ADVERTISEMENT

പ്രാണവായു (കഥ)

മരിക്കുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. കാത്തിരിപ്പാണ് ദു:സ്സഹം. ഇപ്പോള്‍ കാത്തിരിപ്പിന്റെ മുഷിച്ചിലും മാറിയിരിക്കുന്നു. കാരണം തീരെ ചെറിയ ഇടവേളകളിലാണ് പ്രജ്ഞ തിരികെവരുന്നത്. ഇടയ്ക്കിടെ മിന്നുന്ന ഒരു തെരുവുവിളക്ക് പോലെ.

 

നീണ്ട ആശുപത്രി വരാന്തയില്‍ ഈയാമ്പാറ്റകള്‍പോലെ രോഗികള്‍ കിടന്നു. ഏതോ പെരുവഴിയമ്പലത്തിനു മുന്നില്‍ വഴിതെറ്റിയെത്തിയ യാത്രക്കാര്‍ ഉറങ്ങുന്നത് പോലെ. അതില്‍ ചെറുപ്പക്കാരുണ്ട്. വൃദ്ധരുമുണ്ട്. അവരാരും ഇവിടെ എത്തേണ്ടവരല്ല. താന്‍, താന്‍ പക്ഷേ അതിനു യോഗ്യനാണ്. അയാള്‍ നിന്ദയോടെ ചിന്തിച്ചു.

 

അയാള്‍ കിടക്കുന്നതിന് അല്പം മാറി, ഒരു പതിനഞ്ച് വയസ്സ്കാരി പെണ്ണ് കിടന്നു. അവള്‍ ശ്വാസത്തിനായി ഉച്ചത്തിലേങ്ങി. ശബ്ദം കേട്ട് ഒരു നഴ്സ് അകലെ നിന്ന് ഓടിവന്നു. ബെഡ്ഡിനരികിലെ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ സൂചി പൂജ്യത്തിലേക്ക് താഴുന്നു.

“ദൈവമെ ഈ കുറ്റിയും കഴിഞ്ഞോ !” നഴ്സ് പിറുപിറുക്കുന്നത് അയാള്‍ കേ

പെണ്‍ക്കുട്ടി ഒരു വട്ടം കൂടി ശ്വാസത്തിനായി പിടഞ്ഞു. ഫ്ലോമീറ്റര്‍ പൂജ്യത്തിലെത്തി. ഇപ്പോള്‍ ആ ബെഡ്ഡില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നില്ല.

നാല്‍പ്പത്തിയെട്ടു വര്‍ഷം താന്‍ ശ്വസിച്ചു പാഴാക്കിയ വായു. അതിന്റെ ഒരംശമെങ്കിലും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍..

 

നഴ്സ് തന്നെ പാളിനോക്കുന്നത് കണ്ടു. അവരുടെ കണ്ണില്‍ വെറുപ്പാണ്.

മദ്യപിച്ചു കരള്‍ തീര്‍ത്താണ് താനിവിടെ അഭയം തേടിയത്. ഈ ആശുപത്രിയില്‍ എത്രയോ വട്ടം മദ്യപിച്ചു വന്നിരിക്കുന്നു. ഒരു തവണ ആ നഴ്സിനെയും തെറി പറഞ്ഞതാണ്. വെറുത്തില്ലെങ്കിലെ അത്ഭുതമുള്ളു.

തനിക്ക് ചുറ്റും ഉള്ളവരെക്കാള്‍ മരിക്കാന്‍ ഏറ്റവും യോഗ്യന്‍. എങ്കിലും മരണം തന്നെ തിരിഞ്ഞുനോക്കുന്നില്ല. ഒരു ബെഡ്, പ്രാണവായു, പരിചരണം... ഇതെല്ലാം പാഴാവുകയാണ്. ഇതൊക്കെ തന്നെക്കാള്‍ ആവശ്യമുള്ള, യോഗ്യതയുള്ളവരാണ് ചുറ്റും.

 

“സിസ്റ്ററെ...”

“എന്താ ?”

അപ്പുറത്തെ ബെഡ്ഡിലെ പെണ്‍കുട്ടിയുടെ ജഡം സ്ട്രെച്ചറില്‍ കയറ്റുന്നതിനിടെ അവര്‍ തന്റെ അരികിലേക്ക് വന്നു. മരണമണം മാറാത്ത ആ ബെഡ്ഡിലേക്ക് അടുത്ത രോഗി കയറി കിടന്നു കഴിഞ്ഞു. തന്നെക്കൊണ്ട് ഈ ലോകത്തിനു ഇപ്പോള്‍ ചെയ്യാന്‍ കഴിയാവുന്ന ഒരേ ഒരു ഉപകാരം മരിക്കുക എന്നത് മാത്രമാണ്. അയാള്‍ തിരിച്ചറിഞ്ഞു. ഇനിയും താനെന്താ മരിക്കാത്തത്‌? ആഗ്രഹം, മരണം മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ തടസ്സം നില്‍ക്കുന്നത് ആഗ്രഹങ്ങളാണ്. പിന്നെ കുറ്റബോധവും.

 

ആറു വയസ്സുള്ള മകന്‍.അവനെ കണ്ടിട്ട് ഇപ്പൊ ഏഴു മാസമാകുന്നു.

“എന്റെ ഫോണില്‍ ബാലന്‍സില്ല. ഒരു ഉപകാരം ..”

“ചേട്ടാ.. ഇപ്പൊ ഫോണ്‍ ചെയ്യണ്ട. നിങ്ങള്‍ക്കിപ്പോ സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയല്ല.”

“ഒരു വീഡിയോ കോള്‍.. എന്റെ .. എന്റെ മോനെ ഒന്ന് കാണണം. ഇനി കാണാന്‍ പറ്റുമോ എന്ന് അറിയില്ല.”

 

നഴ്സ് ഒരു നിമിഷം അയാളെ അമ്പരപ്പോടെ നോക്കി. അവര്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അയാള്‍ നമ്പര്‍ പറയാന്‍ തുടങ്ങി. ഒന്‍പത്.. ആറ്.. പൂജ്യം..

 

മൊബൈലില്‍ ഒരു സ്ത്രീയുടെ മുഖം തെളിഞ്ഞു.നഴ്സ് ഫോണ്‍ അയാള്‍ക്ക് കൊടുത്തു.

“മോന്‍.. മോനെവിടെ ?”

“മോനോ.. ആരുടെ മോന്‍ ?” മൊബൈലിലെ രോഷാകുലയായ സ്ത്രീയുടെ ശബ്ദം കേട്ട് ആ നഴ്സിന്റെ മുഖം പോലും വിളറി.

“പറ.. ആരുടെ മോന്‍.. നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ്.. അവനെ മോന്‍ എന്ന് വിളിക്കാന്‍..”

അയാള്‍ ശ്വാസത്തിനായി പിടഞ്ഞു.

“എല്ലാത്തിനും മാപ്പ്.. അവനെവിടെ? ഞാന്‍ ഒന്ന് കണ്ടോട്ടെ, ഒരു പ്രാവശ്യം..” അയാള്‍ വിതുമ്പി.

 

“അച്ചാച്ചീ.. അച്ചാച്ചിക്ക് എന്നാ പറ്റി..” ഫോണില്‍ ഒരു ആണ്‍കുട്ടിയുടെ സ്വരം.

അവന്‍ അമ്മയുടെ പിറകില്‍നിന്ന് ഫോണിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്നു.

“മോനെ..”അവനെക്കണ്ട് അയാളുടെ തല അറിയാതെ തലയിണയില്‍നിന്ന് പൊങ്ങിപ്പോയി.

 

“ഇത്രനാളുമില്ലാത്ത തന്ത ഇനി അവനു വേണ്ട.” കോള്‍ കട്ടായി. മൊബൈല്‍ സ്ക്രീനിലെ ശൂന്യതയിലേക്ക് അയാള്‍ ഒരു നിമിഷം കൂടെ നോക്കിയിരുന്നു. സ്ക്രീനില്‍ അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ പ്രതിഫലിച്ചു. മരണം അയാളെ നോക്കി ചിരിച്ചു. അയാളുടെ കയ്യില്‍നിന്ന് ഊര്‍ന്നു വീണ മൊബൈല്‍ ഫോണെടുത്തു നഴ്സ് അതെ നമ്പരില്‍ തിരികെ വിളിച്ചു.

 

“ആ മനുഷ്യന്‍ മരിക്കാന്‍ പോവുകയാണ്. നിങ്ങള്‍ അയാളുടെ ആരായാലും ഇത്ര ക്രൂരത പാടില്ല.”

നഴ്സ് പറഞ്ഞു.

 

“ശരി. അഞ്ചു മിനിട്ട്.അതില്‍ കൂടുതല്‍ പറ്റില്ല.എന്നെയും മോനെയും തെരുവിലെറിഞ്ഞു പോയ മനുഷ്യനാണയാള്‍. ഇതിനുള്ള യോഗ്യത പോലും അയാള്‍ക്കില്ല. ടാ.. ഇവിടെ വാടാ.” ആ സ്ത്രീ മോനെ വിളിച്ചു.

സ്ക്രീനില്‍ ഓമനത്തമുള്ള ആണ്‍കുട്ടിയുടെ മുഖം വീണ്ടും തെളിഞ്ഞു.

“എവിടെ അച്ചാച്ചി.” അവന്‍ ചോദിച്ചു.

 

നഴ്സ് അയാളുടെ തല കട്ടില്‍ ക്രാസിയിലേക്ക് കയറ്റി വച്ചു. മൊബൈല്‍ ഫോണ്‍ അയാളുടെ മുഖത്തിന്‌ നേരെ വച്ചു. അയാള്‍ കണ്ണ് വലിച്ചു തുറന്നു.മൊബൈല്‍ സ്ക്രീനില്‍ ഒരു മാലാഖ നില്‍ക്കുന്നു.

“ഒരു പാട്ട് പാടി താ മോനെ. അച്ചാച്ചി ഉറങ്ങട്ടെ.”

“ട്വിങ്കിള്‍ ടിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍.. ഹൗ ഐ വണ്ടര്‍ വാട്ട് യൂവാര്‍..” അവന്‍ ആവേശത്തോടെ ഉറക്കെ പാടി.

 

എവിടെനിന്നോ ഊര്‍ജത്തിന്റെ ഒരു തീപ്പൊരി അയാളില്‍ വന്നു വീണു. ആവേശത്തോടെ അയാള്‍ മൊബൈല്‍ സ്ക്രീനില്‍ ഉമ്മ വച്ചു.കണ്ണുകള്‍ മുഴുവന്‍ വലിച്ചു തുറന്നു മകനെ ആവോളം കണ്ടു.ചെവി തുറന്നു അവന്റെ സ്വരം കുടിച്ചു.

കാലങ്ങള്‍ക്ക് ശേഷം അയാളുടെ മുഖത്ത് നിര്‍മ്മലമായ ഒരു പുഞ്ചിരി വിടര്‍ന്നു.

പെട്ടെന്ന് പ്രാണവായുവിനായി ഒന്ന് എങ്ങി. ഓക്സിജന്‍ ഫ്ലോമീറ്റര്‍ പൂജ്യത്തിലേക്ക് താഴുന്നത് നഴ്സ് കണ്ടു.

പ്രാണവായു തീര്‍ന്നിട്ടും അയാളുടെ പുഞ്ചിരി മാഞ്ഞിരുന്നില്ല.

 

English Summary: Pranavayu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com