ADVERTISEMENT

‘‘എനിക്കെല്ലാം നഷ്ടപ്പെടുകയാണ്. നീയും എനിക്ക് നഷ്ടപ്പെടണം. ധാരാളം കണക്കുകൾ പറഞ്ഞു തീർക്കാനുണ്ട്. അതിനിടയിൽ ദേവിയെകുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്നെ ഇനി ഓർക്കരുത്.’’

 

അയാൾ തിരിഞ്ഞു നടന്നു. പ്രിയപ്പെട്ടവളുടെ കണ്ണീരും ഒരുമിച്ചുകണ്ട സ്വപ്നങ്ങളുമെല്ലാം പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് ഉള്ളിൽ സങ്കടത്തിന്റെ ഒരു ആഴക്കടൽ ഒളിപ്പിച്ചുകൊണ്ട് സേതുമാധവൻ നടന്നകലുമ്പോൾ പ്രേക്ഷകഹൃദയങ്ങളെ കീറിമുറിച്ചുകൊണ്ട് പാട്ട് മുഴങ്ങി. 

 

‘‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി 

മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ..

പൂത്തുമ്പി എന്തേ മറഞ്ഞൂ

എന്റെ പുള്ളോർക്കുടം പോലെ തേങ്ങി.’’

 

ലോഹിതദാസ് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത കിരീടം എന്ന സിനിമയും മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രവും ഇന്നും ഒരു തീരാനൊമ്പരമായി പ്രേക്ഷകമനസ്സുകളിലുണ്ട്.. അതോടൊപ്പം

എംജി ശ്രീകുമാർ എന്ന ഗായകൻ അവിസ്മരണീയമാക്കിയ കണ്ണീർപൂവിന്റെ എന്ന ഗാനവും.. ആ ഗാനം കിരീടം എന്ന സിനിമയുടെ ആത്മാവ് തന്നെയായിരുന്നു.

അതില്ലാതെ കിരീടത്തെകുറിച്ചു നമുക്ക് ചിന്തിക്കാൻ കഴിയില്ല. 

 

കണ്ണീർപ്പൂവിൽ ഒരു പ്രണയനഷ്ടത്തിന്റെ വേദന മാത്രമല്ല ഉള്ളത്. ഒരച്ഛന്റെ തകർന്നുപോയ പ്രതീക്ഷകളുടെ വേദനയുണ്ട്.. മകനെക്കുറിച്ചോർത്തു നെഞ്ചുപിടയുന്ന ഒരമ്മയുടെ കണ്ണുനീരുണ്ട്. ആ ഭാവമെല്ലാം ഗായകൻ പാട്ടിലേക്ക് ആവാഹിച്ചു. അതുകൊണ്ട് തന്നെയാണ് കണ്ണീർപ്പൂവിന്റെ എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്നത്. 

 

‘‘ഉണ്ണിക്കിടാവിനു നൽകാൻ 

അമ്മ നെഞ്ചിൽ പാലാഴിയേന്തി 

ആയിരം കൈനീട്ടി നിന്നു.. 

സൂര്യതാപമായി താതന്റെ ശോകം’’

 

mg-sreekumar
എം. ജി. ശ്രീകുമാർ

കൈതപ്രം എഴുതി ജോൺസൺമാഷ് തന്റെ സംഗീതം കൊണ്ട് ധന്യമാക്കിയ ആ ഗാനമാണ് എംജി ശ്രീകുമാർ എന്ന ഗായകന്റെ ഏറ്റവും മികച്ച ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളിയുടെ മനസ്സിനെ അത്രമേൽ സ്പർശിച്ച മറ്റൊരു ഗാനമില്ലെന്ന് തന്നെ പറയാം..

അത്രമാത്രം വൈകാരികമായാണ് എംജി ശ്രീകുമാർ എന്ന ഗായകൻ ആസ്വാദകഹൃദയങ്ങളിലേക്ക് ആ ഗാനം പാടിപതിപ്പിച്ചത്. 

 

എന്റെ  കൗമാരം യേശുദാസ് എന്ന മഹാപ്രതിഭാസം നിറഞ്ഞുനിന്ന സമയമായിരുന്നു. കേൾക്കുന്ന പാട്ടുകൾ ഏറെയും യേശുദാസ് എന്ന ഗാനഗന്ധർവ്വന്റെ മാന്ത്രികശബ്ദത്തിൽ..

‘‘പാട്ട് പാടാൻ വേണ്ടി ഭൂമിയിലേക്ക് വന്ന ഗന്ധർവ്വനാണ്‌ യേശ്വാസ്’’ എന്ന അച്ഛമ്മയുടെ വാക്കുകൾ കൂടിയായപ്പോൾ യേസുദാസിനോടുള്ള എന്റെ ആരാധന പാരമ്യതയിലെത്തി. 

 

ആയിടക്കാണ് റേഡിയോയിൽ ചലച്ചിത്രഗാനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ആലപിക്കുന്ന ആളുടെ പേരും പരിചയപ്പെടുത്തുന്നതിനിടെ സ്വതവേ പരിചിതമായ യേശുദാസ്, ജാനകി, സുശീല, മാധുരി, പി. ലീല, ചിത്ര, ജയചന്ദ്രൻ, സുജാത തുടങ്ങി പേരുകൾക്കൊപ്പം മറ്റൊരു പേരുകൂടി ഞാൻ കേട്ട് തുടങ്ങിയത്.. എംജി ശ്രീകുമാർ. 

 

മലയാളസിനിമാസംഗീതലോകത്തു ഗാനഗന്ധർവ്വനായി യേശുദാസും ഭാവഗായകനായി ജയചന്ദ്രനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് അശോക് കുമാർ സംവിധാനം ചെയ്ത കൂലി എന്ന സിനിമയിലൂടെ എംജി ശ്രീകുമാർ രംഗപ്രവേശം ചെയ്തത്. തൊട്ടടുത്ത വർഷം ഇറങ്ങിയ പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തിയിലെ കണ്ണനെ കണ്ടു സഖി, പനിനീരു മാനം ചൊരിഞ്ഞല്ലോ എന്ന ഗാനങ്ങളിലൂടെ എംജി ശ്രീകുമാർ എന്ന ഗായകൻ വീണ്ടും തന്റെ സാന്നിധ്യമറിയിച്ചു. 

 

1986ൽ പുറത്തുവന്ന താളവട്ടം എന്ന സിനിമയിലെ ‘‘കളഭം ചാർത്തും കനകകുന്നിൽ’’ എന്ന ഗാനവും ‘‘പൊൻവീണേ എന്നുള്ളിൽ മൗനംവാങ്ങൂ’’ എന്ന ഗാനവും ആസ്വാദകഹൃദയങ്ങൾ ഏറ്റുപാടിയതോടെ മലയാളസിനിമാസംഗീതലോകത്തു മൂന്നാമനായി അദ്ദേഹം അവരോധിക്കപ്പെട്ടു. 1988ൽ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയിലെ അദ്ദേഹം ആലപിച്ച എല്ലാ ഗാനങ്ങളും ഹിറ്റായി. 

 

പിന്നീടുള്ളതെല്ലാം ചരിത്രമാണ്. ഇന്നും നമ്മുടെ മനസ്സിലും ചുണ്ടിലും തത്തികളിക്കുന്ന എത്രയോ മധുരഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. 

 

ദൂരെകിഴക്കുദിക്കിൻ മാണിക്യചെമ്പഴുക്കയും പാടം പൂത്ത കാലവും ഈറൻമേഘവും സ്വാമിനാഥപരിപാലയസുമയും അല്ലിമലർക്കാവിലെ പൂരവും നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളും കൂത്തമ്പലത്തിൽ വച്ചും പൊൻവീണയും ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കരമാവിൻചുവടും പൊന്മുരളിയൂതും കാറ്റും മന്ദാരച്ചെപ്പും പീലിനീർത്തിയ മായാമയൂരവും അന്തിപ്പൊൻവെട്ടവും കസ്തൂരിയും കിലുകിൽപമ്പരവുമെല്ലാം എന്റെ ഹൃദയത്തിൽ കുളിർ കോരിയിട്ടു..

 

കണ്ണീർപ്പൂവും നീർപ്പളുങ്കുകളും കള്ളിപ്പൂങ്കുയിലുമെല്ലാം കേട്ടപ്പോൾ കണ്ണറിയാതെ നിറഞ്ഞു. 

 

മോഹൻലാലും പ്രിയദർശനും അടങ്ങുന്ന സുഹൃദ്ബന്ധത്തിന്റെ വലിയൊരു പിന്തുണയോടെയാണ് അദ്ദേഹം ഹിറ്റ്‌ ഗാനങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ചത് എന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയട്ടെ.. അതുകൊണ്ട് മാത്രമല്ല സ്വന്തം കഴിവ് കൊണ്ടും കൂടിയാണ് എംജി ശ്രീകുമാർ എന്ന ഗായകൻ തന്റെ സ്ഥാനം ഉറപ്പിച്ചത്. 

 

അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളിൽ ചിലത് സുഹൃദ്ബന്ധത്തിന് പുറത്തു നിന്നും സംഭവിച്ചതാണ്. മായാമയൂരം പീലി നീർത്തിയോ, പുതുമഴയായ് പൊഴിയാം, താമരകിളിപാടുന്നു, തിരുനെല്ലികാട് പൂത്തു, ആവണിപൊന്നൂഞ്ഞാൽ ആടിക്കാം, ആതിര വരവായി..അങ്ങനെ ഒരുപാട് ഗാനങ്ങളുണ്ട്. 

 

എംജി രാധാകൃഷ്ണനും ഓമനക്കുട്ടി ടീച്ചറും ഉൾപ്പെടുന്ന സംഗീതകുടുംബത്തിന്റെ പാരമ്പര്യവും അദ്ദേഹത്തിന് കരുത്തായി.

മനോഹരമായ സോളോഗാനങ്ങളുടെ ഒരു നീണ്ട ശൃംഖലപോലെ തന്നെ ചിത്രയോടും സുജാതയോടുമൊപ്പം ആലപിച്ച ഏറെക്കുറെ എല്ലാ യുഗ്മഗാനങ്ങളും ഹിറ്റായിരുന്നു.. യേശുദാസിന്റെ ശബ്ദം ഒരു ദിവസം പോലും കേൾക്കാത്ത മലയാളികളുണ്ടാവില്ല എന്ന് പറയുന്ന പോലെ തന്നെ എംജി ശ്രീകുമാറിന്റെ ഒരു നല്ല ഗാനമെങ്കിലും കേൾക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നുപോയിട്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. 

 

എംജി ശ്രീകുമാറിന്റെ പാട്ടുകൾ നിങ്ങളെ ഒരു കാമുകനാക്കും എന്ന് ആരോ ഒരിക്കൽ പറഞ്ഞത് എത്ര സത്യമാണ്.. ‘‘അല്ലിമലർ കാവിൽ പൂരം കാണാൻ’’ എന്ന് പാടുമ്പോൾ ഗായകനൊപ്പം നമ്മളും അല്ലിമലർകാവിൽ പോകുന്ന ഒരു പ്രതീതി. ‘‘നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളേ’’ എന്നും ‘‘ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണ്ണമികൾ’’ എന്നുമൊക്കെ അദ്ദേഹം പാടുന്നത് കേൾക്കുമ്പോൾ ഹൃദയം അത്രമേൽ പ്രണയാർദ്രമാകുന്നു. 

 

ഒരേ സമയം വേഗത കൂടിയ ഗാനങ്ങളും സെമിക്‌ളാസിക്കൽ ഗാനങ്ങളും പ്രണയ ഗാനങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ ഒരു എംജി ശ്രീകുമാറെ മലയാളസിനിമയിൽ ഉണ്ടായിട്ടുള്ളൂ. ആർക്കും അത് നിഷേധിക്കാൻ കഴിയില്ല.

ചെറിയൊരു ഇടവേളക്ക് ശേഷം പുറത്തുവന്ന പ്രിയദർശന്റെ ഒപ്പം എന്ന സിനിമയിലെ ചിന്നമ്മാ.. കുഞ്ഞിപ്പെണ്ണമ്മാ എന്ന ഗാനവും മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനവും ആദ്യകേൾവിയിൽതന്നെ ശ്രോതാക്കളുടെ ഹൃദയം കവർന്നു. 

 

യേശുദാസ് എന്ന മഹാപ്രതിഭ നിറഞ്ഞു നിന്ന കാലഘട്ടത്തിൽ തന്റേതായ

ഗാനങ്ങളിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിൽ അദ്ദേഹം ഇടം നേടി.

അദ്ദേഹത്തെ പറ്റി വിശേഷിപ്പിക്കാൻ ആരെങ്കിലും പറഞ്ഞാൽ എനിക്ക് പറയാൻ ഒന്നേയുള്ളൂ.. എന്റെ കൗമാരത്തിന്റെ ശബ്ദമാണ് എംജി ശ്രീകുമാർ. 

 

യേശുദാസും ജയചന്ദ്രനും എംജിശ്രീകുമാറും വേണുഗോപാലും ചിത്രയും സുജാതയും ജോൺസൺമാഷും കൈതപ്രവും ഗിരീഷ്പുത്തഞ്ചേരിയുമെല്ലാം നിറഞ്ഞു നിന്നിരുന്ന ഒരിക്കലും തിരിച്ചു വരാത്ത നല്ല ഗാനങ്ങളുടെ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇരിക്കുമ്പോൾ ഓർമ്മകളുടെ വിദൂരതയിൽ എവിടെയോ റേഡിയോയിൽ നിന്ന് കേൾക്കാം. 

 

ഗാനം ആലപിച്ചത് : എംജി ശ്രീകുമാർ 

 

മനസ്സിനെ ആർദ്രമാക്കുന്ന ആ ശബ്ദം പിന്നാലെ കേൾക്കാം.. 

 

‘‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ..

പൂത്തുമ്പി എന്തേ മറഞ്ഞൂ

എന്റെ പുള്ളോർക്കുടം പോലെ തേങ്ങി..’’

 

English Summary: Memoir written by Rajeev Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com