നമുക്കൊഴികെ ആർക്കും ഇഷ്ടപ്പെടാനിടയില്ലാത്ത ഒരു പരുക്കൻ പ്രണയ കഥ

watching-tv
Representative Image. Photo Credit : Rawpixel.comn / Shutterstock.com
SHARE

പ്ലീസ് സബ്സ്ക്രൈബ്, ലൈക്ക് ആന്റ് ഷെയർ (കഥ)

‘കേക്കുണ്ടാക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ ഞാനവതരിപ്പിക്കുന്നത്. അതിനുമുമ്പ് ഞങ്ങളുടെ വീഡിയോകൾ തടസമില്ലാതെ കൃത്യ സമയത്ത് ലഭിക്കുന്നതിന് ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക്ക് ചെയ്യുക’. ‘ നിർത്ത്, നിർത്ത്, എന്തോന്നടേയ് ഭാര്യേ, ഇങ്ങനെ ശ്വാസം വിടാതെ മസില് പിടിച്ചു പറഞ്ഞാൽ ലൈക്കും കമന്റും ഓട്ടോ പിടിച്ച് വീട്ടിലെത്തും’. ഇപ്പോ ദിദാണല്ലോ ട്രെൻഡ്, കേക്കുണ്ടാക്കലും, യൂട്യൂബ് ചാനൽ ലൈക്ക് തെണ്ടലും, ‘ഇനീപ്പോ നമ്മളായിട്ട് കുറയ്ക്കണ്ട, മ്മക്കീ കേക്കുണ്ടാക്കുന്നത് യൂട്യൂബിലിട്ടാലോ ലക്ഷ്മീ’ എന്നൊരു അഭിപ്രായം ഡിസംബറിൽ പതിവുശമ്പളത്തിനൊപ്പം ചെറിയൊരു ഇൻക്രിമെന്റ് വർധന കൂടിയുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിൽ വീട്ടിലെത്തിയപ്പോ വെറുതെ ഒരു രസത്തിനായിരുന്നു ശ്യാം ലക്ഷ്മിയോട് പറയുന്നത്.  

‘‘അടുക്കളയിൽ പാത്രം കഴുകാൻ മാത്രമല്ല, വളയം പിടിക്കാനും നാം പെണ്ണുങ്ങൾ തയ്യാറാകണം. ഈ പുരുഷ കേന്ദ്രീകൃത ലോകം വെറും മിഥ്യയാണെന്ന് നാം പെണ്ണുങ്ങളാണ് കാണിച്ചു കൊടുക്കേണ്ടത്.’’ ഒരു വാർത്താ ചാനലിൽ ‘സ്ത്രീ വിമോചനവും അടുക്കളയിലെ ചൂടാറാത്ത ദോശയും’ എന്ന ടൈറ്റിലിൽ ഘോരഘോരം പുരോഗമിക്കുന്ന ചർച്ച ഒരുമിച്ചിരുന്ന് കേട്ടിട്ടും ലക്ഷ്മിക്ക് ഒരു കുലുക്കവുമില്ല എന്ന് ശ്യാമിന് മനസിലായത് അവള് ഫോണെടുത്ത് തോണ്ടാൻ തുടങ്ങിയത് കണ്ടപ്പോഴാണ്. ‘‘ആരേലും എന്തേലും വിളിച്ചു പറയണ കേട്ടതുകൊണ്ടല്ല ട്ടോ, പെണ്ണുങ്ങള് ഡ്രൈവിംഗ് പഠിച്ചിരിക്കണം ന്ന് തന്നെയാ എന്റേം അഭിപ്രായം. അല്ല, നിനക്ക് സ്കൂട്ടറും കാറുമൊക്കെയൊന്ന് ഓടിക്കാൻ പഠിച്ചാലെന്താ കുഴപ്പം’. ടിവി ഓഫാക്കി ലക്ഷ്മിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ ശ്യാം തട്ടിപ്പറിച്ചു വാങ്ങിച്ചു. ‘കേക്കുകൾ എങ്ങനെ നന്നായി ഡെക്കറേറ്റ് ചെയ്യാം’ യൂട്യൂബ് ചാനലിലെ ബെൽ ഐക്കൺ ശ്യാമിന്റെ കൈകളിലിരുന്ന് വിറച്ചു. കേക്ക് കണ്ടുപിടിച്ച ആളോടാണോ ലക്ഷ്മിയോടാണോ ദേഷ്യപ്പെടേണ്ടതെന്ന് പോലും ഈ വർഷങ്ങൾ കൊണ്ട് ശ്യാം മറന്നു പോയിക്കഴിഞ്ഞിരുന്നു.  

‘‘ട്രീയുടെ ഇലക്ക് പച്ചയും പൂവിന് റെഡുമല്ലേ കളർ ചെയ്യേണ്ടത് പപ്പാ’’ നാലുവയസുകാരി തെന്നൽ ഒരു വലിയ കളർ ബുക്കുമായി അരികിലേക്ക് വന്നതോടെ ലോകത്തെ ഏറ്റവും  കൂളായ പിതാക്കൻമാരിൽ ഒരാളായി ശ്യാം രൂപാന്തരം പ്രാപിച്ചു. തെന്നലിന്റെ മൂന്നാമത്തെ ബർത്ത് ഡേക്കാണ് ലക്ഷ്മി ഉണ്ടാക്കിയ കേക്ക് ആദ്യമായി പൊതുവേദിയിൽ പരീക്ഷിക്കപ്പെട്ടത്. ‘‘കേക്ക് അടിപൊളിയാർന്നു, ട്ടോ, നിന്നെ പ്പോലെ.’’ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് ബന്ധുക്കളും കൂട്ടുകാരും പോയ ശേഷം ലക്ഷ്മിയെ ശ്യാം അഭിനന്ദിക്കുകയും ചെയ്തു. പുകഴ്ത്തുന്നതിലൊക്കെ വല്ലാത്ത പിശുക്കനാണ് താനെന്ന അവളുടെ പരിഭവപ്പറച്ചിലുകളെ ഗോൾപോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് വെട്ടിയൊഴിഞ്ഞ് ക്രിസ്റ്റിയാനോ റൊണാൾഡോ സമർഥമായി പായിച്ച കിടിലനൊരു ഫ്രീ കിക്ക് ഗോൾ തടുത്തിട്ട ഗോളിയെ പോലെ ശ്യാം വിജയകരമായി അതിജീവിച്ചതിന്റെ ആദ്യ വാർഷികമാണ് വരുന്നത്. ‘ഇത്തവണ തെന്നലിന്റെ പിറന്നാളിന് നീ അടുക്കളേ കെടന്ന് ഗുസ്തി പിടിക്കാനൊന്നും നിക്കണ്ട, കേക്ക് പുറത്തൂന്ന് വാങ്ങാം’ ശ്യാമിന്റെ നിർദേശം കുഞ്ഞു തെന്നലാണ് ആദ്യം കയ്യടിച്ചുപാസാക്കിയത്.

ചില ദിവസം അങ്ങിനെയാണ്.. ‘‘ഈ മഴ ഇല്ലേ മഴ, അത് താഴേയ്ക്ക് വരുന്നത് എന്താ,?’’ ‘‘കാക്ക പറക്കുന്നത് പോലെ നമുക്ക് പറ്റാത്തത് എന്താ?’’ ‘‘ക്ലോക്കിലെ ഒരു സൂചി മാത്രം നിർത്താതെ ഓടുന്നതെന്താ? സൂചിക്ക് മടുക്കൂലേ?’’. 50 ചോദ്യങ്ങൾ, 100 മറുപടി, കാക്ക തൊള്ളായിരം വിശദീകരണം. കൊറോണ കാരണം ഈ വർഷം ഏറ്റവും നഷ്ടം സംഭവിച്ച ഒരു വിഭാഗം പേരുടെ പ്രതിനിധിയാണ് നാല് വയസുള്ള ‘‘തെന്നൽ’’. സ്കൂൾ കണ്ടിട്ടില്ലാത്ത, ടീച്ചർമാരെയും കൂട്ടുകാരെയും കുറിച്ച്  ഒരു ഐഡിയയും ഇല്ലാത്ത കുറെ പുതിയ അഡ്മിഷൻ കുട്ടികളിൽ തന്റെ കുഞ്ഞു തെന്നലുമുണ്ട്. വാട്ട്സ്ആപ്പിൽ വന്ന  വോയ്സ് മെസ്സേജ് എല്ലാം തിരക്കിട്ട് കേട്ട ശേഷം ലക്ഷ്മി അടുക്കളയിലേക്ക് നടന്നു. രാവിലെ കഴിച്ച പാത്രം വരെ സിങ്കിൽ അവശരായി ബോറടിച്ചു കിടപ്പുണ്ട്. ‘‘ഫുഡ് പോലെ കഴിക്കാൻ പറ്റുന്ന പാത്രം എന്താമ്മേ ആരും കണ്ട് പിടിക്കാത്തത്’’ തെന്നൽ ഉടനെ ചോദിക്കാൻ സാധ്യത ഉള്ള ചില ചോദ്യങ്ങളും അതിനു നൽകേണ്ട ഉത്തരവും, കഴുകാൻ ബാക്കികിടക്കുന്ന പാത്രവും ലക്ഷ്മിയെ ശ്വാസം മുട്ടിച്ചു.

‘‘ഒരു ബെർത്ത്ഡേ കേക്ക് വേണമായിരുന്നു’’. എന്തൊക്കെ നിറത്തിലും രൂപത്തിലുമുള്ള കേക്കാണ് ഈ നിരന്നിരിക്കുന്നത്. ശ്യാം മനസിൽ ചിന്തിച്ചുകൊണ്ട് കേക്കുകളിലൂടെ കണ്ണുകൊണ്ട് ഒരോട്ട പ്രദക്ഷിണം നടത്തിയെന്നു വരുത്തി. ‘‘സർ, ഇത് കൂടാതെ നിങ്ങൾക്കെന്തേലും ഐഡിയ ഉണ്ടേൽ അത് പോലെ ചെയ്തു തരാം കേട്ടോ ‘‘ദാ ഇവിടെ നോക്കിക്കോളൂ, ഇത് പുതിയ ഒരു സ്പെഷ്യൽ ഡിസൈൻ ആണ്... നാലാമത്തെ ഹാപ്പി ബർത്ത്ഡേ അല്ലേ.. അപ്പോ...’’ ബേക്കറിയിലെ പയ്യന്റെ  വാ തോരാതെയുള്ള സംസാരത്തിന് ബ്രേക്കിട്ട് ശ്യാമിന്റെ ഫോൺ ചിലച്ചു. ‘‘പാപ്പാ, എനിക്ക് ഡോറാ ബുജീടെ കേക്ക് മതീട്ടോ, പിങ്ക് കളർ തൊപ്പി മറക്കല്ലേ ട്ടോ.’’ തെന്നലിന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയ ലക്ഷ്മി ‘‘വേഗം വരൂലേ, ഇവിടെ അച്ഛനും അമ്മയും പോകാൻ ധൃതി കൂട്ടുന്നു, പിന്നേയ് ദേ ഈ പെണ്ണ് ഉറക്കം തൂങ്ങുന്നുണ്ട്, കേക്ക് മുറിക്കൽ കൊളാകുമോ എന്തോ?.’’ ചില നേരത്ത് ഈ ബേക്കറിയിലെ സെയിൽസ്മാനെപ്പോലെയാണ് ലക്ഷ്മിയെന്ന് ശ്യാമിന് തോന്നി. 

‘മൂന്നു പതിറ്റാണ്ടു പിന്നിട്ട ലൈഫിൽ എപ്പോഴെങ്കിലും സ്വന്തം ജൻമദിനത്തിൽ ഞാൻ കേക്ക് മുറിച്ചിട്ടുണ്ടോ?.’ മനസാക്ഷിയുടെ ചോദ്യം ഒരു ഗദ്ഗദമായി ശ്യാമിന്റെ മുന്നിലൂടെ വന്ന് മധുര പലഹാരങ്ങൾ നിറഞ്ഞ ചില്ലുകൂട്ടിലെ കണ്ണാടിക്കുള്ളിൽ ഉത്തരം കിട്ടാതെ പോയൊളിച്ചു. ഇല്ല, ഞാനൊരിക്കലും എന്റെ ജൻമദിനത്തിൽ മെഴുക് തിരി ഊതികെടുത്തിയിട്ടില്ല, കേക്ക് കട്ട് ചെയ്ത് എനിക്കാരും വായിൽ വെച്ച് തന്നിട്ടില്ല, പത്താം ക്ലാസുവരെയുള്ള എന്റെ ഓരോ ജൻമദിനത്തിലും ഒരു പാക്കറ്റ് മിഠായിയും കുറച്ച്  ലഡുവും അച്ഛൻ വാങ്ങി വെച്ചത് രാവിലെ അമ്മ എടുത്ത് കയ്യിൽ തരുന്നതാണ് ഓർമയിലുള്ളത്. അടുത്തുള്ള മൂന്നോ, നാലോ വീടുകളിൽ വിതരണം ചെയ്യാൻ എന്തൊരു ആവേശമായിരുന്നു. കൊഴിഞ്ഞു വീഴുന്ന ഓരോ വർഷവും മെഴുകുതിരി ഊതിക്കെടുത്തി ആഘോഷിക്കുന്നതിലൊന്നും പണ്ടും ശ്യാമിന് താൽപര്യമില്ലായിരുന്നു. 

പ്രിയപ്പെട്ടവരെന്ന് നാം കരുതുന്ന ചിലർ മാത്രം, ചിലരെന്ന് വെച്ചാൽ  വിരലിൽ എണ്ണാവുന്ന അത്രയും പേർ കൃത്യമായി ഓർത്ത് വിഷ് ചെയ്തിരുന്ന ഒരു കാലം. ഫേസ്ബുക്കിനും വാട്സ് ആപ്പിനും മുമ്പുള്ള കാലത്ത് നിന്നും വയസ് ഏറുന്തോറും ജൻമദിനം ഓർക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു, ബന്ധങ്ങളും അങ്ങിനെയൊക്കെയാണല്ലോ. വിലപിടിച്ച കേക്ക് വാങ്ങിയ കൊണ്ടാകും ബേക്കറിയുടമ ബെർത്ത്ഡേക്കാരിക്ക് കൊടുക്കണമെന്നും പറഞ്ഞ് ഒരു  ചോക്ലറ്റ് കൂടി കവറിൽ വെച്ചത് കണ്ടപ്പോ ശ്യാമിന് നിസംഗ ഭാവമായിരുന്നു. സ്ക്കൂളിൽ പോണ വഴിയിലുണ്ടായിരുന്ന ചെറിയ പെട്ടിക്കടയിലെ ഭരണിയിൽ പത്ത് പൈസക്ക് കിട്ടുന്ന പല തരം മിട്ടായികളാണ് ശ്യാമിന് അന്നേരം ഓർമ വന്നത്. മിക്കപ്പോഴും വാങ്ങാൻ കയ്യിൽ പൈസയൊന്നും ഉണ്ടാകാറില്ല.  

അന്നൊക്കെ വല്ലാത്ത ദേഷ്യവും സങ്കടോം തോന്നിയിരുന്ന പല കാര്യങ്ങളും ഇന്നാലോചിക്കുമ്പോ ചിരിയോടെയല്ലാതെ ഓർമിക്കാനാകില്ല. ഓർമകളുടെ  കുത്തൊഴുക്കിൽ വില പിടിച്ചതെന്തൊക്കെയോ തനിക്കും നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം. ഒന്നുമില്ലാതിരുന്ന ആ കാലത്തിന് തന്നെയാണ് എന്നും ഏറെ ഭംഗി. ‘‘കേക്കിന് 1499 ആയിട്ടുണ്ട്, സർ 1450 തന്നാൽ മതി.’’ കള്ള ചിരിയോടെ ബേക്കറി ഉടമ ഔദാര്യം വെച്ച് നീട്ടിയപ്പോൾ ഓർമകളിൽ നിന്ന് ശ്യാം വിടുതൽ പ്രാപിച്ചു. 

ബില്ലടക്കാൻ കാർഡ് സ്വയ്പ് ചെയ്യുന്നതിനിടെ ഒരു പഴയ സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ നാല് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി കൗണ്ടറിനു സമീപമെത്തി ചില്ലു കൂട്ടിലേക്ക് വിരൽ ചൂണ്ടി ‘‘എനിക്ക് വെളുത്ത ബെർത്ത്ഡേ കേക്ക് വേണം, ആ കറുത്ത കേക്ക് വേണ്ട, ഞാനത് തിന്നൂല’’ എന്ന് ഉറക്കെ ബഹളം കൂട്ടിക്കൊണ്ട് കയറിവന്നു. പ്ലം കേക്ക് ആയിരിക്കും കുട്ടി കറുത്ത എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ‘‘നല്ല അടി വെച്ച് തരും കേട്ടോ, അടങ്ങി നിന്നില്ലേൽ’’ കുട്ടിയുടെ അമ്മ വഴക്ക് പറയാൻ നോക്കിയിട്ടും ആ കുഞ്ഞ് കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല. കൂടെ വന്ന പിതാവ് ആകട്ടെ, ഒരു പ്ലം കേക്കും ചില്ല് ഭരണിയിൽ നിന്നും വർണ കടലാസിൽ പൊതിഞ്ഞ കുറച്ച് മിഠായികളും പൊതിഞ്ഞു തരാൻ ആവശ്യപ്പെട്ടു. ‘210 രൂപ.’ അയാൾ പോക്കറ്റിൽ നിന്നും മുഷിഞ്ഞ ഒരു 100 ഉം രണ്ട് 50 രൂപ നോട്ടും എടുത്ത് കൗണ്ടറിൽ വെച്ചു. പത്ത് രൂപക്കായി ആ പിതാവ് വീണ്ടും പോക്കറ്റിൽ കയ്യോടിക്കുന്നത് കണ്ടിട്ടും  വേണ്ടന്ന്  ബേക്കറിക്കാരൻ പറഞ്ഞതുമില്ല. വീട്ടിലേക്ക് ഡ്രൈവ് ചെയ്യവേ ശ്യാമിനെ വെറുതെ അസ്വസ്ഥനാക്കി കൊണ്ടിരുന്ന കാരണങ്ങളിൽ ആ നാല് വയസുകാരിയുടെ കരച്ചിലും, ബേക്കറിയുടമയുടെ മനോഭാവവും ഉൾപ്പെട്ടിരുന്നു.

‘‘വ്യത്യസ്തമായ ഈ കേക്ക് നിങ്ങൾ പരീക്ഷിച്ചു നോക്കുമല്ലോ, കൂടുതൽ പുതുമകളോടെ വീണ്ടും കാണും വരെ ഗുഡ് ബൈ’’. യു ട്യൂബിലെ അനേകായിരം കേക്ക് നിർമാണ ചാനലുകൾ ലക്ഷ്മിക്ക് മുമ്പിലൂടെ ലൈക്കായും ഷെയറായും കടന്നു പൊയ്ക്കൊണ്ടിരുന്നു. കൊറോണയാണ്, പിന്നെ ആദ്യത്തെ ബർത്ത്ഡേയൊന്നും അല്ലല്ലോ, അതോണ്ട് വേറെയാരേം വിളിക്കണ്ട എന്ന് ലക്ഷ്മി പറഞ്ഞതുകേട്ട് ശ്യാമിന് ആദ്യം അത്ഭുതം തോന്നിയിരുന്നു. ആഘോഷങ്ങളിൽ വീട് നിറയെ ബന്ധുക്കൾ ഉണ്ടാകണമെന്ന് ലക്ഷ്മിക്ക് നിർബന്ധമായിരുന്നു മുമ്പൊക്കെ. വിവാഹ വാർഷികങ്ങളൊന്നും ആഘോഷിക്കാത്തതിലും തനിക്ക് ഒരു ഗിഫ്റ്റ് പോലും തരാത്തതിലും ശ്യാമിനോട് ആദ്യ മൂന്ന് വർഷം ലക്ഷ്മി പരാതിയൊക്കെ പറഞ്ഞിരുന്നു. നാലാമത്തെ വിവാഹവാർഷികത്തിനാണ് ശ്യാം ആദ്യമായി ഒരു സമ്മാനം ലക്ഷ്മിക്ക് കൊടുത്തത്. ബ്രൗൺ കളറിൽ സ്വർണ ലിപികളിൽ വർഷം എഴുതിയ ഒരു എക്സിക്യൂട്ടീവ് ഡയറി, ഒപ്പം  അതിൽ എഴുതിയിട്ട വരികളും. ഇന്നലെയെന്ന പോലെ മനസിൽ തെളിഞ്ഞ, ആ നിമിഷങ്ങളോർമ്മ വന്നപ്പോൾ അടുക്കളയുടെ മനം മടുപ്പിക്കലിനിടയിലും ആ ഡയറിയൊന്നൂടി എടുത്ത് വായിക്കാൻ ലക്ഷ്മിക്ക് തോന്നി.

നമുക്കൊഴികെ ആർക്കും ഇഷ്ടപ്പെടാനിടയില്ലാത്ത ഒരു പരുക്കൻ പ്രണയ കഥ....

പ്രിയപ്പെട്ട പെണ്ണേ, ഇക്കാലയളവിനിടയിൽ എത്രയോ തവണ നാം പരസ്പരം തർക്കിക്കുകയും വെറുപ്പിക്കുകയും പ്രണയിക്കുകയും ചെയ്തിട്ടുണ്ടെന്നതിന് യാതൊരു കണക്കുമില്ല.  വാക്കുകൾ കൊണ്ട് പോരാടുമ്പോഴും, ഒന്നും മിണ്ടാതെ, ഫോൺ കട്ട് ചെയ്യുമ്പോഴും അറിയാതെ നാം കൂടുതൽ  അടുക്കുകയായിരുന്നു. യാത്രകളിൽ മുഖം വീർപ്പിച്ച് എത്ര വട്ടം മനോഹര കാഴ്ചകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട് നാമിരുവരും, എന്നിട്ടും അടയാളപ്പെടുത്തലുകൾ നിറഞ്ഞ എന്തെല്ലാമോ ഓരോ യാത്രയും നമുക്ക് മാത്രമായി  കാത്തു വെച്ചതു പോലുള്ള തോന്നൽ നാമിരുവരും അനുഭവിച്ചിരുന്നു.  

എങ്കിലും നിന്നെ പുകഴ്ത്താനോ നിന്റെ  ജൻമദിനത്തിന് സമ്മാനം തരാനോ, വിവാഹ വാർഷികങ്ങൾ  കൊണ്ടാടാനോ  എനിക്ക് മനസില്ല, നിനക്കും അങ്ങനെ തന്നെ തുടരാൻ കഴിയുന്നതാണ് നാമിരുവരുടെയും ഭാഗ്യമെന്ന് ഞാൻ കരുതുന്നു...

മെയ് 31 എന്ന തീയതിയിൽ ചുവപ്പ് മഷി കൊണ്ട് കോറിയിട്ട ആ വരികളിൽ നിന്നും ലക്ഷ്മിയെ മോചിതയാക്കിയത് അടുക്കളയിലെ പ്രഷർ കുക്കറിെൻറ വിസിലായിരുന്നു. ‘അല്ലേലും ഈ റൊമാൻസിന് എപ്പോഴും േബ്ലാക്കുണ്ടാക്കുന്നത് അടുക്കളയാണ്’. കാറിെൻറ ഹോണടി ശബ്ദം കേട്ടപ്പോൾ ലക്ഷ്മി മുൻവശത്തേക്ക് ചെന്നു. ‘തെന്നലിെൻറ എൽ.കെ.ജി ഗ്രൂപ്പിൽ അവളെ കൂടാതെ വേറൊരു കുട്ടീടേം ബർത്ത്ഡേ ഇന്നാടോ. ഏറ്റവും രസം ഞാനിന്ന് കേക്ക് വാങ്ങാൻ ചെന്ന ബേക്കറീല് ഈ കുട്ടീം ണ്ടാർന്നു. സത്യം പറഞ്ഞാ ഞാനൊന്ന് മിണ്ടീതു പോലുമില്ല അവരോട്, ഇവിടെ വരെ വണ്ടിയോടിക്കുന്നതിനിടെ ആ കുട്ടീടെ കരയണ മുഖാണ് മനസില് വന്നത്, മോൾടെ ക്ലാസില് പഠിക്കണ കുട്ട്യോളെ പോലും അറിയാത്ത ഞാനൊക്കെ എന്തൊരു പിതാവാണ്’. ഡോർ തുറന്നിറങ്ങവേ ശ്യാമൽപ്പം സെന്റിമെന്റൽ മോഡിലായി.

വാട്സ്ആപ്പിലെ മെസേജ് നോട്ടിഫിക്കേഷൻ, ഫോൺ റിംഗ് ചെയ്യും പോലെ നിർത്താതെ ശബ്ദിക്കണത് കണ്ട് ബർത്ത്ഡേക്കാരി തെന്നൽ ഫോണും പൊക്കിപ്പിടിച്ചുകൊണ്ട്  ലക്ഷ്മിക്കരികിലേക്ക് സ്റ്റെപ്പിറങ്ങി വരികയായിരുന്നു. സ്റ്റെപ്പിൽ കിടന്ന ഒരു പ്ലാസ്റ്റിക് കൂടിൽ തട്ടി തെന്നൽ തലയടിച്ച് വീണു. ഒരു നിമിഷം, എല്ലാവരും പകച്ചു നിന്നു പോയി. സന്തോഷവും ആഘോഷവും നിറയണ്ട ആ വീട് നിലാവില്ലാത്ത ആകാശം പോലെ പെട്ടന്ന് നിഗൂഢതയുടെ മേലങ്കിയെടുത്ത് പുതച്ച പോലെ തോന്നിപ്പിച്ചു.

ആശുപത്രിയിലെ എമർജൻസി വിഭാഗം വാതിലിന് മുകളിൽ ഒരു ചുവന്ന ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ടായിരുന്നു. അതിനു കീഴിൽ ഇരിക്കുന്ന സകല മനുഷ്യരും ക്ഷമയോടെ, എന്നാൽ പരിഭ്രാന്തി കലർന്ന മുഖഭാവത്തോടെ നിലയുറപ്പിച്ചവരായിരുന്നു. ട്രാഫിക് സിഗ്നലിലെ ചുവപ്പ് ലൈറ്റ് തെളിയും മുമ്പ് റോഡ് ക്രോസ്സ് ചെയ്യാൻ മനുഷ്യർ കാണിക്കുന്ന പരാക്രമങ്ങളും, മുമ്പിലുള്ള വാഹനം എങ്ങാനും ഓഫ് ആയിപ്പോയാൽ പുറകിലെ വാഹനത്തിൽ ഇരുന്നുള്ള അസഹനീയ ഹോൺ അടിച്ചുള്ള വെറുപ്പിക്കലും ഓർമ്മ വന്നപ്പോൾ ശ്യാമിന് എന്തെന്നില്ലാത്ത  അമർഷവും സങ്കടവുമാണ് മിന്നി മാഞ്ഞുകൊണ്ടിരുന്നത്. തെന്നൽ ഓടി വന്നത് ലക്ഷ്മിയുടെ ഫോണും കൊണ്ടായിരുന്നല്ലോ, ആ സമയത്ത് വിളിച്ചത് ആരായിരുന്നു എന്നറിയാൻ തന്റെ തോളിൽ ചാരി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് നിന്ന ലക്ഷ്മിയുടെ  ഫോൺ ശ്യാം മെല്ലെ ഓപ്പൺ ചെയ്തു. 

നിമിഷ എൽ.കെ.ജി എന്ന പേരിൽ രണ്ട് മിസ്സ് കാൾ. എൽ.കെ.ജി സ്കൂൾ ഗ്രൂപ്പിൽ തെന്നൽ, നിമിഷ എന്നിവർക്ക് ‘‘ജന്മ ദിനാശംസകൾ നേരുന്നു’’ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു. എമർജൻസി വിഭാഗത്തിൽ നിന്ന് ഒരു ഡോക്ടർ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ട് ഫോൺ ഓഫ് ചെയ്തു ശ്യാം തിടുക്കത്തിൽ അടുത്തേക്ക് ചെന്നു. ‘‘പേടിക്കാൻ ഒന്നുമില്ല, തലയടിച്ചാണ് വീണത് എങ്കിലും ഇഞ്ചുറി ഒന്നും ഉണ്ടായില്ല. എക്സ് റേ റിപ്പോർട്ട് ok ആണ്. കുറച്ച് സമയം കഴിഞ്ഞു കുട്ടിയെ കൂട്ടി നിങ്ങൾക്ക് പോകാം.’’ മനം മടുപ്പിക്കുന്നആ ഇടനാഴിയിൽ ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉയർന്നു. 

ഏതാനും സെക്കന്റുകൾ നീണ്ട കൊറോണ ബോധവൽക്കരണ വോയിസിനു ശേഷം ഫോൺ കണക്ട് ആയി .

‘‘നിമിഷയുടെ വീടല്ലേ, ഇത് തെന്നലിന്റെ വീട്ടിൽ നിന്നാണ്.’’  ‘‘ഓ, ഉവ്വ, മനസ്സിലായി, ബർത്ത്ഡേക്കാരി എവിടെ?’’. ഇന്നത്തെ പകൽ നേരം സംഭവിച്ചതെല്ലാം ചുരുക്കി പറഞ്ഞ ശേഷം നിമിഷയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ച ശ്യാം ചിലത് തീരുമാനിച്ചുറച്ചിരുന്നു. മണ്ണിട്ട ഇടവഴിക്കു മുന്നിൽ കാർ നിർത്തിയ ശ്യാമിന് തെറ്റിയില്ല. രണ്ടു വീടുകൾക്കപ്പുറം നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞു വീട്. തെന്നലിനും ലക്ഷ്മിക്കുമൊപ്പം കാറിൽ നിന്നും ഇറങ്ങവേ ബേക്കറിയിൽ നിന്നും വാങ്ങിച്ച ആ വില കൂടിയ കേക്ക് നിമിഷയുടെ ഒപ്പം ചേർന്ന് നിന്ന് മുറിക്കുമ്പോൾ വിലമതിക്കാനാവാത്ത സമ്പാദ്യം ചില നിമിഷങ്ങൾ മാത്രമാണെന്ന് ഒരിക്കൽ കൂടി ശ്യാം തിരിച്ചറിഞ്ഞിരുന്നു. ‘‘പ്രിയപ്പെട്ടവർക്കൊപ്പം ചിലവിടുന്ന കുറച്ച് സമയത്തേക്കാൾ വിലപിടിച്ചതല്ല മറ്റൊന്നും.’’ പഴയൊരു  മലയാള സിനിമയിലെ മോട്ടിവേഷൻ  ഡയലോഗ് പോലെ ആവർത്തനവിരസമായ വാചകങ്ങൾ ഒന്നിനു പിറകെ ഒന്നായി ശ്യാമിനും ലക്ഷ്മിക്കും മുന്നിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു. 

ദേ, ഇതൊക്കെയാണ്, ഇങ്ങനെയൊക്കെയാണ് മനുഷ്യരെന്ന് മനസിലാക്കിത്തന്ന ചില നിമിഷങ്ങൾ.  വരാൻ പോകുന്നതും കടന്നുപോയതും കാലമാണ്, മനുഷ്യരാണ് മാറുന്നത്, മനുഷ്യർ മാത്രം.  ലൈക്ക് ചെയ്യേണ്ടതും ഷെയർ ചെയ്യേണ്ടതുമായ കാര്യങ്ങളെ കുറിച്ച് ഇനി കുഞ്ഞു തെന്നലിന് സംശയം ഒന്നും ഉണ്ടാകാനിടയില്ല. ഇരുട്ടിനെ കീറിമുറിച്ച് കാർ പായിക്കവേ തെന്നലിനെ നോക്കി മന്ദഹസിച്ച ശ്യാമിന് ചുറ്റും പ്രകാശം പരത്തുന്നൊരു വലയം രൂപപ്പെട്ടത് ഉറക്കച്ചടവിനിടയിലും ലക്ഷ്മി കണ്ടിരുന്നു.

English Summary: Please like subscribe and share, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;