‘ഒരു ലെസ്ബിയന്‍ ആയിരിക്കുക എന്തു രസമായിരിക്കും, മെയില്‍ ഈഗോ സഹിക്കണ്ട, കുഞ്ഞുങ്ങളെ പ്രസവിക്കണ്ട..’

couple-lesbian-woman-gay-pride-flag
Representative Image. Photo Credit : Jose Luis Carrascosa / Shutterstock.com
SHARE

അവളിലേക്കുള്ള ദൂരം (കഥ)

ധൃതിയില്ല, അത്യാവശ്യമല്ല, എങ്കിലും വൈകാതെ ഒന്നു കാണണമെന്ന് അവള് പറഞ്ഞപ്പോള്‍ കാര്യമറിയാനുള്ള ആകാംക്ഷ മാത്രമായിരുന്നില്ല ആ പോക്കിനു കാരണം. പാലക്കാട് വീട്ടില്‍ പകല്‍ സമയങ്ങളില്‍ എന്റെ ഒരേയൊരു ചിന്ത ഇന്നെവിടേയ്ക്ക് പോകാം എന്നതുമാത്രമാണ്. അതുകൊണ്ട് ഇത്തിരി ദൂരെയാണെങ്കിലും, ഈ കൊറോണക്കാലത്ത് ബസിലൊന്നും കയറണ്ട എന്ന് ചുറ്റിലുമുള്ള മുഴുവന്‍ പേരും വിലക്കിയിട്ടും ഞാന്‍ പോയി. വിലക്ക് ലംഘിച്ചില്ല. സ്‌കൂട്ടര്‍ ഓടിച്ചാണ് പോയത്. 90 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. രാവിലെ പോയി വൈകുന്നേരം തന്നെ വരാനായിരുന്നു പ്ലാന്‍. എട്ടു മണിയോടെ ഇറങ്ങി. പറത്തിവിട്ടു. എത്ര പറത്തിയിട്ടും പതിനൊന്ന് മണി കഴിഞ്ഞാണ് എത്തിയത്. 

ഒട്ടും ക്ഷീണിപ്പിക്കാത്ത യാത്രയായിരുന്നു. കാറ്റും ചെറുമഴയും പച്ചച്ച വയലുകളും. ഇതുവരെ കണ്ടിട്ടില്ലാത്ത പാലക്കാടന്‍ വഴികള്‍. വലിയൊരു വയല്‍ കടന്ന്, കുറേ വീടുകള്‍ക്കിടയിലൂടെ ഒരു കുന്നിനു മുകളില്‍ ചെല്ലണം. അവിടെയാണ് അവള്‍ ജോലി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രം. വഴി പോലെതന്നെ എത്തിയ സ്ഥലവും പച്ചപ്പും മരങ്ങളും കാടുപടലങ്ങളും കുളങ്ങളുമൊക്കെ നിറഞ്ഞ തനി പ്രകൃതിസൗഹൃദ കേന്ദ്രം. ആറോ ഏഴോ കാറുകളും നാലഞ്ചു ടൂ വീലറുകളും. ഉച്ച വരെ ഒ.പി. സമയമാണ്. അതിനു വന്നവരുടേതാണ്. അഡ്മിറ്റായ രോഗികളുടെ കൂടെ ബൈസ്റ്റാന്‍ഡേഴ്‌സിനെ അനുവദിക്കില്ല എന്ന ബോര്‍ഡുകള്‍ മരത്തില്‍ കെട്ടിത്തൂക്കിയും മതിലിലൊട്ടിച്ചും പലയിടത്തുമുണ്ട്. 

പത്തിരുപത് മിനിറ്റ് കാത്തിരുപ്പിച്ചിട്ടാണ് അവള് വന്നത്. മഞ്ഞനിറത്തിലെ കുര്‍ത്തയും ചുമന്ന ലെഗ്ഗിന്‍സും അവള്‍ക്ക് അല്‍പംകൂടി നിറം നല്‍കി. അല്ലെങ്കിലും അവള്‍ വെളുത്തിട്ടാണ്. ആവശ്യത്തിലധികം തൈര് കഴിക്കുന്നതുകൊണ്ടാണ് നീ വെളുത്തിരിക്കുന്നതെന്ന് ഞങ്ങളവളെ കളിയാക്കുമായിരുന്നു. തൈര് പഞ്ചസാരയും കൂട്ടി, തൈര് പച്ചമുളകും കൂട്ടി, തൈര് ചോറും കൂട്ടി.. അങ്ങനെ തൈര് കഴിക്കാന്‍ അവള്‍ക്ക് എന്തെങ്കിലുമൊക്കെ കോമ്പിനേഷന്‍ മതിയായിരുന്നു. ബോംബെയില്‍ ഒരുമിച്ചുണ്ടായിരുന്ന നാലഞ്ചു മാസക്കാലം എന്റെ അക്കൗണ്ടിലെ തൈര് മുഴുവന്‍ അവളാണ് കഴിച്ചത്. കാമ്പസിലെ കാന്റീനില്‍ എന്നും തൈരുണ്ടാകുമായിരുന്നു. എനിക്കാണെങ്കില്‍ കാണാന്‍ പോലും ഇഷ്ടമല്ലാത്ത ഒരു സാധനം. 

കാണുമ്പഴേ എന്നെ ചൊറിയാനുള്ള ഒരുകൂട്ടം ചോദ്യങ്ങളുമായാണ് അവള്‍ സംസാരം തുടങ്ങുന്നതുതന്നെ. കല്യാണം കഴിച്ചൂടായിരുന്നോ, പണിയെടുക്കാതെ വല്ലവന്റേം ചെലവില്‍ യാത്ര ചെയ്തൂടെ.. ഇത്തവണ വല്യ മിണ്ടാട്ടമൊന്നുമില്ല. നീയെന്തേ കല്യാണം കഴിക്കുന്നില്ലെന്ന് ചോദിച്ചാല്‍, അതിന് ഞാന്‍ ഇങ്ങളേക്കാള്‍ നാലഞ്ചു വയസ് എളുപ്പല്ലേ ന്ന് പകുതി മാത്രം മനസ്സിലാകുന്ന മലപ്പുറം ഭാഷയില്‍ ചോദിക്കും. ‘പള്ള പൈക്കണ്’ന്ന് അവള് പറയുന്നതാണ് എനിക്കേറ്റോം നന്നായി മനസ്സിലാകുന്ന അവളുടെ വാചകം. 

അവള്‍ മിണ്ടാതെ എന്നെത്തന്നെ നോക്കിയിരിക്കുന്നു. എന്താന്ന് ഞാന്‍ പുരികമുയര്‍ത്തി. ഒന്നൂല്ലെന്ന് ഓള് തോളും കുലുക്കി. ഇത്രനേരം നോക്കിയിരിക്കാനുള്ള സൗന്ദര്യമൊന്നും നിനക്കില്ലെന്നു പറഞ്ഞ് ഞാന്‍ പോകാന്‍ എണീറ്റു. അവളെന്റെ കൈയില്‍ പിടിച്ചു. ‘പ്രേമം പൊട്ടിയെടി’. എനിയ്ക്കു വലിയ ഞെട്ടലൊന്നും തോന്നിയില്ല. എത്ര പ്രേമം പൊട്ടിയിരിക്കുന്നു. അതിനാണോ എന്നെ ഇത്രദൂരം വണ്ടിയോടിച്ചേ മാക്രി എന്നാ ഞാനാദ്യം മറുപടി പറഞ്ഞത്. പിന്നെ തോന്നി ഇത്ര ഇന്‍സെന്‍സിറ്റീവാവാന്‍ പാടില്ലെന്ന്. ഞാന്‍ ഇരുന്നു. 

എന്താ കാരണം, അല്ല, വല്ല കാരണവും ഒണ്ടോ. 

അറിയില്ല, അവന് ബുദ്ധിമുട്ടുണ്ട് തുടരാന്‍ എന്നു പറഞ്ഞു.

എന്ത് ബുദ്ധിമുട്ട്.

കാരണമൊന്നും പറഞ്ഞില്ല.

നീ ചോദിച്ചില്ലേ.

ചോദിച്ചു. പറഞ്ഞില്ല.

എത്ര ദെവസായി. നിനക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നുണ്ടോ.

ഒരാഴ്ചയായി. ഹാന്‍ഡില്‍ ചെയ്യുന്ന കൊണ്ടാണല്ലോ ഞാനിങ്ങനെ ഇരിക്കുന്നെ. കെണറ്റില്‍ ചാടിയില്ലല്ലോ.

അല്ല, നിന്റെ കാര്യമാണല്ലോ. ചാടിയല്ലല്ലോ ബ്ലേഡ് എടുത്താണല്ലോ ശീലം. ബ്ലേഡ് വാസു..

അതൊക്കെ പണ്ടല്ലേ. ബുദ്ധിയില്ലാത്ത കാലത്ത്. 

ഇപ്പ പിന്നെ ഭയങ്കര ബുദ്ധിയാണല്ലോ. എന്നാ നമുക്കൊരു ഐസ് ക്രീം കഴിക്കാന്‍ പോയാലോ.

എല്ലാ സാധാരണ ഫ്രണ്ട്‌സിനെയും പോലെ ഞാനും കൂളാകാനും ആക്കാനും ശ്രമിച്ചു. പക്ഷേ അവള്‍ക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. 

സെക്‌സാണ് അവന്റെ പ്രശ്‌നമെന്നു തോന്നുന്നു.

സെക്‌സില്‍ എന്ത് പ്രശ്‌നം. 

അവനെപ്പൊ സെക്‌സിനു മുതിര്‍ന്നാലും ഞാന്‍ താല്‍പര്യം കാണിക്കില്ല. അവന് ദേഷ്യം വരാറുണ്ട്. ഒന്നുരണ്ടു തവണ നല്ല കലിപ്പില്‍ ഇറങ്ങിപ്പോകോം ചെയ്തു. എനിയ്ക്ക് വേറാരെങ്കിലുമുണ്ടോ എന്നൊക്കെ ചോദിച്ചു.

ശരിക്കും വേറാരെങ്കിലുമുണ്ടോ.

ഒണ്ട്. നിന്റപ്പൂപ്പന്‍. 

പിന്നെന്താ കാര്യന്ന് പറ. പറയാതെങ്ങനെ അറിയാനാ..

എനിക്ക് അതിനു പറ്റുന്നില്ലെടോ. പേടിയും വെറവലൊന്നും അല്ല. നമുക്കൊരു തോന്നല് വരണ്ടേ. അത് വരുന്നില്ല. 

നീ കുറച്ചൂടെ ഡീറ്റെയ്ല്‍ഡ് ആയിട്ടു പറ. സൊല്യൂഷനില്ലാത്ത പ്രശ്‌നമൊന്നുമല്ലല്ലോ. സെക്‌സ് തെറാപ്പി ചെയ്യുന്നൊരു ഫ്രണ്ടുണ്ടെനിക്ക്.

ഞാനവനെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതില്‍ കൂടുതലൊന്നും പറ്റുന്നില്ല. 

അവനിതൊക്കെ തിരിച്ച് ചെയ്യുമ്പൊ നിനക്ക് ഇഷ്ടാവാറുണ്ടോ. അതോ പ്രശ്‌നാണോ. 

ഉമ്മ തരുന്നതും തൊടുന്നതുമൊക്കെ ഇഷ്ടാണ്. ഉടുപ്പൂരാന്‍ പറഞ്ഞാലൊക്കെ വല്ലായ്മയാണ്. ഡ്രസ്സില്ലാത്ത അവന്റെ ശരീരവും എനിയ്ക്ക് പ്രശ്‌നാണ്. പേടിയല്ല, ഒരുതരം ഇഷ്ടമില്ലായ്മ. 

നീയൊരു MSW ക്കാരി അല്ലേ. ഇതിനെക്കുറിച്ചൊക്കെ മിനിമം ധാരണയുണ്ടല്ലോ. പേടിക്കണ്ട. നമുക്കാരെയെങ്കിലും കണ്‍സള്‍ട്ട് ചെയ്തുനോക്കാം.

എന്റെ ഡൗട്ട് എനിക്കിഷ്ടം പെണ്ണുങ്ങളെയാണോന്നാ. റൂം മേറ്റ് ഒരു കുട്ടിയുണ്ട്. അവളുടെ കട്ടിലിന്റെ കാലൊടിഞ്ഞ സമയത്ത് ഒന്നുരണ്ടു രാത്രികളില്‍ അവളെന്റെ കട്ടിലില്‍ വന്നുകിടന്നു. ചെറിയ കട്ടിലാ. ആരും കൂടെ കെടക്കുന്നത് ഇഷ്ടമല്ലാത്ത ഞാനായിരുന്നു. ആ ദിവസങ്ങളില്‍ എനിക്ക് കൊഴപ്പം തോന്നിയില്ല. ഇന്‍ ഫാക്ട് എനിക്ക് രസവും തോന്നി. ഇതിപ്പ എങ്ങനെ കണ്ടുപിടിക്കും.

നമുക്കൊന്ന് പരീക്ഷിച്ചാലോ. ഒരാവേശത്തിനാണ് പറഞ്ഞതെങ്കിലും അവള്‍ക്ക് അതാണ് വേണ്ടിയിരുന്നതെന്ന് തോന്നുന്നു. അതിനു വേണ്ടിത്തന്നെയാണ് അവള്‍ വിളിച്ചുവരുത്തിയതെന്ന് തോന്നി. 

എന്നെക്കൊണ്ട് പറ്റുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും രസമുള്ളൊരു ആവേശമുണ്ടായിരുന്നു. മുന്നേ തിരുവനന്തപുരത്ത് വെച്ച് അവനായിരുന്നൊരുത്തന്‍ അവളായി മാറുന്നത് നേരില്‍ അനുഭവിച്ചതാണ്. അന്നും ഇതേ ആവേശമായിരുന്നു. കുറച്ചുനാള്‍ ആണ്‍കുട്ടിയാകാന്‍, കുറച്ചുനാള്‍ മറ്റെന്തെങ്കിലുമാകാന്‍ അങ്ങനെ സ്ഥിരമായ ഒന്നുമാകാതെ പലതുമാകാന്‍ തോന്നാറുണ്ട്. ഞാനൊരു ബൈ സെക്ഷ്വലോ ലെസ്ബിയനോ ആണോ എന്ന് ഞാനിതുവരെ കണ്ടെത്തിയിട്ടില്ല. ഇത് രസമുള്ളൊരു അവസരമായിരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ചു.

ഞങ്ങള്‍ അവളുടെ മുറിയിലേക്ക് പോയി. ആ മുറിയില്‍ നിന്ന് സെക്‌സ് ചെയ്യണമെങ്കില്‍ അസാമാന്യ ക്ഷമ വേണം. അത്രയ്ക്ക് അലങ്കോലമായൊരു മുറി. വൃത്തി അസുഖത്തിന് സ്ഥിരം ചീത്ത കേള്‍ക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന എനിക്ക് ആ മുറി ഒരു പ്രശ്‌നമായി തോന്നി. എന്റെ പരാതി സഹിക്കാതെ അവള്‍ കൂടെ ജോലി ചെയ്യുന്ന മറ്റൊരു കുട്ടിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തരക്കേടില്ലാത്ത വൃത്തിയുണ്ട്. അതുവെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായി. 

പരീക്ഷണത്തില്‍ ആദ്യം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. കെട്ടിപ്പിടിക്കണോ, ഉമ്മ വെക്കണോ അതോ ഉടുപ്പൂരണോ. ഒരു പിടിയുമില്ലാതെ കുറച്ചുനേരം ബെഡ്ഡിലിരുന്നു. യൂ ട്യൂബില്‍ സെക്‌സ് സീന്‍ കണ്ടാലോ എന്ന് അവളുടെ സജഷന്‍. അതെനിക്ക് അല്ലെങ്കിലേ വര്‍ക്കാവില്ല എന്നുള്ളതുകൊണ്ട് കുറച്ചുനേരം കെട്ടിപ്പിടിച്ച് ഇരുന്നുനോക്കിയാലോ എന്നായി ഞാന്‍. അവളും സമ്മതിച്ചു. കുറച്ചുനേരം ഞങ്ങളങ്ങനെ കെട്ടിപ്പിടിച്ചിരുന്നു. ആണുങ്ങളെ കെട്ടിപ്പിടിക്കുമ്പോഴുള്ള അതേ പോലെ. അവളുടെ മുടിയ്ക്ക് നീളമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആണായിത്തന്നെ ഫീല്‍ ചെയ്യാന്‍ പറ്റുന്നു. ശരിക്കും ഇതിലൊന്നും വല്യ കാര്യമില്ലായിരിക്കുമോ. ഏതു ശരീരങ്ങളോടും മനുഷ്യന് ഒരേ ആഗ്രഹമാണോ. 

അവളെന്റെ മുടി ശല്യമില്ലാത്ത കഴുത്തില്‍ വിലരുകളോടിച്ചു. എനിക്ക് ഇക്കിളിയായി. അവളവിടെ ഒരുമ്മയും വെച്ചുതന്നു. എനിയ്ക്ക് എഴുന്നേറ്റ് ഓടിയാലോ എന്നുതോന്നി. ആണുങ്ങളെ പ്രേമിക്കാനേ പാടുപെടുന്ന ഞാനിനി പെണ്ണുങ്ങളെയും പ്രേമിക്കേണ്ടി വരുമോ എന്നു പേടിച്ചു. അവളെന്റെ കവിളിലും നെറ്റിയിലും ചെവികളിലുമൊക്കെ ഉമ്മ വെക്കാന്‍ തുടങ്ങി. അത് അവനല്ല അവളാണ് എന്നെനിക്കു തോന്നാതെയായി. ഇടയ്ക്ക് അവളെണീറ്റു പോയി ജനലുകള്‍ കുറ്റിയിട്ട് കര്‍ട്ടന്‍ വലിച്ചിട്ടു തിരിച്ചുവന്നു. എനിയ്ക്ക് വെള്ളം കുടിക്കാന്‍ തോന്നി. കുപ്പിയില്‍ തുള്ളി പോലുമില്ല. അവള്‍ പുറത്തുപോയി വെള്ളമെടുത്തുവന്നു. ഇത് വേണോ, അവളോട് പറയാതെ ഇറങ്ങി ഒരോട്ടം ഓടിയാലോ എന്നു ചിന്തിച്ചു. ഓടാന്‍ കഴിഞ്ഞില്ല. 

അവള്‍ വെള്ളവുമായി തിരിച്ചു വന്നു. കുപ്പിയുടെ പകുതി ഒറ്റടിയ്ക്ക് അകത്താക്കി. റെഡിയാണോ എന്ന് ചോദിച്ച് അവളെന്റെ കഴുത്തിന്റെ രണ്ടുവശത്തും കൈകള്‍ കോര്‍ത്തുപിടിച്ച് ഒരു ലിപ് ലോക്ക് ട്രൈ ചെയ്തു. ഇത്തവണ ഞാന്‍ വേരോടെ പിഴുതെറിയപ്പെട്ടു. ഇന്നലെ വരെ ഞാന്‍ എന്താണെന്നു കരുതിയോ അതല്ലാത്ത എന്നെയാണോ ഇവളീ കാണിച്ചുതരുന്നതെന്ന് ആശങ്കിച്ചു. 

ഉടുപ്പുകള്‍ ഓരോന്നായി അഴിക്കാന്‍ ഒരുമ്പെട്ട അവളോട് എനിക്ക് പേടിയാകുന്നു വേണ്ട എന്നു ഞാന്‍ പറഞ്ഞു. അവളത് കേള്‍ക്കാത്തതുപോലെ എന്റെ ഷര്‍ട്ടഴിച്ചുമാറ്റി. അവളെന്താ ഡ്രസ് മാറാത്തതെന്ന് ഞാന്‍ ചോദിച്ചില്ല. അരയ്ക്കു മുകളിലോട്ട് എന്റെ ശരീരം മുഴുവന്‍ അവള്‍ ഉമ്മവെച്ചു. ഒരു ലെസ്ബിയന്‍ ആയിരിക്കുക എന്തു രസമായിരിക്കും എന്നാലോചിക്കുകയായിരുന്നു ഞാന്‍. കൂടെയുണ്ടാവാന്‍ എന്തുകൊണ്ടും നല്ലത് പെണ്ണൊരുത്തി തന്നെയാണ്. മെയില്‍ ഈഗോ സഹിക്കണ്ട, കുഞ്ഞുങ്ങളെ പ്രസവിക്കണ്ട.. എന്റെ അനിയന്‍ ചെറുക്കനെയും കസിന്‍സിനെയും പോലുള്ളതുങ്ങളെയൊക്കെ പ്രസവിക്കേണ്ടി വരാതിരിക്കുന്നതു തന്നെ ഭാഗ്യം. ആഹാ. എന്തുകൊണ്ടും മെച്ചം. ഏറ്റവും ചുരുങ്ങിയത് പിഎംഎസ് കാലത്തെ മൂഡ് സ്വിങ്‌സ് മനസ്സിലാക്കി കൂടെനില്‍ക്കുകയെങ്കിലും ചെയ്യും. ആണുങ്ങളൊക്കെ ഗേ, പെണ്ണുങ്ങളൊക്കെ ലെസ്ബിയന്‍.. എന്തിനിനിയുമിങ്ങനെ പ്രസവിച്ചു കൂട്ടണം. ഈയുള്ളതൊക്കെ തീരട്ടെ.  

പാന്റഴിക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. ഞാന്‍ തടഞ്ഞു. ഇനി നമുക്കൊരു സൈക്കോളജിസ്റ്റിനെ കാണാമെന്ന് പറഞ്ഞ് വേഗത്തില്‍ ഞാനെന്റെ ഷര്‍ട്ടെടുത്തിട്ടു. ടോയ്‌ലറ്റില്‍ പോയി തോര്‍ത്തുനനച്ച് മുഖവും ദേഹവും നന്നായി തുടച്ച് പുറത്തുവന്നു. കുപ്പിയിലെ ബാക്കിവെള്ളം കൂടി കുടിച്ച് പോകാനിറങ്ങി. അവള്‍ക്കൊരുത്തരം കിട്ടിയോ എന്ന് മനസ്സിലായില്ല. ഞാന്‍ ചോദിച്ചതുമില്ല. അവനേക്കാള്‍ ഇഷ്ടം തോന്നിയോ എന്നോട് എന്നെങ്കിലും ചോദിക്കാമായിരുന്നു. 

ഇവിടുത്തെ ഊണ് നല്ലതാണ് കഴിച്ചിട്ടു പോകാമെന്നവള്‍ പറഞ്ഞു. ശരിയാണ്, ഊണ് നന്നായിരുന്നു. പച്ച നിറത്തിലെ, അല്‍പം ചാറോടെയുള്ള അവിയലും മീന്‍ പൊരിച്ചതും. ഊണെന്ന സങ്കല്‍പം പൂര്‍ത്തിയായി. എത്രയോ വര്‍ഷങ്ങളായി ഇതുതന്നെയാണ് എനിക്കിഷ്ടം. ഊണെന്നാല്‍ അവിയലും ഫിഷ് ഫ്രൈയും. രുചികള്‍ മാറ്റമില്ലാതെ തുടരുന്നു. എന്തൊരു ബോറാണല്ലേ.

English Summary: Avalilekkulla dhooram, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS
;