ADVERTISEMENT

വിരൽ വെള്ളം (കഥ)

നട്ടുച്ച, ഉച്ചിയിൽ നിന്നും മാറിയിട്ടും വെയിലിനും ചൂടിനും ഒരു കുറവുമില്ല. ദാഹവും വിശപ്പും ഒരേ പോലെ കുഴഞ്ഞു മറിയുന്നു. ഉപ്പിട്ട് തണുത്ത ഒരു സോഡാ നാരങ്ങാ വെള്ളം ഇറക്കിയാലോ? അല്ലേൽ ആ ഹോട്ടലിൽ കയറി വാഴയിലയിൽ നിരത്തിയ ഊണ് കഴിക്കാം. സ്ഥിരമായുള്ള പറ്റുകാരുടെ ഇരുപ്പിന്റെ തഴമ്പിൽ വിങ്ങുന്ന ബെഞ്ചിലിരുന്നു കൊണ്ട് ഊണിന് പറഞ്ഞു. വെള്ളം ആദ്യം കിട്ടിയിരുന്നേൽ തൊണ്ട നനച്ചു വെക്കാമായിരുന്നു.

 

മുഖത്ത് പുഞ്ചിരിയുമായി ഒരാള് വന്നുനോക്കിയിട്ട്, വാഴേല അടുക്കി വെച്ചിരിക്കുന്ന ഡെസ്കിൽ ഇരുന്ന ചരുവത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം മുക്കിയെടുത്തുകൊണ്ട്‌ തിരികെ വരുന്നു. അയാളുടെ രണ്ടു വിരലുകൾ ഗ്ലാസ്സിനുള്ളിലെ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അതേ പുഞ്ചിരിയുമായി വന്ന് മുന്നിലെ ഡെസ്കിൽ വെച്ചിട്ട് അയാൾ പോയി. വേറെ വെള്ളം വേണമെന്ന് പറയാൻ ഓങ്ങിയപ്പോൾ തന്നെ, വേറൊരാള് വന്ന് വാഴയില വിരിച്ച് തൊടുകറികൾ വിളമ്പി കഴിഞ്ഞിരുന്നു. കിളുന്ന ഇളംപച്ചവാഴയിലയുടെ തുഞ്ചത്ത് വീണ കടുമാങ്ങ അച്ചാറിന്റെ ചെമപ്പ് നിറം കണ്ടപ്പോൾ, വീട്ടിൽ അമ്മ ഉണ്ടാക്കുന്ന അച്ചാറിന്റെ ഓർമ്മ ഉമിനീരായി ഇറങ്ങി. മാങ്ങയുടെ ചെറുകഷണങ്ങളിൽ ചെമന്ന കുഴഞ്ഞ ചാറിനോടൊപ്പം അങ്ങിങ്ങായി, കുഞ്ഞൻ കടുക് മണികൾ പറ്റി ചേർന്നിരിക്കുന്നു. അതിലൊരു കഷണമെടുത്ത് നാവിൽ വെച്ച് പല്ലുകൾക്കിടയിലേക്കി ചവച്ചു രുചിച്ചു നോക്കി.... അമ്മയുടെ അച്ചാറിന്റെ പോലത്തെ രുചി. ആ രുചിയുടെ കൂടെ, ബാക്കിയുള്ള കറികളും കൂട്ടി ഒരു തട്ട് തട്ടി. അങ്ങനെ ഊണിന്റെ കാശും കൊടുത്ത് സന്തോഷത്തോടെ റോഡിലേക്കിറങ്ങി നടന്നു....

 

‘‘ആഹാ... അങ്ങനെ... വിശപ്പും മാറി... ദാഹവും മാറി...’’

പെട്ടെന്ന് നിന്നിട്ട് ഒന്നാലോചിച്ച് കൊണ്ട്‌...

‘‘അപ്പോൾ.... ആ... വിരൽ വെള്ളം....’’

 

English Summary: Viral Vellam, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com