ADVERTISEMENT

പ്രണയകാലങ്ങൾ (കഥ)

അവൾ ബിരുദാനന്തരബിരുദ വിദ്യാർഥി. സുന്ദരിക്കുട്ടി. പഠിക്കാൻ സമർഥ. പിന്നാലെ നടന്നവർക്കു മുന്നിൽ അറച്ചുനിൽക്കാതെയും ഒരി‌ട ഇഷ്ടം തോന്നിയ ഒരുവനോടു ഹൃദയം തുറക്കാതെയും കഴിഞ്ഞ ഇന്നലെയിൽനിന്നാണ് അവൾ ക്യാംപസിലെത്തിയത്.

അപ്പോൾ, ഒരാൾക്കു മുൻപിലും വീഴാത്ത ഋഷ്യശൃംഗനായി അവൻ ക്യാംപസിൽ ഗവേഷണവിദ്യാർഥിയായെത്തി. മിടുക്കൻ.

ക്യാംപസിൽ സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ ഫിലിം ഫെസ്റ്റിവൽ തിയറ്ററിൽ വച്ചാണവർ പരിചയപ്പെട്ടത്. അഞ്ചു ചലച്ചിത്രങ്ങളുടെ പ്രദർശനം അവർക്കു പരസ്പരമറിയാനുള്ള തിരശീലയായി.

ഇക്കാലത്തും ഇങ്ങനെയൊക്കെയുള്ള മനുഷ്യരുണ്ടോ എന്ന് സൗണ്ട് ട്രാക്കിൽ മൗനം കേട്ട്, ഇരുവരും ആശ്ചര്യപ്പെട്ടു. ആശ്ചര്യ ചിഹ്നങ്ങൾ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. വൈകാതെ അവരിരുവരും പ്രണയത്തിലുമായി.

ഒരുദിവസം ഇരുവരും സ്പോർട്സ് ഗ്രൗണ്ടിനു ചുറ്റുമുള്ള ഗാലറിയിലൊരിടത്ത് ഇരിക്കുകയായിരുന്നു. കിഴക്കേ ഗാലറിയിലാണവരിരുന്നിരുന്നത്. ഗാലറിയിലോ ഗ്രൗണ്ടിലോ ആരുമുണ്ടായിരുന്നില്ല.

കള്ളൻ അസ്തമയസൂര്യൻ മരത്തലപ്പുകൾക്കിടയിലൂടെ ഒളിഞ്ഞുനോക്കി. ക്യാംപസിൽ തലേന്നു പ്രദർശിപ്പിച്ച പഴയൊരു ചലച്ചിത്രമായ റോമൻ ഹോളിഡേയെക്കുറിച്ച് ഇരുവരും വാതോരാതെ സംസാരിക്കുകയായിരുന്നു.

അവന്റെ കണ്ണുകളിലെ തിളക്കം അവളറിഞ്ഞു. ഒരഭിനിവേശം മുളപൊട്ടി. അവൾ അവന്റെ കൈവിരലുകൾ കോർത്തു.

ഇരു കൺതടങ്ങളിലും ചെഞ്ചായം നിറഞ്ഞു.

അപ്പോൾ, സാവധാനം അവൻ അവളുടെ കൈവിരലുകൾ വിടുവിച്ചു. അവളുടെ കയ്യെടുത്ത് അവളുടെ തുടയിലേക്കു മാറ്റിവച്ചു. അവൻ കൈകൾ മാറത്തു കെട്ടിയടക്കി.

അവൻ പറഞ്ഞു:

‘‘എ‌ടോ... കാലമായില്ലാ...’’

അവൾ ചോദിച്ചു: ‘‘ഉം?’’

‘‘എനിക്കു നിന്നെ നഷ്ടപ്പെട്ടുകൂടാ.’’ അവൻ പറഞ്ഞു.

അവൾ ചോദിച്ചു: ‘‘എടാ... നമ്മളേതു കാലത്താ ജീവിക്കുന്നത്?’’

അവൻ മെല്ലെ പറഞ്ഞു: ‘‘ഭാവികാലത്ത്.’’

ചെമന്ന സൂര്യനെവിടെയോ ഒളിച്ചു.

English Summary : Pranayakalangal Short Story by N. P. Hafeez Mohammad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com