ADVERTISEMENT

ഉള്ളിൽ കനൽ എരിയുന്നവൾ... (കഥ)

 

മോളെ.. ജീവിതത്തിലെ ഏറ്റവും വലിയ വേദന നഷ്ടപ്രണയം അല്ല കേട്ടോ.. മക്കൾക്ക് വയർ നിറച്ചു ഭക്ഷണം കൊടുക്കാൻ ഇല്ലാത്ത ഒരമ്മയുടെ നെഞ്ചിലെ ആധിയോളം വരില്ല ഒരു പ്രണയത്തിന്റെ വേദനയും..

 

ചെവിയിൽ മോളമ്മ ചേച്ചിയുടെ വാക്കുകൾ മുഴങ്ങി കൊണ്ടിരിക്കുന്നു..

 

കുറെ വർഷങ്ങൾ കൂടി ഇടവക പള്ളിയിൽ പോയപ്പോൾ പണ്ട് ചേച്ചിയുടെ കൂട്ടുകാരി ആയിരുന്ന മോളമ്മ ചേച്ചിയെ കണ്ടു.. സത്യത്തിൽ ഒറ്റനോട്ടത്തിൽ ചേച്ചിയെ കണ്ടിട്ട് എനിക്ക് മനസിലായില്ല.. ചേച്ചി ഇങ്ങോട്ട് വന്നു മിണ്ടുകയായിരുന്നു..

 

ചേച്ചി.. എത്ര നാളായി നമ്മൾ കണ്ടിട്ട് അല്ലേ..

 

അതേ മോളെ.. കുറഞ്ഞത് ഇരുപത്തിയഞ്ചു വർഷം.. നീ പക്ഷേ പഴയപോലെ തന്നെ.. ഇത്തിരി പ്രായം കൂടിയെന്ന് പറഞ്ഞാലും വലിയ മാറ്റം ഒന്നുമില്ല..

 

അതേ.. ചേച്ചി പക്ഷേ നന്നായി വണ്ണം ഒക്കെ വെച്ചല്ലോ.. ആട്ടെ ചേച്ചി എന്നാ നാട്ടിൽ എത്തിയെ.. കുട്ടികൾ ഒക്കെ?

 

ഞാൻ കുറച്ചു ദിവസം ആയി മോളെ വന്നിട്ട്.. മോൾക്ക് ഒരു കല്യാണലോചന. അതിന് വന്നതാണ്. 

 

അത് ശരി മക്കൾ ഒക്കെ അത്രയും ആയോ.. പക്ഷേ ചേച്ചിയെ കണ്ടാൽ അത്രയും ഒന്നും തോന്നില്ല കേട്ടോ.. ചേച്ചിക്ക് സുഖം അല്ലേ.. ചേട്ടനും വന്നിട്ടുണ്ടോ പള്ളിയിൽ..

 

എന്റെ ചോദ്യങ്ങൾ എല്ലാംകൂടി കേട്ടപ്പോൾ അതുവരെ ചിരിച്ചുകൊണ്ടിരുന്ന മുഖം പെട്ടെന്ന് മ്ലാനമായി..

 

നീ എഴുതുന്ന കഥകൾ ഒക്കെ ഞാൻ വായിക്കാറുണ്ട് മോളെ.. അപ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട് എന്റെ ജീവിതവും നിനക്ക് വേണമെങ്കിൽ ഒരു കഥയാക്കാമല്ലോ എന്ന്..

 

എന്താ ചേച്ചി.. ചേച്ചിടെ ജീവിതത്തിൽ എന്താണ് പറ്റിയത്..

 

നമുക്ക് അങ്ങോട്ട് മാറി നിന്നു സംസാരിക്കാം എന്ന് പറഞ്ഞു ചേച്ചി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു കുറച്ചു മാറി നിന്നു..

 

നീ എഴുതുന്ന പോലെ ജീവിതത്തിൽ ഏറ്റവും വേദന നഷ്ടപ്രണയം അല്ല.. പ്രാണൻ പിടയ്ക്കുന്ന വേദന, സ്നേഹിച്ചവൻ അല്ലെങ്കിൽ സ്നേഹിച്ചവൾ ഇട്ടിട്ടു പോകുമ്പോൾ അല്ല..

 

സ്വന്തം കുഞ്ഞുങ്ങൾക്ക് വയർ നിറച്ചു ഭക്ഷണം കൊടുക്കാൻ ഇല്ലാതെ വരുന്ന ഒരമ്മയുടെ ആധി... സ്വന്തം വയർ ഞെക്കി പിടിച്ചു പാതിവയർ എങ്കിലും കുട്ടികൾക്ക് കൊടുക്കാൻ പാടുപെടുന്ന ഒരമ്മയുടെ വേദനയോളം വരില്ല മോളെ ഒരു പ്രണയപരാജയത്തിനും....

 

സ്വന്തം ജീവിതവും ജീവനും നൽകിയവളെ, ഉദരത്തിൽ തന്റെ ജീവനെ പേറിയവളെ പെരുവഴിയിൽ ഒറ്റയ്ക്ക് ആക്കിയിട്ടു പോകുന്ന ഭർത്താവ് കാണിക്കുന്ന ചതി ഒരു കാമുകനും കാണിച്ചിട്ടുണ്ടാവില്ല മോളെ..

 

ചേച്ചി ഞാൻ...

 

കുറ്റം പറഞ്ഞതല്ല മോളെ... ഞാൻ അനുഭവിച്ചത് വെച്ചു നോക്കുമ്പോൾ...

 

എന്റെ മിഴികളിലേയ്ക്ക് നോക്കി ചേച്ചി തുടർന്നു..

 

എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ, ഇരുപതിയെട്ടു വർഷം.. എല്ലാരെയും പോലെ.. എനിക്കും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു വിവാഹത്തെ കുറിച്ച്. കല്യാണം കഴിക്കുന്ന ആളോട് പ്രണയവും ഇഷ്ടവുമൊക്കെ ഉണ്ടായിരുന്നു..

 

 

പക്ഷേ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസങ്ങൾ.. ഒരു പെണ്ണിന് സ്വപ്‌നങ്ങൾ പൂക്കുന്ന നാളുകൾ. ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവതി താൻ ആണെന്ന് തോന്നുന്ന കാലം. ഭർത്താവിന്റെ സ്നേഹം ഒരു കരുതൽ ആണെന്ന് തിരിച്ചറിയേണ്ടുന്ന നാളുകൾ. ആ നാളുകളിൽ തന്നെ എനിക്ക് മനസിലായി ഞാൻ ചെന്നു വീണത് ഒരു നിലയില്ലാകയത്തിൽ ആണെന്ന്..

 

മാൻ പേടയെപ്പോലെ ഭർത്താവിന്റെ സ്നേഹം കൊതിച്ചവൾ.. ചെന്നുപെട്ടത് ചെന്നായ്ക്കരികെ ആണെന്ന് ഞാൻ അറിഞ്ഞു.

 

മദ്യം ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത അയാൾക്ക് എന്റെ ശരീരം മാത്രം പോരാതെ അയാൾ മറ്റ് പെണ്ണുങ്ങളെ കൂടി തേടി പോകുന്നു എന്ന് അറിഞ്ഞപ്പോഴേയ്ക്കും ഞാൻ ഏറെ തളർന്നു. പക്ഷേ ബോംബെ എന്ന മഹാനഗരത്തിൽ എന്റെ കണ്ണീരിന് പ്രസക്തി ഉണ്ടായിരുന്നില്ല.

നിരാലംബയായ ഒരു പെണ്ണിന്റെ കണ്ണുനീരിന്റെ ഉപ്പിൽ പോലും കാമം തീർക്കുന്നവരുടെ നാട്.. അവിടെ ഞാൻ നിസ്സഹായ ആയിപോയി.

 

പിന്നെ മോനേ നോക്കാനായി ഞാൻ എന്റെ അമ്മയെ കൂടി കൊണ്ടുപോയി.. പതിയെ ഒരു ചെറിയ ജോലി നേടി. മണ്ണിനോടും കാടിനോടും പടവെട്ടി അപ്പൻ എന്നെ നഴ്സിംഗ് പഠിപ്പിച്ചിരുന്നതു കൊണ്ട് അത് ഒരു അനുഗ്രഹം ആയി മാറി. അന്ന് ആയിരത്തി അഞ്ഞൂറ് രൂപ ശമ്പളത്തിൽ ഒരു ചെറിയ ഹോസ്പിറ്റലിൽ.. അങ്ങനെ ഇരിക്കെ മോൾ കൂടി ജനിച്ചു.

 

മനസോടെ അല്ലെങ്കിലും കഴുത്തിൽ താലി ചാർത്തിയ പുരുഷന്റെ അധികാരം. ശരീരം വഴങ്ങിയല്ലേ പറ്റൂ.. കണ്ണീർ പൊഴിക്കുമ്പോഴും..

കണ്ണടച്ചു കീഴടങ്ങുമ്പോഴും പെണ്ണിന്റെ നെഞ്ചിലെ വികാരം മനസിലാക്കാൻ പറ്റാത്ത പുരുഷൻ. കൂടെ കിടക്കാനും മക്കളെ പ്രസവിക്കാനും വിഴുപ്പ് അലക്കാനും മാത്രമുള്ള പെണ്ണ്.. അതായിരുന്നു ഞാൻ..

 

മോളമ്മ ചേച്ചി.. ഒന്ന് നിർത്തി.. ആ കണ്ണുകൾ നിറഞ്ഞിരുന്നു..

 

പിന്നെ തുടർന്നു..

 

മോൾ ഉണ്ടായി പിറ്റേമാസം പതിവ് പോലെ ജോലിക്ക് എന്നും പറഞ്ഞു ഇറങ്ങിയ അയാൾ, എന്റെ ഭർത്താവ് പിന്നെ ഈ നാൾ വരെ തിരികെ വന്നില്ല മോളെ..

 

ഏതെങ്കിലും കമ്പനിക്കാരുടെ കൂടെ പോയതാകാം അല്ലെങ്കിൽ തത്കാലം വേറെ ആരുടെയെങ്കിലും കൂടെ കൂടി കാണും എന്ന് കരുതി. കുറച്ചു നാൾ കാത്തു.. പക്ഷേ വന്നില്ല..

 

ചേച്ചി... അദ്ദേഹം എവിടെ പോയി..? തിരക്കിയില്ലേ..

 

പറ്റാവുന്ന പോലെ ഒക്കെ തിരക്കി മോളെ.. എവിടെയെങ്കിലും പോയി കുറച്ചു നാൾ കഴിഞ്ഞു മടങ്ങി വരും എന്ന് കരുതി.. പക്ഷേ. തിരക്കാൻ തിരക്ക് കാണിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും മക്കളുടെ വിശപ്പ് മാറ്റാനോ നഷ്ടപെട്ട ആളെ തിരികെ കൊണ്ടുവരാനോ ഉള്ളതിൽ കൂടുതൽ തിടുക്കം എന്റെ ശരീരത്തിന്റെ ദാഹം തീർക്കാൻ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഏറെ തകർന്നു പോയി.

 

നിസ്സഹായ ആയ പെണ്ണിന്റെ ശരീരത്തിനു പച്ച മാംസത്തിന്റെ വിലപറയാൻ എത്തുന്നവരുടെ മുൻപിൽ ഏറെ തളർന്നു.. തളർന്നിരുന്നാൽ താങ്ങാൻ ചുമൽ ഇല്ലെന്നു പണ്ടേ ഞാൻ അറിഞ്ഞിരുന്നല്ലോ..

 

അയാൾ പോകുമ്പോൾ അഞ്ഞൂറ് രൂപ പോലും തികച്ചെടുക്കാൻ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. മൂന്നു വയസും ഒരു മാസവും പ്രായമായ രണ്ടു കുട്ടികൾ.. പ്രായമായ അമ്മ..

 

ബോംബെ പോലെയുള്ള മഹാനഗരത്തിൽ... ഒരു പെണ്ണ് ഒറ്റപ്പെട്ടു പോയാൽ അവളുടെ മാനം രക്ഷിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്.. മക്കളെ കൊല്ലാൻ മനസ് അനുവദിച്ചില്ല, തോൽക്കരുത് എന്ന് ആരോ പറയുന്ന പോലെ..

 

അങ്ങനെ ഞാൻ കുഞ്ഞു മക്കളെ ഇട്ടിട്ട് ജോലിക്ക് പോയി തുടങ്ങി. പകൽ ജോലി കഴിഞ്ഞു വീട്ടിൽ വന്നു മോൾക്ക് പാലുകൊടുത്തിട്ട് വീണ്ടും അതേ ഹോസ്പിറ്റലിൽ രാത്രി ജോലി ചെയ്ത് ജീവിച്ചു. എന്റെ ദയനീയ അവസ്ഥ കണ്ട് ആശുപത്രിയുടെ മാനേജ്മെന്റ് ചെയ്തു തന്ന ഉപകാരം ആയിരുന്നു അത്..

 

ഇത്രയും നാൾ ഒറ്റയ്ക്ക് ബോംബയിൽ ജീവിക്കേണ്ടി വന്ന അവരോട് എനിക്ക് ബഹുമാനം തോന്നി.. എങ്കിലും ഒരു സംശയം ബാക്കി ആയിരുന്നു..

 

ചേച്ചി.. പിന്നീട് ആരോടും ഒരടുപ്പം പോലും തോന്നാതെ ഇത്രയും നാൾ..?

 

ഇല്ല മോളെ.. എനിക്ക് എന്റെ കുട്ടികൾ മാത്രം മതിയാരുന്നു. പങ്കുവെയ്ക്കപ്പെടാൻ, മറ്റൊരാളെ വിശ്വസിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.. ഒരിക്കൽ ഹൃദയത്തിനേറ്റ മുറിവ് അത്രയും ആഴത്തിൽ ആയിരുന്നില്ലേ. എന്റെ ലക്ഷ്യം കുട്ടികളെ വളർത്തുക എന്നത് മാത്രം ആയിരുന്നു..

 

ഒരുപാട് കഷ്ടപ്പെട്ടു, വിശപ്പ് അറിഞ്ഞു. പുറത്തിറങ്ങിയാൽ കഴുകൻ കണ്ണുകൾ.. അതിനിടയിലൂടെ.. മടുത്തു പോയ നിമിഷങ്ങൾ ഉണ്ട്..

 

പ്രായമായ അമ്മ, പൊടികുഞ്ഞുങ്ങൾ. ഒരു അസുഖം വന്നാൽ.. പലരോടും കടം വാങ്ങി. തിരിച്ചു കൊടുത്തു പിന്നേം വാങ്ങി. മക്കളെ പഠിപ്പിച്ചു.. രണ്ടു പേരും നന്നായി പഠിച്ചു. ഇപ്പോൾ ജോലി ആയി..

 

ചേച്ചി.. ചേച്ചിടെയും അയാളുടെയും വീട്ടുകാരൊക്കെ സഹായിച്ചോ..

 

മോളെ.. ജീവിതത്തിൽ തോറ്റു പോകുന്നവരെ കൂടുതൽ തോൽപ്പിക്കാൻ ആളുണ്ടാവും.. പക്ഷേ താങ്ങാൻ ആരുമുണ്ടാവില്ല. എല്ലാരും ആശ്വാസവാക്കുകൾ പറഞ്ഞു.. ബോംബയിൽ നീ ഒറ്റയ്ക്കല്ലേ. ഇങ്ങ് പോരെ എന്ന് ആരും പറഞ്ഞില്ല..

 

പക്ഷേ വിധിയോട് പോരാടി ഞാൻ ഒരുപരിധി വരെ ജയിച്ചു. ഇനി മക്കളുടെ കല്യാണം കൂടി കഴിഞ്ഞിട്ട് വേണം ഒന്ന് വിശ്രമിക്കാൻ..

 

അല്ല നിനക്ക് ഒരു കഥയ്ക്ക് ഉള്ള വകുപ്പ് ഒത്തോ.. അതും ചോദിച്ചു മോളമ്മ ചേച്ചി ചിരിച്ചപ്പോൾ ഞാനും ചിരിച്ചു

 

തീർച്ചയായും ചേച്ചി.. സ്വന്തം മക്കളെ കൊന്നു മറ്റ് ജീവിതം തേടി പോകുന്നവർ.. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു സുഖം തേടി പോകുന്നവർ.. തോറ്റു പോയി എന്ന് തോന്നിയാൽ ഉടൻ മക്കളെയും കൊന്നു ജീവൻ ഒടുക്കുന്നവർ.. അവർക്കൊക്കെ ഇതൊരു പാഠമാകട്ടെ ചേച്ചി..

 

ഞാൻ ഇടയ്ക്ക് വിളിക്കാം കേട്ടോ.. അതും പറഞ്ഞു ചേച്ചി നടന്നു നീങ്ങി.

 

English Summary: Ullil kanal eriyunnaval, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com