ADVERTISEMENT

ഇടം തേടുന്നവർ (കവിത)

ഇടം തേടുന്നവർ

ഇടയിലെവിടെയോ

ഇടമില്ലാതെ ഇടറിടുന്നു.

മുഖാവരണം മരണത്തെ തടയുന്നു, എന്നാൽ

മനസിനെ മറയ്ക്കുന്നു, പത്തടിയിൽ സ്വാതന്ത്രവും,

മനസിൽ ഞാൻ മാത്രം അവശേഷിക്കുന്നു, നിർവികാരതയിൽ

ഇതല്ല, ഞാൻ ജനിച്ച ലോകം

ഇതല്ല, ഞാൻ അറിഞ്ഞ സത്യം

ഇതല്ല, ഞാൻ രുചിച്ച സ്വതന്ത്രം

 

എന്നിൽ എന്നെ തടവിലിടുന്ന ആളൊഴിഞ്ഞ വീഥികൾ

എങ്കിലും മിടിക്കുന്ന ഹൃദയം പുതിയ താളത്തിൽ

ഏതോ നിശബ്ദതാഴ്​വരയുടെ ശബ്ദം പോലെ

ഇനി ഞാൻ അറിയേണ്ടതില്ല, ആർക്കും!

പകരമോ, മുഖകച്ചകൾ സംസാരിക്കുന്നു, ശബ്ദമില്ലാതെ, ഭീതിയിൽ!

 

അകന്നിടം ഒരുക്കുന്നിതാ

നിർവീര്യമാക്കുന്നൊരാ ചിതയ്കരികിൽ 

കേൾവിക്കുമപ്പുറം, കാഴ്ചയ്കുമപ്പുറം

അകന്നിടുന്നു ഞാൻ എന്നിൽ നിന്നും,

ഇനിയെത്രനാൾ ഒരുങ്ങണം കയറിനുള്ളിൽ 

കറങ്ങുന്ന ചക്കുകാളയെപോലെ

 

തിരക്കുള്ള വീഥികളിൽ ഭയം ചിതറികിടക്കുന്നു

ചുരുളുകളായി പടരുന്നു

നിശബ്ദത, നിശ, പിന്നെ ഭീതിയും

ഇതല്ല ഞാൻ കണ്ട ലോകം

ഇതല്ല ഞാനറിഞ്ഞ താളം

 

വെളിച്ചത്തിൽ രഹസ്യമൂകമായി

കൈയകലത്തിൽ ആരുമില്ലാതെ 

കൈയുറയിട്ട, മുഖം മൂടി ഭീകരതയെന്നെ വളയുന്നു

എന്റെ കാലുകൾ ചങ്ങലയിൽ തളച്ചതാർ?

ആകാശത്തിൽ അതിർത്തി വരച്ചതാർ?

വ്യവസ്ഥകൾ ഇനിയും വിടരും

മുഖം മൂടിയണിഞ്ഞാടി തിമിർക്കും

ഇതിനിടയിൽ, ആശ്വാസവും, ആശ്രയവും നഷ്ടപെടുന്നവർ,

കണ്ണുകൾ കൂടെ മൂടി മറയ്കുന്നു.!

 

മുഖം മൂടി ഇരുളാണ്, മുഖം മറയും കറുപ്പാണ്

കാഴ്ചയുടെ ആഴം കുറയ്കുന്ന ഇരുൾ

ചത്തപരലുകൾ കറയായി പടരുന്നു,

സ്വപ്നങ്ങൾ പോലും കറുപ്പാകുന്നു

 

നിശതീർന്ന്, പുതിയൊരു കിരണം 

മുഖമറയില്ലാത്ത മുഖത്തെ ചുംബിക്കട്ടെ

ഇടം തേടുന്നവർക്കിടയിൽ,

ഇടമില്ലാത്തവർ, ഉയിരില്ലാത്തവർ

ഇടമില്ലായ്മയിൽ ഇല്ലാതാവുന്നു, 

തിരിഞ്ഞ് നോക്കാതെ, തിരിച്ചൊന്നും പറയാതെ!

 

English Summary: Idam thedunnavar, Malayalam poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com