ADVERTISEMENT

കൊറോണയിൽ മുങ്ങിയ പ്രണയം (കഥ)

‘‘അയ്യോ... ഞാനില്ല.... അവിടെ കുറെ ആളുകള്‍ ഉണ്ടാവും...’’

‘‘കോഫീ ഷോപ്പ് അല്ലേ... പിന്നെ ആരും ഇല്ലാതിരിക്കൊ.... നീ വാ...’’

‘‘ഞാന്‍ ഇല്ല..... അത് ശരിയാവില്ല...’’

‘‘എന്താ കുഴപ്പം? താൻ ഇത് ഏത് യുഗത്തിലാ... രണ്ട് പേർ ചായ കുടിക്കുന്നത് അത്ര തെറ്റൊന്നും അല്ല...’’

രാഹുല്‍ സ്വപ്നയുടെ കൈ പിടിച്ചു കൂട്ടി കൊണ്ട്‌ പോകാൻ ശ്രമിച്ചു. സ്വപ്ന അയാളെ രൂക്ഷമായി ഒന്ന് നോക്കി. ഉടനെ രാഹുല്‍ കൈ വിട്ടു.

 

‘‘സോറി.. ടീ... പെട്ടെന്ന് ഒരാവേശത്തിൽ...’’

‘‘അത്രക്ക് ആവേശം ഒന്നും വേണ്ട... ഞാൻ വരാം’’

കോളജിന്റെ എതിർവശത്ത് തന്നെയായിരുന്നു ആ കോഫി ഷോപ്പ്. അത് തുടങ്ങിയിട്ട് ഒരു മാസത്തോളം ആയി. എന്നും കടന്ന് പോകുന്ന വഴി ആയിട്ട് കൂടി സ്വപ്ന ഇതുവരെ അവിടെ പോയിട്ടുണ്ടായിരുന്നില്ല. ‘stars on you’ എന്ന ആ കഫേയുടെ പേര് എപ്പോഴും അവളില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. ഇന്ന്‌ ആദ്യമായി അവിടെ കയറിയപ്പോഴും അവളത് ആലോചിക്കാതിരുന്നില്ല.

 

അവിടെ വളരെ ശാന്തമായ ഒരു അന്തരീക്ഷം ആയിരുന്നു. മരത്തടി കൊണ്ടുള്ള ഭിത്തികള്‍, തൂങ്ങി കിടക്കുന്ന അലങ്കാര ബൾബുകൾ, പശ്ചാത്തലത്തില്‍ ശബ്ദം കുറഞ്ഞ ഒരു മെലഡി ഗാനം.... ഇതെല്ലാം സ്വപ്നക്ക് വളരെ ഇഷ്ടമായി. 

ലാപ്ടോപ്പ് തുറന്ന് വെച്ചിരിക്കുന്ന രണ്ട് മൂന്ന് ആളുകൾ അല്ലാതെ അവിടെ വലിയ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. 

‘‘തനിക്ക് എന്താ വേണ്ടത്.... കഴിക്കാൻ എന്തെങ്കിലും പറയട്ടെ....’’

‘‘എനിക്ക് ഒന്നും വേണ്ട...’’

‘‘പിന്നെ ഇവിടെ എ സി കൊള്ളാനാണോടീ... വന്നത്‌....’’

‘‘നീ എന്നെ വഴക്ക് പറയാൻ കൊണ്ടുവന്നതാണോ എന്നെ ഞാന്‍ പോവാ.’’

‘‘പോവല്ലേ.. സോറി... ഞാൻ ഇനി ഒന്നും പറയില്ല..’’

‘‘എനിക്ക് ഒരു ചായ മാത്രം മതി’’

‘‘എടീ... ഇത്രേം വലിയ കഫേ അല്ലെ... രണ്ട് കാപ്ചീനോ പറയാം എന്തേ...’’

സ്വപ്ന മറുപടിയായി ഒന്ന് മൂളി. 

‘‘ടീ... മാസ്ക് ഊരാതെ അത് കുടിക്കാന്‍ പറ്റില്ല..’’

‘‘അത് പിന്നെ എനിക്ക് അറിഞ്ഞൂടെ... ’’

‘‘നമ്മൾ വന്നിട്ട് ഇത്ര നേരം ആയില്ലേ.. ഇതുവരെ അതും വെച്ച് ഇരുന്നതോണ്ട് ചോദിച്ചതാ...’’

‘‘ചായ കുടിക്കുമ്പോള്‍ മാസ്ക് മാറ്റിയ പോരെ...’’

സപ്ളയർ ഓർഡർ സ്വീകരിച്ച ശേഷം ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ സാധനം അവരുടെ മുന്നിലെത്തി. 

 

‘‘വെറുതെ അല്ല താൻ മാസ്ക് മാറ്റാൻ മടിച്ചത്... ഇപ്പോഴാ കാര്യം പിടികിട്ടിയത്...’’

‘‘ഹോ... അത്ര ചിരിയൊന്നും വേണ്ട... മുഖത്ത് ഈ കുരു കണ്ടിട്ടാണോ... അത് മാസ്ക്ന്റെ അലർജിയാ...’’ 

‘‘അതിന്‌ ഞാൻ എക്സ്പ്ളനേഷൻ ചോദിച്ചില്ലല്ലോ...’’

‘‘എന്നാ നിന്റെ ചിരി ഒന്ന് നിര്‍ത്താമോ.’’

‘‘ഓക്കെ.... മാഡം....’’

രാഹുല്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അതിലൊന്നും ശ്രദ്ധിക്കാതെ സ്വപ്ന ചുറ്റും കണ്ണോടിക്കുകയായിരുന്നു. 

‘‘താൻ ഇതെന്താ നോക്കുന്നെ.... ഞാൻ പറയുന്നത് വല്ലതും കേള്‍ക്കുന്നുണ്ടോ...’’

‘‘നമുക്ക് പോവാം രാഹുല്‍...’’

‘‘എന്തിനാ തിരക്ക് കൂട്ടുന്നെ.. നെക്സ്റ്റ് ഹവർ ക്ലാസ് ഇല്ലല്ലോ.’’

‘‘അത് സാരമില്ല... ഞാൻ ക്ലാസിൽ വെറുതെ ഇരുന്നോളാം.. ഞാൻ പോകട്ടെ...’’ 

‘‘പ്ലീസ്.. ടോ... ഒരു അഞ്ച് മിനിറ്റ്.... എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്...’’

‘‘എന്താ... ’’

 

‘‘അത്... എങ്ങനെ... എനിക്ക് അറിയില്ല. എനിക്ക് വേണമെങ്കില്‍ ഒളിച്ച് വെക്കാമായിരുന്നു... പക്ഷേ മനസ്സിൽ ഇരിക്കില്ല.. അതാ... നീ ഇപ്പൊ ഒന്നും പറയേണ്ട... സമയം എടുക്കും എനിക്ക് അറിയാം... യൂ ഡോണ്ട് മിസ്ടേക്ക് മീ.. ഓക്കെ...’’

‘‘എന്തിനാ ഒരു ഇന്‍ട്രോ..? പറഞ്ഞോളൂ...’’

 

മനസ്സിൽ സൂക്ഷിച്ച പ്രണയം തുറന്ന് പറയാന്‍ ഇതിനേക്കാള്‍ പറ്റിയ അവസരം വേറെ ഉണ്ടാവില്ലെന്ന് രാഹുലിന് തോന്നി. അവളുടെ കണ്ണുകളെ ഇപ്പോൾ നേരിടാന്‍ ഒരു പ്രയാസം പോലെ. എന്നാലും രണ്ടും കൽപിച്ച് പശ്ചാത്തലത്തില്‍ പാടുന്ന പ്രണയ ഗീതത്തിന്റെ അകമ്പടിയോടെ അവന്‍ പറഞ്ഞു തുടങ്ങി. 

‘‘സ്വപ്ന.... ഞാൻ... നിന്നെ...’’

 

‘‘ടാ... അളിയാ... ഇവിടെ ഉണ്ടായിരുന്നോ.... നിന്നെ എവിടെ എല്ലാം നോക്കി...’’

രാഹുലിന്റെ സുഹൃത്തുക്കള്‍ ഇടക്ക് കയറി പറഞ്ഞു. 

‘‘നിങ്ങള്‍ എന്താ ഇവിടെ ഇപ്പൊ...’’

‘‘ഇതെന്ത് ചോദ്യം.. ഇവിടെ വരുന്നത് എന്തിനാ... ചായ കുടിക്കാന്‍..’’

‘‘അല്ല... അതല്ല.... ഞാൻ..’’

‘‘ഏതെല്ലാ.... ? ’’

‘‘ഇതാര്.... സ്വപ്നമോ..... അല്ല സ്വപ്നയോ..... ഇത് സത്യമോ... യാഥാർത്ഥ്യമോ.... ക്ലാസിൽ ഒന്നും മിണ്ടാത്ത ആളാണ്... ഇതാ കോഫീ ഷോപ്പിൽ... കൂടെ രാഹുല്‍... സം തിംങ് ഫിഷീ..’’

 

ഇതെല്ലം കേട്ട സ്വപ്നയുടെ മുഖം ചുവന്ന് വരുന്നുണ്ടായിരുന്നു. ദേഷ്യ ഭാവത്തില്‍ രാഹുലിനെ നോക്കി അവള്‍ അവിടുന്ന് ഇറങ്ങി പോയി. 

‘‘അപ്പൊ രാഹുല്‍... ഞങ്ങൾക്ക് ഉള്ളത് നീ ഓർഡർ ചെയ്യ്... വേഗം ആവട്ടെ..’’

‘‘ഒന്ന് പോടാ... എത്ര നിര്‍ബന്ധിച്ചിട്ടാ അവൾ ഒന്ന് വന്നതെന്നറിയോ... ഇപ്പൊ അതിനെ പറഞ്ഞ് വിട്ടപ്പോ സമാധാനം ആയില്ലേ..’’

‘‘അതിന്‌ ഞങ്ങൾ എന്ത് ചെയ്തു..’’

 

മറുപടി പറയാതെ രാഹുൽ അവിടുന്ന് പോയി. രാഹുലിന് നല്ല നിരാശ ഉണ്ടായിരുന്നു. ആരോടും മിണ്ടാതെ മുറിയില്‍ അവന്‍ ഒറ്റക്ക് ഇരുന്നു. രാവിലെ ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് രാഹുല്‍ ഉണരുന്നത്. 

‘‘ടാ...എന്ത്‌ പറ്റി.. കോളേജിൽ വരുന്നില്ലേ...’’

‘‘എനിക്ക് നല്ല സുഖമില്ല.. മനോജ്... നീ പൊക്കോ..’’

‘‘നല്ല പനി ഉണ്ടല്ലോ...’’ രാഹുലിന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കിയ ശേഷം സുഹൃത്ത് പറഞ്ഞു. 

‘‘ഇന്നലെ രാത്രി തുടങ്ങിയതാ...’’

‘‘സ്വപ്നയോട് സംസാരിക്കാന്‍ പോയിട്ട് പേടിച്ച് പനിച്ചതാണോ... ’’

‘‘ഏയ്... അതല്ല... സഞ്ജുവും ടീമും ഇടക്ക് കേറി വന്ന്... അപ്പൊ അവളോട് കാര്യം പറയാന്‍ പറ്റിയില്ല...’’

‘‘ഓ... ഇത്തവണയും നശിപ്പിച്ചു...  അടുത്ത കാലത്ത് എങ്ങാനും നീ അവളോട് കാര്യം പറയുമോ.... നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അത് പോട്ടെ.... നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാ...’’

 

‘‘വേണ്ട... ടാബ്ലറ്റ് ഉണ്ട്... പനി മാറിയില്ലേ വൈകീട്ട് പോവാ...’’

‘‘ശരി.. അപ്പൊ നീ റസ്റ്റ് എടുക്ക്... എന്തേം ആവശ്യം ഉണ്ടെങ്കില്‍ വിളിക്കണേ.’’

കുറച്ച് കഴിഞ്ഞപ്പോഴേക്കും രാഹുലിന് അസ്വസ്ഥത അനുഭവപ്പെട്ടു. അവന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി. അവന്‍ ഉടനെ മനോജിനെ വിളിച്ചു വരുത്തി. അവർ രണ്ട് പേരും ആശുപത്രിയിലേക്ക് പോയി. 

 

ഡോക്ടർ പരിശോധനക്ക് ശേഷം RT PCR ചെയ്യാൻ ആവശ്യപ്പെട്ടു. കോവിഡ് ടെസ്റ്റിന് ശേഷം രാഹുൽ സ്വന്തം വീട്ടിലേക്ക് പോയി. പിറ്റേന്ന്‌ വൈകീട്ട് തന്നെ രാഹുലിന് പരിശോധന ഫലം ലഭിച്ചു. അവന്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. അവൻ ഉടനെ മനോജിനെ വിളിച്ച് കാര്യം പറഞ്ഞു. 

 

‘‘ടാ.. നീ പേടിക്കേണ്ട... നന്നായി റസ്റ്റ് എടുക്ക്...’’ 

‘‘നീയും ഒന്ന് ശ്രദ്ധിച്ചോ...’’

‘‘ആടാ... ഞാനും രണ്ട് ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യാ... പിന്നെ... നിന്റെ സ്വപ്നയോട് ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്...’’

‘‘നീ എന്തിനാ അവളോട്‌ ഇത് പറഞ്ഞെ...’’ 

‘‘പിന്നെ പറയാതെ... അവളും പ്രൈമറി കോണ്ടാക്റ്റ് ആണ്...’’

‘‘നീ അതിനെ പറഞ്ഞ്‌ പേടിപ്പിച്ചു കാണും...’’

‘‘അയ്യൊ... കുഞ്ഞു വാവ അല്ലേ.... ഒന്ന് പോടാ...’’

 

മനോജിനോട് സംസാരിച്ചതോടെ രാഹുലിന് മനസമാധാനം നഷ്ടപ്പെട്ട പോലെയായി. അവന്‍ സ്വപ്നയെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ അവളുടെ കോൾ അവന് വന്നു. 

‘‘ഹലോ.... സ്വപ്ന... പറയ്... ’’

‘‘അത്... നിനക്ക് എങ്ങനെ ഉണ്ട്...’’

‘‘കുഴപ്പമില്ല.... പനി ഉണ്ട്.. പിന്നെ തൊണ്ട വേദനയും’’

‘‘നീ അന്ന് എന്തോ പറയാന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ.... അത് എന്താന്ന് എനിക്ക് മനസ്സിലായി...’’ 

 

‘‘മനസ്സിലായെന്നോ... എങ്ങനെ.... എന്നാ നീ തന്നെ പറ...’’

സ്വപ്ന എല്ലാം മനസിലാക്കിയെന്ന് രാഹുലിന് തോന്നി. അവന്റെ ഹൃദയ താളത്തിന്റെ വേഗത വര്‍ധിച്ചു. സ്വപ്നയുടെ സ്വരം കേള്‍ക്കാനായി അവന്‍ കാതോര്‍ത്ത് നിന്നു.

 

‘‘അത്... അന്നേ സംശയം ഉണ്ടായിരുന്നില്ലേ നിനക്ക് കൊറോണ ആണെന്ന്... നീ ഏതോ കോവിഡ് രോഗിയുമായി ഇടപഴകിയിട്ടുണ്ട്. അതല്ലേ നീ എന്നോട് പറയാൻ വന്നത്... ഇപ്പോഴാ എനിക്ക് എല്ലാം മനസ്സിലായത്. എന്നെ കൂട്ടീട്ട് വരുമ്പോ നിനക്ക് അത് ഓര്‍മ ഇല്ലായിരുന്നല്ലേ.. രാഹുല്‍... ഇനി ഇപ്പൊ സാരമില്ല... നീ മനപ്പൂര്‍വ്വം അല്ലല്ലോ..’’

 

‘‘അയ്യൊ... സ്വപ്ന....’’

അപ്പോഴേക്കും മറുവശത്ത് ഫോണ്‍ കട്ട് ആയിരുന്നു. 

 

English Summary: Coronayil mungiya prenayam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com