ADVERTISEMENT

ആദാമിന്റെ സന്തതികൾ (കഥ)

ആദാം കട്ടിലിൽ തിരിഞ്ഞു കിടന്നു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിന്നില്ല. ഒരു ഏങ്ങലോടെ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു

 

“എന്നാലും എന്റെ മോൻ എന്നോട് ഇങ്ങനെ ചെയ്തല്ലോ ?”

 

ആദാം എഴുന്നേറ്റ് മുഖം കഴുകി. എന്നിട്ട് പതിയെ വരാന്തയിൽ കിടന്ന ചൂരൽക്കസേരയിൽ പോയി ഇരുന്നു. പെട്ടെന്ന് അയാളുടെ ചിന്തകൾ പില്ക്കാലത്തേക്ക് പോയി.

 

ആദാമിന്റെ പേര് ആരിട്ടതാണെന്ന് അയാൾക്ക് കൃത്യമായി അറിയില്ല. ജനിച്ച് മുല കുടി മാറിയ‌ പ്രായത്തിൽ മാതാപിതാക്കൾ ഒരു യത്തീം ഖാനയിൽ ഉപേക്ഷിച്ച് പോയതാണ്. അവർ ആരായിരുന്നു എന്ന് ആദാമിന് അറിയില്ല. എന്തുകൊണ്ട് ഉപേക്ഷിച്ച് പോയി എന്ന് മനസ്സിലാക്കാൻ കുറെ വർഷങ്ങൾ വേണ്ടി വന്നു.

 

ഒരിക്കൽ കുറെ സ്കൂൾ കുട്ടികൾ യത്തീം ഖാന‌ സന്ദർശിച്ചു. അതിലൊരു കുട്ടി ആദാമിനെ ചൂണ്ടിക്കാട്ടി കൂട്ടുകാരോട് വിളിച്ചു പറഞ്ഞു

 

“ ദേ, ഭൂതം” വേറൊരു കുട്ടി ഏറ്റു പറഞ്ഞു “ ഭൂതമല്ലെടാ, ആദാം”. 

 

കുട്ടികളും മുതിർന്നവരും എല്ലാം പൊട്ടിച്ചിരിച്ചു. അന്നവൻ അത്താഴം പോലും കഴിച്ചില്ല. ഒരുപാട് കരഞ്ഞു. രാത്രി ഏകെ വൈകിയിട്ടും ആഹാരം കഴിക്കാൻ കാണാത്തത് കൊണ്ട് ഉസ്താദ് തിരക്കി വന്നു. അടുത്തിരുന്ന് ആദാമിന്റെ തല‌തടവിക്കൊണ്ട് പറഞ്ഞു.

 

“മോനേ, പടച്ചോൻ ഓരോരുത്തരേം ജനിപ്പിക്കുന്നത് ഓന്റെ ഇഷ്ടത്തിനാ. ചിലർക്ക് ഒത്തിരി മൊഞ്ചു കൊടുക്കും. ചിലരെ കണ്ണുമടച്ച് അങ്ങുണ്ടാക്കും. അപ്പോൾ ചിലർ നിന്നെപ്പോലയിരിക്കും. എന്ന് കരുതി നീ പടച്ചോന്റെ കുഞ്ഞല്ലാതെയാവുവോ?. വാ, വന്ന് കഞ്ഞി കുടിക്ക്”

 

അന്ന് മൊയ്തീന് മനസ്സിലായി തന്നെ എന്തുകൊണ്ടാണ് ഉമ്മായും വാപ്പായും ഉപേക്ഷിച്ച് പോയതെന്ന്. മോനെന്ന് പറഞ്ഞു വളർത്താൻ നാണക്കേട് തോന്നിയിട്ടുണ്ടാകും. ക്രമേണ ആൾക്കാർ അവനെ ആദാം എന്നു വിളിക്കാൻ തുടങ്ങി. മൊയ്തീൻ എന്ന പേര് എല്ലാവരും മറന്നു, അവനും.

 

രൂപം ഒരു ശാപമായ ജന്മം . പത്ത് വയസ്സിൽ തന്നെ ആറരയടി ഉയരം. ഇപ്പോൾ ഏഴടി മൂന്ന് ഇഞ്ച് പൊക്കം. കുടുതൽ വണ്ണമില്ലാത്ത ശരീരം, കോഴിമുട്ട പോലെ നീണ്ട തല. ഉന്തിയ പല്ലുകൾ അതുപോലെ പുറത്തേക്ക് തള്ളിയ കണ്ണുകൾ. നീളം കൂടി ബ്രായ്ക്കറ്റ് പോലെ വളഞ്ഞ കാലുകൾ, ഏകദേശം മുട്ടോളം എത്തുന്ന കൈകൾ. 

 

ആദാം സാധാരണ കണ്ണാടിയിൽ നോക്കാറില്ല. പേടിയാകും. കുട്ട്യോള് കൂകി വിളിക്കുന്നത് കൊണ്ട് പള്ളിക്കുടത്തിലുള്ള പഠിത്തം നിർത്തി. അല്ലേലും പഠിച്ചിട്ടെന്ത് ചെയ്യാൻ. എന്തായാലും അക്ഷരങ്ങളെ കൂട്ടി വായിക്കാൻ പഠിച്ചു. ഉസ്താദും പറഞ്ഞു, “അതു മതി”.

 

മരിക്കുന്നതി‌ന് മുമ്പ് ഓത്ത് പള്ളിയിലെ ഉസ്താദ് ഒരു ഉപകാരം ചെയ്തു. പള്ളിയിലെ വാങ്ക് വിളിയുടെ ചുമതല ആദാമിനെ ഏല്പിച്ചു. അങ്ങനെ ജീവിക്കാൻ ഒരു വഴിയായി. താമസവും യത്തീം ഖാനയിൽ നിന്നും പള്ളിയിലെ ഒരു ചെറിയ മുറിയിലേക്ക് മാറ്റി. അഞ്ചു നേരം വാങ്ക് വിളിയും മറ്റു ജോലികളുമായി പള്ളിയിൽ തന്നെ ആയി താമസം. ജീവിതം അങ്ങനെ കഴിഞ്ഞു. പുറത്തിറങ്ങിയാൽ ആൾക്കാർ നോക്കി ചിരിക്കുകയും കളിയാക്കുകയും ചെയ്യുമെന്ന് പേടിച്ച് പള്ളിയിൽ തന്നെ ഒതുങ്ങി. 

 

മൂത്ത ഹാജിയാരെ ഒരു വാപ്പായെ പോലെയാണ് ആദം കരുതിയിരുന്നത്. ആദാമിന് പ്രായം മുപ്പത്തി രണ്ട് കഴിഞ്ഞിരുന്നു. ഒരു ദിവസം മൂത്ത ഹാജിയാർ വിളിച്ചു ചോദിച്ചു

 

“മൊയ്തീനേ നിനക്ക് ഒരു പെണ്ണൊക്കെ കെട്ടണ്ടേ ?”

“എനിക്കാരാ വാപ്പാ, പെണ്ണ് തരുന്നത് ?” ആദാം ചിരിച്ചു കൊണ്ട് ചോദിച്ചു.

“അതിനൊന്നും നീ ബേജാറാവണ്ടാ. പടച്ചോൻ എല്ലാം ശരിയാക്കും” ഹാജിയാർ തല തടവിക്കൊണ്ട് പറഞ്ഞിട്ടെഴുന്നേറ്റു.

 

അടുത്ത വെള്ളിയാഴ്ച തന്നെ യത്തീമായ റംല എന്ന സുന്ദരിയായ യുവതിയുമായുള്ള നിക്കാഹ് ഹാജിയാർ നടത്തിക്കൊടുത്തു. പള്ളിക്കാർ മാത്രം ചേർന്ന ഒരു ചെറിയ ചടങ്ങ്. പള്ളിക്കാർ തന്നെ ഒന്ന് രണ്ട് പായും, കുറെ പാത്രങ്ങളും, മറ്റ് വീട്ടു സാധനങ്ങളും വാങ്ങിക്കൊടുത്തു. സ്ഥിരമായ ഒരു ശമ്പളവും നിശ്ചയിച്ചു. അന്ന് ആദാം മൂത്ത ഹാജിയാരുടെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു.

 

വളരെ സ്നേഹവും വിവരവും ഉള്ള ഒരു പെണ്ണായിരുന്നു റംല. ഒള്ളത് കൊണ്ട് ഓണം പോലെ എന്നു പറഞ്ഞ പോലെ വളരെ സന്തോഷത്തോടെ അവർ ജീവിച്ചു. അടുത്ത വർഷം സുന്ദരനായ ഒരു ആൺകുഞ്ഞിനെ റംല പ്രസവിച്ചു. യാതൊരു‌ വൈകല്യവുമില്ലാത്ത ഒരു നല്ല കുഞ്ഞ്. മൂത്ത ഹാജിയാർ അവന് അക്ബർ എന്ന് പേരിട്ടു. ഇതുപോലെ ഒരു സന്തോഷം ആദാമിനുണ്ടായിട്ടില്ല. ജന്നത്ത് മുഴുവനായും കിട്ടിയ പോലെ.

 

കുട്ടി ജനിച്ചതോടെ പള്ളിക്കാർ ‌ആകെ സന്തോഷിച്ചു. ആദാമിന്റെ ശമ്പളം കുറച്ച് കൂടി, വർദ്ധിപ്പിച്ചു. കാലം കടന്നു പോയി. അക്ബറിനെ സ്കൂളിൽ ചേർത്തു. പഠിക്കാൻ മിടുക്കനായിരുന്നു അക്ബർ. അക്ബറിന്റെ എട്ടാം പിറന്നാളിന്റെ പിറ്റേന്ന് മൂത്ത ഹാജിയാർ മയ്യത്തായി. ആദാമും കുടുംബവും ഏറ്റവും കൂടുതൽ കരഞ്ഞ ദിവസമായിരുന്നത്. 

അക്ബറിനെ സ്കൂളിൽ ചേർക്കാനും മറ്റും പോയിരുന്നത് റംലയായിരുന്നു. അതങ്ങനെ‌ തന്നെ തുടർന്നു. 

 

അക്ബർ എട്ടാം ക്ളാസ്സിൽ പഠിക്കുന്ന കാലം. ഏതോ പ്രശ്നത്തിന് തന്റെ വാപ്പയെ വിളിച്ചു കൊണ്ട് വരാനായി ടീച്ചർ പറഞ്ഞു. വളരെ നിർബ്ബന്ധിച്ചതിന് ശേഷമാണ് ആദാം സ്കൂളിൽ വന്നത്. അന്ന് ഒരു കാര്യം അക്ബർ തീരുമാനിച്ചു. ഇനി ഒരിക്കലും വാപ്പായെ തന്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തത്തില്ല. സ്കൂളിൽ വരുത്തത്തുമില്ല. അത്രയ്ക്ക് കളിയാക്കി കൂട്ടുകാർ.

 

അക്ബറിന്റെ പത്താം ക്ലാസ്സ് പരീക്ഷ ഫലം വന്ന ദിവസം ആദാം ഒരുപാട് സന്തോഷിച്ചു. സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് അക്ബറിന് ആയിരുന്നു. പക്ഷേ മാർക്ക് ലിസ്റ്റ് വാങ്ങാൻ ഉമ്മാ മാത്രം വന്നാൽ മതി എന്ന് അക്ബർ പറഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞു.

 

തുടർന്ന് അക്ബറിന് എഞ്ചിനീയറിങ് കോളേജിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കിട്ടി. നല്ല രീതിയിൽ പഠിച്ച് ക്ലാസ്സോടു കൂടി പാസ്സായി. താമസിയാതെ ദുബായ് നഗരത്തിലെ ഒരു വലിയ കമ്പനിയിൽ ജോലി കിട്ടി. നല്ല ശമ്പളം ഒക്കെ കിട്ടിയപ്പോൾ ആദാമിനോട് പറഞ്ഞു, പള്ളിയിലെ വാങ്കു വിളിയൊക്കെ നിർത്തി, ഒരു പുതിയ പുരയിലേക്ക് താമസം മാറാൻ. ആദാം ‌തീരെ സമ്മതിച്ചില്ല. ജീവിതം അങ്ങനെ കടന്നു പോയി.

 

ഒരു ദിവസം ആദാമിന് ഒരു കല്യാണക്കുറി കിട്ടി. അക്ബറിന്റെ നിക്കാഹ് ദുബായിലെ ഒരു മലയാളി കുടുംബത്തിലെ ഷാഹിദയുമായി നടക്കുന്നെന്ന്. റംല അന്ന് ഒരുപാട് കരഞ്ഞു. കല്യാണം കഴിഞ്ഞ് അക്ബർ ദുബായിൽ തന്നെ സ്ഥിരതാമസം തുടങ്ങി. എല്ലാ മാസവും റംലയുടെ പേരിൽ കാശയച്ചു കൊടുക്കും. പക്ഷേ ഒരിക്കൽ പോലും നാട്ടിൽ വന്നില്ല.

 

കാലം കടന്നു പോയി. ആദാമിന് വാങ്ക് വിളിക്കാൻ വയ്യാണ്ടായി. പള്ളിക്കാർ വേറൊരാളെ അതിനായി നിയമിച്ചു. ആദാമും റംലയും ജീവിച്ചിരിക്കുവോളം പള്ളിയിലെ മുറിയിൽ തന്നെ താമസിക്കുവാനുള്ള അനുവാദവും കൊടുത്തു.

 

അക്ബറിന്റെ രണ്ടു പെൺമക്കളിൽ മൂത്തവളായ ഷെറീന്റെ നിക്കാഹ് നിശ്ചയിച്ചു. കൊല്ലത്തെ ഒരു ധനിക മുസ്ലിം കുടുംബത്തിലെ സമീർ എന്ന, ദുബായിൽ തന്നെ ജോലിയുള്ള പയ്യനുമായി. ചെറുക്കൻ വീട്ടുകാർക്ക് ഒരു നിർബന്ധം. നിക്കാഹ് കൊല്ലത്തുള്ള മുസ്ലിയാർ ഹാളിൽ വച്ച് തന്നെ നടത്തണം എന്ന്.

 

അങ്ങനെ അക്ബറും കുടുംബവും നാട്ടിലെത്തി. കല്യാണം നടത്തുന്നത് വരെ താമസിക്കാൻ ഒരു വലിയ വീട് കടപ്പാക്കടയിൽ വാടകയ്ക്കെടുത്തു. ഒരു ദിവസം അവരെല്ലാം കൂടി ആദാമിനേയും റംലയെയും കാണാൻ വന്നു. കുട്ടികൾക്ക് ഉപ്പാപ്പയേയും ഉമ്മുമ്മായെയും ഒരുപാട് ഇഷ്ടപ്പെട്ടു. റംലയെ അവരുടെ കൂടെ‌ കൊണ്ടുപോയി. ഇറങ്ങാൻ നേരം അക്ബർ ആദാമിനോട്‌ പറഞ്ഞു.

 

“വാപ്പാ ഇവിടെ തന്നെ നിക്ക്. നിക്കാഹ് കഴിയട്ടെ. തല്ക്കാലം നിങ്ങൾ മയ്യത്തായി എന്നാണ്‌ ഞാൻ പറഞ്ഞിരിക്കുന്നത്. അതങ്ങനെ തന്നെ ഇരിക്കട്ടെ. പിന്നീട് ഞാൻ എല്ലാം പറയാം’’

 

ആദാമിന് തന്റെ മയ്യത്തിന്റെ‌ പുറത്ത് മകൻ അവസാനത്തെ മണ്ണ് വാരിയിട്ടതു പോലെ തോന്നി. പക്ഷേ അയാൾ കരഞ്ഞില്ല. ഒന്നും തോന്നിയതുമില്ല. മയ്യത്തിനെന്ത്‌ തോന്നാൻ ?

 

ഉച്ച കഴിഞ്ഞു. ഇപ്പോൾ നിക്കാഹ് കഴിഞ്ഞിട്ടുണ്ടാകും. ആദാം എഴുന്നേറ്റ് കയ്യും കാലും, മുഖവും കഴുകി വന്ന് ഒരു പായ എടുത്ത് തറയിൽ വിരിച്ച് നിസ്ക്കരിച്ചു. യാസീൻ സൂറ ചൊല്ലി പടച്ചോനോട് കുട്ടികളുടെ ഐശ്വര്യത്തിനായി യാചിച്ചു. കുറച്ചു നേരം തറയിൽ തന്നെ ഇരുന്നു. 

 

ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞു കാണും. പള്ളിയുടെ ഗേറ്റും കടന്ന് നാല് കാറുകൾ വരുന്നത് കണ്ട്‌ ആദാം എഴുന്നേറ്റു. അലങ്കരിച്ച ഒരു വെള്ള കാർ വന്നു നിന്നു. അതിൽ നിന്നും നിക്കാഹിന്റെ വേഷത്തിൽ തന്നെ ഷെറീൻ ഇറങ്ങി. പിറകേ സമീറും. ഷെറീൻ ഓടി വന്ന് “എന്റുപ്പപ്പാ” എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് ആദാമിനെ കെട്ടിപ്പിടിച്ചു.

 

“എന്റെ മക്കളേ’’ എന്നും പറഞ്ഞ് രണ്ട് പേർക്കും ഒരുപാട് മുത്തം കൊടുത്തു. കണ്ടു നിന്ന എല്ലാവരുടെയും കണ്ണു നിറഞ്ഞു. സമീറിന്റെ വാപ്പാ റസാക്ക് മുതലാളി മുന്നോട്ട് വന്ന് ആദാമിന്റെ കൈയ്ക്ക് പിടിച്ചു. എന്നിട്ട് അക്ബറിന്റെ മുഖത്ത് ദേഷ്യത്തോട് നോക്കി ചോദിച്ചു 

 

“ഇതാണോ ങ്ങള് പറഞ്ഞ മയ്യത്തായ ബാപ്പ?”

“പടച്ചോനേ, ഈ മോളിലെങ്കിലും മനുഷ്യത്വം ബാക്കി നിന്നല്ലോ?’’

 

“അൽഹംദുലില്ല”….

 

English Summary: Aadhaminte santhathikal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com