‘ഒരു തൊണ്ണൂറ്റി ഒന്നു രൂപാ വേണം’ ബാങ്കിൽ എത്തിയ വൃദ്ധൻ മാനേജരോട് അപേക്ഷിച്ചു

poor-man
Representative Image. Photo Credit : wrangler / Shutterstock.com
SHARE

പാരനോയിഡ് (കഥ)

തിരക്കൽപ്പം കുറഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. കേഷ്യറുടെ ഇരുമ്പു കൂട്ടിലെ കിളിവാതിലിലൂടെ സ്വതന്ത്രരാക്കപ്പെട്ട ഡെബിറ്റും ക്രഡിറ്റും സ്ലിപ്പുകളും ചെക്കുകളും ഒരു പാസിങ്ങ് മുദ്രക്കു വേണ്ടി മേശപ്പുറത്തേക്ക് നൃത്തം വെച്ച് പറന്നു വരുന്നതിനിടയിലും ഒരു വൃദ്ധൻ തിടുക്കപ്പെട്ട് ഗ്ലാസ് ഡോർ തള്ളിത്തുറന്ന് ഉള്ളിലേക്ക് വരുന്നത് ഞാൻ കണ്ടു. പാന്റും ഷർട്ടുമാണ് വേഷം. മാസ്ക്കിന്റെ വശങ്ങളിലൂടെ കുറ്റിത്താടി എഴുന്നു നിൽക്കുന്നു. കണ്ണടയുടെ അടിയിൽക്കൂടി ഞങ്ങളിരിക്കുന്ന കസേരകളിലേക്ക് കണ്ണുകൾ പരതുന്നു. ധൃതി അയാളുടെ ചലനങ്ങളിലും മുഖത്തും തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. 

ഗ്ലാസ് ഡോർ തുറന്ന പാടെ പേരും മൊബേൽ നമ്പറും എഴുതാനായുള്ള ഒരു രജിസ്റ്ററും പിന്നെ ഒരു സാനിറ്റൈസറും ഒരു മേശയിൽ എടുത്തു വെച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞതിനു ശേഷം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണമെന്ന് നിബന്ധന വെച്ചിരിക്കുന്ന കാര്യങ്ങളിൽപ്പെട്ടതാണ്. തുടക്കത്തിൽ രജിസ്റ്ററിൽ പേരെഴുതാതെ ഒരാളെപ്പോലും കടന്നു വരാൻ അനുവദിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ കൊറോണ ചിരപരിചിതനായപ്പോൾ ആരെങ്കിലും വഴി തെറ്റി വന്ന് രജിസ്റ്ററിൽ പേരു ചേർത്തെങ്കിലേ ഉള്ളു എന്നായിരിക്കുന്നു. ധൃതിക്കിടയിലും അയാൾ കൃത്യമായി സാനിറ്റൈസർ കൈയ്യിൽ ഉപയോഗിക്കുകയും പേരെഴുതാനായി രജിസ്റ്ററെടുത്ത് പേനയന്വേഷിക്കുകയും ചെയ്തു. പേന എവിടേക്കോ നഷ്ടപ്പെട്ടിരിക്കുന്നു. അയാൾ തിടുക്കത്തിൽ എന്റെ മുൻപിലേക്കെത്തി പേനക്ക് വേണ്ടി കൈ നീട്ടി. നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ നിയമം നിർമ്മിച്ചവർ ചുമതലപ്പെടുത്തിയ പരിപാലകർക്ക് ഇഷ്ടപ്പെടണമല്ലോ. കൈയ്യിലിരുന്ന പേന അയാൾക്ക് സമ്മാനിച്ചു.

രജിസ്റ്ററിൽ പേരെഴുതി വേഗത്തിൽ അയാൾ തിരിച്ചെത്തി. കൈയ്യിൽ ഒരു ആധാർ കാർഡുമുണ്ട്. അയാളുടെ ഈ തിടുക്കം എന്തിലേക്കുള്ള പുറപ്പാടാണെന്ന് ചുഴിഞ്ഞാലോചിച്ചു കണ്ടു പിടിക്കാൻ ശ്രമിച്ചു. ഡെസ്കിൽ കൂന കൂട്ടിയിരിക്കുന്ന അനേകം പെൻഡിങ്ങ് അപേക്ഷകളിലൊന്നിന്റെ ഉടമസ്ഥനാണോ. സാധാരണ അനുഭവം വെച്ചിട്ട് ഒരാൾ പ്രത്യേകിച്ചും ഒരു വൃദ്ധൻ തിരക്കിട്ട് വരുന്നത് ഒരു അപലക്ഷണമാണ്. അപേക്ഷ കൊടുത്തിട്ടു നാളുകളായിട്ടും ഫലമുണ്ടാകാത്തതിന്റെ അമർഷം തീർക്കാൻ യുദ്ധ സജ്ഞരായി വന്നതായിരിക്കും അവർ. അപേക്ഷകൾ അശാന്തമായ ഒരു കടൽ പോലെ ഫയലിനുള്ളിൽ തിരകൾ തീർക്കുന്നു. അഡ്രസ് മാറ്റാൻ, പാൻ നമ്പർ ചേർക്കാൻ, സബ്സിഡിക്കുള്ള ആധാർ അക്കൊണ്ടുമായി ബന്ധിപ്പിക്കാൻ, പാസ് ബുക്ക് ഇഷ്യൂ ചെയ്യാൻ, പുതിയ എ ടി മം കാർഡും , ക്രഡിറ്റ് കാർഡും, കിസാൻ കാർഡും ലഭിക്കാൻ, പഴയ അക്കൗണ്ടുകൾ പുതുക്കാനുള്ള റീ കെവൈസി ചെയ്യാൻ, അക്കൗണ്ട് ക്ലോസുചെയ്യാൻ, എൻ ഒ സി ലഭിക്കാൻ, ലോൺ ക്ലോസ് ചെയ്യാൻ, ടിഡിസ് സർട്ടിഫിക്കറ്റും സ്‌റ്റേറ്റ്മെൻറും ലഭിക്കാൻ, ചെറുതും വലുതുമായ ലോണുകൾ കിട്ടാൻ അങ്ങനെ അപേക്ഷകളുടെ ഒരു നൂറു കൈവഴികളാണ് ഫയലിൽ വന്നടിഞ്ഞു ചേർന്നിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ബണ്ടു പൊട്ടിച്ച് അതിലൊന്ന് പുറത്തുചാടിയതിൽ, നല്ല പാലുതരുന്ന പശുക്കളേയും എരുമകളേയും ബാങ്കു മാനേജർ ലഭ്യമാക്കിക്കൊടുക്കണമെന്ന കാർഷികലോൺ കസ്റ്റമറുടെ വിനീതമായ അപേക്ഷ കണ്ട് ഏതാനും നിമിഷത്തേക്ക് ഞാനൊരു എരുമച്ചന്തയിലാണിരിക്കുന്നതെന്ന സ്ഥലകാല വിഭ്രമത്തിലകപ്പെടുകയും ചെയ്തിരുന്നു. 

ചീത്ത വിളിച്ചാണോ അതോ ഡെസ്കിലടിച്ചാണോ പരാതിക്ക് ആരംഭം കുറിക്കുക എന്നു നിശ്ചയമില്ലാത്തതു കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കാതെ മുമ്പിലിരിക്കുന്ന കംപ്ലൂട്ടറിലേക്ക് കണ്ണുകളെ പായിച്ച്  തിരക്കഭിനയിച്ചു. 

‘‘സാറേ ഒന്ന് മാനേജരെ കാണേണ്ടിയിരുന്നു.’’ അയാൾ അക്ഷമയോടെ കാര്യം അവതരിപ്പിച്ചു.

സിസ്റ്റത്തിൽ നിന്ന് കണ്ണുകളെ മോചിപ്പിച്ച് അയാളെ നോക്കി. ‘‘എന്തെങ്കിലും ലോണിന്റെ കാര്യമാണോ. എന്താണെന്ന് വച്ചാൽ പറഞ്ഞോളു. ’’

‘‘അതു മാനേജരോടു പേഴ്സണലായിട്ടു പറയാനുള്ളതാണ്.’’

ഇനി ഇൻവെസ്റ്റ്മെന്റ് എന്ന് പറഞ്ഞ് ലൈഫ് ഇൻഷുറൻസുകൊടുത്ത് പറ്റിക്കപ്പെട്ട കസ്റ്റമർ ആരെങ്കിലുമാണോ. എന്താണെങ്കിലും അയാൾ പരാതി മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. അതു നന്നായി. ഇന്നു മാനേജർ ബീനാ കോട്ടായിയുടെ ദിവസം തന്നെ. 

‘‘മാനേജർ അപ്പുറത്തുള്ള ക്യാബിനിലുണ്ട്. പോയി കണ്ടോളു.’’ ഞാൻ ആംഗ്യം കാണിച്ചു. നിരവധിയായ പുതിയ അപേക്ഷകളുമായി ആളുകൾ വരുകയും എല്ലാം ഫയലിൽ കൃത്യമായി അടുക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നതുകൊണ്ട് ക്യാബിനിലേക്ക് മാനേജരോട് സംസാരിക്കാൻ പോയ വൃദ്ധന് എന്തു സംഭവിച്ചുവെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല. ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഊണു കഴിക്കുന്ന വേളയിൽ ബീനാ കോട്ടായി തന്റെ ക്യാബിനിലേക്ക് ഒരു പ്രത്യേക അപേക്ഷയുമായി വന്ന വൃദ്ധനെക്കുറിച്ചു പറഞ്ഞു. 

ഒരു തൊണ്ണൂറ്റി ഒന്നു രൂപാ വേണം എന്ന അപേക്ഷയുമായാണ് അയാൾ ക്യാബിനിൽ കയറി ചെന്നത്. ഒരു കിലോ അരിയും ഒരു പാക്കറ്റ് പാലും എവിടിയുടെ തേയിലപ്പൊടിയും അയാൾക്ക് മേടിക്കണം. അതു മേടിക്കാൻ വരുന്ന ആകെ ചിലവാണ് തൊണ്ണൂറ്റി ഒന്നു രൂപ. അയാൾ പേഴ്സ് തുറന്ന് ബീനാ കോട്ടായിയെ കാണിച്ചു. അതിൽ രണ്ടു ഒരു രൂപാ നാണയങ്ങൾ മാത്രമേ കാണപ്പെട്ടുവുള്ളു. കൈയ്യിൽ പിടിച്ചിരുന്ന ആധാർ കാർഡ് ബീനാ കോട്ടായിയുടെ മുൻപിലെ മേശയിലേക്കിട്ടു കൊണ്ട് താൻ ഈ നഗരത്തിൽ തന്നെ വസിക്കുന്ന ആളാണെന്നും ബ്രാഞ്ചിന്റെ മുൻപിലൂടെ കടന്നു പോകുന്ന മെയിൻ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വീടെത്താമെന്നും പറഞ്ഞ് തന്റെ വിശ്വാസ്യത ബോധിപ്പിക്കാൻ ശ്രമിച്ചു. ഭാഗം കിട്ടിയ സ്വത്തായി ഏതാനും സെന്റു ഭൂമിയും തന്റെ പേരിലുണ്ട് പക്ഷേ ഇപ്പോൾ കൈയ്യിൽ കാശു തീർത്തും ഇല്ലാണ്ടായി. ഭാര്യ മാത്രമേ കൂടെയുള്ളു. ഭാഗ്യത്തിന് കുട്ടികളൊന്നുമുണ്ടായില്ല. ബീനാ കോട്ടായി കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. നൂറു രൂപായെടുത്തു കൊടുത്തു.

ഭാഗ്യത്തിന് കുട്ടികളൊന്നുമുണ്ടായില്ലായെന്നു അയാൾ പറഞ്ഞുവെന്ന് കേട്ട് എന്റെ തൊട്ടടുത്തിരുന്ന് കഴിച്ചു കൊണ്ടിരുന്ന രഘു ‘‘തൊണ്ടനൊരു ഒന്നൊന്നര ഉഡായിപ്പാണല്ലോ’’ എന്നു പറഞ്ഞ് പൊട്ടിപൊട്ടി ചിരിച്ചു. രഘുവിന്റെ നിർത്താതെയുള്ള ചിരി കണ്ടിട്ട് എനിക്ക് ഈർഷ്യ തോന്നി. 

‘‘അയാളുടെ അവസ്ഥ അത്ര കഷ്ടത്തിലായിരിക്കും രഘൂ. മക്കളില്ലാത്തതു കൊണ്ട് ദാരിദ്ര ജീവിതത്തിൽ അവരേയും പങ്കുചേർക്കേണ്ടി വന്നില്ലല്ലോ എന്നു മാത്രമായിരിക്കും അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവുക. അതിനിത്രയും ചിരിക്കാനൊന്നുമില്ല. മാത്രമല്ല സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ഒരു ജെനുവിനിറ്റി ഉണ്ടെന്നല്ലേ കാണിക്കുന്നത്.’’

രഘു ചിരി നിർത്താതെ പറഞ്ഞു. ‘‘കുറേ മാസങ്ങൾക്കു മുമ്പ് റബർ കത്തിയുമായി കാശു ചോദിക്കാൻ വന്ന കുട്ടപ്പായിയെ മറന്നു പോയോ. അയാളും ആധാർ കാർഡുമായാണ് വന്നത്.’’  രഘുവിന്റെ പെട്ടെന്നുള്ള ഓർമപ്പെടുത്തൽ പൈസ കൊടുത്തതിൻ്റെ സംതൃപ്തി നിഴലിച്ചിരുന്ന ബീനാ കോട്ടായിയുടെ മുഖത്തെ വിളർച്ചയിലെത്തിച്ചു. 

ആ നഗരത്തിലേക്കെനിക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട് ഏതാനും ആഴ്ച്ചകളേ ആയിട്ടുണ്ടായിരുന്നുള്ളു. വാരത്തിലെ ആദ്യ ദിനമായിരുന്നു അന്ന്. എല്ലാ വാരാന്ത്യങ്ങളിലും വീട്ടിൽ പോകുന്ന പതിവുണ്ടായിരുന്നതു കൊണ്ട് തിരിച്ച് തിങ്കളാഴ്ച്ച രാവിലത്തെ മാംഗ്ലൂർ എക്സ്പ്രസിൽ കയറി നഗരത്തിലെ സ്റ്റേഷനിലിറങ്ങി ബ്രാഞ്ചിൽ എത്തിച്ചേർന്നിട്ടേ ഉണ്ടായിരുന്നുള്ളു. 

എന്റെ മേശക്കു മുമ്പിൽ അക്ഷമനായി രാവിലെ തന്നെ ഒരാൾ കാത്തു നിൽപ്പുണ്ടായിരുന്നു. മുഷിഞ്ഞ വെള്ളമുണ്ട് മടക്കിക്കുത്തി ചുളുങ്ങിക്കൂടിയിരിക്കുന്ന ഷർട്ടിന്റെ കൈ രണ്ടും തെരുത്തു കേറ്റി ഇടം കൈയ്യിൽ ഒരു സഞ്ചിയും ചുറ്റിപ്പിടിച്ചാണ് നിൽപ്പ്. ഇരുനിറത്തിൽ കരുത്തുറ്റ ശരീരം. പാസ് ബുക്ക് കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്നു. കസേരയിൽ ഇരുന്ന ശേഷം ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി. പാസ് ബുക്ക് എന്റെ നേരെ നീട്ടിയിട്ട് അയാൾ വിനീതനായി പറഞ്ഞു. ‘‘ആയിരം രൂപ വേണം’’ ഞാൻ മനസിലുറപ്പിച്ചു. മറ്റൊരു തൊഴിലുറപ്പിന്റെ അക്കൗണ്ട്‌ തന്നെ. രാവിലെ തന്നെ ഒരു ഉപകാരവുമില്ലാത്ത സാമൂഹ്യ സേവനം. മനസിൽ പ്രാകിക്കൊണ്ട് പാസ് ബുക്ക് തുറന്നു. പാസ്ബുക്കിൽ അവസാനം അപ്ഡേറ്റു ചെയ്തിരിക്കുന്നത് ആറു വർഷം മുൻപാണ്. ‘‘എത്ര രൂപയാണ് നിങ്ങൾക്ക് എടുക്കേണ്ടത്’’ ഉറപ്പാക്കാൻ ഞാൻ ചോദിച്ചു. 

‘‘ ബ്രാണ്ടി മേടിക്കാൻ ആയിരം രൂപ വേണം, എനിക്ക് തിരക്കുണ്ട്’’

ഇതു കൊള്ളാമല്ലോ. രാവിലെ ഒമ്പതു മണിക്ക് തന്നെ ബ്രാണ്ടി മേടിക്കാനും ബാങ്കിലേക്ക് ആളെത്താൻ തുടങ്ങിയോ. ഞാൻ മനസിൽ കരുതി.

‘‘അല്ലാ പത്തു മണിയാകാതെ ബിവറേജ് തുറക്കില്ലല്ലോ. സമയം ഒന്നുമായില്ല’’ അയാളുടെ കൂസലില്ലായ്മ എന്നെ അശാന്തനാക്കിയില്ല എന്നു കാണിക്കാൻ ഞാൻ ഒരു ചിരി വരുത്താൻ ശ്രമിച്ചു. ‘‘എന്താ നിങ്ങളുടെ പേര്. എന്താണു ചെയ്യുന്നത്’’

അയാൾ ആദ്യമൊന്ന് മുരണ്ടു. പിന്നെ പരുഷമായി എൻ്റെ മുഖത്തേക്ക് നോക്കി. ‘‘ കുട്ടപ്പായി. ഞാൻ ഷിമോഗയിലെ തോട്ടത്തിൽ റബറുവെട്ടാണ് പണി. പൈസ താ. എനിക്കു ബ്രാണ്ടി മേടിക്കണമെന്ന് പറഞ്ഞില്ലേ’’ മദ്യത്തിന്റെ പഴകിയ ഗന്ധം അയാളിൽ നിന്നും ഒഴുകിയിറങ്ങി.

‘‘നിങ്ങളുടെ അക്കൗണ്ട് വളരെ പഴക്കമുള്ളതാണെന്ന് തോന്നുന്നു. അത് ചിലപ്പോൾ ഉപയോഗമില്ലാത്തതു കൊണ്ട് ബ്ലോക്കായിട്ടുണ്ടാകും. ഞാനൊന്ന് സിസ്റ്റത്തിൽ ചെക്ക് ചെയ്തിട്ടേ വിത്ഡ്രോവൽ സ്ലിപ്പ് തരാൻ പറ്റുകയുള്ളു. നിങ്ങളുടെ ഐഡി കാർഡ് എന്തെങ്കിലും ഒന്നു തരൂ.’’ ഞാൻ തെല്ല് ഈർഷ്യയോടെ പറഞ്ഞു.

‘‘ഡാ കാശു താ കഴുവേറി മോനേ... എന്നോടു കളിയെടുത്താൽ കുത്തിമലത്തും ഞാൻ. നായീന മോനേ.. റബറു ചെത്തുന്ന കത്തിയാ ഈ സഞ്ചിക്കകത്തിരിക്കുന്നത്. നായീന്റെ മോനെ പണ്ടം ഞാൻ പുറത്തിടും ’’

അയാളുടെ അപ്രതീക്ഷിതമായ ഈ കൊലവിളിയിൽ ഞാൻ വിരണ്ടു. ബാങ്കിലുണ്ടായിരുന്ന മറ്റു കസ്റ്റമേഴ്സൊക്കെ സ്തബ്ദരായി നിൽക്കുന്നത് ഞാൻ കണ്ടു. ബീനാ കോട്ടായി ക്യാബിനിൽ നിന്നും ഓടിയെത്തി. രഘുവും മറ്റുള്ള സ്റ്റാഫുകളും പുറകിൽ വന്നു നിന്ന് പ്രതിരോധം തീർത്തു. ‘‘എന്താണു പ്രശ്നം വിമൽ’’ ബീനാ കോട്ടായി തിരക്കി. 

‘‘ഇയാളുടേത് പഴയ അക്കൗണ്ടാണെന്ന് തോന്നുന്നു. ഐഡി കാർഡ് ചോദിച്ചതിനാണ് ഇയാൾ ബഹളം ഉണ്ടാക്കുന്നത്.’’

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പതിവുള്ളതുപോലെ ബീനാ കോട്ടായി ആ രംഗത്തെ ഏറ്റെടുത്തു. തട്ടിനെ വെട്ടുകൊണ്ട് നേരിടുന്നവളാണ് ബീനാ കോട്ടായി. ‘‘നിങ്ങളുടെ ഐഡി കാർഡ് തരൂ. ആധാർ കാർഡോ വോട്ടർ ഐഡിയോ എന്തെങ്കിലും.’’ ബീനാ കോട്ടായിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി.

മദ്യത്തിന്റെ വാടയിപ്പോൾ അസഹ്യമായിരിക്കുന്നു. അയാൾ പല്ലിറുമ്മിക്കൊണ്ട് സഞ്ചിയിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്ത് കുറേ ഐഡി കാർഡുകൾ കുടഞ്ഞിട്ടു. ബീനാ കോട്ടായിയപ്പോൾ എന്റെ മുൻപിലിരിക്കുന്ന സിസ്റ്റത്തിൽ അയാളുടെ അക്കൊണ്ടിന്റെ വിശദാംശങ്ങൾ പരതുകയായിരുന്നു. ആറു വർഷങ്ങൾക്കു മുൻപേ അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നതായി സ്ക്രീനിൽ തെളിഞ്ഞു.

‘‘പൈസ തരാൻ പറ്റില്ല. നിങ്ങളുടെ അക്കൗണ്ട് ആറു വർഷം മുൻപേ ക്ലോസ് ചെയ്തതാണ്. ഇനി ഇവിടെക്കിടന്ന് ഒച്ചയുണ്ടാക്കേണ്ട.’’ ബീനാ കോട്ടായി അയാളുടെ മുഖത്തടിക്കുന്നതു പോലെ പറഞ്ഞു.

‘‘എടീ ––– മോളേ എന്റെയടുത്ത് വേലയിറക്കാൻ വരുന്നോ. കാശു വേഗം തന്നോ. ഇല്ലേൽ നീയൊന്നും ഇവിടെ ബാക്കിയുണ്ടാവില്ല’’ അയാൾ ആക്രോശിച്ചു.

അപ്രതീക്ഷിതമായ പ്രഹരമേറ്റ് ബീനാ കൊട്ടായി ആയുധം നഷ്ടപ്പെട്ട സേനാനായകന്റെ പോലെ പതറി. അവരുടെ നാവിറങ്ങിപ്പോയി. റാണി കളമൊഴിഞ്ഞപ്പോൾ പ്രതിരോധത്തിൽ വിള്ളൽ വന്നു. രഘു ദുർബലമായി അയാളുടെയടുത്ത് കാര്യങ്ങൾ സംസാരിക്കാൻ ശ്രമിച്ചു. കേട്ടാലറയ്ക്കുന്ന തെറികൾ ബ്രാഞ്ചിനുള്ളിൽ അനിസ്യൂതം മുഴങ്ങി. അയാളുടെ കാളക്കൂറ്റന്റെ പോലുള്ള ശരീര പ്രകൃതിയും റബർ കത്തി വച്ചിട്ടുണ്ടെന്ന് പറയുന്ന എളിയിലെ സഞ്ചിയും എല്ലാവരേയും നിശബ്ദരാക്കി. അയാൾ ചിതറിച്ചിട്ട ആധാർ കാർഡുകളിലൂടെ ഞാൻ കണ്ണോടിച്ചു. ക്രൂരമായ കണ്ണുകളുള്ള അയാളുടെ ഫോട്ടോ പതിപ്പിച്ച ആധാർ കാർഡിന്റെ താഴെ ഞെരുങ്ങിക്കിടക്കുന്നു ലോകത്തിന്റെ ദുഖങ്ങൾ മുഴുവനും ഏറ്റുവാങ്ങിയിരിക്കുന്ന മുഖവുമായി നിൽക്കുന്ന ഒരു ഷൈനി മോളെന്ന യുവതിയുടേയും നിഷ്കളങ്ക മുഖവുമായി പുഞ്ചിരിച്ചു നിൽക്കുന്ന ആൽബിൻ എന്ന കുട്ടിയുടേയും ഫോട്ടോകൾ പതിഞ്ഞിരിക്കുന്ന ആധാർ കാർഡുകൾ. ഭീഷണികളും പുലഭ്യവുമായി അയാൾ ബാങ്കിനുളളിൽ കസർത്തു നടത്തിക്കൊണ്ടിരുന്നു. ഒതുങ്ങി നിന്ന് പോലീസിനെ വിളിച്ചതിനു ശേഷം കുട്ടപ്പായിയോട് കുറച്ചു നേരം കാത്തിരിക്കൂ പൈസ തരാം എന്നറിയിച്ചു. 

പൊലീസെത്തിയപ്പോൾ ഇന്ദ്രജാലത്തിലെന്നോണം കുട്ടപ്പായിയുടെ പൊടിപോലും കാണാനുണ്ടായിരുന്നില്ല. പോലീസിന്റെ കൂടെ ബാങ്കിന്റെ പരിസര പ്രദേശങ്ങളും റോഡും അരിച്ചു പെറുക്കിയെങ്കിലും അയാളെ മാത്രം കണ്ടു കിട്ടിയില്ല. റെയിൽവേ സ്റ്റേഷൻ അടുത്തായതു കൊണ്ട് തന്നെ മംഗലാപുരത്തേക്കുള്ള ഏതെങ്കിലും ട്രെയിനിൽ കയറി അയാൾ പോയിട്ടുണ്ടാകുമെന്ന് പോലീസുകാർ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ എന്നൊരു വാക്കിന് അവിടെ സ്ഥലമില്ലാത്ത വിധം കനത്തിലാണവരുത് പറഞ്ഞത്. 

പോലീസുകാരുപോയി ഒരു പത്തു മിനിട്ടിനുള്ളിൽ കുട്ടപ്പായി വീണ്ടും പ്രത്യക്ഷപ്പെട്ടു. തിരിച്ചുവരവിൽ ഒരു രൂപാന്തരീകരണം സംഭവിച്ചതു പോലെയാണ് അയാൾ പെരുമാറിയത്. അസഭ്യ വാക്കുകൾ പാടേ മറന്നു പോയതു പോലെ അയാൾ എല്ലാവരുടെയും അടുത്തു പോയി സംസാരിച്ചു. പൈസ വേണമെന്നുള്ള കാര്യം മാത്രം അയാൾ വിട്ടിരുന്നില്ല. വീണ്ടും പോലീസിനെ വിളിച്ച് അയാളെത്തിയിട്ടുണ്ടെന്നുള്ള കാര്യം അറിയിച്ചപ്പോൾ ഒരു നീണ്ട വായ്ക്കോട്ടയാണ് ആദ്യം മറുപടി വന്നത്. 

രഘു അഞ്ഞൂറു രൂപാ കൊടുത്ത് ഈ ശല്യം ഒഴിവാക്കിയാലോ എന്ന് ശബ്ദം കുറച്ച് ചോദിച്ചത് കേട്ടതുകൊണ്ടായിരിക്കണം അഞ്ഞൂറു രൂപാ തന്നാൽ മതിയെന്നായി കുട്ടപ്പായി. അയാളുടെ ആഭാസ വാക്കുകളുടെ നാറ്റം അപ്പോഴും ഓക്കാനം വരുത്തിക്കൊണ്ട് അവിടെ ഉണ്ടായിരുന്നതുകൊണ്ട് രഘുവിനെ ഞാൻ തറപ്പിച്ചു നോക്കി. അല്പ്പ നേരം കഴിഞ്ഞ് ഗ്ലാസ് ഡോറിന്റെ അടുത്തു പോയി നിന്ന് അയാൾ വിനീത ഹൃദയനായി കർണാടകയിലേക്കുള്ള വണ്ടിക്കൂലിയായി ഒരു നൂറു രൂപയെങ്കിലും തന്നൂടെ എന്ന് ചോദിച്ച് കാത്തു നിന്നു. പിന്നെ അയാൾ അപ്രത്യക്ഷനായി.

രഘു ഗ്ലാസെടുത്ത് ഒരിറക്കു വെള്ളം കുടിച്ചു കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു.

‘‘ കുട്ടപ്പായി കർണാടകയിലെ ഏതോ റബർക്കാട്ടിൽ ജീവിച്ചിരുന്ന കാടനായതു കൊണ്ട് കാര്യം സാധിക്കാൻ കയ്യാങ്കളിയും അസഭ്യവും മാത്രമേ ഓനറിയുകയുണ്ടായിരുന്നുള്ളു. ഞാനുറപ്പ് പറയാം. നമ്മടെ ബാങ്കിന്റെ ഈടെ കിടക്കുന്ന മലനാട് ബാറിന്ന് അര ലിറ്ററ് ബ്രാണ്ടി മേടിക്കാൻ  ചെന്നപ്പോൾ ഇന്നു വന്ന വയസ്സന് തൊണ്ണൂറ്റി ഒന്നുരൂപേടെ കുറവുണ്ടാകും. അതു മേടിച്ചെടുക്കാനുള്ള തന്ത്രവുമായി ബ്രാഞ്ചിൽ കേറി വന്നതാണ്.’’

‘‘അങ്ങനെ ഒറ്റയടിക്ക് തീർപ്പാക്കാൻ വരട്ടെ രഘൂ. നമ്മൾ കോവിഡ് കാലത്താണ് ജീവിക്കുന്നതെന്ന് ഓർമ്മ വേണം. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനമില്ലാത്തവരുടേയും എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അയാൾക്ക് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ വന്നു ചോദിച്ചതായിരിക്കും.’’  ഞാനതിനോട് ശക്തമായി വിയോജിച്ചു.

‘‘ഇന്നു വന്ന തൊണ്ടൻ ഭൂലോക ഫ്രോഡാണെന്ന് മനസിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. ഇങ്ങനെ സഹായം ചോദിച്ചു വരുന്നവരൊക്കെ ട്രെയിൻഡായിട്ടു ആളുകളാണ്. അവർക്ക് ആളുകളെ പറ്റിക്കാൻ നല്ല വിരുതുണ്ടാകും. അതിന്റെ പുറകിൽ ഒരു റാക്കറ്റ് തന്നെ ചിലപ്പോൾ ഉണ്ടാകും.’’

‘‘ഒരു തൊണ്ണൂറ്റി ഒന്ന് രൂപാ ചോദിച്ചു വന്നയാളുടെ പുറകിൽ ഒരു വലിയ റാക്കറ്റ് ഉണ്ടാകുമെന്നൊക്കെ പറയുന്നത് ശരിയാണോ രഘു. അത് നീ വിശ്വസിക്കുന്ന ഐഡിയോളജിയുടെ പ്രശ്നമല്ലേ.’’

വിയോജിപ്പ് ഞങ്ങൾ തമ്മിൽ വലിയ തോതിലുള്ള വാദപ്രതിവാദങ്ങൾക്കിടയാക്കി. ഒരു മൂന്നാഴ്ച്ച മുമ്പ് അവധി ദിനത്തിൽ വീട്ടിലേക്ക് കയറി വന്ന വൃദ്ധനെയോർമ്മിച്ചു കൊണ്ട് ഞാൻ പറഞ്ഞു. 

‘‘ഈ ലോകത്ത് കളവില്ലാത്ത ഒരു പ്രൊഡക്ട് കണ്ണീരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ ഉള്ളിൽ തട്ടുമ്പോഴേ നമ്മൾക്ക് കരയാൻ പറ്റുകയുള്ളു. അന്നൊരു ദിവസം വീട്ടിൽ വന്ന വൃദ്ധന്റെ കണ്ണീരാണ് നമ്മൾ ലോകത്തെ കാണേണ്ടത് ഒരു ബാങ്കറുടെ കണ്ണുകൊണ്ടല്ലാ എന്ന ബോധ്യത്തിലേക്ക് എന്നെ എത്തിച്ചത്.’’

ഒരു വാരാന്ത്യത്തിൽ വീട്ടിൽ തന്നെയുണ്ടായിരുന്നു. സെറ്റിയിൽ ചാരിക്കിടന്നു കൊണ്ട് വാട്ട്സാപ്പ് മെസ്സേജുകളുടെ ലോകത്തിലൂടെ തിരക്കിട്ടു വിഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. കോളിങ്ങ് ബെല്ലിന്റെ മുഴക്കം കേട്ട് അനിത വാതിൽ തുറന്ന് ഉമ്മറത്തേക്കിറങ്ങിച്ചെന്നു. കർട്ടൺ മാറ്റി ജനാലയിലൂടെ ഞാൻ നോക്കിയപ്പോൾ പടു വൃദ്ധനായ ഒരു മനുഷ്യൻ. പ്രായത്തിന്റെ കടന്നുകയറ്റം അയാളുടെ നടപ്പിനെ ആയാസമുള്ളതാക്കിയിരിക്കുന്നു. വൃത്തിയുള്ള ഒരു തൂവെള്ള ഷർട്ടും മുണ്ടും. മാസ്ക് ഭാഗികമായി മറയ്ക്കുന്നുവെങ്കിലും മുഖത്തെ ഗാംഭീര്യം വെളിപ്പെടുത്തുന്നതിൽ അതൊരു തടസമായിട്ടില്ല. ഒറ്റ നോട്ടത്തിൽ അയാൾ ജീവിതം കഴിച്ചിരുന്നത് നല്ല സാഹചര്യങ്ങളിലായിരുന്നുവെന്ന് മനസിലാകും. കണ്ണുകളിൽ പക്ഷേ വിഷാദം തിരികത്തുന്നു. അയാൾ വിറയ്ക്കുന്നുണ്ടോ.  

ആഗമനോദ്ദേശ്യം എന്താണെന്നറിയാനുള്ള ആകാംഷയെന്നെ ചൂഴ്ന്നു നിന്നു. അയാൾ വിറച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി. ‘‘മോളേ ഞാനും ഭാര്യയും ബാംഗ്ലൂരായിരുന്നു. ഇക്കഴിഞ്ഞ ഇരുപത്തഞ്ചാം തിയതി അവിടെ വെച്ച് ഭാര്യ മരിച്ചു. അവൾക്കു രോഗം വന്ന് ഹോസ്പിറ്റലിൽ പോയതാ. നാൽപ്പത്തെട്ടായിരം രൂപാ ഹോസ്പിറ്റലിൽ ഇനിയും കെട്ടാനുള്ളതു കൊണ്ട് ബോഡി കൊണ്ടുവരാൻ പറ്റിയിട്ടില്ല. പൈസ എങ്ങിനെയെങ്കിലും ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് ഞാൻ. അവളെ എനിക്ക് നാട്ടിലേക്ക് കൊണ്ടുവരണം.’’ അയാൾ തന്റെ കഷ്ടതകളുടെ ഭാണ്ഡം അവിടെ ഇറക്കി വെച്ചു.

അനിത ഉമ്മറത്തു നിന്നു വീടിനുള്ളിലേക്ക് തിരിച്ചു കയറി. ഞാൻ മൊബേലിലേക്കു മുഖം തിരിച്ചു. അവളൊന്നുമുരിയാടാതെ ഹാൻഡ് ബാഗ് തുറന്ന് പേഴ്സിൽ നിന്നും നോട്ടുകളെടുക്കുന്നത് ഒളികണ്ണിട്ട് ഞാൻ നോക്കി. എക്സാം വാല്യൂഷനു പോയതിന്റെ മൂവായിരം രൂപ തലേന്നു കിട്ടിയിരുന്നുവെന്ന് അവൾ പറഞ്ഞത് എനിക്കോർമ്മ വന്നു. ഞാൻ കിഴിച്ചു നോക്കി. സാധാരണ ഗതിയിൽ ഒരു പത്തു രൂപാ നോട്ടിനപ്പുറം പോകാറില്ല.

അനിത ഉമ്മറത്തേക്കു പോയി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചു വന്ന് എനിക്കെതിർ വശത്തുള്ള ഭിത്തിയിൽ താങ്ങി നിന്നു. ‘‘ കൈയ്യിലുണ്ടായിരുന്നതു മുഴുവനെടുത്തു കൊടുത്തു. വിമൽ വേണ്ടായെന്നു വല്ലതും പറഞ്ഞാലോ എന്നു തോന്നിയതുകൊണ്ടാണ് ഞാൻ ചോദിക്കാണ്ടിരുന്നത്. ആ മനുഷ്യന്റെ ദയനീയതയെന്നെ തകർത്തു കളഞ്ഞു. അയാൾക്ക് നടക്കാൻ പോലും പറ്റുന്നില്ല. ഈ പ്രായത്തിൽ ഇങ്ങനെ നാടു മുഴുവൻ തെണ്ടി നടക്കേണ്ടി വരുകയെന്നു വെച്ചാൽ. ‘‘ അടുത്ത വാക്കുകൾ പുറത്തു കൊണ്ടു വരാനാകാതെ അവളൊന്നു വിതുമ്പി.’’ അത്രയും പൈസ കയ്യിൽ കിട്ടിയപ്പോൾ അയാളെന്റെ മുൻപിൽ നിന്നു കരഞ്ഞു വിമൽ. അയാളുടെ കവിളിൽ കണ്ണീർ പുഴ പോലെ ഒഴുകി.. ദൈവമേ എത്ര പേരാണ് ഈ ലോകത്തിൽ ഇങ്ങനെ കഷ്ടപ്പെടുന്നത് .. ’’ അനിതയ്ക്കതു പൂർത്തിയാക്കാനായില്ല. ഭിത്തിയിലേക്ക് ചാരി നിന്നുകൊണ്ട് അവൾ വിതുമ്പിക്കരഞ്ഞു. അനിതയെ ഞാനൊരിക്കലും അങ്ങനെ കരഞ്ഞു കണ്ടിട്ടില്ല. ആ വൃദ്ധന്റെ കണ്ണുനീർ അവളെ വല്ലാതെ നോവിച്ചു കളഞ്ഞു.

‘‘സഹായം അപേക്ഷിച്ചെത്തുന്നവർ പറയുന്ന കഥകളൊക്കെ അപ്പോഴേ കള്ളത്തരമായി കാണുന്ന കൂട്ടത്തിൽ തന്നെയായിരുന്നു ഞാനും.’’ എല്ലാവരും നിശബ്ദരായി ഇരുന്നു. 

ഞാൻ വീണ്ടും തുടർന്നു. ‘‘നമ്മളീ ബാങ്കിലു വരുന്നവന്റെ ഫോട്ടോയും ആധാറും ഒപ്പുമെല്ലാം നോക്കിയിട്ടും തൃപ്തിവരാതെ അവന്റെ സ്ഥാവര ജംഗമ വസ്തുക്കളു മുഴുവൻ ബാങ്കിനു പണയപ്പെടുത്തുന്ന രീതിയിൽ ഒരു നൂറ് ഒപ്പു മേടിച്ചെടുക്കും. പിന്നേയും സംശയം തീരാതെ സിബിൽ സ്കോറു നോക്കും. അവന്റെ ക്രെഡിറ്റ് ഹിസ്റ്ററി, ബാങ്ക് ഇടപാടുകള്, അവനൊരു ഇൻറർനാഷനൽ ക്രിമിനലാണോയെന്നുള്ള ചെക്ക് ചെയ്യൽ, അതും പോരാതെ ഒന്നോ രണ്ടോ ജാമ്യക്കാരെ കൊണ്ടുവരുത്തും. അവരുടെയടുത്തും നമ്മളീ ചെയ്തതെല്ലാം ആവർത്തിക്കും. ആളുകളെ സംശയദൃഷ്ടിയോടെ ചുഴിഞ്ഞു നോക്കി നോക്കി ഇപ്പോ ആര് എന്ത് അപേക്ഷയുമായി വന്നാലും അവര് നമ്മുടെ മുൻപിലൊരു ഫ്രോഡാണ്. മുഖം കാണാതെ ചെക്ക് ലിസ്റ്റുകളിലെ യെസും നോയും വെച്ചിട്ടാണ് നാം ആളുകളെ അടയാളപ്പെടുത്തുന്നത്. ശരിക്കും നമ്മുടെ സഹായം ആവശ്യമുള്ള പലരേയും അതുകൊണ്ട് നമ്മൾ കാണാതെ പോകുന്നു.’’ അങ്ങനെ പറഞ്ഞു കൊണ്ട് ഞാനെന്റെ വാദഗതിയെ ഉപസംഹരിച്ചെടുത്തു.

ബീനാ കോട്ടായി ആവേശപൂർവ്വം ആ വാക്കുകളെ ഉൾക്കൊണ്ട് രഘുവിന്റെ മേൽ അടുത്ത ആണിയും അടിച്ചു. ‘‘വിമൽ പറഞ്ഞത് നൂറ്റൊന്ന് ശതമാനം ശരിയാണ് രഘൂ. തൊണ്ണൂറ്റി ഒന്നു രൂപാ മദ്യം മേടിക്കാനാണെന്ന് രഘു പറയാൻ കാരണം രഘുവിന്റെ മനസിൽ മദ്യം കിടപ്പുള്ളതു കൊണ്ടാണ്ട്.’’ ബീനാ കോട്ടായി വിധി പ്രഖ്യാപിച്ചതോടെ അവിടെ ഊണു കഴിക്കാൻ കൂടിയവരൊക്കെയും അയാൾക്കെതിരെ തിരിഞ്ഞു. 

പൊതുവെ വാ തുറക്കാത്ത ക്ലർക്ക് സൗദൗമിനി രഘുവിനെ പാരനോയിഡ്* എന്നു വിശേഷിപ്പിച്ചിട്ട് ലഞ്ചു ബോക്സുമെടുത്ത് അവിടെ നിന്ന് ഇറങ്ങി പോയി. രഘു നിശബ്ദനായി ഇരുന്നു. 

തിരക്കുകൾക്കിടയിൽ എപ്പോഴോ നോക്കിയപ്പോൾ രഘു സന്ദർശക രജിസ്ട്രറിന്റെ അടുത്തു പോയി എന്തോ കുറിക്കുന്നതു കണ്ടു. 

വെള്ളിയാഴ്ച്ചയായിരുന്നതു കൊണ്ട് വീട്ടിലേക്ക് പോകുന്ന ദിവസമാണ്. ഏറെ ദൂരം വണ്ടി ഓടിച്ചു പോകേണ്ടതുകൊണ്ട്‌ അല്പ്പം നേരത്തെയിറങ്ങാൻ മേശപ്പുറത്തു ബാക്കിയായ അപേക്ഷകളെയൊക്കെയും ഫയലിലേക്ക് തള്ളിക്കൊണ്ടിരിക്കുമ്പോൾ രഘു അടുത്തേക്ക് വന്നു. ‘‘ഞാനത്ര മനുഷ്യപ്പറ്റില്ലാത്തവനാന്നൊന്നും വിചാരിക്കരുത്. വിമലു പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നുന്നു. കംപ്യൂട്ടറിലെ ഫോട്ടോയും ഒപ്പുമടക്കമുള്ള ഡീറ്റേയിൽസ് ടാലിയാകുന്ന അപേക്ഷകൾക്ക് മാത്രം പച്ചക്കൊടി കാണിച്ച് ബാക്കിയെല്ലാം സസ്പെക്ടഡ് ആയിക്കണ്ട് റിജക്റ്റഡ് സീൽ വെക്കുന്ന ജോലിയാണല്ലോ എന്റേത്. അതായിരിക്കാം ഞാനിങ്ങനെ നെഗറ്റീവായിട്ട് ചിന്തിക്കുന്നത്.’’

പിറ്റേന്ന് തലേ ദിവസത്തെ നീണ്ട യാത്രയുടെ ക്ഷീണവും പിന്നെ അവധി ദിനമായതിന്റെ മടിയും കാരണം വൈകി എഴുന്നേറ്റിട്ടും കട്ടിലിൽ തന്നെ ഉണർന്നു കിടക്കുകയായിരുന്നു. കോളിങ്ങ് ബെല്ല് ശബ്ദിച്ചപ്പോൾ ഭാര്യ വാതിൽ തുറന്നു ഉമ്മറത്തേക്ക് നീങ്ങുന്നത് ഞാനറിഞ്ഞു. ‘‘വിമൽ... ’’ അനിതയുടെ ഉറക്കെയുള്ള വിളികേട്ട് കട്ടിലിൽ നിന്നും ഞാൻ വേഗം ഇറങ്ങി അനിതയുടെ അടുത്തേക്ക് ചെന്നു. മുറ്റത്ത് അതാ അന്നു കണ്ട അതേ വൃദ്ധൻ തൂവെള്ള ഷർട്ടിലും മുണ്ടിലും നിൽക്കുന്നു. ആഭിജാത്യം നിഴലിക്കുന്ന മുഖത്ത് വിഷാദം സമാഹാരിക്കപ്പെടുന്നു. മാസ്ക് ഒന്നു നേരെയാക്കി വിറച്ചു കൊണ്ട് അയാൾ പറയാൻ ആരംഭിച്ചു. ‘‘ മോളേ ഞാനും ഭാര്യയും ബാംഗ്ലൂരായിരുന്നു. ഇക്കഴിഞ്ഞ ഇരുപത്തഞ്ചാം തിയതി എന്റെ ഭാര്യ മരിച്ചു...’’

വികാരങ്ങളെ അടക്കി അനിത ഉറക്കെ അയാളോട് ചോദിച്ചു. ‘‘നിങ്ങളല്ലേ ഇതേ കാര്യം പറഞ്ഞ് മൂന്നാഴ്ച്ച മുമ്പ് ഇവിടെ കയറി വന്നത് !!! ’’

 അയാൾ പ്രത്യേകിച്ചു നാട്യങ്ങളൊന്നുമില്ലാതെ ഉറപ്പിച്ചു പറഞ്ഞു. ‘‘ ഞാനോ... ഞാനിവിടെ വന്നിട്ടേ ഇല്ല. നിങ്ങൾക്ക് ആളു തെറ്റിയതാണ്.’’ പിന്നെ മെല്ലെ നടന്ന് നീങ്ങി. 

നിയമാവലിയിലെ ചെക്ക് ലിസ്റ്റുകൾ എന്നെ നോക്കി പല്ലിളിക്കുന്നു. കണക്കു പുസ്തകത്തിലെ ഡെബിറ്റും ക്രെഡിറ്റും എൻട്രികൾ കൂടിക്കുഴഞ്ഞിരിക്കുന്നു. എത്ര ശ്രമിച്ചാലും ടാലിയാകില്ലാ എന്നുറപ്പുള്ള ട്രാൻസാക്ഷൻസ്.

* പാരനോയിഡ് - എല്ലാവരേയും കഠിനമായി സംശയിക്കുന്ന അസുഖമുള്ളയാൾ.

English Summary: Paranoid, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA
;