ഒരിക്കലും മറക്കാനാവാത്ത ചില കളിയാക്കലുകൾ

sad-schoolgirl-friends-background
Representative Image. Photo Credit : wavebreakmedia / Shutterstock.com
SHARE

ഒരു ചിരിയും ഒരേ നോവും!  (കഥ)

മഴക്കാലമാവുമ്പോൾ ആ സർക്കാർ യുപി സ്കൂളിന്റെ ഓട് പാകിയ കൂരയുടെ വിടവുകളിൽ നിന്നും മഴവെള്ളം ചോരുന്നത് പതിവായിരുന്നു. തടിബെഞ്ചിലും ഡെസ്കിലും കുത്തി വീഴുന്ന മഴവെള്ളം ബുക്കിലേക്കോ മുഖത്തേയ്ക്കോ ചെളി തെറിപ്പിച്ചു രസിച്ചാലും കൂട്ടത്തിൽ ധൈര്യശാലിയെന്ന് തോന്നിപ്പിക്കുന്ന ഒരു കുട്ടി ‘ടീച്ചറേ.. എന്റെ മേത്തു വെള്ളം വീഴുന്നു’ എന്നെണീറ്റു പറയാൻ ധൈര്യം കാട്ടുംവരെ ടീച്ചർ പാഠം പഠിപ്പിക്കുന്നത് തുടർന്നുകൊണ്ടും, കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി നനവ് യൂണിഫോമിലേക്ക് തുടച്ചുകൊണ്ടുമിരിക്കും! ഇടി മുഴങ്ങിത്തുടങ്ങിയാൽ ക്ലാസിലെ പെൺകുട്ടികൾ ഒന്നൊഴിയാതെ കാതിലെ സ്വർണ്ണക്കമ്മല് പൊത്തിപ്പിടിച്ചു കൊണ്ട് ‘‘അയ്യോ.. അയ്യോ’’ എന്ന് വിളിച്ച് ബഹളമുണ്ടാക്കും. അപ്പോഴേക്കും ടീച്ചർ ചൂരൽ വടികൊണ്ട് മേശപ്പുറത്ത് ആഞ്ഞൊരു തട്ട് തട്ടും.. മേശയിലെ ചോക്കുപൊടിയുടെ നല്ലൊരംശം മുൻ നിരയിലിരിക്കുന്ന കുട്ടികളുടെ മുഖത്തേക്ക് ചെന്ന് വീഴും.

‘‘ശ്ശൊ ഒന്ന് കറൻ്റു പോയാ മതിയാരുന്നു’’ ‘‘മഴയായോണ്ട് നേരത്തെ വീട്ടിവിടുവോ?’’ തുടങ്ങി കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും കൈകൊണ്ട് വാപൊത്തി വർത്തമാനം പറയുന്നതിന് ശബ്ദം കൂടിക്കൂടി വരും.. അവർക്കൊപ്പം മിണ്ടാതിരിക്കാനും പറഞ്ഞു വായിട്ടലയ്ക്കാൻ ആവതില്ലാത്ത ടീച്ചർ കൂട്ടത്തിൽ ഏറ്റവും ബഹളുണ്ടാക്കുന്ന ബെഞ്ചിലേക്ക് നോക്കി കണ്ണുരുട്ടും.. അതോടെ ഏതാണ്ട് ശാന്തമാവുന്ന ക്ലാസ്മുറി ടീച്ചർ ബോർഡിലെന്തോ എഴുതാൻ തിരിയുന്നതോടെ വീണ്ടും ടീച്ചർമാരുടെ ഭാഷയിലെ ‘ചന്ത’ ആയി മാറും!

അങ്ങനെ കറന്റും പോയി ‘‘ടീച്ചറേ.. ഒന്നും കാണാൻ മേലാ’’ എന്ന് ലാസ്റ്റ് ബെഞ്ചിന്റെ വക ഐക്യത്തോടെയുള്ള വിളിച്ചുകൂവലും കഴിഞ്ഞ് ക്ലാസ് നിർത്തി സുനിത ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയൊരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുള്ള രണ്ടാമത്തെ പീരീഡിലെ ക്ലാസ്മുറിയുടെ അവസ്ഥ ഊഹിക്കാമല്ലോ..!

‘‘എടാ ലിന്റോ.. അങ്ങോട്ട് നോക്ക്.. ആ കൊച്ചിനെ കണ്ടാൽ ഒരു ചക്ക പോലില്ലേ .!’’ മുൻവശത്തെ പുഴുപ്പല്ല് മുഴുക്കെ കാട്ടി ജെയ് ചിരിച്ചു. കൂടെയിരുന്ന ആൺകുട്ടികളൊക്കെ അവൻ പറഞ്ഞതു കേട്ടു ബിസ്മിയെ ചൂണ്ടി മുഖത്തേയ്ക്ക് മുഖം നോക്കി കളിയാക്കിച്ചിരിച്ചു.

പാവം ബിസ്മി ഇതൊന്നുമറിയാതെ മലയാളം പാഠപുസ്തകത്തിലെ ഏതോ കഥാപാത്രത്തിന്റെ ചിത്രത്തിൽ തൊപ്പിവരച്ച് ചേർക്കുകയായിരുന്നു.. എന്നാൽ ഇതൊക്കെയും കേട്ടുകൊണ്ട് നിന്നെ ശരിയാക്കിത്തരാം എന്ന മട്ടിൽ ജെയ്യുടെ മുഖത്തേക്ക് നോക്കി തലയാട്ടി ജിബി കൈ നീട്ടി മുൻ ബെഞ്ചിലിരുന്ന ബിസ്മിയെ തോണ്ടിവിളിച്ചു. 

‘‘എടീ.. നിന്നെ ആ ജെയ് ചക്കയെന്ന് വിളിച്ചു.. ഞാൻ കേട്ടതാടീ!’’

ബിസ്മി ദേഷ്യത്തോടെ ജെയ് യുടെ നേർക്ക് തിരിയുമ്പോൾ അവൻ അവളെ നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു ..

അന്നു വൈകിട്ട് വീട്ടിലെത്തിയ ബിസ്മി ആദ്യം ചെയ്തത് അച്ഛനുമമ്മയും കിടക്കുന്ന മുറിയിലെ കണ്ണാടി അലമാരിയുടെ മുന്നിൽ പോയി നിന്ന് തന്നെ അടിമുടി നോക്കുക എന്നതായിരുന്നു. നനഞ്ഞു  വന്നപാടെ യൂണിഫോം മാറാതെയുള്ള ആ നിൽപ്പിന് പുറകിൽ നിന്ന് അമ്മയുടെ വക കൈയോടെ ഒരു തട്ടും കിട്ടി! മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞാൽ മതിയല്ലോ.. ബിസ്മിയുടെ സങ്കടം കൊണ്ട് വാവിട്ടു കരയാൻ തുടങ്ങി..

‘‘ദേ പെണ്ണേ..പൂങ്കണ്ണീരൊലിപ്പിക്കല്ലേ.. ഞാനൊന്നു തട്ടിയതിനാണോ ഇത്രേം കിടന്നലറുന്നേ.. ഇക്കണക്കിന് നല്ലതൊന്ന് തന്നിരുന്നേലോ? !’’

അന്ന് രാത്രി ബിസ്മി ഭക്ഷണം കഴിക്കാനിരുന്നതും ഏങ്ങലടിച്ചു കൊണ്ടായിരുന്നു.

‘‘എന്റെ കൊച്ചിന്റെ സങ്കടം ഇതുവരെ മാറിയില്ലയോടി! നീ എന്നാ ചെയ്തേ എന്റെ പൊന്നിനേ!’’

കൈ കഴുകി കൊണ്ടിരിക്കുന്നതിനിടയിൽ കുരിയാച്ചൻ ഭാര്യയോടെന്ന പോലെ ഉച്ചത്തിൽ ചോദിച്ചു. അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ഒച്ച കൂടതൽ വ്യക്തമായി തുടങ്ങിയിരുന്നു. ബിസ്മി മുഖം താഴേക്ക് തന്നെ കുനിച്ചുവച്ച് ചോറിൽ വെറുതെ കൈയിട്ടിളക്കി  കൊണ്ടിരുന്നു.

‘‘കണ്ടോ.. അവൾടെ ഇരിപ്പ് കണ്ടോ.. ചോറിൽ വരച്ച് കളിക്കല്ലെന്ന് ഈ കുരുത്തംകെട്ടതിനോട് ഞാൻ പലതവണ പറഞ്ഞിട്ടൊണ്ട്.. അന്നത്തോടൊള്ള നിന്ദയല്ലയോ അത് ഇച്ചായാ!’’ കറിയുമായി വന്ന ആലീസ് കലിതുള്ളി !

‘‘നീ ഒന്നു മിണ്ടാതിരുന്നേ ആലീസേ.. ഞാൻ ചോദിച്ചോളാം.. ’’

‘‘അപ്പന്റെ പൊന്നിങ്ങ് വന്നേ.. ചോദിക്കട്ട്.. ’’

അയാളുടെ ആ വിളിക്ക് കാത്തിരിക്കുകയായിരുന്നു എന്ന പോലെ ബിസ്മി എഴുന്നേറ്റ് അയാളുടെ അരികിലേക്ക് ചെന്ന് മുഖം കുനിച്ച് നിന്നു. അപ്പോഴും അവളുടെ കവിളുകളിലൂടെ കണ്ണീരൊലിച്ച പാട് ഉണങ്ങിയിരുന്നില്ല. 

‘‘എന്നതാടാ.. എന്നാ പറ്റി.. അമ്മ വല്ലതും പറഞ്ഞോ? അതോ തല്ലു കിട്ടിയോ?’’

അവൾ ഒന്നുകൂടി ചിണുങ്ങാനൊരുങ്ങി.

‘‘ഹാ.. കരയല്ലെ.. അപ്പൻ ചോദിച്ചേന് മറുപടി പറ.. എന്നതാണേലും പറ.. അപ്പല്ലേ ചോദിക്കുന്നേ.. ’’

അയാൾ വാത്സല്യത്തോടെ അവളെ മടിയിലിരുത്തി.

‘‘അപ്പാ...’’ ബിസ്മി അവളുടെ സങ്കടം പറയാനൊരുങ്ങി.

‘‘എന്തോ...’’ അയാൾ നീട്ടി മൂളി..

‘‘ആ.. നിങ്ങളന്നാ കൊച്ചിനെ വഷളാക്കുന്നേ.. കുറച്ചൂടെ തലേലിരുത്തി കൊഞ്ചിക്ക്.. ഹൈസ്കൂളിലോട്ടാവാൻ രണ്ട് കൊല്ലം തികച്ചില്ല.. ഇപ്പോഴും കുഞ്ഞുവാവ ആണെന്നാ വിചാരം!’’

‘‘ആലീസേ.. നീ ഇരുന്ന് കഴിക്ക്.. ഇത് ഞങ്ങൾ പറഞ്ഞു തീർത്തോളാം.. അല്ലേ മോളേ’’ അയാൾ ബിസ്മിയെ തല ചെരിച്ചൊന്നു നോക്കിച്ചിരിച്ചു. നിങ്ങളെന്തേലും കാണിക്കെന്ന മട്ടിൽ ആലീസ് ചോറുരുട്ടി മീൻചാറിൽ മുക്കി വായിലേക്കിട്ടു ചവച്ചു.

‘‘അപ്പാ.. ഇന്നെന്നെ ക്ലാസ്സീ വച്ച് ആ ജെയ് ചക്കയെന്ന് വിളിച്ചു.. പിള്ളാരൊക്കെ എന്നെ കളിയാക്കി ചിരിച്ചു!’’ അത് പറഞ്ഞ് നിർത്തുമ്പോൾ ബിസ്മി വീണ്ടുമൊരു കരച്ചിലിന് തുടക്കം കുറിച്ചു വച്ചിരുന്നു.

‘‘അയ്യേ.. ഈ ചെറിയ കാര്യത്തിനാണോ പൊന്നിരുന്ന് കരയുന്നേ.. പോയി മുഖമൊക്കെ ഒന്ന് കഴുകീട്ട് വന്നിരുന്ന് കഴിച്ചേ.. ജെയ്ക്ക് ഉള്ള മറുപടി ഇത് കഴിഞ്ഞ് അപ്പൻ പറഞ്ഞു തരാം.. ഓടിപ്പോയി വന്നേ.. ചെല്ല്..’’

കുരിയാച്ചൻ ആലീസിനെ നോക്കി ഒരു കണ്ണിറുക്കി ചിരിച്ചു. ഭക്ഷണം കഴിച്ചതിനു ശേഷം അയാൾ ബിസ്മിയെയും കൂട്ടി മുൻവശത്തെ തിണ്ണയിലിരുന്നു..

‘‘പൊന്നിനി ഇതും പറഞ്ഞ് കരയല്ല് കേട്ടല്ലോ.. എന്റെ കൊച്ചിന് പ്രായത്തിനും പൊക്കത്തിനും ഒത്ത വണ്ണം മാത്രമേയുള്ളൂ.. കൂടെയുള്ള കുട്ടികൾക്കൊക്കെ കൊച്ചിനേക്കാൾ വലുപ്പം കുറവായത് കൊണ്ട് അവനൊരു തമാശയ്ക്ക് പറഞ്ഞതാവും.. ഇതിനൊക്കെ ഒരു ചിരി കൊണ്ട് മറുപടി കൊടുത്ത് മിടുക്കിയായിട്ട് വരണ്ടേ.’’ അയാൾ അവളുടെ മുതുകിലൊന്ന് തട്ടി..

‘‘സങ്കടം മറിയെങ്കി അപ്പന്റെ വണ്ടീടെ തക്കോലു വച്ചിരിക്കുന്ന ഷെൽഫിലൊരു പൊതിയിരിപ്പുണ്ട്. അതിങ്ങ് എടുത്തോണ്ട് വാ..’’

ബിസ്മി പൊതിയുമായി തിരികെ വന്നു. പൊതിയിലെ നല്ല ചൂടുള്ള പഴംപൊരിയിൽ അന്നത്തെ അവളുടെ സങ്കടമെല്ലാം അലിഞ്ഞു പോയിരുന്നു.

പക്ഷേ പിന്നീടുള്ള ദിവസങ്ങളിലും സ്കൂളിന്റെ പലയിടങ്ങളിൽ വച്ചും പലരിൽ നിന്നും ബിസ്മിയ്ക്ക് ആ വിളി കേൾക്കേണ്ടതായി വന്നു. അപ്പൻ സമാധാനിപ്പിച്ചു വിട്ടതു പോലെ ഒരു ചിരി കൊണ്ട് അവളതിനെ നിസ്സാരമാക്കി കളയാൻ ശ്രമിച്ചെങ്കിലും അതെളുപ്പമായിരുന്നില്ല.എന്തു തന്നെയായാലും പിന്നീടൊരിക്കലും ഇതേ ചൊല്ലി ഒരു പരാതിയും അവൾ ആരോടും പറഞ്ഞില്ല. പക്ഷേ ഡ്രിൽ പീരിഡുകളിൽ പോലും കളിക്കാൻ വരാതെ വിഷമിച്ച് ഒരു മൂലയിൽ ഒതുക്കി തുടങ്ങിയ ബിസ്മിയ്ക്കു വേണ്ടി സംസാരിക്കാൻ ജിബി ധൈര്യം കാണിച്ചു. അവളുടെ മുന്നിൽ വച്ച് ബിസ്മിയെ ചക്കയെന്ന് വിളിച്ച് കളിയാക്കുന്നവരെ വായിൽ വരുന്നതൊക്കെ അവളും തിരിച്ചുവിളിച്ചു.. ആ കൂട്ടത്തിൽ ജിബിയ്ക്ക് കറുമ്പിയെന്നും ജെയ്ക്ക് കുള്ളനെന്നും പേരു വീണു. ഇരട്ടപേരിനെ ചൊല്ലിയുള്ള അടിയും വഴക്കും മുറുകിയതോടെ സംഗതി വൈകാതെ സ്റ്റാഫ് റൂമിൽ എത്തുകയും അവിടെ നിന്നും ഹെഡ്മാസ്റ്ററിലേക്കും നീണ്ടു. പിന്നീടുണ്ടായ അസംബ്ലിയിൽ വച്ച് അദ്ദേഹത്തിന്റെ പത്തുമിനിട്ടോളം  നീണ്ട പ്രസംഗത്തിനിടയിൽ ഇരട്ടപ്പേരുവിളിയും കടന്നുവന്നു.

‘‘ഇനിയാരെങ്കിലും ഇരട്ടപ്പേരുകളോ മറ്റ് വേണ്ടാത്ത പ്രയോഗങ്ങളോ നടത്തിയതായി എന്റെ ചെവിയിലെത്തിയാൽ .. ബാക്കി അപ്പോൾ കാണാം’’ എന്ന താക്കീതോടെ അസംബ്ലി പിരിച്ചുവിട്ടു. അതിനുശേഷമാണ് കഞ്ഞിപ്പുരയുടെ ചുവരിൽ ജെയ് കരികൊണ്ട് ഒരു വലിയ ചക്കയുടെ ചിത്രത്തിൽ ബിസ്മിയെന്നെഴുതി വച്ചത്. ഐഡിയ പറഞ്ഞു കൊടുത്ത് കൂടെനിന്ന ലിന്റോ സ്റ്റാഫ് റൂമിൽ ചെന്നൊറ്റി കൊടുത്തതോടെ ഹെഡ്മാസ്റ്ററുടെ വക അവൻ നല്ല രണ്ട് തല്ലു കൊണ്ടു. തല്ലു കിട്ടിയ വേദനയിലും ദേഷ്യത്തിലും തിരികെ ക്ലാസിലേക്ക് വന്ന ജെയ് ബിസ്മിയുടെ അടുത്ത് ചെന്നു. 

‘‘എടീ ചക്കേ.. നീ നോക്കിക്കോ.. ഇവിടെ വിട്ട് പോയാലും തിരക്കുള്ള എവിടെയെങ്കിലും വച്ച് നിന്നെ കണ്ടാൽ ഞാനിങ്ങനെ തന്നെ വിളിക്കും.. ഉറക്കെ... ഉറക്കെ വിളിക്കും ചക്കേന്ന്.!!’’

ഏഴാം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ജെയ്യെ അവൾ പിന്നീട് കണ്ടിട്ടില്ല..

*********    ********   ********     *********  

തന്റെ പുതിയ കഥയിലെ നായിക താൻ തന്നെയാണെന്ന തിരിച്ചറിവോടെ ആ കഥ എഴുതിക്കൊണ്ടിരിക്കെ ബിസ്മി തന്നോട് തന്നെ ചോദിക്കുന്നുണ്ടാക്കുന്നു. ജെയ്യോട് എനിക്കിന്നും ദേഷ്യമുണ്ടോ?അപ്പൻ പറഞ്ഞതു പോലെ അവനൊരു തമാശയക്ക് തുടങ്ങിവച്ചതാവും.. അല്ലെങ്കിൽ അന്നൊരിക്കൽ കംപ്യൂട്ടർ ക്ലാസ്സിൽ വച്ച് മറന്നു പോയൊരു ഉത്തരത്തിനെ ചൊല്ലി താൻ വീണ്ടും വീണ്ടും തല്ല് വാങ്ങിയപ്പോൾ ‘‘അവളെ തല്ലണ്ട ടീച്ചറെ.. ഒരു ചാൻസുകൂടി കൊടുക്ക് ’’ എന്ന് ആ ആറാം ക്ലാസ്സുകാരന് പറയാനാവുമായിരുന്നില്ലല്ലോ.. ! എങ്കിലും.. ആരെയും നോവിക്കാതെ എല്ലാവരെയും ചിരിപ്പിക്കാൻ പാകത്തിന് ഒരുപാട് തമാശകൾ ഉണ്ടെന്നിരിക്കെ, ഉണ്ടാക്കാമെന്നിരിക്കെ.. മറ്റൊരാളുടെ മനസ്സിനെ നുള്ളി നോവിച്ചു കൊണ്ട് ജെയ്യയും അവനൊപ്പം  നിന്ന കൂട്ടുകാരെയും ചിരിക്കാൻ പഠിപ്പിച്ചതാരാവും?

എന്തുതന്നെയായാലും വർഷങ്ങൾക്കിപ്പുറം ഇന്നും തിരക്കേറിയ വഴികളിലൂടെ നടക്കുമ്പോൾ.. ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ.. തന്നെ കടന്നു പോവുന്ന ചൂളം വിളികൾക്ക് പിന്നാലെ ‘‘ചക്കേ’’ എന്നൊരു വിളി ഉണ്ടാവുമോ എന്ന അഞ്ചാം ക്ലാസ്സുകാരിയുടെ ഉൾഭയത്തോടെ അല്ലാതെ എനിക്കവനെ ഓർക്കാനാവുന്നില്ല!

English Summary : Oru chiriyum ore novum, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;