ADVERTISEMENT

ആത്മഹത്യ (കഥ)

‘‘നിന്റെ പ്രാന്തിന് പുറകെ നടക്കാൻ എനിക്കിപ്പോൾ സമയവുമില്ല മനസ്സുമില്ല’’ അയാൾ അങ്ങനെ ഇടയ്ക്കിടെ ഉച്ചത്തിൽ പറയും. അവൾ അന്നേരങ്ങളിൽ നിരാശയുടെയോ സങ്കടത്തിന്റെയോ ആഴക്കയത്തിലേയ്ക്ക് നിപതിക്കും. അന്നത്തെ വീഴ്ചയുടെ ആഘാതത്തിൽ അവൾ ആദ്യം കണ്ടത് തന്നെ വിഴുങ്ങാനായി നീണ്ടു വരുന്ന ഒരു നാക്കായിരുന്നു. ആ നാക്കിലൊട്ടി, തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നപ്പോഴാണ് രാത്രിയിൽ കഴിക്കേണ്ട ഒലിയാൻസ് കഴിച്ചില്ലല്ലോ എന്നോർത്തത്. വിഷാദത്തിനുള്ള മരുന്ന്, അതിങ്ങനെ എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന നിരാശയെയും സങ്കടത്തെയും കുറച്ചേറെ നേരത്തിനു ഉറക്കത്തെ കൂട്ടുപിടിച്ചു പ്രതിരോധിക്കും. തൊണ്ടക്കുഴിയിൽ നിന്നും പുറത്തു ചാടി വലിയൊരു കപ്പിൽ നിറയെ വെള്ളമെടുത്തു. ചുണ്ടോടടുപ്പിക്കുന്നതിനു മുൻപ് ഒന്നു തുമ്മി. കുറേയേറെ വെള്ളം നിലത്തു വീണു. ഉമ്മറ വാതിൽ തുറന്നു ഇരുട്ടിലേയ്ക്ക് നോക്കി കുറെ നേരമിരുന്നു. അടുക്കള പുറത്തെ എച്ചിൽകൂനയിൽ പൂച്ചകൾ അടിപിടി കൂടുന്നു. 

 

നിരാശയും സങ്കടവും ഒരുമിച്ചു ചേരുമ്പോഴാണ് ആത്മഹത്യ ചെയ്യാൻ അവൾക്കു തോന്നുക. കൈ ഞരമ്പ് മുറിക്കണോ, കെട്ടി തൂങ്ങണോ, കിണറ്റിൽ ചാടണോ... ചിന്തകൾ കാടുകയറും. മരണത്തിനൊപ്പം യാത്ര പോകുന്നതു ഓർക്കുമ്പോൾ ഉള്ളിൽ ഉത്സാഹം നിറയും. എല്ലാവരും ഉറങ്ങിയപ്പോഴാണ് അവൾ പതിയെ ഇറങ്ങി നടന്നത്. മരിക്കാൻ പേടി തോന്നുന്നില്ലെങ്കിലും തനിച്ചുള്ള നടത്തം ഭയപ്പെടുത്തി. പുറകിൽ ആരേലുമുണ്ടോ എന്ന് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി. മങ്ങിയ വെളിച്ചത്തിൽ ഇരയെ തേടുന്നവരെ കണ്ടപ്പോൾ ആദ്യം കണ്ട വീട്ടിലേയ്ക്ക് ഓടിക്കയറി. 

 

രാപകലില്ലാതെ പണിയെടുത്തു മടുത്ത ഒരു സ്ത്രീ രൂപം വിയർത്തു നാറുന്ന തന്റെ വസ്ത്രം മൂക്കിനോടടുപ്പിച്ചു നോക്കി കുളിക്കാൻ ഓടുന്നു. പോകുന്ന പോക്കിൽ ഭർത്താവിനോ മക്കൾക്കോ കുടിക്കാനായി ജഗ് നിറയെ ചൂടുവെള്ളവും കയ്യിലെടുത്തിട്ടുണ്ട്. നിലത്തു വീണ തോർത്തുമുണ്ട് കുനിഞ്ഞെടുത്തു തോളത്തിട്ടു അവർ വേഗത്തിൽ കടന്നു പോയി. മുഷിഞ്ഞു നാറുന്ന ആ വസ്ത്രം മാറുന്നത്രയും എളുപ്പത്തിൽ തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പുറകെ പോകാൻ, അവൾ  ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? 

 

പുറം ചുവരിനോട് ചേർന്ന്, ആ ഇരുട്ടിൽ അൽപനേരം കൂടി നിന്നു. തുറന്നു കിടക്കുന്ന അടുക്കള വാതിൽ ആരെയോ കാത്തെന്നതു പോലെ ആകുലപ്പെട്ടു ഇരുട്ടിലേയ്‌ക്ക്‌ മിഴി പാകിയിരിക്കുന്നു. മുകളിലേക്കുള്ള ഗോവണികൾ കയറിയെത്തിയപ്പോൾ രണ്ടു മുറികളിലെ വാതിലുകൾ തുറന്നു കിടക്കുന്നു. ഒരു മുറിയിൽ നിന്നും അടക്കി പിടിച്ച സംഭാഷണങ്ങൾ കേൾക്കാം. ഭാര്യ കുളിച്ചു വരുന്നതിനു മുൻപ് സംസാരം അവസാനിക്കും. അതുകൊണ്ടു തന്നെ ഒരല്പം ധൃതിയിലാണ്. തലേന്ന് ഹോട്ടൽ മുറിയിൽ വെച്ച് അയാളോട് ചേർന്ന അവളുടെ ഉടലഴകിനെ പിന്നെയും പിന്നെയും വർണിക്കുകയാണ്. ബാത്റൂമിന്റെ വാതിൽ അടയുന്ന ശബ്‍ദം കേട്ടതോടെ സംസാരം അവസാനിച്ചു. ഫോൺ തലയിണയ്ക്കടിയിലേക്കു തിരുകി പുറം തിരിഞ്ഞയാൾ ഉറക്കം നടിച്ചു. 

 

വിയർത്തു നാറിയ വസ്ത്രങ്ങൾ മാറിയിരിക്കുന്നു. അവൾ കടന്നു പോയപ്പോൾ ഏതോ ബോഡി വാഷിന്റെ വാസന മൂക്കിലേക്ക് കയറി. കുട്ടികളെ പുതപ്പിച്ചു കിടത്തി അവൾ ആ ചെറിയ മുറിയിൽ നിന്നും പുറത്തിറങ്ങി. മുഖത്തൊരു ചിരി വരുത്തി അയാൾക്കരികിലേയ്ക്ക് ചെന്നു.  ചെറു മയക്കത്തിന്റെ ആലസ്യമഭിനയിക്കുന്ന അയാൾ  അവൾ അരികിലെത്തിയതു അറിഞ്ഞതായി പോലും നടിച്ചില്ല. നാളെ കാലത്തു കഴിക്കാൻ പുട്ടും കടലയും മതിയോ എന്ന ചോദ്യത്തിനു ‘ഊം’ എന്നൊരു മൂളൽ മാത്രം. ചേർത്തു പിടിച്ച അവളുടെ കൈകളെ പതിയെ എടുത്തു മാറ്റി, ‘‘രാവിലെ എഴുന്നേറ്റു ഓഫീസിൽ പോകണം, ഇന്ന് ഇനി ഒന്നിനും വയ്യെ’’ന്ന പതിവ് പല്ലവി. ഇരുട്ടിലേയ്ക്ക് നോക്കി അവൾ പുറംതിരിഞ്ഞു കിടന്നു. 

 

ഇനിയും അവിടെ നിൽക്കണ്ട. ശബ്ദമുണ്ടാക്കാതെ പതിയെ പടികളിറങ്ങി താഴെ വന്നു. അവളൊന്നും അറിയുന്നേയില്ലല്ലോ, അയാളുടെ ചുണ്ടിൽ വിരിഞ്ഞ ഗൂഢസ്മിതം അവൾ കണ്ടതു കൂടിയില്ല. ഇറങ്ങി നടക്കുമ്പോൾ ഓർത്തു, ഈ  ഭൂമിയിൽ ഒരേ പോലെ ധാരാളം വീടുകളുണ്ട്. 

 

English Summary: Athmahathya, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com