ADVERTISEMENT

പിറ്റേന്ന്, എന്തിനെക്കുറിച്ചായിരുന്നു എഴുതിയത് എന്നറിയാതെ, മറന്നുപോയത് എന്താണെന്നറിയാതെ, ഏറെ നേരം അയാൾ ശൂന്യതയിലേക്കു മിഴിച്ചു നോക്കിയിരുന്നു. സമയബോധത്തിന്റെ അതിരുകൾ എവിടെയെല്ലാമോ മുറിഞ്ഞു പോകുന്നു. ജാലകപ്പഴുതിലൂടെ എത്തിനോക്കുന്ന ആകാശം മാത്രമാണ് പുറംകാഴ്ചകളിലെ സാന്ത്വനമായി അവശേഷിച്ചിട്ടുള്ളത്. ശബ്ദങ്ങൾക്കു വേണ്ടി അയാൾ കാതോർത്തുവെങ്കിലും ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദതയുടെ മുഴക്കമല്ലാതെ, ഒരു ശബ്ദതരംഗവും അയാളുടെ കാതുകളിലെത്തിയിരുന്നില്ല. കീമോ തെറപ്പി, റേഡിയേഷൻ... ഇത് എത്രാമത്തെ തവണയാണ്?

‘‘മരണമേ!’’ അയാൾക്ക് ആരോടെങ്കിലും സംസാരിക്കണമായിരുന്നു. അതുകൊണ്ട് അയാൾ തന്റെ ആസന്നമരണത്തോടു സാക്ഷ്യം വഹിക്കാൻ പോകുന്ന കിടപ്പുമുറിയിലെ ചുമരുകളോടു സംസാരിക്കാൻ തുടങ്ങി:

‘‘മരണമേ, ഈ വെയിൽ തന്നെയാണോ ആയിരം വർഷങ്ങൾക്കു മുൻപ് എന്റെ പൂർവികർ കണ്ടിരുന്നത്? ഞാനിപ്പോൾ കാണുന്ന ഇതേ വെയിൽ? വെയിലിന് ഇതേ നിറം തന്നെയായിരുന്നോ?’’

‘‘മരണമേ, ഈ ജീവിതത്തിന്റെ ദൂരമത്രയും താണ്ടിവന്നത് ഈ ഞാൻ തന്നെയാണോ?’’ മേശപ്പുറത്ത് എഴുതിവച്ച കടലാസുകൾ എടുത്ത് അയാൾ വായിക്കാൻ തുടങ്ങി: ‘‘ഒരു മണൽക്കുന്നുപോലെ കിടക്കുന്ന നാലഞ്ചു നാഴിക ചുറ്റളവുള്ള ഒരു ദ്വീപിലാണു വർഷങ്ങളായി ഞാൻ ജീവിച്ചത്. നോക്കുന്നിടത്തെല്ലാം ആകാശവും കടലും... ഒരേ ആവർത്തനങ്ങളുടെ ചത്തുമലച്ച ദിവസങ്ങൾ... വിഷവാതകങ്ങൾ കത്തിച്ചുകളയുന്ന ഒരു ആകാശക്കുഴലിനു കീഴിൽ പെട്രോളിയം ശുദ്ധീകരണശാലയുടെ പേടിപ്പെടുത്തുന്ന പ്ലാന്റുകൾക്കു ചുറ്റും കുറെ കെട്ടിടസമുച്ചയങ്ങൾ. ഒറ്റ മിനാരമുള്ള പച്ച ചായമടിച്ച ഒരു പള്ളി, പൊലീസ് സ്റ്റേഷൻ, ഫയർ എൻജിനുകൾ...ഹെലിപാഡിൽ വന്നിറങ്ങിയാൽ പൊലീസുകാർ പരിശോധിക്കുന്നത്, ലഗേജിൽ പോണോഗ്രാഫി പുസ്തകങ്ങളോ നീലച്ചിത്രങ്ങളോ ആയിരിക്കും. ഒരിക്കൽ എങ്ങനെയോ ഭാര്യയുടെ ബ്രേസിയറും അടിപ്പാവാടയും അതിനകത്ത് അകപ്പെട്ടു. ആളുകൾക്കിടയിൽ ഞാൻ കരഞ്ഞുപോയി. ‘‘മൈ മിസ്റ്റേക്ക്... മൈ മിസ്റ്റേക്ക്...’’ എന്തൊക്കെയോ ഞാൻ പറഞ്ഞതായോർക്കുന്നു....’’

illustration-ezhuthumeshakku-munnil-short-story-by-v-b-jyothiraj
വര: രോഹിത് ജോസ്

അത്രയും വായിച്ചപ്പോൾ അയാൾക്കു ചിരി വന്നു. വളരെ വേഗം കഠിനമായ ഒരു വിഷാദത്തിലേക്ക് അയാൾ വഴുതി വീണു. കണ്ണെത്താവുന്ന ദൂരത്തോളം നീണ്ടുകിടക്കുന്ന ജയിൽമുറികളിലെവിടെയോ അയാളുടെ കൊച്ചുമുറി. അകത്ത് ശവമുറിയുടെ തണുപ്പ്. ഛർദിക്കാൻ മുട്ടുന്ന വൈരസ്യമാണ് അയാളുടെ മനസ്സിലെപ്പോഴുമുള്ള ഭാവം. പരിതാപകരമായ ഈ വൈരസ്യവും ഏകാന്തതയും മറികടക്കാനാണ് രാത്രിയിൽ അയാളെന്തൊക്കെയോ കുത്തിക്കുറിച്ചു തുടങ്ങിയത്. മരണത്തോടായിരുന്നു അയാൾക്കു സംസാരിക്കേണ്ടിയിരുന്നത്.

‘‘മരണമേ, നിനക്കറിയുമോ? ഒന്നിലും ഒരു വ്യക്തതയുമില്ലാത്ത കാലം വന്നിരിക്കുന്നു. ഭൂഗോളം നരവേട്ടകളും രക്തച്ചൊരിച്ചിലുകളുംകൊണ്ടു ചുകന്നിരിക്കുന്നു. ശരിയുടെയോ തെറ്റിന്റെയോ ഒരു പക്ഷവും നമുക്കില്ലാതാവുകയാണ്. വായ്ത്താരികളുടെ ഇടിമുഴക്കങ്ങൾക്ക് ഒരർഥവുമില്ലാതായിരിക്കുന്നു. എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സങ്കീർണതയാണ്. മറുപക്ഷം എന്തിനെക്കുറിച്ചാണു പറയുന്നതെന്നറിയാനാവാത്തവിധം ആകെ ആശയകലുഷിതമായ ഒരു ലോകം... ആശയക്കുഴപ്പത്തിനു മേൽ ആശയക്കുഴപ്പങ്ങളാണു മൂർച്ഛിച്ചു വരുന്നത്. മരണമേ, സ്പർധയും പകയും വിദ്വേഷവുംകൊണ്ടു മനുഷ്യബോധം വിങ്ങുകയാണ്. ഏതു നിറമുള്ള കൊടിയുടെ കീഴിലും ഉറവകൾ വറ്റിയ ആശയദാരിദ്ര്യത്തിന്റെ കത്തുന്ന വേനൽഭൂമിയാണ്. എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്, എന്തു സംഭവിക്കുന്നു, ഒന്നുമെനിക്കറിയില്ല! എന്തിനാണു ഞാനിങ്ങനെ കഠിനചിന്തകളിൽ വേപഥു കൊള്ളുന്നത്? മരണമേ, നീയൊരു സുന്ദരിയായ പെൺകുട്ടിയായിരുന്നെങ്കിൽ...’’

എഴുതിക്കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ വരികൾക്കിടയിലെവിടെയോവച്ച് അയാൾക്ക് അയാളെ നഷ്ടമാകും. എവിടെപ്പോയെന്നറിയാത്തവിധം സ്വയം നഷ്ടമാകും. ഒരു വിടപറച്ചിലിന്റെ ദൈന്യതയിൽ ശ്വാസംമുട്ടും. പൂർത്തിയാകാത്ത ബാക്കിവച്ച കഥകളുടെ നോവുകളാണ് അയാളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്നത്. എന്തിനാണ് ഞാനെഴുതുന്നത്? ആർക്കു വേണ്ടിയാണ് ഞാനെഴുതുന്നത്? അയാൾ ഓരോന്നോർത്തു സങ്കടംകൊള്ളും. ‘‘മരണമേ, ഈ ജീവിതത്തിന്റെ ദൂരമത്രയും താണ്ടിവന്നത് ഈ ഞാൻ തന്നെയാണോ?’’

മേശപ്പുറത്ത് എഴുതിവച്ച കടലാസുകളിലേക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അയാൾ നോക്കിക്കൊണ്ടിരുന്നു: ‘‘മരണമേ, ഏറെനാൾ ഞാനെന്റെ ജീവിതം അവൾക്കു വേണ്ടി മാത്രം ചിന്തിച്ചു നശിപ്പിച്ചു. എനിക്ക് എല്ലാമായിരുന്ന എന്റെ സ്നേഹം അവൾക്ക് ഒന്നുമായിരുന്നില്ല. തീരെ തുച്ഛമായ ഒരു വില മാത്രമേ അവളെന്റെ ആത്മസമർപ്പണത്തിനു കണ്ടിരുന്നുള്ളൂ. ‍ഞാനവൾക്കു നൽകിയതൊന്നും, എന്റെ സ്നേഹമോ പ്രണയമോ സ്വപ്നങ്ങളോ ഒന്നുംതന്നെ, എനിക്ക് ഇനിമേൽ തിരിച്ചുകിട്ടാനും പോകുന്നില്ല. മറ്റൊരാൾക്ക് അതുപോലെ അതു പകർന്നു നൽകാനും എനിക്കിനി കഴിയില്ല. യെസ്! അയാം നോ മോർ...’’

എഴുതിവച്ച നോവലിന്റെ അവസാനമായിരുന്നോ അത്? ദൈവത്തിനു സ്തുതി പറഞ്ഞുകൊണ്ട് അയാൾ കണ്ണുകളടച്ചു. ഒരു നൂറു കൊല്ലങ്ങൾക്കു ശേഷം ഈ ഭൂമിയിൽ ജനിക്കുന്നതിനെക്കുറിച്ച് ഓർത്തുകൊണ്ട് അയാൾ സ്വപ്നങ്ങളിലൂടെ ഊളിയിട്ടു നീന്തി.

English Summary : Ezhuthumeshakku Munnil - Short Story by V.B. Jyothiraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com