അയാളുടെ നെറുകം തലയിൽ ഒരു തട്ട് കൊടുത്തിട്ട്, ഒരു ഗ്ലാസ്സ് വെള്ളം അയാൾക്ക് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു ‘‘കൊഞ്ചം തണ്ണിയെ കുടി’’

 

സ്റ്റാറ്റസ് ആയിട്ട് ഇട്ട തൻെറ സെൽഫി ഫോട്ടോസിനെ പുകഴ്ത്തി വന്ന മെസ്സേജുകൾ രാത്രി അവൾ അത്താന് ഫോർവേഡ് ചെയ്തു കൊടുത്തു.

 

‘‘കടയിൽ വെച്ച് സാരി മട്ടും കണ്ടപ്പോ.. എനക്ക് പുടിക്കലെ. പക്ഷേ നീ അത് ഉടുത്തപ്പോ നല്ല ഭംഗിയുണ്ട്. നല്ലൊരു കണി പോലെ.. അളകാരിക്ക്’’

 

അയാളുടെ ആ മെസ്സേജ് അവളുടെ ഇതയത്തിലേക്കാണ് ഡെലിവർ ആയത്.

 

ഗൂഗിൾ പേയുടെ മെസ്സേജ് പോപ്പ് അപ്പ് ചെയ്തതിനു തൊട്ടു പിന്നാലെ അയാളുടെ മറ്റൊരു മെസ്സജ് കൂടി വന്നു

 

‘‘കുറച്ച് കൂടി വിഷുകൈ നീട്ടം അയച്ചിട്ടുണ്ട്’’

 

ആഹാ.. ഇതാ സാരിയുടെ വിലയുടെ ഇരട്ടി ഉണ്ടല്ലോ!

 

മടങ്ങി പോകാൻ നേരം അമ്മക്കും അച്ഛനും സങ്കടം ‘‘ഇനി എന്നാ എല്ലാരും കൂടി ഇതു പോലെ..’’

 

മടക്ക യാത്രയിൽ, പിന്നിടുന്ന കാഴ്ചകൾ കാറിന്റെ ജാലകത്തിലൂടെ നോക്കിയിരിക്കവേ ചൈത്ര ആലോചിച്ചു.. നല്ലതായിരുന്നു കഴിഞ്ഞ ഒരാഴ്ച്ചക്കാലം. നൊസ്റ്റാൾജിയയുടെ മുറ്റത്തേക്ക് കുറച്ച് വിത്തുകൾ 

കൂടി വീണിരിക്കുന്നു. ഇന്നത്തെ ഈ നല്ല നിമിഷങ്ങൾ നാളത്തെ ഒരു പിടി നല്ല ഓർമ്മകൾ. ഹൃദയഹാരിയായ കർണ്ണികാരം കാണുമ്പോഴത്തെ കുളിർമ്മ പോലെ.

 

English Summary: Kani kanum neram, Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com