ADVERTISEMENT

വരാൽ (കഥ) 

കുളത്തിലെ ഇമ്മിണി വല്ല്യ വരാലിനെ നോക്കി വെള്ളമിറക്കി നിൽക്കുന്ന പാപ്പന്റെ നിൽപ്പ് അമ്മിണിക്ക് അത്ര രസിച്ചില്ല. 

‘‘എന്തിനാ പാപ്പാ നീ ഞങ്ങടെ വരാലിൽ കണ്ണ് വയ്ക്കുന്നത്? താറാവിനെ നോക്കി കണ്ണ് വെച്ച് മടുത്ത്, ഇപ്പൊ വരാലേലായി നിന്റെ നോട്ടം. ഇവിടെ നിന്ന് കറങ്ങാതെ എളുപ്പം സ്ഥലം കാലിയാക്കുന്നതാ ബുദ്ധി …’’ പെൺശബ്ദം ഉയർന്നപ്പോൾ പാപ്പൻ പരുങ്ങി.

‘‘അത്...ഞാൻ... ബെറുതെ...’’

‘‘ങ്ഹാ... അങ്ങനെ ബെറുതെയൊന്നും ബ്രാലിനെ നോക്കി നിക്കണ്ട... ചെല്ല് ചെല്ല് ബേഗം സ്ഥലം കാലിയാക്കിക്കോ’’

 

വരാല് ചാടി പൊന്തയിലോട്ട് വീണു. നല്ല മുഴുത്ത ഒരെണ്ണം. വഴുവഴുത്ത അതിന്റെ ദേഹം കണ്ടപ്പോഴേ പാപ്പന് ദേഹം തരിച്ചു. ഏകദേശം മൂന്ന് കിലോയോളം വരും. പാപ്പൻ നാവ് വെളിയിലേക്കിട്ട് ചുറ്റും പരതി.

 

ചെളിയിൽ പുതഞ്ഞ് കിടക്കുന്ന വരാലിന്റെ മിനുമിനുത്ത ദേഹം കണ്ടപ്പോൾ പാപ്പന് പിടിച്ച് നിൽക്കാനായില്ല. അതിന്റെ വേണ്ടാത്തിടത്തെവിടെയോ തൊടാൻ പോണ മാതിരി മുന്നോട്ടാഞ്ഞപ്പോൾ തന്നെ പാപ്പന് രോമാഞ്ചം വന്നു. വഴുവഴുത്ത മേനിയിൽ പാപ്പന്റെ വിരൽ പതിഞ്ഞപ്പോൾ വരാലൊന്ന് മുരണ്ടു, പിന്നെ തൊടലിഷ്ടപ്പെട്ട വിധം ചിരിച്ചു. അമ്മിണിക്ക് ടെൻഷൻ കൂടി. നിയന്ത്രണം വിട്ട പാപ്പൻ വരാലിന്റെ കൊമ്പേലൊരു മുത്തം കൊടുത്തു. ‘‘പന്ന കഴുവേറീടെ മോൻ’’ അമ്മിണി പൊട്ടിത്തെറിച്ചു.

 

‘‘എടീ അമ്മിണി നീ കെടന്നുരുളാൻ ഞാൻ നിന്നെയാണോ കേറി പിടിച്ചത്? അതോ നീ ഫെമിനിസ്റ്റാണോ? ഞാൻ ബ്രാലിനെ ഒന്ന് തൊട്ടെന്ന് വെച്ച് നീ കെടന്ന് തൊള്ള തൊറക്കണ്ട. ആത്മപ്രശംസ എനിക്കിഷ്ടമല്ല, എന്നാലും പറയുവാ. എനിക്ക് നിന്നെക്കാൾ തറവാട്ട് മഹിമയുണ്ട്’’ പാപ്പന്റെ ശബ്ദമുയർന്നു.

 

‘‘ങ്ഹാ...എന്നാലേ, ഞങ്ങളും ഇവിടെ മര്യാദക്ക് തന്നെയാ ജീവിക്കുന്നത്. ഇതൊന്നും എന്റെ വീട്ടില് നടക്കുകേലെന്നാ ഞാൻ പറഞ്ഞ് വന്നത്. അന്തസ്സുണ്ടാരുന്നേൽ നീ പിന്നേം പിന്നേം ഇവിടെക്കിടന്ന് കറങ്ങുകേലാരുന്നു’’ അമ്മിണി പെണ്മയുടെ പര്യായമായി ചെറുത്ത് നിന്നു.

 

‘‘ഹ! ഇത് വല്ല്യ ഇറങ്ങേറായല്ലോ എന്റെ പൊന്ന് ബദരീങ്ങളേ... പീടികപ്പറമ്പ് ഔസേപ്പച്ചന്റെ വീട് എന്നുമുതലാടി അമ്മിണീ നിനക്ക് സ്വന്തമായത്?’’

 

‘‘അതെന്ത് മറ്റേടത്തെ വാർത്താനാ പാപ്പാ നീ പറേണത്? പറഞ്ഞ് വരുമ്പോൾ മജീദ് ഹാജി ഉണ്ടാലല്ലേ നിനക്കും ഉണ്ണാനാകൂ…’’

വഴക്ക് മൂത്തപ്പോൾ വരാല് ചെളിക്കുണ്ടിൽ കിടന്ന് ഒന്ന് പിടഞ്ഞു. അരിശം കേറി ഏതാണ്ടൊക്കെ പറഞ്ഞു.

 

‘‘ശ്ശൊ! … ഇതാണ് ഈ കരക്കാരുടെ കുഴപ്പം, ശ്വാസമെടുക്കാനെങ്കിലും ഒരല്പം ത്രാണിയുണ്ടേൽ തുടങ്ങും വീരവാദവും ആർക്കും ഒരുപയോഗവുമില്ലാത്ത മഹിമ പറച്ചിലും!  ദേണ്ടെ... ഔസേപ്പ് കുളം വൃത്തിയാക്കിയപ്പോഴാണ് അൽപനേരം ചെളിപ്പുറത്ത് വിശ്രമിക്കാമെന്ന് വെച്ചത്. നിങ്ങള് രണ്ടാളും അതിനും സമ്മതിക്കില്ലാന്ന് വെച്ചാൽ! അല്ലെങ്കിൽത്തന്നെ ലോക്ക് ടൗൺ സമയത്ത് നിന്നെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല’’

ക്ഷമ നശിച്ച വരാല് ചെളിക്കുണ്ടിൽ നിന്നും വെള്ളത്തിലേക്ക് ഒറ്റ ചാട്ടമായിരുന്നു. ലോക്ക് ടൗൺ ആയിട്ട് ഇച്ചിരി മീൻ തിന്നാൻ കൊതി മൂത്തിറങ്ങിയ അമ്മിണി ‘‘മ്യാവൂ’’ എന്നും പാപ്പൻ ‘‘ബൗ’’ എന്നും പിറുപിറുത്തുകൊണ്ട് അവരവരുടെ വീടുകളിലേക്ക് ഓടി.

 

English Summary: Varal, Malayalam short story  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com