ADVERTISEMENT

താഴോട്ടുമാത്രം പടവുകളുള്ള ഒരു കയറ്റം (കഥ)

വെളിച്ചം വീണുതുടങ്ങിയിട്ടില്ലാത്ത ഒരു മുറിയില്‍ പുസ്തകങ്ങളുടെ കലാപം. തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍. തുറന്ന താളുകളിലൂടെ സ്ഥല കാലങ്ങളുടെ അതിര്‍ത്തികള്‍ കടന്നു ലോര്‍ക്കയും വ്യാസനും ബുക്കോവിസ്കിയും ടോള്‍സ്റ്റോയിയും ശരീരങ്ങളുപേക്ഷിച്ച് മുറിയിലലഞ്ഞു നടക്കുന്നു. പുസ്തകങ്ങളില്‍ നിന്നും അക്ഷരങ്ങള്‍ ചിലപ്പോള്‍ പഴുതാരകളെപ്പോലെ ഇഴഞ്ഞിഴഞ്ഞു വരികയും വായ്ക്കും നെഞ്ചിനും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. വായ്ക്ക് കടിയേറ്റാല്‍ പിന്നെ അല്പനാളത്തേക്ക് സംസാരിക്കാന്‍ കഴിയാതെയാവും. നെഞ്ചിലാണെങ്കില്‍ ഒരു ഭാരം. കണ്ണില്‍ അപരിചിതമായ ചില നിറങ്ങള്‍.  

 

പൊടി നിറഞ്ഞ പുസ്തകങ്ങളുടെ മണം. താളുകള്‍ക്കിടയില്‍ ചത്തുകിടന്ന പ്രാചീനമായ പ്രാണികള്‍. നഗരത്തിലേക്ക് തുറന്ന വാതില്‍? ഇന്നലെയെപ്പോഴാണ് വന്നു കിടന്നത്? ഇന്നലെ പുറത്തിറങ്ങിയിരുന്നൊ? ചിന്തകളുടെ തുടര്‍ച്ച പലപ്പോഴും മുറിഞ്ഞുപോകുന്നു. തിരിച്ചറിവിനുവേണ്ടി ഞാന്‍ സ്വയം നിർവചനങ്ങളാവശ്യപ്പെടുന്നു. ഞാന്‍, ഇലകള്‍ തൊടാനാവാതെ തീര്‍ന്നുപോയ ഒരു മരുക്കാറ്റ്. ഞാന്‍, വിശന്നുകൊണ്ടേയിരിക്കുന്ന വയറിന്‍റെ നിരാശനായ വാടകക്കാരന്‍.  

കറുത്ത അക്ഷരങ്ങളിലൂടെ അപരജീവിതങ്ങളിലേക്ക് പരന്നൊഴുകുന്ന എന്‍റെ അസ്തിത്വം. ആദ്യമൊക്കെ മുറിയ്ക്ക് വെളുത്ത ചുവരുകളായിരുന്നു. പിന്നീട് രാത്രിയിലെയത്രയും മയക്കം ഉറഞ്ഞുകൂടിയ എന്‍റെ കണ്ണുകളിലൂടെ ചുവരുകളില്‍ എനിക്ക് ജീവിതം കാണാനാകും. ആത്മാവില്‍ നിന്ന് പ്രൊജക്റ്റ് ചെയ്യപ്പെടുന്ന, അക്ഷരങ്ങളില്‍ നിന്നുയിര്‍ത്ത ഒരു വിശ്വരൂപദര്‍ശനം ചുവരെന്ന ബിഗ്ഗ്സ്ക്രീനില്‍ നൃത്തം ചെയ്യും. പ്ളേഗുകളിലും മാറാരോഗങ്ങളിലും പെട്ട് അവിടെ മനുഷ്യര്‍ മരിച്ചുവീഴുന്നു. ബോംബുകളില്‍ നിന്നും മൂര്‍ച്ചയേറിയ കരിങ്കല്‍ ചീളുകള്‍ തെറിച്ച് കണ്ണുകളില്‍ നിന്ന് രക്തം വാര്‍ന്ന്, അന്ധരായി കുട്ടികള്‍ തെരുവിലൂടെ നടക്കുന്നു. ഞാന്‍ വീണ്ടും അക്ഷരങ്ങളിലേക്ക് കൂപ്പുകുത്തുന്നു. പുഴകളുടെയും പര്‍വ്വതങ്ങളുടെയും, രാത്രികളുടെയും കഥയിലേക്ക്, മറവിരോഗം ബാധിച്ച പ്രഭാതങ്ങളിലേക്ക്. 

 

പുസ്തകവായന ആദ്യം തുടങ്ങിയപ്പോള്‍ വാക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവ സൂചിപ്പിക്കുന്ന ലളിതമായ ചില ബിംബങ്ങളും. കണ്ണ് എന്ന് വായിക്കുമ്പോള്‍, നരവീണ പുരികക്കൊടികളുള്ള മുത്തച്ഛന്‍റെ ആഴമേറിയ കണ്ണുകളായിരിക്കും മിക്കപ്പോഴും ഞാന്‍ കാണുക.  മരം എന്ന് വായിക്കുമ്പോള്‍, എന്തുകൊണ്ടോ, ശ്വാസംമുട്ടികിതയ്ക്കുന്ന കഫം നിറഞ്ഞ എന്‍റെ ചെറീയ ശരീരവുമായി ആശുപത്രിയിലേക്കോടുന്ന അച്ഛനെ കാണും. അച്ഛന്‍റെ വിയര്‍ത്ത ചുമലുകള്‍ക്കപ്പുറം, ഏകാകിയായി നിന്ന അശോകമരമാണ് എനിക്കോര്‍മ്മവരുക. അശോക മരത്തിനു പിന്നിലുള്ള കരഞ്ഞു കലങ്ങിയ  പ്രഭാതവും ചിലപ്പോള്‍ ഒരുനിഴലുപോലെ അതിന്‍റെ കൂടെ കടന്നുവരും. 

 

കോണ്‍വെന്‍റ് സ്കൂളിലെ ആറാം ക്ലാസ് സന്മാര്‍ഗ്ഗ പാഠപുസ്തകത്തിലെ അപ്പുവിന്‍റെ ജനാലയിലൂടെ കാണുന്ന പച്ചക്കുന്നുകളിലേക്കും വൈകുന്നേരത്തിലേക്കും എനിക്ക് പോകണമായിരുന്നു. ഞാനോടിയതത്രയും അതിനുവേണ്ടി മാത്രമായിരുന്നു. ചുറ്റുമുള്ള ഈ പുസ്തകക്കൂമ്പാരങ്ങളൊക്കെയും  അതിലേക്കു മാത്രമുള്ള പരാജയപ്പെട്ട അന്വേഷണങ്ങളായിരുന്നു.

 

ഡയറിയുടെ കൂര്‍ത്ത മുനയുള്ള അരികുകള്‍ കഴുത്തില്‍ കൊണ്ട് വേദനിപ്പിക്കുന്നു. അല്ല അവ അകത്തേക്ക് വിളിക്കുകയാണ്.സ്നേഹിതാ വരൂ. നിന്‍റെ വിരലുകള്‍കൊണ്ട്, ദീപ്തമായ കണ്ണുകള്‍കൊണ്ട് എന്നില്‍ വസന്തം വിരിയിക്കൂ. 

 

2003 ഓഗസ്റ്റ് 18ആം തിയ്യതി.

‘ഋതു, നിനക്ക് തോന്നുന്നുണ്ടോ ഈ ഉപമകളും അലങ്കാരങ്ങളുമൊക്കെ കവികളുപയോഗിക്കുന്നത് ആള്‍ക്കാരെ സുഖിപ്പിക്കാനായിരിക്കുമെന്ന്?’

‘അങ്ങനെയുള്ളവരുണ്ടാവുമായിരിക്കാം.’ ഋതു പറഞ്ഞു.

‘എങ്കിലവരാരും കവികളേയല്ല.’

‘അവര്‍ ഉപമകളനുഭവിക്കുന്നുണ്ട് ഋതു.. അവര്‍ അതില്‍ ജീവിക്കുന്നുണ്ട്. വേറെ രക്ഷയൊന്നുമില്ലാത്തതുകൊണ്ട് മാത്രം അവര്‍ പുറത്ത് പറയുന്നതാണ്.’ ഞാന്‍ പറഞ്ഞു. 

‘എനിയ്ക്കൊന്നും മനസിലാകുന്നില്ല.’ ഋതു പറഞ്ഞു.

 

പുറത്ത് മഴ പെയ്യുന്നുണ്ടോ?

പൂച്ചരോമങ്ങളുള്ള പഴയ ആ തിരശീല നീക്കി പുറത്തേക്ക് നോക്കി. രാത്രിയോ? ഇതെത്രാമത്തെ രാത്രിയാണ്? എടിഎം കൗണ്ടറിനടുത്ത് ഒരു കടും നീല വോള്‍ക്സ്​വാഗണ്‍ നിര്‍ത്തിയിട്ടിരിക്കുന്നു. കാറുതന്നെയായിരുന്നോ? ഉറപ്പുപറയാന്‍ പറ്റുന്നില്ല. കാറില്‍ നിന്നും പുറത്തിറങ്ങി ഒരു യുവാവ് എടി.എമ്മിനകത്തേക്ക് നടക്കുകയാണ്. കാറില്‍ അയാളെ കാത്ത് ഒരു സ്ത്രീ. ഒരു സ്നേഹഭാജനം. കാണെക്കാണെ ആ സ്ത്രീരൂപം ഒരു മഴത്തുള്ളിയാകുന്നു. വോള്‍ക്സ്​വാഗണ്‍ കടും നീലനിറത്തിലുള്ള മോഹമാകുന്നു. ജനാലകളടയുന്നു.

 

ഞാന്‍ പറഞ്ഞില്ലേ, എനിക്ക് ഉപമകള്‍ അനുഭവിക്കാം. ശിരസ്സില്‍ അംബരചുംബികളെ ചുമന്ന് നടക്കുന്ന മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. ചിലര്‍ തലയില്‍ കാടുവളര്‍ത്തുന്നു. മറ്റുചിലര്‍ തലയോടില്‍ ഓട്ടുറുമകളുടെ കൂട് കൊണ്ടുനടക്കുന്നു. അവരുടെ മൂക്കിലൂടെയും ചെവിയിലൂടെയും ഓട്ടുറുമകളിറങ്ങി നടന്ന് ഇര തേടുന്നു.

 

മഴത്തുള്ളികള്‍ അടഞ്ഞ ജനാലകളില്‍ വന്നുപതിച്ച് ശബ്ദമുണ്ടാക്കുന്നു. മഴത്തുള്ളികളൊന്നുമല്ല. അല്ലേയല്ല. പല്ലികള്‍. മനുഷ്യരുടെ നിറമുള്ള പല്ലികള്‍. അവയുടെ മൃതശരീരമാണ് എനിക്ക് ചുറ്റും പെയ്യുന്നത്. പല്ലികളുമായി എനിക്ക് ചെറുപ്പം മുതലേയുള്ള ബന്ധമാണ്. പല്ലികളിലൂടെയാണ്  ലോകത്തിന്‍റെ സങ്കീര്‍ണ്ണമായ വ്യാവഹാരിക ക്രമങ്ങളെ ഞാന്‍ പരിചയപ്പെട്ടത്. ‘ഒരു പല്ലിക്ക് 5 രൂപാ വെച്ച് തരും.’ അമ്മ പറഞ്ഞു.

ഇരുപത് പല്ലിയെ കൊന്ന് കോരിയെടുത്ത് പറമ്പില്‍ കളഞ്ഞാല്‍ എനിക്ക് അന്ന് നൂറു രൂപ കിട്ടിയിരുന്നു. ക്ലോക്കിനുപിന്നിലും വീടിന്‍റെ ഓരോ മൂലയിലും ഞാന്‍ പല്ലികളെ തിരഞ്ഞു. 

 

ഞരമ്പുകള്‍ തെളിഞ്ഞുകാണുന്ന നേര്‍ത്ത ശരീരങ്ങളുള്ള പല്ലികളെ ഞാന്‍ നിര്‍ദ്ദയം ചതച്ചു കൊന്നു. പിന്നീട് അതിന്‍റെ ശവഘോഷയാത്ര നടത്തി ആര്‍ത്തിയോടെ ഞാന്‍ അമ്മയില്‍ നിന്നും 5 രൂപകള്‍ വാങ്ങികൊണ്ടേയിരുന്നു. അങ്ങനെയായിരുന്നു ജീവിതത്തിലേക്ക് ഞാന്‍ പരിശീലിക്കപ്പെട്ടിരുന്നത്. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഒരു ജീവിതപാഠമായിരുന്നു അതെങ്കിലും ഇടയ്ക്ക് വാലുമുറിഞ്ഞുപോയ ചില പല്ലികള്‍ ഭീകരരൂപികളായി വന്ന് എന്നെ ശ്വാസം മുട്ടിക്കാറുണ്ട്. 

 

2003 സെപ്തംബര്‍ 30

ഋതു ..നിനക്കാ പഴയ ഏകകോശ ജീവിയെ ഓര്‍മ്മയുണ്ടോ?  

വെളിച്ചം കാണാതെ, ലോകത്തെക്കുറിച്ചൊന്നുമറിയാതെ ഇരതേടിക്കൊണ്ടേയിരുന്ന ഏകാകിയായ ആ പഴയ ഏകകോശ ജീവി.. അതിന്നും  ജീവിക്കുന്നുണ്ട്. വിഴുങ്ങാന്‍ മാത്രമേ അത് പഠിച്ചിട്ടുള്ളു. ചുറ്റുമുമുള്ളവരൊക്കെ നമ്മെ അങ്ങോട്ട് നടക്കാന്‍ പരിശീലിപ്പിക്കുകയാണ്. വായിച്ചു തീര്‍ത്ത പുസ്തക കൂമ്പാരങ്ങളില്‍ എന്തായിരുന്നു ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നത്? അക്ഷരങ്ങളില്‍ ഞാന്‍ എത്രതവണ മരിക്കുകയും ജനിക്കുകയും ചെയ്തു.? ഓരോ പുസ്തകങ്ങളും സമാന്തര പ്രപഞ്ചങ്ങളാണ്. മറ്റേതോ അജ്ഞാതമായ സ്ഥല-കാലങ്ങളില്‍ അതിലെ മനുഷ്യര്‍ ജീവിച്ചു മരിക്കുന്നുണ്ട്. ഞാനവരോടൊപ്പം ജനിച്ചുകൊണ്ടും മരിച്ചുകൊണ്ടുമിരുന്നു. 

 

വായിക്കുമ്പോള്‍ ഞാനൊരു നദിയായി. മനുഷ്യാസ്തിത്വത്തിന്‍റെ അറിയപ്പെടാത്ത ആകാശഗംഗങ്ങളിലേക്ക് ഞാന്‍ സമൃദ്ധമായി ഒഴുകി. എത്ര കുരുക്ഷേത്രങ്ങള്‍ ഞാന്‍ ജയിച്ചു?. എത്ര മൈഥുനങ്ങള്‍? എത്ര ശരീരങ്ങള്‍? വിശക്കുന്നുണ്ട്. മുറിയുടെ മൂലയില്‍ ക്രീം ബണ്ണിന്‍റെ തുണ്ടുകള്‍. 

സത്യാന്വേഷിയായ ഒരു പൂച്ച അത് മണത്തുനോക്കി കടന്നുപോയി. ഞാന്‍ ബണ്ണിന്‍റെ തുണ്ടുകള്‍ക്കടുത്തേക്ക് ചെന്നു. അതിനുമുകളില്‍ കറുത്ത പൂപ്പല്‍ വളര്‍ന്ന് തുടങ്ങിയിരുന്നു. അവശിഷ്ടങ്ങളെ പ്രപഞ്ചം ആഹരിക്കുകയാണ്. ആരാണ് ക്രീം ബണ്‍ കൊണ്ടുവന്നത്? 

വാതിലില്‍ ശക്തിയായി ആരോ മുട്ടുന്നുണ്ട്. തുറക്കേണ്ടാ. അടച്ചിട്ട വാതിലുകള്‍ സുരക്ഷിതമാണ്. ഇവിടെനിന്നും സുഖകരമായി കഥാപാത്രങ്ങളിലേക്ക് എനിക്ക് പരകായപ്രവേശം ചെയ്യാം.

 

എഴുതിക്കൊണ്ടിരിക്കെ, ഋതു ഒരു പ്രാചീന സുമേറിയന്‍ ദേവതയാവുന്നു. ഭൂമിയുടെയും ഉര്‍വ്വരതയുടെയും ദേവത. എഴുതിക്കൊണ്ടിരിക്കെ ചിലപ്പോള്‍ മഴപെയ്യുന്നു. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ മന്വന്തരങ്ങള്‍ കടന്നുപോവുന്നു. ഋതുവിന്റെ കനിവ് കൊണ്ടുമാത്രമാണ് നിര്‍ജ്ജീവമായ ഈ രാപ്പകലുകള്‍ കടന്നുപോവുന്നത്. ഡയറിയുടെ പുറംചട്ടയില്‍ സ്വര്‍ണ്ണ ലിപിയിലെഴുതിയ വര്‍ഷം, ഋതുവിന്‍റെ ചിലങ്കയാകുന്നു. 

 

എന്‍റെ ജീവിതം വായിക്കപ്പെടുകയാണെങ്കില്‍ ഒരു ദസ്തയേവ്സ്ക്കി കഥാപാത്രത്തോട് വിമര്‍ശകര്‍ എന്നെ താരതമ്യപ്പെടുത്തിയേക്കും. ഒരു റിസ്കാള്‍നിക്കോഫ്. പക്ഷേ ആരെയെങ്കിലും കൊല്ലാന്‍ ഞാന്‍ അശക്തനാണ്. അതുകൊണ്ട് റിസ്കാള്‍നിക്കോഫിനു ലഭിച്ച ആസ്വാദകപ്പ്രീതി ഒരുപക്ഷെ എനിക്ക് ലഭിച്ചേക്കില്ല. 

 

പ്രാദേശികമല്ലാത്ത, വേരുകളില്ലാത്ത ഒരു രചനയെന്ന് എന്‍റെ ജീവിതത്തെപ്രതി വിമര്‍ശകര്‍ കുറിച്ചേക്കും.

എന്‍റെ ഋതു, നീ എന്നെ കുറിച്ച് അവരോട് സംസാരിക്കണം. 

ഇതെന്‍റെ ജീവിതത്തിന്‍റെ മാത്രം ന്യൂനതയല്ല. എന്‍റെ തലമുറയുടെ മേല്‍ ചുമത്തപ്പെട്ട ക്രൂരമായ വിധിയാണത്. ഞങ്ങള്‍ ആരും പ്രാദേശികരൊന്നുമല്ല. ഞങ്ങള്‍ ആഴങ്ങളിലേക്ക് വേരുകളാഴ്ത്താറില്ല. ഇടി വെട്ടുമ്പോള്‍, മരങ്ങളുടെ മൃതിയില്‍ നിന്നും ചീര്‍ത്തുപൊന്തുന്ന ഭ്രാന്തന്‍ കൂണുകളെ പോലെ അല്പനേരത്തേക്കു മാത്രം ഞങ്ങള്‍ വെളിച്ചത്തിലേക്ക് വരുകയും അസ്തമിച്ചൊഴിയുകയും ചെയ്യുന്നു. അറിയപ്പെടാത്ത അനേകം ഗൃഹാതുരതകളുടെ വിളികളില്‍ പകച്ച്, വെറുതെയിങ്ങനെ മരിച്ചുപോവുകയല്ലേ നമ്മള്‍? 

പിന്നെ ഋതൂ, എന്‍റെ ജീവിതം മാത്രം എങ്ങനെ പ്രാദേശികമാവും?.

 

ഡയറിയുടെ താളുകള്‍ കാറ്റിലിളകി. ഋതു ദൂരേയ്ക്കെവിടെയോ നോക്കി നെടുവീര്‍പ്പിട്ടു. ആരായിരുന്നു ഋതു നമ്മള്‍ ? 

ഋതു ഒന്നും പറഞ്ഞതേയില്ല. തേച്ചുമടക്കിയ ചുളിവുകളില്ലാത്ത ഷര്‍ട്ടിനുള്ളില്‍ ഓരോ ദിവസവും വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ ചോര്‍ന്നു തീരുന്ന ഒരു കുമ്പിള്‍ വെള്ളമായിരുന്നു ഞാന്‍. വരകള്‍ നോക്കി നേരെ മാത്രം നടക്കാന്‍ പടിച്ച എന്‍റെ കാലുകള്‍. സ്തുതി പാടാനും, ആവശ്യത്തിന് ഗൌരവക്കാരനാവാനും മാത്രമാറിയുന്ന എന്‍റെ ചുണ്ടുകള്‍. വാഴ്ത്തു പാട്ടുകളല്ലാതെ മറ്റെന്തുകേട്ടാലും അസ്വസ്ഥമാകുന്ന എന്‍റെ ചെവികള്‍.

 

ഓഫീസ് ട്രിപ്പിനിടയില്‍ കാട്കേറി, ഷൂസ് അഴിച്ച്, തണുത്തു നനഞ്ഞ മണ്ണില്‍ കാല് പൂഴ്ത്തി വച്ചപ്പോള്‍ അജ്ഞാതമായ ഒരു പാട്ട് കേട്ടു.

പുഴക്കരയില്‍ കണ്ട ഒരിലയെടുത്ത് ഞാന്‍ നെറ്റിയില്‍ വച്ചു. നീളമുള്ള ഒരു പച്ചക്കമ്പ് ഓടിച്ചെടുത്ത് നിലത്തുകുത്തി ആകാശത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ മറ്റാരോ അയതുപോലെ തോന്നി. അഞ്ജനതമായ ഭാഷ സംസാരിച്ചുകൊണ്ട് കുറെ നേരം അങ്ങനെ നിന്നു. പിന്നെ പുഴയിലെക്കിറങ്ങി നഗ്നനായി മലര്‍ന്നു കിടന്നു. ട്രിപ്പ് കഴിഞ്ഞ് നാല് ദിവസങ്ങൾക്കു ശേഷം നെറ്റിയില്‍ ഇലയും കയ്യില്‍ കമ്പുമായി തന്നെ ഓഫീസിലേക്ക് പോവുകയും, ഐഡി കാര്‍ഡ് ബോസിന്‍റെ മുഖത്തേക്ക്  വലിച്ചെറിയുകയും ചെയ്തു. ശകാരം മാത്രം പറഞ്ഞു ശീലിച്ച ബോസിന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. തിരിച്ചു വന്ന് മറ്റൊന്നും ചെയ്യാനില്ലാതെ പുസ്തകമെടുത്ത് ഞാന്‍ വായിച്ചുതുടങ്ങി. 

 

വീണ്ടും വിശക്കുകയാണ്. കണ്ണുകള്‍ അനേകം തവണ നിര്‍ത്താതെ അടഞ്ഞു തുറന്നുകൊണ്ടിരുന്നു. 

കണ്ണു നിറഞ്ഞിരിക്കുന്നു. കാഴ്ചകള്‍ മങ്ങി. സന്ധ്യയാവുകയാണോ.?

 

മുറിയുടെ മൂലയില്‍ അതാരാണ്?

 

ഒഴുകുന്ന കണ്ണുനീര്‍ ചാലുകള്‍ക്കിടയിലൂടെ, മുറിയിലേക്കെവിടെനിന്നോ അരിച്ചിറങ്ങിയ മങ്ങിയ സാന്ധ്യവെളിച്ചത്തില്‍, ഉണങ്ങിയ വാഴയിലപ്പോളകൊണ്ട് അരമറച്ച കരിങ്കല്ലുപോലെയുള്ള ഒരു പുരുഷ ശരീരം. മുറിയിലെ അരണ്ട വെളിച്ചത്തില്‍ അയാളുടെ ഉടലിന്‍റെ കറുപ്പ് മിന്നി.

കയ്യില്‍ മണ്ണിന്‍റെ നിറമുള്ള ഒരു വടി. അയാളുടെ വശങ്ങളില്‍ നഗ്നരായ കുറച്ച് കുട്ടികള്‍. അവര്‍ കളിമണ്ണ് ദേഹത്ത് പുരട്ടുകയാണ്. അയാള്‍ പ്രത്യേക ചില ചുവടുകള്‍ വച്ച് മുറിയുടെ മറ്റൊരു മൂലയിലേക്ക് നീങ്ങിയപ്പോള്‍ അയാള്‍ക്കുപിറകില്‍ ഒരു വംശം.

 

അവര്‍ കാട്ടുതുടിപ്പാട്ടുകള്‍ക്ക് നൃത്തം ചെയ്യുകയും, കനല്‍ ചൂടുപറ്റി രാത്രിയേറുവോളം കഥകള്‍ കേട്ടിരിക്കുകയും ചെയ്യുന്നു.. മണ്ണില്‍ നൃത്തം ചെയ്യുന്നു. മണ്ണില്‍, ഇതിഹാസങ്ങള്‍ രചിക്കുന്നു. അവരുടെ തുടിപ്പാട്ടില്‍ നിന്നും മുളച്ച കിഴങ്ങുകളില്‍ നിന്നും ഒരു വംശം ഉയിര്‍കൊള്ളുകയാണ്. 

 

അവര്‍ എനിക്ക് ചുറ്റും നൃത്തം ചെയ്യുകയായിരുന്നു. സ്ത്രീകളും, കുട്ടികളും പുരുഷന്മാരും, ജരയെ ഗൗനിക്കാതെ വൃദ്ധരും ആനന്താതിരേകത്താല്‍ എനിക്കുചുറ്റും നൃത്തം ചെയ്തുകൊണ്ടേയിരുന്നു. എന്‍റെ ചങ്കില്‍ നിന്നും ഒരു വേര് വളര്‍ന്ന് ജന്മാന്തരങ്ങള്‍ക്ക് മുന്‍പുള്ള ഒരു കാട്ടുപൂവില്‍ ചെന്നവസാനിച്ചു. ഇന്ന് ഭൂമിയിലേക്കിറങ്ങിപ്പോയ, പ്രാചീനമായൊരു കാട്ടരുവിയുടെ തീരത്ത് രണ്ട് ഗുഹാ മനുഷ്യര്‍ ചുംബിക്കുന്നത് ഞാന്‍ കണ്ടു. 

 

നിറവുകൊണ്ട് ഞാന്‍ കരഞ്ഞു. എഴുന്നേല്‍ക്കുകയാണ്. അവരുടെ തുടിപ്പാട്ടിന് ഞാന്‍ നൃത്തം ചെയ്യുകയാണ്. ഉരുക്കു ശരീരമുള്ള ആ മനുഷ്യന്‍ എന്നെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോവുകയാണ്.

എവിടെയുമുറക്കാത്ത എന്‍റെ ചുവടുകള്‍. വാതിലിന്‍റെ താക്കോല്‍ സ്വര്‍ഗത്തില്‍ നിന്നെന്ന പോലെ എന്‍റെ കൈകളില്‍ എത്തിച്ചേര്‍ന്നു.

 

വാതില്‍ തുറന്നു പുറത്തുകടന്നു. കാഴ്ചകള്‍ മദ്യപിച്ചപ്പോഴത്തേതുപോലെ പൊള്ളയായിരിക്കുന്നു. അവ ഇളകുകയും പരസ്പരം കൂടിച്ചേരുകയും ചെയ്യുന്നു.

 

ഇരുട്ട് ഒളിച്ചുപോകുന്ന വെളിച്ചം. എവിടെ? ആ വംശമത്രയുമെവിടെ ?

 

പിന്നെയും, വെളിച്ചത്തിലേക്ക് നയിക്കുന്ന പടവുകളിറങ്ങി ഞാന്‍ നടന്നു. പടവുകളുണ്ടാക്കിയിരിക്കുന്ന പഴയ മരം ചിലയിടത്ത് ദ്രവിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും ഇത് സര്‍വ്വജ്ജനപീഠമായിരുന്നു. 

പണ്ട് ശങ്കരനാണ് തെറ്റിയത്. സര്‍വ്വജനപീഠത്തിന്‍റെ പടവുകള്‍ മുകളിലോട്ടായിരുന്നില്ല. അത് താഴോട്ടായിരുന്നു. സര്‍വ്വജനപീഠം കയറ്റമേയല്ല അതൊരിറക്കമാണ്. മണ്ണിലേക്ക് നയിക്കുന്ന, കരുണയുള്ള ഒരിറക്കം. വഴികാണിച്ചുതരാനാണ് അവരത്രയും വന്നത്. ഞാന്‍ പടവുകളിലൂടെ ലക്ഷ്യത്തിലേക്കിറങ്ങുകയാണ്. 

 

കോടമഞ്ഞും തണുപ്പും വെളിച്ചത്തിനൊപ്പം അകത്തേക്ക് ഒഴുകിയിറങ്ങുകയാണ്. പുറത്തേക്ക് തുറക്കുന്ന വാതിലിനരികില്‍ പല്ലുകൊഴിഞ്ഞ് മോണകളൊട്ടിയ ഒരു വൃദ്ധന്‍. രാമറേട്ടന്‍. ഒരു പുനര്‍ജന്മസ്മൃതിപോലെ അയാളെ എനിക്കോര്‍മ്മവരികയാണ്. 

 

രാമാറേട്ടന്‍ എന്നെ നോക്കി വായതുറന്നു. 

 

‘‘അല്ലെടോ ഇതെവിടുന്നാ?’’ വായയടച്ച്, തന്നെ മൂടിയിരുന്ന കമ്പളം ഒന്നുകൂടി വലിച്ച്, കഴുത്തുമൂടി രാമറേട്ടന്‍ ചോദിച്ചു.

 

‘സ്വര്‍ഗ്ഗത്തില്‍ നിന്ന്.’ ഞാന്‍ പറഞ്ഞു.

 

‘‘എവ്ട്ന്ന്?’’

 

‘സ്വര്‍ഗത്തില്‍ നിന്നും നിപതിച്ച മാലാഖയാകുന്നു രാമറേ ഞാന്‍.’

 

‘രണ്ട് മാസായില്ലെടോ പോയിട്ട്? നീ എപ്പളാ ഇതിനാത്ത് വന്ന് കേറിയേ? അല്ലാ? നിനക്ക് താക്കോലെവ്ട്ന്നാ?...’

 

 

‘ഞാന്‍ ഇതിനാത്ത് കേറിയിട്ട് യുഗങ്ങള്‍ കഴിഞ്ഞിരിക്കുന്നു രാമറേട്ടാ, അടച്ചിരിപ്പായിരുന്നു. കഴിക്കാനെന്തെകിലുമുണ്ടോ?’ എന്‍റെ ഉള്ളില്‍ നിന്നെവിടെയോ നിന്ന് ഒരശരീരി. ‘നല്ല കഞ്ഞീം ഒണക്കമീനും ഉണ്ട്. ശകലം ഉപ്പും കൂട്ടി ഒരു പിടി പിടിക്കാം. ന്തേ.’ രാമാറേട്ടന്‍ പറഞ്ഞു. പിന്നിലുള്ള ആ  ഒറ്റമുറിയിലെ ഒരു മൂലയ്ക്ക് കരിപിടിച്ച ഒരോട്ടുകലത്തില്‍ നിന്ന് രാമാറേട്ടന്‍ സ്റ്റീല്‍ പ്ളേറ്റിലേക്ക് കഞ്ഞി പകര്‍ന്നു.

 

ആവിപാറുന്ന കഞ്ഞി. കഞ്ഞിയിലൂടെ ഉണക്കമീനിലൂടെ സ്വര്‍ഗ്ഗ ദര്‍ശനമുണ്ടാവുന്നു. വിശപ്പിന്‍റെ തീ തുപ്പുന്ന വ്യാളികള്‍ ഒരു ഉല്‍ക്കാപതനം കൊണ്ടെന്നപോലെ വയറ്റില്‍ നിന്നും കുറ്റിയറ്റുപോവുന്നു. 

കഞ്ഞി സത്യമാകുന്നു. തലക്കകത്തെ പുകമറ ശമിച്ച് അവിടെ മെഴുകുതിരി വെട്ടം തെളിയുന്നു. ഉണക്കമീന്‍ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.

 

‘നീ പോയേപ്പിന്നെ ഞാനാ മുറി തുറന്നിട്ടില്ല. വെല പിടിപ്പുള്ള പുസ്തകങ്ങളൊക്കെ ഉള്ളതല്ലേ.. ഏതവനേലും കേറി എടുത്താലോ? വായിക്കാനൊന്നുമല്ല.. ആര്‍ക്കേലും മറിച്ച് വിക്കാനെങ്ങാനും... എന്‍റെ കഴിപ്പ് കണ്ടുകൊണ്ടിരുന്ന രാമാറേട്ടന്‍ പറഞ്ഞു.

 

ഞാന്‍ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പല്ലില്ലാത്ത മോണകാട്ടി ദൈവം എന്നെ നോക്കി ചിരിച്ചു. ആവിപാറുന്ന കഞ്ഞിയും, ഉണക്കമീനും രാമാറേട്ടന്‍റെ ചിരിയും പിന്നെ കോടമഞ്ഞുപോലെ അവിടമാകെ വ്യാപിച്ചുകിടന്ന സ്നേഹവും മാത്രം. ഇനിയും പുറത്തേക്ക് നടക്കേണ്ടതുണ്ട്. പൂട്ടുകള്‍ തുറന്ന് വെളിച്ചത്തിലേക്ക്. എന്‍റെ വംശം എനിക്കായി പുറത്ത് കാത്തിരിക്കുന്നുണ്ട്. 

 

കയ്യില്‍ ഇനിയും വായിച്ചു തീരാത്ത ഒരു പുസ്തകമുണ്ട്. ഞാന്‍ ലൈറ്ററെടുത്തതെയുണ്ടായിരുന്നുള്ളു. അപ്പോഴേക്കും അതിന്‍റെ താളുകള്‍ ചിലത് കത്തിയെരിഞ്ഞു തുടങ്ങി. രാമാറേട്ടന് ശൈത്യമകറ്റാനെന്നവണ്ണം ഞാന്‍ അതവിടെ ഉപേക്ഷിച്ചു, പുറത്ത് ഇനിയും കാണാന്‍ ബാക്കിയായ മനുഷ്യരിലേക്കും, അവരുടെ ജീവിതങ്ങളിലേക്കും, പകല്‍ വെളിച്ചങ്ങളിലേക്കും ഇറങ്ങി നടന്നു. 

രാമറേട്ടന്‍ പോയ കാലങ്ങളുടെ ഓര്‍മ്മപ്പുസ്തകം പോലെ സൂക്ഷിച്ച അതിഥികളുടെ രെജിസ്റ്ററില്‍, തൊട്ടുമുന്‍പ് ഇറങ്ങിനടന്ന മനുഷ്യന്‍ കോറിയിട്ട ചില അക്ഷരങ്ങള്‍ ചേര്‍ത്തു വായിച്ചു. ‘പുറത്തേക്കിറങ്ങുക എന്നത് ഒരനിവാര്യതയാകുന്നു.’

കോടക്കിടയിലൂടെ തെളിഞ്ഞുകണ്ട സൂര്യവെളിച്ചത്തിലേക്ക് രാമറേട്ടന്‍ നോക്കിയിരുന്നു.

 

English Summary: Thazhottumathram padavukalulla oru kayattam, Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com