ADVERTISEMENT

വൈകി എത്തിയ വസന്തം അഥവാ ... (കഥ)

 

അയാളുടെ ഉള്ളൊന്നു പിടഞ്ഞു.  

 

‘അവൾ ഇത് വരെ വന്നില്ലല്ലോ. ഇതിന് മുൻപും വൈകിയെത്തിയിട്ടുണ്ട്. പക്ഷേ ഇത്ര വൈകിയിട്ടില്ലായിരുന്നു. ഇനി ഇന്ന് വരാതിരിക്കുമോ? ഇല്ല അവൾക്ക് വരാതിരിക്കാൻ കഴിയില്ല.’ 

 

പുറത്ത് മഴ ചാറുന്നുണ്ട്. തണുത്ത കാറ്റും. ‘മഴ നനയാതിരിക്കാൻ എവിടെയെങ്കിലും കയറി നിൽക്കുകയായിരിക്കുമോ? പക്ഷേ പെരുമഴയത്തും അവൾ വന്നിട്ടുണ്ടല്ലോ? ഇനി എന്തെങ്കിലും അപകടം?’

  

കലങ്ങി മറിഞ്ഞ മനസ്സുമായി അയാളിരുന്നു..  

 

‘അവൾ ഇന്ന് വന്നില്ലെങ്കിലോ? ആലോചിക്കാനേ വയ്യ.’ 

 

ഉടലിൽ ഒരു തരിപ്പ് അരിച്ചു കയറി. ‘എത്ര പേരാണ് കാത്തിരിക്കുന്നത്?’ ഇത് വല്ലതും അവൾ അറിയുന്നുണ്ടോ ആവോ

 

‘വന്നോ മോനെ?’കിടക്കയിൽ കിടന്ന് കണ്ണ് തുറക്കാതെ ആധിയോടെ അമ്മ ചോദിച്ചു. 

 

‘വന്നില്ലമ്മേ.’ ഒന്ന് മൂളി അമ്മ തിരിഞ്ഞു കിടന്നു. നെഞ്ചിടിപ്പ് കൂടി കൂടി വരുന്നു. പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. പക്ഷേ അവളല്ല..   

‘‘വന്നോ’’, മറുതലക്കൽ ആകാംക്ഷയുടെ, ആശങ്കയുടെ പെരുമ്പറ. ‘‘ഇല്ല, വന്നില്ല.’’   

 

‘‘വന്നാൽ ഉടനെ അറിയിക്കണം’’ ഫോൺ കട്ട്‌ ചെയ്തു.  

 

‘‘എന്താ വൈകുന്നേ അച്ഛാ?’’

 

‘‘അറിയില്ല മോളെ.’’ വാക്കുകളിൽ കരച്ചിൽ വന്ന് തുടങ്ങിയിരുന്നു. 

 

‘ഈശ്വരാ, ഈ രാത്രീല് എവിടെയാ അന്വേഷിയ്ക്ക്യ? ആരോടാ ചോദിയ്ക്ക്യ?’ 

‘വൈകിയെത്തിയ വേളകളിൽ, നീ എപ്പോഴും സങ്കടങ്ങൾ അല്ലെ തന്നിട്ടുള്ളൂ, എങ്കിലും എപ്പോഴും ഞാൻ നിനക്കായ്‌ കാത്തിരിക്കും’ ഒരു തേങ്ങലിലും അയാളുടെ മനസ് പറഞ്ഞു.  

 

തളർന്നു പോയിരുന്ന അയാൾ കസേരയിൽ ഒന്ന് ചാരി മയങ്ങി. 

 

കാത്തിരുന്ന ആ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നു. കാതിലൊരു തേൻ മഴയായ് അത് മാറിയിരുന്നു.

 

‘‘വന്നു, വന്നു’’. അയാൾ അത്യാഹ്ലാദത്തിൽ തെല്ലുറക്കെ പറഞ്ഞു. അവിടെയാകെ ആശ്വാസ നിശ്വാസങ്ങൾ.   

 

അതെ, വൈകിയാണെങ്കിലും അവൾ വന്നിരിക്കുന്നു. അയാളുടെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞിരിക്കുന്നു. ആനന്ദാശ്രുക്കൾ.. 

 

അയാൾ അവളെ തന്നെ നോക്കി. മുഖത്തു വൈകിയെത്തിയതിന്റെ ഏറ്റു പറച്ചിൽ. അവളുടെ കണ്ണുകളിൽ നിസ്സംഗമായ മനസ്സിന്റെ മന്ത്രണം അയാൾ കേട്ടു.’’  

 

‘‘ഞാൻ വൈകിയെത്തുമ്പോൾ നിങ്ങൾക്ക് നഷ്ട്ടങ്ങളല്ലേ ഉണ്ടായിട്ടുള്ളൂ, ഇപ്പോഴും അങ്ങനെ തന്നെ,  പക്ഷേ എന്നെ ശപിക്കരുത്’’

 

‘‘ഇല്ല പ്രിയപ്പെട്ടവളെ, എത്ര വൈകിയാലും നിനക്കായ്‌ ഇനിയും ഞാൻ കാത്തിരിക്കും,  എന്നുമെന്നും.’’

 

എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കി, അവളുടെ ഹൃദയത്തിലെഴുതിയ ആ വരികൾ അയാൾ ഉറക്കെ വായിച്ചു. 

   

‘‘ഡിയർ കസ്റ്റമർ,  യുവർ ഒ ടി പി ഫോർ ദി ട്രാൻസാക്ഷൻ ......... ഈസ്‌ അഞ്ച് എട്ട് നാല് മൂന്ന്’’

 

സമർപ്പണം : തൽസമയത്ത് ഒ ടി പി വരാതെ ധനനഷ്ടവും സമയ നഷ്ടവും മാനഹാനിയും നേരിട്ട പതിനായിരങ്ങൾക്ക്.. തന്റേതല്ലാത്ത കാരണങ്ങളാൽ വൈകിയെത്തിയ നിരവധി ഒ ടി പി കൾക്ക്..  ഇനിയും ലക്ഷ്യത്തിലെത്താതെ അന്തരീക്ഷത്തിൽ അലയുന്ന അനവധി ഒ ടി പി ആത്മാക്കൾക്ക്  

 

English Summary: Vaiki ethiya vasantham, adhava... Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com