ADVERTISEMENT

കർമ്മഫലം പിന്നീടാകുമോ? (കഥ)

 

അഞ്ചാലുംമൂട് ജംഗ്ഷൻ ഒരു ത്രികോണം പോലെയാ. മൂന്നു മൂലയിൽ നിന്ന് മൂന്നു റോഡുകൾ. ഒന്ന് കൊല്ലത്തേക്ക്, രണ്ട് കുണ്ടറയിലേക്ക്, മൂന്നാമത്തേത് അഷ്ടമുടിയിലേക്ക്.

 

ജംഗ്ഷനിൽ ഒരു മുറുക്കാൻ കടയുണ്ട് ഭാസ്ക്കരണ്ണന്റേത്. അവിടെ ഒരു മൂലയ്ക്കിരുന്ന് ബീഡി തെറുക്കലാണ് കുട്ടൻ മൂപ്പരുടെ ജോലി. തികഞ്ഞ ഒരു കമ്യൂണിസ്റ്റ്. കൂടുതൽ സംസാരിക്കുന്ന സ്വഭാവമില്ല. മുഴുവൻ ശ്രദ്ധ ബീഡി ഉണ്ടാക്കുന്നതിലാണ്. എന്നാൽ ആരെങ്കിലും കമ്യൂണിസത്തെ പറ്റി എന്തെങ്കിലും ചോദിച്ചാൽ പത്ത് മിനിറ്റെങ്കിലും സംസാരിക്കാതെ അവരെ വിടില്ല. ചെറുപ്പകാലത്ത് പകൽ ബീഡി തെറുപ്പും രാത്രിയിൽ സ്റ്റഡീക്ലാസ്സും ആയിരുന്നു.

 

പാരമ്പര്യമായി മരം വെട്ടുകാർ ആയിരുന്നു മൂപ്പർമാർ. അനുജന്മാർ രണ്ടു പേർ തെങ്ങ് കയറ്റക്കാർ ആണ്. കുട്ടൻ മൂപ്പർ എങ്ങനെ ബീഡിത്തൊഴിലാളി ആയെന്നറിയില്ല.

 

ചെറുപ്പകാലത്ത് അയാൾ തന്റെ അമ്മാവനായ നാണു മൂപ്പരിൽ നിന്നും കുറച്ച് മന്ത്രവാദം ഒക്കെ പഠിച്ചതാണ്. കമ്മ്യൂണിസ്റ്റ് ആയതോടെ അതൊക്കെ നിർത്തി.

 

വീട്ടിൽ തൊണ്ടു തല്ലാൻ പോകുന്ന ഒരു ഭാര്യ. മൂത്ത മകൻ 22 വയസ്സുള്ള രാമചന്ദ്രൻ അങ്ങ് അഹമ്മദാബാദിൽ എന്തോ ചെറിയ ജോലിയിലാണ്. മകൾ 20 വയസ്സുള്ള നളിനി അമ്മയുടെ കൂടെ തൊണ്ട് തല്ലാൻ പോകും. ഇളയ മകൻ സുരേഷ് എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു കുടികിടപ്പ് വീട്. ആകെ ഒരു ദരിദ്ര കുടുംബം.

 

ഒരു ദിവസം അടുത്ത വീട്ടിലെ തങ്കമ്മയമ്മ അവരുടെ ഇളയ കുട്ടിയുടെ കൊതിക്ക് ഓതാനായി മൂപ്പരെ വിളിച്ചു. വളരെ നിർബന്ധിച്ചിട്ട് അവസാനം മൂപ്പർ അവരുടെ വീട്ടിൽ പോയി‌ കൊതിക്ക് ഓതി. കുട്ടിക്ക് സുഖമായി. വിവരം അയൽവാസികൾ അറിഞ്ഞു. നാട്ടുകാർ കൊതിക്ക് ഓതാനായി മൂപ്പരെ വിളിച്ചു തുടങ്ങി.

 

പിന്നീട് ഒരു ദിവസം നാട്ടിലെ ഒരു പ്രമാണിയായ ശ്രീധരൻ പിള്ള കടയിൽ ബീഡി വാങ്ങാൻ വന്നപ്പോൾ, അയാളുടെ അനിയത്തിയുടെ ശരീരത്തിൽ ബാധ കേറിയ കാര്യം പറഞ്ഞു.

“ഞാൻ ബാധ ഒഴിപ്പിച്ചു തരട്ടെ?” കുട്ടൻ മൂപ്പർ ചോദിച്ചു. കുറെ ആലോചിച്ചിട്ട് ശ്രീധരൻ പിള്ള സമ്മതിച്ചു. മൂപ്പർ ഒറ്റ പൂജ കൊണ്ട് ബാധ ഒഴിപ്പിച്ചു. വിവരം കാട്ടുതീ പോലെ നാട്ടിലെങ്ങും പരന്നു.

 

വിവരമറിഞ്ഞ് അമ്മാവനായ നാണു മൂപ്പർ ഒരുദിവസം വന്നു. കള്ളും ഇറച്ചിയും ഒക്കെയായി അയാളെ സൽക്കരിച്ചു. അത് കഴിഞ്ഞ് മിക്ക ദിവസവും രാത്രിയിൽ നാണുമൂപ്പർ വരും. മുറിയടച്ചിരുന്ന് എന്തൊക്കെയോ പൂജയും മന്ത്രവും ഒക്കെ ചെയ്യും. ദുർമന്ത്രവാദങ്ങൾ എല്ലാം മൂപ്പർ അമ്മാവനിൽ നിന്നും പഠിച്ചെടുത്തു.

 

താമസിയാതെ നാട്ടുകാർ പ്രശ്നങ്ങൾ പരിഹരിക്കാൻ മൂപ്പരെ സമീപിച്ചു തുടങ്ങി. അതിർത്തി വഴക്കുകൾ, ദാമ്പത്യപ്രശ്നങ്ങൾ, മുടങ്ങിയ കല്യാണങ്ങൾ, പകരം വീട്ടൽ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് മൂപ്പരുടെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നു. അതോടെ വരുമാനം വർദ്ധിച്ചു. പണം മൂപ്പർക്ക് കൂടുതൽ ആർത്തിയുണ്ടാക്കി. മൂപ്പർ ചെറിയ കൂടോത്രങ്ങൾ ചെയ്തു തുടങ്ങി.

 

ഇതിനിടയിൽ മകൻ രാമചന്ദ്രൻ അഹമ്മദാബാദിലെ ജോലി കളഞ്ഞ് നാട്ടിൽ തിരിച്ചെത്തി. പക്ഷേ അച്ഛന്റെ തൊഴിലൊന്നും തുടരാൻ താല്പര്യം ഇല്ലായിരുന്നു. നാട്ടിൽ പുതുതായി ആരംഭിച്ച ഒരു ആട്ടുമില്ലിൽ രാമചന്ദ്രൻ ഒരു സഹായിയായി ജോലി തുടങ്ങി. രാമചന്ദ്രൻ ഒരു കഠിന അദ്ധ്വാനി ആയതിനാൽ താമസിയാതെ ആട്ടുമില്ലിലെ എല്ലാ ചുമതലകളും ഏറ്റെടുത്തു. ശമ്പളവും കൂട്ടിക്കിട്ടി.

 

കുട്ടൻ മൂപ്പരുടെ സാമ്പത്തിക നില‌ അല്പം മെച്ചപ്പെട്ടു, വിശേഷിച്ചും കൂടോത്രം തുടങ്ങിയതിന് ശേഷം. കുട്ടൻ മൂപ്പർ അയാളുടെ മകളുടെ കല്യാണം നടത്തി. നാട്ടിൽ തന്നെ തടി മില്ലിൽ ജോലിയുള്ള ഒരാളുമായി.

 

ഒരു ദിവസം കുണ്ടറയിൽ നിന്ന് രണ്ടു പേർ മൂപ്പരെ കാണാൻ വന്നു. ഒരു ശത്രുവിനെ അപകടപ്പെടുത്താനായി കൂടോത്രം ചെയ്യണം. കേട്ടതും മൂപ്പരൊന്നു ഞെട്ടി. ചെറിയ കൂടോത്രങ്ങൾ ചെയ്തു തുടങ്ങി എങ്കിലും ആരേയും അപകടപ്പെടുത്തുന്ന ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് എപ്പോഴാണ് ഒരു ദുർമന്ത്രവാദി ആയതെന്ന് അയാൾ തന്നെ അറിഞ്ഞില്ല. ഒരു അപകട കർമ്മത്തിന് അയാൾ വിസമ്മതിച്ചു. പക്ഷേ ഒരു കെട്ട് നോട്ടുകൾ അഡ്വാൻസ് ആയി മുന്നിൽ വെച്ചപ്പോൾ വിസമ്മതം മാറി.

 

“എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല. എന്റെ അമ്മാവനെ കൂടെ വിളിക്കണം. പിന്നെ പൂവൻ കോഴിയിൽ ചെയ്യുന്ന കാര്യമാണ് ചെലവ് കൂടും” മൂപ്പർ പറഞ്ഞു.

“അത് സാരമില്ല. കാശ് , ചോദിക്കുന്നത് തരാം. കാര്യം നടക്കണം” വന്നവർ തീർത്ത് പറഞ്ഞു.

 

“എന്നാൽ എല്ലാ സാധനങ്ങളും വാങ്ങിയിട്ട്, അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് കാറുമായി വാ. എട്ടു മണിയോടെ പൂജ‌ തുടങ്ങും” എന്നു പറഞ്ഞ് പൂജാ സാമഗ്രികളുടെ ഒരു ലിസ്റ്റെഴുതി അവരുടെ കയ്യിൽ കൊടുത്തു. അവർ‌ പോയി.

 

പിറ്റേന്ന് രാവിലെ മൂപ്പർ നാണു മൂപ്പരെ കാണാൻ പോയി. കാര്യം പറഞ്ഞു. കേട്ടപ്പോൾ അയാൾ ആദ്യം വിസമ്മതിച്ചു. പക്ഷേ അഡ്വാൻസ് കിട്ടിയ നോട്ട് കെട്ട് കാണിച്ച് ഇനി കിട്ടാൻ പോന്ന പണത്തെ പറ്റി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു “ശരി, വേണ്ടത് ചെയ്യാം”. പിന്നീട് രണ്ടുപേരും ചെയ്യേണ്ട പൂജയും അതിന്റെ വിധികളെപ്പറ്റിയും വിശദമായ ചർച്ച നടത്തി.

 

ഈയിടെയായി രാമചന്ദ്രന്റെ ജോലി കൂടി. സഹായത്തിന് ആരും ഇല്ലായിരുന്നു. രാത്രി എട്ടു മണിയോടെ ഉടമസ്ഥൻ വീട്ടിൽ പോകും. പിന്നെ എല്ലാം രാമചന്ദ്രന്റെ ഉത്തരവാദിത്തം.

 

വെള്ളിയാഴ്ച വന്നു. പറഞ്ഞുറപ്പിച്ചതു പോലെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയതിന് ശേഷം കുണ്ടറയിൽ നിന്നും ആൾക്കാർ മൂപ്പരെ കൊണ്ടു പോകാനായി കാറുമായി വന്നു. പോകുന്നതിനു മുമ്പ് മകൻ രാമചന്ദ്രനെ ഒന്നു കാണണമെന്ന് മൂപ്പർക്ക് തോന്നി. കാറുമായി ആട്ടുമില്ലിലേയ്ക്ക് ചെന്നു. മകന്റെ കഷ്ടപ്പെട്ട ജോലി കണ്ടപ്പോൾ അയാൾക്ക് ദുഃഖം തോന്നി. മൂപ്പർ മകനെ നെഞ്ചോടു ചേർത്ത് നിർത്തി ഒന്ന് അണച്ച് പിടിച്ചു. പിന്നെ കുണ്ടറയിലേക്ക് യാത്രയായി. കൂടെ നാണു മൂപ്പരും ഉണ്ടായിരുന്നു.

 

നേരത്തേ പറഞ്ഞത് പോലെ എട്ടു മണിയോടെ പൂജാ വിധികൾ തുടങ്ങി. നാണു മൂപ്പർ സഹായി ആയി നിന്നു. ശത്രുവിനെ അപകടത്തിൽ പെടുത്താനുള്ള പൂജ ആയതുകൊണ്ട് അയാളുടെ ഒരു പഴയ ഫോട്ടോ മുന്നിൽ വെച്ച് കൊണ്ടായിരുന്നു പൂജ. ഫോട്ടോയിൽ മുഖം അത്ര വ്യക്തമല്ലായിരുന്നു. ഏതോ ഉഗ്രമൂർത്തിയെ ആവാഹിച്ചുള്ള പൂജ. ഒരു പൂവൻ കോഴിയെ കുരുതിയ്ക്കായി അടുത്ത് തന്നെ കെട്ടി നിർത്തിയിരുന്നു. പൂജ തുടർന്നു.

 

ഒരു പത്തര മണിയായിട്ടുണ്ടാകും. അരി ആട്ടിക്കൊണ്ടിരുന്ന ഒരു ആട്ടുകല്ലിന്റ ബെൽറ്റ് പെട്ടെന്ന് ഇളകി വീണു. രാമചന്ദ്രൻ മോട്ടോർ നിർത്തി. കൂടെ ഒരു സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. കല്ലിലെ മാവ് പകുതി ആടിയിട്ടുണ്ടായിരുന്നു. രാമചന്ദ്രൻ കടയുടെ പുറത്ത് വന്നു നോക്കി. ആരേയും കണ്ടില്ല. എത്ര ശ്രമിച്ചിട്ടും ഒറ്റയ്ക്ക് റോളറിൽ ബെൽറ്റ് വലിച്ചു കയറ്റാൻ സാധിച്ചില്ല.

 

പെട്ടെന്ന് ഒരു ആശയം രാമചന്ദ്രന്റെ മനസ്സിൽ തോന്നി. അതായത് മോട്ടോർ ഓൺ ചെയ്ത് കറങ്ങി കൊണ്ടിരിക്കുന്ന റോളറിൽ ബെൽറ്റ് വലിച്ചു കയറ്റുക. ഒന്നുകൂടി ആലോചിക്കാതെ രാമചന്ദ്രൻ മോട്ടോർ ഓൺ ചെയ്തു. ബെൽറ്റ് വലിച്ചു കയറ്റുന്നതിടയിൽ എങ്ങനെയാണ് എന്നറിയില്ല കയ്യ് ബെൽറ്റിനും റോളറിനും ഇടയിലായി. നിമിഷങ്ങൾക്കകം കയ്യും തലയും എല്ലാം കുടുങ്ങി വലിച്ചരഞ്ഞു പോയി. ഒന്ന് നിലവിളിക്കാനുള്ള സമയം പേലും കിട്ടിയില്ല.

 

ഇവിടെ രാമചന്ദ്രന്റെ അപകടം നടന്നു കൊണ്ടിരിക്കുന്ന സമയം കുണ്ടറയിൽ കുട്ടൻ മൂപ്പർ മന്ത്രോച്ചാരണങ്ങളോടെ പൂവൻ കോഴിയുടെ കഴുത്ത് അറുക്കുകയായിരുന്നു.

 

ഹോട്ടലിലെ ജോലിക്കാരൻ ആട്ടിയ മാവെടുക്കാൻ വന്നപ്പോഴാണ് രാമചന്ദ്രന്റെ അവസ്ഥ കണ്ടത്. പെട്ടെന്ന് മോട്ടോർ നിർത്തി, ആൾക്കാരെ വിളിച്ചു കൂടി. വളരെ ബുദ്ധിമുട്ടി രക്തത്തിൽ കുളിച്ച് കിടന്ന ശവശരീരം പുറത്തെടുത്തു. വിവരം അറിഞ്ഞ് നാട്ടുകാരും പേലീസുകാരും ഒക്കെ തടിച്ചു കൂടി.

 

ഇതിനിടയിൽ പൂജ കഴിഞ്ഞ് കുട്ടൻ മൂപ്പർ തിരിച്ചെത്തി. ആട്ടുമില്ലിനടുത്ത് ആൾക്കൂട്ടം കണ്ട് അയാൾ കാറിൽ നിന്നിറങ്ങി. മില്ലിനകത്തക്ക് പതിയെ നടന്ന് ചെന്നു. രക്തത്തിൽ കുളിച്ച് കിടന്ന മകന്റെ ശവശരീരം കണ്ട് അയാൾ ബോധം കെട്ട് വീണു. കുറെ നേരം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. പെട്ടെന്ന് അയാൾ ഓർത്തു. കുരുതിയ്ക്ക് കോഴിയുടെ കഴുത്ത് അറുക്കുന്നതിനിടയിൽ ഒരു നിമിഷത്തേക്ക് രാമചന്ദ്രന്റെ മുഖം മനസ്സിൽ തെളിഞ്ഞിരുന്നു. വീണ്ടും അയാൾക്ക് ബോധം പോയി.

 

ആൾക്കൂട്ടത്തിൽ നിന്ന ബാലൻ പിള്ള പറയുന്നത് കേട്ടു.

“ കർമ്മഫലം പിന്നീടാകുമോ ?”…

 

English Summary: Karmmaphalam pinneedakumo, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com