ADVERTISEMENT

സുപ്പീരിയോറിറ്റി കോംപ്ലക്സ് (കഥ) 

‘‘നിനക്ക് സുപ്പീരിയോറിറ്റി കോംപ്ലക്സ് ആണ് ... , ടു ബി ഫ്രാങ്ക്, ഐ റിയലി വാണ്ട് ടു ഗെറ്റ് ഔട്ട് ഓഫ് ദിസ്’’

മുഖത്തു നോക്കാതെയതു പറഞ്ഞു നിർത്തി വികാസ്, വളരെ സ്വാഭാവികമായി തിരക്കിട്ട് ഒരു ഫോൺകോളിലേക്കു പോയി. അവൻ പറഞ്ഞതു മനസ്സിലായെങ്കിൽ ദ്വിജയുടെ കണ്ണു നിറയേണ്ടതാണ്. എന്തുകൊണ്ടോ അവൾ അന്നേരം അസാധാരണമായ  ശാന്തതയനുഭവിക്കുകയായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും എന്തോ ബാക്കി വച്ചതോർമ്മിപ്പിക്കും പോലെ, ഫോൺ വച്ചതും വികാസ് ഒന്നു ചുമച്ചു.

 

മോതിരവിരലിലെ ഒരു കല്ലു നഷ്ടപ്പെട്ട്, മറുകല്ലിൽ തിളങ്ങുന്ന ഡയമണ്ട് റിങ്ങിൽ നോക്കി, അതു തിരിച്ചു കൊടുക്കില്ല എന്ന് പെട്ടെന്ന് തീരുമാനിച്ചു കൊണ്ട് ദ്വിജയും ഒന്നു ചുമച്ചു. റെസ്റ്റോറന്റിൽ എല്ലാവരും അവരെ ഭയപ്പാടോടെ നോക്കി. പെട്ടെന്ന്  മാസ്ക്ക് എടുത്ത് വച്ച് ദ്വിജ ഒരു ഷെയ്ക്ക് ഹാൻഡ്‌ വികാസിനു കൊടുത്തു.

 

‘‘ ആക്ച്ചൊലി ഐ വാസ് ഗോയിംഗ് റ്റു ടെൽ യു ദ സെയിം’’

 

സ്വാതന്ത്ര്യം മടുത്തു. ജോലി മടുത്തു. പഴയതു ദഹിക്കാതെ അസ്വസ്ഥമായി. ജോലിയിൽ നിന്നു ‘ഫയേഡ്’ ആയി. എന്തിനോ ഉള്ള അലച്ചിലുകൾ മാത്രമായി തുടങ്ങിയപ്പോഴാണ് മറ്റൊരു കൂട്ടെന്ന ചിന്ത വന്നത്.

 

‘‘സോറി, മിസ് ദ്വിജ ഹിയർ നോ ഓപ്ഷൻ ഫോർ സിംഗിൾസ് ടു അഡോപ്റ്റ്’’

 

അമ്മത്തൊട്ടിലിലെ മേട്രൺ ആവർത്തിച്ചു കൊണ്ടേയിരുന്നു. പിന്നെയാണ് ദ്വിജ അവളുടെ സുപ്പീരിയോറിറ്റിയുടെ ഉറവിടം പുറത്തെടുത്തത്... പി.എച്ച്.ഡിയുടെയും എം.ഫില്ലിന്റെയും സർട്ടിഫിക്കറ്റുകളുടെ ഇടയിൽ നിന്ന്... എന്നേ മുറിച്ചു മാറ്റപ്പെട്ട യൂട്രസിന്റെ ... ആർത്തവമില്ലായ്മയുടെ .... മേൽക്കോയ്മ. അങ്ങനെ പതിനൊന്നു ദമ്പതികളാൽ നിരസിക്കപ്പെട്ട കനി അവൾക്കു സ്വന്തമായി ... ഇൻഫീരിയോരിറ്റി മാത്രമുള്ള കനിയുടെ കണ്ണുകൾ, നീളത്തിന് ഏറ്റക്കുറച്ചിലുള്ള കാലു പോലെ മറ്റൊരു ദിശയിൽ നിന്നും ഇവിടെ ദ്വിജയിലേക്കെത്തുവാൻ പിന്നെയും നാളുകൾ ... ഏറെ നാളുകളെടുത്തു. 

 

എത്ര നാടുകളാണ് അവരെ കാത്തു നിന്നത് .... ഒരു വണ്ടി സ്വന്തമാക്കി, വ്ളോഗിംഗ് തുടങ്ങി ... ദ്വിജയുടെയും കനിയുടെയും വിരസമായ സ്വാതന്ത്രങ്ങൾക്ക് യാത്രാന്ത്യത്തിൽ പുതിയ വിലകൾ, ഫോളേവേഴ്സ് ....

 

‘‘നല്ല സുഖായല്ലേ .... റേപ്പ് ഒന്നും പേടിക്കണ്ടാല്ലോ... കറങ്ങി നടക്കാൻ ... എന്താ ഒരു സൗകര്യം ...’’

   

 

അടുത്ത ഫ്ളാറ്റിന്റെ വരാന്തയിൽ നിന്ന് അറിയപ്പെട്ട ‘ഫെമിനിച്ചി’ സൗദാമിനേച്ചി വിളിച്ചു കൂവുന്നുണ്ട്. ദ്വിജയുടെ ഹൃദയത്തിൽ നിന്നാണാവോ ... എന്തോ അവിടെ വീണുടഞ്ഞു.

 

‘‘ അമ്മേ ... എന്താ റേപ്പ് ...?’’

 

ഉന്നതവും അധകൃതവുമല്ലാത്ത ഒരു ലഘു പദം തേടി ദ്വിജ യാത്ര തുടങ്ങിയിരുന്നു.

 

English Summary: Superiority complex, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com