ADVERTISEMENT

അവൾ (കഥ)

ഇരുട്ടിനെ പോലും ഭയപ്പെടുത്തുമാറ് മഴ ഇടിവെട്ടി പെയ്തു കൊണ്ടേ ഇരുന്നു.

“മകളാണ്” പെറ്റിട്ട കുട്ടിയെ നോക്കി ലോകം പറഞ്ഞപ്പോൾ അവൾ തിരിച്ചു പറഞ്ഞു.

“അതേ ഞാനും ഒരു മകളാണ്”

നിറയെ ബന്ധുക്കൾ അമ്മായിമാർ, എളേമ്മമാർ എല്ലാരും ഉണ്ട് കട്ടിലിന് ചുറ്റും. പക്ഷേ അനിലേട്ടനും അമ്മയും എവിടെ .... 

 

“അനിൽ ജോലി കഴിഞ്ഞു വൈകിട്ടെ വരൂ, പിന്നെ പെണ്ണല്ലേ സാവധാനം വന്നാ മതി എന്നു ഞാനും പറഞ്ഞു.” 

അനിലിന്റെ അമ്മ ഭാനുമതി അപ്പുറത്തെ കട്ടിലിൽ ഇരിക്കുന്നത് അപ്പോഴാണ് യമുന കാണുന്നത്. 

 

“യമുനേ, നീ കുറച്ചു നേരം ഉറങ്ങിക്കൊ അമ്മ ഉണ്ണിനെ നോക്കിക്കോളും”

യമുന അച്ഛനെ നോക്കി, അച്ഛൻ അവളുടെ കാൽക്കൽ തന്നെ ഇരിക്കുന്നുണ്ട്. 

“എന്നാലും അനിലേട്ടൻ വന്നില്ലലോ അച്ഛാ ..”

യമുന സിസേറിയൻ കഴിഞ്ഞ ക്ഷീണത്തിൽ ഉറക്കത്തിലേക്ക് വഴുതി പോയത് അറിഞ്ഞില്ല. 

 

“അനിലെ, നെന്നെ എത്ര നേരായടോ എന്റെ പെങ്ങൾ കാത്തിരിക്കാൻ തുടങ്ങിട്ട്”

ഏട്ടൻ അല്ലെ അത്, അതേ ഏട്ടൻ തന്നെ ആണ് അനിലേട്ടൻ വന്നു. 

 

അനിൽ ഒരിക്കലും യമുനയെ വിഷമിപ്പിക്കില്ല എന്നവൾക്കറിയാം. പക്ഷേ സന്തോഷവും വിഷമവും പ്രകടിപ്പിക്കാതെ ഉള്ള നിൽപ്പ് അത് മാത്രം അവൾക്ക് മനസ്സിലായില്ല. എന്നാലും ഏട്ടത്തിക്കും ഏട്ടനും അച്ഛനും അമ്മയ്ക്കും എന്റെ മകളെ ഒരുപാട് ഇഷ്ടമാണ്. അവർ അവളെ താഴെ വെയ്ക്കാതെ എടുത്തോണ്ട് നടന്നു. മാസങ്ങൾ  പോയത് അറിഞ്ഞില്ല. 

 

“വയ്യ, അച്ഛാ.. ഇനി അവിടെ പോയാൽ എന്തൊക്കെ ആണവോ”

 

“ഇതും കടന്നു പോകും, നീ വിഷമക്കേണ്ട, ഈ ലോകത്ത് ഒന്നും ഒന്നും തന്നെ ശാശ്വതമായിട്ടില്ല .. .”

 

“ഇതും കടന്നു പോകും യമുനേ, നീ ഒരു ടീച്ചർ അല്ലേ.. നിനക്ക് എല്ലാം മാനേജ്  ചെയ്യാൻ പറ്റും. എത്ര കുട്ടികളെ നേരെയാക്കിയതാ എന്റെ മോള്”

“ഇല്ല, അച്ഛാ അവർടെ അടുത്ത് പിടിച്ചു നില്ക്കാൻ പറ്റണില്ല.”

 

അന്ന് ആ വീട്ടിൽ ആരും ഉറങ്ങിയില്ല. പിറ്റേന്ന് അനിൽ വരും. യമുന പോകും. വീട് നിശ്ചലം .

 

ആകാശത്ത് നീല മേഘങ്ങൾ ലക്ഷ്യം തെറ്റി പായുന്ന പോലെ അവൾക്ക് തോന്നി. ഇടവപ്പാതി മഴ തോരാതെ പെയ്തു കൊണ്ടേ ഇരുന്നു. അനിലിന്റെ വീട്ടിൽ 

ഒരു മുറിയും ഒരു ഹാളും മാത്രമാണ് ഉള്ളത്. 

കുഞ്ഞ് നിർത്താതെ കരഞ്ഞു കൊണ്ടേ ഇരുന്നു. യമുന ഹാളിൽ കുഞ്ഞിനെയും കൊണ്ട് നടന്നു. 

 

ആകെ ഉള്ള കട്ടിലിൽ അനിലിന്റെ അമ്മയും, അനിയത്തിയും കിടക്കുന്നുണ്ട്. 

അതിനു താഴെ പായ വിരിച്ചാണ് അനിൽ കിടക്കുന്നത്. കുഞ്ഞിനേം കൊണ്ട് ആ മുറിയിൽ കിടന്നാൽ മതി എന്ന് അവര് അവളോടു പറഞ്ഞു .

“മോള് കരയല്ലേ” യമുന പതുക്കെ പറഞ്ഞു. 

“യമുന, കുഞ്ഞിനെ ഒറക്ക്. ഞങ്ങള്ക്ക് ഒറങ്ങണം” ഭാനുമതിഅമ്മ ഉറക്കെ പറഞ്ഞു. 

 

“എടീ, ആ കുഞ്ഞിന് വിശന്നിട്ടാ, നിനക്കു ജോലിക്കു പോകേണ്ടല്ലോ, എനിക്ക് പോകണം, എങ്ങനെ എങ്കിലും ഉറക്ക് ..” അനിലിന്റെ പെങ്ങൾ ആണ്. 

അനിൽ ഇതൊന്നും അറിയാതെ നല്ല ഉറക്കം. യമുനക്കു കരച്ചിൽ അടക്കാനായില്ല. അച്ഛന് നല്ല സർക്കാർ ജോലിക്കാരനെ വിവാഹം ചെയ്താൽ മകളുടെ ഭാവി ഭദ്രമാകും എന്നായിരുന്നു. അങ്ങനെ മറ്റൊന്നും നോക്കാതെ ജോലി മാത്രം നോക്കി ആണ് കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ തന്റെ ജോലി രാജി വെപ്പിച്ചതും എല്ലാം യമുന ഓർത്ത് ഓർത്ത് കരഞ്ഞു. വീട് കടപ്പുറത്ത് ആയത് കൊണ്ട് കടൽ ഇരമ്പുന്ന ശബ്ദം എപ്പോഴും കേൾക്കാം. 

 

പുലർച്ചെ മൂന്നുമണിക്ക് ആണ് കുഞ്ഞ് ഉറങ്ങിയത്. ആ സമയം താഴെ പായയിൽ  കൊണ്ട് കിടത്തി യമുന കഷ്ടി രണ്ടു മണിക്കൂർ ഉറങ്ങി. അഞ്ചു മണിക്ക് എണീറ്റ് അനിലിനും പെങ്ങൾക്കും കൊണ്ടു പോകാൻ  ഭക്ഷണം ഉണ്ടാക്കി. പിന്നെ ബ്രേക്ക്ഫാസ്റ്റും.. 

 

“യമുന, മിടുക്കി ആയല്ലോ” ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ അയാൾ അവളോടു പറഞ്ഞു. തിരിച്ചു വന്നിട്ട് അനിൽ ആകെ യമുനയോട് സംസാരിച്ചത് അതാണ് . 

“യമുനേ, ബക്കറ്റിൽ എന്റെ കുറച്ചു തുണി ഉണ്ട്, വാഷിംഗ് മെഷീനിൽ ഇടണ്ട, നീ കഴുകിയാൽ മതി’’ അനിലിന്റെ പെങ്ങൾ ആണ്. എല്ലാരും സർക്കാർ ജോലിക്കാർ .. 

ആകെ ബാത്റൂം മാത്രമാണ് അവൾക്കു സ്വകാര്യത കിട്ടുന്നോരിടം. അവളുടെ മുറിയും മുറി നിറയെ ഇഷ്ടപ്പെട്ട പുസ്തകങ്ങളും ഒന്നുമില്ല ഇപ്പോ ...

 

അവൾ ആവോളം കരഞ്ഞു, അതും കുഞ്ഞ് ഉറങ്ങുമ്പോൾ  മാത്രം. അച്ഛൻ പറഞ്ഞത് ഓർത്തു “ഇതും കടന്നു പോകും യമുന”

 

“അഐയ്, എന്താ ഇത്രേ നേരം ഇറങ്ങി വാ ഇവിടെ” ഭാനുമതിഅമ്മയാണ്. 

“എന്റെ ഈ സാരീ കഞ്ഞി മുക്കണം..”

“എനിക്കു വലിയ വശമില്ല അമ്മ ..”

“നീ ഇങ്ങട്ട് വാ, പറഞ്ഞു തരാം. നിനക്ക് അറിയൊ അനിലിന് ഒരു എൻജിനിയർ പെൺകുട്ടിയെ പറഞ്ഞു വച്ചതാ. നിനക്കു മുൻപ്. നല്ല നെറോം, മുടീം. ഒയരോം .. എന്താ ഓരോ യോഗേ.. ഇവന് നെന്നെ പിടിച്ചൂളൂ ആ കുട്ടിക്ക് ആൺകുട്ടിയാന്നാ കേട്ടെ ..”

യമുന ഒരു വിധം പണിയെല്ലാം അവസാനിപ്പിച്ചു . 

മഴ കുറഞ്ഞിരിക്കുന്നു.. നല്ല വെയിൽ .. 

അമ്മ പതിവ് സീരിയൽ കാഴ്ചയിൽ മുഴുകി .. അനിൽ വന്നിട്ടുമില്ല. 

 

യമുന ഉറങ്ങുന്ന കുഞ്ഞിനേം എടുത്തു നടന്നു. അവളുടെ ചെവിയിൽ അച്ഛന്റെ വാക്കുകൾ മന്ത്രിച്ചു കൊണ്ടേ ഇരുന്നു. 

“ഇതും കടന്നു പോകും” വഴി രണ്ടായി പിരിയുന്നെടുത്തു അവൾ നിന്നു. 

“കടലിലേക്കുള്ള വഴി ..”

“ജീവിതത്തിലേക്കുള്ള .. വഴി”

ഒരു നിമിഷം പതറി .. കുഞ്ഞ് ഉണർന്നു, കരഞ്ഞു. 

“ഇല്ല, നിന്നെ ഞാൻ വളർത്തും, ആർക്ക് മുൻപിലും തല കുനിക്കാതെ... നീ അമ്മയുടെ മകളാണ്” ....

“ജ്വാല യമുന” 

 

കാർമേഘങ്ങൾക്ക്  വഴിപ്പെടാതെ തെളിഞ്ഞ ആകാശം വെളിപ്പെട്ടു.

 

English Summary: Aval, Malayalam Short Story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com