“സത്യം പറ, ഇവരൊക്കെ പറേണ പോലെ അമ്മയ്ക്ക് വേറെ ആരെങ്കിലുണ്ടാ പൊറത്ത്?”

indian-female-staring-down-worry-depression
Representative Image. Photo Credit : Master the moment / Shutterstock.com
SHARE

ചാരുലത വീടുവിട്ടിറങ്ങുന്നു (കഥ)

ആശുപത്രിവാർഡിലെ ഒരു കോണിൽ, പച്ചനിറവിരിപ്പ് വിരിച്ച  മെലിഞ്ഞൊരു കിടക്കയിൽ ചാരുലത കണ്ണുകളടച്ചു കിടന്നു. ആത്മാവുപോലെ മെലിഞ്ഞുണങ്ങി പോയിരുന്നു അവൾ. പുറത്ത് ഇരുട്ട് വീണിരുന്നു. ആശുപത്രി കോമ്പൗണ്ടിൽ തെളിഞ്ഞ മഞ്ഞ വെളിച്ചം വാകച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങി തുറന്നിട്ട ജാലകം വഴി കിടക്കയിൽ വന്നു വീണ് അവളുടെ ഓഫ്‌ വൈറ്റ് കോട്ടൺ സാരിയിൽ ചിത്രങ്ങൾ വരച്ചു. മഞ്ഞ വെളിച്ചത്തിൽ മുങ്ങിക്കിടക്കുന്ന ചാരുലതയെ നോക്കി കത്രീന ചേടത്തി വെറുതേയങ്ങനെ കുറേ നേരം നിന്നു. “ന്തൂട്ട് കെടപ്പാന്റെ മോളേ ദ്” എന്നൊരു നെടുവീർപ്പായി അവർ പിന്നെ ചാരുലതയുടെ കിടക്കയിലിരുന്നു. വിളറി വെളുത്തുപോയ ചാരുലതയുടെ വിരലുകളിൽ അവർ ആർദ്രമായി സ്പർശിച്ചു. ഒരു ഞെരക്കത്തോടെ  കണ്ണു തുറന്ന് കത്രീന ചേടത്തിയെ കണ്ടതും വിരലുകളിൽ മുറുകെ പിടിച്ചവൾ കരഞ്ഞു.

“ആരൂല്ല്യത്തോര്ക്ക് കർത്താവ്ണ് തൊണ” എന്ന് കത്രീനചേടത്തി ഇടയ്ക്കിടെ പറയാറുള്ളതോർത്തു ചാരുലത. അവളപ്പോൾ കർത്താവിനെ കണ്ടു, അത് കത്രീനചേടത്തിയുടെ രൂപത്തിലായിരുന്നുവെന്ന് മാത്രം. വേളാങ്കണ്ണിക്ക് പോയില്ലായിരുന്നുവെങ്കിൽ ചാരുലതയ്ക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ ആര് വന്നില്ലെങ്കിലും കത്രീനചേടത്തി വരുമായിരുന്നു. തിരിച്ചെത്തി വിവരമറിഞ്ഞുടൻ ചാടി പുറപ്പെട്ട് വരികയായിരുന്നു. അതായിരുന്നു അവർക്കിടയിലെ അടുപ്പത്തിന്റെ ഇഴകളുടെ കരുത്ത്. വർഷങ്ങളായി സജീവന്റെ വീടിനോടും വീട്ടുകാരോടും  തോന്നിയിട്ടേയില്ലാത്ത ആത്മബന്ധം ചാരുലതയ്ക്ക്  കത്രീന ചേടത്തിയോട് തോന്നുന്നുണ്ടെങ്കിൽ അതിൽ അതിശയോക്തിയൊന്നുമില്ല. ആത്മാവിൽ യാതൊരു വിധ കൊടുക്കൽ വാങ്ങലുകളും ഇല്ലാത്തിടത്ത് എന്ത് ആത്മബന്ധം, എന്ത് വൈകാരികത. തീർത്തും യാന്ത്രികവും വിരസവുമായി തീർന്ന ചാരുലതയുടെ ആ ജീവിതത്തിനിടയിലേക്കായിരുന്നു ഒരു കുറ്റിചൂലുമായി കത്രീന ചേടത്തി കടന്നു വന്നത്. മുറ്റമടിച്ചു തൂക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ കരിയിലമൂടി ഇരുണ്ടുപോയ മനസ്സുകളെ തൂത്തു വെടിപ്പാക്കാനും പോന്ന നാവുബലം കൂടിയുണ്ട് കത്രീന ചേടത്തിയ്ക്ക്.

“അതങ്ങനെ എടുത്ത് കളഞ്ഞു.” ഇടതുകൈകൊണ്ട് അടിവയറ് താങ്ങി പിടിച്ച് ചാരുലത പറഞ്ഞു. “ഒരു ഭാരം ഒഴിഞ്ഞു പോയത് പോലെണ്ട് ചേടത്തി.”.

“അവനോന് ഭാര്ണ് ന്ന് തോന്ന്യതൊന്നും ചൊമന്നോണ്ട് നടക്കര്ത് മോളേ.. മന്ഷ്യനാണ്ങ്കിലും എന്ത്ണ്ങ്കിലും !”. കത്രീന ചേടത്തിയുടെ വാക്കുകളാണ്. ഏത് എരിവെയിൽക്കാലത്തും ആത്മാവിനെ കോരി തണുപ്പിക്കാൻ കെല്പ്പുണ്ട് ആ വാക്കുകൾക്ക്. എടുത്തുകളഞ്ഞ ഗർഭപാത്രത്തിൽ കുരുത്ത ഒരു ജീവനാണ് ഇപ്പോഴും ചാരുലതയെ ആ വീടുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഏക കണ്ണിയെന്ന് കത്രീന ചേടത്തിയ്ക്കറിയാം. തുരുമ്പിച്ച് പൊടിഞ്ഞു തുടങ്ങിയ ആ കണ്ണികൂടി അറ്റുപോയാൽ ചാരുലത പിന്നെയെന്ത് എന്ന ചോദ്യം കത്രീനചേടത്തിയെ ഭയപ്പെടുത്തുന്നു. കാലം തടവറയിലാക്കിയ ചാരുലതയുടെ ആത്മാവിനെ കുറിച്ചോർത്ത്  അവർ വേദനിക്കുന്നു .

ആശുപത്രികിടക്കയിൽ തനിച്ചായപ്പോഴാണ് ജീവിതത്തിൽ താനെത്ര മാത്രം ഒറ്റപ്പെട്ടു പോയിരിക്കുന്നു എന്ന് ചാരുലത തിരിച്ചറിഞ്ഞത്. ഒന്നടുത്തിരിക്കാൻ, സുഖമാണോ എന്നൊരു വാക്കിന്റെ ആശ്വാസമാകാൻ ഒരു തലോടലാവാൻ ആരുമില്ലാതിരിക്കുന്ന അവസ്ഥയാണ് ജീവിതത്തിലെ പേടിപ്പെടുത്തുന്ന ആത്മഹത്യാ മുനമ്പുകളിലൊന്ന്. അതിന്റെ വക്കിൽ വിറങ്ങലിച്ചു നിന്നപ്പോഴൊക്കെ ചാരുലത ഓർത്തത് കത്രീനചേടത്തിയുടെ വാക്കുകളാണ്.

“പെണ്ണ് ഭൂമ്യോളം ക്ഷമിക്ക്ണന്ന്ണ് കാർന്നോന്മാര് പറയാ.. തേങ്ങേണ്.. നീ നിന്റെ തൊള്ള തൊറന്നങ്ക്ട് മിണ്ടീലെങ്കി അവസാനം ഒരുകാലത്തും നിനക്ക് പിന്നെ ഒച്ചണ്ടാവില്ല്യ മോളേ.. ള്ള കാര്യം ഞാനാ പറഞ്ഞരാ.. അവനൊന്റെ കൈ തലക്ക് വെച്ച് കെടക്ക്. നിന്ക്ക് നീ തന്നേണ്ടാവൊള്ളൂ .”.

കത്രീന ചേടത്തിയുടെ വാക്കുകൾ ചാരുലതയുടെ ആത്മാവിന്റെ അറകളിൽ തട്ടി പ്രതിധ്വനിച്ചു. അതിരില്ലാത്ത വാത്സല്യത്തോടെ തന്നെയുറ്റുനോക്കിയിരുന്ന അറുപതു കഴിഞ്ഞ ആ സ്ത്രീയെ നോക്കി ദയനീയമായ ശബ്ദത്തിൽ അപ്പോൾ ചാരുലത ഒരുപൊട്ടിത്തെറിയായി– “ആശുപത്രീല്ക്ക് വരുമ്പോ കണ്ടോരട്ത്ത്ന്നൊക്കെ കടം വാങ്ങണ്ടി വന്നു ചേടത്തി എനിക്ക്.. കയ്യിലൊരു  ചില്ലറപൈസ പോലുണ്ടായില്ല ” കണ്ണീരല്ല, ആത്മാവ് തകർന്ന് ചോരയാണ് അവളിൽനിന്ന് പുറത്തേക്കൊഴുകുന്നതെന്ന് തോന്നി കത്രീന ചേടത്തിക്ക്.

“എന്റെ കർത്താവേ...” കത്രീന ചേടത്തി നെഞ്ചത്ത്‌ കൈവെച്ച് നീട്ടി വിളിച്ചു.

ആരുമാരും കേൾക്കാതെ കത്രീന ചേടത്തിയ്ക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പാടവരമ്പത്തേക്കിറങ്ങുന്ന ചവിട്ടു പടികളിലിരുന്ന് ചാരുലത പാടുകയായിരുന്നു, അവൾക്കേറെ പ്രിയപ്പെട്ട മൽഹാർ  രാഗം -“ഏക‌് ബസ്‌ തൂ ഹി നഹി മുജ്ഹ്സേ കഫാ ഹോ ബൈഠാ”.. മെഹ്‌ദി ഹസ്സന്റെ ഗസൽ. കത്രീന ചേടത്തി പാട്ടിൽ മതിമറന്നിരുന്നു. കത്രീന ചേടത്തിയെ പാട്ടുപാടി കേൾപ്പിക്കാനിഷ്ടമാണ് ചാരുലതയ്ക്ക്. ചാരുലത പാടുന്നത് കേൾക്കാൻ കത്രീന ചേടത്തിയ്ക്ക് അതിലേറെയിഷ്ടമാണ്. പതിഞ്ഞ ശബ്ദത്തിലെ ചാരുലതയുടെ പാട്ടുകേട്ട് അന്ന് കത്രീന ചേടത്തി  ചോദിച്ചു – “ആരെ പേടിച്ചിട്ട്ണ് മോളേ നിയ്യീ അടക്ക്യോത്ക്കി പാട്ണ് .. തൊറന്നങ്ക്ട് പാട്. കെട്ട്യോൻ ചത്ത പെണ്ണുങ്ങളേരൊച്ച പൊറത്ത് കേക്കര്ത് ന്ന് ആര്ണ് പറഞ്ഞ് പഠിപ്പിച്ചത്.?”.

പറയാൻ ചാരുലതയ്ക്ക് ഉത്തരങ്ങളില്ല. ഒരുകാലത്ത് ചോദിക്കാൻ ചോദ്യങ്ങളും പറയാൻ ഉത്തരങ്ങളുമുണ്ടായിരുന്നവൾക്ക് എന്നേ അവളുടെ ശബ്ദം നഷ്ടപ്പെട്ടു പോയിരുന്നു. അത് വരെയുള്ള തന്റെ ജീവിതം കുറെയേറെ അരുതുകളുടെ ആകെത്തുകയാണെന്ന്  ചാരുലതയ്ക്കറിയാം. ആ തിരിച്ചറിവുണ്ടാൻ കാലമേറെയെടുത്തല്ലോ എന്നോർത്തും മറ്റാരുടെയൊക്കെയോ തീരുമാനങ്ങൾക്കും ഇഷ്ടങ്ങൾക്കും നിയമങ്ങൾക്കുമനുസരിച്ച് തന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തതിനെക്കുറിച്ചോർത്തും അവളപ്പോൾ സത്യസന്ധമായും ഖേദിക്കുന്നുണ്ടായിരുന്നു .. കത്രീന ചേടത്തി അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജീവിതത്തിന്റെ ലാഘവത്വവും ചാരുലതയെ എല്ലായ്പ്പോഴും കൊതിപ്പിച്ചിരുന്നു. സ്വയം നഷ്ടപ്പെടുന്ന വിധം അവനവന്റെ ജീവിതം ആർക്കും തീറെഴുതികൊടുക്കാത്തതിൽ കത്രീനച്ചേടത്തിയോട് അവൾക്കാരാധന തോന്നി.

“അതേ.. കണ്ടോന്റെ കുടുമ്മത്ത് ചെന്ന് കേറാനൊള്ളത്ണ്.. പെങ്കൊച്ചുങ്ങള് നെലത്ത് നിന്ന് വളരണം”എന്ന് പറഞ്ഞ് ജീവിതത്തിന്റെ തുടക്കത്തിലേ തന്നെ ഉയർന്നു പറക്കാനുള്ള മോഹങ്ങളുടെ ചിറകുകൾ വെട്ടിയെറിഞ്ഞപ്പോഴൊന്നും  സ്വാതന്ത്ര്യത്തിന്റെ നീലയാകാശങ്ങൾ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നതിനെ കുറിച്ച് ചാരുലതയ്ക്ക് യാതൊരു അവബോധവുമുണ്ടായിരുന്നില്ല. എല്ലാ പെൺജീവിതങ്ങളും ഇത്തരത്തിൽ പരുവപ്പെടുത്തിയെടുക്കേണ്ടതാണെന്നും മറ്റാരൊക്കെയോ സാക്ഷ്യപ്പെടുത്തി തരുന്ന സ്വഭാവ സർട്ടിഫിക്കറ്റിൽ കൂടുതൽ മാർക് വാങ്ങിയെടുക്കുന്നതാണ് കൂടുതൽ മിടുക്കെന്നും അവനവനെ പഠിപ്പിച്ചെടുക്കാൻ അവൾ ശീലിച്ചും തുടങ്ങിയിരുന്നു.  

സജീവന്റെ വീട്ടിലെത്തിയപ്പോഴാണ്, ജീവിതത്തെ പാകപ്പെടുത്തിയെടുക്കൽ വലിയൊരു വെല്ലുവിളിയായി അവൾക്ക് നേരിടേണ്ടി വന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ മറ്റുള്ളവർക്ക് മുൻപിൽ താനൊരു വലിയ പരാജയമായി ഒടുങ്ങിപ്പോകുമെന്നവളെപ്പോഴും ആശങ്കപ്പെട്ടു. ചാരുലതയെ കുറിച്ച് സജീവന്റെ വീട്ടുകാർക്ക് ചില മുൻധാരണകളൊക്കെയുണ്ടായിരുന്നു എന്നതായിരുന്നു വാസ്തവം. ഡിഗ്രി പാസ്സായ പെൺകുട്ടിയെ തന്നെ തനിക്ക് ഭാര്യയായി വേണമെന്ന് സജീവൻ ശാഠ്യംപിടിച്ചു . 

“പെണ്ണിന്പഠിപ്പ് ണ്ടെങ്കി കുടുമ്മത്ത് അടങ്ങി  ഇരിക്കില്ല്യട്ടാ.. പഠിച്ച പെണ്ണുങ്ങള് ക്ക് കൂടുതൽ സ്വപ്‌നങ്ങളൊക്കെണ്ടാവും. അവള് തന്റേട്യവൊള്ളൂ.. വല്ല്യ ഫാഷൻ കാര്യാവൊള്ളൂ. ഗതി പൊറത്ത്ക്കാവും. പഠിപ്പുള്ളോളെ കൊണ്ടന്ന്ട്ട് ന്തൂട്ടാ കാര്യം. പെണ്ണുങ്ങള് ജോലിക്ക് പോയി സമ്പാദിച്ച് കൊണ്ടന്ന്ട്ട് ജീവിക്കണ പതിവൊന്നും ഈ കുടുമ്മത്ത് ഇല്ല്യാന്നറിയില്ലേ മോനെ നിന്ക്ക്?” സജീവനതറിയാം. അത്തരമൊരു അലിഖിത നിയമമനുസരിച്ചാണ് അന്നേവരെ ആ വീട്ടിലെ വന്നു കയറിയതും അല്ലാത്തതുമായ പെണ്ണുങ്ങളൊക്കെ ജീവിച്ചു വന്നത്. എങ്കിലും നാലുപേർ കൂടുന്നിടത്ത്  ഒരലങ്കാര വസ്തുവിനെപോലെ കൊണ്ട്പോയ്‌ പ്രദർശിപ്പിക്കുമ്പോൾ തന്റെ ഭാര്യക്ക് മറ്റുള്ളവരേക്കാൾ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്നും, ആ യോഗ്യതകളെ മറന്നു കളഞ്ഞ് ഒരു വീട്ടമ്മയുടെ വേഷം അവൾ സ്വമേധയാ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ചുറ്റും കൂടി നിൽക്കുന്നവരറിയുക വഴി ‘അവൾ തറവാടിയാണ്. കുടുംബ സ്നേഹമുള്ളവളാണ്’ എന്ന് തന്റെ ഭാര്യക്ക് ലഭിക്കുന്ന പ്രശംസയിൽ തനിക്കും തെല്ലഹങ്കരിക്കണം എന്നുമൊക്കെയുള്ള അന്തമായ ചില ആഗ്രഹങ്ങളുണ്ടായിരുന്നു സജീവന്. നിർഭാഗ്യകരമെന്ന് പറയട്ടെ, സകല മുൻധാരണകളെയും ശരിവെക്കുന്ന തരത്തിൽ തന്നെയായിരുന്നു ചാരുലതയുടെ ആ വീടിനകത്തെ ജീവിതം പിച്ചവെച്ചു തുടങ്ങിയത്.

അവളിപ്പോഴും ഓർക്കുന്നു അത് - ആദ്യ ദിവസം രാത്രി, ഇളം നീലയിൽ കറുത്ത പുള്ളികളുള്ള നൈറ്റി ധരിച്ച് ഫ്ലാസ്കിൽ ചൂടുവെള്ളവുമായി കിടപ്പുമുറിയിലേക്ക് കടന്നു ചെന്ന ചാരുലതയെ ഒരു നികൃഷ്ട ജന്തുവിനെ നേരിൽ കണ്ടതുപോലെ നെറ്റി ചുളിച്ച് എത്രത്തോളം പുറത്തേക്ക് തള്ളാമോ അത്രത്തോളം തള്ളിപ്പിടിച്ച കണ്ണുകളുമായി നേരിട്ട് കൊണ്ട് സജീവൻ അച്ചടിഭാഷയിൽ, വളവുകളോ തിരിവുകളോ ഇല്ലാതെ സ്പഷ്ടമായി പറഞ്ഞു –“ ചാരു.. ഇതന്നും  ഇവിടാരുമിടാറില്ല ..”. അവൾ ‘എന്ത്’ എന്നൊരു ചോദ്യചിഹ്നമായി സ്തംഭിച്ചു നിന്നു.

“ഈ വൃത്തികെട്ട വേഷം. ഇവിടെ എല്ലാവരും സാരിയാണുടുക്കുക”.

“ഇതിലെന്ത്‌ വൃത്തികേട്.?”. 

“ഇതിട്ടാ നിന്റെ ബ്രെസ്റ്റ് പ്രൊജക്റ്റ്‌ ചെയ്ത് കാണും. ഇതൊക്കെ എന്തിനാ മറ്റുള്ളവരെ കാണിക്കുന്നത്? നിന്റെ വീട്ടിലെ ശീലങ്ങളൊന്നും ഇവിടെ പറ്റില്ല ചാരൂ. കുറേയാൾക്കാരുള്ള വീടാണ്. നമ്മുടെ ഇഷ്ടത്തിനൊന്നും നടക്കാൻ പറ്റണമെന്നില്ല. ഇതൊന്നും ആർക്കും ഇഷ്ടപ്പെടില്ല. നീ സാരിയുടുത്താൽ മതി. ചെല്ല്. അത് മാറ്റിയിട്.”. സജീവൻ കണ്ണുരുട്ടി.

അതൊരു ആജ്ഞയായിരുന്നു. ഭർത്താവിന്റെ ആജ്ഞകൾ ഉപാധികളില്ലാതെ അനുസരിക്കാൻ ബാധ്യസ്ഥയാണ് ഭാര്യയെന്നാണ് ചാരുവിനെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. കൂടുതൽ അനുസരണശീലമുള്ളവൾ കൂടുതൽ നല്ല ഭാര്യയും കൂടുതൽ നല്ല മരുമകളുമായിരിക്കും. “എറിഞ്ഞുടച്ച് പോവല് എളുപ്പ്ണ് ചാരൂ . ജീവിതം പൊട്ടാണ്ട് സൂക്ഷിക്കണ്ട കടമ പെണ്ണുങ്ങളേരെ മാത്രണ് . ചെലതൊക്കെ സഹിച്ചും വേണ്ടാന്ന് വെച്ചും നിന്ന് കൊടക്കണ്ടി വരും. നീ തന്നിഷ്ടക്കാര്യായാ പഴി കേക്കണ്ടത് നിന്നെ വളര്ത്ത്യോര്ണ്.. അതോർമ്മ വേണം. ഇവ്ടെത്തെ കാട്ടിക്കൂട്ടലൊന്നും അവ്ടെ വേണ്ട. വല്ല്യ തറവാട്ട്കാര്ണ്. നേരെ നിന്ന് ഒന്ന് മിണ്ടാൻ പോലും ആളൊള്ക്ക് പേടിണ്.. സ്വപ്നം പോലും കാണാൻ പറ്റ്വോ അങ്ങനൊരു ബന്ധം. ഒക്കെ സഹച്ച് നിക്കണം നീയ്.” കടന്നൽ കൂടിളകിയത് പോലെ വാക്കുകൾ അവളുടെയുള്ളിൽ അലയടിച്ചുയർന്നു.

തനിക്ക് ചാർത്തി കിട്ടാൻ പോകുന്ന സർട്ടിഫിക്കറ്റിലെ മാർക്കിന്റെ കാര്യമാണ്. സാരിയെങ്കിൽ സാരി. നൈറ്റി മാറ്റിയിട്ട് ഇരുണ്ട നിറത്തിലൊരു വോയിൽ സാരി ചുറ്റി അവൾ സജീവന്റെ മുന്നിൽ ചെന്നു നിന്നു. പ്രണയപൂർവം സജീവൻ അവളെ ചേർത്തു പിടിക്കുകയായിരുന്നു. നിമിഷങ്ങൾക്ക് മുൻപ് തന്നെ നോക്കി കണ്ണുരുട്ടിയ തന്റെ ഭർത്താവാണോ ഇത്. അവൾക്കാ ചേർത്തു പിടിക്കൽ അസ്വസ്ഥതയാണുണ്ടാക്കിയത്. വിധേയത്വമാണ് പുരുഷന്റെ ഇഷ്ടം പിടിച്ചു പറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ചോദ്യം ചെയ്യപ്പെടലുകൾ അവൻ ഭയപ്പെടുന്നു. ചാരുലത കൂടുതൽ ചോദ്യങ്ങളുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ സജീവൻ പിടിച്ചു നിൽക്കാനാവാതെ പൊട്ടിത്തെറിക്കുമായിരുന്നു. പേടിപ്പിച്ച് കീഴ്പ്പെടുത്തൽ പുരുഷന്റെ പതിനെട്ടാമത്തെ അടവാണ്.

താനിഷ്ടപ്പെടുന്നതിനെ വിടാതെ പിന്തുടരുകയും ഒടുവിൽ കീഴ്പ്പെടുത്തി കൊന്നുകളയുകയും ചെയ്യുന്ന ഒരു വേട്ടക്കാരനെ പോലെയായിരുന്നു സജീവൻ .. സകല വഴികളും പരസ്പരം കൈകോർത്ത് പിടിച്ച് ഒന്നിച്ചു താണ്ടി പ്രണയം അനുഭവിച്ചറിയുന്നതും സ്വപ്നം കണ്ടു കിടന്ന ചാരുലതയുടെ മുഴുവൻ പ്രണയ സങ്കൽപ്പങ്ങളേയും സജീവൻ പലപ്പോഴായി കൊന്നു കളയുകയായിരുന്നു. അവളുടെ ശരീരം അയാൾക്കാവശ്യമായിരുന്നു. തനിക്ക് തോന്നുമ്പോൾ ഭോഗിക്കാൻ  കിടന്നു തരികയും മറ്റുള്ളപ്പോഴെല്ലാം തന്റെ വീട്ടുകാരെ സ്നേഹിക്കുകയും അവരുടെ നല്ല വാക്കുകൾക്ക് പാത്രമാവുകയും അവരെ വേണ്ടപ്പോഴെല്ലാം വേണ്ടവിധം സേവിക്കുകയും ചെയ്യേണ്ടുന്ന ഉത്തമയായ ഒരു ഭാര്യയെയായിരുന്നു അയാൾക്ക് ആവശ്യം. ശരീരത്തിന് അണിയാനുള്ളതെല്ലാം ചാരുലത ആവശ്യപ്പെടാതെ തന്നെ ബിസിനസ് തിരക്കുകൾക്കിടയിലും അയാൾ അവൾക്കു മുന്നിൽ യഥാ സമയത്ത് എത്തിച്ചു കൊണ്ടിരുന്നു. എന്നാൽ അവളുടെ ആത്മാവിന്റെ ദാഹമകറ്റാനുള്ളതൊന്നും സജീവന്റെ പക്കലുണ്ടായിരുന്നില്ല. തെളിനീർ വറ്റി വരണ്ടു തുടങ്ങിയ ആത്മാവുമായി അവൾ ഒരു മഴക്ക് വേണ്ടി കാത്തുനിന്നു. ആരാണ് മൽഹാർ രാഗം പാടി മഴപെയ്യിക്കുക.? ആരാണ് ഈ ദാഹം ശമിപ്പിക്കുക.

ഒരു നോക്ക് ഒരു വാക്ക്, നേർത്ത ഒരു സ്പർശം- അവൾ അതാഗ്രഹിച്ചു. ഇതാണോ സ്നേഹം?. ഇതാണോ ജീവിതം.? ഇതായിരിക്കും സ്നേഹം. ഇതുതന്നെയായിരിക്കും ജീവിതം എന്ന് സ്വയം നിഗമനങ്ങളിൽ എത്തിച്ചേർന്നു. ആത്മാവിന്റെ ഇഷ്ടങ്ങൾ വിട്ടുവീഴ്ച ചെയ്തും പുതിയ ഇടങ്ങൾക്ക് വേണ്ടി ജീവിതത്തെ മെരുക്കിയെടുത്തും ചാരുലത ഒടുവിൽ എവിടെയും കൊള്ളാത്തവളായി തീർന്നു. ബ്രേക്ക്‌ ഫാസ്റ്റ് പലഹാരങ്ങൾ നിർബന്ധമായിരുന്നവൾക്ക് തലേ ദിവസത്തെ തണുത്ത ചോറുമായി  രാവിലെകളിൽ  ഒത്തുതീർപ്പുകളിൽ ഏർപ്പെടേണ്ടി വന്നു. “ഇത്ണ് ഇവ്ട്ത്തെ രീതി”. മനം പിരട്ടലും തികട്ടലും സഹിച്ച് പുളിച്ച മണമുള്ള തണുത്ത വറ്റുകൾ അവൾ തൊണ്ടതൊടാതെ വിഴുങ്ങി. നൈറ്റിയും ചുരിദാറും ഉപേക്ഷിച്ച കൂട്ടത്തിൽ അവൾക്കേറെ പ്രിയപ്പെട്ട സ്വർണ പാദസരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. പൊടിയും വെയിലും അലർജിയായിരുന്നവൾക്ക് പാടത്തും പറമ്പിലും പണിക്കാർക്കൊപ്പം നിന്ന് പണിയെടുക്കേണ്ടി വന്നു. “മൊതല് മ്മടതാ. കൂടെ നിന്ന് പണിട്ത്താലേ ശെര്യാവൊള്ളോ..” തിയറ്ററിൽ പോയുള്ള സിനിമകാണലുകൾ അവൾക്കു നഷ്ടമായി. “ന്തൂട്ടാപ്പോ തിയറ്ററില് കാണാനിരിക്ക്ണേ.വല്ലോര്ടെ തൊടലും തോണ്ടലൊക്കെ സഹിക്കാനാ. അതൊക്കെ ഇഷ്ടപ്പെട്ണ ജാതി പെണ്ണുങ്ങള് പോവും. ടിവിണ്ടല്ലോ. ഇതിലും വരും സിനിമ.”. 

കോഫീഹൌസിലെ മസാല ദോശകളുടെ മൊരിമൊരിപ്പും ഗന്ധവും  അവൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.“അവനോന്റെ കുടുമ്മത്ത്ണ്ടാക്കി കഴിച്ചാമതി. പൊറത്ത് പോയ്‌ തെണ്ടി തിന്നലേ.. ഇവ്ടെ ഇതൊന്നുല്ല്യാട്ടാ മോളേ .” ജീവിതമപ്പാടെ വിരസമായിത്തീരുമെന്ന് തീർച്ചയായ ഒരുദിവസം ചാരുലത ചോദിക്കുകയായിരുന്നു –“ഞാനൊരു ജോലിക്ക് ശ്രമിക്കട്ടെ”? അപരാധമെന്തോ കേട്ടത് പോലെ ഞെട്ടി തിരിഞ്ഞ് സജീവൻ വടിവൊത്ത ഭാഷയിൽ മറ്റൊരു ചോദ്യമായി അന്ന് - “നീ ജോലിക്ക് പോയാൽ അപ്പു എന്ത് ചെയ്യും? അവനെയാര് നോക്കും.?”.

“അപ്പൂനെ ഇപ്പഴും ഞാനല്ലല്ലോ നോക്ക്ണേ. ഇവ്ട്ത്തെ മലമറിക്കലൊക്കെ കഴിഞ്ഞിട്ട് എനിക്കെവ്ടെ നേരം”.

പ്രതിഷേധത്തിന്റെ സ്വരമായിരുന്നു അത്. അയാൾ പ്രതിഷേധങ്ങളെ  ഭയപ്പെട്ടു. ഏത് വിധേനെയും അത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ് അയാളുടെ ലക്ഷ്യം.

“അപ്പോൾ നിനക്ക് സമയമില്ല. പിന്നെയാണോ ജോലിക്ക് പോകുന്നത് ” പുച്ഛമായിരുന്നു  സജീവന്റെ മുഖത്തെ ഭാവം.

“ഞാൻ ആദ്യമേ പറഞ്ഞതല്ലേ ചാരൂ. ഇതൊന്നും ഇവിടെ നടക്കില്ല. അതിന്റെ ആവശ്യവും ഇവിടെയില്ല. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണോ. നിനക്ക് എന്താണിവിടെ ഒരു കുറവ്. ഉടുക്കാനും ഉണ്ണാനുമില്ലേ. നിന്റെ എന്താവശ്യവും നടത്തി തരാൻ നിനക്കൊരു ഭർത്താവില്ലേ. പിന്നെയെന്തു വേണം. അതോ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ”?

തന്റെ ആത്മാവിന്റെ വിശുദ്ധിക്ക് നേർക്കുള്ള ആ ചോദ്യം കൂരമ്പായാണ് അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞത്. സജീവന്റെ വാക്കുകളുടെഗ തി ചാരുലതയ്ക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇനിയുമാ സംഭാഷണം നീട്ടിക്കൊണ്ട് പോകുന്നത് വ്യർത്ഥമാണെന്നവളപ്പോൾ ഉറപ്പിച്ചു.

ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നിനക്കൊരു ജോലിയുടെ ആവശ്യമില്ലെന്ന് സജീവൻ അടിവരയിട്ടു. സജീവൻ ഇല്ലാത്ത ഒരു കാലം വന്നാലോ എന്നൊരു ചോദ്യമപ്പോൾ കീഴ്ക്കാം തൂക്കായി അവളുടെ മനസ്സിന്റെ ഉത്തരത്തിൽ തൂങ്ങിയാടി. എന്തും വേണ്ടെന്ന് വെക്കാൻ എളുപ്പമായിരുന്നവൾക്ക് , - ഏത് ഋതുവിലും ഏതൊരു മണ്ണിലും ഏതെങ്കിലുമൊക്കെ ഈണത്തിൽ അവളിൽ നിന്നൊഴുകുന്ന പാട്ടൊഴിച്ച്. ഉച്ചയൂണും കഴിഞ്ഞ് അവളുടേത് മാത്രമായി വീണുകിട്ടുന്ന നേരം മറ്റേതോ ലോകത്തിലും കാലത്തിലും അഭിരമിച്ച് തന്നെതന്നെ മറന്ന് തൊടിയിലും പറമ്പിലും  അലഞ്ഞു തിരിഞ്ഞ് പാട്ടുകൾ മൂളി നടന്നു ചാരുലത. അപ്പോഴെല്ലാം ചില മുറുമുറുപ്പുകളും അടക്കംപറച്ചിലുകളും അവളെ പിന്തുടർന്നു. “ഇതൊന്നും ഈ കുടുമ്മത്തിന് ചേർന്നതല്ല. പെണ്ണിങ്ങനെ പിറുപിറുത്ത് എറങ്ങി നടന്നാ ആളോളെന്തൂട്ടാ പറയാ... പെണ്ണിന് ഭ്രാന്ത്‌ണ്ന്നല്ലേ ..”. 

ഒരു രാത്രി,  സജീവൻ പറഞ്ഞു – “ചാരൂ.. നീയിനി പാടരുത്.”

മിന്നലേറ്റത് പോലെ അവൾ വിറച്ചു.

“വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അത്ര നിർബന്ധമാണെങ്കിൽ നീയെനിക്ക് വേണ്ടി മാത്രം പാടിക്കോളൂ”.

ആർക്കു വേണം ഔദാര്യം. ഞാനിനി പാടില്ല എന്നവൾ മനസ്സിലുറപ്പിച്ചു.

സജീവൻ നിശബ്ദനായി തിരിഞ്ഞു കിടന്നു. നിശ്ചലമായ രാത്രിക്കും അവർക്കിടയിലുള്ള അകലത്തിനുമപ്പുറത്തേക്ക് അവർ രണ്ട് പേരായി പിളർന്നു കഴിഞ്ഞിരുന്നു. കൂടുതൽ കൂടുതൽ പിളർന്നകന്നു പോകും മുൻപേ സജീവൻ എന്നെന്നേക്കുമായി ഭൂമി വിട്ടു പോവുകയായിരുന്നുവല്ലോ.

“പിന്നെ ഞാനൊരു പാട്ടും പാടീട്ട്ല്ല്യ ചേടത്തി.  ചേടത്തിക്കറിയണോ.. അപ്പു ജനിച്ചിട്ട് അവനൊരു താരാട്ട് പോലും ഞാൻ പാടി കൊട്ത്ത്ട്ടില്ല്യ. മൊല കൊട്ക്കാൻ മാത്രം മതി ഞാൻ. മടീലിര്ത്തി ഒന്ന് കൊഞ്ചിക്കാനോ ഒരുമ്മ കൊട്ക്കാനോള്ള സമയോം സൗകര്യോം എനിക്കാ വീട്ടില്ണ്ടായ്ല്ല്യ. അമ്മ എന്താണ് ന്ന് അവനറ്ഞ്ഞ്ട്ടില്ല്യ .. ഇപ്പഴും. അറീല്ല്യ.”

ഒത്തുതീർപ്പുകൾക്കും വിട്ടു വീഴ്‌ചകൾക്കും വഴങ്ങിക്കൊടുത്ത് സ്വന്തം ആത്മാവിന്റെ ശബ്ദങ്ങൾ തിരിച്ചറിയാതെ ജീവിതം ഏറെക്കുറെ തീർത്തുകളഞ്ഞ ഒരുവളുടെ ആശയറ്റ ഇടറിയ ശബ്ദമായിരുന്നു അത് . “എന്റമോളേ .. നിന്റെ ജീവിതാണ് നീ ജീവിക്കണ്ടത്. ആരാന്റെ ജീവിതല്ല.!” പെരുവിരലിൽ നിന്ന് ഇരച്ചുകയറിയ രോഷത്തോടെ കടുപ്പത്തിൽ പ്രഖ്യാപിച്ചുകൊണ്ട് പൊടിതട്ടി കത്രീന ചേടത്തി എഴുന്നേറ്റ് ചവുട്ടി കുത്തി കടന്നു പോവുകയായിരുന്നു. വാക്കുകൾ പ്രവാഹങ്ങൾ പോലെ ചാരുലതയുടെ ആത്മാവിലേക്ക് കുത്തിയൊഴുകി. കത്രീന ചേടത്തിയോളം കരുത്തും ധൈര്യവും തനിക്കുണ്ടായിരുന്നെങ്കിൽ എന്ന് അവൾ തീവ്രമായി ആശിച്ചുപോയി.

ആശുപത്രി കിടക്കയിൽ കത്രീന ചേടത്തിയുടെ വിരലുകളിൽ ഒരു അഭയാർത്ഥിയെ പോലെ മുറുകെപ്പിടിച്ച് ചാരുലത കിടന്നു. അവൾ ഓർമ്മകളെ അയവിറക്കുകയാണ്. ഇരുട്ട് കുറേക്കൂടി കനത്തുവന്നു. മഞ്ഞ വെളിച്ചം കുറേക്കൂടി മഞ്ഞയായി. 

“അപ്പു വന്നിര്ന്നാ മോളേ.?” കത്രീന ചേടത്തി ചോദിച്ചു.

“അവൻ വന്നു. ഒരുവഴിപാട് പോലെ വന്ന്ട്ട് പോയി. അവനവന്റെ അച്ഛന്റെ പോലെ തന്ന്യാ ചേടത്തി. അവനെ കുറ്റം പറഞ്ഞിട്ട്  കാര്യല്ല്യ. അവന്റൊരാവശ്യോം ഈ അമ്മക്ക് സാധിച്ചു കൊട്ക്കാൻ പറ്റീട്ട്ല്ല്യ. . തുണി അലക്കാനും വല്ലോം വെച്ച്ണ്ടാക്കാനും. ഒരു വേലക്കാരി.!’’

“ജീവിതം മൊത്തത്തിലാ എനിക്ക് കൈവിട്ട് പോയത്”. നിരാശയുടെ പടുകുഴിയിൽ നിന്നവളുടെ ശബ്ദം നേർത്തു നേർത്ത് മാത്രം പുറത്തേക്ക് വരികയാണ്.

“ന്തൂട്ട് കൈവിട്ട് പോയീന്നാ നിയ്യീ പറയണെന്റെ ക്ടാവേ... നിയ്യീ കത്രീന ചേടത്തീരെ കഥ നോക്ക്യേ.. ഒക്കെ തീർന്നൂന്ന് കരുത്യോട്ത്ത്ന്ന് തൊടങ്ങീത് ണ് ചേടത്തി. ന്ന്ട്ട് ഇവ്ടെ വരെങ്ങട് എത്തീലെ. പത്തറുപത്തഞ്ച് കൊല്ലം ജീവിച്ചാ ചേടത്തി.. അത്രള്ളു ഇതൊക്കെ...”.

കത്രീന ചേടത്തി വിധവയാണ്. ഒരു വിധവയ്ക്ക് സമൂഹം കല്പിച്ചുകൊടുത്ത സകല പരിമിതികളെയും ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് തൂത്ത് വാരിയെറിഞ്ഞവളാണ് അവർ. കത്രീന ചേടത്തിയുടെ ആ ജീവിതം ഉൾക്കിടിലത്തോടെയാണ് ചാരുലത  കേട്ടുകിടന്നത്.

“അങ്ങോര് പോയപ്പഴ്ണ്  മോളേ എനിക്ക്നി വേറാരുല്ല്യല്ലോന്ന്ള്ള ബോധണ്ടയീത്. സങ്കടം പറയനാണെങ്കി മൂപ്പരെനിക്കൊരു ക്ടാവിനേം തന്നില്ല. തെറി വിളിക്കാനാണെങ്കിലും കെട്ട്യോൻ ഒണ്ടല്ലോ എന്നൊരു സമാധാനണ്ടാര്ന്നു മുമ്പൊക്കെ.. അതാ പോയിക്കിട്ട്യേപ്പോ ഒള്ളത് പറയാല്ലോ.. ചേടത്തി ആകെ ഇരുട്ടിലായ്”.

ആ ഇരുട്ടിന്റെ ആഴം ചാരുലതയ്ക്കറിയാം. അവൾ അത്  അനുഭവിച്ചവളാണ്. ഒരു ദിവസം രാവിലെ വെറുതെയങ്ങു മരിച്ചു പോവുകയായിരുന്നു സജീവൻ. നിശബ്ദമായ മരണമായിരുന്നു അത്. അഗാധമായ ഉറക്കത്തിൽ എങ്ങോ ഒരിടത്ത് വെച്ചായിരുന്നിരിക്കണം, രാവിലെ അയാൾ ഉറക്കമുണർന്നില്ല.

“എന്റെ മോൻ ഒറക്കത്തില്ണ് പോയത്.. അവൻ നെഞ്ച് പൊട്ടീട്ട്ണ് പോയത് .. ഉറങ്‌മ്പഴും അവന് സ്വസ്ഥത കൊട്ത്ത്ട്ടില്ല്യ... കൊന്നത്ണ്. അവനെ അവന്റെ പെണ്ണ് കൊന്നത്ണ് ” എന്നിങ്ങനെയുള്ള  നെഞ്ചത്തടികളോടും ഒളിയമ്പുകളോടും പ്രതികരിക്കാവുന്ന മാനസികാവസ്ഥയിലൂടെയായിരുന്നില്ല ചാരുലത കടന്നു പൊയ്ക്കൊണ്ടിരുന്നത്. ശൂന്യമായിരുന്നു ആ ദിവസങ്ങളിൽ അവളുടെ ഹൃദയം. ജീവിതം ഇനിയെന്തെന്നോ ഏതെന്നോ അവൾ ചിന്തിച്ചില്ല. സാന്ദ്രമായ മരവിപ്പ്.  ഒരേയിരിപ്പ് തുടർന്നു . കുളിക്കുകയോ വസ്ത്രം മാറുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല. അവൾ കരഞ്ഞത് പോലുമില്ല. അപ്പുവാകട്ടെ അമ്മയോടൊപ്പം ഇരിക്കാൻ ഇഷ്ടപ്പെട്ടില്ല. അമ്മയാണ് അച്ഛനെ കൊന്നതെന്നാണ് അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. 

സാഹചര്യങ്ങൾ ഒത്തു വരുമ്പോഴേല്ലാം ആരൊക്കെയോ പറഞ്ഞു – “ജീവിച്ചിരിക്ക്മ്പോ മോന്റച്ഛന് അമ്മ സ്വൈര്യം കൊടത്ത്ട്ടില്ല്യ ”. അപ്പുവിന്റെ ഹൃദയത്തിൽ വാക്കുകൾ വലിയ വലിയ വിടവുകൾ വീഴ്ത്തിക്കഴിഞ്ഞിരുന്നു. അമ്മയിലേക്ക് തിരികെ നീന്തിയടുക്കാൻ കഴിയുന്നതിലും വലിയ വിടവുകളായിരുന്നു അത്. അപ്പു തന്നിൽ നിന്നും അകന്നകന്ന്  പോകുന്നത് ചാരുലതയെ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് തള്ളിയിട്ടു. അവനവനെ വെറുത്ത്, ആത്മാഭിമാനവും മതിപ്പും നഷ്ടപ്പെട്ട് വാക്കില്ലാതെ വെറുമൊരു ശ്വാസം മാത്രമുള്ള ജീവിച്ചിരിക്കുന്ന ശൂന്യതയായി ചാരുലത ആ വലിയ വീടിന്റെ അകത്തളങ്ങളിൽ ബാക്കിയായി. ആ ഇരുട്ടിനോളം പോന്ന മറ്റൊന്നും അവളെ ഇന്നേവരെ ഭയപ്പെടുത്തിയിട്ടില്ല. കത്രീന ചേടത്തി മത്തായിയുടെ മരണം ഓർത്തെടുത്തപ്പോൾ ചാരുലത ഒരിക്കൽ കൂടി ആ ഇരുട്ടിനെ അനുഭവിച്ചു. ആശുപത്രി കിടക്കയിൽകിടന്ന് അവൾ കണ്ണുകൾ കൂടുതൽ കൂടുതൽ വെളിച്ചത്തിലേക്ക് തുറന്നു പിടിച്ചു.

“പെട്ടന്നങ്ക്ട് ആരുല്ല്യാണ്ടായല്ലോ ന്നൊരു തോന്നലാര്ന്നു. തോന്നല് മാത്രാര്ന്നില്ല, അതാര്ന്നു സത്യം. ഒറ്റയ്ക്കായോർക്ക് കർത്താവ്ണ് തൊണ.. എന്നാലും കർത്താവിനോട് എനിക്കാദ്യം പിണക്കാര്ന്നു ട്ടാ.. എന്നെ ജയിലിൽക്ക് പറഞ്ഞു വിട്ടതിന്. പിന്നെ പിന്നെ അതങ്ക്ട് മാറി. ജയിലീ കെടന്നതിന് എനിക്കിപ്പോ തരിമ്പും ദണ്ണോല്ല്യ.. ഓരോന്നിനും ഓരോ കാരണങ്ങള്​ണ്ട്ന്നാ.. കർത്താവ് എന്നെ പരുവപ്പെടുത്തി എടത്തു.. മുറിയാത്ത മണ്ണില് വിത്തിട്ടാ മൊളക്കോ.?. ഇല്ല്യ.. മുറിവ്ണ്ടാവണം. ആ മുറിവീക്കൂടെ വേണം വെളിച്ചത്തില്ക്ക്  വളരാൻ.?’’

മത്തായി മരിച്ച മൂന്നിന്റന്ന് കത്രീനയ്ക്ക് അവളുടെ വീട് നഷ്ടപ്പെട്ടു. വീട്ടു സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട് ബാധകൂടിയ പെണ്ണുങ്ങൾ നിന്ന് തുള്ളുന്നത് പോലെ വട്ടിവറീതിന്റെ പെൺപിറന്നോത്തി നിന്ന് വെട്ടി വിറച്ചു. വട്ടിവറീതിന്റെയും പെൺപിറന്നോത്തിയുടെയും കാല് മാറി മാറി പിടിച്ച് കത്രീന യാചിച്ചു.-‘ഒരല്പം സാവകാശം’. വറീത് കുറേക്കൂടി ഹൃദയവിശാലതയുള്ളവനായിരുന്നു.“കെട്ട്യോൻ ചത്ത നീയിനി എവ്ട്ന്നൊണ്ടാക്കി തരാനാണ്ടി”എന്ന് പറഞ്ഞ് പെണ്ണൊരുത്തി ഒറ്റത്തൊഴി. ജീവിതത്തിൽ അവസാനമായി കത്രീന കരഞ്ഞത് അന്നാണ്. അവസാനമായി യാചിച്ചതും അന്നാണ്. “അതീപിന്നെ കുരിശീ കെടക്കണ കർത്താവിന്റെ മുമ്പിലല്ലാതെ ഒരുത്തന്റെ മുമ്പിലും ഈ കത്രീനച്ചേടത്തി നടുവളച്ച്ട്ടില്ല്യ !”. 

അതു പറയുമ്പോൾ കത്രീനയുടെ മുഖത്ത് ആയിരം മെഴുകുതിരികൾ ഒന്നിച്ചു തെളിച്ചു വച്ച പ്രകാശമുണ്ടായിരുന്നു. അത് ആത്മാഭിമാനമുള്ള പെണ്ണിന്റെ തെളിച്ചമായിരുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ അന്ന്, കിട്ടിയതെല്ലാം പെറുക്കിയെടുത്ത് ഒരു തുണി ഭാണ്ഡവും നെഞ്ചത്ത്‌ അടക്കിപിടിച്ച് വിളക്കുകാലിന്റെ ചോട്ടിൽ അന്തിച്ചു നിന്ന കത്രീനയുടെ മുൻപിലേക്കാണ് അയാൾ വന്നു നിന്നത്. മത്തായിയുടെ മൂത്ത ചേട്ടൻ. കത്രീനയെ അയാൾ കൂട്ടികൊണ്ട് പോയി. ദൈവദൂതൻ എന്നാണ് കത്രീന ആദ്യം കരുതിയത്. എന്നാൽ പിശാചിന്റെ സന്തത്തിയാണെന്ന് പിന്നീടറിഞ്ഞു. 

“അവൻ പോയെന്ന് കരുതി നീ വെഷമിക്കണ്ടറീ.നിനക്ക് ഒരു മുട്ടും വരാതെ ഈ ചേട്ടായങ്ങട് നോക്കൂലേ”. അയാളുടെ വാക്കും നോക്കും പിശകായിരുന്നു. പ്രതികരണ ശേഷിയില്ലാത്ത ഒരു ദുർബലജീവിയായിരുന്നില്ല കത്രീന. എങ്കിലും പുതിയ വീട്ടിലെ ആദ്യ ദിവസങ്ങളിൽ അയാളുടെ പിശക് നോട്ടങ്ങളും വാക്കുകളും അവൾ പരമാവധി കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് ജീവിച്ചത്. “കേറി കെടക്കാനൊരെടോം വെശപ്പാറ്റാൻ കഞ്ഞീം തന്നേന്റെ നന്ദി.. അല്ലാണ്ടെന്തൂട്ട്. അന്നാണ് സ്വന്തായ്ട്ട് അധ്വാനിച്ചുണ്ടാക്കീര്ന്നെങ്കി ഇതൊന്നും അനുഭവിക്കണ്ടി വരില്ലാര്ന്നല്ലോന്ന്  തോന്നീത്”. ചാരുലതയ്ക്ക്  മുൻപിലിരുന്ന് കത്രീന ഓർമ്മകളെ ഒന്നൊന്നായി കുടഞ്ഞു.

ഭർത്താവ് മരിച്ചവൾ തനിക്ക് വിധേയപ്പെട്ടു നിൽക്കുന്നവളായിരിക്കുമെന്നായിരുന്നു മത്തായിയുടെ ചേട്ടച്ചാരു കരുതിപ്പോന്നത്. എന്നാൽ ശബ്ദമില്ലാത്തവളായിരുന്നില്ല കത്രീന.

അവൾ ഭയപ്പെടുന്നവളോ വഴങ്ങികൊടുക്കുന്നവളോ ആയിരുന്നില്ല. ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെട്ടില്ലെന്നും തന്നെക്കൊണ്ടാവത്തത്തിന് തന്നെ നിർബന്ധിക്കരുതെന്നും ഉച്ചത്തിൽ വിളിച്ചു പറയാൻ  ആർജ്ജവമുള്ളവളായിരുന്നു. മൂർച്ചയുള്ള വാക്കും നോക്കുമായിരുന്നു അവളുടെ പടച്ചട്ട. ഒരു ക്രിസ്മസ് രാത്രി പാതിരാകുർബാന കഴിഞ്ഞു മടങ്ങി വന്ന കത്രീനയെ അയാൾ അടുക്കളയിൽ വെച്ച് കടന്നു പിടിച്ചു. അവളുടെ മുലകളിലും ഇടുപ്പിലും പിടിച്ചുലച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിപ്പോയ കത്രീന ഞൊടിനേരംകൊണ്ട് നിലവീണ്ടെടുത്ത് ചീറ്റപുലിയെപ്പോലെ ചീറി. കൈയിൽ കിട്ടിയത് വാക്കത്തിയാണ്. അവൾ തലങ്ങും വിലങ്ങും ആഞ്ഞു വീശി. വെട്ടുകൊണ്ട് വാഴതണ്ടു പോലെ അയാൾ താഴെക്കൂർന്ന് വീഴുകയായിരുന്നു .“പിറ്റേന്ന് പോലീസ് ജീപ്പില്ക്ക് കയറീര്ക്കുമ്പോ ആരോ പറയണ് ണ്ടാര്ന്നു, തെരുവീ കെടന്നതിനെയെടുത്ത് ഉണ്ണാനും ഉടുക്കാനും കൊടുത്തേന് കിട്ടീത്ണ്... കത്രീനക്ക് വല്ലോന്റേം വാക്ക് പുല്ല്ണ്. ചാവുദോഷം കത്രീന ചെയ്യ്ല്ല്യ!”

ഭൂതകാലത്തെ തോണ്ടിയെടുത്ത് പുറത്തേക്കിട്ട് കത്രീന നീട്ടിയൊരു ശ്വാസമെടുത്തു..

ജയിലിൽ വെച്ചാണ് കത്രീന ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത്. കാത്തിരിക്കാനോ യാത്രപറയാനോ ആരുമില്ലാത്ത വിരസമായ ജീവിതമായിരിക്കും തന്നെ പുറത്ത് പ്രതീക്ഷിച്ചിരിക്കുന്നത്. എങ്കിലും കത്രീനയ്ക്ക് ജീവിക്കണമായിരുന്നു. ആർക്കു വേണ്ടിയല്ലാതെയും അവനവന് വേണ്ടി ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലാത്ത ഒരു ജീവിതം. ആത്മഹത്യ ചെയ്യാൻ കത്രീന ഒരുക്കമായിരുന്നില്ല 

“അത് പണ്ടേക്ക് പണ്ടേ ആവാര്ന്നല്ലോ. കർത്താവ്ണ് ജീവൻ തന്നത്. അത് അങ്ങോരു തന്നെ എട്ക്കട്ടെ”..തടവറകൾ ചവുട്ടി തുറന്ന് പുറം ലോകം കാണുന്നതും അപ്പോൾ സ്വാതന്ത്ര്യത്തിന്റെ ആകാശം മാടി വിളിക്കുന്നതും കത്രീനയെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു.

“ജയിലീന്ന് ഉടുപ്പ്മാറ്റി എറങ്ങണ നേരത്ത് സൂപ്രണ്ട് സാറ് കൊറച്ച്  നോട്ട് എന്റെ കൈയില്ക്കാ വെച്ചു. ആദ്യം ഞാൻ അന്തിച്ചു നിന്നു. ദ്ന്തൂട്ടാ സംഭവന്നറിയില്ലല്ലോ. അങ്ങനൊരു ഏർപ്പാട് ഉണ്ടെന്ന് അറിയില്ലാര്​ന്നു. പണിട്ത്ത കാശാന്ന് സൂപ്രണ്ട് സാറ് പറഞ്ഞു. അത് കയ്യിലാ വാങ്ങീപ്പോ., സത്യായിട്ടും ഞാനങ്ക്ട് പൊട്ടിക്കരഞ്ഞു.. അതുകൊണ്ട് തൊടങ്ങ്യ ജീവിത്ണ്, ദേ ഈ കത്രീന ചേടത്തീരെ.”

“അതിന്റുള്ളീന്ന് പൊറത്ത്ക്കാ വന്നപ്പോ ജീവിതത്തിന് തോന്ന്യ കനക്കുറവ്ണ്ടല്ലോ.. അതൊന്നനുഭവിച്ചറിയണം എന്റെ മോളേ..” കത്രീനയുടെ ദേഹത്ത് അപ്പോഴും, അത് പറയുമ്പോൾ കുളിരുകോരി, ചാരുലതയുടെ ആത്മാവിലും..

“കൈവിട്ട് പോയ ജീവിതം തിരിച്ച് പിടിക്കാൻ കത്രീന ചേടത്തിക്കായെങ്കി പിന്നെ മോളേ നിന്ക്ക് പറ്റാണ്ടാ?. ജീവിക്കാൻ കച്ച കെട്ടിറങ്ങ്യ പിന്നെ ഒരുത്തനും തോൽപ്പിക്കാനാവ്​ല്ല്യാട്ടാ.. ചേടത്തീരെ ജീവിതാ അതിന്ള്ള തെളിവ്.”..

ചാരുലതയറിയാത്ത കത്രീന ചേടത്തിയുടെ ആ ജീവിതം അക്ഷരാർത്ഥത്തിൽ അവളെ ഞെട്ടിച്ചു കളഞ്ഞു. ജീവിതത്തെ എത്ര നിസ്സാരമായാണ് കത്രീന ചേടത്തി തനിക്കു മുന്നിൽ നിവർത്തിയിട്ടതെന്ന് അവളോർത്തു. ഒരിക്കൽപോലും പോയകാലത്തെയോർത്ത്, നിനച്ചിരിക്കാതെ ജീവിതത്തിനേറ്റ പ്രഹരത്തെയോർത്ത് ചടഞ്ഞിരിക്കുന്ന കത്രീന ചേടത്തിയെ  ചാരുലത കണ്ടിട്ടില്ല. ഓരോ തവണ ഓർമ്മകളിൽ മുങ്ങാംകുഴിയിടുമ്പോഴും കത്രീന കാലത്തിനെതിരെ കൂടുതൽ വാശിയിൽ നീന്തി. ചൂലിന്റെ കട ഉള്ളംകൈയിൽ ചേർത്ത് കുത്തി പിന്നെ നീട്ടി മുറ്റമടിച്ചു തൂത്തു വാരുന്നത് പോലെ ഇന്നലെകൾ മായ്ച്ചു കളഞ്ഞ് അതിനുമേൽ കത്രീന ചേടത്തി പുതിയ കാൽപ്പാടുകൾ പതിപ്പിക്കുന്നു. 

രാത്രി വെളുക്കുവോളം കത്രീനചേടത്തി ചാരുലതയ്ക്ക് കൂട്ടിരുന്നു. ഉറക്കത്തിൽ ചാരുലതയൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ അവളൊരു വീട് വെച്ചു. നടുമുറ്റമുള്ള ഒരു ചെറിയ വീടായിരുന്നു അത്. അതിൽ താമരക്കുളമുണ്ടായിരുന്നു. താമരക്കുളത്തിലേക്ക് മഴ ചാഞ്ഞു വീഴുന്നത് അവൾ നോക്കിയിരുന്നു. വീടിനു ചുറ്റും വെച്ചു പിടിപ്പിച്ച നീലശംഖുപുഷ്പങ്ങൾ ഭ്രാന്ത് പിടിച്ചു പൂത്തു.. നീലക്കടലിൽ ഒരു ദ്വീപ് പോലെയുണ്ടായിരുന്നു അപ്പോൾ ആ വീട്.. വീട്ടിൽ അവൾ തനിച്ചായിരുന്നു.. ആ വീട്ടിലിരുന്ന് അവൾ തോന്നുമ്പോൾ തോന്നുന്നത് പോലെ പാട്ടുകൾ പാടി. പൊട്ടിച്ചിരിച്ചു. കരഞ്ഞു. ഇഷ്ടമുള്ളത് ധരിച്ചു.. ചിലനേരത്ത് പൂർണ നഗ്നയായിരുന്നു. തന്റെ നഗ്നത കണ്ട് അവൾ ഉറക്കത്തിൽ പോലും നാണിച്ചു തുടുത്തു.. അവൾ സ്വയം കെട്ടിപ്പിടിച്ചു. അവൾ ജീവിച്ചു. തോന്നുന്ന നേരത്ത് വീട് വീട്ടിറങ്ങി പോയി . കാണാത്തയിടങ്ങളിൽ അലഞ്ഞു തിരിഞ്ഞു. നടന്നു തിന്നു. സിനിമകൾ കണ്ടു. തോന്നുന്നത് പോലെ നടന്നു തോന്നുന്ന സമയത്ത് തിരിച്ചു വന്നു.. 

“ചെലപ്പോ ഒരിക്കലും തിരിച്ചു വന്നില്ലെന്നിരിക്കും..” അവൾ ഉറക്കത്തിൽ ചിരിച്ചു. പൊടുന്നനെ ഞെട്ടിയുണർന്ന് കണ്ണുതുറന്നവൾ കത്രീന ചേടത്തിയെ നോക്കി.

“ഒരു സ്വപ്നം കണ്ടു ചേടത്തി ഞാൻ.” സ്വപ്‌നങ്ങൾ കാണണം. സ്വപനങ്ങളില്ലെങ്കിൽ പിന്നെ ഇതെന്ത് ജീവിതം.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കുള്ള മടക്കയാത്രയിൽ ചാരുലതയുടെ ഹൃദയം താളം തെറ്റി മിടിച്ചു കൊണ്ടിരുന്നു. ആത്മാവിലെ ചില തയ്യാറെടുപ്പുകളുടെ ആത്മസംഘർഷം അതി കഠിനമായിരുന്നു. ഗേറ്റിനു പുറത്ത് ടാക്സിയിൽ നിന്നിറങ്ങി ഇത്രയും കാലം താൻ ജീവിച്ച ആ വലിയ വീടിനെ ഏറെ നേരം അവൾ നോക്കി നിന്നു. തീർത്തും അപരിചിതമായ ഒരു ഭൂഖണ്ഡം പോലെയായിരുന്നു ചാരുലതയ്ക്കത്.. ഇരുണ്ടതും അറ്റമില്ലാത്തതുമായ അതിന്റെ വളവുകളിലൂടെയായിരുന്നു അവളുടെ ഏകാന്ത സഞ്ചാരങ്ങൾ. കത്രീന ചേടത്തിയുടെ കൈപിടിച്ചാണ് ഗേറ്റ് കടന്ന് നീണ്ട വഴി താണ്ടി ചാരുലത പടികൾ കയറിയത്. തന്നെ സ്വീകരിക്കാൻ ആരും കാത്തു നിൽപ്പുണ്ടാകില്ലെന്ന് അവൾക്കുറപ്പായിരുന്നു. പടികൾ കയറി നിന്ന് അവൾ, കത്രീന ചേടത്തിയെ തിരിഞ്ഞു നോക്കി. പിന്നെ അകത്തെ ഇരുട്ടിൽ മാഞ്ഞു. ശാന്തമായ കടൽ പോലെയായിരുന്നു ചാരുലത. എങ്കിലും അതിന്റെ ആഴം പേടിപ്പിക്കുന്നതായിരുന്നു..

പിന്നീടുള്ള മുന്നൊരുക്കങ്ങളുടെ ദിവസങ്ങളിൽ ചാരുലത കൂടുതൽ സമയവും അവളുടെ കിടപ്പുമുറിയിൽ ചെലവഴിച്ചു. ആശുപത്രിയിൽ നിന്ന് വന്ന ചാരുലത പഴയ ചാരുലതയല്ലെന്നും അവൾ എന്തൊക്കെയോ പദ്ധതികളുമായാണ് തിരിച്ചു വന്നിരിക്കുന്നതെന്നും ചർച്ചകളുണ്ടായി. ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരഗ്നിപർവതമാണ് അവളെന്നും പൊട്ടിത്തെറിക്ക് മുൻപുള്ള പേടിപ്പെടുത്തുന്ന ശാന്തതയാണ് ചാരുലതയുടെ മുഖത്തെന്നും അവർ ഭയന്നു. ദിവസങ്ങൾക്ക് ശേഷം ഒരുനട്ടുച്ച നേരത്ത് വാതിലുകൾ തള്ളി തുറന്ന ചാരുലതയെ അസാധാരണമായ പ്രകാശത്തോടെ കാണപ്പെട്ടു. 

അവൾ അപ്പുവിന്റെ മുറിയിലേക്കാണ് കടന്നു ചെന്നത്. ലാപ്ടോപ് തുറന്ന് വെച്ച് അതിനു മുന്നിലിരുന്നിരുന്ന അപ്പുവിനെ ദീർഘ നേരം ഒരകലകാഴ്ച്ചയായി ചാരുലത നോക്കി നിന്നു. അപ്പു വളർന്നു വലുതായതും ഒരകലകാഴ്ചയായി തന്നെയായിരുന്നുവല്ലോ താൻ അനുഭവിച്ചതെന്നും അവളപ്പോൾ ഓർത്തു.

“അപ്പൂ”എന്ന് വിളിച്ച് ചാരുലത അവനരികിലേക്ക് ചെന്നു.

എന്നത്തെയും പോലെ അമ്മയുടെ നേർക്ക് ‘പരിപൂർണ അവഗണന’ എന്ന ആയുധം പ്രയോഗിച്ച് പ്രതികരിക്കാതെ അപ്പു ലാപ്ടോപ് സ്ക്രീനിലേക്ക് തന്നെ ഉറ്റുനോക്കിയിരുന്നു. 

“അമ്മ പോവാണ്.!”

അമ്മയുടെ അപ്രതീക്ഷിതമായ പ്രത്യാക്രമണത്തിൽ ആയുധമുപേക്ഷിച്ച് മകൻ ഞെട്ടിത്തിരിഞ്ഞു. ഇതായിരുന്നോ അമ്മ കരുതി വെച്ചിരുന്ന സ്‌ഫോടനം.? ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ഈ നീക്കം.? അമ്മയ്ക്ക് ഇറങ്ങി പോകുവാൻ മറ്റിടങ്ങളില്ലെന്നും അവഗണനകൾ സഹിച്ച് എല്ലാക്കാലവും ആ വീടിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞുകൂടുമെന്നും ധരിച്ച അപ്പുവിന് ലോകത്തിന്റെ വലിപ്പത്തിനെ കുറിച്ച് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്കിറങ്ങിപോകുവാൻ പുറത്ത് ഒരു ലോകമുണ്ടെന്ന് അവൻ അറിയാനിരിക്കുന്നതേ ഉള്ളൂ..

“പോവേ. എവിട്ക്ക്...”? 

ജിജ്ഞാസയിൽ മുങ്ങിയ അപ്പുവിന്റെ ചോദ്യത്തിന് മുന്നിൽ ചാരുലത നിലാവ് പോലെ ഒരു പുഞ്ചിരിയായി. അവരുടെ മുറിക്കു പുറത്ത് പലപല തലകളായി ആ വീടിനകത്ത് ബാക്കിയുണ്ടായിരുന്നവർ പ്രത്യക്ഷപ്പെട്ടു. ആ നിമിഷത്തിനു വേണ്ടിയാണല്ലോ അവൾ കാത്തിരുന്നത്. ചാരുലത നയം വ്യക്തമാക്കി.

“അമ്മ ഒരു ജോലിക്ക് പോവാൻ തീരുമാന്ച്ചു. അതെന്തോണ്ടാ അങ്ങനെ തീരുമാനിച്ചേന്ന് വിശദീകരിക്കാൻ അമ്മയ്ക്ക് സൗകര്യല്ല. ഈ വീട്ടീന്നല്ലേ ജോലിക്ക് പോവാൻ പറ്റാത്തൊള്ളൂ. അതോണ്ട് ആദ്യം ഈ വീട് വിട്ട് പോവാണ് അമ്മ.”.

രൂപത്തിലും സ്വഭാവത്തിലും  അപ്പു അവന്റെയച്ഛന്റെ തനിപ്പകർപ്പാണ്. അവൻ ചാരുലതയെ നോക്കി കണ്ണുരുട്ടിയപ്പോൾ അവൾക്ക് സജീവനെ ഓർമ്മ വന്നു.

“അവരൊക്കെ സമ്മതിച്ചോ?” വാതിലിനപ്പുറം കൂടി നിന്നവരെ ചൂണ്ടി അവൻ തിരിച്ചു ചോദിച്ചു.

“അമ്മേടെ ജീവിതം തീരുമാനിക്ക്യാൻ ആര്ടെ സമ്മതോം അമ്മയ്ക്ക് വേണ്ട. നിന്റെ പോലും!” അവൻ ഉമിനീരിരക്കി.

അനിവാര്യമായ ചില തിരിച്ചടികളൊക്കെ ജീവിതത്തിൽ ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കണമെന്ന് അപ്പുവിനെയാരും പറഞ്ഞു പഠിപ്പിച്ചിരുന്നില്ല.

“അമ്മയ്ക്കെന്തിനാ ഇനിപ്പോ ജോലി .”

“നീ നിന്റ ച്ഛന്റെ കുട്ടി തന്നെ”.ചാരുലത പൊട്ടി ചിരിച്ചു.

അപ്പു ചുണ്ട് കോട്ടി.

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ പുറകിൽ നിന്ന് പറഞ്ഞു– “എല്ലാരും പറഞ്ഞത് ശരിയാ. അമ്മയ്ക്ക് അമ്മേരെ സുഖാ വെല്ത്.”

“അതേ.. ഇനി മൊതല് അമ്മയ്ക്ക് അമ്മേരെ സുഖം തന്ന്യാ വെല്ത്”.

“സത്യം പറ അമ്മേ.. ഇവരൊക്കെ പറേണ പോലെ അമ്മയ്ക്ക് വേറെ ആരെങ്കിലുണ്ടാ പൊറത്ത്..?”

വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ചോദ്യം ചാരുലത സജീവനിൽ നിന്ന് നേരിട്ടിട്ടുണ്ട്. അന്നവൾ പകച്ചു നിന്നു. ഇന്നതേ ചോദ്യം തന്റെ മകനിൽ നിന്ന് നേരിടുന്നു. അവളുടെ നട്ടെല്ലില്ലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. തീക്കനലേറ്റ് പൊള്ളിയത് പോലെ ചാരുലത വെട്ടി തിരിഞ്ഞ് അപ്പുവിന് നേർക്ക് കുതിച്ചു. സർവ്വശക്തിയും കൈയിലെക്കൂറ്റിയെടുത്ത് അവൾ അപ്പുവിന്റെ കരണത്തടിച്ചു. ചക്രവാളങ്ങൾ കിടുങ്ങി. ഭൂമി വിയർത്തു. പ്രവാഹങ്ങൾ കുതിച്ചു. പ്രാകൃതമായ ഒരലർച്ചയോടെ അവൾ അപ്പുവിന്റെ നേരെ കൈ ചൂണ്ടി. 

“നിനക്കിനി  അമ്മേംല്ല്യാട്ടാ.!”

നട്ടുച്ചവെയിൽ കത്തി നിൽക്കുകയാണ്. ഇനിയൊന്നിനെയും ആരെയും ചാരുലതയ്ക്ക് കാത്തുനിൽക്കേണ്ടതില്ല. അവൾ തിരിഞ്ഞു നടക്കുകയാണ്.

“അരുത്കള്ടെ അതിര്കളൊക്കെ ചവുട്ടി കുത്തി ഈ വെളിച്ചത്തില്ക്ക് എറങ്ങി വാ.. സ്നേഹോം ബന്ധങ്ങളും വാക്ക്കളും തമ്മിലൊന്നും ഒരു ബന്ധോല്ല്യ. നീയാദ്യം തന്നത്താനങ്കട് സ്നേഹിക്കാൻ പഠിക്ക്. മറ്റുള്ളോര്ടെ സ്നേഹത്തെ ആശ്രയിക്കാണ്ട് രിക്ക്യാൻ പഠിക്ക്.. ഇഷ്ടള്ള ജീവിതം ഇഷ്ടം പോലെ ജീവിച്ച് തീർക്കാൻ ആര്ടെ സമ്മത്ണ് വേണ്ടത്??” കത്രീന ചേടത്തിയുടെ വാക്കുകൾ ആത്മാവിൽ മുഴങ്ങുകയാണ്. നടക്കാതെ പോയ സ്വപ്നങ്ങളുടെ ശൂന്യത ഉച്ചവെയിൽ കൊണ്ട് നികത്തി ചാരുലത വീട് വീട്ടിറങ്ങി. അരുതുകളുടെ അതിരുകളുടെ പുറത്തേക്ക് .. ചീറിപ്പായുന്ന ലോകത്തിന്റെ ശബ്ദങ്ങളിലേക്കും വെളിച്ചത്തിലേക്കും.

ദീപക് രാഗം ആലപിച്ചു സ്വയം കത്തി ജ്വലിച്ച താൻസനെ പോലെയായിരുന്നു അവൾ. ആത്മാവിനെ തണുപ്പിക്കാൻ അവൾ നദിക്കരയിലേക്ക് ഓടി.. നദി ചൂടുകൊണ്ട് തിളച്ചു മറിഞ്ഞു. ചാരുലത കത്തുകയാണ്. വേവുന്ന തന്റെ ആത്മാവിനെ തണുപ്പിക്കാൻ ആരാണ് ‘മൽഹാർ’ പാടുക. ആരുമില്ല.

തനിയെ ജീവിക്കാൻ ശീലിക്കുക. നിന്നെ ശമിപ്പിക്കുന്ന മൽഹാർ രാഗം നീ തന്നെയാവുക .. ആത്മാവിൽ ആരോ മന്ത്രിക്കുന്നത് ചാരുലത കേൾക്കുകയാണ്.

English Summary: Charulatha veeduvittirangunnu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
;