ADVERTISEMENT

ആബി (കഥ)

ഉച്ചതിരിഞ്ഞ് 3.30ന് അസർ വാങ്ക് കഴിയുന്ന നേരത്ത് തലയിൽ പേരിനൊരു ഷാളും ഇട്ടു അമ്പലക്കുളത്തിനടുത്തേക്ക് തിരക്കിട്ട് ഒരു നടത്തമുണ്ട്, തെക്കേ വളപ്പിലെ അഹമ്മദൂട്ടി ഹാജിയാരുടെ ഏഴാമത്തെ മോള് ആയിഷബിക്ക്. ഓൾടെ ഏഴാമത്തെ വയസ്സ് മുതൽ തുടങ്ങിയ പോക്ക്.. കേൾക്കുമ്പോൾ ഒരു വിരോധാഭാസം ഒക്കെ തോന്നും എന്നാൽ ഇത് അതല്ല.. അവിടെ അമ്പലക്കുളത്തില് ഓളേം കാത്ത് ഒരു ചെറുക്കനും ഉണ്ടാവും. ആലമ്പാട്ടെ  രാമകൃഷ്ണൻ നായരുടെ ഏകമകൻ ഹരികൃഷ്ണൻ.

 

ഹരികൃഷ്ണന് അഞ്ച് വയസ്സുള്ളപ്പോൾ ആണ് അയൽവാസിയായ അഹമ്മദൂട്ടിയുടെ ബീവി ഫാത്തിമ ഏഴാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. അന്ന് തന്നെ മറ്റൊരു സംഭവം കൂടി നടക്കുകയുണ്ടായി.. തെക്കേ വളപ്പിലെ അഹമ്മദൂട്ടിയുടെ വീട്ടിൽ നിന്ന് ഹരി ഒരു കാലി കുടുക്ക മോഷ്ടിച്ച വിവരമറിഞ്ഞ് ഹാജിയാര് വേലിക്കൽ നിന്നൊരു പുളിങ്കൊമ്പ് പൊട്ടിച്ചു ഹരികൃഷ്ണനെ തപ്പി നടന്ന സമയം, ഹാജിയാരുടെ അടിയുടെ മൂർച്ചയ്ക്ക് ഏതുനിമിഷവും അകപ്പെട്ടേക്കാമെന്ന സന്ദർഭത്തിലാണ് ഏഴാമത് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം അനിയൻ അബ്ദുള്ള വന്നു പറയുന്നത്..

മാഷാ അള്ളാഹ്..!!

 

അയാൾ ഉടൻ തന്നെ പുളിങ്കൊമ്പ് താഴെ എറിഞ്ഞു പ്രസവമുറി എന്ന് വിളിക്കുന്ന പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ ഇസ്ലാമികത്വം ഉറപ്പിക്കാൻ ധൃതിയിൽ കുടുംബാംഗങ്ങളോടൊപ്പം നടന്നു.. ഹരികൃഷ്ണൻ ജനാലയിൽ കൂടി എത്തി നോക്കി  അവിടെ പിറന്നുവീണ ചോര കുഞ്ഞിന്റെ വലതു ചെവിയിൽ വാങ്കും ഇടതു ചെവിയിൽ ഇക്കാ മത്തും ഓതുകയാണ് കുടുംബത്തിലെ ഏതോ ഒരു കാരണവർ.. ഒരു ദൈവദൂതനെ പോലെ കടന്നു വന്ന് തന്നെ പുളിങ്കൊമ്പ് മൂർച്ചയിൽ നിന്ന് രക്ഷിച്ച ആ പെൺകുഞ്ഞിന്റെ മുഖം ഹരി ആദ്യമായി കാണുന്നതും അന്നുതന്നെ... അന്നു മുതൽ എന്നും ഹരി ജനലിൽ കൂടി ആ പെൺകുഞ്ഞിനെ നോക്കും, ഫാത്തിമ ബീവി  അകത്തില്ലെന്ന് ഉറപ്പായാൽ രഹസ്യമായി കുഞ്ഞിനോട് സംസാരിക്കും. തിരിച്ച് അവൾ മറുപടി കൊടുക്കാൻ തുടങ്ങിയത് ഏഴാമത്തെ വയസ്സ് മുതലാണ്.. അയൽവാസികൾ അങ്ങനെ കളിക്കൂട്ടുകാരായി.. നിർമാതാവ് എന്ന നിലയിൽ അല്ലാതെ മക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താതിരുന്ന മാതാപിതാക്കൾ അറിയാതെ തന്നെ ആ ബന്ധം വളർന്നു...

 

ഹരികൃഷ്ണൻ ഹരിയേട്ടനും ആയിഷബി ആബിയുമായി... ഒപ്പം അതുവരെ കേവലം കവലകളിൽ മാത്രം മത പ്രസംഗവുമായി നടന്ന ഹാജിയാര് പള്ളി ഹത്വീബുമായി മാറി (പള്ളികളിൽ വെള്ളിയാഴ്ചകളിൽ ജുമാ പ്രസംഗം നടത്തുന്ന ആൾ). അങ്ങനെയിരിക്കെ ഒരു ദിവസമാണ് ആബി ഹരിയോട് ഒരു കാര്യം പറയുന്നത്. തന്റെ ഉപ്പയും ഇളയപ്പമാരും കൂടി ഇടയ്ക്കിടെ യാത്ര പോകുന്നത് മുമ്പ് എപ്പോഴോ ഉണ്ടായ ഒരു കൊലക്കേസിന്റെ  തീർപ്പുകൽപ്പിക്കാൻ ആണെന്ന സത്യം.. ഇത് ഹരിക്കറിയാം എങ്കിലും അത്ഭുതവും അമ്പരപ്പും പ്രകടമാക്കി ഹരി ആബിയെ കേട്ടിരുന്നു.. പക്ഷേ അത് ചെയ്തത് തന്റെ ഉപ്പയാണെന്ന് ആബി വിശ്വസിച്ചിരുന്നില്ല..

 

‘‘ദെവസോം അഞ്ചു നേരം നിസ്കരിക്കുന്ന നേരുള്ള ഇസ്ലാമാ ൻറെ ബാപ്പ.. ഓര് അങ്ങനെയൊന്നും ചെയ്യുല ഇത് ആരോ കള്ളക്കേസില് കുടുക്കീ താ.’’

ഏതുനേരവും കാരുണ്യവാനായ അല്ലാഹുവിനോട് എല്ലാവരിലും നന്മ വരുത്തണേന്ന് പ്രാർത്ഥിക്കുന്ന എന്റെ ഉപ്പ അങ്ങനെ ചെയ്യൂന്ന് ഹരിയേട്ടന് തോന്നുന്നുണ്ടോ..!

പാവം പെണ്ണ് ഇവൾക്കെന്തറിയാം.. നിഷ്കളങ്കമായ അവളുടെ നോട്ടത്തിനു മുന്നിൽ അവൻ ഇല്ലെന്നു തലയാട്ടി...

 

തന്റെ പ്രിയപ്പെട്ട ഉപ്പ ഒരു ഹിമാറാണെന്ന് അവളോട് പറയാൻ ഹരിക്ക് തോന്നിയില്ല.. ഈ ബന്ധം അയാൾ അറിയുമ്പോൾ അയാളുടെ കണ്ണിലെ ഭ്രാന്തും കയ്യിലെ ചോരകറയും അവൾ തിരിച്ചറിയും.. ഹരി വെറുതെ മനസ്സിൽ ഓരോന്ന് ഓർത്തു.. ‘‘ഹരിയേട്ടൻ എന്താ ആലോചിക്കണേ.. നമ്മടെ നിക്കാഹാണോ ?’’ നിക്കാഹ് എനിക്കത് കല്യാണമാണ് ആബി പക്ഷേ നമുക്കിടയിൽ നിക്കാഹും കല്യാണവും ഒന്നും വേണ്ട ഒത്തുചേരൽ മാത്രം രണ്ട് മനുഷ്യരുടെ മനസ്സുകളുടെ ഒത്തുചേരൽ... ഹരി മനസ്സിൽ പറഞ്ഞു. ഹരിയേട്ടാ എന്താ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ..!ഹരി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു...

 

‘‘നീ വേഗം പോവാൻ നോക്ക് പെണ്ണെ...നേരം വൈകി.. പോ..! വല്ല അമ്പല കമ്മിറ്റിക്കാരും കണ്ടാ അതുമതി.’’

‘‘ഓ ഒരു അമ്പലോം പള്ളീം ഇത് എപ്പഴാ ഒന്ന് അവസാനിക്കാ...! ’’

‘‘ഈ ലോകത്ത് മനുഷ്യമാര് ഇല്ലാണ്ടാകുമ്പോ.. നീ ഒന്ന് പോയേ പെണ്ണെ...! ’’

 

അന്നുരാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഹരിക്ക് ഒരുപോള കണ്ണടയ്ക്കാനായില്ല.. വെറുതെയാണെങ്കിലും ഓള് ചോദിച്ചത് നേരല്ലേ..! ഇതൊക്കെ എന്ന് തീരും... താനും ആബിയുമായ് ഒരു ജീവിതം ഉണ്ടാകുമോ..!

 

ദിവസം കഴിയുന്തോറും ആബി ഹരിയോട് കൂടുതൽ അടുത്തു.. സ്നേഹമാണ് ദൈവമെന്നും അതുമാത്രമാണ് സത്യമെന്നും ഇരുവരും വിശ്വസിച്ചു.. അമ്പലക്കുളത്തിലും പള്ളി വഴിയിലെ മരച്ചുവട്ടിലും അവർ പ്രണയം പങ്കിട്ടു. ഒരു വെള്ളിയാഴ്ച പള്ളിയിലെ പ്രസംഗം കഴിഞ്ഞ് വരുന്ന വഴിയാണ് ഹാജിയാർ ഇരുവരെയും ഒരുമിച്ച് കാണുന്നത്. അവിടെ ഒന്നും സംഭവിച്ചില്ല.. ഹാജിയാർ മണ്ണറിയുന്നതിലും വേഗം വീട്ടിലേക്ക് നടന്നു. .ഹരി വല്ലാതെ പരിഭ്രമിച്ചു.. ആബിയും..!!

 

എങ്കിലും ഹരിയെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം ആബി പറഞ്ഞു..

‘‘കുറച്ചീസം വീട്ടില് പൂട്ടിയിടും ചിലപ്പോ കുറച്ച് തല്ല് കൊള്ളണ്ടി വരും എന്നാലും ഇതെല്ലാം പെട്ടെന്ന് കെട്ടടങ്ങും ഹരിയേട്ടാ.. ഞാനിപ്പോ വീട്ടിലേക്ക് പോവാ...!’’

ഇത് അവസാന കൂടിക്കാഴ്ചയാണെന്ന് ഹരിക്കറിയാം. ആബിയെയും കൂട്ടി ഈ നിമിഷം തന്നെ എങ്ങോട്ടേലും പോയാലോ എന്ന് വരെ ആയി ചിന്ത.. ഇല്ലെങ്കിൽ അവരൊക്കെ കൂടി ഈ പാവത്തിനെ വല്ലാണ്ട് ഉപദ്രവിക്കും, ചിലപ്പോൾ കൊന്നുകളയും... പക്ഷേ ഹരിക്ക് ഉറപ്പുണ്ട് ആബി ഒന്നിനും സമ്മതിക്കില്ല.. കൂടെ വരില്ല.. അവൾക്ക് ഇപ്പോഴും അയാൾ നല്ലൊരു ഇസ്ലാമാണ്.. ഇസ്ലാമികത്വം എന്താണെന്ന് പോലും അറിയാത്ത ഒരാളാണ് അയാളെന്ന് ആബി വിശ്വസിക്കില്ല.. ഹരിക്ക് തല പെരുക്കുന്നത് പോലെ തോന്നി എന്തുചെയ്യണമെന്നറിയാതെ ഹരി ആകെ വിയർത്തു..

 

‘‘ഹരിയേട്ടാ വീട്ടീന്ന് ആളെ വിടും മുൻപേ എനിക്ക് അവിടെ എത്തണം ഞാൻ പോവാണ്..!’’

ആബിയുടെ കണ്ണുകളിൽ നോക്കി നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഹരി തിരിഞ്ഞു നോക്കാതെ നടന്നു... ഉപ്പ അവൾക്ക് ഒരു താക്കീത് പോലും നൽകിയില്ല മുറിക്കുള്ളിൽ അടച്ചിടുക മാത്രം ചെയ്തു...

 

പിറ്റേന്ന് വൈകുന്നേരം സൂര്യനസ്തമിച്ച നേരത്ത് മഗ്‌രിബ് വാങ്കിനോടൊപ്പം  അയൽപക്കത്തെ വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ടു.. എന്താണെന്നറിയാൻ അവൾ കാതോർത്തു..! മുറിക്ക് തൊട്ടടുത്തുനിന്ന് ഉപ്പയുടെ ശബ്ദം പുറത്തുവന്നു...

‘‘ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി  റാജിഊൻ..’’ ആ ഖബറിടം നീ സ്വർഗ്ഗീയമാക്കണേ നാഥാ...!

ഒരക്ഷരംപോലും ശബ്ദിക്കാൻ ആവാതെ ആബി തളർന്നു...

അയൽപ്പക്കത്ത് കേട്ട നിലവിളി അവളും ഏറ്റെടുത്തു.. ‘‘യാ അല്ലാഹ് ഇനിയെങ്കിലും എന്നെ ശിക്ഷിക്കുക നിന്നിലുമധികം ഞാൻ അവനെ സ്നേഹിച്ചു പോയി..’’ !!! ശബ്ദം പുറത്തു വാരാതെ നിശബ്ദമായ് അവൾ ഹരിയിൽ ലയിച്ചു...

 

നാളെത്തെ സുബ്ഹി ബാങ്കിന് മനുഷ്യര് മാത്രം ഉണരട്ടെ.. ആയിരമായിരം ഹരിയും ആബിയും ആ അമ്പലകുളത്തിൽ വീണ്ടുമൊന്നിക്കട്ടെ...

 

English Summary: Aabi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com