ADVERTISEMENT

മേരി തോമസ്സിനോടുള്ള പ്രതികാരം (കഥ)

ഇപ്പോഴും ഓർമ്മയുണ്ട് ...  ഒരു ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഹരിയുടെ ഫോൺ കോൾ  വരുന്നത്.. ആ ഫോൺ കോൾ കണ്ടപ്പോഴേ ഞാൻ ഞെട്ടി ... നൂറ്റമ്പത് രൂപക്ക് ഫുൾ ടോക് ടൈമ് ചെയ്ട്ടിത്തുട്ടെങ്കിലും മിസ്സ്ട് കോൾ ചെയുന്ന സുഹൃത്ത്.. സാധാരണ മിസ്ട് കാൾ ചെയ്യുന്നവൻ ഒരു മുഴു കോൾ ചെയ്യുന്നതിൽ എന്തോ ഒരു കാര്യമുണ്ടന്ന് തോന്നിയായിരുന്നു.. ഞാൻ ഫോൺ എടുത്ത് ഹലോ പറയുന്നതിനു മുന്നേ തന്നേ അവൻ ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി ... ‘‘അവൾ എന്നെ ചതിച്ചടാ.. നൂറ്റിയെട്ടിന്റ പണിയാ അവൾ എനിക്കിട്ട് വച്ചേ ...’’

ഞാൻ - ‘‘ആര്?.’’

ഹരി- ‘‘അവള് തന്നേ ..മേരി തോമസ്..’’

 

ഈ സംഭവത്തിന്റെ തുടക്കം കുറിക്കുന്നത് ഒരു മാസം മുന്നത്തേ ട്യൂഷൻ സെന്ററിലേ ഫിസിക്സ് മിഡ്ട്ടേം പരീക്ഷയിലൂടെയായിരുന്നു. അതും ഒരു ശനിയാഴ്ച്ചയായിരുന്നു.. രാവിലേ പത്തരക്കായിരുന്നു പരീക്ഷ ..

 

ഞങ്ങൾ അവിടെ എത്തിയപ്പോൾ പത്ത് അൻമ്പത്... ട്യൂഷൻ ക്ലാസ്സിന്റെ ബാക്ക് ഗേറ്റിലൂടെ കയറാൻ ശ്രമിച്ചപ്പോൾ നടന്നില്ല.. രണ്ട് വലിയ പൂട്ടിട്ട് പൂട്ടിയിരിക്കുന്നു.. എന്തും നടക്കട്ടേ എന്ന് കരുതി സർവ്വ ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് മുന്നിലൂടെ കയറാൻ തീരുമാനിച്ചു.. മുന്നിൽ ഇടത്ത് കൈയിൽ ചൂരലും വലത്  കൈയിൽ ചോദ്യകടലാസമായി ഒറ്റയാനയേ പോലെ തലയുയർത്തി നിൽക്കുന്ന എങ്ങടെ പ്രിൻസിപ്പൽ ശ്രീ. ചന്ദ്രബോസ്.. പുള്ളിക്കാരനേ കണ്ടപ്പോൾ തന്നെ തലേന്ന് കഷ്ടപ്പെട്ടിരുന്ന് പഠിച്ച രണ്ട്  മാർക്കിനു സ്ഥിരം ചോദിക്കുന്ന ഓമ്സ് ലോ അപ്പാടേ മറന്നു .. 

ഞങ്ങളെ കണ്ടപാടേ സാർ - ‘ഇന്ന് എത്ര മണിക്കാ പരീക്ഷ പറഞ്ഞിരുന്നേ?’

ഒരോ താളത്തോടെ ഞങ്ങൾ- ‘‘പത്തരക്’’

സാർ- ‘‘ഇപ്പോ എത്രയായി?..’’

ഞാൻ- ‘‘പത്ത് അമ്പതിയഞ്ച്’’

സാർ : ‘‘എന്തേ താമസ്സിച്ചേ ..?’’

ഞങ്ങൾ അനങ്ങില്ല...

 

ഒരു നിമിഷം ഞങ്ങളെ രണ്ടു പേരേയും കണ്ണുരുട്ടി നോക്കിട്ട് ഞങ്ങടെ നേർ രണ്ട് ചോദ്യപേപ്പർ നീട്ടി... ബാക്കി പിന്നേ എന്ന മട്ടിലായിരുന്നു ഭാവം..

 

എന്നോട് ഓഫീസിന്റെ മുന്നിലെ ബെഞ്ചിലിരുന്ന് പരീക്ഷ എഴുതാനും, ഹരിയോട് അപ്പുറത്തേ ക്ലാസ്സിൽ പരീക്ഷ എഴുതി കൊണ്ടിരുന്ന ഗേൾസിനോടൊപ്പം ഇരുന്ന് പരീക്ഷ എഴുതാനുമായിരുന്നു കല്പന. ചോദ്യ പേപ്പർ നിവർത്തി നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടി .. പതിനൊന്നാമത്തെ ചോദ്യം മൂന്ന് മാർക്കിന് ഓമ്സ് ലോ ആയിരുന്നു..

 

ഒരു മണിക്കൂറ് പേപ്പറിൽ എന്തൊക്കയോ കുറുക്കി വച്ചതിനുശേഷം പുറത്തിറങ്ങി ... എന്റെ പേപ്പറിന് മാർക്കിടുന്ന എഴുപത് വയസ്സായ വർഗ്ഗീസ് സാറിനോടുള്ള സഹതാപവും പ്രാർത്ഥനയുമായിരുന്നു മനസ്സിൽ. എന്നെ കാത്ത് ഹരി പുറത്ത് നിൽപ്പുണ്ടായിരുന്നു .. അവന്റ മുഖത്ത് ഭയങ്കര സന്തോഷം .. ഞാൻ കാര്യം ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ പറഞ്ഞു തുടങ്ങി .. ‘‘എങ്ങനെ പോയാലും ഫുൾ മാർക്ക് ഉറപ്പാ’’

 

അത് കേട്ടപ്പോ ഞാൻ ഉടൻ പഞ്ചറായി. .. ഞാൻ വിട്ടില്ല ‘‘എങ്ങനെ?..!!’’

ഹരി- ‘‘എടാ, നമ്മടെ ക്ലാസ്സിലെ ആ മേരി തോമസ്സില്ലേ.. അവൾടെ കൈയീന്ന് പേപ്പറ് വാങ്ങി മുഴുവനും എഴുതി.’’

ഞാൻ- ‘‘ആ പഠിപ്പീ നിനക്ക് പേപ്പറ് തന്നാ... ശ്ശേ !’’

ഹരി- ‘‘അവള് പവാടാ ... നല്ല സ്വഭാവം ..’’

അത് പറഞ്ഞപ്പോഴും ഹരിയുടെ മുഖത്ത് ഇരുന്നൂറ്റി ഇരുപത് വോൾട്ട് എൽ ഈ ടി ബൾബിനേകാൾ  വെളിച്ചമുണ്ടായിരുന്നു. 

 

പിറ്റേ നാൾ മുതൽ ഹരി അവളെ ശ്രദ്ധിക്കാൻ തുടങ്ങി... പിന്നീട് അവനിൽ ഉണ്ടായ മാറ്റങ്ങൾ എന്നെ ഓരോ നാളും ഞെട്ടിക്കാൻ തുടങ്ങി. വല്ലപ്പോഴും കുളിക്കുന്നവൻ ഒരു ദിവസം മൂന്ന് നേരം കുളി പതിവാക്കി, എന്നും ഉച്ചക്ക് ഫെയ്സ് വാഷ് ചെയ്യുക, എല്ലാ ഞാറാഴ്ച്ചയും സലൂണിൽ പോയി മുഖം ബ്ലീച്ച് ചെയ്യുക, അവസാനം രണ്ട് മൂന്ന് നോട്ട്ബുക്ക് വാങ്ങി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് നെയിം സ്റ്റിക്കറ് ഒട്ടിച്ച് ഫ്രണ്ട് ബെഞ്ചിൽ ഇരിപ്പും തുടങ്ങി.. എന്നെ പോലെ തന്നെ എല്ലാവരും അവന്റെ മാറ്റങ്ങൾ കണ്ട് അത്ഭുതപെട്ടു. ഒരു നാൾ അവൻ എന്നോട് പറഞ്ഞു ‘‘എടാ, ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാല്ലോ ?.’’

ഞാൻ– ‘‘ആ.. നീ എന്തേലും ചെയ്യ് ..’’

അവൻ– ‘‘എന്നാ, ഇന്ന് ക്ലാസ്സ് കഴിഞ്ഞിട്ട് ഞാൻ അവളോട് തുറന്ന് പറയും’’

ഞാൻ– ‘‘എടാ, എന്തേലും ഗിഫ്റ്റ് കൊടുത്തിട്ട് പറയുന്നതാ ബെസ്റ്റ്’’

അവൻ– ‘‘അതൊക്കെ ഉണ്ട് ...’’

 

അവൻ ബാഗ് തുറന്ന് ഒരു വലിയ ഡയറി മിൽക്ക് പാക്കറ്റ് പുറത്തെടുത്ത് കാണിച്ചു. ഇത്രയും നാളും കൂടെ നടന്ന ഉറ്റ സുഹൃത്തായ എനിക്ക് മൂന്ന് രൂപയുടെ കപ്പലണ്ടി മുട്ടായി പോലും വാങ്ങി തരാത്തവനാ ഇവൻ ...

പക്ഷേ അന്ന് അവന് അവളോട് പറയാൻ പറ്റില്ല.. പിറ്റേ ദിവസം, ഞാൻ ട്യൂഷൻ ക്ലാസ്സിൽ ലീവായിരുന്നു. 

 

അന്നേ, ദിവസമായിരുന്നു ഹരി എന്നെ വിളിക്കുന്നത്... അവനോട് സംഭവത്തെക്കുറിച്ച് വ്യക്തമായി ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്... അന്നായിരുന്നു ഫിസിക്സിന്റ  ഉത്തരകടലാസ് വർഗ്ഗീസ് സാർ എല്ലാവർക്കും വിതരണം ചെയ്തത്. ഉത്തരകടലാസ് കിട്ടിയപ്പോ ഹരിക്ക് പൂജ്യം മാർക്ക് .. 

മേരി തോമസ്സിന് ഫുൾ മാർക്ക്... ഞാനും എങ്ങനെയോ പാസ്സായി..

 

വർഗ്ഗീസ് സാർ അവനോട് ഒന്നും മിണ്ടീല്ല. തോറ്റവർ ഒരോ ചോദ്യത്തിന്റ ഉത്തരം നൂറ്റിയെട്ട് പ്രാവിശ്യം എഴുതണമെന്നായിരുന്നു വർഗ്ഗീസ് സാറിന്റ ഉത്തരവ്.. ആ ദേഷ്യത്തിലായിരുന്നു ഹരി എന്നെ വിളിച്ചത്.. ചിലപ്പോ ഇവൻ കോപ്പിയടിച്ചത് മനസ്സിലാക്കിയതു കൊണ്ടാണോ ഇവന് പൂജ്യം മാർക്ക് കിട്ടിയതെന്നു കരുതി ഞാൻ ഹരിയോട് പറഞ്ഞപ്പോൾ ഞാൻ അവന്റെ മറുപടികേട്ട് ഞെട്ടി.. മേരി തോമസിന്റ ഉത്തരങ്ങൾ എല്ലാം വേറെയായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല... ചിലപ്പോ ഹരി പറഞ്ഞത് ശരിയായിരിക്കും.. അവൾ ഹരിയേ മനപൂർവ്വം പറ്റിച്ചതാ .. പിറ്റേ ദിവസം ഹരി ക്ലാസ്സ് കഴിഞ്ഞ് അവൾടെ മുഖത്തു നോക്കി ചോദിച്ചു ‘‘നീ തേച്ചതാണല്ലേ... അല്ലേല്ലും നീ ഉടായിപ്പാണന്ന് എനിക്ക് അറിയാമായിരുന്നു.. നിനക്ക് നാണമില്ലേ ഇങ്ങനെ പറ്റിക്കാൻ .. നീ നോക്കിക്കോ അടുത്ത പരീക്ഷയില് നിന്നേ പൊട്ടിച്ചിരിക്കും.’’

 

പ്രതികാര ദാഹിയായ ഹരിയേ അപ്പോ കാണാമായിരുന്നു. ഹരി ഇത്രയും പറഞ്ഞിട്ട് നടന്ന് നീങ്ങി, ഒപ്പം ഞാനും. ഇത്രയും പറഞ്ഞിട്ടും മേരി തോമസിന് ഒരു കുലുക്കവുമില്ലായിരുന്നു...

പക്ഷേ പിന്നീടാ ഞങ്ങൾ ആ സത്യമറിഞ്ഞത്. ഇതിനൊക്കെ പിന്നിൽ ട്വിസ്റ്റ് കൊണ്ടുവന്നത് ഞങ്ങടെ പ്രിൻസിപ്പൽ ശ്രീ. ചന്ദ്രബോസ് സാറാണെന്ന കാര്യം. അന്ന്, ഗേൾസിനു കെമസ്ട്രിയും ബോയിസിന് ഫിസിക്സ് പരീക്ഷയുമാരുന്നു... അന്നേരം അത് ആർക്കും അറീല്ലായിരുന്നു ...  ഫിസിക്സ്‌ ഏതാ കെമസ്ട്രി ഏതാ എന്ന് അറിയാത്ത ഹരിയേ എങ്ങനെ കുറ്റം പറയും..!.   സ്വഭാവികം...

 

English Summary: Mery Thomasinodulla Prethikaram, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com