ADVERTISEMENT

ഫ്രീ ലിഫ്റ്റ് (കഥ)

സഹൃദയൻ പിള്ള ആളൊരു ശുദ്ധനാണ്. ഒരു വിമുക്ത ഭടൻ ആണെന്ന് തോന്നിപ്പിക്കാൻ വേണ്ടി മാത്രം മൂക്കിന് താഴെ ഫിറ്റു ചെയ്തു വച്ചിരിക്കുന്ന കട്ട  മീശ ഒഴിച്ചാൽ, പേര് പോലെത്തന്നെ പിള്ള ഒരു സഹൃദയൻ! ചെറുപ്പത്തിലേ പ്രാരാബ്ധം തലയിൽ കയറിയപ്പോൾ അന്നുണ്ടായിരുന്ന ഏക വഴി രാജ്യസേവനമായിരുന്നു, എയർ ഫോഴ്സിൽ പതിനഞ്ചു വർഷം. അന്ന് അങ്ങനെയൊരു സാഹസം എടുത്തപ്പോൾ ചിലരൊക്കെ പുച്ഛിച്ചെങ്കിലും ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങൾ പലരെയും അസൂയാലുക്കളാക്കുന്നു. വീടിനു ടാക്സ് വേണ്ട, മാസാമാസം മദ്യക്കുപ്പികൾ അടക്കം കാന്റീൻ സൗകര്യങ്ങൾ, സൗജന്യ മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ, അങ്ങനെ പോകുന്നു ആ നീണ്ട ലിസ്റ്റ്. 

 

എല്ലാമാസവും സഹൃദയൻ പിള്ള കൊച്ചിയിലെ ക്യാന്റീനിൽ പോയി കോട്ട വാങ്ങും. കോറോണയുടെ  ആഗമനം കുപ്പി കിട്ടുന്നതിനെ അല്പസ്വല്പം മന്ദീഭവിപ്പിച്ചെങ്കിലും, കാര്യങ്ങൾ മുടങ്ങാതെ, ഉഷാറായി നടന്നു പോയതിൽ പിള്ളയും ചില വളരെ അടുത്ത സുഹൃത്തുക്കളും സംതൃപ്തരായിരുന്നു! 

 

അന്നും പതിവുപോലെ കോട്ട കുപ്പികൾ വാങ്ങാൻ തയാറായി, വലിയ ഒരു എയർ ബാഗും കാറിന്റെ പിൻസീറ്റിൽ വച്ച് പിള്ള കൊച്ചിക്കു യാത്ര തിരിച്ചു. അധികം തിരക്കില്ലാതിരുന്നതിനാൽ കുപ്പി പെട്ടെന്ന് കിട്ടി. അവറ്റകളെ, തമ്മിലടിച്ചു പൊട്ടാതിരിക്കാൻ കടലാസു പൊതിഞ്ഞു ഭദ്രമായി ബാഗിലാക്കി, കാറിന്റെ പിൻസീറ്റിൽ അനക്കം തട്ടാത്ത രീതിയിൽ സ്ഥാപിച്ച ശേഷം തിരികെ വീട്ടിലേക്കു യാത്രയായി. മെയിൻ ഗേറ്റ് കടന്നു ബസ്റ്റോപ്പിന് എത്തുന്നതിനുമുമ്പ് ഒരു വലിയ എയർ ബാഗുമായി റോഡരുകിൽ നിന്നുകൊണ്ട് ഒരു മധ്യവയസ്‌കൻ കൈ ഉയർത്തിക്കാണിച്ചു ലിഫ്റ്റ് ചോദിച്ചു. നേരത്തെ പറഞ്ഞതുപോലെ പിള്ള ഒരു സഹൃദയനാണല്ലോ, കുപ്പി വാങ്ങിക്കാൻ വരുന്ന ദിവസം ആരു ലിഫ്റ്റ് ചോദിച്ചാലും കൊടുക്കും. ചിലപ്പോൾ ഹൈവേ വരെ, അല്ലെങ്കിൽ മെട്രോ സ്റ്റേഷൻ വരെ, അതും അല്ലെങ്കിൽ ടൗണിലെ ബസ്സ്‌ സ്റ്റോപ്പ്‌ വരെ, ഇതൊരു സാധാരണ പതിവാണ്. 

 

‘‘ഒരു കാറിൽ  താൻ മാത്രമായി പൊകുന്നതല്ലേ, ചെറിയ ഒരു സഹായം, അതും മറ്റൊരു വിമുക്ത ഭടന്.’’ സ്വന്തം പ്രവർത്തിയിൽ പിള്ള അഭിമാനം കൊണ്ടു. കാറിന്റെ ഗ്ലാസ് താഴോട്ടാക്കി പിള്ള ചോദിച്ചു - 

‘‘എങ്ങോട്ടാ?’’ മറുപടിക്കുപകരം ഒരു മറുചോദ്യം - 

‘‘ചേട്ടൻ എങ്ങോട്ടാ?’’ 

‘‘ഞാൻ അങ്കമാലിക്കാ.’’

‘‘എങ്കിൽ എന്നെ കളമശ്ശേരി സ്റ്റാൻഡിൽ വിടുന്നതിൽ....?’’ 

‘‘ഏയ് ഒരു വിരോധവുമില്ല, ബാഗ് പുറകിലത്തെ സീറ്റിൽ വച്ചിട്ട് ദാ ഇങ്ങോട്ടു കയറിക്കോ.’’ ഗസ്റ്റ് സീറ്റിൽ കിടന്ന ന്യൂസ്പേപ്പറും സാനിറ്റൈസറുമെല്ലാം എടുത്ത് മാറ്റി പിള്ള അപരന് സീറ്റുണ്ടാക്കി. കാറ് വൈറ്റില കടന്നു, പാലാരിവട്ടം   പാലം വഴി യാത്ര തുടർന്നു. 

 

‘‘ചേട്ടൻ ഏതു ബ്രാഞ്ചിലായിരുന്നു?’’ അപരന്റെ ന്യായമായ ചോദ്യം. 

‘‘എയർ ഫോഴ്സ്, പതിനഞ്ചുകൊല്ലം, അതുകഴിഞ്ഞു ബാങ്ക് ജോലി, ഇപ്പോൾ റിട്ടയർ ചെയ്തു.’’ എല്ലാം ഒറ്റ ശ്വാസത്തിൽ ഗാമ വിടാതെ പിള്ള പറഞ്ഞു തീർത്തു. 

‘‘ഞാൻ ഇൻഫൻട്രി, കാർഗിൽ വാറിൽ ഉണ്ടായിരുന്നു.’’ സഹൃദയൻ പിള്ളക്ക് അപരന്റെ രാജ്യസേവനത്തിൽ അഭിമാനം തോന്നി. ഒരു വാർ ഹീറോയ്ക്കാണ് തൻ ലിഫ്റ്റ് കൊടുക്കുന്നത്! അധികം താമസിയാതെ കാറ് കളമശ്ശേരി കവലയിൽ എത്തി. പുറകിലത്തെ സീറ്റിൽ നിന്ന് ബാഗുമെടുത്തു അയാൾ ഇറങ്ങി. 

 

‘‘അടുത്ത മാസം പറ്റിയാൽ കാണാം ചേട്ടാ, ലിഫ്റ്റിന് താങ്ക്സ്.’’ അയാൾ റോഡരികിലൂടെ നടന്നു നീങ്ങുന്നത് റിയർവ്യൂ മിറർ വഴി പിള്ളക്ക് കാണാമായിരുന്നു. ചില യുദ്ധകാല സ്മരണകളും അയവിറക്കിക്കൊണ്ടു പിള്ളയും ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തി. പുറകിലത്തെ ഡോർ തുറന്നു ബാഗ് എടുക്കാൻ തുനിഞ്ഞപ്പോഴാണ് മസ്സിലായത്, അത് തന്റെ ബാഗല്ല, ഇടക്കിറങ്ങിയ ഇൻഫൻട്രിയുടേതാണെന്നു ! കഷ്ടം പാവത്തിന്റെ ബാഗ് മാറിപ്പോയി! അയാളുടെ മൊബൈൽ നമ്പറോ പേരോ ഒന്നും അറിയില്ല, ചോദിച്ചുമില്ല! ചിലപ്പോൾ  ബാഗിനുള്ളിൽ അയാളെക്കുറിച്ച് എന്തെങ്കിലും വിവരം കാണുമായിരിക്കും, പിള്ള ബാഗ് വെളിയിലെടുത്തു തുറന്നു നോക്കി. ന്യൂസ്പേപ്പറിനകത്തു ഭദ്രമായി പൊതിഞ്ഞ ആറ് കുപ്പികളൊഴിച്ചാൽ അയാളുടെ ഒരു കടലാസു കഷണം പോലും ബാഗിലില്ല! ഏതായാലും അതിൽ ഒരു കുപ്പി പിള്ള സാവധാനം തുറന്നു നോക്കി. പിള്ളക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! ബാക്കി അഞ്ചു കുപ്പികളും കൂടി  ഓരോന്നോരോന്നായി പിള്ള തുറന്നു. ഹെർക്കുലീസ് റമ്മിന്റെ കാലിക്കുപ്പികളിൽ മണ്ണ് നിറച്ചിരിക്കുന്നു!!! 

 

തല കറങ്ങി വീഴാതിരിക്കാൻ സഹൃദയൻ പിള്ള നടക്കല്ലിൽ കുത്തിയിരുന്നു. മനസ്സിൽ അപ്പോൾ ഒരൊറ്റ ശപഥമേ   ഉണ്ടായിരുന്നുള്ളു...!  

 

English Summary: Free Lift, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com