ADVERTISEMENT

ഇല്ല (കഥ)

ക്യാമറാമാൻ അവനോടും അവളോടും ചേർന്ന് നില്ക്കാൻ ആവശ്യപ്പെട്ടു. കെട്ടിപ്പിടിക്കാനും കണ്ണിൽ കണ്ണിൽ നോക്കാനും പറഞ്ഞു. അവൾ നോക്കി, അവന് നാണം. ബന്ധുക്കൾ ഇരുവശത്തും ഫോട്ടോയ്ക്കായി വരി നിന്നു. ശരിക്കും നിന്നോ? ഇല്ല. വരി പോലെ കൂടി നിന്നു.

 

 

‘‘മാസ്ക് വച്ചോണ്ട് എന്ത് ഫോട്ടോ? ഊരിക്കോ മാസ്ക്... ങും..’’ ക്യാമറാമാൻ ചിരിച്ചു. പല്ല് കണ്ടു. പെണ്ണിനും ചെക്കനും ചുറ്റും നിന്നവർ മാസ്ക് ഊരി. വിരലുകൾ പൊക്കി വിക്ടറിയും തംബ്സ് അപ്പും ചെയ്യാൻ പറഞ്ഞു. കൂടെ ‘ചീ’ ഫോർ ചീസും. എല്ലാരും ചിരിച്ചു. പല്ലുകൾ ക്യാമറ ഒപ്പി. കല്യാണ ചെറുക്കൻ എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ചു.

 

‘‘മാസ്ക് ഊരെടാ.. ഇവിടെ ആർക്കും കൊറോണ ഇല്ലടേയ്... അവന്റെ ഒരു പേടി..’’

 

ഞാൻ ഊരി. ചിരിച്ചു. എന്റെ പല്ലുകളും ക്യാമറയ്ക്കുള്ളിയായി.

 

ഓഡിറ്റോറിയത്തിന് മുന്നിൽ വച്ചിരുന്ന, ഒറ്റപ്പെട്ടു പോയ സാനിട്ടൈസർ കുപ്പി ചൂടത്തിരുന്നു പൊള്ളി.

 

‘‘അതൊക്കെ അങ്ങ് കർണാടകത്തിലും ബോംബൈയിലുമല്ലേടേയ്.. ഇവിടെ ഒന്നും ഇല്ലാന്ന്... ചുമ്മാ പത്രക്കാര് വാർത്ത ഉണ്ടാക്കാൻ വേണ്ടി പെരുപ്പിച്ച് വിടണതല്ലേ! നീ കഴിക്ക്...’’ വകയിൽ ഒരമ്മാവൻ എന്നെ ചേർത്ത് പിടിച്ച് പ്ളേറ്റിലേക്ക് ഒരു കോഴിക്കഷ്ണം ഇട്ടു തന്നു.

 

എന്റെ ഓർമകൾക്ക് മുകളിൽ മണ്ണ് വീണു. വെള്ള ഉടുപ്പിട്ട കുറേപ്പേർ എന്നേം വേറെ ചിലരെയും ഒരുമിച്ച് കുഴിയിലേക്കിട്ടു. മണ്ണ് വീണു. കുഴി മൂടി. ഞങ്ങളെ കൊണ്ടുവന്ന വണ്ടി സ്റ്റാർട്ട് ആയി. കുറച്ചകലെ വേറെ കുഴികൾ കുത്തുന്ന ശബ്ദം കേൾക്കാം.

 

വാരയകലെ ആരോ ആരോടോ ഫോണിൽ പറയുന്നുണ്ടായിരുന്നു.

 

‘‘ഹേ.. ഇവിടെയൊന്നും ആർക്കും ഒന്നുമില്ല.. ധൈര്യമായി പോന്നോ...’’

 

English Summary: Illa, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com