‘അതിജീവിക്കുകയല്ല, ഒരുമിച്ച് ജീവിക്കുകയാണ്, ബാക്കിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം’

young-woman-wearing-medical-mask
Representative Image. Photo Credit : AlessandroBiascioli / Shutterstock.com
SHARE

സമയരഥങ്ങളിൽ ഞങ്ങൾ

സങ്കൽപ്പിക്കാൻ പറ്റുന്നതിലും ഉയരത്തിലുള്ള ഒരു പാലം, അത് അത്തരത്തിൽ ഒന്നായിരുന്നു. സ്റ്റീൽ ട്രസ്സുകൾ കൊണ്ട് പണിതത്. ഭൂമിയിൽ നിന്ന് ആകാശത്തേയ്ക്ക് തൂങ്ങി കിടക്കുന്ന ഒരൂഞ്ഞാൽ പോലെ. ത്രികോണങ്ങളുടെയും ചതുരങ്ങളുടേയും ഇടയിലുള്ള വെള്ളി വെളിച്ചത്തിലൂടെ നിരനിരയായി ആളുകൾ നടന്നു നീങ്ങുന്നു. എന്നുമെന്ന പോലെ ഈ മഹാമാരിക്കാലത്തും. ഉയരം എന്നെ ഭയപ്പെടുത്തുന്നു. വേണ്ട, ആ വഴി തിരഞ്ഞെടുക്കേണ്ട എന്നുറപ്പിച്ച് തുരങ്കത്തിലൂടെ മറുവശത്ത് എത്താം എന്നു തീരുമാനിക്കുന്നു.

പാലത്തിനടിയിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു. വഴിയിൽ പണ്ട് കണ്ട അതേ അമ്പലം, അതേ പുഴ. രണ്ടു കഴുതകൾ, അവയുടെ ഓരോ കാൽ ചേർത്ത് കെട്ടിയാൽ അവ എങ്ങനെ ചലിക്കും എന്ന് ഞാൻ സങ്കൽപ്പിച്ചിരുന്നില്ല. ഓട്ടോ, ദൊഡ്മാര അമ്പലത്തിനടുത്തുള്ള വലിയ മരത്തിന്റെ തിരിവിലെത്തിയിരുന്നു. അത്തരത്തിൽ കാലുകൾ കൂട്ടിക്കെട്ടിയ രണ്ട് കഴുതകൾ തുള്ളിത്തുള്ളി എവിടെയോ പോയി മറഞ്ഞു. അമ്പലത്തിൽ ഉത്സവത്തിന്റെ ആഘോഷ മേളം അകലെ നിന്നേ കണ്ടു. ആൾക്കൂട്ടത്തെ വകഞ്ഞ് ഓട്ടോ മുന്നോട്ട് പോവാൻ ശ്രമിച്ചെങ്കിലും ബ്ലോക്കിൽ അവിടെ തന്നെ പെട്ടു പോയി. തൊട്ടടുത്ത് നടു റോഡിൽ തല വേറിട്ട ഒരു ശരീരം നിലത്ത് പിടയ്ക്കുന്നു. കഴുത്തിൽ നിന്ന് രക്തം ചീറ്റുന്നു. കുറച്ച് അപ്പുറത്ത് ഒരു കല്ലിന് മുകളിൽ തന്റെ ആവശ്യം കഴിഞ്ഞെന്ന മട്ടിൽ ഒരു തല വിശ്രമിക്കുന്നു. മുന്നിലെ ബൈക്കിന് പിന്നിൽ ഇരിക്കുന്ന കൗമാരക്കാരൻ മുഖം ചുളിച്ച് കരയാൻ തുടങ്ങി. ഞാൻ കണ്ണുകൾ അടച്ച് മുഖം തിരിച്ചു. ഇരുട്ടിനുള്ളിൽ വല്ലാത്ത ചുവപ്പ്. കണ്ണു തുറന്ന് എതിർ ദിശയിലേക്ക് നോക്കിയപ്പോൾ വട്ടത്തിൽ ആളുകൾ കൂടി നിൽക്കുന്നു. അവരുടെ കാലുകൾക്കിടയിലൂടെ ചുവപ്പു വെളിച്ചം പരന്നൊഴുകുന്നു. ഓട്ടോ പെട്ടെന്ന് മുന്നോട്ടെടുത്തു.

കാട് കഴിഞ്ഞിട്ടു വേണം തുരങ്കത്തിലേയ്ക്ക് കയറാൻ. കാട്ടിൽ എവിടെയോ ഓട്ടോറിക്ഷ പാർക്ക് ചെയ്ത് ഞങ്ങൾ ഒരു ഗുഹാമുഖം തിരഞ്ഞു നടന്നു. ഇരുട്ടാണ്, ചുറ്റിലും. തുരങ്കത്തിൽ കൂരിരുട്ടാണ്. കൂടെ വന്നവർ വെളിച്ചം തേടി പോയി. ഞാൻ കാലുകൾ നീട്ടി വെച്ച് കുഞ്ഞിനു മുല കൊടുത്തു. കുഞ്ഞ് എന്റെ മുഖത്തു നോക്കി ‘‘പാല്’’ എന്ന് പറഞ്ഞു. എന്റെ മുഖം, ‘‘ഹൊ !’’ എന്ന ശബ്ദത്തിന്റെ രൂപത്തിലായി. അവൻ ആദ്യത്തെ വാക്ക് പറഞ്ഞ പോലെ.

ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു. മകൾ കെട്ടിപിടിച്ച് ഉറങ്ങുന്നുണ്ട്.

‘‘നിങ്ങൾ ഇപ്പോളും ഒന്നിച്ചാണോ ഉറങ്ങുന്നത്?’’ - ഇന്നലെ ഒരു ചങ്ങാതി സുഖവിവരം തിരക്കി ഫോൺ വിളിച്ചപ്പോൾ ചോദിച്ചു. മറ്റെന്തു ചെയ്യാനാണ് ! അവളെയും ഉള്ളിൽ കയറിക്കൂടിയ പ്രസിദ്ധമായ വൈറസിനേയും ഒരുമിച്ച് കെട്ടിപിടിക്കുക തന്നെ! ദൂരെ നിൽക്കുമ്പോൾ ഭയം തോന്നുമെങ്കിലും അടുത്ത് വരുമ്പോൾ നമുക്ക് തട്ടി നീക്കാൻ ആവില്ല തന്നെ. സുഹൃത്ത് പറഞ്ഞു -‘‘ധൈര്യമായിരിക്കു, നിങ്ങൾ അതിജീവിക്കും’’

അതിജീവിക്കുകയല്ല, ഒരുമിച്ച് ജീവിക്കുകയാണ്. ബാക്കിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം.

രാത്രിയിൽ ഉറക്കം ഞെട്ടിയെഴുന്നേറ്റാൽ അച്ഛനെ ഓർമ വരും. ഹൃദ്രോഗം സീൽ കുത്തി പോയതിൽ പിന്നെ അച്ഛൻ മറ്റ് മരണക്കാഴ്ചകൾ ഒഴിവാക്കിയിരുന്നു. ഒരാൾക്ക് സ്വന്തം മരണം അടുത്തു നിന്ന് കാണേണ്ടതില്ല എന്നത് എത്ര നല്ല കാര്യമാണ്. സമപ്രായക്കാർ അരങ്ങൊഴിഞ്ഞു പോവുമ്പോൾ അച്ഛൻ അത് അഭിമുഖീകരിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു നിന്നു, തന്നെ ഒന്നും ബാധിക്കാത്ത മട്ടിൽ. കഴിഞ്ഞ ദിവസം എന്റെ ഒരു സഹപാഠി സ്വയം മരണത്തിലേക്ക് പോയി. എന്തു കൊണ്ടോ എനിക്ക് അച്ഛനെ പോലെ പിന്തിരിഞ്ഞു നിൽക്കാൻ ആയില്ല. അത് സ്വന്തം മരണമെന്ന പോലെ ഞാൻ രാത്രിയിൽ കരഞ്ഞു കൊണ്ടിരുന്നു. സ്വന്തം ജീവിതത്തിന്റെ നാഴികമണിയെ സ്വയം നിശ്ചലമാക്കി നിർത്തിയ, അവൾ നടന്നു തീർത്ത ദുർഘടമായ ആ വഴികളെ കുറിച്ച് മാത്രമാണ് ഞാനോർത്തത്. അതിനു മുന്നേ തന്നെ മരണത്തെ കുറിച്ച് ഞാൻ ചിന്തിച്ചു കൊണ്ടെയിരുന്നിരുന്നു. ഒരു വിളിക്ക് മറുപടി കൊടുക്കേണ്ടാത്ത പ്രഭാതത്തിലേയ്ക്ക് ഉറങ്ങുന്നതിനെ കുറിച്ച്. തുടക്കമില്ലാത്ത ഒരു ദിവസത്തെ കുറിച്ച്.

‘‘ഇനി മുതൽ പ്രഭാതത്തിന് ഒരിക്കലും ഒരു തുടക്കമില്ല.

അത് എന്നെ എന്റെ ക്രമങ്ങൾക്ക്

നിശ്ശബ്ദം വിട്ടു തരുന്നു,

അതിന്റെ എല്ലാ താളങ്ങൾക്കും’’  എന്ന ആദം സർഗയേവ്സ്ക്കിയുടെ വരികൾ പോലെ.

നാളെ മുതൽ പുലർച്ചെ എഴുന്നേറ്റ് ചെടികൾക്ക്  വെള്ളമൊഴിച്ച് മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുത്ത് പാലു കാച്ചി ചായയുണ്ടാക്കി രണ്ട് നേരത്തെ ഭക്ഷണം ഉണ്ടാക്കി കുഞ്ഞുങ്ങൾക്ക് കൊടുത്ത് പൊതിഞ്ഞു കെട്ടി കുളിച്ചെന്ന് വരുത്തി ഓഫീസിലേക്ക് കുതിക്കേണ്ടതില്ല. മേലുദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്ക് ഒന്നിനും ഉത്തരം കൊടുക്കേണ്ടതില്ല. എന്തിനോ വേണ്ടി പാഞ്ഞു ജീവിച്ച ജീവിതം ചങ്ങല വലിച്ചു നിർത്തുന്ന തീവണ്ടി പോലെ ഒരു നിൽപ്പാണ്. അല്ലെങ്കിൽ നിർത്തലാണ്. ഒരു തരത്തിൽ മുക്തിയാണ്. അവൾക്ക് മുക്തി കിട്ടിക്കാണണം. അറിയില്ല.

‘‘Together eternity and death threaten me;

Neither of the two do I know,

Neither of the two will I know’’ (1)

ഈ കാലം ഇനിയും തുടരുമെന്ന് ഒരു ഫോൺ വിളിക്കിടയിൽ സുഹൃത്ത് സങ്കടപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്ന അയാൾ അടുത്ത കാലത്തൊന്നും നാട്ടിൽ വന്നിട്ടില്ല. കോവിഡിന്റെ രണ്ടാം തിര ആഞ്ഞടിക്കുന്ന ഈ സമയത്ത് അയാൾ അച്ഛനെയും അമ്മയെയും വന്നു കാണാൻ ആഗ്രഹിച്ചു. ഇനി ഒരിക്കലും അതിന് സാധിച്ചില്ലെങ്കിലോ എന്ന് സന്ദേഹപ്പെട്ടു. ഞാൻ വെറുതെ അയാളോട് ചോദിച്ചു -

‘‘നിന്റെ അവസാനത്തെ ആഗ്രഹം എന്താണ്?’’

മുന്നേ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ അയാൾ ഉടനെ പറഞ്ഞു.

‘‘എന്റെ ചെറുപ്പകാലം ചിക്കമംഗളൂരിൽ ആയിരുന്നു. അച്ഛന് അവിടെ ടീ എസ്റ്റേറ്റിൽ ജോലി ആയിരുന്നു. നാട്ടിൽ വന്ന് അവരെ കൂട്ടി അവിടെ ഒന്ന് പോവണം’’

മിക്കവരും ഈ വിധത്തിൽ ജീവിതത്തെ കണ്ടു തുടങ്ങിയെന്ന് എനിക്ക് ആശ്വാസം തോന്നി.

ജോലി ചെയ്യാൻ ഫോക്കസ് കിട്ടുന്നില്ലെന്ന് മറ്റൊരു സുഹൃത്തിനോട് ഒരിക്കൽ പരാതിപ്പെടുകയായിരുന്നു. അയാൾ എനിക്ക് ഗോൾ സെറ്റ് ചെയ്ത് ഒരു പുസ്തകത്തിൽ എഴുതി വെക്കാൻ നിർദ്ദേശം തന്നു, സെൽഫ് ഹെൽപ്പ് പുസ്തങ്ങളിൽ പറയുന്നതു പോലെ. എന്തു കൊണ്ടോ, ഇത്തരം പുസ്തകങ്ങൾ എന്റെ വായനാ പരിധിയിൽ വന്നിരുന്നില്ല. കുറേ അനുഭവങ്ങൾക്കൊടുവിൽ നമ്മൾ തന്നെ ഒരു സ്വയം സഹായ പദ്ധതിയിൽ എത്തിച്ചേരുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, തികച്ചും എഞ്ചിനീറിംഗ് മനസ്ഥിതിയുള്ള സുഹൃത്തിന്റെ ഉപദേശം തള്ളിക്കളഞ്ഞില്ല. ഞാൻ അടുത്ത അഞ്ചു വർഷം കണക്കാക്കി വിപുലമായി ഗോൾ സെറ്റു ചെയ്തു. ഒരു രസമൊക്കെ തോന്നി, കാലത്തെ വെല്ലു വിളിക്കുന്നതിൽ. പിറ്റേന്ന് അയാൾ മെസേജ് ചെയ്തു വിവരങ്ങൾ ചോദിച്ചു. ഞാൻ അയാളെ കുറിച്ച് തിരിച്ചും ചോദിച്ചു. അയാൾ പറഞ്ഞു.

‘‘ഞാൻ അരുൺ ഷൗരിയുടെ Preparing for death എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്’’

അഞ്ചു കൊല്ലത്തേയ്ക്കുള്ള ബൃഹത്തായ പദ്ധതികളുടെ രൂപരേഖ എന്റെ കൈയ്യിലിരുന്ന് വിറച്ചു.

മഹാമാരി ഇങ്ങനെ തുടർന്നാൽ സ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ വീട്ടിലിരുന്നു തന്നെ ഡിഗ്രി എടുക്കേണ്ടി വരുമല്ലോ എന്ന് ഞാൻ ആവലാതിപ്പെട്ടു. മരണഭയത്തേക്കാൾ ചെറിയ ഭയങ്ങളാണവ. ഈയിടെ സമയത്തെ നിറച്ചു കൊണ്ടിരിക്കുന്നത് വിവിധ ഗ്രേഡിലുള്ള ആവലാതികൾ ആണ്.

‘‘ഓപ്റ്റിമിസ്റ്റിക് ആവണം അമ്മാ’’ എന്ന് മകൻ

‘‘പോസിറ്റീവ് ആയി ചിന്തിക്കണം’’ എന്ന് മകൾ

രണ്ടും ഒന്നു തന്നെയല്ലേ എന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് മനസിലാവാൻ ലളിതമായി പറഞ്ഞതാണ് എന്ന് അവൾ.

ഇതൊക്കെ കേൾക്കുമ്പോൾ അവർക്ക് എന്നെ കൊണ്ട് വലിയ ആവശ്യം ഒന്നും ഇല്ല എന്ന് തോന്നി, ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും. അത് ധൈര്യം തരുന്ന ഒന്നാണ്.

പനിക്കിടക്കയിൽ വെച്ച് മകൾ ചോദിച്ചു - ‘‘നമുക്ക് എപ്പോഴാണ് ചിക്കമംഗളൂർ യാത്ര പോവാൻ പറ്റുക?’’

കുട്ടികൾ പഴയ യാത്രകളെക്കുറിച്ച് ഓർത്ത് ചിരിച്ചു. വളരെ ചെറുപ്പത്തിൽ പോയ ചിക്കമംഗളൂർ യാത്രയാണ് അവർക്ക് ഏറെ പ്രിയം. മലഞ്ചെരുവിൽ നിർമിച്ച എം.ജി. പാർക്കിലെ ടോയ് ട്രെയിനിൽ യാത്ര ചെയ്ത കഥ അവർ ആഹ്ളാദത്തോടെ ഓർത്തു കൊണ്ടെയിരുന്നു. ചെറിയ തുരങ്കങ്ങളുടെ ഇരുട്ടിലൂടെ തീവണ്ടി പോവുമ്പോൾ അവർ കൂവി വിളിച്ചിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഓർമയാവണം അവരുടെ ഇപ്പോഴത്തെ ദിവസങ്ങളെ നിറച്ചു കൊണ്ടിരിക്കുന്നത്.

എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക എന്നതാണ് ഈ ദിവസങ്ങളുടെ പ്രത്യേകത എന്ന് സാഡി സ്മിത്ത് തന്റെ ലേഖന സമാഹാരമായ ‘‘intimations’’ ൽ പറയുന്നു. നോവൽ എഴുതുന്നതും ബ്രെഡ് ബേയ്ക്ക് ചെയ്യുന്നതും ഒരു പോലെ സമയത്തെ തള്ളി നീക്കിക്കൊണ്ടിരിക്കുന്നു. എന്തിന് ഓരോ പ്രവൃത്തി ചെയ്യുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഒന്നും ഇല്ല. ഈ സമയവും കടന്നു പോവണം. എന്നാൽ അവയെല്ലാം സമയത്തെ അർത്ഥപൂർണമായി നിറയ്ക്കുന്നുണ്ടോ? അറിയില്ല. അവരെ പോലെ തന്നെ ഞാനും ആശ്വസിക്കുന്നു. ജീവിതം എന്തിനെന്നും അത് കൊണ്ട് അർത്ഥപൂർണമായി എന്തു ചെയ്യണം എന്നും ധാരണ ഇല്ലാതെ സമയം തള്ളി നീക്കാൻ മാത്രം ഓരോ പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരേ ഒരാൾ ഞാൻ മാത്രമല്ല എന്നതിൽ.

‘‘And if one day I must be dust, ashes, and nothing

Let my night be a dawn

Let me know how to lose my self... To find myself’’ (2)

(1) Patricia Cavelli

(2) Florbela Espanca

English Summary: Life during covid pandemic

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA
;