ADVERTISEMENT

കുംഭാരൻ (കഥ)

മാണിക്യത്തെ തറവാടിനപ്പുറം തുറസ്സായ സ്ഥലത്ത് പടലക്കാട് പടർന്നു നിറഞ്ഞിരിക്കുന്നുണ്ട്. പടർപ്പു നിറഞ്ഞ കാടിനോടു ചേർന്ന് കുശവക്കുടിലുകൾ ധാരാളമായിക്കാണാം. മൺപാത്രങ്ങൾ പണി ചെയ്ത് മെനഞ്ഞെടുക്കുന്ന കുംഭാരൻമാർ വെള്ളിയാഴ്ചകളിൽ പ്രദേശത്തുള്ള തറവാടുകളിൽ കയറിയിറങ്ങി മൺകലങ്ങൾ വിൽക്കുക പതിവായിരുന്നു. നല്ല പതമുള്ള കുശമണ്ണ് എന്നറിയപ്പെടുന്ന പ്രത്യേക തരം കളിമണ്ണുപയോഗിച്ചാണ് കുംഭാരൻമാർ മൺശാലകളിൽ കലങ്ങൾ നിർമ്മിച്ചെടുക്കുന്നത്.

 

 

കുശവൻ നഞ്ചോടനും കുശവി പൊന്നിയും പണിയുന്ന കലങ്ങൾക്കാണ് ചന്തകളിലും വീടുകളിലും വിൽപ്പന കൂടുതലുള്ളത്. മാണിക്യത്തെ കരുണാകര മേനോന്റെ ഭാര്യ തങ്കമണി തമ്പ്രാട്ടി നഞ്ചോടനേയും പൊന്നിയേയും മാത്രമേ തറവാട്ടിലേക്ക് അടുപ്പിക്കുക തന്നെയുളളു. നാട്ടിലെ തറവാട്ടുകാരാരും തന്നെ കുംഭാരക്കുടിലുകൾ നിരന്നു നിൽക്കുന്ന ഇട്ട്ള് വഴി സഞ്ചരിക്കാറില്ല. ശിവപ്രതിഷ്ഠയുള്ള കാട്ടമ്പലത്തിലേക്ക് ഈ കുശവക്കുടിലുകൾ ചേർന്നുള്ള ഊടുവഴിയിലൂടെ എളുപ്പ വഴിയുണ്ട്. വളരെ വേഗത്തിൽ കാട്ടമ്പലത്തിൽ എത്തിപ്പെടാമെങ്കിലും തറവാട്ടുകാർ ഈ വഴി പോകാതെ പൂതംകോട് വളഞ്ഞു ചുറ്റി കാട്ടമ്പലത്തിൽ എത്തിച്ചേരും.

 

 

കുശവക്കുടിലുകളിലെ ഉപജീവനമാർഗം തന്നെ മൺ കുടം ഉണ്ടാക്കി വിറ്റു കിട്ടുന്ന ലാഭമാണ്. പ്രദേശത്തെ പല തറവാടുകളും സാധാരണക്കാരും കൂലിപ്പണിക്കാരും കുംഭാരൻമാരിൽ നിന്ന് നേരിട്ട് മൺകലങ്ങൾ വാങ്ങുന്നതിനാൽ, കോങ്ങാട് ചന്തയിൽ മൺകലങ്ങളുടെ കച്ചവടം നടക്കുന്നത് തൊട്ടപ്പുറത്തുള്ള ചെറായ, മാഞ്ചേരിക്കാവ്, പെരുങ്ങോട് എന്നീ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ മേടിക്കുമ്പോഴാണ്.

 

കുട്ടിനാത്തെ തറവാട്ടിലെ പുഷ്പവല്ലിയുടെ കോങ്കണ്ണുള്ള ഭർത്താവ് ഈ പടല്ക്കാട് വഴി കാട്ടമ്പലത്തിലേക്ക് പോകുമ്പോൾ കുംഭ ശാലയിൽ കയറിയിറങ്ങുന്നത് സ്ഥിരം പതിവായിരുന്നു. മടക്ക യാത്രയിൽ ചിലപ്പോൾ ഒന്നു രണ്ടു കലം വാങ്ങിയായിരിക്കും കുട്ടി നാത്ത് തിരിച്ചെത്തുക. കുശവക്കുടിയിൽ ഭർത്താവ് കയറിയിറങ്ങുന്നത് പുഷ്പവല്ലിയ്ക്ക് തീരെ രുചിച്ചിരുന്നില്ല. ക്ഷേത്ര സന്ദർശനങ്ങൾ കഴിഞ്ഞ് ഇത്തരക്കാരുടെ കുടിയിൽ കയറി മാന്യത കളയരുതെന്ന് സുധാകരൻ തമ്പ്രാനോട് പുഷ്പവല്ലി പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.  പുഷ്പവല്ലിയുടെയും സുധാകരൻ തമ്പ്രാന്റെയും ദാമ്പത്യത്തിൽ പിറന്ന മകൾ ഹരിപ്രിയയ്ക്ക് കോങ്കണ്ണില്ലാത്തത് ഭാഗ്യായി എന്ന് തറവാട്ടിലുള്ളവർ പറയും. കാരണം കുട്ടി നാത്തെ പുഷ്പവല്ലിയ്ക്കും ചെറിയൊരു മറി കണ്ണുണ്ടായിരുന്നു. ‘‘കോങ്കണ്ണനു ചീങ്കണ്ണി, ചീങ്കണ്ണനു കോങ്കണ്ണി’’ എന്ന് നാട്ടുകാർ പറയും.

 

 

സുധാകരൻ തമ്പ്രാൻ ഇടയ്ക്കും തലയ്ക്കും കലം ഉണ്ടാക്കുന്നിടത്ത് കയറിയിറങ്ങുന്നത് നഞ്ചോടനും പൊന്നിക്കും വലിയ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. കലം വേണേൽ തമ്പ്രാൻ പറഞ്ഞാൽ തറവാട്ടിൽ കൊണ്ടുവന്നു തരാം എന്നാണവരുടെ നിലപാട്. കോങ്കണ്ണന്റെ നോട്ടം ശരിയല്ലെന്ന് തറവാട്ടുകാരും നാട്ടുകാരും ഒന്നടങ്കം പറയും. തമ്പ്രാന്റെ നിൽപ്പും ഭാവവും ആർക്കും ഹിതമായെന്നു വരില്ല. സ്ത്രീകളോട് കുശലപ്രശ്നം ചെയ്യുന്നതിൽ തല്പരനായിരുന്നതിനാൽ ആ കാര്യത്തിൽ ഒട്ടും വിശ്വസിക്കുവാൻ കൊള്ളാത്ത വനാണെന്നാണ് ജനപക്ഷം.

 

നാട്ടിലെ പ്രസിദ്ധ കുടുംബമായ കോഴിശ്ശേരിക്കളത്തിൽ കാർന്നോരെ സന്ദർശിക്കുകയെന്ന തരത്തിൽ സുധാകരൻ തമ്പ്രാനെത്തിയാൽ കാർന്നോത്തി നാരായണിയമ്മ തറവാട്ടിലെ പെൺകുട്ടികളെ ചീത്ത പറഞ്ഞ് തളത്തിലെത്തിക്കും. സുധാകരൻ തമ്പ്രാൻ പടിയിറങ്ങിപ്പോകുന്നതു വരെ പുറത്തിറങ്ങിപ്പോകരുതെന്ന താക്കീതും നൽകും. നാരായണിയമ്മ കുശലതയോടെ സംസാരിച്ച് തമ്പ്രാനെ തിരിച്ചയയ്ക്കും.

 

കുട്ടിനാത്തെ തറവാട്ടിലെ ആൺ പ്രജകളുടെ മുടി വെട്ടി ക്ഷൗരം ചെയ്യാൻ ക്ഷുരകൻ മായൻ പലപ്പോഴും ഒറ്റയ്ക്കാണ് എത്താറുള്ളത്. മറ്റു തറവാടുകളിൽ സഹായത്തിനായി മകൾ ലീലയേയും ഒപ്പം കൂട്ടും. മറി കണ്ണുള്ള സുധാകരൻ തമ്പ്രാന്റെ കണ്ണിൽ പെട്ടാൽ സ്ത്രീകൾ കഷ്ടത്തിലാകുമെന്ന് മായൻ എല്ലാവരോടും പറയുന്നതു കേൾക്കാം. സുധാകരൻ തമ്പ്രാന്റെ കൺ വിളയാട്ടത്തിൽ കുറേ പെൺകുട്ടികൾ കുരുങ്ങി നശിച്ചെന്നും അയാൾ കൂട്ടിച്ചേർക്കും.

 

നഞ്ചോടനും പൊന്നിയും മാണിക്യത്ത് പോകുമ്പോൾ തങ്കമണി തമ്പ്രാട്ടിയോട് സുധാകരൻ തമ്പ്രാന്റെ സഹിക്കവയ്യാത്ത ശല്യം പറയും. സൂക്ഷിക്കണം അയാളെ ... എപ്പോഴാ നിറം മാറാന്ന് പറയാൻ കഴിയില്ല ... എന്നൊക്കെ തങ്കമണി തമ്പ്രാട്ടിയും പറയും. തങ്കമണി തമ്പ്രാട്ടിയുടെ മകൾ മാതംഗിക്കുട്ടി അയാൾടെ കണ്ണിൽ പെടാതെ കാത്തോളണേ തമ്പ്രാട്ടീന്ന് പൊന്നിയും പ്രതി വചിക്കും. സുധാകരൻ തമ്പ്രാന് പലപ്പോഴും പല സ്വഭാവവൈകൃതങ്ങളും ഉണ്ടായത് നേരിൽ കണ്ടിട്ടുണ്ടെന്ന് ക്ഷുരകൻ മായൻ തങ്കമണി തമ്പ്രാട്ടിയോടും പറയാറുണ്ട്. തങ്കമണി തമ്പ്രാട്ടിയുടെ മകൾ മാതംഗിയും പൊന്നിയുടെയും നഞ്ചോടന്റെയും മകൾ ചക്കിയും സമപ്രായക്കാരായതിനാൽ മാതംഗി കുറച്ചുപയോഗിച്ച് കേടുവരാത്ത  വേഷങ്ങളെല്ലാം തന്നെ തമ്പ്രാട്ടി ചക്കിയ്ക്ക് കൊടുക്കും.

 

കാട്ടമ്പലത്തിലെ ഉത്സവം ജാതിഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ആഘോഷിക്കും. അന്ന് കുംഭാരക്കുടിയിലും അമ്പലത്തിന്റെ വഴിയോരത്തുമൊക്കെയായി കുശവൻമാരുടെ മൺപാത്രങ്ങൾ നിരന്നിരിക്കും. കാട്ടമ്പലത്തിലെ ഉത്സവ കാലം കുംഭാരക്കുടിയിൽ പട്ടിണിയില്ലാത്ത കാലമാണ്.

പാറക്കോട്ടിലിൽ നിന്ന് തുടങ്ങി അണിയത്ത് വീടിന്റെ പടിപ്പുര വരെ നിരനിരയായി മനോഹരമായ മൺപാത്രങ്ങൾ നിരത്തി ജീവിക്കുവാനുള്ള ചില്ലിക്കാശ് ഉണ്ടാക്കുന്ന പത്തിരുപത്തിയഞ്ച് കുശവകുടുംബങ്ങൾ. കുംഭാരവർഗ്ഗത്തിൽ പെട്ടതിനാൽ മാത്രം പഠിപ്പു നിർത്തി ചക്കിയും അപ്പനമ്മമാരുടെ തൊഴിൽ തുടരുന്നു.

 

നഞ്ചോടനും പൊന്നിയും കാട്ടമ്പലത്തിലെ ഉത്സവ സമാപന ദിവസം പാടുപെട്ടുണ്ടാക്കിയ കലങ്ങൾ വിറ്റഴിക്കുകയാണ്. ശിവഭക്തരായ നഞ്ചോടനും പൊന്നിയും കാട്ടമ്പലത്തിലെ ശിവഭഗവാൻ തങ്ങളെ കാത്തോളും എന്ന് ഉറച്ചു വിശ്വസിക്കുന്നവരുമാണ്. ഉത്സവം അവസാനിക്കുന്ന ദിവസം  ഏകദേശം

ഉത്സവത്തിന്റെ ഒടുക്കമായപ്പോൾ ചക്കി കാട്ടമ്പലത്തിൽ തൊഴുതു വന്നു. നേരം സന്ധ്യയോടടുക്കുന്നു. എങ്കിലും ഉത്സവകാലത്തുള്ള കച്ചവടം മുടങ്ങരുതെന്നു കരുതി ചക്കി യക്കിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് വിൽക്കുവാനുള്ള 

മൺപാത്രനിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ്.. കുംഭശാലയിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ട് ചക്കി തിരിഞ്ഞു നോക്കി. സുധാകരൻ തമ്പ്രാൻ ... കോങ്കണ്ണനായതിനാൽ അയാളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ മുഖത്തു നിന്നറിയുവാൻ പ്രയാസമാണ്. നഞ്ചോടനും പൊന്നിയും കുടിലിലില്ലെന്നു പറഞ്ഞിട്ടും അയാൾ പോകുന്നില്ല. ചക്കിയുടെ പാത്രനിർമ്മാണം നോക്കി സമയം ചെലവഴിച്ചു നിന്നു. സഹികെട്ട് കുംഭശാലയിലെ പണി നിർത്തി ചക്കി അടുത്തു തന്നെയുള്ള കുടിയിലേക്കു പോയി. അപ്പോഴും കുംഭ ശാലയിൽ തന്നെയിരുന്ന് മറികണ്ണൻ സുധാകരൻ ശിവസ്തുതിയാലപിച്ചു.

 

ഉത്സവ ചന്തയിൽ നിന്ന് മകൾ ഹരിപ്രിയയ്ക്ക് മാല വാങ്ങുമ്പോൾ ചക്കിക്കും കൂടി വാങ്ങിയ മാല കൊടുക്കുവാൻ മറന്നു പോയതിൽ ഖേദിച്ച് തമ്പ്രാൻകുറച്ചുനേരം കൂടി ശിവകീർത്തനം പാടി അവിടെയിരുന്നു. വഴിയിൽ നിന്ന് പൊന്നിയുടെ കയ്യിൽ മാല കൊടുക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് നഞ്ചോടന്റെ കുടിയിൽ നിന്ന് ചക്കിയുടെ നിലവിളി കേട്ടത്. കോങ്കണ്ണൻ ഓടി കുടിയുടെ മുന്നിലെത്തിയപ്പോൾ കുടിയുടെ പൊളിഞ്ഞ വാതിൽ മലർക്കെ തുറന്നിരിക്കുന്നു. അകത്തു കടന്നപ്പോൾ കണ്ട കാഴ്ച അയാളുടെ കോങ്കണ്ണിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. തന്റെ മകളുടെ പ്രായമുള്ള ചക്കിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് കോങ്കണ്ണന്റെ അപ്പോഴത്തെ കടമയായിരുന്നു. അതുകൊണ്ടു തന്നെ കലം ചൂടാക്കുവാൻ വേണ്ടി കുടിയുടെ പുറത്ത് കത്തിക്കൊണ്ടിരിക്കുന്ന തീക്കൊള്ളി ആ മറി കണ്ണിൽ പെട്ടു. ആ തീക്കൊള്ളി വലിച്ചെടുത്ത് ചക്കിയുടെ ചാരിത്ര്യം കവരുവാൻ ശ്രമിക്കുന്ന  മാന്യനെ പൊതിരെ തല്ലി. മാന്യന്റെ ദേഹത്തെ കുപ്പായം കത്തിപ്പിടിച്ചപ്പോൾ പൊള്ളൽ സഹിക്കുവാൻ കഴിയാതെ അയാൾ പുറത്തേക്ക് ചാടി. തീ പൊള്ളലേറ്റ് അലറുന്ന ക്ഷുരകൻ മായനെ നാട്ടുകാരായ നാട്ടുകാരൊക്കെ ഭീതിയോടെ നോക്കിക്കാണുകയായിരുന്നു.

 

English Summary: Kumbharan, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com