ADVERTISEMENT

ആത്മാവിന്റെ കനൽ (കഥ)

വല്ലാത്ത ഒരു വേദന നെഞ്ചില് അനുഭവപ്പെട്ടിരുന്നു. വേദനയാണോ നീറ്റൽ ആണോ എന്ന് തീർച്ചപെടുത്താൻ പറ്റുന്നില്ലായിരുന്നു. വേദനയുടെ ഏറ്റ കുറച്ചുകളുടെ ഏതോ ഒരു നിമിഷത്തിൽ എന്റെ കണ്ണുകളും നിദ്രയിലേക്ക് വഴുതി വീണിരുന്നു. അന്ധതയുടെ വർണമായ കറുപ്പിനെ അറിഞ്ഞു കൊണ്ടോ അറിയാതെയോ ഞാൻ കാണുന്നുണ്ടായിരുന്നു. അങ്ങ് ദൂരെ.. എനിക്ക് കാണാം ചിറകിട്ട് അടിച്ചു പറന്നു വരുന്ന ഒരു ദേശാടന പക്ഷി. തീ കത്തുന്ന ചിറകുമായി ഇരുട്ടിനെ ഹിംസിച്ച് കൊണ്ട് അവൾ വരുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ ഒന്ന് പതറി. പകലെന്നോ രാത്രി എന്നോ ഇല്ലാതെ പറക്കുന്ന ഇവൾ നഷ്ടങ്ങളുടെ മൂർത്തി ഭാവം ആയ എന്റെ അടുക്കൽ വരുന്നത് എന്തിനെന്ന് ഞാൻ ചിന്തിച്ചു. എല്ലാം പൊടുന്നനെ സംഭവിച്ചു. ശക്തിയായി പ്രഹരിച്ച് എന്റെ നെഞ്ചും കൂട് തകർത്ത് കൊണ്ട് അവള് എന്നിൽ പ്രവേശിച്ചിരുന്നു. വേദനയുടെ സ്ഫടികം പൊട്ടി തകർന്ന് വീഴുന്നത് ഞാൻ അറിഞ്ഞത് എന്റെ അടഞ്ഞ കണ്ണുകളിൽ നിന്ന് നീർ ഒലിച്ചപ്പോഴാണ്. വിശ്വസിക്കാൻ ആവാതെ ഞാൻ ആ പക്ഷിയെ തേടി. അവള് എന്തോ അന്വേഷിക്കുന്നതു പോലെ തോന്നി. 

 

‘‘ദൈവമേ കൂട് കൂട്ടാൻ എന്റെ ശരീരമേ ഇവൾക്ക് കിട്ടിയുള്ളോ’’ എന്ന് ഞാൻ ഓർത്ത് പോയി. മുറിവിലും വ്രണത്തിലും വളരാൻ പോകുന്ന അവളുടെ കുട്ടികളെ ഓർത്ത് എനിക്ക് സഹതാപം തോന്നി. പെട്ടന്ന് അവള് നിൽക്കുന്നിടം കുളിർ അനുഭവപ്പെടാൻ തുടങ്ങി. ഞാൻ സൂക്ഷിച്ചു നോക്കി എന്റെ വേദനയുടെ മൂല സ്ഥാനം അവള് കണ്ടെത്തിയിരിക്കുന്നു. സൂക്ഷ്മമായി ശ്രവിച്ചാൽ മാത്രം കേൾക്കാൻ പറ്റിയിരുന്ന എന്റെ ആത്മാവിന്റെ അലർച്ചകളെ അവള് ശ്രദ്ധിച്ചിരുന്നു. തീ കത്തുന്ന അവളുടെ ചിറകുകൾ ഇതിനോടകം തണുത്ത മൃദുലമായ ചിറകുകൾ ആയി മാറിയിരിക്കുന്നു. എന്റെ വ്രണമായി മാറിയ മുറിവിൽ അവള് തലോടി. എനിക്ക് വേണ്ടി അവർ കണ്ണുനീർ പൊഴിക്കുന്നു. ഞാൻ പൊട്ടി കരഞ്ഞു പോയി. ‘‘ആരാണ് എന്നെ ഇത്രയും സ്നേഹിക്കുന്നത്?’’

 

നിന്റെ ഉദ്ദേശ ശുദ്ധിയെ പോലും മനസ്സിലാക്കാതെ ഞാൻ നിന്നെ സംശയദൃഷ്ടി യോടെ അല്ലേ നോക്കിയത്? കാരണം എല്ലാവരും എന്നെ ചൂഷണം ചെയ്തിട്ടേ ഉള്ളൂ. എന്റെ വേദനയും വ്രണവും മങ്ങുന്നത് അവള് നോക്കി കൊണ്ടിരുന്നു. എന്റെ വികാരങ്ങൾ എല്ലാം നദിപ്രവാഹം കണക്കെ നിലക്കാതെ പോയികൊണ്ടിരുന്നു. വീണ്ടും ഒരു ചിറകടിയുടെ ശബ്ദം കേൾക്കേണ്ടി വന്നപ്പോൾ എന്റെ വികാരങ്ങൾ അത്രയും വറ്റി വരണ്ടു പോകുമോ എന്ന സംശയത്തോട് കൂടി ഞാൻ ചോദിച്ചു. ‘‘പോകുവാൻ ഉള്ള തയാറെടുപ്പിലാണോ?’’ പക്ഷി ഒന്നും മിണ്ടുന്നില്ല. എനിക്ക് നിരാശ തോന്നി. ഞാൻ വീണ്ടും ചോദിച്ചു. ‘‘അതെ, പോയാൽ തിരിച്ചു വരുമോ?’’ പോയവർ ആരും തിരിച്ചു വന്നിട്ടില്ല അതാണ് അങ്ങനെ ഒക്കെ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷേ ഇവിടെ എന്റെ പ്രതീക്ഷ എന്നെ ഈ പക്ഷി ഒരു തരത്തിലും ചൂഷണം ചെയ്തിട്ടില്ല. ഞാൻ അർഹിക്കുന്നതിലും അപ്പുറം എനിക്കവൾ തന്നു. ഈ ചോദ്യം ഉന്നയിക്കാൻ എനിക്ക് അവകാശം ഇല്ലാഞ്ഞിട്ടും ഞാൻ ചോദിച്ചു. 

 

അവള് ഒന്നും മിണ്ടാതെ തീക്ഷണമായി എന്നെ നോക്കി. എന്റെ വേദന പൊട്ടി തെറിച്ചു ഞാൻ അതിൽ ഇല്ലാതെ ആവുമോ എന്നു പോലും എനിക്ക് തോന്നി. പോകാൻ തയാർ എടുക്കുന്നതിന് മുന്നോടിയായി ചിറകുകൾ ജ്വലിക്കാൻ തുടങ്ങി. ഞാൻ കെഞ്ചി പറഞ്ഞു. ‘‘പോവരുതെ എന്നെ വിട്ടു പോവരുതേ’’ പക്ഷി മിണ്ടാതെ നിൽക്കുകയാണ്. അക്ഷമയോടെ ഞാൻ ചോദിച്ചു ‘‘ശരി, പേരെങ്കിലും എന്നോട് പറയാമോ? അങ്ങനെ ആണെങ്കിൽ സ്നേഹത്തിന്റെയും കരുതലിന്റെയും പര്യായം എന്താണ് എന്ന് ആരേലും എന്നോട് ചോദിച്ചാൽ എനിക്ക് നിന്റെ പേര് പറയാൻ സാധിക്കും. പറയുമോ നീ?’’ നെഞ്ച് നുറുങ്ങുന്ന പോലെ തോന്നി എനിക്ക്. മൗനം സ്വീകരിച്ച പക്ഷിയെ നോക്കി നിന്ന എന്റെ കണ്ണീർ നിലച്ചു. അല്ലേലും കരഞ്ഞു വറ്റിയവന്റെ കണ്ണിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ ആണ്.

 

അവസാനം യുക്തിയോടെ ചിന്തിക്കാൻ മനസ്സിനോട് പറഞ്ഞു. ‘‘നോക്കൂ, നീ ആയിട്ടാണ് ഇങ്ങോട്ട് വന്നത്. നീ എനിക്ക് ഉപകാരം ചെയ്തു എന്നത് സത്യം ആണ്. ആ ഒരു ഉപകാരം കൊണ്ട് തന്നെ എന്റെ മുറിവുകളും വ്രണങ്ങളും ഉണങ്ങി. പക്ഷേ പുതിയ ഒരു വ്രണം രൂപപെടുവാൻ തുടങ്ങിയിട്ടുണ്ട്. അത് നീ കാരണം ആണ്. അതിന്റെ ഉത്തരവാദിത്തം നിനക്ക് ആണ് കാരണം നിന്നെ ഞാൻ ക്ഷണിച്ചിരുന്നില്ല. പോകുവാൻ തയ്യാറായിരിക്കുന്ന നിന്നെ ഞാൻ തടയുന്നില്ല. പക്ഷേ നീ ആരാണ് എന്ന് എനിക്ക് അറിയണം അതിനുള്ള അവകാശം എനിക്ക് ഉണ്ട്. നീ ഇനി വരുമോ എന്നും എനിക്ക് അറിയണം. നീ എന്റെ കാഴ്ചയിൽ നിന്ന് മറയുന്നതിന് മുമ്പായി നീ തിരിഞ്ഞു നോക്കാമോ? എന്നാലേ എനിക്ക് മനസ്സിലാവൂ നീ ഇനിയും എന്നിലേക്ക് ക്ഷണിക്കപ്പെടാതെ വരും എന്നുള്ളത്. അത് പോലെ തിരിഞ്ഞു നോക്കുമ്പോ നീ എന്നോട് നിന്റെ നാമവും പറയുമോ?’’

 

ഇത് പറയേണ്ട നിമിഷം അവള് ചിറകടിച്ച് പോയി. എനിക്കെന്തോ അവള് ആരാണ് എന്ന് ഞാൻ അറിയണമെന്ന് അവള് ആഗ്രഹിച്ചിരുന്നതു പോലെ തോന്നി. വീണ്ടും ഇരുട്ടിനെ ഹനിച്ച് അവള് പോയി. കാഴ്ച മറയുന്നതിന് മുമ്പായി അവള് തിരിഞ്ഞു നോക്കി. ഞാൻ വാവിട്ട് കരഞ്ഞു. സന്തോഷം  കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ തേങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ സൂക്ഷ്മതയോടെ അവള് പറയുന്നത് ശ്രവിച്ചു. അവള് പറഞ്ഞു ‘‘അമ്മ’’. 

കാത്തിരിപ്പിന് സുഖം കൂടി കൊണ്ടേ ഇരുന്നു. 

 

English Summary: Atmavinte Kanal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com