ADVERTISEMENT

മുന്നറിയിപ്പ് (കഥ)

 

മഴയുടെ വെട്ടം മാത്രമേയുണ്ടായിരുന്നുള്ളൂ അപ്പോൾ. തുലാവർഷവും ഇടവപ്പാതിയും വന്നെത്താൻ മുൻപൊക്കെ കാത്തിരിന്നിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടന്നൊരു ദിവസം അവനെത്തുമ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല. ചെറു വൃഷ്ടി കണങ്ങളാൽ  പുഷ്പവർഷം ചൊരിഞ്ഞപ്പോൾ ആഹ്ളാദം അലതല്ലി. നാണത്താൽ കുതറി മാറി തോരാമഴയിൽ കുതിർന്നപ്പോഴും,  ഒന്നും വിളയാത്ത ഊഷര ഭൂമിയിയല്ല അവളെന്നെ ബോധം അവളിലയാൾ ജനിപ്പിച്ചിട്ടുണ്ടായിരുന്നു.

 

മഴവെട്ടവും വെയിൽ വെട്ടവും ആദ്യമറിയുന്ന അങ്ങകലെയുള്ള കുന്നിൻ ചെരുവിൽ പെയ്യാൻ വിതുമ്പുന്ന മഴമേഘങ്ങൾ നീണ്ട് നീങ്ങുന്നത് കാണാം. മഴമേഘങ്ങൾ തെളിയുന്നതും അകലുന്നതും അറിയുന്നതിന് ഘടികാരമാകുന്ന കുന്നിൻ ചെരുവിലേയ്ക്ക് നോക്കിയിരുന്ന് അവൾ സ്വപ്നം കണ്ടു. പ്രേമസ്വരൂപന്റെ തണുലാളനകളാൽ മയങ്ങി. കുറ്റബോധം കൂരയും കുന്നും കടന്ന് പറന്നകന്നു. ആസക്തിയിലാറാടിയും ആലസ്യത്തിൽ മയങ്ങിയും പ്രേമരൂപന്റെ നെഞ്ചിൽ തല ചായ്ച്ചിരിക്കവേ കഴിഞ്ഞുപോയൊരു മഴക്കാല ദൃശ്യം അവൾക്കോർമ്മ വന്നു. 

 

“മലയും കുന്നും സമതലമായി. കാടും തോടും എമ്പാട് വീടുകളായി. പിന്നെ വൃശ്ചികത്തിലെന്തേ കാർത്യായനീ ഒരു മഴ എന്നൊരു ചോദ്യവും ”

കുന്നിടിഞ്ഞെത്തിയ ചെളിവെള്ളം മുറ്റത്തെ മണ്ണിൽ കെട്ടിനിൽക്കുന്നത് കണ്ട്   ഉമ്മറത്തിരുന്ന അമ്മ ആരോടെന്നില്ലാതെ പിരാന്ത് പറഞ്ഞു. അവൾക്ക് കലി കയറി. അവളുടെ പ്രായം കടന്ന്  അമ്മയുടെ പ്രായത്തിലെത്തിയപ്പോൾ മഴ പെയ്യണ കാലവും രൂപവും താളവുമൊക്കെ മാറിയെന്ന് അമ്മ പറഞ്ഞു. 

‘ആവോ? എന്ത് തന്നെ ആയാലും വർഷരൂപൻ സുന്ദരനാണ്, പ്രേമസ്വരൂപനാണ്, നിർമ്മലമായ സ്നേഹത്തിന്റെ തുറന്നിട്ട വാതായനംപോലെ തെളിഞ്ഞ മുഖമുള്ളവനാണ്.  പ്രണയ പാരാവശ്യത്തിൽ അവൾ അവന്റെ ഉടൽ കോരി ചുംബിച്ചു. വർഷബാഷ്പം ചിന്നിച്ചിതറി. ദേഹം കൊടും തണുപ്പിനാൽ വിറ കൊണ്ടു. ചെറുതേൻ തെന്നൽ ചുറ്റും സ്വരമണ്ഡപം തീർത്തു. അവൻ പുണരുമ്പോൾ താടിയെല്ലുകൾ കൂട്ടിയിടിച്ചു. കാഷായ വർണ്ണം ചൂടിയ കുന്നിൻ  ചെരുവ് നോക്കി ചിരിച്ചപ്പോൾ അവൾക്ക് ലജ്ജ തോന്നി. തിരികെ എന്ന് വരുമെന്ന ചോദ്യത്തിന് ഉത്തരമേകാതെ ചുവന്ന് തുടുത്ത ദിക്കൊഴിഞ്ഞ്  അവൻ പോകാനൊരുങ്ങുമ്പോൾ അവൾ പൊഴിച്ച കണ്ണീർ അവനോടൊപ്പം ഒഴുകിച്ചേർന്നു.

 

കണ്ണീർ പൊഴിച്ച തെളിവാനമന്നേരം ചെന്താമര പൂത്തുലഞ്ഞ അന്തിവാനമായിച്ചുവന്നു. കരിപ്പൂശിയെത്തുന്ന പ്രീയനാകും താമിസ്രരൂപൻ ഉടൻ എഴുന്നള്ളും. നെറുകയിൽ  വീണൊലിച്ച സിന്ദൂരം കാൽച്ചോട്ടിലെ വെള്ളം തേവി കഴുകി. സാരിത്തലപ്പ് തലയിൽ നാട്ടി, മുറ്റത്തെ കുതിർന്ന ബഞ്ചിലിരുന്ന് അകലത്തെവിടെയോ നിറം മാറിയകലുന്ന വർഷമേഘങ്ങളെ നോക്കി അവൾ മൗനം പൂണ്ടു. 

 

സന്ധ്യയ്ക്ക് കൊളുത്തിയ സ്വർണ്ണ നിറമുള്ള വെട്ടത്തേക്കാൾ നിറമില്ലാത്ത നിഴൽ വെട്ടത്തെയാണ് അവൾക്കിഷ്ടം. സ്വർണ്ണ വെട്ടം അവൾ ഊതിക്കെടുത്തി. പ്രേമസ്വരൂപന്റെ കറുത്ത് നീലിച്ച ഉടലിലെ പാണ്ഡര ഹൃദയം പരിരംഭണക്കുളിരിൽ പൂത്തുലഞ്ഞു. കരിമേഘം കണക്കെ ഉടുത്ത് വച്ച ഉടയാടകൾ  അഴിഞ്ഞപ്പോൾ അങ്ങകലെ ആരോ നാട്ടിയ ഇത്തിരി വെട്ടം പോലും അവളിൽ ലജ്ജയുളവാക്കി. കൂരിരുട്ടിൻ ലയവിന്യാസത്തിലൊഴുകിയും, നിശീഥ കരങ്ങളിലൊളിച്ചും അവർ  യാമങ്ങൾ തോറും പ്രണയിച്ചു. കുളിർ മഴയിൽ കുതിർന്ന സുഖ ശാന്തതയിൽ മൂടി പുതച്ചിരുന്നവൾ പ്രേമജ്വരത്താൽ വിയർത്തു. ഇരുൾ മൂടിയ മേഘ പക്ഷങ്ങൾ അവളെ പൊതിഞ്ഞപ്പോൾ, മറുപടിക്കായി കാത്ത് നിന്ന ശോകവിഹ്വലതകൾ  മൂടുപടത്തിനിടയിലൊളിച്ചു. മോഹപാരവശ്യത്താൽ അവൻ പുണർന്നപ്പോഴുള്ള ദേഹഗന്ധം നിശാഗന്ധിയുടെ ഗന്ധത്തിൽ അലിഞ്ഞു. ആ ചിരി വെട്ടത്തിൽ അവൻ രൂപം മാറി.  താമിസ്രരൂപനെ മാറോടടക്കി കിടക്കുമ്പോൾ അന്ത്യയാമത്തിന് സൈറൺ മുഴങ്ങി. പുലർച്ച അകലെയല്ലെന്ന്  അറിയുന്ന മാത്രയിൽ രുദ്രനാൽ തപിക്കപ്പെടുന്നതോർത്ത് അവൾ പുളകം കൊണ്ടു. 

ഉദയ സൂര്യന്റെ മൂർച്ചയുള്ള കിരണങ്ങളേറ്റ് അടഞ്ഞ മിഴികളിൽ ചോരനിറം വീണു. മഴയില്‍ കുതിർന്ന മേനിയിൽ വീണ വെയിൽ വെട്ടം അവളെ നുള്ളിയുണർത്തി. മാറിക്കിടന്ന ഉടയാടകൾ ഒതുക്കി വയ്ക്കാൻ അതിവ്യഗ്രതയുണ്ടായി. കിലുങ്ങുന്ന കൊലുസ്സിനിടയിൽ ചിതറിയ വെള്ളത്തുള്ളികൾ വെയിൽ വെട്ടത്തിൽ തിളങ്ങിയത്  സാരിത്തുമ്പ് നീട്ടി  അവൾ മറച്ച് വച്ചു. മരങ്ങൾക്കിടയിലൂടെ  ഓടിക്കളിക്കുന്ന ഒരു  അണ്ണാറക്കണ്ണന്റെ വെയിൽചിത്രം വെയിൽചിത്രമായി അവളെ  തുറിച്ച് നോക്കി.  

ഒളിമറയില്ലാത്ത ദിവാകര സ്പർശത്താൽ ഈറനണിഞ്ഞിരുന്ന അവളുടെ ദേഹം വേഗത്തിൽ ചൂട് പിടിച്ചു. അതി തീവ്രമായ തലോടലിലും ചുടുചുംബനത്തിലും വാടി വീഴുന്നൊരു പനിനീർ പൂവല്ല താനെന്ന് ദിനകരനെ ബോധ്യപ്പെടുത്താൻ ശ്രമം കൊണ്ടു. രുദ്രനായി പിന്നെ അവൻ  ചിന്നി ചിതറിയപ്പോൾ അവൾക്ക് ഭയം തോന്നി. കോമളമായ മൃദല മേനിയിൽ അവൻ ചുടുവിരൽ തൊട്ടപ്പോൾ അവൾക്ക് മുറിവേറ്റു. പ്രാണനാഥന്റെ ദേഹകാന്തിയിൽ അഭിമാനിക്കേണ്ടവൾ അവന്റെ പ്രഭയിൽ ഉരുകിത്തീരുമെന്ന് ശങ്കിച്ചു. സായന്തനത്തിലെ  കാഞ്ചന ശോഭയുള്ള ഇത്തിരി വെട്ടം ചിന്തിയ വർണ്ണ രേണുക്കൾ അവന്റെ ഇക്കിളിക്കൊഞ്ചലുകളായി അവൾക്ക് അനുഭവപ്പെട്ടു. ഉച്ച വെയിലിന്റെ  ഓജസ്സുറ്റ പ്രണയോഷ്ണത അതിദിവ്യമാണെങ്കിലും, അവൾക്കിഷ്ടം സന്ധ്യയിൽ ചൊരിയുന്ന ഇക്കിളികൊഞ്ചലുകളായിരുന്നു. 

കാല ചക്ര വ്യവസ്ഥകൾ തെറ്റിക്കാതെ വർഷവും, താമിസ്രവും, ദിനകരനും വന്നു പോയി. അന്നൊരു വെളുപ്പാൻ കാലത്ത്, പുറത്തെ ബഹളം കേട്ട് അവൾ പകച്ച് പോയി. ആരോ വന്ന് വാതിലിൽ മുട്ടി. ഒന്നും തോന്നലുകളല്ല, യാഥാർഥ്യം!  ഇരുട്ടിൽ തപ്പിത്തടഞ്ഞ് വാതിൽ തുറന്ന മാത്രയിൽ തന്നെ അവൾ നിലവിളിച്ചുപോയി. പ്രപഞ്ചത്തിന് രൂപ മാറ്റം സംഭവിച്ചുവെന്ന് ആരോ വിളിച്ച് പറഞ്ഞു. 

 

‘‘എല്ലാം നശിച്ചിരിക്കുന്നു... .പ്രപഞ്ചം ഇല്ലാതാവുന്നു… രൂപം മാറുന്ന പ്രപഞ്ചം!’’ അവളുടെ ഉള്ളൊന്ന് പിടഞ്ഞു. ചുറ്റും വെള്ളമാണ്. ആകാശവും ഭൂമിയും കീഴ്മേൽ മറിയുന്നു. കടലിന്റെ ഇരമ്പം ഭയപ്പെടുത്തും വിധം അടുത്തെത്തിയിരുന്നു… ചിലതൊക്കെ ബാക്കിയെങ്കിലും പ്രപഞ്ചം നിശ്ചലം!   

മാർത്താണ്ടനുദിക്കുന്ന കുന്നിൻ മുകളിലേക്കവളുടെ കണ്ണുകൾ ശരവേഗത്തിൽ പാഞ്ഞു. കുന്ന് നിന്നിടം ശൂന്യം! വീണുടയാറുള്ള തെളിവെള്ളമാകെ ചുവന്നിരിക്കുന്നു! മുറ്റത്തെ ബഞ്ചിന്റെ ഒടിഞ്ഞിളകിയ പലക സാരിത്തുമ്പിൽ ഉടക്കി അവൾ മറിഞ്ഞ് വീണു. ചോര നിറമാർന്ന വെള്ളത്തിൽ കാലുരുമ്മിയപ്പോൾ അവൾക്ക് വിറങ്ങലിച്ചു. ആരോ നാട്ടിയ ചിമ്മിനി വെട്ടത്തിൽ പിന്നീടവൾ ഉമ്മറപ്പടിവാതിലിലൂടെ അകത്തേക്ക് നടന്നു. ആടിയുലഞ്ഞ കൈതോല കാറ്റടിച്ച് അകത്തെ ചിമ്മിനി വെട്ടവും അണഞ്ഞപ്പോൾ അവൾ തപ്പി തടഞ്ഞു. ഭയം ഭ്രാന്തിലേക്ക് വഴിമാറുമെന്ന് തോന്നി. അവൾ, അവർ ‘വഞ്ചകർ’ എന്ന് അലറിക്കരഞ്ഞു. എന്തും  മൂകമായി കേട്ടിരിക്കാറുള്ള കൂരിരുട്ട് അന്നാദ്യമായി അവളോട് മിണ്ടി. ‘‘വഞ്ചകർ ആര്?.... നീയോ.. ഞങ്ങളോ?’’

 

ഉമ്മറത്തിരുന്ന് പണ്ട് അമ്മ പറഞ്ഞത്, അന്ന് വീണ്ടും ഉറക്കത്തിൽ അവർ അവളോട് മന്ത്രിച്ചു ‘‘എല്ലാം കൈവിട്ടല്ലോ മോളെ… മനുഷ്യനെ പൂട്ടാനിപ്പോൾ ചങ്ങലപോലും വേണ്ടാതായിരിക്കുന്നു.. മണ്ണും മഴയും കുന്നും മലയും കാടും പുഴയുമൊന്നും കൈയെത്തി പിടിക്കാതെ കാണുമ്പോഴാണ് ഭംഗി. ഒക്കെയും ചേർന്നാണ് പ്രപഞ്ചത്തിന്റെ ഉടൽ നിർമ്മിച്ചിരിക്കുന്നത്. ഉടലില്ലാത്ത പ്രപഞ്ചമെങ്ങനെ നില നില്ക്കും? പ്രപഞ്ചമില്ലാതായാൽ പിന്നെയെന്ത് മനുഷ്യൻ!”  അമ്മേ.. എന്നുള്ള നിലവിളി ശബ്ദം മാത്രം ശൂന്യതയിൽ എവിടെയോ അലയടിക്കുന്നതായി അപ്പോൾ അവൾക്ക് തോന്നി.

 

English Summary: Munnariyippu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com