ആ മകൾ കണ്ണുകാണാത്ത ഈ അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ആണോ?

old-women-eye
Representative Image. Photo Credit : shiv.mer / Shutterstock.com
SHARE

ആ യാത്രയിൽ (ഓർമക്കുറിപ്പ്)

വൈകുന്നേരം സമയം ഏതാണ്ട് ഒരു അഞ്ചുമണിയൊക്കെ ആയിക്കാണും, ഞാൻ തമ്പാനൂരിൽനിന്നു മെഡിക്കൽ കോളജ് വഴി ശ്രീകാര്യം പോകുന്ന ബസിൽ കയറി ഇരിക്കുകയാണ്. ബസ്സിൽ അത്യാവശ്യം തിരക്കൊക്കെയായി വരുന്നു. ഒരു മധ്യവയസ്കയായ സ്‌ത്രീ, പ്രായം ചെന്ന ഒരു അമ്മയുമായി ബസ്സിന്റെ ഡോറിന്റെ മുന്നിൽ വന്നു നിന്നു ഡോറിന്റെ നേരെ എതിർവശത്ത് ഇരിക്കുന്ന എന്നോട് ചോദിച്ചു.

‘‘മെഡിക്കൽ കോളേജ് പോകില്ലേ?’’

‘പോകും’. എന്ന് ഞാൻ മറുപടി പറഞ്ഞു.

എന്റെ മറുപടി കേട്ട ഉടൻ അവർ കൂടെ ഉണ്ടായിരുന്ന പ്രായം ചെന്ന അമ്മയെ ബസ്സിലേക്ക് കയറ്റാൻ ശ്രമിച്ചു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആ അമ്മക്ക് കണ്ണിനു തീരെ കാഴ്ചയില്ല, അവർ തപ്പി തടഞ്ഞു വീഴാനൊക്കെ പോകുന്നുണ്ട്. ഞാൻ ഇരുന്ന സീറ്റിൽ നിന്ന് എണീറ്റ് ആ അമ്മയെ ബസ്സിൽ കയറാൻ സഹായിച്ചു. എന്റെ നേരെ എതിർവശത് മുന്നിലുള്ള ഒരു സീറ്റിൽ കൊണ്ടുപോയി അവരെ ഇരുത്തി.

എനിക്ക് എന്തോ ആ അമ്മയിൽ നിന്നും കണ്ണുകൾ എടുക്കാൻ തോന്നിയില്ല. ഞാൻ അവരെ വെറുതെ നോക്കി ഇരുന്നു. അവരുടെ ഭൂതകാലത്തേകുറിച്ചൊക്കെ ഓർത്തു എന്റെ മനസ്സിൽ ഒരു ചിത്രം ഉണ്ടാക്കി കൊണ്ടിരുന്നു. അവർ അമ്മയും മകളും ആണെന്നതിൽ സംശയം ഇല്ല, കാരണം അവരുടെ മുഖ സാദൃശ്യം തന്നെ ആയിരുന്നു. ചിലപ്പോ ആയകാലത്തു നല്ല ആരോഗ്യമുള്ള, അദ്വാനിയായ ഒരു അമ്മ ആയിരുന്നിരിക്കും, മക്കളെ ഒക്കെ കഷ്ടപ്പെട്ട് ജോലി ചെയ്തു വളർത്തി പഠിപ്പിച്ചിട്ട് ഉണ്ടാകും, അന്ന് അവർക്ക് കണ്ണിനു നല്ല കാഴ്ച്ച ഉണ്ടായിരുന്നിരിക്കും .

‘നമ്മുടെ അടുത്തിരിക്കുന്ന മനുഷ്യർക്ക് നിങ്ങൾ എന്നെങ്കിലും നിങ്ങളുടേതായ ഒരു കഥ മെനഞ്ഞിട്ടുണ്ടോ..?

ഒറ്റയ്ക്കുള്ള യാത്രയിൽ ഞാൻ എപ്പോളും അങ്ങനെ ചെയ്യാറുണ്ട്. അടുത്തിരിക്കുന്നവർക്ക്, മുന്നിൽ കാണുന്നവർക്ക്, കൂടെ വന്നു നടന്നകലുന്നവർക്ക് ഒക്കെയും നമ്മുടേതായ ഒരു ഭൂതകാല കഥ മെനയൽ..!’

ബസ്സ് കുറച്ചു ദൂരം മുന്നോട്ടു പോയപ്പോളേക്കും, എന്റെ ശ്രദ്ധ മറ്റുപലത്തിലേക്കും തിരിഞ്ഞു. ഞാൻ മറ്റു പലരെയും ശ്രദ്ധിക്കാൻ തുടങ്ങി.

മെഡിക്കൽ കോളേജ്, RCC... എന്ന് കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പെട്ടെന്നു ഞാൻ ആ അമ്മയെ ഓർത്തു. ഈ തിരക്കിനിടയിലൂടെ അവർ എങ്ങനെ ഇറങ്ങും, എന്നായിരുന്നു എന്റെ ചിന്ത. ഒരുപാട് പേർ അവിടെ ഇറങ്ങാൻ ഉണ്ടായിരുന്നു. കണ്ണുകൾ കൊണ്ടുള്ള നീണ്ട അന്വേഷണത്തിനൊടുവിൽ ആ അമ്മയുടെ മകളെ ഞാൻ കണ്ടെത്തി, ഡോറിന്റെ അടുത്ത് ഇറങ്ങാൻ ധൃതി കൂട്ടുകയാണ് ആ സ്ത്രീ, ബസ്സിൽ നിന്നും അവർ ഇറങ്ങി തിരിഞ്ഞു നോക്കാതെ നടക്കുന്നു നീങ്ങുന്നു....

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അവർ തന്നെ അല്ലെ അത്?

അതെ, പച്ച സാരി ഉടുത്ത ആ മകൾ തന്നെ. എന്റെ കണ്ണുകൾ കൂടെ ഉണ്ടായിരുന്ന അവരുടെ അമ്മയെ പരതി കണ്ടു പിടിച്ചു. അവർ ഞാൻ ഇരുത്തിയ അതെ സീറ്റിൽ തന്നെ ഇരിപ്പുണ്ട്. നിമിഷ നേരംകൊണ്ട് എന്റെ മനസ്സിലേക്ക് പല ചിന്തകളും ഓടിക്കയറി. 

അവർ എങ്ങോട്ടേക്കാണ് ഓടി മറഞ്ഞത് ?

ആ മകൾ കണ്ണുകാണാത്ത ഈ അമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ആണോ?.

എന്റെ കയ്യും കാലും തളരുംപോലെ തോന്നി. ഞാൻ ഇരുന്ന സീറ്റിൽ നിന്നു എഴുനേറ്റ്, നിന്നുകൊണ്ട് പുറത്തേക്ക് നോക്കി, എന്റെ കാഴ്ച എവിടെ വരെ എത്തുമോ അവിടെല്ലാം ഞാൻ ആ പച്ച സാരിക്കാരിയെ പരതി. തിരക്കിട്ടു ആളുകൾ അകത്തേക്ക് കയറുന്നത് കൊണ്ട് പുറം ലോകത്തെ എന്റെ കാഴ്ച മങ്ങി കൊണ്ടിരുന്നു.

‘‘എന്ത് ചെയ്യും?’’

അകെ ഭയന്നു വിഷമിച്ചു ഞാൻ മുന്നിൽ ഇരുന്ന ആ അമ്മയെ നോക്കി. അവർ അടുത്തിരിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ മുറുകെ പിടിച്ചിട്ട് ഉണ്ട് (മകൾ ആണെന്ന് കരുതിയാവും). ബസ്സിൽ ആളുകൾ നിറഞ്ഞു കൊണ്ടിരുന്നു. കണ്ടക്ടർ ബസ്സ് എടുക്കാൻ ഉള്ള ബെൽ അടിച്ചു, ബസ്സ് മെല്ലെ നീങ്ങി തുടങ്ങി... ഉള്ളുകൊണ്ട് ഞാൻ ആ മകളെ ശപിച്ചു, ക്രൂരതയുടെ ആൾരൂപമായി കണ്ടു, അമ്മയെ വേണ്ടെങ്കിൽ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കാമായിരുന്നില്ലേ...?.

തിരക്കുള്ള ഈ ബസ്സിൽ ആ പാവം...എന്തെങ്കിലും പറയാൻ എന്റെ ശബ്ദം തൊണ്ടക്കുഴിയിൽ നിന്ന് ഉയരുന്നില്ല. ഞാൻ തളർന്നിരുന്നു...

അപ്പോളേക്കും ഒരാൾ പുറത്തു നിന്നു വിളിച്ചു പറയുന്നത് കേട്ടു ആള് ഇറങ്ങാൻ ഉണ്ട്!

അമ്മേ... അമ്മേ... ഞാനാ.... ഇറങ്ങ്…

ആളുകൾക്കിടയിലൂടെ നേരത്തെ ഇറങ്ങി പോയ സ്ത്രീ തിക്കി തിരക്കി അകത്തേക്ക് വന്നു, ആമ്മയുടെ കയ്യിൽ പിടിച്ചു, വലിച്ച് ഇറക്കാൻ ശ്രമിക്കുന്നു.

അവരുടെ കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ടായിരിന്നോ?

അതോ എന്റെ കണ്ണുകൾ നിറഞ്ഞത് ആണോ?

English Summary: Memoir written by Anju Sukumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA
;