ADVERTISEMENT

ഫോട്ടോഗ്രാഫർ (കഥ)

 

നിർമമതയുടെ തുഞ്ചത്തെത്തി നിൽക്കുകയാണ്. ഇനി താഴേയ്ക്ക് ഊർന്നിറങ്ങണം. ചെന്ന് പതിക്കുന്നത് ഒന്നുമില്ലായ്മയിലാണെങ്കിലും അവിടെ സമാധാനം ഉണ്ടാവണം.  മരണ വീടിന്റെ ദൈന്യഭാവത്തെ ഭംഗി ചോരാതെ ക്യാമറാക്കണ്ണിലാക്കേണ്ടി വരുന്നവന്റെ ഗതികെട്ട അവസ്ഥയെ നേരിടാൻ വിധിക്കപ്പെട്ടവനാണ് ഒരു ഫോട്ടോഗ്രാഫർ. അതിലും ഭീകരമാണ് മറ്റു ചില കാഴ്ചകൾ. അത് ചിന്തയെ ചൂഴ്ന്ന് ഹൃദയത്തെ നിശ്ചലമാക്കുന്നു. പുഴുവരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങൾ പകർത്തി വീട്ടിലെത്തിയാൽ എടുത്തു വച്ച ആഹാരത്തിൽ നിന്ന് അതേ പുഴുക്കൾ നിലത്തേയ്ക്ക് ഇഴയും പോലെ തോന്നും. ചെയ്യുന്ന ജോലി പൂർണ്ണ തൃപ്തിയിൽ ചെയ്തു തീർക്കാൻ കഴിയുന്നവർ ചുരുക്കമല്ലേ? സെൻട്രൽ ഡെസ്കിലേയ്ക്ക് അയക്കാൻ പാകത്തിന് ഒരു ഫോട്ടോയാണ് ബ്യൂറോയുടെ ഇന്നത്തെ ആവശ്യം. 

 

മരണ വീടുകളിലെ പ്രതികൂല സാഹചര്യങ്ങളിൽ മികച്ച ചിത്രങ്ങൾ ജനിക്കുക പ്രയാസമാണ്. ഫോട്ടോഗ്രാഫർ പിടിവാശി വിട്ട് മജ്ജയും മാംസവുമുള്ള വെറും മനുഷ്യനാവുന്ന അപൂർവ സന്ദർഭങ്ങളിലൊന്നാണ് മരണവീട്ടിലേത്. നിലവിളിയുടെ ആഴങ്ങളിൽ ചിലപ്പോൾ വിരലുകൾ വിറകൊളളും. രഘുവിന്റെ ബൈക്ക് ഹൈവേയിലൂടെ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. ക്യാമറ അടങ്ങിയ ബാഗിന്റെ വള്ളി തോളിൽ പൂണൂലു പോലെ തൂങ്ങി നിന്നു.

 

ബൈക്ക് പാതയോരത്ത് ചേർത്ത് വച്ച് രഘു ജനത്തിരക്കിനെ വകഞ്ഞ് മുന്നോട്ട് നടന്നു, വേറിട്ടൊരു ലോകത്തിലേയ്ക്ക്. തേങ്ങലുകൾ വീടിന്റെ ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്നു. വലിയ വീടിന്റെ മുന്നിലെ പന്തലിൽ മൂന്ന് ശവ ശരീരങ്ങൾ ഒരേ അകലത്തിൽ പെട്ടിയിൽ കിടക്കുകയാണ്. അമ്മയും രണ്ടു കുട്ടികളും വിഷം കഴിച്ച് മരിക്കുകയായിരുന്നു. പല കഥകളും അന്തരീക്ഷത്തിൽ തങ്ങി നിന്നു. റിപ്പോർട്ടർ റഹീം കഥകളിൽ നിന്ന് കാര്യങ്ങളെ വേർതിരിച്ചെടുക്കുകയാണ്. നാട്ടുകാർ മെനയുന്ന കഥകൾ ആരെയും ആകർഷിക്കുന്നതാണ്. 

 

ആത്മഹത്യയിൽ ആദ്യം കലർത്താൻ പാകത്തിന് അവിഹിത ചേരുവകൾ അടുപ്പിച്ചു വയ്ക്കുവാനാണ് അവർക്ക് താല്പര്യം. രജനിയുടെ ഭർത്താവ് രണ്ടു വർഷമായി വിദേശത്താണ്. ഭർത്താവിന്റെ മാതാപിതാക്കൾക്ക് രജനിയുടെ എല്ലാ ചലനങ്ങളിലും സംശയമായിരുന്നു. രാത്രിയിലെ ചെറു ചലനങ്ങളിൽ പോലും അവർ രജനിയുടെ കാമുകനെ പ്രതീക്ഷിച്ചു. അവളുടെ മുറിയിലെ രാത്രി വെളിച്ചം കാമുകന്റെ സ്വതന്ത്ര സഞ്ചാരത്തിനുളള പ്രതീകങ്ങളായി അവർ സങ്കല്പിച്ചു. വിദേശത്തിരിക്കുന്ന മകനെ കാര്യങ്ങൾ ധരിപ്പിക്കുന്നതിലും അവർ വിജയിച്ചു. ഭർത്താവ് ഭാര്യയെ വിളിക്കാതെയായി. ഒരേ കടലിനു കുറുകെ സംശയം തീർത്ത ഭിത്തികൾ ഉയർന്നു. ഒരേ തിരകളുയരുന്ന രണ്ട് സമുദ്രങ്ങളായി അവർ മാറി. 

 

നാട്ടുകാർക്കിടയിലും കഥകൾ വളർന്നു. അയാൾ വിവാഹ മോചനത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. രജനിയുടെ നെഞ്ചിൽ ഒട്ടിയമർന്ന് രണ്ട് പെൺകിടാങ്ങൾ ഉറങ്ങുന്നുണ്ട്. ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾ. മൂവരുടേയും ജീവിതം ഒരിറ്റ് നീല ജലത്തിൽ അവസാനിച്ചു. ഭർത്താവിന്റെ മാതാപിതാക്കൾ ഒരു നിശ്ചല ചിത്രം പോലെ ചേതനയറ്റ ശരീരത്തെ നോക്കിയിരിക്കുന്നു. രജനിയുടെ അമ്മ നിലവിളിയ്ക്കുകയാണ്, ഗർഭപാത്രം തുറന്നൊരു കുഞ്ഞ് ഭൂമിയിലേയ്ക്കെത്തുന്ന അതേ വേദനയോടെ. ഹൃദയം നുറുങ്ങുന്ന വാക്കുകകൾ കൊണ്ട് അവർ കാഴ്ചക്കാരുടെ കണ്ണിൽ നനവായ് മാറുന്നു.

 

ഫോട്ടോഗ്രാഫർ എന്ന നിലയിൽ തനിക്ക് വേണ്ടത് ഇപ്പോഴിവിടേയ്ക്ക് കടന്നുവരുന്ന ഭർത്താവിന്റെ ചിത്രമാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം മക്കൾക്ക് ചുടു ചുംബനം നൽകാൻ വരുന്ന അച്ഛന്റെ ചിത്രം. ഭാര്യയുടെ കവിളിൽ അന്ത്യചുംബനമാകാൻ വിറയ്ക്കുന്ന ചുണ്ടുകളിലെ നൊമ്പരം പേറിയ ഒരു ചിത്രം. നിരപരാധിയായ ഒരു സ്ത്രീയുടെ, രണ്ട് കുട്ടികളുടെ ജീവനെടുത്തുവർ എല്ലാത്തിനും സാക്ഷിയായി ചിത്രത്തിലുണ്ടാവണം. ഭാര്യ തെറ്റ് ചെയ്തിട്ടില്ലെന്ന സത്യം ഇതിനോടകം അയാൾ അറിഞ്ഞിട്ടുണ്ടാവും. 

 

ജനത്തിരക്കേറുകയാണ് റീത്തുകൾ കൊണ്ട് കുഞ്ഞ് ശരീരം മറഞ്ഞിരിക്കുന്നു. അയാളെത്തിക്കഴിഞ്ഞു. തളർന്ന ശരീരത്തെ താങ്ങിപ്പിടിച്ച് ചിലർ അയാളെ തിരക്കിനിടയിലൂടെ പന്തലിലെത്തിച്ചു. ഹൃദയം പിടയുമാറുച്ചത്തിൽ അയാൾ നിലവിളിക്കുന്നു. നോവുകൾ മുറിവാക്കുകളായ് വീണുടയുന്നു. ഇടയ്ക്ക് തളർന്ന് വീഴുന്നു. ബോധം വരുമ്പോഴൊക്കെ വിറയാർന്ന വിരലുകൾ കൊണ്ട് കുഞ്ഞിളം മുഖത്ത് തലോടുകയാണയാൾ. അന്തരീക്ഷത്തിലാകെ ദുഖം തളം കെട്ടി നിന്നു. രണ്ട് മക്കളേയും അയാൾ വാരിപ്പുണർന്നു. 

 

രഘുവിന്റെ ക്യാമറ പലവട്ടം ചിത്രങ്ങൾ ഒപ്പിയെടുത്തു. രഘുവിന്റെ കണ്ണുകൾ സജലങ്ങളായി കാഴ്ചയെ മറയ്ക്കുന്നുണ്ട്. ഫോട്ടോഗ്രാഫറുടെ കണ്ണുനീർ വീണാൽ ചിത്രങ്ങൾക്ക് ജീവൻ നഷ്ടപ്പെടും. നെഞ്ച് പിടഞ്ഞാലും വിരലുകൾ വിറയ്ക്കാതിരിക്കാനുള്ള പ്രാർത്ഥന ഉള്ളിൽ ഉയർന്നു താഴും. വിരലുകൾ  വിറച്ചാൽ ക്യാമറയുടെ കാഴ്ചകൾ ചിതറിപ്പോകും. ഇനിയാണ് ഒരു ചിത്രം ജനിക്കുന്നത്. ഭാര്യയുടെ അടുത്തേയ്ക്ക് അയാൾ നീങ്ങുമെന്ന് കരുതി രഘു ക്യാമറ ഒന്നു കൂടി മുറുകെ പിടിച്ചു. ഷട്ടർ സ്പീഡ് കൂട്ടി കാത്തിരുന്നു. രജനിയുടെ ശരീരം കൊതിക്കുന്നുണ്ടാവും തന്റെ പ്രിയതമന്റെ അന്ത്യചുംബനത്തിന്. പക്ഷേ അങ്ങനെയൊരു ശരീരം അവിടെ ഉള്ളതായി അയാൾ മറന്നു പോയിരുന്നു. ഭാര്യയുടെ ശരീരം ചിതയിലേയ്ക്ക് എടുക്കുമ്പോഴും അയാൾ ആ കാഴ്ചയെ അവഗണിച്ചു. രഘു അയാളുടെ ചലനങ്ങളെ അതിശയത്തോടെയാണ് നോക്കി നിന്നത്. ഒരിക്കൽ ഇതോർത്ത് അയാൾ ദുഖിക്കും. ആണിനെ വിശ്വസിച്ചു കൊണ്ടാണ് ഏതൊരു പെണ്ണും തന്റെ ജീവിതം തുടങ്ങുന്നത്. ഇല്ലാക്കഥയുടെ പേരിൽ മനസ്സിന്റെ താളം തെറ്റി മരണത്തിലേയ്ക്ക് പോയ ഭാര്യയുടെ നിഷ്കളങ്കതയെക്കുറിച്ച് ആരെങ്കിലുമൊരാൾ ഒരിക്കൽ അയാളോട് പറയാതിരിക്കില്ല.

 

കഴുകൻമാരെ പോലെ ചിലർ വീടിന്റെ ടെറസിൽ നിന്ന് ക്യാമറയുമായി താഴേയ്ക്ക് നോക്കി. ചിത്രങ്ങൾ ജനിക്കുന്ന വഴികൾ തേടുന്ന കണ്ണിൽ ദൈന്യതയില്ല പകരം ജനങ്ങളിലേയ്ക്ക് ഒറ്റ നോട്ടത്തിലെത്തിക്കാൻ പാകത്തിന് ഒരു ചിത്രം വേണം, വ്യത്യസ്തമായ ചിത്രം തേടുന്നവന്റെ കണ്ണുകളിൽ ഒരു ഭ്രാന്തുണ്ട്. ആരേയും വകഞ്ഞ്, പ്രതിസന്ധിയിലൂടെ നുഴഞ്ഞ് ജീവനുള്ള ചിത്രത്തെ തൊടാനുള്ള ഒരു ഭ്രാന്ത്. ഫോട്ടോഗ്രാഫർ കാണുന്നതെന്തും ചിത്രങ്ങളായാണ്. 

 

അയാളുടെ നിശാ സ്വപ്നങ്ങളിൾ പോലും ചിത്രങ്ങൾ പറന്നു കളിക്കും. ചില രൂപങ്ങൾ ചിത്രത്തിൽ നിന്നടർന്ന് കണ്ണിന് മുന്നിൽ വീണ് ചിരിക്കും. കത്തിക്കരിഞ്ഞ ശരീരം ഒന്ന് കുടഞ്ഞ് അടർന്നു വീണ മാംസകഷ്ണങ്ങളിലേയ്ക്ക് നോക്കാതെ നീ എനിക്ക് നീതി തന്നോ എന്ന് ചിലർ ഉറക്കെ ചോദിക്കും!. കത്തിക്കരിഞ്ഞവർക്ക് നീതി കിട്ടിയില്ല. കള്ളനെന്ന് മുദ്ര ചാർത്തിയതിൽ മനം നൊന്ത് തൂങ്ങി മരിച്ചവർ ചിത്രത്തിൽ നിന്നിറങ്ങി സത്യത്തിലൂടെ നീയെനിക്ക് മുക്തി തന്നോ എന്ന് തിരക്കുന്നു!. പീഡനമേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നീതി തേടുന്നു. ശബ്ദം കനക്കുന്നു. ചിത്രങ്ങളെടുത്തവന് പിൻപേ അവർ ഓടിയടുക്കുന്നു. അട്ടഹാസം, വിലാപം, കാതടപ്പിക്കുന്ന ശകാരം. ഇരുട്ടിലേയ്ക്ക് കണ്ണ് തുറന്ന് കിതക്കുമ്പോഴറിയുന്നു സ്വപ്നമായിരുന്നു, ഒരു ദു:സ്വപ്നം. 

 

ചിന്തകളെ ഉണർത്തി ഇടനെഞ്ചോട്ചേർന്ന് ഫോൺ പിടയുന്നു. ബ്യൂറോ ചീഫിന്റെ കോൾ. എല്ലാം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ രഘുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഫോട്ടോഗ്രാഫർക്ക് മനസാക്ഷിയുണ്ടോ? രഘു സ്വയം ചോദിച്ചു കൊണ്ടിരുന്നു. അല്ലെങ്കിൽ ആൻസി തന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുമായിരുന്ന? ഫോട്ടോഗ്രാഫി പഠിക്കാനാണ് ആൻസി അയാൾക്കൊപ്പം കൂടിയത്. രഘുവിന്റെ ഫോട്ടോകളോടായിരുന്നു ആൻസിയുടെ ആദ്യ പ്രണയം. മെല്ലെ അത് രഘുവിനോടായി. പെരുമഴപോലെ ഒരു പ്രണയകാലം പെയ്തിറങ്ങി. തൂവാനം തെറിപ്പിച്ച കുളിരിൽ രഘു ആൻസിയെ ഹൃദയത്തിലെടുത്തു വച്ചു. യാത്രകളിൽ ഒപ്പം കൂട്ടി. കുമരകത്ത് ഒരു സ്റ്റോറി ചെയ്യാൻ പതിവു പോലെ ആൻസിയും രഘുവിനൊപ്പം ഉണ്ടായിരുന്നു. 

 

റിപ്പോർട്ടർ സ്റ്റീഫൻ ആ നാട്ടുകാരനായിരുന്നു. രഘു ചിത്രങ്ങളെടുക്കാൻ തയ്യാറായി നിന്നു. ഒരു ചെറിയ വീടിനുള്ളിൽ അപൂർവ്വരോഗം ബാധിച്ച അഞ്ച് മനുഷ്യർ നരകയാതനയ്ക്ക് നടുവിൽ മരിച്ചു ജീവിക്കുകയാണ്. അവരുടെ ശരീരമാകെ ചിതമ്പൽ പോലെ തൊലി ഇളകി പൊഴിഞ്ഞിരിക്കുന്നു. കറുത്ത തൊലി ഇളകിപ്പോയ വെളുത്ത ശരീരത്തിൽ വൃണങ്ങൾ പോലെ ചുവന്ന പാടുകൾ. അച്ഛൻ, അമ്മ, മൂന്ന് മക്കൾ. അവരുടെ കണ്ണുകൾക്കും വെളുത്ത നിറമായിരുന്നു. കൃഷ്ണമണികളിൽ കറുപ്പില്ല ഒരു ചെമ്പൻ നിറം. കാഴ്ചയെന്നാൽ ഒരു വെളിച്ചം മാത്രമാണവർക്ക്.  ഏത് രൂപവും സുതാര്യമായ നിഴൽ പോലെ കണ്ണിൽ തെളിയും. വീടിനുള്ളിലെ സ്ഥിരം സഞ്ചാരവഴികളിൽ മുളകെട്ടി കൈവരി ഉണ്ടാക്കിയിരിക്കുന്നു. അടുക്കളയിലേയ്ക്ക് കൈവരിയിൽ മുറുകെ പിടിച്ച് നടക്കാം. ഇല്ലെങ്കിൽ അവർ വീണ് പോകും. ആഹാരത്തിന്റെ കുറവുകൊണ്ട് ശരീരം ഒന്ന് തൊട്ടാൽ പിന്നിലേയ്ക്ക് മറിഞ്ഞു പോകും. നാട്ടുകാരുടെ ചെറിയ സഹായങ്ങൾ കൊണ്ടാണ് അവർ ജീവൻ നിലനിർത്തുന്നത്.

 

റിപ്പോർട്ടർ സ്റ്റീഫൻ ഈ കഥകൾ പുറം ലോകത്തെ അറിയിക്കാൻ പാകത്തിന് സ്റ്റോറി തയ്യാറാക്കുകയാണ്. ദുരന്ത ജീവിതം നേർക്കാഴ്ച പോലെ ആൻസിയുടെ മുന്നിൽ നിൽക്കുകയാണ്. രഘു ക്യാമറയിലൂടെ കാഴ്ചകളെ കാണാൻ തുടങ്ങി. ആൻസി അയാളുടെ പിന്നിൽ നിന്നു. അഞ്ച് പേരും മുളയിൽ പിടിച്ച് ചെറിയ വരാന്തയിലേയ്ക്ക് നടന്നു വരുന്ന ചിത്രമെടുക്കാനുള്ള നിർദ്ദേശങ്ങൾ അവർക്ക് നൽകി കൊണ്ട് രഘു ക്യാമറ സൂം ചെയ്തു. 

മുളങ്കമ്പിൽ വിറയ്ക്കുന്ന വിരലുകൾ ചേർത്ത് പിടിച്ചു പിൻപേ നടക്കുകയാണ് അച്ഛൻ. അയാൾക്ക് മുന്നിൽ നാലു പേർ. പെട്ടെന്നാണ് അയാൾ പിടി വിട്ട് മുന്നിലേയ്ക്ക് തെറിച്ചു വീണത്. ഒന്നിനു പിറകേ നാല് പേരും നിലത്തേയ്ക്ക് വീഴുകയാണ്. തൊട്ട് തൊട്ട് കാഴ്ചയറിയാതെ, അനാരോഗ്യത്തിന്റെ തളർച്ചയിൽ ഉയരാനാവാതെ അവർ ദൈന്യതയുടെ പ്രതീകങ്ങളായി തറയിൽ കിടന്നു. ആൻസിയുടെ കൈകൾ അവർക്ക് നേരെ അതിവേഗം നീണ്ടു. രഘു ആൻസിയേ വിലക്കി മുന്നിൽ നിന്നു. ‘‘നല്ല ചിത്രമാണ് ഇപ്പോൾ എടുക്കണ്ട . വീണ് കിടക്കട്ടെ ’’ ക്യാമറ ഷട്ടർ അതിവേഗം ചലിച്ചു. 

 

പക്ഷേ ആൻസി രഘുവിന്റെ ക്യാമറ പിടിച്ചു വാങ്ങി. ‘‘പാവങ്ങളെ ഇങ്ങനെ ഉപദ്രവിച്ചിട്ടല്ല താൻ ഫോട്ടോ എടുക്കേണ്ടത്, മനസാക്ഷി വേണം.’’ ആൻസിയുടെ രോഷം കലർന്ന ശബ്ദം ചുറ്റുപാടുകളെ ഒന്നിളക്കി. സ്റ്റീഫൻ ആൻസിയെ സമാധാനിപ്പിക്കാൻ എന്തോ പറയാൻ തുനിച്ചു. വേണ്ടെന്ന് രഘു തലയനക്കിയതോടെ സ്റ്റീഫൻ പിൻതിരിഞ്ഞു. ക്യാമറ രഘുവിന്റെ കൈയ്യിലേയ്ക്ക് നീട്ടി അവൾ ചെറിയ കടമ്പ കടന്ന് പുറത്തേയ്ക്ക് പോയി.

 

ആൻസി സ്വയം ഇറങ്ങിപ്പോകുകയായിരുന്നു. മനസ്സാക്ഷിയില്ലാത്ത ഫോട്ടോഗ്രാഫറെ പ്രണയിക്കാൻ ആൻസിയ്ക്ക് കഴിഞ്ഞില്ല. സ്റ്റോറി വലിയ ചർച്ചയായി. സർക്കാർ വേണ്ട സഹായങ്ങൾ ചെയ്ത് ആ കുടുംബത്തെ ഏറ്റെടുത്തു. സ്റ്റോറിയുടെ ജീവനായത് രഘുവിന്റെ ചിത്രമായിരുന്നു. ഒരു ചിത്രത്തിൽ നിന്ന് കഥ ഗ്രഹിക്കാനായാൽ അത് ഫോട്ടോഗ്രാഫറുടെ വിജയമാണ്. വീണു പോയവരെ ഉയർത്താൻ ഒരായിരം കൈകൾ ഒന്നിച്ചെത്തുന്നു. ഫോട്ടോഗ്രാഫർ ഒളിഞ്ഞു കിടക്കുന്ന സത്യങ്ങളെ , ജീവിതങ്ങളെ ക്യാമറയുടെ കണ്ണിലൂടെ സമൂഹത്തിനിടയിലേയ്ക്ക് എത്തിക്കുന്നു. കണ്ടില്ലെന്ന് നടിച്ചു മടങ്ങിയവരെ കാഴ്ചയിലേയ്ക്ക് മടക്കി കൊണ്ടുവരികയാണവർ.

 

ആകാശത്ത് വെള്ളവരയൻ മേഘങ്ങൾ ചെമ്മരിയാടിനെപ്പോലെ ഓടിക്കളിക്കുന്നു. ശാന്തവും സുന്ദരവുമായ കാഴ്ചയിലേയ്ക്ക് നോക്കി നിൽക്കെ ഫോൺ ശബ്ദിച്ചു തുടങ്ങി. കാലങ്ങൾക്ക് ശേഷം ഉറങ്ങിക്കിടന്ന പ്രണയത്തെ ഉണർത്തും പോലെ ഒരു പരിചിത സ്വരം. ആൻസിയുടെ വിദേശത്ത് നിന്നുള്ള വിളി. തികച്ചും അപ്രതീക്ഷിതം. സുഖമാണോ എന്ന ചോദ്യത്തിന് രഘുവിന്റെ നീണ്ട നിശബ്ദതയായിരുന്നു ഉത്തരം. ‘‘ഇതുവരെ എന്നോടുള്ള പിണക്കം മാറിയിട്ടില്ലേ, എന്നോട് ക്ഷമിക്കില്ലേ’’ ആൻസിയുടെ ശബ്ദത്തിൽ നിറഞ്ഞ വിഷാദത്തിൽ കുറ്റബോധത്തിന്റെ കനലെരിയുന്നു. മറുപടി പറയാതെ ഉറക്കെയുള്ള ചിരിയിലൂടെ ആ ചോദ്യത്തെ രഘു അവഗണിച്ചു. 

അവസാനമായി അവൾ ഒരു ചോദ്യം കൂടി ചോദിച്ചു. ‘‘രഘുവിന്റെ വിവാഹം കഴിഞ്ഞോ?’’. ആ ചോദ്യത്തിനോട് മാത്രം രഘു മെല്ലെ മറുപടി പറഞ്ഞു. ‘‘എന്റെ ഹൃദയം മറ്റൊരാളുടെ കയ്യിലല്ലേ ആൻസി, ഹൃദയമില്ലാത്തൊരാൾക്ക് ഇനി എന്ത് വിവാഹം’’  ചെറു നൊമ്പരം കലർന്ന വാക്കിൽ അയാൾ സംഭാഷണം അവസാനിപ്പിച്ചു. ആകാശത്തിലൂടെ ദിശയറിയാ മേഘങ്ങൾ എവിടേയ്ക്കോ ഒഴുകി നീങ്ങുന്നു. ആൻസി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. വിദേശത്തെ ജീവിതത്തിരക്കിനിടയിൽ ഒന്നു വിളിക്കാൻ തോന്നിയല്ലോ, അതുമതി. മറന്നു പോയി എന്ന് നാം കരുതിയവരുടെ ഒരു വിളി ഹൃദയത്തിൽ  മഞ്ഞുതുള്ളി പോലെ വീണ് ചിതറുന്നു. തണലേതുമില്ലാതെ കത്തി നിൽക്കുന്ന വെയിലിൽ ഒറ്റയ്ക്കായവന് ഒരു കുളിരാണത്.

 

English Summary: Photographer, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com