ADVERTISEMENT

മായ (കഥ)

സുഹൃത്തായ പത്രപ്രവർത്തകൻ വിനയൻ ഫോണ് വിളിച്ചപ്പോൾ ആണ് രാജ് പ്രതാപ് എന്ന ആർ പി  ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത്

‘‘ആർ പി പൊളിച്ചു മോനെ’’ വിനയൻ ഫോണിലൂടെ അലറിവിളിച്ചു,

‘‘എന്തു പറ്റിടാ നീ ബഹളം വെക്കാതെ കാര്യം പറയെടാ’’

‘‘എടാ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. നിന്റെ  മായ അവാർഡുകൾ വാരിക്കൂട്ടി’’

‘‘ശരിക്കും’’ ആർ പി ക്കു വലിയ ആവേശം ഒന്നും തോന്നിയില്ല

 

‘‘എടാ, നല്ല പടം, സംവിധായകൻ, നടി, തിരക്കഥ, സംഗീതം, ഗാനം, കലാമൂല്യമുള്ള ജനപ്രിയ ചിത്രം ഒക്കെ മായ തന്നെ. മൂന്നു അവാർഡ് നിനക്കു മാത്രം, സംവിധായകൻ, തിരക്കഥ, ഗാനരചന ചിലവ് വേണം മോനെ’’

 

‘‘ഒക്കെ ചെയ്യാമെടാ’’ ആർ പി പറഞ്ഞു ‘‘നീ വൈകിട്ട് റൂമിലേക്ക് വാ’’

വിനയൻ ഫോൺ കട്ടു ചെയ്തപ്പോഴേക്കും നിർമാതാവായ ദിനേശ് മേനോൻ വിളിച്ചു

മേനോൻ ചേട്ടൻ വലിയ ആവേശത്തിൽ ആയിരുന്നു

 

‘‘ആർ പി സമ്മതിച്ചിരിക്കുന്നു തന്നെ, താൻ ഈ കഥ പറഞ്ഞപ്പോൾ ഇതു ചെയ്യണോ എന്നു ഞാൻ പല പ്രാവശ്യം ആലോചിച്ചതാ, പിന്നെ തന്നോടുള്ള വിശ്വാസം കൊണ്ട് മാത്രം ഒകെ പറഞ്ഞതാ. ഇതിപ്പോ 30 വർഷത്തെ സിനിമ ജീവിതത്തിൽ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി എന്റെ പേരും വരുന്നു. മാത്രവുമല്ല ഇത്രയും ലാഭം കിട്ടിയ ഒരു സിനിമയും, ഒരുപാട് നന്ദി ഉണ്ടെടോ’’ ഒറ്റശ്വാസത്തിൽ മേനോൻ പറഞ്ഞു തീർത്തു

 

‘‘താൻ ഇങ്ങോട്ടു വാ നമുക്ക് ഒന്നു ആഘോഷിക്കണ്ടേ’’ നിർമ്മാതാവ് വിടാനുള്ള ഭാവം ഇല്ല.

‘‘വരാം ചേട്ടാ’’ എന്നു പറഞ്ഞു രാജ് ഫോൺ കട്ടു ചെയ്തു

ഫോണ് ഓഫാക്കിയലോ എന്നു ആലോചിച്ചപ്പോഴേക്കും അടുത്ത ഫോൺ വന്നു

ഇത്തവണ ശ്രീകല  മേനോൻ ആണ്, നല്ല നടിക്കുള്ള അവാർഡ് ആദ്യമായി കിട്ടിയതിന്റെ ആവേശത്തിൽ ആണ് 

 

‘‘Sir, thank you sir,’’ ശ്രീകലയുടെ മധുര ശബ്‌ദം ഫോണിലൂടെ ഒഴുകി എത്തി

ഇന്ത്യൻ സിനിമയിലെ സൂപ്പർതാര റാണി എന്ന ഒരു ഭാവവും ഇല്ല, അവരെക്കാൾ ഫീൽഡിൽ ജൂനിയർ ആയ തന്നെപോലും സർ എന്നു മാത്രമേ വിളിക്കു.

യാദൃശ്ചികമായി മുംബൈയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ഒന്നിച്ചു യാത്ര ചെയ്യാൻ കഴിഞ്ഞ അവസരത്തിൽ ‘‘മലയാളം സംവിധായകൻ’’ ആണ് എന്നു പറഞ്ഞു പരിചയപ്പെട്ടു, ‘‘എന്റെ കയ്യിൽ ഒരു കഥ ഉണ്ട് ഒന്നു പറയട്ടെ’’ എന്നു ചോദിച്ചപ്പോൾ  പറഞ്ഞു

 

‘‘സിനിമയിൽ എത്തിയിട്ട് 14 വർഷം ആയി ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ല, ഒരു പാട് പ്രോജക്ട് വന്നിരുന്നു, ഒന്നുകിൽ എനിക്ക് കഥ ഇഷ്ടപ്പെടില്ല, അല്ലെങ്കിൽ എന്റെ സാലറി നിങ്ങളുടെ ഇൻഡസ്ട്രി താങ്ങില്ല, അതുകൊണ്ട് ഇപ്പൊ ഞാൻ  മലയാളത്തിലെ പ്രോജക്ടുകൾക്കു താല്പര്യം കാണിക്കാറില്ല’’

 

പിന്നെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ‘‘ഏതായാലും കോഴിക്കോട് എത്തുന്നത് വരെ ഒരു കഥ കേട്ടിരിക്കാമല്ലോ പറയൂ.’’

കഥ പറഞ്ഞു  കഴിഞ്ഞിട്ട് കുറച്ചു സമയം ഒന്നും പറഞ്ഞില്ല. പിന്നീട് താൻ അവസാനം  ചെയ്ത സിനിമക്ക് വാങ്ങിയ തുക പറഞ്ഞു. മലയാളത്തിൽ ഒരു രണ്ടു സിനിമ ചെയ്യാം അത്രയും പൈസ ഉണ്ടെങ്കിൽ.

 

പക്ഷേ പിന്നെ പറഞ്ഞ വാക്കുകൾ തന്നെ ഞെട്ടിച്ചു.

‘‘ഏതായാലും സ്വന്തം ഭാഷയിൽ ഒരു പടം ചെയ്യണം എന്ന് ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകുമോ? അതു കൊണ്ടു ഇതിനു നിങ്ങൾ എന്തു തരുന്നുവോ അതാണ് എന്റെ പ്രതിഫലം, കഥ എനിക്ക് ഇഷ്ടമായി. പക്ഷേ 3 മാസം കഴിഞ്ഞേ ഡേറ്റ് ഉണ്ടാവൂ.’’

ഏതായാലും ശ്രീകലയുടെ  ഡേറ്റ് കിട്ടിയതോടെ കാര്യങ്ങൾ എല്ലാം ഉഷാർ ആയി.

 

‘‘സർ  ഇത്രയും വർഷത്തിനിടയിൽ എത്ര ഭാഷ, എത്ര സിനിമകൾ, പക്ഷേ ആദ്യം ആയിട്ടാണ് എനിക്ക് ഒരു അവർഡു കിട്ടുന്നത്. മായയോട് ഒരുപാട് നന്ദി, once again thank you sir’’

എന്നു പറഞ്ഞു ഫോണ് കട്ടു ചെയ്തു.

 

ഇനി ഇപ്പൊ ആരും വിളിക്കേണ്ട എന്നു തീരുമാനിച്ചു ആർപി മൊബൈൽ ഓഫാക്കി.

മായയോട് ഒരു പാട് നന്ദി എന്ന ശ്രീകലയുടെ  വാക്കുകൾ അപ്പോഴും ചെവിയിൽ മുഴങ്ങി.

മായ അവളോടെങ്ങനെ താൻ നന്ദി പറയും ആർപിക്കു മായയെ കുറിച്ചു ഓർക്കുമ്പോൾ  തന്നെ രോമങ്ങൾ ഒക്കെ എഴുന്നേറ്റു നിൽക്കുന്നു. അതു സ്നേഹം കൊണ്ടു ആണോ  അതോ ഭയം കൊണ്ടോ?

 

മായയെ ആദ്യം കണ്ട നിമിഷം ആർ പി ഓർത്തു. ആദ്യം ചെയ്ത് നാലു സിനിമകളും സൂപ്പർ ഹിറ്റ്. അതിനു ശേഷം പിന്നീട് മൂന്നു സിനിമകൾ വൻ പരാജയങ്ങൾ. ആർ പിയുടെ കാലം കഴിഞ്ഞു എന്നു തോന്നിയ കാലം. പിന്നീട് ഒരുവർഷത്തോളം സിനിമ ഒന്നും ചെയ്തില്ല.

എല്ലാവരും പുതിയ സിനിമ ഒന്നും ഇല്ലേ ? എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന സമയം.

എന്നാൽ തന്റെ മനസ്സു ബ്ലാങ്ക് ആയിരുന്നു, ആ സമയത്തു ആണ് മേനോൻ ചേട്ടൻ പറഞ്ഞത് ‘‘ താൻ ഇങ്ങനെ വെറുതെ ഇരിക്കല്ലേ നമുക്ക് ഒരു പടം ചെയ്യാം’’ എന്ന്.

കുറെ ഒഴിഞ്ഞു മാറിയെങ്കിലും വിടാതെ പിറകെ കൂടി.

 

ഒഴിഞ്ഞു മാറാൻ വേണ്ടി ‘‘മനസ്സിൽ കഥ ഒന്നും ഇല്ലെന്നു‘‘ പറഞ്ഞപ്പോൾ പറഞ്ഞു‘‘ നീ ഇങ്ങനെ സോഷ്യൽ മീഡിയ മാത്രം നോക്കി ഇരുന്നാൽ എവിടെ നിന്നു കഥ കിട്ടും?, ഒരു കാര്യം ചെയ്യൂ എന്റെ നാട്ടിൽ പോ. അവിടെ തറവാട് വീട് ഒഴിഞ്ഞു കിടക്കുക ആണ്.

ആരും ശല്യപ്പെടുത്താൻ ഉണ്ടാവില്ല. മാത്രവും അല്ല മനോഹരമായ നാട്ടിൻപുറവും’’

‘‘നീ എന്നാണ് പോകുന്നത് എന്നു പറയു, ഞാൻ രമേട്ടനോട് വിളിച്ചു പറയാം’’

‘‘അടുത്ത ആഴ്ച്ച പോകാം പക്ഷേ ഒരു കണ്ടീഷൻ ഇവിടെ നിന്നു പോയാൽ പിന്നെ ഞാൻ കഥ എഴുതി തിരിച്ചു വരുന്നത് വരെ എന്നെ വിളിക്കാനെ പാടില്ല’’

‘‘ശരി നിനക്ക് പണ്ടുമുതലേ ഫോൺ അലർജി ആണല്ലോ. എല്ലായിപ്പോഴും ഫോണിൽ നോക്കി ഇരിക്കും എന്നാൽ ആരും വിളിക്കാനും പാടില്ല. ഈ കലാകാരൻമാരുടെ ഒരു കാര്യം’’

മേനോൻ ചേട്ടൻ പൊട്ടിച്ചിരിച്ചു

 

‘‘ഏതായാലും ഞാൻ വാക്ക് തന്നിരിക്കുന്നു. അപ്പൊ നീ തിങ്കളാഴ്ച്ച അവിടെ എത്തും എന്നു പറയട്ടെ’’

‘‘Ok’’ആർ പി ഏറ്റു

 

സ്ഥലത്തിന്റെ ലൊക്കേഷൻ അയക്കാം എന്നു പറഞ്ഞപ്പോൾ, വേണ്ട എനിക്ക് മേൽവിലാസം തന്നാൽ മതി. ഞാൻ ബസിൽ ആണ് പോകുന്നത് സ്ഥലം ഒക്കെ കണ്ടു ഒരു യാത്ര ആവട്ടെ.

 

വീടിന്റ മേൽവിലാസം മേനോൻ എഴുതി, അവിടെ എത്തിച്ചേരാനുള്ള വഴിയും പറഞ്ഞു തന്നു.തിങ്കളാഴ്ച്ച ബസ്സുകൾ മാറി മാറി കയറി സന്ധ്യ സമയത്തു ആണ് ദിനേശ് മേനോന്റെ നാട്ടിൽ ആർ പി എത്തിയത്. അതു ശരിക്കും ഒരു കുഗ്രാമം തന്നെ ആയിരുന്നു. ഒഴിഞ്ഞു കിടക്കുന്ന തറവാട് വീട് എന്നു ചോദിച്ചപ്പോൾ കടക്കാരന്റെ മുഖത്തു തനിക്കു മനസ്സിലാവാത്ത ഒരു ഭാവം.

 

ഏതായാലും വഴി പറഞ്ഞു തന്നു. കുറച്ചു ദൂരം നടക്കാനുണ്ടായിരുന്നു. വിചാരിച്ചതിലും വലിയ വീട് ചുറ്റും വലിയ മതിൽ,ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു. തറവാടു പറമ്പിന്റെ പുറകിൽ ആണ് രമേട്ടന്റെ വീട് എന്നാണ് പറഞ്ഞത് അങ്ങോട്ടു നടക്കാൻ തുടങ്ങിയപ്പോഴേക്കും

പദസരത്തിന്റെ കിലുക്കം കേട്ടു. സെറ്റ് സാരി ഉടുത്ത അതി സുന്ദരി ആയ ഒരു യുവതി മുന്നിൽ.

 

‘‘രാജ് സർ അല്ലെ’’

‘‘അതേ’’

നിങ്ങൾ ആരാണ് എന്നു ആർ പി ചോദിക്കുന്നതിനു മുൻപ് തന്നെ മറുപടി വന്നു

‘‘ഞാൻ രാമൻ നായരുടെ മകൾ ആണ്.’’

‘‘ബാഗ് ഞാൻ എടുക്കാം’’ എന്നവൾ പറഞ്ഞെങ്കിലും

‘‘ഓ വേണ്ട’’ എന്നു ആർ പി നിഷേധിച്ചു. അവൾ ഗേറ്റ് തുറന്നുവരൂ എന്നു പറഞ്ഞു മുന്നോട്ടു നടന്നു.

 

വീടിന്റെ വാതിൽ തുറന്നു കൊണ്ടു പറഞ്ഞു ‘‘കയറി വരു. ദിനേശ് സാർ ഇന്നലെ ആണ് വിളിച്ചു പറഞ്ഞത്, ഇന്ന് വരും എന്ന്, അതുകൊണ്ടു പെട്ടന്ന് വൃത്തി ആക്കിയത് ആണ്, രണ്ടു റൂമും ഹാളും മാത്രമേ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉള്ളൂ . കുറെ കാലം ആയി ആരും താമസത്തിന് വരാറില്ല’’

‘‘പിന്നാലെ വന്നോളൂ‘‘ എന്നു പറഞ്ഞു ലൈറ് ഇട്ടുകൊണ്ടു അവൾ കോണി കയറി മുന്നോട്ടു നടന്നു,

 

മുകളിലെ റൂം തുറന്നുകൊണ്ടു പറഞ്ഞു ഇതു ബാത്റൂം  അറ്റാചട് ആണ്.

‘‘റൂമിൽ ഫാൻ ഇല്ല സർ പക്ഷേ ഈ ജനൽ തുറന്നാൽ മതി നല്ല കാറ്റു കിട്ടും’’

എന്നു പറഞ്ഞുകൊണ്ട് അവൾ ജനൽ തുറന്നു

 

ശരിയാണ് പുറത്തുനിന്ന് നല്ല തണുത്ത കാറ്റ് അകത്തേക്ക് എത്തി.

‘‘സർ ഒന്നു കുളിച്ചു ഫ്രഷ് ആയിക്കോളു അപ്പോഴേക്കും ഞാൻ ഭക്ഷണം കൊണ്ടു വരാം’’

‘‘രാമേട്ടൻ ’’ ആർ പി ചോദിച്ചു

‘‘അമ്മായിക്ക്, അതായത് അച്ഛന്റെ മൂത്ത ചേച്ചിക്ക് തീരെ സുഖം ഇല്ല എന്നു ഫോൺ വന്നിരുന്നു. അച്ഛൻ അങ്ങോട്ടു പോയതാ’’. അവൾ പറഞ്ഞു.

‘‘ കുട്ടിയുടെ പേരെന്താ ’’

‘‘മായ ’’

 

കാൽ സ്പര്ശമേറ്റു കരയുന്ന കോണിപടികളുടെ ശബ്ദവും പാദസരത്തിന്റെ കിലുക്കവും അകന്നകന്നു പോയി. തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ ആർ പി യുടെ ക്ഷീണമെല്ലാം മാറി.ഒരു മൂളിപാട്ടും പടിക്കൊണ്ടു അയാൾ ജനൽ വഴി പുറത്തേക്കു നോക്കി, വന്മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പറമ്പ്, അതിനു ഒരു മൂലക്ക് വലിയ ഒരു കുളം അവിടെ അവിടെ പൊളിഞ്ഞു വീഴാറായ  കുളിപ്പുര. കുളത്തിന്റെ ചുറ്റും വെട്ടുകല്ലുപയോഗിച്ചു കെട്ടിയിരിക്കുന്നു. റൂമിൽ കട്ടിൽ വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു, വീടിന്റെ എല്ലാ ഭാഗത്തും തടിപ്പണിയുടെ ധാരാളിത്തം കാണാം, ഈ റൂമിൽ ഉപോയോഗിച്ചിരിക്കുന്ന മരം ഉണ്ടെങ്കിൽ തന്നെ ഒരു ഇടത്തരം വീടിനു വേണ്ട മര ഉരുപ്പടികൾ മുഴുവൻ ഉണ്ടാക്കാം എന്നു  ആർ പി ഓർത്തു.

 

ബാഗിൽ നിന്നും ചാർജർ എടുത്തു, എപ്പോഴോ ഓഫായിരുന്ന ഫോണ്‍ ചാർജ് ചെയ്യാൻ വെച്ചു. അൽപസമയം പുറത്തേക്കു നോക്കി നിന്നു ആർ പി ഒരു സിഗരറ്റിനു തീ കൊളുത്തി.

അയാൾ ഒരു ചെയിൻ സ്മോക്കാർ ഒന്നും ആയിരുന്നില്ല, വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും അത്രമാത്രം.

 

അൽപ സമയം കഴിഞ്ഞപ്പോഴേക്കും വീണ്ടും പാദസരത്തിന്റെ കിലുക്കം കേൾക്കാനായി

‘‘സാറ് താഴത്തെ വാതിൽ അടച്ചില്ല അല്ലെ?’’ എന്നു ചോദിച്ചു കൊണ്ടു  ഒരു സ്റ്റീൽ തട്ടു പാത്രവും പിടിച്ചു കൊണ്ടു മായ കടന്നു വന്നു.

‘‘ഓ ഞാനതിനെ കുറിച്ചു ഓർത്തില്ല’’

‘‘സാറിനു വേണമെങ്കിൽ താഴത്തെ ഹാളിൽ tv ഉണ്ട്. പഴയത് ആണ്, സാറിനു വേണ്ടി ഇന്ന് കേബിൾ കണക്ഷൻ എടുത്തതാണ്’’

‘‘ആരെയെങ്കിലും വിളിക്കണം എന്നുണ്ടെങ്കിൽ വീട്ടിലേക്കു വന്നാൽ മതി ഇവിടെ മൊബൈലില് റേഞ്ച് കിട്ടാൻ പാടാണ്, വീട്ടിൽ ലാൻഡ് ഫോൺ ഉണ്ട്’’

റേഞ്ചില്ല എന്നു കേട്ടപ്പോൾ അതു നന്നായി എന്നു ആർ പി ഓർത്തു.

‘‘സർ ഭക്ഷണം കഴിക്കാൻ ആയോ?’’

‘‘സമയം അധികം ആയിട്ടൊന്നും ഇല്ല,പക്ഷെ ഉച്ചക്ക് യാത്രയിൽ ഞാൻ കഴിക്കാൻ മറന്നു, അതുകൊണ്ടു ഇപ്പൊ തന്നെ ആയിക്കോട്ടെ’’

‘‘ കൈ കഴുകി വന്നോളൂ,അപ്പോഴേക്കും ഞാൻ വിളമ്പിവെക്കാം’’

‘‘കുട്ടി വേണമെങ്കിൽ പൊയ്ക്കോളൂ, ഇരുട്ടാവുക അല്ലെ’’

‘‘അതൊന്നും സാരമില്ല സർ, ഞങ്ങൾക്കു രാവും പകലും  ഒക്കെ ഒരേ പോലെ തന്നെ’’ അവൾ മണികിലുങ്ങുമ്പോലെ ചിരിച്ചു.

 

നല്ല കുത്തരിചോറും, മോരുകറിയും, കടുമാങ്ങയും, പപ്പടവും ഒക്കെ ഉള്ള തനി നടൻ ഭക്ഷണം അയാൾ നന്നായി ആസ്വദിച്ചു കഴിച്ചു

‘‘സാറിനു ഇഷ്ടപ്പെട്ടോ ആവോ?’’

‘‘ശരിക്കും, നാട്ടിൽ പോവുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന അതേ രുചി’’ അയാൾ വിരലുകൾ നക്കി കൊണ്ട് പറഞ്ഞു.

‘‘നാളെ മീൻ കിട്ടുമോ എന്നു നോക്കാം’’ അവൾ  പാത്രങ്ങൾ അടുക്കി  വെച്ചുകൊണ്ടു പറഞ്ഞു.

‘‘മായ ഇവിടെ ആകെ ഒരു ഭാർഗവി നിലയം സെറ്റ്അപ് ആണല്ലോ’’ അയാൾ ചോദിച്ചു

‘‘വല്ല ഭാർഗവികുട്ടി മാരും ഉണ്ടാവുമോ?’’

‘‘സാറിനു ഇതിലൊക്കെ വിശ്വാസം ഉണ്ടോ?’’  അവൾ തിരിച്ചു ചോദിച്ചു.

 അയാൾ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘‘ഏതായാലും രാത്രി  മച്ചിനു മുകളിൽ മരപട്ടികൾ ഓടുന്ന ശബ്‌ദം ഒക്കെ ഉണ്ടാവും പേടിക്കണ്ട ട്ടോ’’ അവൾ മന്ദഹസിച്ചു.

‘‘എന്നാ ഞാൻ വരട്ടെ സാറേ ’’

‘‘താഴേക്കു ഞാനും വരുന്നു അൽപസമയം tv കാണാം’’ എന്നു പറഞ്ഞു അവളെ അയാൾ പിൻന്തുടർന്നു. ഗോവണി ഇറങ്ങി

‘‘സർ വാതിൽ കുറ്റി ഇട്ടേക്കു’’ എന്നു പറഞ്ഞു അവൾ മുറ്റത്തേക്കിറങ്ങി ചെരുപ്പുപോലും ഇടാതെ നടന്നു മറഞ്ഞു.

 

അയാൾ കുറെ സമയം tv കണ്ടിരുന്നു പിന്നീട് പോയി  കിടന്നു.

ക്ഷീണം കാരണം ആണെന്ന് തോന്നുന്നു കിടന്ന ഉടനെ തന്നെ ഉറങ്ങി പോയി. പിറ്റേന്ന് രാവിലെ വൈകി മായ വന്നു വിളിച്ചപ്പോൾ ആണ് അയാൾ ഉണർന്നത്.

‘‘താൻ എങ്ങിനെ ഉള്ളിൽ കയറി ?’’ അയാൾ ആശ്ചര്യത്തോടെ ചോദിച്ചു

‘‘ഞാൻ മായ അല്ലെ എവിടെയും എപ്പോഴും കയറാം’’ അവൾ പൊട്ടിച്ചിരിച്ചു കൊണ്ടു തുടർന്നു

 

‘‘ഞാൻ സാറിനെ കുറെ വിളിച്ചു, സാറ് കേട്ടില്ല എന്നു മനസിലായപ്പോൾ പിന്നെ അടുക്കള ഭാഗത്തെ വാതിൽ പുറത്തുനിന്ന് പൂട്ടിയത് ആയിരുന്നു. അതു തുറന്നു കയറി’’

‘‘ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട്, സാര് പല്ലൊക്കെ തേച്ചു വരൂ, അപ്പോഴേക്കും ഞാൻ മുറ്റം അടിച്ചു വൃത്തിയക്കട്ടെ’’ എന്നു പറഞ്ഞ് അവൾ പുറത്തേക്കു നടന്നു. അയാൾ കുളിയും പല്ലുതേപ്പും ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും അവൾ ചായ എടുത്തു വെച്ചിരുന്നു. നല്ല തുമ്പ പൂ പോലുള്ള ഇഡ്ഡലിയും ചട്നിയും ചായയും, ഇപ്പോഴും അവൾ സെറ്റ് സാരി ആണ്‌ ഉടുത്തിരിക്കുന്നത്–

 

‘‘ഇതെന്താ തന്റെ യൂണിഫോം ആണോ’’ അയാൾ ചോദിച്ചു

‘‘എന്താ നന്നായിട്ടില്ലേ?’’ അവൾ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു

അയാൾ നന്നായിട്ടുണ്ട് എന്നു കൈകൊണ്ടു ആംഗ്യം കാണിച്ചു.

‘‘ഉച്ചക്ക് വരാം സാറിനു കഥ  എഴുതാനുണ്ടാവും ശല്യപ്പെടുത്തരുത് എന്നു ദിനേശ് സാർ പറഞ്ഞിട്ടുണ്ട്’’ എന്നും പറഞ്ഞു അവൾ പോയി..

 

ആർ പി അതിനു ശേഷം പുറത്തിറങ്ങി ആ പറമ്പിലൂടെ നടന്നു തേക്കുകളും മാവുകളും പ്ലാവുകളും അങ്ങിനെ വന്മരങ്ങൾ നിറഞ്ഞ ഏകദേശം പത്തു ഏക്കർ എങ്കിലും ഉണ്ടാവും.

പറമ്പിന്റെ ഒരു മൂലയിൽ പാമ്പിൻ കാവ് ആണെന്ന് തോന്നുന്നു, ഉണ്ട്. അവിടെ ഇടിഞ്ഞു പൊളിഞ്ഞ ഒരു അമ്പലത്തിന്റെ അവശിഷ്ടവും പറമ്പിന്റെ ഒരു മൂലയിൽ വലിയ കുളം അതിൽ നിറയെ മീനുകൾ ഉണ്ട്. മായയോട് ഒരു ചൂണ്ട സംഘടിപിക്കാമോ എന്നു ചോദിക്കണം അയാൾ ഓർത്തു.

 

ഉച്ചക്ക് മായ ചോറുമായി വന്നപ്പോൾ  അയാൾ പറമ്പിൽ ചുറ്റി നടക്കുക ആയിരുന്നു

‘‘സാറേ’’ അവൾ നീട്ടി വിളിച്ചു

‘‘ അച്ഛൻ വന്നില്ലേ? മായക്കു ബുദ്ധിമുട്ടയോ ഞാൻ കാരണം’’ എന്നു ചോദിച്ചു കൊണ്ടു അയാൾ വീട്ടിലേക്കു കയറി

‘‘എനിക്ക് എന്തു ബുദ്ധിമുട്ടു സാറേ? അല്ലെങ്കിൽ തന്നെ സാറിനെ പോലെ ഉള്ള ഒരാൾ ഞങ്ങളുടെ നാട്ടിൽ വന്നു എന്നോട് സംസാരിച്ചു എന്നൊക്കെ പറയുന്നത് തന്നെ ഞങ്ങൾക്ക് ഒരു അഭിമാനം അല്ലെ?’’ അവൾ പറഞ്ഞു

 

‘‘അച്ഛൻ വന്നിട്ടില്ല  അമ്മായിക്ക് അസുഖം കൂടുതൽ ആണെന്നാണ് പറഞ്ഞത്. സാറിന്റെ കാര്യത്തിൽ ഒരു കുറവും വരുതരുത് എന്നു പ്രത്യേകം പറഞ്ഞു’’ അവൾ ചോറു വിളമ്പി.

നല്ല കുടംപുളി ഇട്ടു വെച്ച മത്തി കറിയും കുരുമുളകും ചെറിയഉള്ളിയും അരച്ചു വെളിച്ചെണ്ണയിൽ വറുത്തെടുത്ത മത്തിയും ചീര തോരനും. കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന അവസ്‌ഥ,‘‘നല്ല രുചി.’’

‘‘ഇതൊക്കെ താൻ  ഉണ്ടാക്കിയതാണോ?’’

‘‘അല്ലാതെ പിന്നെ ആരുണ്ടാക്കാൻ, ഞാനും അച്ഛനും മാത്രമല്ലേ ഉള്ളൂ’’

‘‘അപ്പൊ താൻ മാത്രമേ വീട്ടിൽ ഉള്ളോ, പേടി ഇല്ലേ?’’

‘‘ഓ എന്തു പേടിക്കാനാ സാറേ’’ അവൾ പറഞ്ഞു

 

ഊണ് കഴിഞ്ഞപ്പോൾ അയാൾക്കു ഒരു സിഗരറ്റ് വലിക്കണം എന്നു തോന്നി.

അപ്പോഴാണ് ഓർത്തത ഇന്നലെ അവസാനത്തെ സിഗരറ്റും വലിച്ചു കഴിഞ്ഞല്ലോ എന്ന്,

വൈകിട്ട് ചായയും നല്ല  മൊരിഞ്ഞ പരിപ്പുവടയും ആയി വന്നപ്പോൾ കൂടെ തന്റെ ബ്രാന്റ് സിഗരറ്റും അവളുടെ കയ്യിൽ ഉണ്ടായിരുന്നു.

 

അതിന് താൻ സിഗരറ്റ്  വാങ്ങാൻ പറഞ്ഞിരുന്നില്ലല്ലോ  ഇവൾ ഇതെങ്ങിനെ അറിഞ്ഞു? താൻ വലിക്കുന്ന കാര്യം ദിനേശെട്ടനു പോലും അറിയില്ലല്ലോ അയാൾ അത്ഭുതപ്പെട്ടു.

‘‘രാവിലെ മുറ്റം അടിക്കുന്ന സമയത്ത് ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് കണ്ടു. അതുകൊണ്ടു വാങ്ങിയതാ’’ മനസ്സു വായിച്ച പോലെ അവൾ പറഞ്ഞു|.

‘‘മായ  ഞാനൊന്നു ഗ്രാമത്തിൽ കറങ്ങിയാലോ’’ ചായ കുടിക്കുന്നതിന് ഇടയിൽ അയാൾ ചോദിച്ചു

‘‘സാറിനു പരിചയം ഇല്ലാത്ത വഴികൾ അല്ലെ ഞാനും വരാം’’

‘‘തനിക്ക് ബുദ്ധിമുട്ടാവില്ലേ’’

‘‘എന്തു ബുദ്ധിമുട്ടു സാർ’’

‘‘ഞാൻ ഷർട്ട് മാറ്റി വരാം’’ അയാൾ പറഞ്ഞു

‘‘സാറിനു അലക്കാനുള്ളത് എല്ലാം റൂമിനു പുറത്തിട്ടാൽ മതി ഞാൻ രാവിലെ വരുമ്പോൾ അലക്കാം’’ അവൾ പറഞ്ഞു.വാതിൽ പൂട്ടി അവർ പുറത്തോട്ടിറങ്ങി

 

അവൾ വഴികാട്ടിയായി മുന്നിൽ നടന്നു. തന്റെ മുന്നിൽ മണിനാദം ഉതിർത്തു കൊണ്ടു ചലിക്കുന്ന സുന്ദരമായ നഗ്‌നപാദങ്ങൾ നോക്കി കൊണ്ട് അയാൾ അൽപസമയം നടന്നു. പിന്നീട് അവളോട്‌ ചോദിച്ചു ‘‘താൻ എന്താ ചെരിപ്പ് ഇടാത്തത്?’’

‘‘ഓ ഞങ്ങൾക്ക് നടക്കാൻ ചെരിപ്പു വേണം എന്നൊന്നും ഇല്ല സാറേ’’ പുഴയും വയലുകളും ചെറിയ കുന്നുകളും പുഴയും ഒക്കെ ഉള്ള സുന്ദര ഗ്രാമം, അതിനു അതിർത്തി കെട്ടിയത് പോലെ മൂന്ന് വശവും മലകളും.

 

ഇവിടെ കുറച്ചു സ്ഥലം വാങ്ങി വീട് വെച്ചാലോ എന്നു അയാൾക്ക്‌ തോന്നി. കുറെ സമയം നടന്നു അവർ തിരിച്ചു വന്നു, മായയുടെ വീടിനു അടുത്തു എത്തിയപ്പോൾ അവൾ പറഞ്ഞു. ‘‘സാറ് നടന്നോ ഞാൻ കുറച്ചു കഴിഞ്ഞു ചോറുമായി വരാം’’

 

അയാൾ പെട്ടന്ന് പോക്കറ്റിൽ നിന്നും കുറച്ചു പൈസ എടുത്തു അവൾക്ക് കൊടുത്തു പറഞ്ഞു ‘‘സാധനങ്ങൾ വാങ്ങാൻ പൈസ വേണ്ടേ’’ പക്ഷേ അവൾ അതു വാങ്ങാൻ കൂട്ടാക്കിയില്ല. ‘‘കാശെല്ലാം ദിനേശ് സാറ് അയച്ചു തന്നിട്ടുണ്ട് സറിനോടൊന്നും വാങ്ങരുത് എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്’’

 

അന്ന് പുതിയ ഒരു കഥ എഴുതാൻ വേണ്ടി പേപ്പറും പെന്നും എടുത്തെങ്കിലും അയാളുടെ മനസ്സിൽ മായയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരു അക്ഷരവും എഴുതാൻ കഴിഞ്ഞില്ല. രാത്രി മായ പറഞ്ഞതു പോലെ തട്ടിനു മുകളിൽ നിന്നും പല അപശബ്ദങ്ങളും കേട്ടു, മായ മുന്നറിയിപ്പ് തന്നിരുന്നില്ലെങ്കിൽ താൻ പേടിച്ചു പോയേനെ അയാൾ ഓർത്തു.

 

പിറ്റേന്ന്  രാവിലെ നേരത്തെ എണീറ്റു കുളി ഒക്കെ കഴിഞ്ഞു അൽപസമയം പറമ്പിൽ കറങ്ങാം എന്നു വിചാരിച്ചു പുറത്തോട്ടിറങ്ങി നടന്നു. അയാൾ പാമ്പിൻകാവിനു മുന്നിൽ എത്തിയപ്പോൾ ഭയത്തോടെ പിറകോട്ടു ചാടി മുന്നിൽ പത്തിവിരിച്ച് ഒരു മൂർഖൻ പാമ്പ് പെട്ടന്ന് ഉറച്ച ഒരു ശബ്ദം മുഴങ്ങി പിറകിൽ നിന്ന്–

 

‘‘സാറ് നിന്റെ കാവിലേക്കൊന്നും കയറിയില്ലല്ലോ? പിന്നെ എന്താ നീ ഇത്ര കോപിക്കാൻ? നിന്റെ കാവിലേക്കു മടങ്ങിപോയിക്കോ’’

 

അവളുടെ ഉയർന്ന ഒച്ച കേട്ടിട്ട് എന്ന പോലെ പത്തി ഒന്നുരണ്ടു പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു കൊണ്ട് പാമ്പ് ഇഴഞ്ഞു പോയി

‘‘സാറ് പേടിച്ചു പോയോ?’’

‘‘താൻ എങ്ങിനെ ഇവിടെ എത്തി ഈ സമയത്തു?’’

‘‘ഞാൻ ചായയും ആയി വന്നതാണ്, അപ്പൊ വാതിൽ തുറന്നു കിടക്കുന്നു, സാറിനെ കാണാനും ഇല്ല, അപ്പൊ എനിക്ക് തോന്നി പറമ്പിൽ ഉണ്ടാവും എന്ന്’’

‘‘സൂക്ഷിക്കണെ സാറേ ഇവിടെ എപ്പോഴും രണ്ടു മൂന്നു പാമ്പുകൾ ഉണ്ടാവും’’ അയാൾ ഭയം കലർന്ന ഒരു ചിരി അവൾക്കു സമ്മാനിച്ചു

 

രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും രാമേട്ടൻ വന്നിട്ടില്ല അമ്മായിക്ക് അസുഖം കൂടുതൽ ആണെന്ന് മായ പറഞ്ഞു

 

‘‘പിന്നെ അച്ഛന് ഇവിടെ ഞാൻ ഒറ്റക്കല്ലല്ലോ എന്ന സമാധാനവും ഉണ്ട് ഇപ്പൊ. എന്തെങ്കിലും ആവശ്യം വന്നാൽ സാറുണ്ടല്ലോ എന്നു  പറയുകയും ചെയ്തു’’

 

ആ വെള്ളിയാഴ്ച്ച രാത്രി അയാൾ ജനൽ വഴി പുറത്തേക്കു നോക്കി നിൽക്കുന്ന സമയത്തു  കാറ്റിൽ നല്ല പാലപ്പൂവിന്റെ മണം കടന്നു വന്നു. പെട്ടന്ന് നിലാവിൽ പറമ്പിലൂടെ വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ നടക്കുന്നത് കണ്ടു.. ധൈര്യം സംഭരിച്ചു ആർ പി വീടിന്റെ പുറത്തേക്ക്  ഇറങ്ങി വന്നു,മെല്ലെ നടന്നു കുളത്തിന്റെ അടുത്തെത്തി അപ്പോൾ മായ ഉണ്ട് അവിടെ ഇരിക്കുന്നു.

സംശയം വമിക്കുന്ന നോട്ടതോടെ അവളെ നോക്കി അയാൾ ചോദിച്ചു ‘‘നീ എന്താണ് ഇവിടെ?’’

 

‘‘എന്തോ ഉറക്കം വന്നില്ല സാർ

അപ്പൊ അമ്മയെ ഓർമ്മ വന്നു, ഞാൻ കുഞ്ഞായിരിക്കുമ്പോൾ അമ്മ നിലാവുള്ള രാത്രികളിൽ ഇവിടെ കൊണ്ടുവന്നു കുളത്തിലെ വെള്ളത്തിൽ ചന്ദ്രനെ കാണിച്ചു തരാറുണ്ടായിരുന്നു.

അതൊക്കെ ഓർമ്മ വന്നപ്പോൾ ഇങ്ങോട്ടു പോരാൻ തോന്നി’’

 

അവൾ പറഞ്ഞപോലെ ആർ പി കുളത്തിലേക്കു നോക്കി ശരിയാണ് ഒരു കണ്ണാടിയിൽ കാണുന്നത് പോലെ കുളത്തിലെ തെളിനീരിൽ ചന്ദ്രൻ പ്രകാശിച്ചു കൊണ്ടിരിക്കുന്ന സുന്ദര ദൃശ്യം

പെട്ടന്ന് തന്നെ അയാൾ അവളുടെ കൈ കവർന്നെടുത്തു പറഞ്ഞു

‘‘നന്ദി മായ, ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ഒരു കാഴ്ച്ച ആണിത്, തനിപ്പോ ഇങ്ങോട്ടു വന്നില്ലായിരുന്നെങ്കിൽ ഞാനിതു ഒരിക്കലും കാണില്ലായിരുന്നു’’

അവൾ മധുരമായി ചിരിക്കുക മാത്രം ചെയ്തു

 

അന്ന് രാവ് പുലരുന്നതുവരെ അവർ അവിടെ സംസാരിച്ചിരുന്നു, ഇടക്കിടക്ക് അവൾ കാലുകൊണ്ട് വെള്ളം ഇളക്കി കൊണ്ടേ ഇരുന്നു വെള്ളം ഇളക്കുമ്പോൾ അകന്നു പോകുന്ന ചന്ദ്രൻ പിന്നെയും തിരിച്ചു വരുന്നത് മനോഹര കാഴ്ച്ച ആയിരുന്നു.

 

പുലർച്ചെ കോഴി കൂവാൻ തുടങ്ങിയപ്പോൾ അയാളെ വീട്ടിലാക്കി അവൾ പോയി അന്ന് അയാൾ ഒരുപാട് വൈകി ആണ് ഉണർന്നത്, അപ്പോഴേക്കും അവൾ കൊണ്ടുവന്ന പ്രാതൽ എല്ലാം തണുത്തിരുന്നു. മായ അവിടെ ഉണ്ടായിരുന്നതും ഇല്ല.

 

അയാൾ വെറുതെ ഒന്നു പുറത്തോട്ടിറങ്ങി കുറച്ചു ദൂരം നടന്നപ്പോൾ എതിരെ ഒരാൾ വരുന്നുണ്ടായിരുന്നു കയ്യിൽ ഒരു ചൂണ്ടയും ആയി. ആർ പി യെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അയാൾ മടിച്ചു മടിച്ചു ചോദിച്ചു ‘‘സംവിധായകൻ ആർ പി ആണോ’’ എന്ന് അയാൾ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . ‘‘സർഎന്താ ഇവിടെ’’

‘‘ഞാൻ വെറുതെ നാട് കാണാൻ ഇറങ്ങിയത് ആണ്’’

‘‘ഇവിടെ എവിടെ ആണ് താമസം’’

‘‘നിർമാതാവ് ദിനേശ് മേനോന്റെ തറവാട്ടിൽ ആണ്’’ അയാൾ പറഞ്ഞു

‘‘ആ പൂട്ടി കിടന്നിരുന്ന വലിയ വീട്ടിൽ അല്ലെ’’

‘‘അതേ,നിങ്ങൾ?‘‘

‘‘എന്റെ പേരു നരേന്ദ്രൻ, എല്ലാവരും നരൻ എന്നു വിളിക്കും’’

‘‘കുറച്ച് അപ്പുറത്ത് ആണ് വീട്’’

‘‘മിസ്റ്റർ നരേന്ദ്രൻ എന്തു ചെയ്യുന്നു’’

‘‘ചെറിയ ബിസിനസുകൾ ഒക്കെ ആയി പോകുന്നു’’ അയാൾ പറഞ്ഞു

‘‘ഓക്കെ മിസ്റ്റർ നരേന്ദ്രൻ പിന്നെ എപ്പോഴെങ്കിലും കാണാം’’ എന്നും പറഞ്ഞു ആർ പി തിരിച്ചു നടന്നു.

 

വീട്ടിൽ എത്തിയപ്പോഴേക്കും മായ ഉച്ചഭക്ഷണവുമായി എത്തിയിരുന്നു.

‘‘രാവിലെ ഞാൻ വന്നപ്പോൾ സാറ് നല്ല ഉറക്കം ആയിരുന്നു, ഉറങ്ങിക്കോട്ടെ എന്നു കരുതിയാണ് വിളിക്കാതിരുന്നത്’’ അവൾ പറഞ്ഞു

‘‘അതു സാരമില്ല ഉറക്കമുണർന്നപ്പോൾ വെറുതെ ഒന്നു നടക്കാൻ തോന്നി’’

‘‘കുറച്ചു നടന്നപ്പോൾ ഒരാളെ പരിചയപ്പെട്ടു. ഒരു നരേന്ദ്രൻ, നരൻ എന്നു വിളിക്കും എന്നാണ് പറഞ്ഞത്’’

 

ആ പേരു കേട്ടപ്പോൾ ഒരു നിമിഷം മായയുടെ മുഖം ഇരുണ്ടതായി തോന്നി പക്ഷേ അവൾ ഒന്നും പറഞ്ഞില്ല

‘‘രാവിലെ ഒന്നും കഴിച്ചില്ലല്ലോ ചോറു എടുത്തു വെക്കട്ടെ അവൾ ചോദിച്ചു’’

‘‘ആ എന്നാ കഴിച്ചേക്കാം’’

ഭക്ഷണം കഴിക്കുന്നതിനു ഇടയ്ക്ക് അവൾ ചോദിച്ചു ‘‘കഥ എഴുത്തു എവിടെവരെ ആയി സർ’’

അതിനു മറുപടി പറയാതെ അയാൾ ചോദിച്ചത് ‘‘എന്റെ അടുത്ത പടത്തിൽ നിന്നെ നായിക ആക്കട്ടെ’’

 

‘‘ജീവിതം തന്നേ ഒരു അഭിനയം അല്ലെ സാറേ, നമുക്ക് സിനിമ ഒന്നും ശരിയാവില്ല’’

അയാൾക്ക്‌ അത്ഭുതം തോന്നി. സാധാരണ അയാളെ കാണുന്ന ആരും ചോദിക്കുന്നത് അടുത്ത സിനിമയിൽ ചെറുതെങ്കിലും ഒരു റോൾ തരുമോ എന്നായിരുന്നു. ചോറു കഴിച്ചു കഴിഞ്ഞപ്പോൾ

അവൾ ഒരു ചെറിയ പൊതി തുറന്നു അല്പം പൊടി എടുത്തു അയാളുടെ നിറുകയിൽ അമർത്തി തുരുമ്മി

 

‘‘ഇത്തിരി രാസ്നാദി പൊടി ആണ് ഇന്നലെ രാത്രി മഞ്ഞു കൊണ്ടതല്ലേ ജലദോഷം വരണ്ട’’

അപ്പോൾ ആദ്യമായി അയാൾക്ക് തോന്നി ഇവളെ തന്റെ സിനിമയിലെ നായിക അല്ല ജീവിതത്തിലെ നായിക ആണ് അക്കേണ്ടത് എന്ന്.

പിറ്റേന്ന് രാവിലെ പറമ്പിൽ നടക്കാനിറങ്ങിയ ആർ പി കുളക്കടവിൽ ഇരുന്നു കണ്ണു തുടക്കുന്ന മായയെ കണ്ടു

പതുക്കെ അടുത്തു ചെന്നിരുന്നു ചോദിച്ചു ‘‘എന്തു പറ്റി മായ’’

ആദ്യം അവൾ ഒന്നും പറഞ്ഞില്ല പിന്നീട് പറഞ്ഞു ‘‘അമ്മയെ ഓർത്തു പോയി’’

അയാൾ അവളുടെ തലക്ക് പിറകിൽ മെല്ലെ തലോടിക്കൊണ്ടു പറഞ്ഞു. 

‘‘വിഷമിക്കാതെടോ ,തനിക്ക് അമ്മ ഇല്ലാത്ത ദുഃഖം എനിക്ക് ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ ദുഃഖം’’

‘‘ആരും പൂർണമായി സന്തുഷ്ടരല്ലടോ,അതാണ് ജീവിതം’’

‘‘ജീവിതം’’ എന്നു പറഞ്ഞു അവൾ പുഞ്ചിരിച്ചപ്പോഴും അയാൾക്ക്‌ അതിൽ ഒരു ദുഃഖം കാണാൻ കഴിഞ്ഞു. പെട്ടന്ന് വിഷയം മാറ്റാൻ എന്നവണ്ണം അവൾ ചോദിച്ചു

‘‘സാറ് ചായ കഴിച്ചോ’’

‘‘ഇല്ല തന്നെ കാണാത്തത് കൊണ്ടു പറമ്പിലേക്ക് ഇറങ്ങിയതാണ് ’’

‘‘തനിക്ക് ഈ സാർ എന്ന വിളി മാറ്റിക്കൂടെ’’

‘‘ഇതാണ് വിളിക്കാൻ എളുപ്പം, എന്തായാലും ആർ പി എന്നു വിളിക്കാൻ പറ്റില്ല. പിന്നെ സാറിന്റെ പേരാണെങ്കിലോ രാജ് എന്നല്ലേ? അല്ലെങ്കിൽ പിന്നെ പഴയ സിനിമകളിൽ സീമ വിളിക്കുന്നത് പോലെ രാജേട്ടനെങ്കിലും എന്നെ മനസിലാക്കണം രാജേട്ടാ എന്നൊക്കെ പറയേണ്ടി വരും’’ എന്നു പറഞ്ഞ് അവൾ ചിരിച്ചു.

 

‘‘താൻ എന്തെങ്കിലും വിളിക്കു’’ എന്നു പറഞ്ഞ് അയാൾ ചിരിച്ചു. പിറ്റേന്ന് വൈകുന്നേരം അവർ പുതിയ ഒരു വഴിയിലൂടെ ആണ് നടന്നിരുന്നത്, നിരനിരയായി നിൽക്കുന്ന പനകൾക്കിടയിലൂടെ നടക്കുമ്പോൾ കള്ള് ശേഖരിയ്ക്കുന്നതിനു വേണ്ടി വെച്ച കുടങ്ങൾ മിക്ക പനയുടെ മുകളിലും ഉണ്ടായിരുന്നു.

 

അതു ശ്രദ്ധിക്കുന്നത് കണ്ടിട്ടായിരിക്കും ‘‘സാറ് കുടിക്കുമോ’’ എന്നു ചോദിച്ചത്

‘‘വല്ലപ്പോഴും’’

അന്ന് രാത്രി ചോറു കൊണ്ടുവന്ന സമയത്തു അവൾ ഒരു ചെറിയ കുടത്തിൽ കള്ളും കൊണ്ടുവന്നിരുന്നു.

‘‘ഇതെവിടെനിന്നു കിട്ടി?’’

‘‘ഞാൻ പറന്നു പനയിൽ കയറി എടുത്തു കൊണ്ടുവന്നു’’ അവൾ ചിരിച്ചു

‘‘ചെത്തുകാരൻ സുകുവിന്റെ അടുത്തുനിന്ന് വാങ്ങി അല്ലാതെ എവിടെ നിന്നു കിട്ടാനാ’’ അവൾ പറഞ്ഞു.

പിറ്റേന്ന് രാവിലെ വന്നു തിരിച്ചു പോകുന്നതിനു മുൻപ് അവൾ പറഞ്ഞു ‘‘സാറേ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ’’

‘‘നീ പറഞ്ഞാൽ കേൾക്കാതെ’’

‘‘എന്നാൽ സത്യം ചെയ്യൂ ഇനി കുടിക്കരുത് സിഗരറ്റും വലിക്കരുത് വാക്ക് താ’’ അവൾ കൈനീട്ടി

ഒന്നു മടിച്ചിട്ടാണെങ്കിലും അയാൾ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു ‘‘സത്യം ഇന്ന് മുതൽ നോ വലി നോ കുടി, എന്റെ കളരി പരമ്പര ദൈവങ്ങൾ ആണ് ഇതു സത്യം ഇതു സത്യം’’

അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പുറത്തേക്കു ഓടി

 

അന്ന് വൈകുന്നേരം അവർ നടത്തം കഴിഞ്ഞു തിരിച്ചു വരുമ്പോൾ അവളുടെ വീട്ടിലേക്കു തിരിയുന്ന സമയത്തു അയാൾ പറഞ്ഞു ‘‘അധികം വൈകാതെ ഞാൻ തിരിച്ചു പോകും’’

‘‘കഥ എഴുതി കഴിഞ്ഞോ?’’

‘‘ഇല്ലാ’’

‘‘എന്നാൽ സാറ് എന്റെ കഥ എഴുതിക്കോ’’

‘‘നിന്റെ കഥ എന്റേതും കൂടി ആക്കട്ടെ ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടട്ടെ?’’

‘‘സാറ് തമാശ പറയാതെ പോയാട്ടെ, എനിക്ക്‌ അതിനൊന്നും ഉള്ള ഭാഗ്യം ഇല്ല’’

എന്നു പറഞ്ഞു കൊണ്ടു അവൾ പെട്ടന്ന് തന്നെ വീട്ടിലേക്ക് കയറി പോയി.

 

പിറ്റേന്ന് വെള്ളിയാഴ്ച്ച ആയിരുന്നു.അന്ന് വൈകിട്ട് വന്നപ്പോൾ പതിവിനു വിപരീതം ആയിട്ടു ചുകന്ന പാവാടയും ജമ്പറും ധരിച്ചു കൊണ്ടാണ് മായ വന്നത്

ശരിക്കും ഒരു ദേവതയെ പോലുണ്ട് അയാൾ പറഞ്ഞു. 

 

‘‘ഒന്നു പോ സാറേ ഇന്ന് അമാവാസി അല്ലെ, ഞാൻ കാവിലെ അമ്പലത്തിൽ വിളക്ക് വെച്ചു വരാം’’ എന്നു പറഞ്ഞ് അവൾ പറമ്പിലേക്ക് കയറി പോയി അല്പസമയത്തിനു ശേഷം കുളത്തിന്റെ അവിടെ എന്തോ ശബ്ദം കേട്ട അയാൾ അവിടേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ഉണ്ട് മായയെ നരേന്ദ്രൻ കയറിപിടിക്കുന്നു, അവൾ ചെറുത്തു നിൽക്കുന്നുണ്ട്.

 

പക്ഷേ അയാളുടെ കരുത്തിന് മുൻപിൽ അവൾ തളരാൻ തുടങ്ങിയിരുന്നു. പെട്ടന്ന് ഓടി എത്തിയ ആർ പി അയാളെ പിറകിലോട്ടു പിടിച്ചു വലിച്ചു. പക്ഷേ ആർ പി യെ തട്ടി എറിഞ്ഞ് അയാൾ വീണ്ടും മായയെ പിടിക്കാൻ ശ്രമിച്ചു. ഇത്തവണ ആർ പി അയാളെ വെള്ളത്തിലേക്ക് ചവിട്ടി വീഴ്ത്തി, ഉഗ്ര ശക്തിയോടെ തിരിച്ചടിച്ചു നരേന്ദ്രൻ അയാളുടെ തല പിടിച്ചു കല്ലിൽ ഇടിച്ചു കുപിതനായ ആർ പി അയാളെ തിരിച്ചടിച്ചു വെള്ളത്തിലേക്ക് വീഴ്ത്തി വെള്ളത്തിൽ നിന്നും ഉയർന്നു വന്ന അയാളുടെ തല ആർ പി വെള്ളത്തിലേക്ക് തന്നെ താഴ്ത്തി പിടിച്ചു അയാളുടെ പിടച്ചിൽ നിൽക്കുന്നത് വരെ

പിന്നീട് അയാളുടെ ശരീരം വെള്ളത്തിലേക്ക് തള്ളി, അതിനു ശേഷം കല്പടവിൽ തളർന്നിരുന്ന അയാളുടെ പിന്നിൽ നിന്നു വന്ന മായ കരഞ്ഞു കൊണ്ടു കെട്ടിപിടിച്ചു പറഞ്ഞു.

‘‘സാറിപ്പോൾ തന്നെ ഇവിടെ നിന്നു പോകണം’’

‘‘ഇല്ല നിന്നെ വിട്ടു ഞാൻ പോകില്ല, പോലീസ് പിടിക്കുന്നെങ്കിൽ എന്നെ പിടിക്കട്ടെ’’

അവളുടെ ശബ്ദം കടുക്കാൻ തുടങ്ങി

 

‘‘സാറിനോട് അല്ലേ ഞാൻ പോകാൻ പറഞ്ഞത്, ഇയാൾ ചൂണ്ടായിടാൻ വന്നപ്പോൾ വെള്ളത്തിൽ മുങ്ങി മരിച്ചു, അത്ര തന്നെ., സാറിന്റെ പേര് എവിടെയും വരാൻ പാടില്ല ഇപ്പോ തന്നെ പോകണം’’

‘‘മായ ഞാൻ’’

‘‘ഒന്നും പറയണ്ട’’ അവളുടെ ശബ്ദത്തിന് താൻ ഇതുവരെ കേൾക്കാത്ത അത്രയും ഗാംഭീര്യം

‘‘ഇപ്പൊ പോകാൻ അല്ലെ പറഞ്ഞത്’’ അവൾ അലറി

‘‘എന്നാൽ താൻ കൂടെ വാ’’

പെട്ടന്ന് അവളുടെ സ്വരം ആർദ്രമായി ‘‘എനിക്ക് വന്നൂട സാർ’’

‘‘അതെന്തു കൊണ്ടാണ് എന്നു സാർ പിന്നീട് അറിയും, പക്ഷേ ഞാൻ ഒരിക്കലും സാറിനെ മറക്കില്ല , സാർ എന്നെ ഓർക്കുമ്പോൾ എല്ലാം ഞാൻ സറിനെയും ഓർക്കുന്നുണ്ടാവും. ഒന്നു പെട്ടന്ന് പോ സാർ’’ അവൾ കെഞ്ചി

 

പെട്ടന്ന് തന്നെ റൂമിൽ എത്തി ഡ്രസ്സ് മാറ്റി ബാഗും എടുത്തു കൊണ്ടു ആർ പി പുറപ്പെട്ടു

ബസ്സ് കാത്തു നിൽക്കുന്നതിനിടയിൽ താൻ വന്ന സമയത്ത് അഡ്രസ്സ് ചോദിച്ച കട ഇപ്പോൾ അവിടെ കാണുന്നില്ല എന്നത് അയാള് ശ്രദ്ധിച്ചില്ല. ടൗണിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അയാൾ പിന്നീട് ദിനേശ് മേനോനെ കാണാൻ പോയത് അയാളെ കണ്ടിട്ടു മേനോന്റെ മുഖം ഇരുണ്ടു

‘‘നീ എവിടെ പോയി കിടക്കുക ആയിരുന്നു ഇതു വരെ മൊബൈലും ഓഫ് ചെയ്തിട്ട്’’

‘‘ഞാൻ ചേട്ടന്റെ നാട്ടിൽ’’

‘‘ആർ പി വെറുതെ നുണ പറയരുത്, നീ ഇതു വരെ അവിടെ എത്തിയിട്ടില്ല, ഞാൻ ഇപ്പോൾ പോലും രമേട്ടനോട് സംസാരിച്ചതേ ഉള്ളു’’ അതിനു രാമേട്ടൻ അവിടെ ഉണ്ടായിരുന്നില്ലല്ലോ

അയാളുടെ മകള് മായ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു’’

 

‘‘നീ രാവിലേ കഞ്ചാവു അടിച്ചിട്ടുണ്ടോ അയാൾക്ക് ഭാര്യയും ഇല്ല മകളും ഇല്ല ഒറ്റത്തടി ആണ്. നീ ഒന്നു പോയേ രാവിലെ ഓരോ കഥയും ആയി ഇറങ്ങിയിരിക്കുക ആണ്’’

ദിനേശിന്റെ വാക്കുകൾ കേട്ട് അയാൾ ഞെട്ടിപ്പോയി ...

 

പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ആർ പി ആ ഷോക്കിൽ നിന്നും മോചിതനായത്.

ദിവസങ്ങൾക്ക് ശേഷം അയാൾ ഈ കാര്യങ്ങൾ എല്ലാം തന്റെ കൂട്ടുകാരനായ ഡി വൈ എസ് പി അരുണിനോട് പറഞ്ഞു. താൻ അന്വേഷിക്കാം എന്നു പറഞ്ഞ അരുൺ ഒരാഴ്ച്ചക്കു ശേഷം കൊടുത്ത വാർത്തകൾ കേട്ട ആർ പി ശരിക്കും തളർന്നു പോയി. ആ ഗ്രാമത്തിൽ ദിനേശ് മേനോന്റെ അല്ലാതെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വേറെ ഒരു തറവാട് കൂടെ ഉണ്ടായിരുന്നു.

 

അവിടുത്തെ കാര്യസ്ഥന്റെ മകൾ ആയിരുന്ന മായയെ ആരോ ബലാത്സംഗം ചെയ്തു കൊന്നതായിരുന്നു, പക്ഷേ പ്രതിയെ പിടിക്കുക ഒന്നും ഉണ്ടായില്ല, മായയുടെ ശവം കണ്ടെത്തിയ കുളത്തിൽ തന്നെ ഈ അടുത്തു നരേന്ദ്രൻ എന്നു പറഞ്ഞ ഒരാളും മുങ്ങി മരിച്ചിട്ടുണ്ട്.

ഇതാണ് മായയുടെ ഫോട്ടോ എന്നു പറഞ്ഞ് അരുൺ കാണിച്ച ഫോട്ടോ കാണുന്നതിന് മുൻപ് തന്നെ ആർ പി ക്കു ഉറപ്പായിരുന്നു അതു തന്റെ മായ തന്നെ ആയിരിക്കും എന്ന്. മായയുടെ കഥ പിന്നീട് അയാൾ തിരക്കഥ ആക്കി. ആ കഥ ആണിപ്പോൾ അവരെ എല്ലാം പുരസ്‌കാര നിറവിൽ എത്തിച്ചത്

 

നന്ദി മായാ ഒരുപാട് നന്ദി....

അയാൾ മനസ്സിൽ പറഞ്ഞു

പെട്ടന്ന് പാലപ്പൂവിന്റെ മണമുള്ള ഒരു തണുത്ത കാറ്റ് അയാളുടെ റൂമിലേക്ക് കയറി വന്നു

സാർ ഞാൻ എത്തി എന്നവൾ പറയുന്ന പോലെ ആർ പി ക്കു തോന്നി...

 

English Summary: Maya, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com