ദാ.. ഇതെഴുതുമ്പോൾ പോലും ആ ഓർമ്മകളിൽ ഇപ്പോഴും വായിൽ വെള്ളമൂറുന്നു

kerala-snacks
SHARE

ഓർമ്മകളിലെ രുചിമേളങ്ങൾ

ചെറുപ്പത്തിൽ മടിയിലിരുത്തി അമ്മ വാരി തരാറുള്ള പച്ചവെളിച്ചെണ്ണ ഒഴിച്ച ചോറും ഉള്ളികുത്തികാച്ചിയതും പപ്പടവുമൊക്കെ ആയിരുന്നു എന്റെ ഓർമ്മയിലെ ആദ്യരുചികൾ. പറമ്പിലെ മൂവാണ്ടൻ മാവിൽ നിന്ന് കൂട്ടുകാർക്കൊപ്പം എറിഞ്ഞു വീഴ്‌ത്തി കല്ലുകൊണ്ട് ചതച്ച് കല്ലുപ്പും മുളകും കൂട്ടി തിന്നാറുള്ള മാങ്ങകളും മുറ്റത്തെ പേരമരത്തിലെ പേരക്കകളും തെക്കേലെ വീട്ടിലെ പിന്നിൽ നിന്നിരുന്ന ലൂബിക്കമരത്തിലെ ചുവന്നുതുടുത്ത ലൂബിക്കകളും അമ്പലത്തിലെ ഉത്സവത്തിന് അമ്മ വാങ്ങിത്തരാറുള്ള കരിമ്പും പൊരിയും ഉഴുന്നടയും കരിമ്പിന്റെ ഓർമ്മയിൽ കടിച്ചീമ്പി തിന്നാറുള്ള പറമ്പിലെ തെങ്ങിന്റെ പച്ചപട്ടയുമെല്ലാം എന്റെ നാവിൽ രുചിയുടെ വസന്തം തീർത്തു. 

സ്കൂളിലേക്കും കോളജിലേക്കുമൊക്കെ പോകുമ്പോൾ ചെറിയ ചോറ്റുപാത്രത്തിലും വാട്ടിയ ഇലയിലുമാക്കി അമ്മ തന്ന് വിടുന്ന ചോറും പരിപ്പ് തോരനും മുട്ട ഓംബ്ലെറ്റും സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന കൈപത്തിരിയും അരിയുണ്ടയും അവില് നനച്ചതും ഇലയടയുമെല്ലാം എത്ര കഴിച്ചാലും മതിയാവാത്ത  രുചികളായിരുന്നു.

ക്‌ളാസ്സിൽ കൂട്ടുകാർ കൊണ്ടുവന്നിരുന്ന ബബ്ലൂസ് നാരങ്ങയും സ്കൂളിനടുത്തു സലിംക്കയുടെ കടയിൽ നിന്ന് കിട്ടുന്ന പാക്കറ്റ്‌ അച്ചാറുകളും തേൻനിലാവും പല്ലൊട്ടിയും ഗ്യാസ് മിട്ടായിയുമൊക്കെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത രുചികളാണ്. 

ഞങ്ങളുടെ ഗ്രാമത്തിലെ ബസ്സ്റ്റോപ്പിന്റെ പേര് ഷാപ്പുംപടിയെന്നാണ്. മാണിയംകാവ് എന്ന മനോഹരമായ പേരുണ്ടെങ്കിലും ബസ്സ്റ്റോപ്പിനോട് ചേർന്ന് ഒരു കള്ളുഷാപ്പുള്ള കാരണമാണ് പേര് ഷാപ്പുംപടിയെന്നായി മാറിയത്. 

ബസ്സ്റ്റോപ്പ് എത്താറാവുമ്പോഴേക്കും കണ്ടക്ടർ ചേട്ടന്മാർ ഉറക്കെ വിളിച്ചു പറഞ്ഞുതുടങ്ങും

‘‘ഷാപ്പുംപടി.. ഷാപ്പുംപടി’’. ഈ പേരിന്റെ പേരിൽ ചിലപ്പോഴൊക്കെ കോളജിൽ പഠിക്കുന്ന ചില കൂട്ടുകാരുടെ നിർദാക്ഷണ്യമായ കളിയാക്കലുകൾക്ക് ഞാൻ വിധേയനായിട്ടുണ്ട്. 

എങ്കിലും ഷാപ്പിലെ കറിവെപ്പ്കാരനും അതിലുപരി സ്നേഹസമ്പന്നനും ഞങ്ങൾ പിള്ളേർസെറ്റിന്റെ കൂട്ടുകാരനുമായ വർഗീസേട്ടന്റെയും ഷാപ്പിലെ മാനേജരായ പുഷ്‌പ്പേട്ടന്റെയും മുഖങ്ങൾ ഓർമ്മ വരുമ്പോൾ ആ കളിയാക്കലുകളെ ഞാൻ പാടേ അവഗണിക്കും. കൊമ്പൻ മീശ തടവി കഴുത്തിൽ നീണ്ടു കിടക്കുന്ന സ്വർണ്ണമാലയണിഞ്ഞു ‘‘ടാ.. പിള്ളേരെ’’ എന്ന് വിളിച്ചുകൊണ്ട് വർഗീസേട്ടൻ വരുന്നത് രാജാവിന്റെ പ്രൗഡിയോടെയാണ്. 

വർഗീസേട്ടൻ തയ്യാറാക്കികൊണ്ട് വരുന്ന കപ്പയും മീനും എരിവ് തുളുമ്പി നിൽക്കുന്ന ഇറച്ചിക്കറിയുടെയുമെല്ലാം രുചി ഇന്നും നാവിലുണ്ട്. അതുപോലെ കൂട്ടുകാരനായ രാജീവിന്റെയൊപ്പം വീടിനടുത്തുള്ള ചന്ദ്രേട്ടന്റെ ചായക്കടയിൽനിന്ന് കഴിക്കാറുള്ള  വെള്ളേപ്പവും ഗ്രീൻപീസ്കറിയുമൊക്കെ എന്റെ ഓർമ്മകളിൽ ഇന്നും രുചി പടർത്തുന്നു. 

ബാല്യത്തിലും കൗമാരത്തിലും ജോലിക്കായി ദുബായിലേക്ക് വണ്ടികേറുന്നതിന് മുൻപ് യൗവ്വനത്തിന്റെ ആദ്യപകുതിവരെ എന്റെ അവധിദിവസങ്ങളെല്ലാം മിക്കവാറും അമ്മയുടെ വീട്ടിലായിരുന്നു ഞാൻ ആഘോഷിച്ചിരുന്നത്. 

ബാല്യത്തിൽ എന്നെ സൈക്കിളിൽകേറ്റി അങ്ങാടിയിൽ കൊണ്ടുപോയി അച്ഛിച്ച വാങ്ങിത്തന്നിരുന്ന പപ്പടവടകളും ബിസ്കറ്റുകളും അമ്മൂമ്മ അടുപ്പിലിട്ട് ചുട്ട് തരുന്ന കശുവണ്ടികളും പത്തായപ്പുരയിൽ വൈക്കോലിട്ട് മൂടി വച്ചിരുന്ന പഴക്കുലകളും ഉമ്മറത്തെ മുറ്റത്തിന് താഴെ കായ്ച്ചു നിൽക്കുന്ന ചാമ്പക്കകളും പുളിമരത്തിൽ നിന്നും പഴുത്തു പൊഴിയുന്ന പുളികളും കുളത്തിൻകരയിലും വേലിക്കലുമെല്ലാം നിൽക്കുന്ന മുള്ളൻപഴങ്ങളുമൊക്കെ എനിക്ക് രുചിയുടെ മറുവാക്കുകളായിരുന്നു. 

അമ്മൂമ്മയും മേമ്മയുമെല്ലാം ഉണ്ടാക്കി തരുന്ന ദോശയും ചമ്മന്തിയും കഞ്ഞിയും ചക്കമെഴുക്കുപുരട്ടിയും രാത്രിയിൽ ഇലയിൽ വിളമ്പുന്ന കുത്തരിചോറും നാടൻ കോഴിക്കറിയുമെല്ലാം രുചിയുടെ മേളം തീർത്തു. രുചി എന്ന വാക്ക് മനസ്സിൽ വരുമ്പോൾ മറക്കാൻ പറ്റാത്ത ഒരു ചായക്കടയുണ്ട്. 

അമ്മയുടെ വീടിനടുത്തുള്ള ഒരു ചായക്കടയായിരുന്നു അത്. 

എല്ലാ അവധിദിവസങ്ങളും ആഘോഷിച്ചുകൊണ്ട് പിറ്റേദിവസം രാവിലെ വീട്ടിലേക്ക് പോകാനായി ഏഴ്മണിയുടെ ഹിരണ്യ ബസ്സ്

കാത്തു ഞാൻ നിൽക്കുന്നത് ഫൽഗുനൻചേട്ടന്റെ ആ ചായക്കടക്ക് സമീപമാണ്.അയാളുടെ വീടിനോട് ചേർന്നായിരുന്നു കടയും. 

ബ്രേക്ക്ഫാസ്റ്റ് വീട്ടിൽ ചെന്നിട്ട് കഴിക്കാം എന്ന് വിചാരിച്ചു നിൽക്കുമെങ്കിലും ഫൽഗുനൻചേട്ടന്റെ പ്രിയപത്നി ഭർത്താവിന് താലം കൈമാറുന്നത് പോലെ ഭക്ഷണസാധനങ്ങൾ തട്ടിൽ വച്ച് കൈമാറുന്നത് കാണുമ്പോൾ എന്റെ വിചാരത്തിന്റെ ശക്തി കുറഞ്ഞുവരും. ആദ്യത്തെ തട്ടിൽ ആവി പറക്കുന്ന കുറേയധികം പുട്ട്കുറ്റികൾ നിരത്തിവച്ചിട്ടുണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും പ്രേമപൂർവ്വം മുട്ടിയുരുമ്മി ഇരിക്കുന്ന പുട്ടുകുറ്റികളുടെ മുൻഭാഗത്തും പിൻഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ നാളികേരകൊത്തുകൾ ആരുടെയെങ്കിലും

വിരൽസ്പർശമേൽക്കാൻ തപസ്സിരിക്കുന്നപോലെയായിരുന്നു. 

പിന്നാലെ ആരുടെയെങ്കിലും കൈകൊണ്ട് എന്നെയൊന്ന് പൊടിച്ചിരുന്നെങ്കിൽ എന്ന് പറയുന്നപോലെ വീർത്തുപൊങ്ങി  ഇരിക്കുന്ന പപ്പടങ്ങളും അരകിലോമീറ്റർ ദൂരെയുള്ള വീട്ടിൽ ഇരിക്കുന്ന അമ്മൂമ്മ ‘‘ഇന്നിവിടെ കടലക്കറിയാണോടി?’’ എന്ന് എന്റെ ഇളയമ്മയോട് അറിയാതെ ചോദിച്ചുപോകുവാൻ കാരണമാകുന്ന സുഗന്ധവാഹിയായ കടലക്കറിയും എത്തും. 

അതെല്ലാം വ്യത്യസ്ത പാത്രങ്ങളിലാക്കി ഫൽഗുനൻചേട്ടൻ ചില്ലുകൂട്ടിൽ ബന്ധനസ്ഥനാക്കും. തനിച്ചിരിക്കുന്ന പുട്ടുകുറ്റികളുടെ വിഷമം മാറ്റാൻ അവരുടെ ഇടതുഭാഗത്തു പരിപ്പ് വടകളെയും വലതുഭാഗത്തു സുഖിയന്മാരെയും ചേട്ടൻ ഉപവിഷ്ടരാക്കും. പരിപ്പുവടകൾക്ക് പകരം ചിലപ്പോഴൊക്കെ ബോണ്ടകളെയും ഫൽഗുനൻചേട്ടൻ ഉപപ്രതിഷ്ഠകളാക്കും. 

അതിന് ശേഷമാണ് ചായയടി.. കടയിൽ വന്ന് കടം പറഞ്ഞുപോകുന്നവരോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം അടിച്ചുപതപ്പിച്ചു ആവിപറക്കുന്ന ആ ചായകൂടി കാണുന്നതോടെ എന്റെ വായിലെ വെള്ളം തൊട്ടടുത്ത നിൽക്കുന്ന ചെടിക്ക് നൽകി ഫൽഗുനൻചേട്ടന്റെ കടയിലേക്ക് ഞാൻ ഊളിയിടുമായിരുന്നു.

അങ്ങനെ എന്റെ ജീവിതത്തിൽ രുചി പടർത്തിയ എത്രയെത്ര ഓർമ്മകളാണ്.. 

ദാ.. ഇതെഴുതുമ്പോൾ പോലും ആ ഓർമ്മകളിൽ ഇപ്പോഴും വായിൽ വെള്ളമൂറുന്നുണ്ട്..

English Summary: Memoir written by Rajeev Dubai

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;