ADVERTISEMENT

എല്ലായ്‌പ്പോഴും കാണാതാവുന്ന ജെറി (കഥ)

 

1. പീലിചരിതം -ഒരു ഞായറാഴ്ച 

 

പള്ളിയിലേക്ക് പോകുവാൻ പതിവുപോലെ പോർച്ചിൽ നിന്നും കാർ തിരിക്കുമ്പോഴാണ് പീലിച്ചേട്ടായി പറമ്പിൽ നിന്നും കയറി വരുന്നത് കണ്ടത്. ഷർട്ട് ഇട്ടിട്ടില്ലാത്ത ദേഹമാകെ ചെളിയും വിയർപ്പും. കടുവാ തൊമ്മിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം കടം വാങ്ങിയ പിക്കാക്സും വലതുകൈയിൽ ഉണ്ടായിരുന്നു. ചെളി നിറങ്ങൾ മുണ്ടിലും. 

 

‘‘എന്നതായിരുന്നു ചേട്ടായി അവിടെ പരിപാടി?’’

 

‘‘ഓ.. ഒരു കുഴി പറമ്പിൽ എടുക്കുവായിരുന്നു’’ പതർച്ച നിറഞ്ഞ കണ്ണുകൾ പല സ്ഥലങ്ങളിലായി പറന്നു നടക്കുന്നു. 

 

ജോൺകുഞ്ഞു കാറിൽ നിന്നിറങ്ങി. ഡേയ്സിയും, മേഘയും റെഡിയായി വരുവാൻ ഇനിയും പത്ത് മിനിറ്റെങ്കിലും എടുക്കും. സമയം ഉണ്ട്. പീലിച്ചേട്ടായി, പിക്കാക്സുമായി വീടിന്റെ പിറകിലത്തെ ഷെഡിലേയ്ക്ക് പോയി. എന്തിനാണ് പറമ്പിൽ ഇപ്പോൾ കുഴിയെടുക്കുന്നത്? മൂന്നര ഏക്കർ പറമ്പ് നിറയെ റബ്ബറാണ്. അതിനിടയിൽ പുതിയതൊന്നും വെച്ചേച്ചു കാര്യം ഇല്ല. രണ്ടു മാസം മുൻപേ പറമ്പിന്റെ പടിഞ്ഞാറു ഭാഗത്ത് വേസ്റ്റ് ഇടാനായി ഒരു കുഴി എടുത്തതാണ്. ഇനിയിപ്പോ പ്രത്യേകിച്ച് ഒന്നിനും കുഴി എടുക്കേണ്ട കാര്യം ഇല്ല. പറമ്പിലൂടെ നടന്ന് ജോൺകുഞ്ഞു ചെന്ന് നോക്കുമ്പോൾ ഒരു അഞ്ച്, അഞ്ചര അടിയോളം താഴ്ചയുള്ള, നീളത്തിലുള്ള കുഴിയാണ്. 

 

പീലിച്ചേട്ടയ്ക്കു ഒരു ഇളക്കമുണ്ടെന്നു കുറേക്കാലം മുമ്പാണ് തോന്നിയത്. ഉണ്ടോണ്ടിരിക്കുമ്പോൾ ചെലപ്പോ എടയ്ക്കു വെച്ച് എന്തോ ആലോചിച്ചോണ്ടു ഒറ്റ പോകലാ. സിറ്റൗട്ടിലിരുന്നു ഇല്ലാത്ത ആരോടോ വർത്താനം പറയും. അല്ലെങ്കിൽ എന്തോ ആലോചിച്ച മട്ടിൽ പുറത്തൂടെ/ പറമ്പിലൂടെ വളരെ വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു നടക്കും. എന്നാണ് ഇത് തുടങ്ങിയത് എന്ന് ജോൺകുഞ്ഞിനു നല്ല ഓർമ്മയുണ്ട്. അങ്ങനെ ചിന്തിച്ചു പറമ്പിൽ നിന്നും കയറി വരുമ്പോൾ ഡെയ്സിയും, മേഘയും വീട്ടിൽ നിന്നും ഇറങ്ങി വന്നു.

‘എവിടെ പോയി ജോണിച്ചായാ ?’ -ഡെയ്‌സി

‘അപ്പാ, വണ്ടി എടുക്ക്’- മേഘ

ജോൺകുഞ്ഞു വണ്ടിയിൽ കയറി അത് സ്റ്റാർട്ട് ചെയ്തു

‘അതിനെടേല് പറമ്പിൽ എന്നതായിരുന്നു?’- ഡെയ്‌സി

‘‘പറമ്പിൽ പീലിച്ചേട്ടായി ഒരു കുഴി എടുക്കുവാരുന്നു. അതൊന്നു നോക്കാൻ പോയതാ.’’

‘‘കുഴിയോ? അതെന്നാത്തിനാ പറമ്പിൽ ഇപ്പോഴൊരു കുഴി?’’ -ഡെയ്‌സി വീണ്ടും.

‘‘ആ... ആർക്കറിയാം. ചേട്ടായിക്ക് ഓരോ സമയത്ത് ഓരോ ഓളമാ’’

‘‘ആ... പിന്നേം വട്ടു തുടങ്ങിയോ? എപ്പഴാ ഇളകുന്നെന്നു പറയാൻ പറ്റില്ല’’- മേഘ പിറുപിറുത്തത് ചുരുണ്ടുകൂടി കാറിന്റെ എല്ലാ ഡോറിലും, ഡാഷ്ബോർഡിലും, സ്റ്റീയറിങ്ങിലും തട്ടി ജോൺകുഞ്ഞിന്റെ ചെവിയിൽ കയറിക്കൂടി. സാധാരണ ഗതിയിൽ അയാൾ ഇതിനൊരു തെറി അവളെ പറയേണ്ടതാണ്. എന്നാൽ ഇപ്രാവശ്യം ജോൺകുഞ്ഞു നിശബ്ദനായി. 

 

ശരിക്കും അത് എന്നാണ് തുടങ്ങിയത്? 

ആ ഓർമ്മകളിലേയ്ക്ക് അയാൾ തീവ്രവേഗതയിൽ ഓടിക്കയറി. അപ്പൻ വീട് വിട്ടു പോയ അന്ന്. ഇതുപോലൊരു ഞായറാഴ്ച കുർബാനയ്ക്കു ഡെയ്സിയെയും, മേഘയെയും കൊണ്ട് പഴയ മാരുതി 800 ൽ പോയ ദിവസം. പീലിച്ചേട്ടായി അതിനും വളരെ മുൻപേ പള്ളിയിൽ പോക്ക് നിർത്തിയിരുന്നു. അപ്പനും, പീലിച്ചേട്ടായിയും കൂടി തലേ ദിവസത്തെ കള്ളു കുടി സന്ധ്യയിൽ വഴക്കിട്ടിരുന്നു. അപ്പൻ അങ്ങ് പുറപ്പെട്ടു പോയിക്കളയും എന്നൊന്നും പീലിച്ചേട്ടായി ചിന്തിച്ചു കാണുകേല. കുർബാന കഴിഞ്ഞു, മേലുകാവുമറ്റത്ത് ഉള്ള, ഡെയ്‌സിയുടെ ഇന്നോ നാളെയോ എന്ന ചോദ്യചിഹ്നത്തിൽ ഒതുങ്ങി കഴിഞ്ഞു പോന്നിരുന്ന വറുഗീസ് അപ്പാപ്പനെ കണ്ടേച്ച്, അവളുടെ വീട്ടിലും കയറി ഏകദേശം മൂന്ന് മണി ആയപ്പോഴാണ് മൂന്നുപേരും വീട്ടിൽ വന്നു കയറുന്നത്. അന്നേരം പീലിച്ചേട്ടായി വീടിന്റെ മുൻപിൽ നിലത്തിരുന്നു കരയുകയാണ്. അങ്ങേരുടെ സ്ഥിരം കൂട്ടുകാർ, കടുവ തൊമ്മി, പീതാംബരൻ, കുന്നുകുഴിയിലെ സണ്ണി ചേട്ടായി എന്നിവരും, അയൽപക്കത്തുള്ള ത്രേസ്യചേടത്തി, മകൻ അലക്സ്, അയാളുടെ പയ്യൻ ജോയൽ, അതിനപ്പറെ ഉള്ള ജോസപ്പൻ മുതലായവർ താടിക്കു കൈ കൊടുത്തും, അല്ലാതെയും, ‘ഇവനീ ഗതി വന്നല്ലോ’, ‘എന്നാ പറഞ്ഞാ ആശ്വസിപ്പിക്കേണ്ടേ?’, ‘ഇതൊക്കെ എല്ലായിടത്തും ഉള്ളതല്ലേ?’ എന്നീ ഭാവങ്ങൾ വിടർത്തിയും മടക്കിയും നിൽക്കുകയായിരുന്നു 

‘പോയെടാ... നമ്മുടെ അപ്പൻ പോയെടാ ...!!!’- പീലി വാക്കുകൾ ഇടർത്തിയിട്ടു.

 

ജോൺകുഞ്ഞിന് ആദ്യം ഒന്നും മനസ്സിലായില്ല. കേട്ടപാതി, കേൾക്കാത്ത പാതി പെട്ടെന്നൊരു ആവശ്യം വന്നാൽ പൊട്ടിക്കുവാൻ വെച്ചിരുന്ന മൺകുടുക്ക ശക്തമായ ഞെരിഞ്ഞമർക്കലിൽ തകർന്നു നാണയങ്ങൾ ഇടതടവില്ലാതെ പൊഴിഞ്ഞു വീഴുന്ന മട്ടിൽ ഡെയ്‌സിയും, മേഘയും നെഞ്ചത്തടിയുടെയും, അലമുറകളുടെയും നീണ്ട കിലുക്കങ്ങൾ പ്രസരിപ്പിച്ചുകൊണ്ടു അകത്തേക്കോടി. അവരുടെ വിചാരം അപ്പൻ, കിടക്കയിലോ, തറയിലോ, അല്ലെങ്കിൽ അപ്രതീക്ഷിതമായ മറ്റ് ഏതെങ്കിലും സാഹചര്യങ്ങളിലോ അവിടെയെങ്ങാനും മരിച്ചു കിടപ്പുണ്ടെന്നായിരുന്നു. അതല്ലായിരുന്നു. അപ്പൻ ഞങ്ങളെ കളഞ്ഞേച്ചു പോയതാ. അന്ന് മുതൽ പീലിച്ചേട്ടായി, തന്റെ ഇടത്തോട്ടു തിരിഞ്ഞ ഒരു പിരിയൻ ആണിയിൽ ഇടയ്ക്കിടെ അസ്വസ്ഥനായി. 

 

ജോൺകുഞ്ഞിന്റെ ചിന്തകൾ, കാറിനോടൊപ്പം ഓടി പള്ളിയിൽ എത്തി. കാർ പള്ളിയുടെ താഴെ ഉള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടു, പള്ളിയുടെ പടികൾ കയറുമ്പോഴും പീലിയുടെ ഓർമ്മകളിൽ ജോൺകുഞ്ഞിന്റെ തല ഭാരം വെച്ചുകൊണ്ടിരുന്നു. പള്ളിയിൽ വെച്ച് കുർബാനയ്ക്ക് ഇടയിലാവട്ടെ അത് തലയിൽ നിന്നും വെള്ളക്കുപ്പായം വഴി ഊർന്നിറങ്ങി മുണ്ടിന്റെ മേലേക്കൂടെ കയറി, ഇടയ്ക്കിടെ അയാളെ മുണ്ടഴിച്ചു കുത്തുന്നതിനു പര്യാപതമാക്കിക്കൊണ്ടിരുന്നു. മേഘ പറഞ്ഞത് ശരിയാണ്. എപ്പോഴാണ് പീലിച്ചേട്ടായുടെ പിരിയൻ ആണി ‘ക്രി ..ക്രി’ ശബ്ദത്തോടെ തിരിഞ്ഞു തുടങ്ങുന്നെതെന്നു പറയാൻ പറ്റില്ല. പിന്നെയത്, ഈയിടയ്ക്കു വാങ്ങിയ പോത്തിൻ കിടാങ്ങളിൽ ഒന്നിനെ പോലെ യാതൊരു ലക്ഷ്യവും ഇല്ലാതെ, പറമ്പിലൂടെ ചാടിയിറങ്ങി, വയലിലൂടെ ഓടി കിതച്ചു എവിടെ എങ്കിലും ചെന്ന് നിൽക്കും. എന്നിട്ടു ചുറ്റും നോക്കും. വന്നു കയറിയതു ജോസപ്പാന്റെ വീടിന്റെ മുൻപിലാണോ, ത്രസ്യാചേടത്തിയുടെ വാഴത്തോട്ടത്തിലാണോ എന്നൊന്ന് നോക്കും. ഇളിഭ്യച്ചിരിക്ക് സമാനമായ വിചിത്ര ഭാവം കൈ വരിക്കും. ആകാശത്തേയ്ക്ക് നോക്കും. പുല്ലിലേയ്ക്ക് നോക്കും. പിന്നെ, ശാന്തമായി നിന്ന് പുല്ലു തിന്നും. 

       

2. ലൂസിയാമ്മ 

 

പീലിച്ചേട്ടായി കല്യാണം കഴിക്കുന്ന കാലത്തു ജോൺകുഞ്ഞിനു ഒരു പന്ത്രണ്ടു വയസ്സ് കാണും. പത്തനാപുരത്തിനടുത്തു നിറയെ റബ്ബർ തോട്ടവും, മറ്റ് ഒരുപാടു ആസ്തികളും ഉള്ള യോഹന്നാൻ എന്ന യഥാർത്ഥ പേരുള്ള ഓനച്ചന്റെ നാലുമക്കളിൽ രണ്ടാമത്തെ ലൂസിയാമ്മയെ പീലി കെട്ടിക്കൊണ്ടു വരുന്നത് ഈസ്റ്റ്മാൻ കളർ ഫോട്ടോകളായി ജോൺകുഞ്ഞിന്റെ ഓർമ്മകളിൽ ഇടയ്ക്കിടെ മറിഞ്ഞു മറിഞ്ഞു പോകാറുണ്ട്. 

ജോൺകുഞ്ഞു ഉരുട്ടിക്കൊണ്ടു നടന്ന സൈക്കിൾ ടയറുകൾ അന്നത്തെ അവരുടെ വീടിന്റെ മുറ്റത്തൂടെ ധാരാളം വരകളുണ്ടാക്കി കടന്നുപോയ്‌ക്കിണ്ടിരിക്കുമ്പോൾ പീലിയും, ലൂസിയാമ്മയും പിറുപിറുക്കലുകളിൽ വീടിന്റെ അര ഭിത്തിമേലിരുന്നു സ്വകാര്യം പറഞ്ഞു. അപ്പന്റെ വരവിൽ എഴുന്നേറ്റു നിന്നു. അമ്മച്ചിയുടെ അടുക്കളയിൽ നിന്നുള്ള വിളിയിൽ ‘എന്തോ’ എന്ന മറുപദം നീട്ടിപ്പിടിച്ചു, കുസൃതിച്ചിരിയോടെ ലൂസിയാമ്മ അടുക്കളയിലേയ്ക്ക് പോയി. അതിനിടയിൽ ചായ വന്നു. പിന്നെയും കുറേക്കാലം ചിരി വന്നു. ടയർ ഉരുണ്ടു. വിളികളും, മറുപദങ്ങളും വന്നു. അവരുടെ ‘ജോൺകുഞ്ഞെ’ എന്നുള്ള സ്നേഹ വിളി വന്നു. അങ്ങനെ കാലം വളർന്നു. ജോൺകുഞ്ഞും. കുറേക്കഴിഞ്ഞു പീലിയുടെ മുറിയിലെ പാട്ടുകൾ മാഞ്ഞു. പകരം ഉച്ചത്തിലുള്ള പ്രാകലുകളും, അലർച്ചകളും അവിടെ നിറഞ്ഞു. നിറങ്ങൾ തീർത്തും ഇല്ലാതായ ചുമരുകൾ അവരുടെ മുറിയിൽ വീർപ്പുമുട്ടി നിന്നു. അവർക്കു കുഞ്ഞുങ്ങൾ ഉണ്ടായില്ല. 

 

‘മച്ചി’യെന്ന വിളിയിൽ ലൂസിയാമ്മ തളർന്നു.

പിന്നെ കാലം പഴകി.

ലൂസിയാമ്മ പഴകി

പീലി പഴകിത്തെളിഞ്ഞു

ജോൺകുഞ്ഞു അതിനിടയിലൂടെ വളർന്നു കയറി.

 

അങ്ങനെ ഇരിക്കെ ഒരു ദിവസം പീലി സന്തോഷത്തോടെ ലൂസിയാമ്മയെ വിളിക്കുന്നത് കേട്ടു. അവർ ഇരുവരും കൂടി അവസാനത്തെ തവണ ഡോക്ടറിനെ കാണുവാൻ പോയിട്ട് തിരിച്ചു വന്ന ദിവസം ആയിരുന്നു അത്. ‘ലൂസിയാമ്മേ, ഞാൻ ഇങ്ങനെ ആയിപ്പോയല്ലോടി...’ – പീലി പരിതപിച്ചു. ‘എനിക്ക് ഒരു കുഞ്ഞു ഉണ്ടാവാത്തില്ലല്ലോടി...’ പിന്നെ പീലി നിർത്തി. കുറെ കഴിഞ്ഞു സ്നേഹത്തോടെ പറഞ്ഞു ‘നീയാടി എന്റെ കുഞ്ഞ്. എന്റെ പെൺകുഞ്ഞ്’ ലൂസിയാമ്മ ചിരിച്ചു. പീലി ചിരിച്ചു ലൂസിയാമ്മ ഇളകിയിളകി ചിരിച്ചു.

 

അതും കഴിഞ്ഞു കുറെ കാലത്തിനു ശേഷമൊരു ദിവസം. കുമ്മായം അടർന്നു തുടങ്ങിയ മുറിയിൽ ഇരുന്നു ജോൺകുഞ്ഞു ഡിഗ്രി അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്തു രാത്രിയിൽ ‘പ്ധോം’ ശബ്ദത്തിനോടൊപ്പം ഒരു നിലവിളി ജോൺകുഞ്ഞിന്റെ ജനാല വഴി എങ്ങാണ്ടു ഇടിച്ചു കയറി വന്നു. ഓടിച്ചെന്നു നോക്കുമ്പോൾ അമ്മച്ചി അടുക്കളയിൽ വീണു കിടക്കുന്നു. ലൂസിയാമ്മ ‘അമ്മച്ചീ’ എന്നും വിളിച്ചു കരയുന്നുണ്ട്. രാത്രിയേറെക്കഴിഞ്ഞു, അമ്മച്ചിയുടെ തണുപ്പ് കുമിഞ്ഞു കൂടിയ ശരീരം ലുധിയാനയിൽ നിന്നും അവരുടെ മൂത്ത മകൾ മേരി സിസ്റ്റർ വരുമ്പോഴേയ്ക്കും തിരികെ എത്തിക്കുവാൻ പാകത്തിൽ മോർച്ചറിയിലേക്ക് പറഞ്ഞു വിട്ടു. അമ്മച്ചിയുടെ ശവമടക്ക് കഴിഞ്ഞു, മേരിചേച്ചിയും, പീലിയുടെ താഴെ ഉള്ള അന്നമ്മച്ചേച്ചിയും പോയിക്കഴിഞ്ഞുള്ള രാത്രിയുടെ പതർച്ചയിൽ ലൂസിയാമ്മ ആ വീടിന്റെ ഔദ്യോഗിക ബ്യുറോക്രാറ്റും, പൊളിറ്റിഷ്യനും ആയി മാറി. തുടർന്ന്, പീലിയുടെയും, ജോൺകുഞ്ഞിന്റെയും, അവരുടെ അപ്പന്റെയും ജീവിതചര്യകൾ ലൂസിയാമ്മ അവരുടെ മാസകണക്കു പുസ്തകത്തിൽ ഒട്ടിച്ചു ചേർത്ത് വെച്ചു. അത്തരം ഒട്ടിച്ചുവെയ്ക്കലുകൾ അസ്യഹമായ ഒരു ദിവസം പീലിയും, ലൂസിയാമ്മയും ആ പഴയ ‘അപ്പനും, മകളും’ കളി ചുരുട്ടിക്കൂട്ടി പറമ്പിൽ എറിഞ്ഞു. 

 

അങ്ങനെ തീവ്രത വർദ്ധിച്ചു നീതികേടിന്റെ കൈവിരൽ പാടുകളും കുത്തിനോവിക്കലുകളും സഹിക്ക വയ്യാതെ, ഒരു ദിവസം അവർ അവരുടെ വീട്ടിലേയ്ക്കു പോയി. ആ വീട് തളർന്നു. ഓനാചൻ വീണു. അയാൾ മകളെ ഓർത്ത് സങ്കടപ്പെട്ടു കിടന്നു, ഒരു ദിവസം അനന്തമായ ആകാശത്തിന്റെ പരപ്പ് എത്രത്തോളം ഉണ്ടെന്നു അറിയുവാൻ മാലാഖ കുഞ്ഞുങ്ങളോടൊപ്പം ചിരിച്ചു കളിച്ചു, ഉയരങ്ങളിലേയ്ക്ക് പറന്നു പോയി. അതും കഴിഞ്ഞു കുറച്ചു മാസങ്ങൾക്കു ശേഷം ‘ലൂസിയാമ്മ പ്രസവിച്ചു’ എന്ന വാർത്ത ഗർഭം ധരിച്ചു ജോൺകുഞ്ഞിന്റെ ചെവിയിലും എത്തി. 

 

പീലിച്ചേട്ടായിയുടേത് ആണോ? ആവൊ.. ആർക്കറിയാം?

എന്തായാലും ലൂസിയാമ്മ പ്രസവിച്ചല്ലോ അത് മതി.

 

3. മൃഗസ്നേഹി 

 

അതെന്തായാലും, ലൂസിയാമ്മ അവരുടെ ഇടം പീലിയുടെ ജീവിതത്തിൽ നിന്നും അടർത്തി എടുത്ത് പോയതിൽ പിന്നെ അയാളെ വല്ലാതെ ഉത്സാഹവാനായി കണ്ടു തുടങ്ങി. തുടർന്ന് അയാൾ പുതിയൊരു മനോഭാവത്തിൽ എത്തിച്ചേർന്നു. അതിന്റെ ആദ്യത്തെ പടി എന്നവണ്ണം രണ്ടു സുന്ദരന്മാരും ഉശിരുള്ളവന്മാരും ആയ പട്ടികുട്ടികളെ വാങ്ങി. അപ്പന്റെ പലചരക്കു കടയിൽ സ്ഥിരമായി കണക്കെഴുതുവാൻ ജോൺകുഞ്ഞു പോയി തുടങ്ങിയ കാലത്ത് ആയിരുന്നു പട്ടികുട്ടികളുടെ വരവ്. ‘ഇതുങ്ങളെ നീ എന്തിനാ ഇപ്പൊ വാങ്ങിയേ?’ എന്ന അപ്പന്റെ ചോദ്യത്തെ ‘എനിക്ക് എന്നാ എങ്കിലും സ്നേഹിക്കാൻ വേണ്ടായോ ?’ എന്ന മറുചോദ്യത്തോടെ പീലി നേരിട്ടു. 

 

പട്ടികുഞ്ഞുങ്ങൾ മൂവരുടെയും ജീവിതത്തിൽ ഓടിക്കളിച്ചു. ജീവിതചര്യകളിൽ അവർ ഇടകലർന്ന് കിടന്നു. പത്തുപതിനാറു വർഷം മുൻപ് കിഴക്കന്മലയിൽ നിന്നും ഒഴുകിവന്ന് അക്കാലങ്ങളിൽ ഇവിടെങ്ങളിൽ മുള പൊട്ടിയ റബ്ബർ തൈകളോടൊപ്പം വളർന്നുവന്ന മേലേകുന്നേൽ ഈപ്പൻ എന്ന പുത്തൻ പണക്കാരൻ ഒരു ദിവസം വീട്ടിൽ വന്നപ്പോൾ നായ്ക്കളെ രണ്ടു പേരെയും കണ്ടു. അവരുടെ കളികൾ കണ്ടു കൊണ്ടിരുന്നപ്പോൾ ‘ഇതുങ്ങള് കൊള്ളാമല്ലോടാ പീലി’ എന്നൊരു കമന്റ് പറഞ്ഞേച്ചു അയാളുടെ കൊച്ചുമക്കൾ ഭക്ഷണത്തോടൊപ്പം അകത്ത് ആക്കി കൊണ്ടിരുന്ന അക്കാലത്തെ പ്രശസ്തരായ രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരിട്ടു അവരെ വിളിച്ചു. ആ പേരുകൾ തന്നെ ആയിരുന്നു പിന്നീട് വീട്ടിൽ വന്ന എല്ലാ മൃഗങ്ങൾക്കും പീലി വിളിച്ചിരുന്നത്. 

 

അതിനുശേഷം പീലിയ്ക്കുവന്ന മാറ്റം അദ്‌ഭുതാവഹമായിരുന്നു. അയാൾ ഇടപഴകിയിരുന്ന സ്ഥലങ്ങളിൽ (ഇടവഴികൾ/അയൽ വീടുകൾ/ പറമ്പുകൾ/പാടങ്ങൾ) വെച്ച് ആരെങ്കിലും ഏതെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കുന്നത് കണ്ടാൽ ‘അതൊരു പാവം നൽക്കാലിയല്ലേ. അതിന് എന്തറിയാം?’ എന്ന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു അങ്ങനെ, അയാൾ പതുക്കെ ഒരു ‘മൃഗസ്നേഹി’ എന്ന് അറിയപ്പെട്ടു തുടങ്ങി. അപ്പന്റെ വീട് വിട്ടു പോകലിന് ശേഷം പീലിയിൽ കണ്ടു തുടങ്ങിയ സ്വഭാവ വൈചിത്ര്യങ്ങളുടെ ചെറിയ മിന്നലാട്ടങ്ങൾ അക്കാലത്തേ അയാളിൽ ഉണ്ടായിരുന്നെന്ന് ഇന്ന് ആലോചിക്കുമ്പോൾ ജോൺകുഞ്ഞിനു തോന്നാറുണ്ട്. പലചരക്കു കടയിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന ഡെയ്‌സി, ജോൺകുഞ്ഞിന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ പറ്റുപടി എഴുതി തുടങ്ങിയ കാലത്ത് ആയിരുന്നു പീലിയുടെ നായക്കളിലൊന്നിനെ കാണാതായത്. പട്ടിക്കൂടിനു മുൻപിലിരുന്നു പീലി നെഞ്ചത്തടിച്ചു കരഞ്ഞു. നിലവിലുള്ള പട്ടി അയാളെ നോക്കി വാലാട്ടിക്കൊണ്ടിരുന്നു. ‘എന്നാലും ഒരുത്തൻ പോവുമ്പം മറ്റവൻ എന്തെങ്കിലും അനങ്ങേണ്ടത് അല്ലെ?’എന്നുള്ള അപ്പന്റെ സ്വാഭാവികമായ സംശയത്തിന്റെ വളവുകൾ പീലിയുടെ സങ്കടം ഒഴുകിയെത്തി നേരെയാക്കി. ആ പട്ടി പിന്നെ പീലിയെ പോയവന് വേണ്ടി കൂടി സ്നേഹിച്ചു . പട്ടിയും അതിന്റെ സ്നേഹവും കാലക്രെമേണ വളർന്നു. 

 

വർഷങ്ങൾ കഴിഞ്ഞു, ഡെയ്‌സിക്കും ജോൺകുഞ്ഞിനും മേഘ ഉണ്ടായിക്കഴിഞ്ഞ് ഒരു ദിവസം പട്ടി രാത്രിയിൽ ഓരിയിട്ടു. അത് പിന്നീടുള്ള രാത്രികളിലും തുടർന്നു. ഒന്നു രണ്ടാഴ്ച കഴിഞ്ഞു അത്, അവരുടെ വീട്ടിലേയ്ക്കു കയറിവരുന്ന വഴിയരികിൽ ശവംതീനി ഉറുമ്പുകളെ തന്റെ മുകളിൽ മേയാൻ അനുവദിച്ചു കൊണ്ട് തണുപ്പിന്റെ മറ പറ്റി കിടന്നു. ആ സങ്കടം അത്ര തീവ്രമായിരുന്നില്ല. അതിനും മുൻപേ രണ്ടു പശുക്കിടാങ്ങളെ പീലി വാങ്ങിയിരുന്നു. അവയ്ക്കു താമസിക്കുവാൻ അക്കാലത്തു എല്ലാ പറമ്പുകളിലും, വഴികളിലും, ചന്തകളിലും മുളച്ചു പൊന്തിയ കുറെ ബീഹാറികൾ വന്നു കാലിത്തൊഴുത്തു കെട്ടി. അവിടെ രണ്ടു കിടാങ്ങളും, പുല്ലു തിന്നു, കാടി കുടിച്ചു സന്തോഷിച്ചുല്ലസിച്ചു നിന്നു. അപ്പോൾ അതായിരുന്നു പീലിയുടെ താല്പര്യം. 

 

അവ വളർന്നു.

അതിനിടയിൽ മേഘ വളർന്നു.

അവിടെ പുതിയൊരു വീട് വന്നു.

അവരുടെ അപ്പൻ പണിതതായിരുന്നു വീട്.

 

അതിനൊരു കാരണം ഉണ്ടായിരുന്നു. ഡെയ്‌സിയുടെ വീട്ടുകാരൊരിക്കൽ പീലിയുടെയും, ജോൺകുഞ്ഞിന്റെയും വല്യപ്പൻ പണിതീർത്ത പഴയ വീടിന്റെ കുറ്റം പറഞ്ഞതിൽപ്പിന്നെ ജോൺകുഞ്ഞിനു പുതിയ വീട് എന്ന നിർബദ്ധം തീവ്രമായി. അതൊരു ദിവസം തൊണ്ട പൊട്ടിച്ചു പുറത്തുചാടി. അപ്പനോട് ഭാഗം വെയ്ക്കുവാൻ അയാൾ ആവശ്യപ്പെട്ടപ്പോൾ, വൃദ്ധൻ ‘നമുക്കൊരു പുതിയ വീട് വെക്കാമെടാ’ എന്ന ആശയം മുന്നോട്ടു നീക്കി നിർത്തി ചെക്ക് വിളിച്ചു. അവിടെ പുതിയൊരു വീട് പൊങ്ങിവന്നു.

 

അതിനിടയിൽ, പശുക്കളിൽ ഒന്ന് ഗർഭം ധരിച്ചു. പ്രസവിച്ചു. മറ്റേതു കിനാവിനകത്തു അകപ്പെട്ടുപോയ പോലെ അങ്ങനെ നിന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അതിനെ കാണാതായി. അന്ന് മുതലാണ് ജോൺകുഞ്ഞിന് പുറപ്പെട്ടുപോകലിന്റെ ഒരു തത്വശാസ്ത്രം തന്റെ വീട്ടിൽ നിലനിൽക്കുന്നതായി മനസ്സിലായത്. മൃഗം മുതൽ മനുഷ്യൻ വരെ അതിൽ കുരുങ്ങികിടപ്പുണ്ട്. അപ്പൻ പോയിക്കഴിഞ്ഞാണ് അത് ‘സാധ്യതകൾ’ എന്ന പകിടകളിയല്ല, പകരം യാഥാർത്ഥ്യമാണെന്നു ജോൺകുഞ്ഞിനു മനസ്സിലായത്. പശു പിന്നെ രണ്ടു പെറ്റു. അതിനെയും ക്ടാങ്ങളെയും കൊടുത്തു കഴിഞ്ഞാണ് ഇപ്പോഴത്തെ പോത്തുകൾ രണ്ടെണ്ണത്തിനെ പീലി വാങ്ങുന്നത്. അതിനും മുൻപേ അപ്പൻ വീട് വിട്ടു പോയിക്കഴിഞ്ഞിരുന്നു. 

 

4. പോത്ത് 

 

അപ്പനിപ്പോൾ എവിടെ ആയിരിക്കും?

പള്ളിയിൽ വെച്ച് ഉന്നതി പ്രാപിച്ച ഓർമ്മകൾ, ജോൺകുഞ്ഞിനോടൊപ്പം താഴേയ്ക്ക് ഇറങ്ങി. പള്ളിയുടെ കുരിശടിക്ക് മുൻപിൽ ഡേയ്‌സിയും, മേഘയും പ്രാർത്ഥിക്കുന്നതും നോക്കി അയാൾ കുറേ നേരം നിന്നു. അവിടെ നിന്നും പുറപ്പെട്ടു ഡെയ്‌സിയുടെ മണ്ണാർകാട്ടുള്ള അനിയത്തി സലോമിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ മാമോദീസയ്ക്കു പോയി തിരിച്ച് വീട്ടിൽ എത്തുമ്പോഴേയ്ക്കും സന്ധ്യ ആയിരുന്നു. പീലിയും, പാലക്കുന്നേൽ കുര്യച്ചനും കൂടി വൈകുന്നേരത്തെ ‘കുപ്പിതീർക്കൽ’ കലാപരിപാടിയുമായി വരാന്തയുടെ ഇടതുവശത്ത് ഇരിപ്പുണ്ടായിരുന്നു. കുപ്പിയിലെ മദ്യം മുക്കാൽ ഭാഗം വറ്റി അവർക്കിടയിൽ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നു. പീലി, ‘അപ്പൻ അപ്രത്യക്ഷമാകൽ’ കഥ പതിവ്‌പോലെ ഈണത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നു. പീലിച്ചേട്ടായിയോട് വഴക്കിട്ടു പിറ്റേദിവസം അപ്പൻ പോയത് ഇപ്പോഴും ഇളക്കിമറിയ്ക്കുന്നുണ്ടാവണം. 

 

ഡെയ്‌സിയും, മേഘയും അകത്തേയ്ക്കു പോയപ്പോൾ കൃത്യം രണ്ടു ഭാഗമായി മുറിക്കപെട്ട ഒരു നിശബ്ദത പീലിയുടെയും കുര്യച്ചന്റെയും കണ്ണുകളിൽ തിളങ്ങി കിടന്നു. 

‘നെനക്കറിയാവോ കുര്യച്ചാ...’ അവരിരുവരും അകത്തേയ്ക്കു പോയിക്കഴിഞ്ഞു പീലി പറഞ്ഞു തുടങ്ങി. ‘നമ്മളീ കാണുന്നതും കേക്കുന്നതും എല്ലാം കള്ളമാ. നമ്മളൊക്കെ ഓരോരോ കള്ളത്തിന്റെ പൊറത്താ ഇങ്ങനെ ജീവിക്കുന്നെ. നമ്മള് പറയും അതിങ്ങനാ, ഇതങ്ങാനാ... എന്നൊക്കെ . ചുമ്മാതയാ .. ’

 

ആ തത്വശാസ്ത്രത്തിന്റെ നാരിഴകളുടെ ബലം പരിശോധിച്ചുകൊണ്ടു ജോൺകുഞ്ഞു വീടിനകത്തേയ്ക്കു കയറി. പോകുന്ന വഴിക്കു ബാക്കി കേട്ടു. ‘ഉദാഹരണത്തിന്, ഞാൻ ഈ കണ്ട നൽക്കാലികളെ എല്ലാം വളർത്തുവാ. എന്തോന്ന് പറഞ്ഞോണ്ടാ... എന്റെ മക്കളെ പോലെ ആണെന്ന്... എന്നും പറഞ്ഞു അതെന്റെ മക്കളാണോ?’ കുര്യച്ചൻ എന്തിനോ തലയാട്ടി ‘ആകുകേല കുര്യച്ചാ ...ആകുകേല ’

 

വസ്ത്രങ്ങൾ മാറിക്കൊണ്ടിരുന്ന ജോൺകുഞ്ഞു അന്നേരമാണ് പോത്തുകളുടെ കാര്യം ഓർത്തത്. അതുങ്ങളെ തൊഴുത്തിൽ കൊണ്ട് കെട്ടി കാണുമോ? അയാൾ ബെഡ്റൂമിന്റെ ജനാല തുറന്നു തൊഴുത്തിലേയ്ക്ക് നോക്കി. ഇല്ല. എവിടെ കൊണ്ടായിരിക്കും കെട്ടിയിരിക്കുന്നത്?വസ്ത്രം മാറി അയാൾ പുറത്തേയ്ക്കു ഇറങ്ങി.പറമ്പിലേക്ക് നടക്കുമ്പോൾ പീലി എന്തോ ചോദിച്ചു. അയാളത് കേട്ടില്ല. പ്രകാശതീവ്രതയുടെ മസിലുകൾ പെരുപ്പിച്ചു ചന്ദ്രൻ അന്നേരം വിജയം കൈവരിച്ചു തുടങ്ങിയിരുന്നു. ജോൺകുഞ്ഞു പറമ്പിൽ ചെന്ന് നോക്കുമ്പോൾ പോത്തുകളിലൊന്ന് ഒരു റബ്ബർമരത്തിന്റെ ചുവട്ടിൽ, അയാളുടെ കയ്യിൽ ഉള്ള ടോർച്ചു വെട്ടത്തിൽ കൗതുകപൂർവ്വം കണ്ണുകൾ കൊരുത്തു വീക്ഷിക്കുകയായിരുന്നു. ഇടയ്ക്കു അയവിറക്കുന്നു. അതിന്റെ കെട്ടഴിക്കും മുൻപ് രണ്ടാമത്തെ പോത്തിനെ അയാൾ ചുറ്റുപാടും നോക്കി. കണ്ടില്ല. 

 

‘എടാ ടോമ്മേ, മറ്റവൻ എന്തിയെടാ ?’

പോത്ത്, ‘ഇവനാണോ ഞാനാണോ പോത്ത്’ എന്ന മട്ടിൽ അയാളെ നോക്കി. എന്നിട്ടു അയാളുടെ പുറകെ തൊഴുത്തിലേയ്ക്ക് നടന്നു. അതിനെ തൊഴുത്തിൽ കെട്ടി, കാടി കൊടുത്തു വരുമ്പോൾ വറ്റിപ്പോയ കുപ്പിയ്ക്കു ചുറ്റുമിരുന്നു കുര്യച്ചനും പീലിയും കൂടി പതുക്കെ സംസാരിക്കുകയാണ്.

‘പീലിച്ചേട്ടായി മറ്റേ പോത്ത് എന്തിയെ?’

 

പീലി താഴേയ്ക്ക് ബലം പിടിച്ചുകൊണ്ടിരുന്ന കണ്ണുകൾ ഉയർത്തി ജോൺകുഞ്ഞിനെ നോക്കി. എന്നിട്ടു ചിരിച്ചു. കുര്യച്ചന്റെ നേർക്ക് തിരിഞ്ഞു പറഞ്ഞു തുടങ്ങി. 

‘കേട്ടോടാ.., കുര്യച്ചാ .. അവിടെ ചെന്ന് നോക്കുമ്പോൾ അവക്ക് പിള്ളേര് രണ്ടാ. ഇരട്ടകൾ! (കൈവിരൽ കൊണ്ട് ആംഗ്യം കാട്ടുന്നു) ഒരു മൂന്നാല് വയസ്സ് കാണും. രണ്ടും ഞങ്ങടെ അപ്പനെ പറിച്ചു വെച്ചപോലെ. ഞാനീക്കാര്യം അപ്പനോട് ചോദിച്ചു. അതിനെന്നാ പുകിലായിരുന്നു എന്നറിയാവോ?’

 

ജോൺകുഞ്ഞിന്റെ ക്ഷമ ജീർണ്ണിച്ചു ആരുടെ മക്കളെപ്പറ്റിയാണ് ഇയാൾ പറയുന്നത്? അപ്പന്റെ ഇരട്ടമക്കളോ? അതിലൊന്ന് ഇയാൾ അല്ലെ? കൂടെ പിറന്ന ജോസുകുട്ടിചേട്ടായി വയറ്റിലെ ഇളക്കങ്ങൾ സഹിക്കാൻ മേലാതെ ഞെളിപിരികൊണ്ട് ആറാമത്തെ വയസ്സിൽ മരിച്ചുപോയത് അമ്മച്ചിയുടെ തഴമ്പിച്ച വാക്കുകളിൽ എപ്പോഴും കൊരുത്തു കിടന്നത് ജോൺകുഞ്ഞു ഓർക്കുന്നുണ്ട്. 

‘‘ചേട്ടായി, മറ്റേ പോത്ത് എന്തിയെ?’’ പീലി ദേഷ്യം പിടിച്ചു.

‘‘എനിക്ക് അറിയാൻ മേലാടാ. അനുസരണയില്ലാത്ത സാധനം. ഇങ്ങോട്ടൊന്നു വിളിച്ചാ അങ്ങോട്ട് പോവും. മൈ ...(തെറി). അതെവിടെങ്ങാനും പോട്ടെ’’

 

ജോൺകുഞ്ഞു ടോർച്ചെടുത്തു പറമ്പിലേക്കിറങ്ങി. അങ്ങേയറ്റം വരെ പോയി നോക്കി. പറമ്പിന്റെ പടിഞ്ഞാറേ അതിരിൽ കടുവാതോമ്മിയുടെ ഒരു കുളമുണ്ട്. അതിനകത്തു കിടന്നു നീരാടുവാണോ? അവിടെ ചെന്ന് ടോർച്ചു അടിച്ചു നോക്കി. കാണുന്നില്ല. മൂന്നര ഏക്കർ പറമ്പു മുഴുവൻ അയാൾ നടന്നു. ചിലപ്പോ തോന്നും, ടോർച്ചു വെളിച്ചത്തിൽ കാണുന്നത് പോത്തിന്റെ നിഴൽ ആണെന്ന്. അങ്ങനെ നടക്കവേ, പതുപതുത്ത മണ്ണ് കാലിൽ പറ്റിപ്പിടിച്ചു. രാവിലെ പീലിച്ചേട്ടായി കുഴി എടുത്ത സ്ഥലം. അത് മൂടിയിരിക്കുന്നു. കുഴിയിൽ എന്താണ്? അയാൾ താഴെ ടോർച്ചുമായി കുന്തിച്ചിരുന്നു. 

മണ്ണിൽ പോത്തിന്റെ രോമങ്ങൾ!!! 

 

അയാളുടെ തലയിൽ നിന്നും ശരീര രോമങ്ങൾ എഴുന്നേൽപ്പിക്കുന്ന തരംഗങ്ങൾ പുറപ്പെട്ടു. വേഗതയേറിയ കാൽചലനങ്ങൾ ഉണ്ടായി. പറമ്പിൽ വഴി നഷ്ട്ടപെട്ട് ഇടയ്ക്കിടെ നിന്നു. കുറച്ചു മണിക്കുറുകൾ കഴിഞ്ഞു ആകെ വിയർത്തൊലിച്ചു, പറമ്പിൽ നിന്നും കയറി ചെല്ലുമ്പോൾ വരാന്തയിൽ വായ തുറന്നു പിടിച്ചു കൂർക്കം വലിച്ചു പീലി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. ചെളി നിറഞ്ഞ വസ്ത്രങ്ങളുമായി, വിവശനായി അയാൾ ബെഡ്റൂമിലേക്ക് പോകുന്നത് കണ്ട ഡെയ്‌സി പിറകെച്ചെന്നു. അവർ ചെല്ലുമ്പോൾ അയാൾ ടോർച്ചു തെളിച്ചു ജനലയിലുടെ പറമ്പിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

‘എന്നതാ ജോണി ചേട്ടായി?’

 

ചിന്തകൾ കനം വെപ്പിച്ച മുഖം ഉയർത്തി അയാൾ ഡെയ്‌സിയെ നോക്കി. എന്നിട്ടു പറമ്പിലേക്ക് പറന്നു പോകുന്ന പ്രകാശം നോക്കി. 

‘നമ്മടെ അപ്പൻ ഇവിടെങ്ങാണ്ട് ഉണ്ടെടി’ ജോൺകുഞ്ഞു പറഞ്ഞു. 

 

അപ്രതീക്ഷിതമായ ഞെട്ടൽ കൊണ്ട് മരിച്ചു പോകുന്ന ഒരാളുടെ മുഖം എങ്ങനെ ആയിരിക്കും എന്ന് ഓർത്തുകൊണ്ട് ഡെയ്‌സി നിൽക്കവേ, പത്തനാപുരത്തിനടുത്ത് ലൂസിയാമ്മയുടെ വീട്ടിൽ, അവരുടെ ഇരട്ടക്കുട്ടികളിൽ, ജെറി എന്ന് പേരുള്ളവൾ ‘പീലിപ്പാന്റെ കാര്യങ്ങളൊക്കെ ഒന്നുടെ പറയമ്മേ’ എന്ന വാക്കുകളിൽ ലൂസിയാമ്മയെ അള്ളിപ്പിടിച്ചുകൊണ്ട്, അയാളുടെ ജീവിതം പൂരിപ്പിച്ചു ചേർക്കുകയായിരുന്നു. 

 

English Summary: Ellayippozhum kanathakunna Jerry, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com