ADVERTISEMENT

സിനിമാ ടാക്കീസ് (കഥ)

കാർ പോർട്ടിക്കോവിൽ കയറ്റി ഓഫ്‌ ചെയ്ത് ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് രമേശിന്റെ തല ഒന്ന് തണുത്തത്. വീടെത്തിയിരിക്കുന്നു. പെട്ടെന്ന് വീടിനുള്ളിലേക്ക് കയറാൻ തിടുക്കപ്പെടുമ്പോൾ ആയിരുന്നു അടുത്ത വീട്ടിൽ നിന്നും ഭയങ്കരമായ ഒച്ചപ്പാടും ബഹളവും അയാൾ കേട്ടത്. തന്റെ അയൽവാസിയായ ദാമോദരന്റെ പത്താം തരത്തിൽ പഠിക്കുന്ന മകൾ മനീഷ ക്ലാസ്സ്‌ കട്ട് ചെയ്ത് സിനിമയ്ക്ക് പോയിരിക്കുന്നു. അതിന്റെ ഘോരമായ വഴക്കാണ് അവിടെ അരങ്ങേറുന്നതെന്ന് ഇറയത്ത് തന്നെ നോക്കി നിൽക്കുന്ന ഭാര്യയോട് ചോദിച്ചപ്പോൾ രമേശിന് മനസ്സിലായി. അയാൾ വീടിനുള്ളിൽ കയറാതെ മുറ്റത്ത് തന്നെ നിന്നുകൊണ്ട് ബഹളം കേൾക്കുന്ന ദാമോദരന്റെ വീട്ടിലേക്ക് ഉറ്റു നോക്കി. സിനിമ കാണാൻ പോകുന്നത് ഇത്ര വലിയ തെറ്റാണോ? 

അറിയില്ല. അതോ ക്ലാസ് കട്ട്‌ ചെയ്ത് പോകുന്നതോ?? എന്തോ ഞാൻ അങ്ങനെ പോയിട്ടില്ല. അയാൾ മനസ്സിൽ ആലോചിച്ചു.

 

ദൃഷ്ടി ദാമോദരന്റെ വീട്ടിൽ തങ്ങി നിന്നുവെങ്കിലും മനസ്സ് അയാൾ ആദ്യമായി സിനിമ കാണാൻ പോയ ഗൃഹാതുരത്വമുള്ള മങ്ങിയ ചില ഓർമ്മകളിൽ കറങ്ങി നടന്നു. മനോഹരമായ ചിന്തകളുടെ ഒരു പരമ്പര രമേശിന്റെ ഉള്ളിലേക്ക് തികട്ടിയെത്തി. 

 

അന്ന് രമേശിന് ആറു വയസ്സ് പ്രായം ഉള്ളപ്പോഴാണത് ആദ്യമായി മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം സിനിമ കാണുവാൻ ആ കുഞ്ഞു പയ്യൻ ടാക്കീസിൽ പോകാൻ തയ്യാറാകുന്ന ദിവസം. അന്ന് വളരെയേറെ കൗതുകമായിരുന്നു രമേശിന്.

 

‘‘ആദ്യമായി സിനിമാ ടാകീസിൽ എന്താവും? എന്തായിരിക്കും അവിടെ നടക്കുക? ഹൊ.. ചിന്തിക്കാൻ കൂടി പറ്റുന്നില്ല. എന്തായാലും മുന്നറിവില്ലാത്ത മുത്തച്ഛന്റെ ഈ സംഗതിയെ കാത്തിരുന്നു കാണുകതന്നെ എന്ന് ആ പയ്യൻ തീരുമാനിച്ചു.

 

തന്റെ അച്ഛനും അമ്മയും അന്ന് വേനൽ അവധിക്ക് തിരുവനന്തപുരത്തെ ഉള്ളൂരുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടേയും വീട്ടിൽ തങ്ങാൻ നിർത്തിയിട്ട് പോയതായിരുന്നു. അവരുടെയൊപ്പം അവധി ചിലവഴിക്കുമ്പോൾ രമേശ്‌ അച്ഛനെയും അമ്മയെയും ഓർക്കാറേയില്ലായിരുന്നു. അത്രയും കളിയും ചിരിയും കളിക്കോപ്പുകളും പലതരം കളികളും തമാശയുമൊക്കെയായി തന്റെ നിഷ്കളങ്കമായ ബാല്യത്തെ അവർ ശോഭനമാക്കിയിരുന്നു. അവധി കഴിഞ്ഞ് അച്ഛൻ അവരുടെ അരികിൽ നിന്നും അവനെ കൂട്ടിക്കൊണ്ട് പോകുമ്പോഴാണ് സങ്കടം.

 

ടാകീസ് എന്നോ മറ്റോ മുത്തച്ഛൻ മുത്തശ്ശിയോട് പറയുന്നത് രമേശനന്ന് മുറിഞ്ഞ് മുറിഞ്ഞ് കേട്ടതല്ലാതെ അത് എന്താണെന്ന് അവന് മനസിലായിട്ടില്ല..

 

ചോദിച്ചപ്പോൾ ഒരു വലിയ ടി വി എന്ന സൂചന മാത്രമേ മുത്തച്ഛൻ നൽകിയുള്ളു. അങ്ങനെയിരിക്കെ അവർ മൂന്നു പേരും കൂടി ഓട്ടോയിൽ കയറി തിരുവനന്തപുരം ശ്രീകുമാർ ടാക്കീസിലെത്തി. നൂൺ ഷോയ്ക്ക് ആയിരിന്നു അന്ന് അവർ പോയത്. തിരുവനന്തപുരത്ത് അപ്പോൾ ഈ ഒരൊറ്റ ഏ/സി ടാക്കീസെ ഉണ്ടായിരുന്നുള്ളു. ഒരാൾക്ക് അന്ന് ടിക്കറ്റ് നിരക്ക് അഞ്ചു രൂപാ മറ്റോ ആണെന്ന് തോന്നുന്നു. ടിക്കറ്റിനോടൊപ്പം കട്ടിയുള്ള പേപ്പറ് കൊണ്ട് ഉണ്ടാക്കിയ കറുത്ത കണ്ണടയും കിട്ടി. മൈ ഡിയർ കുട്ടിച്ചാത്തനായിരുന്നു സിനിമ. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം. മുത്തച്ഛനും മുത്തശ്ശിയും അവന്റെ കുഞ്ഞു കൈകൾ മുറുകെ പിടിച്ചുകൊണ്ട് ടാക്കീസിനുള്ളിൽ പ്രവേശിച്ചു. സിനിമ കാണാൻ ആളുകളുടെ നല്ല തിക്കും തിരക്കുമുണ്ടായിരുന്നു. ഉന്തും തള്ളും കൊണ്ട് പാവം മുത്തച്ഛൻ എങ്ങനെയോ മൂന്നു ടിക്കറ്റ് ഒപ്പിച്ചു.

 

അങ്ങനെ ഉള്ളിൽ പ്രവേശിച്ച് നടുവിലുള്ള വരിയിലെ മൂന്ന് ഇരിപ്പിടങ്ങളിൽ മൂവരും ഇരുന്നു അവരുടെ നടുവിലായിരുന്നു രമേശ്‌ ഇരുന്നത്. ഇതാണോ സിനിമാ ടാക്കീസ് എന്ന കൗതുകത്തോടെ അവൻ ചുറ്റും നോക്കി. 

 

ഉള്ളിലെ എസിയുടെ തണുപ്പും അതിനൊത്ത് ശ്വസിക്കാൻ സുഗന്ധമുള്ള നല്ലമണവും കുറഞ്ഞ വോളിയത്തിലുള്ള ഏതോ സിനിമാ ഗാനവും, മുകളിലേക്ക് നോക്കുമ്പോൾ കുറെ കുഞ്ഞു കുഞ്ഞു ഗോളങ്ങളുടെ ഉള്ളിൽ നിന്നും അടിക്കുന്ന മഞ്ഞ വെളിച്ചവും ചുവന്ന വർണ്ണത്തിലുള്ള ഇരിപ്പിടങ്ങളും ആദ്യകാഴ്ചയിൽ അവന്റെയുള്ളിൽ അത്ഭുതം തോന്നിച്ചു. അവൻ ആ കട്ടിയുള്ള കടലാസ് കൊണ്ടുണ്ടാക്കിയ ത്രീഡി കണ്ണടയും കൂടി കണ്ണിൽ എടുത്തു വെച്ചു.

 

മുത്തച്ഛന്റെ കൈയിൽ പിടിച്ചുകൊണ്ട് അവൻ സീറ്റിനുമുകളിൽ കയറി നിന്നു.

 

‘‘ഇത് ന്താ മുത്തച്ഛ രാത്തിറിയായോ’’

 

‘‘എല്ലാരും കൂടി ഒമിച്ച് വന്നിരിക്കുന്നതെന്താ കുറേ പേര്ണ്ടല്ലോ ഇവടെ.? ഇതാനോ മുച്ചച്ഛാ വെലീയ തീ വി’’

 

രമേശ്‌ വളരെ കൗതുകത്തോടെ ചുറ്റും നോക്കി ചോദിച്ചു. 

 

‘‘അതേല്ലോ കുട്ടാ... ഇതാണ് ആ വലിയ ടിവി ഇതിനേണ് സിനിമാ ടാക്കീസ് എന്ന് പറയണത് എല്ലാവരും ഒരുമിച്ച് വന്ന് സിനിമാ കാണണ സ്ഥലോണിത്’’ അവനെ സീറ്റിൽ പിടിച്ചിരുത്തികൊണ്ടായിരുന്നു മുത്തച്ഛന്റെ ആ മറുപടി. 

 

രമേശ്‌ അത്ഭുതത്തോടെ അതിനകം വീക്ഷിച്ചു. അപ്പോഴതാ ആ വലിയ ടിവിയിൽ എന്തോ കാണിച്ചു തുടങ്ങി.  

 

‘‘മുത്തച്ഛ സിനിമ തുടിങ്ങിയോ.. ദേ വെലീയ ടീവില് എന്തിക്കെയോ കാണിക്കുന്നു... സിനിമ തുടിങ്ങി... ഹേ...ഹേ...’’

 

സിനിമ തുടങ്ങുന്നതിനു മുൻപുള്ള ആ പരസ്യ ചിത്രങ്ങൾ കാണ്ടപ്പോൾ അവൻ ആശ്ചര്യത്തോടെ വീണ്ടും സീറ്റിൽ നിന്നുമെഴുന്നേറ്റ് നിന്നുകൊണ്ട് കയ്യടിച്ചു.

 

‘‘കുട്ടാ അത് പരസ്യ ചിത്രോണ് ഇത് കഴിഞ്ഞിട്ടാണ് സിനിമ തൊടങ്ങണത് ...’’

 

മുത്തശ്ശിയാണ് അവന്റെ അറിവില്ലാത്ത ആ പ്രകടനത്തിന് മറുപടി നൽകിയത്. 

 

രമേശ്‌ വീണ്ടും വളരെ ആവേശത്തോടുകൂടി കൈയടിച്ച്‌ ആഹ്ലാദിച്ചു. തന്റെ ആഹ്ലാദത്തോടെയുള്ള ആ മുഖവും കറുത്ത 3ഡി കണ്ണടയും വലിയ ടിവിയുടെ ചലിക്കുന്ന പ്രകാശത്താൽ തിളങ്ങി.

 

‘‘അതെ രമേശേട്ടാ നിങ്ങൾ അകത്തു കയറുന്നില്ലേ..... അവിടെ തന്നെ നിക്കാനാണോ ഭാവം ഇങ്ങ് കയറി പോര്’’

 

സിനിമാ ടാക്കീസിനുള്ളിലെ ഓർമ്മയുടെ ഗൃഹാതുരത്വം പെട്ടെന്ന് ഭാര്യ സീതയുടെ ശബ്ദത്തോടുകൂടി കൊഴിഞ്ഞു പോയി.

 

അയാൾ ദാമോദരന്റെ വീട്ടിലേക്ക് കാതുകൂർപ്പിച്ചു. അവിടത്തെ ശബ്ദകോലാഹലങ്ങൾ കെട്ടടങ്ങി . 

 

ഇറയത്ത് ചുവരിൽ മാലയിട്ട് തൂക്കിയിരിക്കുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ചില്ലിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലേക്ക് രമേശൻ നോക്കി. 

 

‘‘എന്നാലും എന്റെ മുത്തച്ഛാ മുത്തശ്ശി വലിയ ടിവിയുടെ ഓരോ പ്രശ്നങ്ങളെ.... !’’

 

ആ രണ്ട് ബ്ലാക് ആൻഡ് വൈറ്റ് ചിത്രവും അപ്പോൾ രമേശിനെ നോക്കി പല്ല് കാട്ടി ചിരിക്കുകയായിരുന്നു.

 

English Summary: Cinema talkies, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com