ADVERTISEMENT

നില ഗുരുതരം.! (കഥ)

അറ്റാച്ച്ട് ബാത്റൂമിന്റെ ചുവരിൽ ഘടിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് ഉറ്റ് നോക്കി നിലാ കുറേനേരം കൂടി അതേനിൽപ്പ് തുടർന്നു. തുറന്നുവച്ച ടാപ്പിൽ നിന്നും നേരിയ മഞ്ഞ കലർന്ന നിറത്തിൽ കുതിച്ചുചാടുന്ന വെളളം ബക്കറ്റിന്റെ വക്കിൽ തട്ടി താഴെ ടൈലിലേക്കു ചാടി ശബ്ദമുണ്ടാക്കുന്നുണ്ട്. നിലായുടെ കണ്ണുകൾ കുറ്റബോധത്താൽ കലങ്ങിമറിയുകയും തുളുമ്പി പുറത്തേക്ക് ഒഴുകുകയും ചെയ്തു...

 

******     *******     ******     *******

 

‘‘നിലാ.. ഒന്ന് വിളി കേട്ടൂടേ നിനക്ക്?! ഇത്ര ധിക്കാരം പാടില്ല.. നിലാ...!’’

 

‘‘ആഹ്.. എട്ട്!’’

നക്ഷത്രയുടെ മുറിയിൽ, അവളുടെ കട്ടിലിൽ പരമാവധി വേഗത്തിൽ കറങ്ങുന്ന സീലിങ്ങ് ഫാനും നോക്കി, അവളുടെ വിളികൾ എണ്ണിയും മലർന്ന് കിടന്നുകൊണ്ട് നില ആത്മഗതം നടത്തി!

 

പരീക്ഷാക്കാലമാണ്. എന്നിരുന്നാലും, ക്ലാസുകൾ പോലെ പരീക്ഷകളും മിക്കതും ഓൺലൈൻ തന്നെ. എന്നിട്ടും അനാവശ്യമായൊരു കംബൈൻഡ് സ്റ്റഡി.. അതും നാലഞ്ച് കൂട്ടുകാരുമൊത്ത്! വേണ്ട.. ഈ സമയത്ത് അത് ഒട്ടും സേഫ് അല്ല.. സംശയമുള്ളത് താൻ പറഞ്ഞു തരാമെന്ന് നക്ഷത്ര പറഞ്ഞു വിലക്കിയിരുന്നതാണ്. ആര് കേൾക്കാൻ! അങ്ങനെ പഠിത്തത്തിന്റെ പേരുംപറഞ്ഞ് കൂട്ടുകാരോടൊപ്പം പുറത്ത് കറങ്ങി തിരികെ വന്നിട്ടുള്ള കിടപ്പിലാണ് കക്ഷി!

 

അവൾ കിടന്നിരുന്ന കട്ടിലിന്റെ ഒരു മൂലക്കായി ധരിച്ചിരുന്ന മാസ്ക്കും, സിപ്പ് തുറന്ന നിലയിൽ കൊണ്ടു പോയിരുന്ന ഹാൻഡ്ബാഗും അലക്ഷ്യമായി കിടന്നിരുന്നു.

 

‘‘നിലാ...!!’’

 

മെയിൻ റോഡിനോട് ചേർന്നിരിക്കുന്ന ആ രണ്ടുനില വീടിന്റെ മുക്കും മൂലയും വരെ ജീവനില്ലാതിരുന്നിട്ടും ആ വിളി കേട്ടിരിക്കണം.. നിലാ മാത്രം കുലുങ്ങിയില്ല! ഒടുവിൽ ബാക്കി എല്ലായിടവും അന്വേഷിച്ച് തളർന്ന്, ദേഷ്യത്തോടെ നക്ഷത്ര ആ മുറിയുടെ കതകിൽ ആഞ്ഞു തട്ടി.

 

‘‘പതിനാല്!!’’ സഹികെട്ട് പിറുപിറുത്തു കൊണ്ട് നിലാ വാതിൽ തുറന്നു.

 

‘‘എന്താ നച്ചൂ.. എന്തിനാ കിടന്നലറുന്നേ..? കുറച്ച് സമാധാനം തരോ?!’’

 

നച്ചുവിന്റെ മുഖം ചുമന്നു വന്നു. ഇരച്ചുകയറുന്ന ദേഷ്യം ഒന്നമർത്തിയൊതുക്കാൻ എന്നപോലെ അവൾ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് കൈയിലിരുന്ന സാനിറ്റൈസറിന്റെ ബോട്ടിൽ നിലായ്ക്കു നേരെ നീട്ടി.

 

‘‘പുറത്തു പോയി വന്നാൽ അപ്പാടെ അകത്ത് കേറി അടയിരിക്കണമെന്നാണോ പപ്പ ഇന്നലെ നിന്നോട് പറഞ്ഞേ? അല്ല.. ആരോട് ചോദിച്ചിട്ടാ ഡ്രസ്സ് പോലും മാറാതെ എന്റെ റൂമിൽ കേറിയിരിക്കുന്നേ!’’

 

‘‘നച്ചൂ.. വല്യ ചേച്ചി കളിക്കല്ലേ.. രണ്ട് പേരിൽ ഏതാനും സെക്കന്റിന് മുന്നിൽ ആദ്യം വന്നുവെന്ന് പറഞ്ഞ് ഭരണം കൊണ്ട് എന്റെയടുത്ത് വന്നാലുണ്ടല്ലോ..!’’

 

തന്‍റെ മുന്നിൽ വിരൽ ചൂണ്ടി കൊണ്ട് നിൽക്കുന്ന നിലായെ നോക്കി ഇടത്തേ കൈത്തണ്ട നെറ്റിയിലടിച്ചു കൊണ്ട് നച്ചു ഒരിക്കൽ കൂടി സാനിറ്റൈസർ അവൾക്ക് നേരെ നീട്ടി..

 

‘‘ടീ.. പെണ്ണേ.. മതി.. മതി! കൂടുതൽ ഷോ ഒന്നും വേണ്ടാ.. ഇതു തൂത്തിട്ട് എന്റെ മുറിയും ക്ലീനാക്കി കുളിച്ചിട്ട് വാ.. ഞാൻ മാഗിയുണ്ടാക്കി വച്ചിട്ടുണ്ട്.. മുട്ട ചേർത്തത് നിനക്ക്.. ഇല്ലാത്തത് എനിക്ക്.’’

 

അന്തരീക്ഷം ഒന്ന് തണുത്തെന്ന് കണ്ടപ്പോൾ നിലായുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവൾ സാനിറ്റൈസർ വാങ്ങി കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് തുടർന്നു..

 

‘‘കോവിഡിനേ ഇങ്ങനെ പേടിക്കല്ലേ നച്ചൂ.. പ്രായമുള്ളവർ പേടിച്ചാൽ മതി.. നമുക്കൊക്കെ വന്നാലും ചെറിയൊരു പനി.. അതിനപ്പുറം ഒരു ചുക്കുമില്ല! ഡോൻഡ് വറി മോളൂസേ’’

 

‘‘ആഹ്.. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.’’ ഒച്ച താഴ്ത്തി പറഞ്ഞുകൊണ്ട് നച്ചു സ്റ്റെയർ ഇറങ്ങി..

 

‘‘നീ വല്ലോം പറഞ്ഞാരുന്നോ’’ നിലാ ഒന്നുകൂടി ഒരു വഴക്കിന് സ്കോപ്പുണ്ടോയെന്ന് നോക്കി!

 

‘‘ഒന്നും പറഞ്ഞില്ലയേ.. കുളിച്ചിട്ട് താഴോട്ട് വാ..’’

 

‘‘ഞഞഞഞ !!’’ നച്ചുവിനേ കളിയാക്കി കൊഞ്ഞനം കുത്തിയ ശേഷം നിലാ ഒരു സ്റ്റാറ്റസ് ഷെയർ ചെയ്യാനായി ഫോണുമായി വീണ്ടും കട്ടിലിലേക്ക് വീണു.

 

‘Stay Home.. Stay safe !’

 

രണ്ട് ദിവസത്തിന് ശേഷം ഒരു വെള്ളിയാഴ്ച രാത്രിയാണ് നിലായെ തേടി പതിവില്ലാതെ സ്കൂൾ ലീഡർ ഇവാന്റെ കോൾ എത്തുന്നത്.

 

‘‘ഹലോ നിലാ.. തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ? എല്ലാം ഓക്കെ അല്ലേ?’’

 

‘‘യാ.. അയാം പെർഫെക്ട്​ലി ഓക്കെ ഇവാൻ.. താൻ എന്താ അങ്ങനെ ചോദിച്ചേ?’’

 

‘‘ഏയ് ഒന്നുമില്ലാ.. തന്റെ ക്ലാസ്സ്മേറ്റ് ലിയായെ അടുത്തെങ്ങാനും മീറ്റ് ചെയ്താരുന്നോ?’’

 

‘‘പിന്നേ.. ഷീ ഈസ്  മൈ ബെസ്റ്റ് ബഡ്ഡി.. രണ്ടുദിവസം മുന്നേ കൂടി ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നല്ലോ.. എന്തേ?’’

 

‘‘ഓഹ് ഗോഡ്! ആ കുട്ടിയെ ഇന്നലെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്.. കുറച്ച് ക്രിട്ടിക്കൽ ആണെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്.’’

 

‘‘ഹലോ നിലാ.. കേൾക്കുന്നില്ലേ ..?’’

 

നിലായുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും കേൾക്കാതെ വന്നതുകൊണ്ട് ഇവാൻ ഒന്നുകൂടി ആവർത്തിച്ചു..

 

ഏതോ ദു:സ്വപ്നത്തിൽ നിന്നെന്ന പോലെ നിലാ ഒന്ന് ഞെട്ടിയുണർന്നു..

 

‘‘ യെസ്.. ഇവാൻ.. കേൾക്കുന്നുണ്ട്’’

 

‘‘ഹാ.. പ്രൈമറി കോൺടാക്ട് ഉള്ള സ്ഥിതിക്ക് താനെന്തായാലും ഹോം ക്വാറന്റൈൻ ആയിക്കോ.. ’’

 

*******     ******     *******    ********

 

ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന പപ്പ ശരിയാംവണ്ണം ഉറങ്ങുകയോ ഒരുനേരം എങ്കിലും സമാധാനത്തോടെ ഭക്ഷണം മക്കളോടൊപ്പം ആസ്വദിച്ച് കഴിക്കുകയോ ചെയ്‌ത കാലം തന്നെ മറന്നുപോയി! കൂട്ടുനിൽക്കാനും കൂട്ടാൻ വിളമ്പാനും ഒന്നും ബന്ധുക്കൾ എന്ന് പറയാൻ തക്ക ബന്ധമൊന്നും അന്നും ഇന്നും ആരുമായും നിലനിർത്തിയിരുന്നില്ല എന്നതു കൊണ്ടു തന്നെ ആ വലിയ വീട്ടിൽ നിലാ മുകളിലെയും നക്ഷത്ര താഴത്തെയും മുറികളിൽ ക്വാറന്റൈൻ ആയി..

 

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സഹായിക്കാൻ എത്തിയിരുന്ന പപ്പയുടെ ഒരു സുഹൃത്തിന്റെ ഭാര്യ ഇരട്ടിശമ്പള വാഗ്ദാനത്തിൽ വീണ വഴി ഭക്ഷണത്തിന് മുട്ടുണ്ടായില്ല..! നെറ്റ്ഫ്ലിക്സും യൂട്യൂബും ഹോട്ട്സ്റ്റാറുമൊക്കെ ഉള്ളതിനാൽ തന്നെ ആദ്യമൊക്കെ സമയം തള്ളി നീക്കാൻ പ്രയാസം ഉണ്ടായിരുന്നതേയില്ല.. പോകെപ്പോകെ എല്ലാം  മടുപ്പായി.. വല്ലാതെ ബോറടിക്കുമ്പോൾ നിലാ ‘‘നച്ചൂ.. നച്ചൂ.. കൂയ്’’ എന്ന് താഴേ നിലയിൽ നക്ഷത്ര കേൾക്കാനും വണ്ണം അലറിക്കൊണ്ടിരുന്നു..

‘‘അടങ്ങിയിരി പെണ്ണേ.. തല പൊട്ടുന്നു’’ എന്ന് തിരികെ കേൾക്കുവോളം മാത്രം.. ഒരു രസം!

 

കോവിഡ് ടെസ്റ്റിന് പപ്പയുടെ നമ്പർ കൊടുത്താൽ മതിയെന്ന നിർബന്ധം നച്ചുവിന്റേതായിരുന്നു. അല്ലേലും അവൾ പപ്പായുടെ മോളല്ലേ.. രണ്ട് ഇരട്ട കുഞ്ഞുങ്ങളെ പപ്പയുടെ കയ്യിലോട്ട് കൊടുത്തിട്ട് മമ്മി ഒരു പോക്കങ്ങ് പോയില്ലേ.. പപ്പക്ക് എല്ലാത്തിലും വിശ്വാസം നച്ചൂനെയാ.. നച്ചൂനും.. താനാണല്ലോ വഴക്കാളി! ടെസ്റ്റ് കഴിഞ്ഞ് തിരികെ വന്ന ദിവസം ഉച്ചതിരിഞ്ഞ് ഇവാന്റെ വാട്സാപ്പ് സന്ദേശം എത്തുന്ന വരെയും പുറത്തിറങ്ങാനാവുന്നില്ല എന്നതൊഴിച്ചാൽ നിലാ ഹാപ്പി ആയിരുന്നു..

 

‘Dear Nila..I'm sorry to say..

Liya is no more..!’

 

ആ നിമിഷം വരെയും ന്യൂസ്കളിലൂടെ അറിയുന്ന മരണ നിരക്കുകളും.. ദിനംപ്രതി വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണവും.. നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുന്ന രോഗവ്യാപനവും തന്നെ ഒരിക്കലും ബാധിക്കാത്ത, ദൂരെയെങ്ങോ നടക്കുന്ന ഒന്ന് മാത്രമായി കണ്ട് നിസ്സാരമായി കരുതിയ നിലായുടെ മനസ്സിന് ആ വാർത്ത ഉണ്ടാക്കിയ ആഘാതം ഒട്ടും ചെറുതായിരുന്നില്ല!

 

ഇന്നലെ വരെ ഇണങ്ങിയും പിണങ്ങിയും കൂടെയുണ്ടായിരുന്ന... തന്റെ തോളിൽ കയ്യിട്ട് നടന്നിരുന്ന... എല്ലാ കാര്യങ്ങളും പങ്കുവച്ചിരുന്ന ഒരാൾ.. ഇന്ന് മുതൽ ഈ ലോകത്തില്ല.! ഇനി മുതൽ അവൾക്ക് തന്നെ കേൾക്കാനാവില്ല.. കേട്ടാലും തന്നോട് മിണ്ടാനാവില്ല.. തൊടാനാവില്ല.. ലിയയുടെ പപ്പ.. മമ്മി.. അവരൊക്കെ എങ്ങനെ സഹിക്കും.. അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ... നിലായ്ക്ക് കരച്ചിലടക്കാൻ സാധിച്ചില്ല.. ആരെയെങ്കിലും ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്ന് അവൾക്ക് തോന്നി.. പിന്നീട് കടന്നുപോയതൊക്കെ ഒരു തരം ഭീതിപ്പെടുത്തുന്ന വീർപ്പുമുട്ടലിന്റെ മണിക്കൂറുകൾ ആയിരുന്നു..

 

പിന്നീട് കടന്നുപോയതൊക്കെ ഒരു തരം ഭീതിപ്പെടുത്തുന്ന വീർപ്പുമുട്ടലിന്റെ മണിക്കൂറുകൾ ആയിരുന്നു..

 

അന്നേ ദിവസം സന്ധ്യയോടെ വീടിന്റെ പടിയ്ക്കൽ നിന്നും ആംബുലൻസിന്റെ ശബ്ദം  ഉയർന്നു കേൾക്കാമായിരുന്നു.

‘‘നച്ചൂ.. നച്ചൂ...’’

മറുപടി നിശബ്ദം...

‘‘നച്ചൂ..’’ ‘‘നച്ചൂ.......!’’

പ്രതികരണം പിന്നെയും മൗനമായപ്പോൾ നിലാ ഫോണിൽ നച്ചുവിന്റെ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചു.. ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം വളരെ നേർത്തതായി അവൾക്ക് കേൾക്കാമായിരുന്നു... മറുപടി ഉണ്ടായില്ല.

 

*******     *******     ********    *******

 

ബാത്റൂമിന്റെ ചുവരിൽ ഘടിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് ഉറ്റുനോക്കി നിലാ കുറേനേരം കൂടി അതേനിൽപ്പ് തുടർന്നു. തുറന്നുവച്ച ടാപ്പിൽ നിന്നും നേരിയ മഞ്ഞ കലർന്ന നിറത്തിൽ കുതിച്ചുചാടുന്ന വെളളം ബക്കറ്റിന്റെ വക്കിൽ തട്ടി താഴെ ടൈലിലേക്കു ചാടി ശബ്ദമുണ്ടാക്കുന്നുണ്ട്. അവളുടെ കണ്ണുകൾ കുറ്റബോധത്താൽ കലങ്ങിമറിയുകളും തുളുമ്പി പുറത്തേക്ക് ഒഴുകുകയും ചെയ്തു...

 

ഫ്ലഷിന്റെ പുറത്തു വച്ചിരുന്ന ഫോൺ സ്ക്രീനിൽ പപ്പയുടെ കോൾ റിങ്ങ്

ചെയ്യുമ്പോൾ താൻ ഊഹിച്ച കാര്യമായിരിക്കല്ലേ പപ്പായ്ക്ക് പറയാനുണ്ടാവുന്നത് എന്ന് നിലാ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.

 

‘‘ഹലോ നിലാബേബീ.. താങ്ക് ഗോഡ്.. യൂ ടെസ്റ്റഡ് നെഗറ്റീവ്. ബട്ട് നച്ചൂ..’’

 

പൂർത്തിയാക്കും മുന്നേ തനിക്കാത് കേൾക്കാനും താങ്ങാനുമാവില്ല എന്ന പോലെ അവൾ കോൾ കട്ട് ചെയ്തു.

 

ഹൃദയം ഒരു കട്ടിയുള്ള മാസ്കിൽ വലിഞ്ഞുമുറുകി പൊട്ടാനൊരുങ്ങുന്നതായി അവൾക്ക് തോന്നി.. കണ്ണാടിയിൽ അന്നേരം നിലായുടെ പ്രതിബിംബത്തിന് നച്ചുവിന്റെ മുഖമായിരുന്നു..

 

‘‘എനിക്ക് ശ്വാസം മുട്ടുന്നു...’’

 

ആ ശബ്ദം തന്‍റേതോ തന്റെ പ്രതിബിംബത്തിന്റേതോ എന്ന് വേർതിരിച്ചറിയാൻ അവൾക്ക് സാധിച്ചില്ല..!

 

English Summary: Nila Gurutharam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com