‘നിങ്ങള്‍ ഗൈനകോളജിസ്റ്റുകള്‍ക്ക് സ്ത്രീ ഒരു ശരീരം മാത്രമാണ്, പ്രസവിക്കാനുള്ള ഉപകരണം’

old-women-1
Representative Image. Photo Credit : stockimagesbank / Shutterstock.com
SHARE

ആര്‍ത്തവ വിരാമം (കഥ)

ഡോ. ജില്‍സിയുടെ ഒപിയില്‍ നല്ല തിരക്കായിരുന്നു. അരവയറും നിറവയറുമായി കുറേ സ്ത്രീകള്‍. തികഞ്ഞ ഉത്തരവാദിത്വബോധമുള്ള രക്ഷാകര്‍ത്താക്കളായി ഭര്‍ത്താക്കന്‍മാര്‍. ചിലരുടെ മുഖത്ത് ആദ്യ ഗര്‍ഭത്തിന്റെ സന്തോഷം, ചെറുചിരി. മറ്റുചിലരില്‍ ഇടവേളകള്‍ തെറ്റിയ ഗര്‍ഭത്തിന്റെ കനം.   ഗര്‍ഭം, രക്തസ്രാവം, മുറതെറ്റിയ ആര്‍ത്തവം... സ്ത്രീ ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളാല്‍ ആ ചെറിയ മുറ്റം തിങ്ങി നിറഞ്ഞു. ഒപിയില്‍ കയറാന്‍ ടോക്കണെടുക്കണം. ഊഴം കാക്കണം. പുറത്തിരുന്ന സ്ത്രീയുടെ ഇന്ററോഗേഷന് വഴങ്ങി അകത്ത് കയറി.  

ഫോണില്‍ മാത്രം പരിചിതയായ ജില്‍സി. ആദ്യമായി കാണുന്നതിന്റെ ആവേശമൊന്നും മുഖത്ത് കണ്ടില്ല. പ്രെഗ്‌നന്‍സി കണ്‍ഫേം ചെയ്ത ഗര്‍ഭിണിയുടെ നിസ്സംഗത. കണ്‍സള്‍ട്ടിങ് റൂമിനു പിറകിലെ സ്വീകരണ മുറിയിലേക്ക് ക്ഷണിച്ചു. നന്നായി അലങ്കരിച്ച ലിവിങ്. അലങ്കാരച്ചെടികള്‍. അതിഥികളെ സ്വീകരിക്കാന്‍ തീര്‍ത്തും യോഗ്യമായത്. അവിടെ അതിഥികളാരും വരാറില്ലെന്ന് വ്യക്തം. എന്താണീ ഡോക്ടര്‍മാര്‍ തങ്ങളെ തേടിവരുന്ന ക്ലൈന്റ്സിന് ഒരു നല്ല കസേര കൂടി ഇട്ടുകൊടുക്കാത്തത്. അവരെ അതിഥികളായി പരിഗണിക്കാത്തത്. ഒപിയിലെ ഇരിപ്പിടങ്ങളുടെ ദാരിദ്ര്യം സംസാരത്തിലുമുണ്ടായിരുന്നു. ഇടക്കൊക്കെ ഒരു ചെറുചിരി മാത്രം. യാത്രപറയുമ്പോള്‍ ഒരു സമ്മാനപ്പൊതി നീട്ടി. കടുംനീല നിറമുള്ള പെട്ടിയില്‍ അടുക്കിവെച്ച രണ്ട് പേനകളുണ്ടായിരുന്നു.

‘‘പത്രപ്രവര്‍ത്തകന്റെ ആയുധം പേനയാണ് എന്നല്ലേ പറയുക’’

‘‘അതെ. പക്ഷേ പേന കൊണ്ടെഴുതിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഫോണും കീപാഡുമാണ് ’’

നഗരത്തിലെ ജീവിതത്തിന്റെ മടുപ്പില്‍ നിന്നാണ് കൊള്ളാവുന്ന ഒരു സ്ത്രീയെ വളയ്ക്കാന്‍ രഘു തീരുമാനിച്ചത്. വളയ്ക്കുക എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍ കറക്ടാണ്. ചിന്തയില്‍ അത്തരം വാക്കുകള്‍ വരുന്നതില്‍ തെറ്റില്ല. പൊതുവ്യവഹാരത്തില്‍, എഴുതാനോ പറയാനോ പാടില്ല എന്നേയുള്ളൂ.

ഇത്തിരി സമ്പന്നതയും സ്റ്റാറ്റസുമൊക്കെയുള്ളവളാണെങ്കില്‍ പ്രണയത്തില്‍ ഒരു വെല്ലുവിളിയുണ്ട്.

‘‘ഒരു നാല്പതിനോടടുത്താല്‍ റിസ്‌ക് കുറവാണെടാ.... നമ്മളങ്ങ് നിന്ന് കൊടുത്താമതി...’’ ഫൊട്ടോഗ്രാഫര്‍ സദാനന്ദനാണ് ഉപദേശിച്ചത്. അവന്‍ സദാ ആനന്ദനാണ്. തികഞ്ഞ പ്രായോഗികതാവാദിയും സുകുമാരകലകളില്‍ നിപുണനും. അവന്റെ കാര്യോപദേശം കാമ്പുള്ളതായിരുന്നു.

‘‘ചെറിയ പിള്ളേരെ പ്രേമിക്കരുത്. ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ഭീകരമാണ് അവറ്റകള്‍ക്ക്. നമ്മളൊന്ന് ഉമ്മ വെച്ചാല്‍ പാട്രിയാര്‍ക്കിയുടെ കടന്നുകയറ്റമാവും. റൊമാന്റിക്കായി ഒരു മെസേജയച്ചാല്‍ അത് മാനിപുലേഷനാവും. അകത്തുപോകാനും അതൊക്കെ മതി. കണ്‍സെന്‍സ് ഇല്ലാത്ത സെക്‌സ്, മാനിപ്പുലേറ്റഡ് കണ്‍സെന്‍സ് തുടങ്ങി കുറേ വാക്കുകളുണ്ട്. നമ്മളീ വയലാറിന്റെ പാട്ടും വി.കെ.എന്നിന്റെ കഥകളുമൊക്കെ കേട്ട് വളര്‍ന്ന തലമുറയല്ലേ...’’

ജില്‍സിയുടെ പ്രായമളക്കുന്നതില്‍ രഘുവിന് ചെറിയ തെറ്റുപറ്റിയിട്ടുണ്ട്. ചെറുതല്ല. ഒരു പത്ത് പന്ത്രണ്ട് വര്‍ഷത്തെ കാലഗണന പാളിപ്പോയി. വാര്‍ഷികവലയങ്ങള്‍ എണ്ണിയെടുക്കാതിരിക്കാന്‍ അവര്‍ മുഖത്ത് എന്തോ പൊടിക്കൈ പ്രയോഗിച്ചിരിക്കണം. തുടക്കം തണുപ്പായിരുന്നു. വിടാതെ കൂടി. അങ്ങനെയാണ് കണ്‍സള്‍ട്ടിങ് റൂം വഴി സ്വീകരണമുറിയില്‍ കയറിപ്പറ്റിയത്.

ജില്‍സിയോട് സംവദിക്കാന്‍ ഫോണ്‍ തന്നെയാണ് നല്ലതെന്ന് തോന്നി. രോഗികള്‍ക്കുള്ള ഇരിപ്പിടങ്ങളേക്കാള്‍ മുഷിഞ്ഞതായി കൂടിക്കാഴ്ച. അന്ന് രാത്രിയിലും ജില്‍സി ഓണ്‍ലൈന്‍ വന്നു.

‘‘എന്റെ ആദ്യ നിലപാടില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും’’

‘‘ഉം’’

‘‘എനിക്ക് പ്രണയമൊന്നും പറ്റില്ലെടോ’’

‘‘ഇനിയും ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാമോ...’’

‘‘ആ പ്രായമൊക്കെ കഴിഞ്ഞുപോയെടോ’’

ജില്‍സി ചിലപ്പോള്‍ റൊമാന്റിക്കായി. ആര്‍ദ്രയായി. കുടുംബത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഓര്‍മിപ്പിച്ച് വൈരാഗിയായി. വല്ലാത്ത ചാഞ്ചാട്ടം. കുതറിമാറല്‍. വഴങ്ങല്‍. മനസ്സുതുറക്കുന്ന ദീര്‍ഘസംഭാഷണങ്ങള്‍.

ആഴ്ചകള്‍ക്ക് ശേഷമാണ് അവള്‍ അക്കാര്യം പറഞ്ഞത്.

‘‘ഞാന്‍ മെനോപോസ് വന്ന സ്ത്രീയാണ്’’

‘‘അപ്പോള്‍ പ്രണയം പാടില്ലേ...’’ അവളെ വേദനിപ്പിക്കാതെ രഘു അതിനെ  നിസ്സാരപ്പെടുത്തി.

‘‘നിന്റെ ശരീരത്തെ ഞാന്‍ ഉയിര്‍പ്പിക്കും... അത് വീണ്ടും തളിരിടും...’’

പൈങ്കിളിയായോ... കുഴപ്പമില്ല. ഇതില്‍ പിടിച്ചാല്‍ അവളിലേക്ക് വലിഞ്ഞുകയറാം. ഇച്ഛാശക്തിയോടെ മുന്നോട്ടുപോയവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ. ഉളുപ്പില്ലായ്മയാണ് അതിലെ പ്രധാന ചേരുവ. പിന്നെ, വിധേയത്വം. മുഖസ്തുതി. കരിയറിലും അങ്ങനെയാണല്ലോ.

‘‘അതൊക്കെ നിന്റെ കവിത. ഞാനൊരു ഗൈനകോളജിസ്റ്റാണ്’’

‘‘നിങ്ങള്‍ ഗൈനകോളജിസ്റ്റുകള്‍ക്ക് സ്ത്രീ ഒരു ശരീരം മാത്രമാണ്. പ്രസവിക്കാനുള്ള ഉപകരണം. വെറും ഗര്‍ഭപാത്രം’’

ജില്‍സി മറുപടി പറഞ്ഞില്ല. ഓഫ് ലൈന്‍. രഘു ഉറക്കത്തിലേക്ക് വീണു. രാവിലെ വൈകിയുണര്‍ന്നു. സമയത്തിന് ഉറങ്ങാന്‍ പറ്റാത്ത തൊഴില്‍. ക്രമം തെറ്റിയ ഷെഡ്യൂളുകള്‍. ഒറ്റമുറിയിലെ പരിമിത സൗകര്യത്തില്‍ മേശപ്പുറത്ത് വെച്ച ഇന്‍ഡക്ഷന്‍ കുക്കറില്‍ വെള്ളം വെച്ചു. ചായയിട്ടു. എല്ലാം പതിവുപോലെ. വിരസതയില്ലാത്ത ജോലിയാണെന്ന് കരുതിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ആദ്യം ജോലി ചെയ്ത സ്ഥാപനം തന്നെ ആ ധാരണ മാറ്റിക്കൊടുത്തു. ഒരു നല്ല കഥ പറഞ്ഞിട്ട്, ഇംപാക്റ്റുള്ള ഒരു വാര്‍ത്ത ചെയ്തിട്ട് എത്രകാലമായെന്ന് ഓര്‍മ പോലുമില്ല. 11 മണിക്ക് പ്രസ് ക്ലബ്. പത്രസമ്മേളനങ്ങള്‍. അതേ ചായയും അതേ പഴം പൊരിയും. റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരേ വാക്കുകള്‍.  

അന്നും ജില്‍സി വിളിച്ചു.

‘‘എവിടെയാ...’’

‘‘പ്രസ് ക്ലബില്‍’’

‘‘എപ്പൊ ഫ്രീയാവും’’

‘‘ഒരു മണിയാവും’’

‘‘എന്റെ ഒപി മൂന്നിനേ തുടങ്ങൂ... അതുവരെ നമുക്ക് ഇവിടെയിരിക്കാം’’

ജില്‍സി ഒരുപാട് സംസാരിച്ചു. രഘൂ എന്ന് പലവട്ടം പേരുവിളിച്ചു. ഡോ. ജില്‍സി വെറും ജില്‍സിയായി. തിരക്കുകള്‍ക്കിടയില്‍ രഘുവിന് വേണ്ടി സമയം ചെലവഴിക്കുന്നതിലുള്ള ആനന്ദം പങ്കുവെച്ചു. ഇറങ്ങുമ്പോള്‍ രഘു അവളുടെ കൈപ്പടത്തില്‍ ചുംബിച്ചു. ഒരു പരമ്പരാഗത മാന്യചുംബനം. കണ്ട് മതിയാവാഞ്ഞാവണം രാത്രിയില്‍ വീണ്ടുമൊരു ‘‘ഹായ്...’’

‘‘ഫ്രീ ആയോ..’’

‘‘ഉം’’

‘‘സ്ത്രീകളെ ബഹുമാനിച്ചുതുടങ്ങിയോ...’’

‘‘?’’

‘‘ഏതെങ്കിലും ഒരു ട്രാന്‍സ് എന്നെങ്കിലും നിന്നെക്കാണാന്‍ വന്നിട്ടുണ്ടോ’’

‘‘എന്തിന്..’’

‘‘ഭര്‍ത്താവില്‍ നിന്നല്ലാതെ ഗര്‍ഭം ധരിച്ച ഒരാളെ നീ കണ്ടിട്ടുണ്ടോ, മനസ്സ് വേദനിപ്പിക്കാതെ അവരെ പ്രസവിക്കാന്‍ സഹായിച്ചിട്ടുണ്ടോ’’

‘‘ഛെ’’

‘‘നിങ്ങള്‍ ഡോക്ടര്‍മാരും പൊലീസുകാരുമാണ് സമൂഹത്തിലെ ഏറ്റവും വലിയ സദാചാരമൂരാച്ചികള്‍ എന്നുതോന്നുന്നു’’

മൗനം

‘‘ശരി... ഏതെങ്കിലും പെണ്‍കുട്ടിയില്‍ വിളര്‍ച്ച കണ്ടെത്തിയോ.. അതിന് ചികിത്സ ചെയ്തോ’’

‘‘പ്രെഗ്നന്‍സിയുടെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ടാബ്സ് കൊടുക്കാറുണ്ടല്ലോ’’

‘‘ഉം..’’

മറ്റൊരിക്കലാണ് വീണ്ടും ആര്‍ത്തവ വിരാമത്തെക്കുറിച്ച് അവള്‍ ആവര്‍ത്തിച്ചത്.

‘‘ഗര്‍ഭപാത്രത്തിന്റെ കണ്ണുനീര്‍. മലയാളത്തിലെ ഒരു എഴുത്തുകാരന്‍ ആര്‍ത്തവത്തെ വിശേഷിപ്പിച്ചതാണ്. ഇപ്പോള്‍ അങ്ങനെ എഴുതിയാല്‍ വിവാദമാവും’’

ലൈംഗികത മിക്കപ്പോഴും ഹിംസയാണ്. അതിക്രമമാണ്. അപൂര്‍വമായി മാത്രം കാരുണ്യവും. ഹിംസയും കരുണയും ലഹരിയും കടന്നുകയറ്റവും ഒരേസമയം സ്ത്രീയില്‍ പ്രയോഗിക്കുകയാണോ താനും. അതും വീട്ടിലൊരാള്‍ക്ക് നേരെ ആവോളം പ്രയോഗിച്ച് മടുത്ത ശേഷം.

‘‘നിന്റെ സാഹിത്യവും പൊളിറ്റിക്‌സുമൊന്നും എനിക്ക് മനസ്സിലാവില്ലെടോ...’’

‘‘മടുപ്പ് മനസ്സിലാവുമോ.’’

‘‘എനിക്ക് മടുക്കാന്‍ സമയമെവിടെ... ഞാന്‍ തിരക്കുള്ളൊരു ഗൈനകോളജിസ്റ്റാണ്.’’

‘‘ജില്‍സീ.... ഒരേ കാര്യങ്ങള്‍ എത്ര തിരക്കുപിടിച്ച് ചെയ്താലും അത് ആവര്‍ത്തനമാണ്. മടുപ്പാണ്. എന്റെ വിവാഹം കഴിഞ്ഞ് 12 വര്‍ഷമായി. ഈയടുത്താണ് രേണു എന്നില്‍ കുറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയത്. വിരസതയുടെ ജൈവികമായ പ്രതിരോധം. രേണു ക്രിയേറ്റിവ് ആയതുകൊണ്ടുമാത്രമാണത്. കുറച്ചുകഴിയുമ്പോള്‍ അവളില്‍ നിന്ന് ആര്‍ത്തവം വിരമിച്ചേക്കും. പ്രണയനഷ്ടത്തിന്റെ സന്തതിയാണത്..’’

‘‘നീയൊന്നു പോടാ...’’

പിന്നീടെപ്പോഴോ ആണ് ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. സന്തുഷ്ട കുടുംബമാണ് തങ്ങളുടേതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം അവിടെ വെച്ച് എന്തിനോ ഉപേക്ഷിച്ചുകളഞ്ഞു. ഒത്തുതീര്‍പ്പുകള്‍. സംഘര്‍ഷങ്ങള്‍. താന്‍ മികച്ച ഡോക്ടറായപ്പോള്‍ ഭര്‍ത്താവില്‍ വളര്‍ന്ന പ്രൊഫഷണല്‍ ജലസി...  

‘‘ഒരു വര്‍ഷമായി സുഡാനിലാണ്.  ഇപ്പോഴാണ് ശരിക്കും സമാധാനം. മോളും കൂടി ഹോസ്റ്റലില്‍ പോയതോടെ എനിക്ക് സത്യത്തില്‍ ആശ്വാസമാണ്. ജോലിയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ട്.’’

അവളുടെ പ്രാരാബ്ധങ്ങള്‍ കേട്ട് രഘുവിന് ബോറടിച്ചു.

‘‘ടാ... എവിടാ.. അടുത്തയാഴ്ച ഒരു സെമിനാറുണ്ട്. നീ വരുന്നോ..’’

അവള്‍ നന്നായി ഒരുങ്ങിയിരുന്നു. മുടിക്കെട്ടിന്റെ രീതി മാറിയിരുന്നു. ചലനങ്ങള്‍ പ്രസന്നമായിരുന്നു. വളവുകളും തിരിവുകളുമുള്ള ദുര്‍ഘടപാതയില്‍ ശ്രദ്ധയോടെ അവള്‍ കാറോടിച്ചു. ഹെയര്‍ പിന്‍ വളവുകളിലൂടെ ഉയരത്തിലേക്ക് കയറുന്തോറും കൂടുതല്‍ ഉത്സാഹിയായി. വ്യൂ പോയിന്റുകളില്‍ ഇറങ്ങിനിന്ന് മഞ്ഞിനെ താലോലിച്ചു. വൃക്ഷശിഖരങ്ങളില്‍ കണ്‍തൊട്ടു. പച്ചപ്പിനെ, കുളിരിനെ ഏറ്റുവാങ്ങി. ആത്മഹത്യാമുനമ്പുകളില്‍ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്തു.

മുറിയിലെത്തിയതോടെ അവള്‍ പെട്ടെന്ന് ഉള്‍വലിഞ്ഞു. രഘു അവിടെ അധികപ്പറ്റായി. വസ്ത്രം മാറണം. കുളിക്കണം.

‘‘കുറച്ച് നേരത്തേക്ക് പുറത്തുപോടാ... പ്ലീസ്... ’’

അവന്‍ അനുസരിച്ചു. ഒന്നിച്ച് ആഹ്ലാദത്തോടെ വര്‍ത്തമാനം പറഞ്ഞ്, ഭക്ഷണം കഴിച്ചു. പിന്നീട് ഒരേ കട്ടിലില്‍ ശരീരങ്ങള്‍ അന്നുകിടന്നു. വസ്ത്രവും പുതപ്പും കൊണ്ട് ശരീരം മൂടി അവള്‍ ജാഗ്രതയോടെ ഉറങ്ങിക്കിടന്നു. യൗവനം പിന്നിട്ടവളുടെ സങ്കോചം. മറ്റൊരാള്‍ക്കുമുന്നില്‍ വെളിപ്പെടാനും പങ്കുവെയ്ക്കപ്പെടാനുമുള്ള ജാള്യത.  

രാവൊടുങ്ങി. രഘുവിനോട് ഒന്നും പറയാതെ അവള്‍ സെമിനാറിനിറങ്ങി. അവള്‍ സെമിനാര്‍ ഹാളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും രഘു മുറിയിലിരുന്ന് തനിച്ചും ലഞ്ച് കഴിച്ചു. തിരിച്ചുള്ള യാത്ര വിരസമായിരുന്നു. നീണ്ട മൗനം കാറിന്റെ ഇത്തിരി വട്ടത്തില്‍ നിറഞ്ഞുനിന്നു ശ്വാസം മുട്ടിച്ചു. പിന്നെ കുറേ നാളത്തേക്ക് ഡോ. ജില്‍സി രഘുവിനെ വിളിച്ചില്ല. രഘു ആ വെല്ലുവിളിയും കൈവിട്ടു. അവനങ്ങനെയാണ്. റിസല്‍ട്ട് പെട്ടെന്ന് കിട്ടണം.  ചീഫ് എഡിറ്ററുടെ പരാതിയും അതാണ്. ‘‘സ്ഥിരോത്സാഹമില്ല.’’

ഒരു ദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു ജില്‍സിയുടെ വിളി. ഒന്നും സംഭവിക്കാത്തതുപോലെ.

‘‘എടാ.. ഞാന്‍ ഓഫീസിനു താഴെയുണ്ട്. ഇറങ്ങാമോ...’’

‘‘ദാ എത്തി...’’

തിരക്കുള്ള നിരത്തിലൂടെ വളരെ പതുക്കെ അവള്‍ കാറോടിച്ചു. പിന്നിലെ വാഹനത്തിന് വഴികൊടുത്തും മറികടക്കാന്‍ ധൃതി കൂട്ടാതെയും സുരക്ഷിതമായ ട്രാക്കിലൂടെ, പതുക്കെ. ഉത്സാഹത്തോടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ട്. അവള്‍ പുതിയ ജില്‍സിയായി. ഏറെ നാള്‍ക്ക് ശേഷം രഘു വിശാലവും വൃത്തിയുള്ളതുമായ കുളിമുറിയില്‍ കുളിച്ചു.   ആകര്‍ഷകമായ പാത്രങ്ങളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം വിളമ്പി. കൊതുകുകടക്കാത്ത, തണുത്ത മുറിയില്‍ കിടന്നു.

ഉറങ്ങിയില്ല. അത് ജില്‍സിയുടെ തീരുമാനമായിരുന്നു. രഘു സാക്ഷിയായി. പിന്നെ വെറും കര്‍മമായി. മെല്ലെ മെല്ലെ പങ്കാളിത്തത്തിലേക്കും കര്‍തൃത്വത്തിലേക്കും വളര്‍ന്നു. 

ജില്‍സിക്ക് പുത്തന്‍  പുലരിയായി. അവള്‍ രഘുവിനെ തൊട്ടുണര്‍ത്തി. കുളിയും ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞിറങ്ങുമ്പോള്‍ ഇന്നലെ വരെ കണ്ട അതേ തെരുവ്. വീണ്ടും മാറാല കെട്ടിയ മങ്ങിയ ചുമരുകള്‍ക്കിടയിലേക്ക്. ലാമിനേഷന്‍ ഇളകി, വക്ക് ചുളിഞ്ഞ പുറം ചട്ടയുള്ള പുസ്തകങ്ങള്‍. ബൈക്കെടുത്ത് അതേ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക്.

അത് ആവര്‍ത്തിക്കപ്പെട്ടെങ്കിലും ചെറിയൊരു ഇടവേളയുണ്ടായി. ചോദിച്ചുവാങ്ങിയ അസൈന്‍മെന്റ്. സപ്ലിമെന്റിലേക്കുള്ള ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ ഒരു ചെറിയ യാത്ര. ഇടയ്ക്കിടെ ജില്‍സിയുടെ വിളികള്‍. ഡെഡ് ലൈനിന് രണ്ട് ദിവസം മുമ്പേ ആര്‍ട്ടിക്കിള്‍ ഫയല്‍ ചെയ്തു. നന്നായുറങ്ങി. രാവിലെ ജില്‍സിയുടെ റിങ് കേട്ടാണുണര്‍ന്നത്. നേരം വെളുത്തിട്ടില്ല.

‘‘ടാ... നിന്റെ കവിത ജയിച്ചു. ഞാന്‍ തോറ്റു’’

ചോദിക്കാനിടകൊടുക്കാതെ അവള്‍ നിര്‍ത്താതെ സംസാരിച്ചു.

‘‘അന്നത്തെ നമ്മുടെ ആ ദിവസം ഞാന്‍ അതേ പോലെ സ്വപ്നം കണ്ടു. നീ സ്ഥലത്തില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഞാന്‍. എനിക്ക് വല്ലാതെ ബോറടിച്ചു. കണ്‍സള്‍ട്ടിങ് നിര്‍ത്തണമെന്നുപോലും തോന്നി. ഒന്നിലും ഒരു രസമില്ലാത്തതുപോലെ..’’ അവള്‍ നിര്‍ത്തുന്നില്ല.

‘‘അന്നത്തെ ആ രാത്രി ഞാന്‍ അതുപോലെ സ്വപ്നം കണ്ടു. നമ്മള്‍ രണ്ടും അതേ വേഷത്തില്‍. അതേ കിടക്കവിരി. ഞാന്‍ വരള്‍ച്ച വെടിഞ്ഞു...’’

അവളും കവിത വായിച്ചുതുടങ്ങിയോ...

‘‘ടാ... എനിക്കാകെ നനയുന്ന പോലെ തോന്നി. നീ തളര്‍ന്നിരുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. തൊട്ടുനോക്കി. സംശയം തീരാഞ്ഞ് ലൈറ്റിട്ട് വിരലില്‍ നോക്കി. ശരിക്കും പേടിച്ചു. പിന്നെ...’’

‘‘ടാ.... അതൊഴുകിയൊഴുകി എന്റെ കാല്‍പാദത്തിലെത്തുന്നു. ശ്ശോ... ഈ വീട്ടില്‍ ഒരു നാപ്കിന്‍ പോലുമില്ല. ഒരു കോട്ടണ്‍ന്റെ ക്ലോത്തെങ്കിലും തപ്പിയെടുക്കട്ടെ.’’

ആ സമയം രഘു ജില്‍സിയെ ആഴത്തില്‍ പ്രണയിച്ചു. തൊഴിലിനെ പ്രണയിച്ചു. രേണുവിനേയും മിന്നുവിനേയും കാണാന്‍ തീവ്രമായ തോന്നലുണര്‍ന്നു.   ധൃതിയില്‍ കുളിച്ചൊരുങ്ങി. സ്വന്തം ഗ്രാമത്തിലേക്കുള്ള വണ്ടിപിടിക്കാന്‍ ബസ് സ്റ്റാന്റ് ലക്ഷ്യം വെച്ച് അവന്‍ വേഗത്തില്‍ നടന്നു.

English Summary: Arthava viramam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;