ADVERTISEMENT

കഥയില്ലാത്തവൾ (കഥ)

എഴുപതു കഴിഞ്ഞ വൃദ്ധന്റെ പ്രണയകഥയാണ് അവളേറ്റവും അവസാനം വായിച്ചത്..  അതിന് ശേഷമാണ് അവൾ തന്റെ മൊബൈലുകളിൽ യുവാക്കളുടെയൊക്കെ നമ്പറുകൾ ബ്ലോക്ക്‌ ചെയ്യുകയും... സ്കൂളിൽ തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകന്റെ,  മൂന്നു വർഷം മുൻപ് അയാളുടെ റിട്ടയർമെന്റ് വാർത്ത അവൾ പത്രത്തിൽ വായിച്ചിരുന്നു... നമ്പർ പഴയ സ്കൂൾ ഡയറിയിൽ നിന്നും പരതിയെടുത്തതും... 

 

‘‘ഇല്ല... കുട്ടിയെ എനിക്കോർമ്മ കിട്ടുന്നേയില്ല...’’

 

ഫോണിലൂടെ ഒഴുകിയ പതർച്ചയുള്ള ശബ്ദത്തോട് അവൾ പുഞ്ചിരിയുടെ കൂട്ട് പിടിച്ചാണ് മറുപടി പറഞ്ഞത്... 

 

‘‘അന്നൊരിക്കൽ... ഞാൻ സാറിന്റെ വിരലുകളെ തൊട്ട് തലോടിയിരുന്നു... ഒരു ഓണക്കാലത്ത്... അത്രയും ചുളുങ്ങിയ ഞരമ്പുകൾ ഉയർന്നു നിൽക്കുന്ന കൈപ്പടവും വിരലുകളും അന്നോളം ഞാനാരിലും കണ്ടിരുന്നില്ല..’’ 

 

മറുവശത്തെ പഴകിയ ചുമയ്ക്ക് ഒരു മന്ദഹാസത്തിന്റെ നനവ് ഉണ്ടോ എന്നറിയാൻ അവളന്നേരം ഫോണിന്റെ സ്ക്രീൻ കവിളുകളോട് ചേർത്ത് പിടിച്ചു..... 

 

‘‘സാർ... സാർ അവിവാഹിതനായിരുന്നു... ഞാനോർക്കുന്നു.... ഞാനും..... ഈ ഇരുപത്തിയെട്ടിലും ഞാനൊരു പുരുഷനെയും പങ്കാളിയാക്കിയില്ല... ’’

 

‘‘സാർ... സാറിന് മടുക്കുന്നുവോ... ഫോൺ കട്ട്‌ ചെയ്യാൻ തോന്നുന്നുണ്ടോ...?’’

 

മങ്ങിയ മൗനം അവളെ ക്ഷീണിതയാക്കുന്നു.. കൈകളിൽ നിന്നും ഫോൺ വഴുതി പോകുന്നുണ്ടായിരുന്നു... 

‘‘സാർ.. എഴുപതു കഴിഞ്ഞ  ഒരാളുടെ പ്രണയം എങ്ങനെയായിരിക്കും.... അയാൾക്ക് തലയിലൊരു പേനുണ്ടാകുമോ...?  സന്ധിവേദനയാൽ തളരുന്ന കൈകൾ മുകളിലോട്ട് ഉയർക്കുമ്പോൾ പിടഞ്ഞു വീഴുന്ന വേദനയോർത്തു അയാളാ പേനിനെ അവഗണിക്കും അല്ലെ...? എന്നിട്ട് പ്രിയപ്പെട്ടൊരുവൾ ആ പേനിനെ ഞെരിച്ചു കളയാൻ വരുന്നതും കാത്തു വാതം തളർത്തിയ കാലുകളോടെ അയാൾ കിടക്കയിൽ കിടക്കുന്നുണ്ടാവില്ലേ.....? 

 

അയാൾക്ക് നല്ല മധുരമുള്ള പായസം കുടിക്കാൻ തോന്നുകയും... ഒരു ചുംബനത്തിന്റെ ഉണർവോടെ പായസവുമായി കാമുകി വരുന്നത് കാത്തിരിക്കുകയും ചെയ്യുന്നുണ്ടാവില്ലേ...? 

 

അയാളെ തന്റെ കാമുകി കുളിപ്പിക്കുന്നതും കാത്തു അയാളുടെ കുളിമുറി വാതിൽക്കൽ അയാൾ കാത്തു നിൽപ്പുണ്ടാവില്ലേ...? 

 

സാർ... പക്ഷേ...ഇതിനൊക്കെയും അപ്പുറത്ത് അയാൾക്കവളോട് കാമദാഹം തോന്നുന്നുണ്ടാകില്ലേ.. ?  അയാളുടെ ശരീരം അവൾക്കായി കിതയ്ക്കുന്നുണ്ടാകില്ലേ...?’’

 

മറുവശത്തു നിന്നും മൗനം കടുക്കുകയും... അത് അവൾക്ക് ശ്വാസതടസ്സം സൃഷ്ടിക്കുകയും ചെയ്തു... പണ്ടെങ്ങോ കേട്ട ഒരു തെറിവിളി അവ്യക്തമായി മറുതലയ്ക്കൽ നിന്നും കേട്ടതോടെ അവളാ മൊബൈൽ ഫോൺ കട്ട്‌ ചെയ്യുകയും, ശേഷം പുതിയ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ പുസ്തകങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തു.... 

 

ഇനിയവൾ വായിക്കുക ഒന്നുങ്കിൽ ഒരു യുവാവിന്റെ പ്രണയകഥയാവും... ശേഷം അവൾ ഫോണിലെ യുവാക്കളുടെ നമ്പറുകൾ അൺബ്ലോക്ക് ചെയ്യുകയും... അവരെയാരെയെങ്കിലും വിളിച്ചു ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കുകയും ചെയ്യും.... 

 

യുഗങ്ങളായി അവളിത് ചെയ്തു കൊണ്ടേയിരിക്കുന്നു... ആരുടേയും ശല്യമില്ലാതെ... അനേകം കഥകളിലൂടെ ഒരുപാട് പേരെ ഓർമിക്കുകയും അവരെ വിളിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു..

 

അവളെ ആരും ശല്യപ്പെടുത്തുന്നില്ല... അവളുടെ വായനയ്ക്കും ചോദ്യങ്ങൾക്കുമിടയിൽ വിഘാതം സൃഷ്ട്ടിക്കാൻ ആരും തന്നെ എത്തുകയുമില്ല.... എന്തെന്നാൽ.... 

 

എന്തെന്നാൽ.... വർഷങ്ങൾക്കു മുൻപ് അവളൊരു  കഥാകാരിയായിരുന്നുവെന്നും ഏകയായി ജീവിക്കുകയായിരുന്നുവെന്നും  അങ്ങനൊരിക്കൽ അവൾ ജീവൻ സ്വയം വരിഞ്ഞു മുറുക്കയും അതിന് ശേഷം അവളുടെ ആത്മാവ് അവിടെ കഥകൾക്കായി ദാഹിക്കുകയും ചെയ്യുന്നുവെന്ന് അവളുടെ പരിചയക്കാരൊക്കെ വിശ്വസിച്ചു പോന്നു.... 

 

അവളിപ്പോഴും കഥകളിലാണ്... വായിക്കുകയാണ്... ചോദ്യങ്ങൾ മെനയുകയാണ്.....പണ്ടെങ്ങോ  അവളെയും അവളും സ്നേഹിച്ച ഒരുവനെ നിശബ്ദമായി തേടിക്കൊണ്ടേയിരിക്കയാണ്.....

 

English Summary: Kadhayillathaval, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com