ADVERTISEMENT

ഓട്ടുപാത്രം (കഥ) 

 

‘‘മീനുട്ടീ.....’’

‘‘ഈ കുട്ടി ഇത് എവിടെയാണോ...’’

ഒരു കുഞ്ഞു ഓട്ടുകിണ്ണത്തിൽ കാച്ചിക്കുറുക്കിയ എണ്ണയും എടുത്തുകൊണ്ടു മേമ്പാട്ടെ ദേവകിതമ്പുരാട്ടി. ദേവുട്ടിയമ്മ ഉമ്മറത്തേക്ക് വന്നു. 

 

ഇതാണ് കേട്ടോ നമ്മുടെ മെമ്പാടു തറവാട്. തറവാടിത്തവും കുടുംബമഹിമയും കൊല്ലാകൊല്ലങ്ങളായി കാത്തുസൂക്ഷിച്ച തറവാടികൾ. പേരിനും പെരുമയ്ക്കും ഒരു കുറവും ഇന്ന് വരെ വന്നിട്ടില്ല. തറവാടിന്റെ കരണവൻ മേമ്പാട്തമ്പുരാൻ മകൻ ആയിട്ടും മകൾ ആയിട്ടും ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു.... ശ്രീദേവി... കണ്ടാൽ ആരും നോക്കി നിന്നു പോകുന്ന ചന്തം..... ഒത്ത മെയ്യും അതിനൊത്ത അഴകും. തറവാടിന്റെ ഐശ്വര്യം ശ്രീദേവികുട്ടിയുടെ ചിരിയിൽ ആയിരുന്നു കുടികൊണ്ടിരുന്നത്.... 

 

 

എന്നാൽ അധികകാലം ആ ചിരി തറവാട്ടിൽ ഉണ്ടായിരുന്നില്ല.. അന്ന് ത്രിക്കമംഗലത്തു കേൾവികേട്ട ചെറുപ്പുളശ്ശേരി തറവാട്ടിൽ നിന്നും ഒരു വിവാഹ ആലോചന ശ്രീദേവിക്കു വന്നു.... യോഗ്യൻ കാണാനും കേമൻ.... നന്ദൻ. പട്ടണത്തിൽ ആയിരുന്നു നന്ദന് ജോലി. വിവാഹ ശേഷം നന്ദനൊപ്പം ശ്രീദേവി പട്ടണത്തിലേക്കു പോയി... 

 

മീനുട്ടിയെ മൂന്ന് മാസം വയറ്റിൽ ആയപ്പോഴേക്കും ശ്രീദേവി തന്റെ തറവാട്ടിലേക്ക് വന്നു. പിന്നീട് ശ്രീദേവിയുടെ പ്രസവം അടുപ്പിച്ചാണ് നന്ദൻ തറവാട്ടിലേക്ക് വന്നത്. പട്ടണത്തിൽ നിന്നും വരുന്ന വഴി നന്ദൻ ഒരു തീവണ്ടി അപകടത്തിൽ മരണപ്പെട്ടു. വിവരം അറിഞ്ഞു ശ്രീദേവി മോഹാലസ്യപ്പെട്ടു വീണു.. 

 

വീഴ്ചയിൽ ശ്രീദേവിക്ക് രക്തസ്രാവം ഉണ്ടാവുകയും തുടർന്ന് മീനൂട്ടിക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ മീനുട്ടിയെ കാണാൻ ഉള്ള ഭാഗ്യം ശ്രീദേവിക്കു ഉണ്ടായില്ല... രക്തസ്രാവത്തെ തുടർന്ന് ശ്രീദേവി മരണമടഞ്ഞു... തറവാടിന്റെ ശിരസ്സ് അറ്റുപോയപോലെ കുറച്ചു നാളുകൾ..... 

 

പിന്നീട് തറവാടിന്റെ ഐശ്വര്യവും സമൃദ്ധിയും എല്ലാം മീനുട്ടിയുടെ വളർച്ചയിലൂടെ ആയിരുന്നു. മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു അവൾക്ക് എല്ലാം. അവർ അവളെ പൊന്നു പോലെ വളർത്തി.... 

ബാക്കി തുടർന്ന് വായിക്കു.. 

‘‘അച്ഛൻ കണ്ടോ കുട്ട്യേ...?’’

ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു വെറ്റിലചെല്ലം അഴിക്കുന്ന കരണവരോട് ദേവുട്ടിയമ്മ ചോദിച്ചു. കരണവന്റെ കസേരക്ക്കീഴിൽ ഇരുന്നു കാലുതിരുമ്മി കൊടുക്കുന്ന കാര്യസ്ഥൻ കൊച്ചുപിള്ള പറഞ്ഞു. 

‘‘കുട്ടി തൊടിയിൽ പയ്യിനോട് കാര്യം പറഞ്ഞു നില്കണ കണ്ടൂലോ ദേവുട്ടിയമ്മേ..’’

‘‘ഈ കുട്ടിയോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് തൊടിയിൽ ഒന്നും ഒറ്റയ്ക്ക് പോയി നില്കരുതെന്നു... ആ ഭ്രാന്തൻ ശങ്കുണ്ണി ഈടെ ആയിട്ട് തൊടിയിലും പറമ്പിലും ഒക്കെ ചുറ്റിനടപ്പുണ്ട്...’’

തെല്ലു അരിശത്തോടെ നെറുകിൽ കൈവെച്ചുകൊണ്ട് ദേവുട്ടിയമ്മ പിറുപിറുത്തു.

‘‘ശങ്കുണ്ണി വല്ല തേങ്ങയും മറ്റും ഉണ്ടോന്നു നോക്കുന്നതാ. അല്ലാതെ .....’’

വായിലേക്ക് വെറ്റില വെച്ചുകൊണ്ട് കാരണവൻ പറഞ്ഞു. 

‘‘ഉവ്വ് ആരെയും ഇന്ന് വിശ്വസിക്കാൻ പറ്റാത്ത കാലമാണ്...’’

‘‘ന്റെ കുഞ്ഞിനെ കാത്തോണേ ഭഗവതീ...’’

കയ്യിലിരുന്ന കിണ്ണം ഉമ്മറത്തിണ്ണയിൽ വെച്ചുകൊണ്ട് ദേവുട്ടിയമ്മ തൊടിയിലേക്ക് പോയി. 

‘‘മീനുട്ടീ...’’

‘‘എവിടാ കുട്ടി നീയ്....’’

‘‘അമ്മമ്മക്ക് തൊടിയുടെ പടവുകേറാൻ മേലെന്നു അറിയില്ല്യേ ന്റെ കുട്ടിക്ക്....’’

പടവുകൾക്കു അപ്പുറത്ത് കുഞ്ഞിക്കൊലുസിന്റെ നാദം കേട്ടു. പയ്യിനു പുല്ലുകൊടുത്തോണ്ട് നിൽക്കുന്ന ചെറുമിപ്പെണ്ണ് അമ്മാളുവിനോട് മിണ്ടരുത് എന്ന് ആഗ്യം കാട്ടികൊണ്ടു മീനുട്ടി പടവിലെ തിട്ടിനു കീഴേ ഒളിച്ചിരുന്നൂ. വയ്യാത്ത കാലുംകൊണ്ട് ദേവുട്ടിയമ്മ പടവുകൾ ഇറങ്ങി വന്നു. തിട്ടിനു കീഴേ ചേമ്പിൻപോളകൾക്കു ഇടയിലൂടെ അവർ മീനുട്ടിയെ കണ്ടു.

 

‘‘ഈ കുട്ടി ഇതെവിടെപോയോ... ഞാൻ പാല്പായസം ഉണ്ടാക്കിവെച്ചു നോക്കാൻ തുടങ്ങിയിട്ട് എത്ര നേരായി.. അമ്മാളു നീ പോകുമ്പോൾ അത് എടുത്തു നിന്റെ മക്കൾക്കു കൊണ്ട് പോയി കൊടുക്ക്.... ന്റെ മീനുട്ടിക്കു വേണ്ടാന്ന് തോന്നുന്നു.’’

‘‘ആഹ് പിന്നെ പയ്യിനെ അഴിച്ചു കൊണ്ട് നീയും പോരെ... പായസം തരാം...’’

ചെറു ചിരിയോടെ അമ്മാളു ദേവൂട്ടിയമ്മേ നോക്കി. പിന്നെ ചേമ്പിൻതാളുകൾക്കിടയിലേക്കും. 

‘‘അമ്മമ്മേ....’’

‘‘മീനൂട്ടി അമ്മമ്മേ പറ്റിച്ചതാ... ’’

‘‘ഒളിച്ചിരുന്നതല്ലേ....’’

‘‘നിക്കും വേണം പായസം’’

മീനുട്ടി ചിണുങ്ങി. ഒരു കള്ള ചിരിയോടെ അവൾ അമ്മമ്മയെ കെട്ടിപ്പുണർന്നു. 

 

‘‘ആദ്യം തലയിൽ എണ്ണവെച്ചു കുളിക്കണം. എന്നിട്ട് അമ്മമ്മേന്റെ ചുന്ദരികുട്ടിക്ക് പായസം തരാട്ടോ...’’

അവർ മീനുട്ടിയുടെ നെറുകിൽ അമർത്തി ചുംബിച്ചു.അലസമായി അവളുടെ മുഖത്തേക്ക് വീണിരുന്നു മുടിയിഴകൾ കോതിയൊതുക്കി അമ്മമ്മ അവൾക്കു എണ്ണ തേച്ചുകൊടുത്തു. തൊടിയിൽ നിന്നു കിട്ടിയ ഒരു ശംഖുകഷ്ണം കയ്യിൽ വെച്ചു ലാളിച്ചു കൊണ്ട് ഇരിക്കയാണ് മീനുട്ടി. 

‘‘ഇതെന്താ അമ്മമ്മേ....? ’’

‘‘അതാണ് ശംഖു.. എവിടുന്നു കിട്ടി ഇതെന്റെ കുട്ടിക്ക് ’’

‘‘തൊടിയിൽ കിടന്നു കിട്ടിതാ മോൾക്ക്.. ’’

‘‘അമ്മാളു പറഞ്ഞുല്ലോ ഇതിനു ജീവൻ ഉണ്ടെന്ന്.. ഉണ്ടോ അമ്മമ്മേ’’

‘‘ഉണ്ടാരുന്നു ഇപ്പോൾ ഇല്ല....’’

‘‘അതെന്താ...?’’

‘‘അതോ അതിനുള്ളിൽ ഒരു കുഞ്ഞു ഉള്ളപ്പോൾ അതിന് ജീവൻ ഉണ്ടാരുന്നു... ആ കുഞ്ഞു അതിൽ നിന്നും പുറത്തു വന്നപ്പോൾ അതിന്റെ ജീവൻ പോയി.. ’’

‘‘ഞാനും ഇങ്ങനെ ആണോ അമ്മമ്മേ പുറത്തു വന്നേ... ഞാൻ വന്നപ്പോൾ ന്റെ അമ്മേം പോയില്ലേ...’’

ദേവൂട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവർ പെട്ടന്ന് അവളെ ആ ചിന്തയിൽ നിന്നും പിന്തിരിപ്പിച്ചു. 

‘‘ആഹ് ന്റെ കുട്ടീടെ പാല്പായസം കള്ളിപ്പൂച്ച കുടിച്ചു കാണും.നമുക്ക് പെട്ടന്ന് കുളിച്ചിട്ടു പായസം കഴിക്കണ്ടേ...’’

‘‘ഉം വേണം ഞാൻ കൊടുക്കില്ല കള്ളി പൂച്ചക്ക്.’’

 

ഓട്ടുരുളിയിൽ വാഴയിലകൊണ്ട് മൂടിവച്ച പായസം കുഞ്ഞു കിണ്ണത്തിലേക്ക് പകർന്നപ്പോൾ തറവാട്ടിലെമ്പാടും നറുനെയ്യ് ഒഴിച്ച് വെച്ച പായസത്തിന്റെ ഗന്ധം പടർന്നു. അമ്മാളുവിന്‌ വേറെ ഒരു കിണ്ണത്തിൽ പകർന്നു പിന്നാമ്പുറത്തു കൊണ്ട് പോയി കൊടുത്തു ദേവൂട്ടിയമ്മ. സ്വർണ നിറം ഉള്ള കിണ്ണത്തിൽ മീനൂട്ടിക്ക് എടുത്തു കൊടുത്തുകൊണ്ട് അമ്മമ്മ പറഞ്ഞു. 

‘‘മുഴുവനും കുടിക്കണോട്ടോ.... ’’

 

കാരണവർക്കും കാര്യസ്ഥനും ഉള്ള പായസം കിണ്ണത്തിൽ ആക്കി ഉമ്മറത്തേക്ക് പോയി അമ്മമ്മ. തനിക്കു കിട്ടിയ പായസക്കിണം എടുത്തുകൊണ്ടു മീനുട്ടി അമ്മാളു ഇരിക്കുന്നയിടത്തേക്കു പോയി. 

‘‘അമ്മാളു ന്തേ തനിച്ചിരിക്കണേ... ഞാനും കൂടാം..’’

മീനുട്ടിയെ കണ്ടതും ചെറുമി ധൃതിയിൽ എഴുനേറ്റു നിന്നു. അഴിച്ചിട്ടിരുന്ന മുണ്ടറ്റം എടുത്തു ഉടുപ്പിൻമേൽ കുത്തികൊണ്ട് മാറിനിന്നു.. 

‘‘അബ്രാട്ടികുഞ്ഞേ അകത്തു പോയി കുടിക്കീൻ. തമ്പുരാട്ടി കണ്ടാൽ വയക്കു പറയും.’’

‘‘ന്നെ ന്തിനാ അമ്മമ്മ വഴക്ക് പറയണേ...?’’

‘‘പാടില്ല കുഞ്ഞേ.... നീങ്കള് അമ്പോറ്റി കുഞ്ഞാണ്... ഞാങ്ങള് ചെറുമികളും. അതോണ്ട് പാടില്ല്യ’’

ഉമ്മറത്ത് നിന്നും ദേവൂട്ടിയമ്മ വന്നു. 

‘‘ന്താ കുട്ടി നിയ്യ് പുറത്തു ഇരിക്കണേ... ’’

‘‘അമ്മമ്മ എന്നെ വഴക്കു പറയും എന്നാണ് അമ്മാളു പറയണേ... ഞാൻ അമ്മാളുന്റെ കൂടെ ഇരുന്നു കഴിച്ചോളാം അമ്മമ്മേ...’’

‘‘ന്താ കുട്ടി നീയീ പറേണെ...... ഇതൊന്നും പാടില്ല്യ... ഇങ്ങു പൊരുട്ടോ..’’

‘‘ന്താ അമ്മാളു നിനക്ക് അറീലെ ഇതൊന്നും..?’’

‘‘ഞാൻ പറഞ്ഞതാണ് അബ്രാട്ടി.. കുഞ്ഞു കേട്ടില്ലാ...’’

‘‘കുറുമ്പ് കൂടുന്നുണ്ട് കുട്ടി നിനക്ക്.... അച്ഛനെ വിളിക്കട്ടെ ഞാൻ’’

‘‘ഞാൻ വിളിക്കാം മുത്തശ്ശനെ... ഞാൻ ചോദിക്കട്ടെ മുത്തശ്ശനോട്.... ന്താ ഞാൻ അമ്മാളുന്റെ കൂടെ ഇരുന്നു കഴിച്ചാൽ കുഴപ്പൊന്നു’’

‘‘മിണ്ടാണ്ടിരിക്കു കുട്ടി.. അരുതാത്ത കാര്യം പറയാതെ...’’ അമ്മമ്മ ദേഷ്യം കാണിച്ചു പറഞ്ഞു 

‘‘അമ്മാളു നീ കുടിയിലേക്ക് പൊയ്ക്കോളൂ... ’’

‘‘ഓ അബ്രാട്ടി....’’

 

ഒരുപാട് പിണങ്ങിയാണ് അന്ന് മീനുട്ടി കിടന്നത്. എന്നും കഥ കേട്ടു ഉറങ്ങാറുള്ള കുട്ടി ഇന്ന് കഥ കേൾക്കാൻ കൂടി കൂട്ടാക്കിയില്ല. ഉറക്കമായി എന്ന് കരുതി മീനുട്ടിയുടെ അടുത്ത് വന്നു കിടന്ന അമ്മമ്മയോടു അവൾ ചോദിച്ചു. 

‘‘നമുക്ക് ഉള്ള കണ്ണും മൂക്കും പല്ലും ഒക്കെ അല്ലെ അമ്മമ്മേ അമ്മാളുവിനും ഉള്ളെ.. നമ്മളെ പോലെ അല്ലെ അമ്മാളു ശ്വസിക്കുന്നെ... നമ്മളെ പോലെ വായിൽവെച്ചല്ലേ ആഹാരം കഴിക്കുന്നേ... നമ്മളെ പോലെ അല്ലെ ഉറങ്ങുന്നേ... നമുക്ക് ഉള്ളപോലെ തന്നെ കാലും കയ്യും ഒക്കെ അല്ലെ അമ്മാളുനും ഉള്ളത്... പിന്നെന്താ അമ്മാളൂനെ അമ്മമ്മ അകത്തു കയറ്റാതെ... നിറം മങ്ങിയ ഓട്ടു പാത്രത്തിൽ പായസം കൊടുത്തേ... ഇന്ന് അമ്മമ്മ എനിക്ക് തന്ന പായസത്തിനു മധുരം ഇല്ലായിരുന്നു... അമ്മാളുന്റെ കിണ്ണത്തിലെ പായസത്തിനു നല്ല മധുരോ... എനിക്ക് നിറവും മധുരവും കുറഞ്ഞ പായസം മതി അമ്മമ്മേ...’’

 

പടിക്കൽ നിന്നും കാര്യസ്ഥൻ കൊച്ചുപിള്ളയുടെ ശബ്ദം കേട്ടു ദേവൂട്ടിയമ്മ ഞെട്ടിയുണർന്നു.. വർഷം പതിനൊന്നു പുറകിലേക്ക് പോയി ആ പായസകഥ ഓർത്തു പോയത് ദേവൂട്ടിയമ്മ അറിഞ്ഞിരുന്നില്ല. അന്ന് അവൾ പറഞ്ഞത് ഇന്നും നെഞ്ചിൽ കുത്തുന്ന പോലെ... ‘‘എനിക്ക് നിറവും മധുരവും കുറഞ്ഞ പായസം മതി അമ്മമ്മേ...’’

 

വയസ് അറിയിച്ചു മൂന്ന് കൊല്ലം തികഞ്ഞപ്പോൾ അവൾ അമ്മാളു ചെറുമിയുടെ മകന്റെ കൂടെ ഇറങ്ങി പോയി... സ്നേഹിച്ചതും ലാളിച്ചതും എല്ലാം അവൾ മറന്നു പോയി...... അവൾക്കു അന്നും നിറം മങ്ങിയതിനോട് ആയിരുന്നു ഇഷ്ടം.... ദേവൂട്ടി കിടക്കയിൽ നിന്ന് എഴുനേൽക്കാൻ നന്നേ പാടുപെട്ടു.. തപ്പിയും തടഞ്ഞും ഉമ്മറത്തേക്ക് വന്നു 

‘‘ന്താ കൊച്ചുപിള്ളേ വിശേഷിച്ചു..? ’’

‘‘കടിഞ്ഞൂൽപേറു..... ആൺകുഞ്ഞ് ആണെന്നാണ് കേട്ടത്... ’’

തൊടിയിൽ കരണവനെ ദഹനം ചെയ്ത മണ്ണിൽ ചെന്ന് നിന്നു കൊണ്ട് അവർ പറഞ്ഞു 

 

‘‘നിക്ക് വയ്യാ ന്റെ കുഞ്ഞിനെ കാണാണ്ടിരിക്കാൻ.... വിധി ന്റെ മോളെ കൊണ്ട് പോയി... മരണ കിടക്കയിൽ പോലും ജാതിയും മതവും വർണവും നെഞ്ചിൽകയറ്റിയ നിങ്ങൾ കാരണം ന്റെ മീനുട്ടിയും ഈ തറവാട് പടിക്കൽ നിന്നു തേങ്ങി ഇറങ്ങിപോയി.... കാലശേഷം ഒരു പിടി മണ്ണ് പോലും ഇടാൻ ഒരാൾ ഉണ്ടായിരുന്നില്ല നിങ്ങൾക്.... ഞാൻ പോകുന്നു അവളെ കാണാൻ... ന്റെ കണ്ണടയും വരെ നിക്ക് കാണണം ന്റെ കുട്ട്യേ..... ഇന്ന് വരെ ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തം ആവട്ടെ ഇത്...’’

 

കാടു പിടിച്ചു കിടക്കുന്ന തറവാട് മുറ്റത്തൂടെ നടന്നു വന്നുകൊണ്ട് ദേവൂട്ടിയമ്മ പറഞ്ഞു. 

‘‘കൊച്ചുപിള്ളേ... ആ പടിക്കൽ കുത്തിവെച്ചേക്കുന്ന വേലി വെട്ടിമാറ്റിയെക്കു... ന്റെ മീനുട്ടിന്റെ കുഞ്ഞുങ്ങൾ ഓടികളിക്കട്ടെ ഈ പൂമുഖത്തു....’’

‘‘കൊച്ചു ചെറുമിയുടേതാണ് തമ്പ്രാട്ടി..’’

നരകേറിയ തല ചൊറിഞ്ഞുകൊണ്ട് കൊച്ചുപിള്ള പറഞ്ഞു. 

‘‘ചെറുമിയുടേതായാലും തറവാട്ടിലെ കുട്ടിയുടെ ആയാലും.... ആ കുഞ്ഞിന്റെ നാഡിയിൽ ഒഴുകുന്ന രക്തം ചുവപ്പ് തന്നെയാടോ കൊച്ചുപിള്ളേ...’’

 

കരണവന്റെ കാല ശേഷമേ ആ മനുഷ്യന്റെ വാക്കുകൾ എതിർക്കു എന്നുള്ളതുകൊണ്ടാണ് ഇത്രയും നാൾ ഞാൻ മിണ്ടാതെ ചത്തുജീവിച്ചത്........ 

നിറം മങ്ങിയ ഓട്ടു പാത്രത്തിൽ പായസവും പകർന്നുവെച്ചു ദേവൂട്ടിയമ്മ തന്റെ മീനുട്ടിയെയും കാത്തു ഉമ്മറത്ത് ഇരുന്നു. അന്ന് അവർ പായസം വിളമ്പിയ ഓട്ടുപാത്രം എല്ലാം നിറം മങ്ങിയതായിരുന്നു എന്നാൽ പായസത്തിനോ സ്വാദ് ഏറെയും...

 

English Summary: Ottupathram, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com