ADVERTISEMENT

ചോരശാസ്ത്രം (കഥ)

രാത്രി മതിൽ ചാടിക്കടന്ന് വീടിന്റെ പിൻഭാഗത്ത് എത്തിചേർന്ന് വീടിനുള്ളിൽ എവിടെയും ലൈറ്റുകൾ കത്തുന്നില്ല എന്നു ഉറപ്പു വരുത്തിയത്തിനു ശേഷം ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി പിന്നിലെ പൈപ്പ്‌ലൈനിൽ പിടിച്ചു മുകളിലേക്ക് കയറി. പാരപ്പെറ്റിൽ ചവിട്ടി കയറി ഇരുന്നു അല്പനേരം ദീർഘശ്വാസം എടുത്തതിനു ശേഷം ടറസ്സിനു മുകളിലേക്ക് കയറി ചുറ്റുപാടും ശ്രദ്ധിച്ചു മുന്നോട്ടു നീങ്ങി. ബാത്റൂമിലെ വെന്റിലേറ്ററിലെ ഗ്ലാസ് അഴികൾ ശ്രദ്ധയോടെ എടുത്തു മാറ്റി. ആ ദ്വാരത്തിലൂടെ വീടിനു ഉള്ളിലേക്ക് നുഴഞ്ഞു കയറി. രണ്ടു ദിവസമായി അടഞ്ഞു കിടക്കുന്ന വീടാണ് എന്നു ഉറപ്പു വരുത്തിയിരുന്നതു കൊണ്ട് തന്നെ ഒരു ചെറിയ മൂളിപാട്ടും പാടികൊണ്ടു വീടിന്റെ അകവശം മുഴുവൻ പരിശോധിച്ചു. അവസാനം താഴെ ഉള്ള ബെഡ്റൂമിൽ ഒരു സ്റ്റീൽ അലമാര കണ്ടു. കയ്യിൽ ഉണ്ടായിരുന്ന ചെറിയ കമ്പികഷ്ണം ഉപയോഗിച്ച് അൽപസമയം എടുക്കേണ്ടി വന്നു അലമാര തുറക്കുന്നതിന്.

 

തുറന്ന അലമാരയിൽ മൊബൈലിന്റെ വെളിച്ചത്തിൽ തിരഞ്ഞു നോക്കിയ ഉണ്ണിയുടെ കണ്ണുതള്ളിപോയി. ഇഷ്ടംപോലെ ആഭരണങ്ങൾ. കൂടാതെ കെട്ടുകണക്കിന് പൈസയും. നോട്ടുകെട്ടുകൾ വേഗം തന്റെ ബാഗിലേക്ക് എടുത്തുവെച്ചു. സ്വർണമെടുക്കുന്നതിനു മുൻപ് ഒന്നു കൂടെ ആലോചിച്ചു. വേണ്ട എല്ലാം കൂടെ എടുക്കേണ്ട. പോലീസ് വരുമ്പോൾ അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാം. മോഷ്ടാവ് ആണെങ്കിൽ പൈസ മാത്രം എടുത്തു സ്വർണം ഉപേക്ഷിച്ചു പോവും എന്നു അവർ കണക്കു കൂട്ടില്ല. മാത്രവുമല്ല സ്വർണം വിൽക്കാൻ നടക്കുന്നതൊക്കെയും ഇപ്പോ ബുദ്ധിമുട്ടാണ്. ഇതിപ്പോ ഈ പൈസ ഉണ്ടെങ്കിൽ ഒന്നു രണ്ടു മാസം അടിച്ചു പൊളിച്ചു നടക്കാം. നാളെ തന്നെ ഹോട്ടൽ വെക്കേറ്റ് ചെയ്തു ഈ നഗരത്തിൽ നിന്നും പുതിയ ഒരു സ്ഥലത്തേക്ക് യാത്ര തുടങ്ങാം.

 

വീട്ടിൽ നിന്നും പുറത്തിറങ്ങി റോഡിൽ കയറി അല്പം മുന്നോട്ടു നടന്നു ആ വഴി വന്ന ഒരു ഓട്ടോയിൽ കയറി താൻ റൂം എടുത്തിരുന്ന ഹോട്ടലിന് ഒരു അരകിലോമീറ്റർ മുന്നോട്ടു പോയി ഇറങ്ങി പിന്നോട്ടു നടന്നു റൂമിൽ എത്തിയ ഉണ്ണി പിറ്റേന്ന് ഉച്ചക്ക് പുതിയ സ്ഥലത്തേക്ക് തന്റെ യാത്ര തുടർന്നു.

 

ബസ്സിൽ ഇരിക്കുന്ന സമയത്ത് ഉണ്ണി തന്റെ വീടിനെ കുറിച്ചു ഓർത്തു. ബാലകൃഷ്ണൻ മാഷുടെ മകന് ഒരു മോഷ്ടാവ് ആവേണ്ട കാര്യം ഉണ്ടായിരുന്നോ. ഒരിക്കലും ഇല്ല. അച്ഛൻ വളരെ സ്ട്രിക്റ്റ് ആയിരുന്നു. അതുകൊണ്ടു പഠനത്തിൽ ഉണ്ണി മുന്നിൽ തന്നെ ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്തു കൂടെ പഠിക്കുന്ന കുട്ടികൾക്കെല്ലാം മൊബൈൽ ഉണ്ടായിരുന്നു ഉണ്ണിക്ക് ഒഴികെ. ചിലർക്കൊക്കെ ബൈക്കും. പക്ഷേ അച്ഛന്റെ കാഴ്‌ചപ്പാടിൽ അവനു ഇപ്പൊ പഠിക്കാൻ ഉള്ള സമയം ആണ് .ഇപ്പൊ അവൻ അതു നന്നായി ചെയ്യട്ടെ. ബാക്കി ഒക്കെ അതു കഴിഞ്ഞു തീരുമാനിക്കാം എന്നായിരുന്നു. അമ്മ മുഖാന്തിരം ഉണ്ണി പലപ്പോഴും അച്ഛന്റെ മുൻപിൽ ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും അച്ഛൻ അവയൊന്നും കേട്ടില്ല എന്നു നടിച്ചു. പിന്നെ വല്ലപ്പോഴും ഒരു സിനിമ, ഇടക്ക് കൂട്ടുകാരോടൊപ്പം ഉള്ള കറക്കം ഇതിനൊക്കൊക്കെ പൈസ ഉണ്ടാക്കാൻ വീട്ടിൽ ചെറിയ മോഷണങ്ങൾ നടത്താൻ തുടങ്ങി. 

 

ഒരു ദിവസം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരി ജെസ്സി ഉണ്ണിയുടെ ഫോൺ ഒന്നു താ എന്റെ ഫോണിലെ ചാർജ് തീർന്നു ഒന്നു വീട്ടിലേക്ക് വിളിക്കാനാണ് എന്നു ചോദിച്ചപ്പോൾ താൻ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. ഞാൻ ഇന്ന് ഫോൺ എടുക്കാൻ മറന്നു എന്നു പറഞ്ഞ് അവളുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ഇനി കോളേജിൽ വരുന്നുണ്ടെങ്കിൽ അത് ഒരു മൊബൈൽ വാങ്ങിയതിന് ശേഷം മാത്രം എന്നവൻ ഉറപ്പിച്ചു. അന്ന് രാത്രി അച്ഛന്റെ മേശയിൽ നിന്നും തേങ്ങാ വിറ്റു കിട്ടിയ പൈസ മോഷ്ടിക്കാൻ ശ്രമിച്ച അവനെ ബാലകൃഷ്ണൻ മാഷ് കയ്യോടെ പിടിച്ചു. പൊതിരെ തല്ലി. പിറ്റേന്ന് രാവിലെ അവൻ വീട് വിട്ടിറങ്ങി. കുറെ സ്ഥലങ്ങളിൽ കറങ്ങിയും പട്ടിണി കിടന്നും ഒക്കെ അവശനായി മടുത്തു വീട്ടിലേക്ക് തന്നെ തിരിച്ചു പോവാം എന്നു തീരുമാനിച്ച അവൻ അപ്രതീക്ഷിതമായിട്ടാണ് അയാളെ പരിചയപ്പെട്ടത്.

രാത്രി തന്നെ പിന്തുടർന്നു വന്ന ഒരു കൂട്ടം ആളുകളുടെ കണ്ണു വെട്ടിച്ച് അയാൾ ഓടി കടത്തിണ്ണയിൽ കിടന്നിരുന്ന അവന്റെ അടുത്തു വന്നു കിടന്നു.

 

അയാൾ അലവിക്കുട്ടി.അവിടെ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുകയായിരുന്നു. പകലൊക്കെ നാട്ടിലെ മാന്യനായ ഡ്രൈവർ മാഷ്‌. രാത്രി ആയാലോ ഒരിക്കലും പിടിക്കപ്പെടാത്ത ഒരു വിദഗ്ദ്ധ മോഷ്ടാവ്. അന്ന് മുതൽ ഉണ്ണി അലവികുട്ടിയുടെ കൂടെ കൂടി. പകൽ ഡ്രൈവിങ്ങും രാത്രി മോഷണവും പഠിച്ചു.

അലവിക്കുട്ടി അയാളുടെ ഭാഷയിൽ പറഞ്ഞാൽ നേരും നെറിയും ഉള്ള മോഷ്ടാവ് ആയിരുന്നു. പണക്കാരുടെ വീടുകളിൽനിന്നും മാത്രമേ മോഷ്ടിക്കാറുള്ളൂ. അതും അടപടലം ആയി  മോഷ്ടിക്കറില്ല. അവരുണ്ടാക്കിയതിൽ ഒരു ചെറിയ പങ്കു ഞാൻ എടുക്കുന്നു. എനിക്കും ജീവിക്കണ്ടേ അതിനു വേണ്ടത് മാത്രം എന്നാണ് പറയാറ്.

 

‘‘എടാ ഉണ്ണി മോഷണം ഒരു കലയാണ് മോനെ. അതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടേതായ ഒരു ശൈലി ഒരിക്കലും ഉണ്ടാക്കരുത് എന്നാണ്. അങ്ങനെ സംഭവിച്ചാൽ പെട്ടന്ന് പിടി വീഴും. മിക്ക കള്ളൻമാർക്കും അവരവരുടെ ഒരു രീതി ഉണ്ട്. ചിലർ വാതിൽ തുറന്നു കിടന്നിരുന്നാലും ഓട് പൊളിച്ചു മാത്രമേ കയറു. ചിലർ വാതിൽ കുത്തി തുറന്ന് മാത്രമേ കയറു. ചിലർ അടച്ചിട്ട വീട്ടിൽ മാത്രമേ കയറു. ചിലർ വീട്ടിനുള്ളിൽ കയറിയാൽ അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടെ മടങ്ങു അങ്ങിനെ പലതും. പക്ഷേ ഈ രീതി വെച്ചു അവരെ പൊലീസിന് പിടിക്കാൻ എളുപ്പം ആണ്. അതു കൊണ്ടു നീ ഒരിക്കലും നിന്റേതായി ഒരു രീതി ഉണ്ടാക്കരുത്. പിന്നെ വിരലടയാളം കിട്ടാനുള്ള അവസരം ഉണ്ടാകരുത്. പോലീസ് നായ മണം പിടിച്ചു വരാനുള്ള മാർഗങ്ങൾ ആദ്യമേ ഒഴിവാക്കണം. നമ്മുടേത് ആയി ഒന്നും അവിടെ ഉപേക്ഷിച്ചു വരരുത്. പാവങ്ങളുടെ മുതൽ എടുക്കരുത്. പിന്നെ ഒരിക്കലും മോഷണത്തിന് വേണ്ടി ആരെയും ശാരീരികമായി ആക്രമിക്കരുത്. 

ഒന്നു രണ്ടു വർഷം ഉണ്ണി ആശാന്റെ കൂടെ തൊഴിൽ അഭ്യസിച്ചു. തന്റെ ശിഷ്യന് ഇനി ഒറ്റക്ക് മോഷണങ്ങൾ നടത്താൻ കഴിയും എന്നു ബോദ്യമായപ്പോൾ അലവിക്കുട്ടി കുറച്ചു പൈസ കൊടുത്തു അവനോടു വേറെ എവിടെയെങ്കിലും പോയി തൊഴിൽ തുടങ്ങി ജീവിക്കാൻ പറഞ്ഞു. കൂടെ അവസാനമായി ഒരു ഉപദേശവും ഒരിക്കലും കൂട്ടം കൂടി മോഷ്ടിക്കാൻ പോവരുത് എന്നും പറഞ്ഞ് അനുഗ്രഹിച്ചു അയച്ചു.

 

ഏതായാലും ഉണ്ണി ഗുരുത്വം ഉള്ളവനായിരുന്നു. ഇതുവരെ ഗുരു പറഞ്ഞത് അനുസരിച്ചു തന്നെ തൊഴിലിൽ ഏർപ്പെട്ടു. ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ഒരു മോഷണം നടത്തിയാൽ ആ നാട് വിട്ടു കിട്ടുന്ന പൈസ തീരുന്നത് വരെ അടിച്ചു പൊളിച്ചു ജീവിക്കുക എന്നതാണ് അവന്റെ രീതി. അതുകൊണ്ടു തന്നെ സ്ഥിരം കൂട്ടുകാരും എവിടെയും ഉണ്ടായിരുന്നില്ല.

 

ബസ് പുതിയ നഗരത്തിൽ എത്തി. അവിടെ ഒരു ഇടത്തരം ലോഡ്ജിൽ റൂം എടുത്തുകൂടി. ഒന്നു രണ്ടു ദിവസം സിനിമ കാണലും നഗരം ചുറ്റലും ഒക്കെ ആയി കഴിഞ്ഞു. പിന്നീട്  മോഷണത്തിന് പറ്റിയ വീടുകൾ തിരയാൻ തുടങ്ങി. ഒന്നു രണ്ടു ദിവസത്തിനു ശേഷം ആണ് നഗരപ്രാന്തത്തിൽ ഉള്ള ആ വലിയ ഇരുനില വീട് ഉണ്ണിയുടെ ശ്രദ്ധയിൽ പെട്ടത്. ചുറ്റും വലിയ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ആവീട്ടിൽ നായ ഇല്ല എന്നു ഉറപ്പുവരുത്തുക ആണ് അവൻ ആദ്യം ചെയ്തത്. രണ്ടുമൂന്നു ദിവസത്തെ നിരീക്ഷണത്തിന് ശേഷം അവിടെ അധികം അന്തേവാസികൾ ഇല്ല എന്നു അവനു ഉറപ്പായി. അവസാനം  മോഷണത്തിന് അവൻ തിരഞ്ഞെടുത്ത ദിവസം വന്നെത്തി. രാത്രി ഒരു പത്തു മണി ആയപ്പോൾ അവൻ മതില് ചാടി വീട്ടുവളപ്പിൽ പ്രവേശിച്ചു. ഉള്ളിൽ ഇപ്പോഴും ലൈറ്റ് കത്തുന്നുണ്ട്. ആളുകൾ ഉറങ്ങിയിട്ടുണ്ടാവില്ല. അവർ ഉറങ്ങുന്നത് വരെ ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കാൻ തീരുമാനിച്ചു. ഏകദേശം ഒരു മണിക്കൂറിനു ശേഷം ഉള്ളിലെ ലൈറ്റുകൾ അണഞ്ഞു. 

 

പക്ഷേ അവന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ഏകദേശം ഒരു ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ വാതിൽ തുറന്നു പുറത്തിറങ്ങി വാതിൽ പൂട്ടി ബൈക്കിൽ കയറി ഓടിച്ചു പോയി. ഭാഗ്യം വീട്ടിൽ വേറെ ആരും ഉണ്ടാവില്ല. ഉണ്ണിക്ക് ധൈര്യമായി. ആ പയ്യൻ തിരിച്ചു വരുന്നതിനു മുൻപ് കാര്യം നടത്തി പുറത്തിറങ്ങാം അവൻ ഉറപ്പിച്ചു. വാതിലിനു മുന്നിൽ എത്തി തന്റെ ബാഗിൽ നിന്നും വിവിധതരം കമ്പി കഷ്ണങ്ങൾ എടുത്തു. കുറച്ചു സമയത്തെ പരിശ്രമത്തിനു ശേഷം വാതിൽ തുറന്ന് അകത്തു കയറാൻ കഴിഞ്ഞു. മൂന്നാമത്തെ റൂമിൽ ഒരു പഴയ സേഫ് ഉണ്ടായിരുന്നു അതു തുറക്കാൻ പഴയ താക്കോലുകൾ ഉപയോഗിച്ചു പെട്ടന്ന് തന്നെ സാധിച്ചു. അതിൽ ഒരു ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു.തുറന്നു നോക്കിയ ഉണ്ണിക്ക് സന്തോഷമായി രണ്ടു ലക്ഷത്തിന്റെ അഞ്ചു കെട്ടുകൾ കൂടാതെ കുറെ പേപ്പറുകളും. ബാഗ് അടക്കം തന്റെ ഷോൾഡർ ബാഗിൽ നിക്ഷേപിച്ചു പുറത്തിറങ്ങാൻ തയ്യാറായ ഉണ്ണി മുകളിൽ എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടു ഞെട്ടിപ്പോയി. 

 

താൻ അല്ലാതെ വേറൊരു കള്ളൻ കൂടെ ഉള്ളിൽ ഉണ്ടോ. അവൻ വാതിലിനു പിറകിൽ പതുങ്ങി അല്പനേരം നിന്നു. പിന്നെ മനുഷ്യ സഹജമായ ആകാംഷ അവനെ ശബ്ദം കേട്ട് സ്ഥലത്തേക്ക് നടക്കാൻ പ്രേരിപ്പിച്ചു. മുകളിലെ ഒരു മുറിയിൽ നിന്നാണ് ശബ്ദം വന്നതെന്ന് മനസ്സിലാക്കിയ അവൻ വാതിലിന് മുന്നിൽ ചെന്ന് അൽപസമയം നിന്നു പിന്നീട് മെല്ലെ വാതിൽ തുറന്നു നോക്കിയ അവൻ പേടിച്ചു പോയി. ഒരു പെൺകുട്ടി ഫാനിൽ കെട്ടിയ സാരിയിൽ തൂങ്ങി ആടുന്നു. ഒന്നു രണ്ടു നിമിഷം വേണ്ടി വന്നു അവനു സമനില വീണ്ടെടുക്കാൻ. അപ്പോഴും ആ യുവതി ശ്വാസം കിട്ടാതെ പിടയുക തന്നെ ആയിരുന്നു. പെട്ടന്ന് തന്നെ അവൻ കട്ടിലിൽ ചാടിക്കയറി അവളുടെ കാലുകളിൽ പിടിച്ചുയർത്തി വളരെ ബുദ്ധിമുട്ടി ഒരു കൈ മാത്രം ഉപയോഗിച്ചു തന്റെ ബാഗിൽനിന്നും കത്തിയെടുത്ത് ആ സാരി അറുത്തു മാറ്റി. ബാലൻസ് തെറ്റി അവനും  അവളുടെ ശരീരവും കട്ടിലിലേക്ക് മറിഞ്ഞു വീണു. പെട്ടന്ന് തന്നെ അവൻ ചാടി എഴുന്നേറ്റ് അവളുടെ കഴുത്തിൽ നിന്നും കുരുക്ക് അഴിച്ചു മാറ്റി. അപ്പോഴും ചലനമറ്റു കിടക്കുന്ന അവളുടെ മൂക്കിന് മുന്നിൽ വിരൽവെച്ചു ശ്വാസം ഉണ്ടോ എന്നു നോക്കുന്നതിനു മുൻപേ തന്നെ താഴെ ഒരു വാഹനം വന്നു നിർത്തുന്ന ശബ്ദം കേട്ടു.

 

ഉടനെ അവൻ റൂമിൽ നിന്നും ചാടി ഇറങ്ങി ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു വീടിന്റെ പിറകിൽ ഉള്ള പൈപ്പുലൈനിലൂടെ പിടിച്ചു താഴെ ഇറങ്ങി. മതിൽ ചാടിക്കടന്ന് റോഡിൽ എത്തി. പിന്നീട് ഓടിയും നടന്നും ഒക്കെ ആയിട്ടു ലോഡ്ജ് റൂമിൽ എത്തിയിട്ടും അവന്റെ ഭീതി മാറിയിരുന്നില്ല.

 

ഉറങ്ങാൻ കിടന്നിട്ടും അവനു ഉറക്കം വന്നില്ല. ആ കുട്ടി എന്തിനായിരിക്കും ആത്മഹത്യക്ക് ശ്രമിച്ചത്. ആ പയ്യൻ ആരായിരിക്കും. എന്തിനാണ് അവൻ അകത്ത് ആൾ ഉള്ളപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടി പോയത്. മോക്ഷണവിവരം അറിഞ്ഞ് അവർ ഇപ്പൊ പോലീസിനെ വിളിച്ചിരിക്കുമോ തിരക്കിനിടയിൽ താൻ തന്നിലേക്ക് എത്തുന്ന എന്തെങ്കിലും തെളിവുകൾ ഉപേക്ഷിച്ചിട്ടാണോ അവിടെ നിന്നും പോന്നത് ?

 

ഏതായാലും രാവിലെ തന്നെ നഗരം വിട്ടു പോകണം എന്നവൻ തീരുമാനിച്ചു. രാവിലെ എണീറ്റ് കുളി ഒക്കെ കഴിഞ്ഞു റൂം വെക്കേറ്റ് ചെയ്തു പുറത്തിറങ്ങിയ അവനു പക്ഷേ ആ നഗരം വിടാൻ തോന്നിയില്ല. ആ പെൺകുട്ടിക്ക് എന്തു സംഭവിച്ചിരിക്കും? അവൾ മരിച്ചിട്ടുണ്ടാകുമോ അവൾ എന്തിനായിരിക്കും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാവുക അവനു തന്റെ സംശയങ്ങളെ അവിടെ ഉപേക്ഷിച്ചു പോകാൻ മനസ്സ്‌ വന്നില്ല. അവൻ വേറെ ഒരു ലോഡ്ജിൽ റൂം എടുത്തു. അതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം ഓട്ടോയിൽ ആ വീടിനുമുന്നിലൂടെ യാത്ര ചെയ്തെങ്കിലും അവിടെ ആരെയും പുറത്തൊന്നും കണ്ടില്ല. ഇനി ഇപ്പൊ അവൾ ആശുപത്രിയിൽ ആയതു കൊണ്ടായിരിക്കുമോ ആരെയും പുറത്ത് കാണാത്തത്. അവർ മോഷണവിവരം പോലീസിൽ അറിയിച്ചില്ലേ? അവൻ ആകെ ആശയ കുഴപ്പത്തിൽ ആയി. ഏതായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞ് അവിടെ ഒന്നു കൂടെ കയറിനോക്കാം എന്നവൻ തീരുമാനിച്ചു .

 

പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ആ വീടിന് അടുത്തുള്ള അമ്പലത്തിൽ പോകാൻ എന്നുള്ള ഭാവേന അവൻ രാവിലെയും വൈകുന്നേരവും അതിലെ കറങ്ങി നടന്നെങ്കിലും ആരെയും കണ്ടില്ല. എന്നാൽ അതിനടുത്ത ദിവസം രാവിലെ അമ്പലത്തിൽ നിന്നും തിരിച്ചു നടക്കുമ്പോൾ അവൾ വീട്ടിൽ നിന്നും ഇറങ്ങി പുറത്തോട്ടു വരുന്നത് കണ്ടു. പെട്ടന്ന് തന്നെ അവൻ അടുത്തു കണ്ട പെട്ടിക്കടയുടെ മറവിലേക്ക് മാറി നിന്ന് അവളെ ശ്രദ്ധിച്ചു. കോളേജിലേക്ക് പോവുക ആണെന്ന് അവനു തോന്നി. അതിനടുത്ത ദിവസം രാവിലെ ധൈര്യം സംഭരിച്ച് അവൻ അവളുടെ മുന്നിലൂടെ നടന്നു അവനെ ഒന്നു സൂക്ഷിച്ചു നോക്കിയ അവൾ വെറുപ്പോടെ മുഖം വെട്ടിത്തിരിച്ചു മുന്നോട്ടു പോയി. സത്യം പറഞ്ഞാൽ അവനു ഭയം തോന്നി. മോഷണ വിവരം അവൾ ആരോടെങ്കിലും പറഞ്ഞു തന്നെ പിടിപ്പിക്കുമോ. എന്നാൽ എന്തോ അതുണ്ടായില്ല.

 

പിറ്റേന്ന് വൈകുന്നേരം വീണ്ടും ഉണ്ണി അവളെ കണ്ടു. ഇത്തവണ ടൗണിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലൂടെ അവൾ പോവുക ആയിരുന്നു. അവൻ അവളെ പിന്തുടർന്നു. പക്ഷേ അവൾ സ്റ്റേഷനിലേക്ക് കയറാതെ സ്റ്റേഷന് പുറകിലുള്ള വഴിയിലൂടെ ട്രാക്കിലേക്ക് കയറി മുന്നോട്ടു വേഗത്തിൽ നടന്നു. ആളൊഴിഞ്ഞ രണ്ടു വശവും കുറ്റിച്ചെടികൾ മൂടിയ ഒരു ഭാഗത്തു എത്തിയപ്പോൾ അവൾ ദൂരെ നിന്നു വരുന്ന ട്രെയിനിന് മുന്നിലേക്ക് എന്ന പോലെ ട്രാക്കിൽ കയറി നിന്നു.

 

ദൂരെ നിന്നു ഈ കാഴ്ച്ച കണ്ട ഉണ്ണി അലറി വിളിച്ചു ഓടി അവളുടെ അടുത്ത് എത്തി. ബലംപ്രയോഗിച്ചു ഒരുവിധം അവളെ ട്രാക്കിൽ നിന്നും വലിച്ചു മാറ്റിയപ്പോഴേക്കും ട്രെയിൻ  തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവരെ കടന്നു പോയിരുന്നു.

 

ട്രെയിൻ പോകുന്നത് കണ്ട അവൾ അവനെ തല്ലുകയും ചവിട്ടുകയും കടിക്കുകയും ഒക്കെ ചെയ്തു. അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തിരുന്നു. പിന്നീട് അവനോടു അലറി ‘‘തന്നോട് ഞാൻ എന്തു തെറ്റു ചെയ്തിട്ടാഡോ താൻ എന്റെ പിറകേ ഇങ്ങനെ കൂടിയിരിക്കുന്നത് അന്ന് വീട്ടിൽ വന്നു ഇപ്പൊ ഇവിടെയും എന്തിനാ എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്’’ എന്നു പറഞ്ഞു അവൾ വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.

 

അൽപസമയം കഴിഞ്ഞു അവൾ ശാന്തയാകുന്നത് വരെ അവൻ കാത്തിരുന്നു. പിന്നീട് ചോദിച്ചു ‘‘താൻ എന്തിനാടോ ഇങ്ങനെ മരിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്’’

‘‘അതറിഞ്ഞിട്ടു തനിക്കെന്താ കാര്യം’’ അവൾ വീണ്ടും ക്രുദ്ധയായി.

‘‘എനിക്ക് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല. പക്ഷേ വിലയേറിയ ജീവിതം ഒരാൾ ഇങ്ങിനെ ഒടുക്കാൻ നടക്കുന്നത് കാണുമ്പോൾ ഒരു വിഷമം’’

‘‘വിലയേറിയ ജീവിതം’’ അവൾ പുച്ഛഭാവത്തിൽ ചിരിച്ചു.

‘‘കുട്ടീ പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ഇല്ല ലോകത്തിൽ. താൻ കോളേജിൽ ഒക്കെ പഠിക്കുന്ന കുട്ടി അല്ലെ’’

 

അവൾ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ ഇപ്പോഴും അവൾ അനുഭവിക്കുന്ന വികാരതീവ്രത ആ മുഖത്തു വ്യക്തമായിരുന്നു.

‘‘ഞാൻ തന്നോട് പറയാൻ ആളൊന്നും അല്ല. തനിക്കറിയാവുന്ന പോലെ തന്നെ ഞാൻ ഒരു കള്ളൻ ആണ് അന്ന് മോഷ്ടിക്കാൻ തന്നെയാ വീട്ടിൽ കയറിയതും. പക്ഷേ തന്നെ തൂങ്ങിയ നിലയിൽ കണ്ടപ്പോൾ അവിടെ അങ്ങിനെ വിട്ടുപോവാൻ തോന്നിയില്ല’’

 

‘‘പിറ്റേന്നു കിട്ടിയ പൈസയും ആയി ഈ നാട്ടിൽ നിന്നും പോകണം എന്നു തീരുമാനിച്ചതായിരുന്നു. പക്ഷേ തനിക്ക് എന്തു സംഭവിച്ചു എന്നറിയാതെ പോകാൻ തോന്നിയില്ല. പിന്നീട് താൻ രക്ഷപെട്ടു എന്നറിഞ്ഞപ്പോൾ ഇന്ന് പോകാൻ തീരുമാനിച്ചതായിരുന്നു. ഇപ്പൊ വീണ്ടും യാദൃശ്ചികമായി തന്നെ കണ്ടു തന്റെ മുഖഭാവം കണ്ടു തന്നെ പിന്തുടർന്നതായിരുന്നു. തന്റെ പ്രശ്നങ്ങൾ എന്നോട് പറയാവുന്നത് ആണെങ്കിൽ എന്നോട് പറയു’’

 

അൽപ സമയം മൗനമായി ഇരുന്ന അവൾ പറയാൻ തുടങ്ങി. ‘‘എന്റെ പ്രശ്നം പറഞ്ഞാൽ’’ എന്നു പറഞ്ഞപ്പോഴേക്കും അവൾ വീണ്ടും വിതുമ്പിപോയി.

‘‘നീലിമ അതാണ് എന്റെ പേര്. അമ്മ അച്ഛൻ ഒരു വയസ്സിനു ഇളയ ഒരു അനിയൻ ഇതായിരുന്നു എന്റെ കുടുംബം.’’ അവൾ ഒന്നു നിർത്തി

 

‘‘അമ്മ മരിക്കുന്നത് വരെ സന്തോഷത്തോടെ ആയിരുന്നു ജീവിതം. അമ്മ മരിച്ചതോടെ കാര്യങ്ങൾ ആകെ താളം തെറ്റാൻ തുടങ്ങി. എനിക്ക് ഇരുപതു വയസ്സുള്ളപ്പോൾ രണ്ടു വർഷം മുൻപാണ് അമ്മ മരിച്ചത്’’

 

‘‘അതിനു ശേഷം ഒരു ദിവസം അച്ഛൻ’’ എന്നു പറഞ്ഞപ്പോഴേക്കും അവൾ വികാരവിക്ഷോഭത്താൽ വീണ്ടും കരഞ്ഞു പോയി. അല്പസമയത്തിനു ശേഷം അവൾ വിതുമ്പികൊണ്ടു തുടർന്നു ‘‘എന്റെ റൂമിൽ കയറി വന്ന അച്ഛൻ എന്നെ, എന്നെ ബലാത്സംഗം ചെയ്തു’’ എന്നു കരഞ്ഞു കൊണ്ടു അവൾ പറഞ്ഞതു കേട്ട് ഉണ്ണി ഞെട്ടിപ്പോയി.

‘‘തളർന്നു കിടന്ന എന്നെ ഭീക്ഷണപ്പെടുത്തി ഇതൊക്ക സാധാരണ കാര്യങ്ങൾ ആണ് ആരോടെങ്കിലും പറഞ്ഞാൽ എന്റെ അനിയനെ കൊന്നു കളയും എന്നു പറഞ്ഞു. ഞാൻ ആകെ ഭയപ്പെട്ടു പോയി അനിയനെ ഓർത്തു പിന്നീട് അച്ഛനെ അനുസരിക്കാൻ തുടങ്ങി.’’

 

പിന്നീട് കുറച്ചു സമയത്തിന് ശേഷം അവൾ പറഞ്ഞു തുടങ്ങി ‘‘അന്ന് നിങ്ങൾ വീട്ടിൽ വന്ന ദിവസം ഓർമയില്ലെ അന്നു രാത്രി അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ആ സമയം നോക്കി മയക്കുമരുന്നിന് അടിമയായ എന്റെ പ്രിയപ്പെട്ട അനിയനും എന്നെ കീഴടക്കി. ഇങ്ങനെ ഉള്ള ഈ നശിച്ച ജീവിതം അവസാനിപ്പിക്കുക അല്ലാതെ ഞാൻ എന്താണ് ചെയ്യേണ്ടത് താൻ പറഞ്ഞു താ’’ എന്ന അവളുടെ ചോദ്യത്തിന് മുന്നിൽ ഉണ്ണിക്ക് മറുപടി ഉണ്ടായിരുന്നില്ല.

 

അൽപ സമയത്തിന് ശേഷം അവൻ അവളോട്‌ ചോദിച്ചു ‘‘താൻ എന്റെ കൂടെ പോരുന്നോ തന്റെ വീട്ടിൽനിന്നും മോഷ്ടിച്ച പത്തുലക്ഷം രൂപ എന്റെ കയ്യിൽ ഉണ്ട്. നമുക്ക് ദൂരെ ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കാം. ഞാൻ മോഷണം ഒക്കെ നിർത്താം. എന്തെങ്കിലും തൊഴിലു ചെയ്തു നമുക്ക് ജീവിക്കാം’’

 

‘‘വേണ്ട അതൊന്നും ശരിയാവില്ല.എവിടെ പോയി ഒളിച്ചാലും അവർ നമ്മളെ തേടിപിടിക്കും. പിന്നെ നിങ്ങളുടെ ജീവനു തന്നെ അപകടം ആവും. മാത്രവുമല്ല ഇപ്പൊ നിങ്ങൾക്ക് എന്നോട് തോന്നുന്നത് സഹതാപം ആണ്. അതു മാറിയാൽ പിന്നീട് ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരു ഭാരം ആയിരിക്കും’’

‘‘നിങ്ങൾ പേടിക്കണ്ട ഇനി നിങ്ങൾ ഈ നാട്ടിൽനിന്നും പോകുന്നത് വരെ ഞാൻ ആത്മഹത്യ ചെയ്യില്ല.’’ എന്നു പറഞ്ഞു അവൾ അവിടെ നിന്നും എണീറ്റു തിരിഞ്ഞു നടന്നു.

 

അന്ന് റൂമിൽ എത്തിയ ഉണ്ണി അവിടെ നിന്നും എടുത്തുകൊണ്ടു വന്ന ബാഗിൽ ഉള്ള കടലാസുകൾ എല്ലാം എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി. പിറ്റേന്ന് രാവിലെ അവൻ പല ഓഫീസുകളിലും പോയി, പല സ്ഥലങ്ങളിലും പോയി പല ആളുകളെയും കണ്ടു.

 

അതിനു ശേഷം നാലാമത്തെ ദിവസം രാത്രി അവൻ വീണ്ടും ആ വീട്ടിൽ പോയി. പിറക് വശത്തുകൂടി കയറി വീടിനു മുകളിൽ എത്തി ബാൽക്കണിയിലേക്കുള്ള വാതിലിന്റെ മുകൾ ഭാഗത്തെ ചില്ല് കുറച്ചു ശക്തിയിൽ തള്ളിയാൽ അതു അകത്തിമറ്റാൻ കഴിയും എന്നു ആദ്യത്തെ ദിവസം രാത്രിയിൽ അവൻ കണ്ടു വെച്ചിരുന്നു. വീടിനുള്ളിൽ കയറിയ അവൻ നീലിമയെ അവളുടെ റൂമിൽ നോക്കിയെങ്കിലും അവൾ അവിടെ ഉണ്ടായിരുന്നില്ല.

 

ശബ്ദം ഉണ്ടാക്കാതെ താഴെ എത്തിയ അവൻ ഞെട്ടിപ്പോയി ഡൈനിങ് ഹാളിൽ കുത്തേറ്റു ചോര ഒഴുകി കിടക്കുന്ന രണ്ടു ശവങ്ങൾക്കിടയിൽ ഭ്രാന്തമായ അവസ്ഥയിൽ നീലിമ ഇരിക്കുന്നു.അവളുടെ ശരീരത്തിൽ മുഴുവൻ ചോര പുരണ്ടിട്ടുണ്ട്.

 

അവനെ കണ്ട അവൾ ഭ്രാന്തമായ ചിരിയോടെ അവനോടു പറഞ്ഞു ‘‘നീ പറഞ്ഞതു പോലെ എന്റെ വിലയേറിയ ജീവിതം തീർക്കുന്നതിന് പകരം ഞാൻ എന്റെ അച്ഛനെയും അനിയനെയും തീർത്തു.നിനക്ക് സന്തോഷം ആയില്ലേ?’’

 

ആ ഷോക്കിൽ നിന്നും മോചിതനാവാൻ അൽപ സമയം എടുത്ത ഉണ്ണി ചോദിച്ചു ‘‘ഇവർ നിന്റെ അച്ഛനും അനിയനും ആണെന്ന് ആര് പറഞ്ഞു?’’

 

അവൻ പറയുന്നത് എന്താണെന്ന് മനസ്സിലാവാതെ അവൾ അവനെ തുറിച്ചു നോക്കി.

‘‘ഞാൻ അന്ന് മോഷ്ടിച്ച ബാഗിനുള്ളിൽ ചില ആധാരങ്ങളുടെ കോപ്പി ഉണ്ടായിരുന്നു അതു പ്രകാരം ഞാൻ നടത്തിയ അന്വേഷണത്തിൽ മനസിലായത് തന്റെ യഥാർഥ അച്ഛൻ തനിക്ക് ഒരു വയസ്സ് തികയുന്നതിനു മുൻപ് തന്നെ മരിച്ചിരുന്നു. പിന്നീട് തന്റെ അച്ഛച്ഛൻ ആണ് തന്നെയും അമ്മയെയും നോക്കിയിരുന്നത്. തനിക്ക് മൂന്നു വയസ്സുള്ളപ്പോൾ തന്റെ അമ്മ തന്റെ രണ്ടാനച്ഛനുമായി പ്രണയത്തിൽ ആയി. അയാൾക്ക്‌ ഭാര്യ മരിച്ചു രണ്ടു വയസ്സായ മകൻ ആണ് ഉണ്ടായിരുന്നത്. ഈ വിവരം അറിഞ്ഞ തന്റെ അച്ഛച്ഛൻ അദ്ദേഹത്തിന്റെ പേരിൽ ആയിരുന്ന മുഴുവൻ സ്വത്തുക്കളും തന്റെ പേരിൽ എഴുതി വെച്ചു അതിന്റെ നടത്തിപ്പ് അവകാശം തന്റെ അമ്മയുടെ പേരിലും. അതിനു ശേഷം അവരുടെ കല്യാണം നടത്തികൊടുത്തു. 

 

അച്ഛച്ഛന്റെ മരണശേഷം നിങ്ങൾ ആ നാട്ടിൽ നിന്നും ഇങ്ങോട്ടു താമസം മാറ്റി. ഇവിടെ എല്ലാവരോടും അവർക്ക് രണ്ടു മക്കൾ ആണെന്നാണ് പറഞ്ഞിരുന്നത്. തന്റെ അച്ഛന്റെയും രണ്ടാനച്ഛന്റെയും പേരുകൾ ഒന്നു തന്നേ ആയതു കൊണ്ടു റിക്കാർഡുകളിലും ആർക്കും സംശയം ഒന്നും ഉണ്ടായില്ല. തന്റെ അമ്മയുടെ മരണ ശേഷം ഈ വിവരം താൻ അറിഞ്ഞാൽ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കൈമോശം വരുമോ എന്നു ഭയപ്പെട്ടിട്ടായിരിക്കും അച്ഛനും മകനും തന്നെ അവരുടെ ഒരു അടിമ എന്ന പോലെ ജീവിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക.തന്റെ പേരിൽ  വയനാട്ടിലും നെല്ലിയാമ്പതിയിലും ഒക്കെ ഉള്ള എസ്റ്റേറ്റ്കളും പല ഭാഗങ്ങളിലും ഉള്ള ഏക്കറുകണക്കിന് ഭൂമിയും തന്റെ അച്ഛച്ഛൻ തന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള കോടിക്കണക്കിന്‌ രൂപയും കൈവിട്ടു പോകാതിരിക്കാൻ അവർ കണ്ട എളുപ്പ മാർഗം ഒരു പക്ഷേ ഇതായിരിക്കും.

 

വർഷങ്ങൾക്ക് ശേഷം ജയിൽ മുറിയിൽ ഇരുന്നു ഉണ്ണി  ഓർത്തു

 

നാളെ വീണ്ടും പുറം ലോകം കാണുന്നു എത്ര പെട്ടന്ന് ആണ് എഴുവർഷങ്ങൾ കഴിഞ്ഞു പോയത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അന്ന് നീലിമയെ പറഞ്ഞു സമ്മതിപ്പിക്കാൻ ഒരുപാട് വിഷമിക്കേണ്ടി വന്നു. അവൾ ജയിലിൽ പോയി തിരിച്ചു വരുമ്പോഴേക്കും അവളുടെ പേരിൽ ഉള്ള സ്വത്തുക്കൾ എല്ലാം നോക്കാൻ ആരും ഇല്ലാതെ നശിച്ചു പോകും എന്നു പറഞ്ഞതൊന്നും അവളെ വിഷമിപ്പിച്ചില്ല. പക്ഷേ അവൾ കൊല ചെയ്തതിനുള്ള കാരണം എന്തു പറയും അച്ഛനും സഹോദരനും ബലാത്സംഗം ചെയ്തു എന്ന് ആളുകൾ അറിഞ്ഞാൽ എന്താവും എന്ന ചോദ്യത്തിന് മുന്നിൽ അവൾ ഒന്നു പതറി. ഞാൻ ഏതായാലും പൈസക്ക് വേണ്ടി മോഷണം നടത്തുന്നവൻ ആണ്. എനിക്ക് ശിക്ഷ കഴിഞ്ഞിറങ്ങിയാൽ ഇനിയുള്ള കാലം സുഖമായി ജീവിക്കാൻ ഉള്ള പൈസ തന്നാൽ മതി. ഇതുവരെ ചെയ്ത മോഷണങ്ങൾക്ക് ഉള്ള ശിക്ഷ ആയി ഞാൻ ഇതു അനുഭവിച്ചു തീർക്കാം എന്നൊക്കെ പറഞ്ഞ് അവസാനം അവളുടെ മനസ്സു മാറ്റി. 

 

പിന്നീട് അവളുടെ ചോര പുരണ്ട വസ്ത്രങ്ങൾ എല്ലാം അഴിച്ചു വാങ്ങി തന്റെ ബാഗിൽ വെച്ചു. കത്തിയിൽ ഉണ്ടായിരുന്ന അവളുടെ വിരലടയാളം ഒക്കേ മായിച്ചു കളഞ്ഞു. അതിനു ശേഷം അവളെ റൂമിൽ ആക്കി. എന്നിട്ട് ഒരു പതിനഞ്ചു മിനിറ്റിനു ശേഷം അവളോട്‌ അടുത്ത വീട്ടിൽ ഉള്ള ആരുടെയെങ്കിലും നമ്പറിൽ വിളിച്ചിട്ട് വീടിന്റെ താഴെ ഭാഗത്തു നിന്ന് എന്തോ ശബ്ദം കേൾക്കുന്നു തന്റെ റൂം പുറത്തു നിന്നു ആരോ ലോക്ക് ചെയ്തിട്ടുണ്ട് എന്നു പറയാൻ പറഞ്ഞു. ഒരിക്കലും തന്നെ കാണാൻ സ്റ്റേഷനിലോ ജയിലിലോ വരരുത് എന്നും അവൾക്ക് മുന്നറിയിപ്പ് കൊടുത്തു. വാതിൽ പുറത്തുനിന്ന് പൂട്ടി. അതിനു ശേഷം പോലീസ്നായ മണം പിടിച്ചു വരുന്നതിനു വേണ്ടി തന്റെ ടവൽ അവിടെ ഇട്ടു റൂമിൽ എത്തി അവളുടെ വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു പോലീസിനെ കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ പിറ്റേന്ന് ഉച്ചക്ക് പോലീസ് തന്നേ അറസ്റ്റ് ചെയ്തു.

 

നീലിമ ആണോ എന്നറിയില്ല തനിക്ക് വേണ്ടി നല്ല ഒരു വക്കീലിനെ ഏർപ്പാടാക്കിയിരുന്നു. ഏതായാലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഏഴു വർഷം തടവിന് ശിക്ഷിച്ചു.

 

പിന്നീട് താൻ പറഞ്ഞതു കൊണ്ടാവും നീലിമ ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ല.പക്ഷേ ഒരു തവണ അച്ഛൻ തന്നെ കാണുന്നതിന് വേണ്ടി വന്നിരുന്നു ജയിലിൽ. പക്ഷേ താൻ കാണാൻ തയ്യാറായില്ല. തനിക്ക് ഇപ്പോഴും അച്ഛനോടുള്ള ദേഷ്യം മാറിയിട്ടില്ല എന്നു മനസ്സിലായിരിക്കും.

നാളെ റിലീസ് ആവുന്ന കാര്യം ആരെയെങ്കിലും അറിയിക്കണോ എന്ന് ചോദിച്ച ജയിലർക്ക് നീലിമയുടെ നമ്പർ കൊടുത്തു.

 

നീ പറഞ്ഞ നമ്പറിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് ശരി എന്നു മാത്രം പറഞ്ഞു ഫോണ് കട്ടുചെയ്തു എന്നു അദ്ദേഹം പിന്നീട് പറഞ്ഞു. നാളെ നീലിമയുടെ കയ്യിൽ നിന്നും വലിയ ഒരു തുക വാങ്ങിയിട്ട് ഈ നാട്ടിൽ നിന്നും പറ്റുമെങ്കിൽ കേരളത്തിൽ നിന്നു തന്നെ വേറെ എവിടെയെങ്കിലും പോയി ജീവിക്കണം എന്ന് ഉണ്ണി തീർച്ചപ്പെടുത്തിയിരുന്നു.

 

പിറ്റേന്ന് ജയിലിൽ നിന്നും പുറത്ത് വരുമ്പോൾ നീലിമയെയോ അല്ലെങ്കിൽ അവൾ പറഞ്ഞയച്ച ആരെയെങ്കിലുമോ ഉണ്ണി പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആരെയും കണ്ടില്ല. കുറച്ച് അകലെ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും വൃദ്ധനായ ഒരു മനുഷ്യൻ ഇറങ്ങി അടുത്തേക്ക് വന്നു

അച്ഛൻ...

ഉണ്ണികൃഷ്ണൻ കാണാത്ത ഭാവത്തിൽ മുന്നോട്ടു നടന്നു

‘‘മോനെ’’

ദയനീയമായ ശബ്ദത്തിൽ അദ്ദേഹം വിളിച്ചു.

 

ആ വിളി അവഗണിച്ചു പോകാൻ അവൻ ശ്രമിച്ചെങ്കിലും ജീവിതത്തിൽ ഒരുപാട് തവണ അങ്ങനെ സ്നേഹപൂർവം ഉള്ള ഒരു വിളി കാതോർത്തിരുന്നിരുന്ന അവനു അതിനു സാധിച്ചില്ല.

പതിയെ അടുത്തു വന്ന അച്ഛൻ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു ‘‘വാ നമുക്ക് പോകാം’’

‘‘എങ്ങോട്ട് ഞാൻ വരുന്നില്ല.’’

‘‘നീ പോയത് മുതൽ അമ്മ കിടപ്പിലാണ്. നിന്നെ അന്വേഷിക്കാത്ത സ്ഥലങ്ങൾ ഇല്ല. മരിക്കുന്നതിന് മുൻപ് നിന്നെ ഒന്നു കാണണം എന്നു മാത്രമേ അവൾക്ക് ആഗ്രഹം ഉള്ളു.’’

‘‘എന്നോടല്ലേ നിനക്ക് ദേഷ്യം ഉള്ളു അവൾ എന്നും നിന്നെ സ്നേഹിച്ചിട്ടല്ലേ ഉള്ളു.’’

 

ആ വാക്കുകൾ തട്ടിമാറ്റി മുന്നോട്ടു നടക്കാൻ അമ്മയെ കുറിച്ചുള്ള ഓർമകൾ അവനെ അനുവദിച്ചില്ല.

കാറിൽ ഇരിക്കുമ്പോൾ അച്ഛൻ അവനോടു പറഞ്ഞു ‘‘മോനെ നിന്നോട് സ്നേഹം ഇല്ലാത്തതു കൊണ്ടായിരുന്നില്ല അധികം ലാളിച്ചാൽ നീ വഷളായി പോകും എന്നായിരുന്നു ഞാൻ കരുതിയത്. കുട്ടികളുടെ കയ്യിൽ പൈസ വന്നാൽ അവർ വഴി തെറ്റിപോകും എന്നായിരുന്നു എന്റെ കാഴ്ച്ചപാട്. എന്റെ മകന്റെ മനസ്സ് കാണാൻ എനിക്ക് കഴിയാതെ പോയി നീ എന്നോട് ക്ഷമിക്കൂ’’

മറുപടി ഒന്നും പറയാതെ അവൻ അച്ഛന്റെ കയ്യിൽ അമർത്തി പിടിക്കുക മാത്രം ചെയ്തു.

പിന്നീട് വീട്ടിൽ എത്തുന്ന വരെ അവർ ഒന്നും സംസാരിച്ചില്ല.

 

വീടിനു മുന്നിൽ കാറിൽനിന്നും ഇറങ്ങി അമ്മയെ കാണാനായി ഓടി എത്തിയ ഉണ്ണി അമ്മയെ സ്നേഹപൂർവം എണീപ്പിച്ചിരുത്തുന്ന യുവതിയെ കണ്ടു വിശ്വാസം വരാതെ ഒന്നുകൂടെ കണ്ണു തിരുമ്മി നോക്കി

‘‘നീലിമ’’

‘‘താൻ ജയിലിനു മുന്നിൽ ഉണ്ടാവും എന്നാണ് ഞാൻ കരുതിയത്’’

‘‘ഞാൻ ജയിലിനു മുന്നിൽ വന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു തിരിച്ചു വരവ് ഉണ്ടാകുമായിരുന്നോ’’

അവൾ തിരിച്ചു ചോദിച്ചു–

‘‘അന്ന് അവിടെ ബാഗിൽ എന്റെ ഡ്രസ് വെക്കുമ്പോൾ അതിൽ നിന്നും ഒരു ഡയറി പുറത്തെടുത്തു വെച്ചത് തിരിച്ചെടുക്കാൻ മറന്നില്ലേ..

അതിൽ നിന്നാണ് എനിക്ക് ഈ അച്ഛനെയും അമ്മയെയും കുറിച്ച് അറിയാൻ കഴിഞ്ഞത്. കൂടെ അവരെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്ന ഈ മകനെ കുറിച്ചും’’

 

നീ ജയിലിൽ ആയതിനു ശേഷം ഒരു ദിവസം ഈ മോൾ ഇവിടെ ഞങ്ങളെ അന്വേഷിച്ചു വന്നു. അന്ന് മുതൽ ഇന്ന് വരെ അവൾ ഒരു മകളെപോലെ, അല്ല ഞങ്ങളുടെ സ്വന്തം മകൾ ആയിട്ടു തന്നെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അമ്മയുടെ വാക്കുകൾ കേട്ട് അവൾ നിഷ്കളങ്കമായ കണ്ണുകളോടെ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു....

English Summary: Chorasasthram, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com